Prabodhanm Weekly

Pages

Search

2016 നവംബര്‍ 04

2974

1438 സഫര്‍ 04

യാമ്പു: കാലം മായ്ക്കാത്ത ചരിത്ര ശേഷിപ്പുകളുടെ നഗരം

അനീസുദ്ദീന്‍ ചെറുകുളമ്പ്

സുഊദി അറേബ്യയിലെ പ്രധാന തുറമുഖവും വ്യവസായ നഗരവും ടൂറിസ്റ്റ് കേന്ദ്രവുമാണ് യാമ്പു. ജിദ്ദയില്‍നിന്ന് 350 കിലോമീറ്റര്‍ അകലെ ചെങ്കടല്‍ തീരത്ത് സ്ഥിതിചെയ്യുന്ന യാമ്പുവിന് ചരിത്രകാരന്മാര്‍ 'ചെങ്കടലിന്റെ മുത്ത്' എന്ന വിശേഷണമാണ് നല്‍കിയിരിക്കുന്നത്. കടലിന്റെ ഉറവിടം എന്ന അര്‍ഥം വരുന്ന 'യാമ്പു ബഹ്ര്‍' എന്നാണ് ഈ വിശാലമായ പട്ടണത്തിന് അറബിയില്‍ വിളിക്കുന്ന നാമം. മനുഷ്യചരിത്രത്തില്‍ ഏറ്റവും ശ്രദ്ധേയമായ പോരാട്ടം നടന്ന 'ബദ്‌റി'ല്‍നിന്ന് 90 കിലോമീറ്റര്‍ മാത്രം അകലമേ യാമ്പുവിലേക്കുള്ളൂ. വിശുദ്ധ മക്കയിലേക്ക് 370 കിലോമീറ്ററും പ്രവാചക നഗരിയായ മദീനയിലേക്ക് 230 കിലോമീറ്ററും ദൂരമുണ്ട് യാമ്പുവില്‍നിന്ന്. പഴയ കാലത്ത് ചെറിയ വ്യാപാരങ്ങളിലും കാര്‍ഷിക വൃത്തിയിലും മത്സ്യബന്ധനത്തിലും ഒതുങ്ങി അറിയപ്പെടാതെ കിടന്നിരുന്ന യാമ്പു ഇപ്പോള്‍ സുഊദി അറേബ്യയുടെ സാമ്പത്തിക മികവിന്റെ മുഖ്യ സ്രോതസ്സായി മാറിയത് സ്വയം ഭരണാധികാരമുള്ള റോയല്‍ കമീഷന്റെ വരവോടെയാണ്. യാമ്പുവിന്റെ മുഖഛായ മാറ്റുന്നതില്‍ റോയല്‍ കമീഷന്‍ വഹിച്ച പങ്ക് ഏറെയാണ്. ഇപ്പോള്‍ യാമ്പുവിലെ വ്യവസായ മേഖല യാമ്പു അല്‍ സ്വനാഇയ്യഃ എന്നും കാര്‍ഷികമേഖല യാമ്പു അന്നഖ്ല്‍ എന്നും കോര്‍ണിഷ് ഉള്‍പ്പെടുന്ന സിറ്റി യാമ്പു അല്‍ ബഹ്ര്‍ എന്നുമാണ് അറിയപ്പെടുന്നത്. 

യാമ്പു അന്നഖ്ല്‍ കൃഷിയും വളര്‍ത്തുമൃഗങ്ങളും ഫാമുകളും മാത്രമുള്ള പ്രദേശമല്ല. സുഊദിയുടെ ചരിത്രത്തിലെ  കാലം മായ്ക്കാത്ത പല പൗരാണിക ശേഷിപ്പുകളും ചരിത്രമുദ്രകളും  ഇവിടെയാണുള്ളത്. ആയിരം വര്‍ഷത്തിനപ്പുറമുള്ള കോട്ടകളും മറ്റു പൗരാണിക കാഴ്ചകളും അറിവിന്റെയും വിസ്മയത്തിന്റെയും വാതിലുകള്‍ തുറക്കുന്നു. പല ചരിത്രപ്രധാന സംഭവങ്ങള്‍ക്കും സാക്ഷ്യം വഹിച്ചതിന്റെ അടയാളങ്ങള്‍ ഇപ്പോഴുമുണ്ടിവിടെ. എന്നാല്‍ യാമ്പുവിലെ പൗരാണികതയുടെ ഈ സൂക്ഷിപ്പു കേന്ദ്രങ്ങളിലേക്ക് സന്ദര്‍ശകരുടെ ഒഴുക്ക് കാണാന്‍ കഴിയില്ല. ചരിത്രവിദ്യാര്‍ഥികളും ഗവേഷകരും മാത്രമാണ് എത്തുന്നത്. സമുദ്രനിരപ്പില്‍നിന്ന് 3000 മീറ്റര്‍ ഉയരത്തില്‍ നില്‍ക്കുന്ന ശരീഫ് കോട്ടയും അറബ് സംസ്‌കൃതിയുടെ പഴമ വിളിച്ചോതുന്ന വീടുകളും സന്ദര്‍ശകരെ വിസ്മയിപ്പിക്കും. 

