ഈ മൗദൂദീവിരുദ്ധ പല്ലവി അറുവിരസമാണ്
'മതേതര വ്യവഹാരത്തിന്റെ മൗദൂദീഹിംസ' എന്ന ലേഖനത്തില് (കെ.ടി ഹുസൈന്, 2016 ഒക്ടോബര് 21) 'രിദ്ദത്തുന് വലാ അബാബക്രിന് ലഹാ' എന്ന സയ്യിദ് അബുല് ഹസന് അലി നദ്വിയുടെ പ്രഖ്യാത കൃതിയുടെ നാമവിവര്ത്തനത്തില് 'മതപരിവര്ത്തനമുണ്ട്, പക്ഷേ അബൂബക്റില്ല' എന്നു പറഞ്ഞതില് ശരികേടുണ്ട്. മതപരിവര്ത്തനമെന്നതിനേക്കാള് കുറച്ചുകൂടി കൃത്യമാവുക മതപരിത്യാഗം എന്നാണ്.
സയ്യിദ് അബുല് അഅ്ലാ മൗദൂദിയോടും അദ്ദേഹത്തിന്റെ വീക്ഷണ-നിരീക്ഷണങ്ങളോടും ആര്ക്കും വിയോജിക്കാം. എന്നാല് വിയോജിപ്പുകളെ കുടിപ്പകയും കഠിനവിരോധവുമാക്കി വളര്ത്തുന്നവരുടെ ശൈലി ഒട്ടും ആശാസ്യമല്ല. സയ്യിദ് മൗദൂദി ഒരിക്കലും വിമര്ശനാതീതനല്ല; അദ്ദേഹത്തിന്റെ നിരീക്ഷണങ്ങളെയും നിലപാടുകളെും നിരൂപണം ചെയ്യാവുന്നതാണ്, ചെയ്യേണ്ടതുമാണ്. ജമാഅത്തെ ഇസ്ലാമി പ്രവര്ത്തിക്കുന്നത് അത് അംഗീകരിച്ച ഭരണഘടനക്കനുസരിച്ചാണ്; മൗദൂദിയുടെ വീക്ഷണത്തെ അപ്പടി അംഗീകരിച്ചുകൊണ്ടല്ല. ഫിഖ്ഹ്, ഇല്മുല് കലാം, സാമൂഹിക-രാഷ്ട്രീയ വിശകലനങ്ങള് തുടങ്ങിയ പല കാര്യങ്ങളിലും മൗദൂദിയോട് വിയോജിച്ചവര്/ വിയോജിക്കുന്നവര് അന്നും ഇന്നും ജമാഅത്തെ ഇസ്ലാമിയിലുണ്ട്. മൗദൂദിക്ക് അപ്രമാദിത്വമില്ല. മറ്റേതൊരു പണ്ഡിതന്റേതുമെന്നപോലെ മൗദൂദിയുടെ വീക്ഷണങ്ങളിലും തള്ളാനും കൊള്ളാനുമുണ്ടാകും. കാലക്കറക്കത്തില് അതിന്റേതായ ക്രമത്തില് അത് നടക്കുകയും ചെയ്യും. പഴയകാല ഇമാമുമാരുടെ നിലപാടുകളിലും നിരീക്ഷണങ്ങളിലും ഖദീമായ ഖൗലും (ആദ്യകാല അഭിപ്രായം) ജദീദായ ഖൗലും (പില്ക്കാല അഭിപ്രായം) ഉള്ളതുപോലെ മൗദൂദിക്കും ഉണ്ടാകാമല്ലോ.
ബ്രിട്ടീഷിന്ത്യയിലായിരുന്നപ്പോഴുള്ള മൗദൂദിയുടെ രചനകളും പില്ക്കാലത്ത് പാക് രാഷ്ട്രീയത്തില് ഇടപെട്ടപ്പോഴുള്ള നിരീക്ഷണങ്ങളും നിലപാടുകളും സ്ഥല-കാല ഭേദമനുസരിച്ച് വ്യത്യസ്തമാണ്. സ്വാതന്ത്ര്യാനന്തരം ഇന്ത്യന് ജമാഅത്തെ ഇസ്ലാമി തികച്ചും സ്വതന്ത്രമായാണ് രൂപീകരിക്കപ്പെട്ടതും പ്രവര്ത്തിച്ചുപോരുന്നതും. സയ്യിദ് മൗദൂദി ഒരര്ഥത്തിലും ഇന്ത്യന് ജമാഅത്തിന്റെ കാര്യങ്ങളില് ഇടപെട്ടിട്ടില്ലെന്ന് മാത്രമല്ല, മാറിയ ഇന്ത്യന് സാഹചര്യത്തില് സ്വയം പുനരാലോചനകള് നടത്തി നയനിലപാടുകള് രൂപീകരിക്കാനാണ് അദ്ദേഹം ഉപദേശിച്ചത്.