യാമ്പു അന്നഖ്ല്‍ പ്രദേശത്തിന് മഹിതമായ ചരിത്രം അയവിറക്കാനുണ്ടെന്ന് ഗവേഷകനും സുഊദി ഗൈഡുമായ നബീല്‍  അല്‍ ഹാസിമി പറഞ്ഞു . ആയിരം വര്‍ഷം പഴക്കമുള്ള വീടുകള്‍ ഭാഗികമായി തകര്‍ന്നിരിക്കുന്നു. വിശാലമായ ഈത്തപ്പനത്തോട്ടത്തിന്റെ ചുറ്റുപാടും അന്നത്തെ അറബികള്‍ താമസിച്ചിരുന്ന വീടുകളുടെ ചുമരുകള്‍ കാലത്തെ അതിജീവിച്ച് ഇപ്പോഴുമുണ്ട്. സമൃദ്ധമായ ജലസ്രോതസ്സുകള്‍ പണ്ട് ഇവിടെ ഉണ്ടായിരുന്നുവത്രെ. പിന്നീട് ജലദൗര്‍ലഭ്യം കാരണം ജനവാസം ഇല്ലാതാവുകയായിരുന്നു. ഇവിടെ ഉണ്ടായിരുന്ന വീടുകളും തോട്ടങ്ങളും പ്രളയത്തില്‍ ഒലിച്ചുപോയതാണെന്നും പലരും അതില്‍ മുങ്ങിമരിച്ചെന്നും നബീല്‍ അല്‍ ഹാസിമി പറഞ്ഞു. പ്രമാണിമാരും സമ്പന്നരും ഈ പ്രദേശത്ത് ജീവിച്ചിരുന്നതായി ചരിത്രരേഖകളുണ്ട്. ഇബ്‌നു ജബ്ര്‍ എന്ന സമ്പന്നനായ പ്രമാണി താമസിച്ചിരുന്ന വീടും, അയാള്‍ സ്വര്‍ണവും മറ്റും സൂക്ഷിച്ചിരുന്ന ഖജനാവും ഉള്ള ഭാഗം സ്വദേശി ഗൈഡ് പരിചയപ്പെടുത്തി. ടാറിട്ട റോഡുകള്‍ ഇല്ലാത്ത കാലത്ത് മണ്‍പാതയില്‍ ഓടിച്ചിരുന്ന അന്നത്തെ അദ്ദേഹത്തിന്റെ കാറിന്റെ ചില ഭാഗങ്ങള്‍ ഇവിടെ ഇപ്പോഴും കാണാം.

ഉസ്മാനിയാ ഭരണകാലത്ത് ശരീഫ് രാജാവ് പണിത കോട്ടയുടെ മിക്ക ഭാഗങ്ങളും യാമ്പു അന്നഖ്‌ലില്‍ തകരാതെ നില്‍ക്കുന്നുണ്ട്. കോട്ടയുടെ മുമ്പില്‍ 'ആര്‍ക്കിയോളജിക്കല്‍ഏരിയ' എന്നെഴുതിയ വലിയ ബോര്‍ഡ് കാണാം. കരിങ്കല്‍  കൊണ്ടും മണ്ണുകൊണ്ടും  ചാരുതയോടെ നിര്‍മിച്ച കോട്ടയുടെ വന്മതിലിനിടയില്‍ ചില പഴുതുകളുണ്ട്. കോട്ടക്കകത്തു നിന്ന് ശത്രുവിനെതിരെ തന്ത്രപൂര്‍വം വെടിയുതിര്‍ക്കാനായിരുന്നു ഇത്. നൂറ്റാണ്ടിന്റെ പഴക്കമുള്ള ഈ കോട്ടയും പലപ്പോഴും സന്ദര്‍ശകരുടെ ദൃഷ്ടിയില്‍ പതിയാറില്ല. ഉസ്മാനിയാ ഭരണകാലത്ത് ശരീഫ് രാജാവ് ഉസ്മാനികളെ തുരത്തിയോടിച്ചതായി ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. കുറേ വര്‍ഷങ്ങള്‍ ഇവിടെ കഴിഞ്ഞ രാജാവിനെ പിന്നീട് സുഊദിയിലെ അബ്ദുല്‍ അസീസ് രാജാവിന്റെ ഭരണകാലത്ത് സൈപ്രസിലേക്ക് തുരത്തിയോടിക്കുകയായിരുന്നു. ശരീഫ് രാജാവിന്റെ പേരമക്കളാണ് ഇന്ന് ജോര്‍ദാനും മൊറോക്കോയും ഭരിക്കുന്ന രാജാക്കന്മാര്‍. ഇറാഖിലും ശരീഫ്  രാജാവിന്റെ മക്കളായിരുന്നു നേരത്തേ ഭരിച്ചിരുന്നതെന്നും  ഗവേഷകനായ സുഊദി  ഗൈഡ് പറയുന്നു.

യാമ്പു അന്നഖ്‌ലില്‍ ഐനുല്‍ അലി, ഐനുല്‍ ഹസന്‍, ഐനുല്‍ ഹുസൈന്‍ എന്നീ സ്ഥലനാമങ്ങള്‍ ഉള്ളതുകൊണ്ട്  നാലാം ഖലീഫ അലിയും കുടുംബവും ഈ പ്രദേശത്ത്  താമസിച്ചിരുന്നതായി നിഗമനമുണ്ട്. ഒന്നാം ലോകയുദ്ധ കാലത്ത് ബ്രിട്ടീഷ്-അറബ് സഖ്യസേന തുര്‍ക്കിക്കെതിരെ പൊരുതാന്‍ സൈനിക നീക്കം ആസൂത്രണം ചെയ്യാന്‍ യാമ്പു ഉപയോഗപ്പെടുത്തിയിരുന്നതായും അറബി ചരിത്രഗ്രന്ഥങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. ഈജിപ്ത്, യമന്‍  രാജ്യങ്ങളിലെ വ്യാപാരത്തില്‍ പുരാതന കാലം മുതലേ യാമ്പു  ഒരു ഇടത്താവളമായിരുന്നു. പുരാതന മിസ്വ്ര്‍, ശാം, ആഫ്രിക്കയുടെ വടക്കന്‍ പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍നിന്നെല്ലാമുള്ള വര്‍ത്തക സംഘങ്ങള്‍ ചെങ്കടലിന്റെ തീരത്തുള്ള യാമ്പു വഴിയാണ് കടന്നുപോയിരുന്നത്. അക്കാലം മുതല്‍തന്നെ മക്കയിലേക്കും മദീനയിലേക്കുമുള്ള  സന്ദര്‍ശകര്‍ ഇവിടം ഒരു ഇടത്താവളമാക്കി. കാര്‍ഷിക വിഭവങ്ങള്‍ക്ക്, പ്രത്യേകിച്ച് ഈത്തപ്പഴ വ്യാപാരത്തിന് പ്രസിദ്ധമായ കമ്പോളവും കൂടിയായിരുന്നു യാമ്പു. 

സുഊദിയിലെ ആര്‍ക്കിയോളജിക്കല്‍ സംരക്ഷണ മേഖലയായി യാമ്പുവിലെ പുരാതന നഗരം പ്രഖ്യാപിക്കപ്പെട്ടതോടെ, ചരിത്ര വിദ്യാര്‍ഥികളുടെ ആകര്‍ഷണ കേന്ദ്രമായി മാറിയിരിക്കുകയാണ് ഇവിടം. സുഊദി ടൂറിസം വകുപ്പിനു കീഴില്‍ യാമ്പുവിന്റെ പഴയ മുഖം ചരിത്രത്തിലേക്കുള്ള വാതിലുകള്‍ തുറക്കുകയാണ്. അറേബ്യന്‍  ഉപഭൂഖണ്ഡത്തിലെ ജലസാന്നിധ്യമുള്ള പ്രദേശങ്ങളെ ആശ്രയിച്ച് പുഷ്ടിപ്പെട്ട പ്രാചീന ഗ്രാമീണ സംസ്‌കാര ശേഷിപ്പുകളുടെ അപൂര്‍വ കാഴ്ചാനുഭവങ്ങളാണ് ഇവിടത്തെ പുരാതനനഗരം സഞ്ചാരികള്‍ക്ക് നല്‍കുന്നത്. സുഊദിയുടെ പൈതൃകം സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് പൗരാണിക  ചരിത്ര ശേഷിപ്പുകള്‍ വിനോദസഞ്ചാര വികസന ദേശീയ പൈതൃക സംരക്ഷണ സമിതി ഇപ്പോള്‍ ഏറ്റെടുത്തത്. രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ യാമ്പു അറേബ്യന്‍ വാണിജ്യരംഗത്തെ പ്രധാന കേന്ദ്രമായി ചരിത്രത്താളുകളില്‍ ഇടം പിടിച്ചിരുന്നു. 1975 വരെ ഒരു കൊച്ചു തുറമുഖം മാത്രമായി അറിയപ്പെട്ടിരുന്ന യാമ്പു ഇന്ന് പെട്രോളിയത്തിന്റെയും അനുബന്ധ വ്യാവസായിക ഉല്‍പന്നങ്ങളുടെയും അന്താരാഷ്ട്ര കയറ്റുമതിയില്‍ മുന്‍പന്തിയിലാണ്. 

ബ്രിട്ടീഷ് സൈനികോദ്യോഗസ്ഥനും ചാരനുമായി അറിയപ്പെട്ടിരുന്ന  തോമസ് എഡ്വേര്‍ഡ്  ലോറന്‍സ് യാമ്പുവിലായിരുന്നപ്പോള്‍ താമസിച്ചിരുന്ന കൊട്ടാരം ആര്‍ക്കിയോളജിക്കല്‍ സംരക്ഷണ വിഭാഗത്തിന്റെ ഓഫീസാണിപ്പോള്‍. വാണിജ്യ തുറമുഖത്തോട് ചേര്‍ന്നുള്ള ഹെറിറ്റേജ് സിറ്റിയിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ജനവാസ കേന്ദ്രങ്ങളുടെ അവശിഷ്ടങ്ങളും സഞ്ചാരികള്‍ക്ക് കൗതുകം പകരും. പകുതി തകര്‍ന്ന മൂന്നുനില കെട്ടിടങ്ങളുടെ അകത്തേക്ക് ഇപ്പോഴും സന്ദര്‍ശകര്‍ക്ക് ശ്രദ്ധാപൂര്‍വം കടന്നുചെല്ലാം. പൗരാണിക അറബ് ജീവിതം കോറിയിട്ട ശേഷിപ്പുകള്‍ ഇവിടെ സംരക്ഷിക്കപ്പെട്ടിട്ടുണ്ട്. പൗരാണികര്‍  അന്നത്തെ കാലാവസ്ഥാ വ്യതിയാനങ്ങളെ അതിജീവിക്കാന്‍ വീടിനകത്ത് സംവിധാനിച്ച ഭൂഗര്‍ഭ അറകള്‍ ഇന്നത്തെ ശീതീകരണയന്ത്രത്തെ വെല്ലുന്നതാണ്. അന്നത്തെ കുടിവെള്ള ശേഖരണ സംവിധാനങ്ങളും മറ്റും അറേബ്യന്‍ സാംസ്‌കാരിക തനിമയിലേക്ക് വെളിച്ചം വീശുന്നു. പഴയ കോടതിയും ജഡ്ജി താമസിച്ചിരുന്ന ഇടവും സൂഖുകളും മറ്റു കച്ചവട മുറികളും തന്മയത്വത്തോടെ നിലനില്‍ക്കുന്നുണ്ട്. മണ്‍കട്ടകള്‍ കൊണ്ടും കല്ലുകള്‍ കൊണ്ടും പണിത കെട്ടിടങ്ങളുടെ ചുമരുകളും ഈത്തപ്പനയില്‍ തീര്‍ത്ത മേല്‍ക്കൂരയും കാലത്തെ അതിജീവിച്ച് ഇപ്പോഴും നിലനില്‍ക്കുന്നു. ആദ്യകാല ജനപദങ്ങളുടെ നോവും നൊമ്പരങ്ങളും അനുഭവങ്ങളും ത്യാഗങ്ങളും പങ്കുവെക്കുന്ന അപൂര്‍വ കാഴ്ചകള്‍. ചരിത്രത്തുടിപ്പുകള്‍ തേടിയുള്ള ഓരോ യാത്രയും നമ്മോട് പറയുന്നത് പകരം വെക്കാന്‍ കഴിയാത്ത സ്മൃതികളെക്കുറിച്ചാണ്. 

 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-25 / അല്‍ ഫുര്‍ഖാന്‍ / 19-22
എ.വൈ.ആര്‍