മൗദൂദി മരിച്ചിട്ട് നാല് ദശകത്തോളമായി. അവിഭക്ത ജമാഅത്തെ ഇസ്ലാമിക്ക് മുക്കാല് നൂറ്റാണ്ട് പ്രായവുമായി. ഇപ്പോഴും പഴയ പല്ലവികള് -അതും വക്രീകരണ, പര്വതീകരണ സ്വഭാവത്തില്- ആവര്ത്തിക്കുകയാണ് പലരും. സന്ദര്ഭത്തില്നിന്ന് അടര്ത്തിയെടുത്ത് വക്രീകരിച്ച് ദുരാരോപണങ്ങള് നടത്തുന്നവര് മണ്മറഞ്ഞ പണ്ഡിതരോട്/ വിശ്വാസികളോട് പുലര്ത്തേണ്ട സാമാന്യ ഇസ്ലാമിക മര്യാദ പോലും പുലര്ത്തുന്നില്ലെന്നത് ഖേദകരമാണ്.
ചെറുതും വലുതുമായ നൂറിലേറെ കൃതികള് രചിച്ച മൗദൂദി ഒരൊറ്റ കൃതി മറ്റൊരാള്ക്ക് മറുപടിയായി (തന്നെ അന്ധമായി ന്യായീകരിക്കാന് വേണ്ടി) രചിച്ചിട്ടില്ല. തികഞ്ഞ പ്രതിപക്ഷ ബഹുമാനവും വിമര്ശനങ്ങളോട് അങ്ങേയറ്റം സഹിഷ്ണുതയും അദ്ദേഹം പുലര്ത്തി. 'ഖുര്ആനിലെ നാല് സാങ്കേതിക ശബ്ദങ്ങള്' എന്ന കൃതിക്ക് അലിമിയാന് വിമര്ശനമെഴുതിയപ്പോള് മൗദൂദിക്ക് മറുപടി എഴുതാനാകുമായിരുന്നു. പക്ഷേ, അദ്ദേഹം അങ്ങനെ ചെയ്തില്ല. പിന്നീട് സയ്യിദ് ഉറൂജ് ഖാദിരി, നദ്വി സാഹിബിന് മറുപടി എഴുതി.ഉറൂജ് ഖാദിരിക്ക് മറുപടി എഴുതാന് നദ്വിയും തുനിഞ്ഞില്ല. സ്ഥാപകനായും ആചാര്യനായും ആജീവനാന്തം തുടരാതെ മാറിനിന്ന് വിനീത അനുയായിയായി ജീവിക്കാനും മൗലാനാ മൗദൂദിക്ക് സാധിച്ചു. മൗദൂദീ കൃതികളെ മൊത്തത്തില് വിശദ പഠനത്തിന് വിധേയമാക്കി നിരൂപണം ചെയ്യാന് തയാറാവുകയാണ് വേണ്ടത്.
ഇസ്ലാമിക സേവനത്തിന് സുഊദിയിലെ ഫൈസല് രാജാവിന്റെ നാമധേയത്തിലുള്ള പ്രഥമ അന്താരാഷ്ട്ര അവാര്ഡ് സയ്യിദ് മൗദൂദിക്കാണല്ലോ സുഊദി അധികൃതര് നല്കിയത്. മദീനാ യൂനിവേഴ്സിറ്റിയുടെ പാഠ്യപദ്ധതി രൂപപ്പെടുത്തുമ്പോഴും സയ്യിദ് മൗദൂദിയുടെ നിര്ദേശോപദേശങ്ങള് സുഊദി സര്ക്കാര് തേടുകയും വളരെ പ്രാധാന്യപൂര്വം പരിഗണിക്കുകയുമുണ്ടായി. മൗലാനാ മുഹമ്മദലിയെ പോലെ സയ്യിദ് മൗദൂദിക്കും രാജഭരണവുമായി വിയോജിപ്പുകളുണ്ടായിരുന്നു. പക്ഷേ, ഈ വിയോജിപ്പ് രചനാത്മക ശൈലിയിലാണ് ഇരുവരും പ്രകടിപ്പിച്ചത്. സുഊദി അറേബ്യയെ തുണ്ടം തുണ്ടമാക്കി (ളൃമഴാലിെേ) മാറ്റാനുള്ള സാമ്രാജ്യത്വ ഗൂഢാലോചന വിജയിക്കുംവിധത്തില് സുഊദി ഭരണകൂടത്തെ നിഷേധാത്മക ശൈലിയില് വിമര്ശിക്കാതിരിക്കാനുള്ള വിവേകവും പക്വതയുമാണ് ജമാഅത്തെ ഇസ്ലാമി ഉള്പ്പെടെയുള്ള ലോക ഇസ്ലാമിക പ്രസ്ഥാനങ്ങള് സദാ കാണിക്കുന്നത്. പക്ഷേ, സുഊദിയിലേതുള്പ്പെടെയുള്ള ഒരു വിഭാഗം സലഫികള് ഇസ്ലാമിക പ്രസ്ഥാനങ്ങളോട് ഒട്ടും രചനാത്മകമല്ലാത്ത നിലപാട് യാതൊരു തത്ത്വദീക്ഷയുമില്ലാതെ നിരന്തരം സ്വീകരിക്കുന്നുവെന്നത് സലഫികളില് വലിയൊരു വിഭാഗത്തെതന്നെ വേദനിപ്പിക്കുന്നുണ്ട്.
ജമാഅത്തെ ഇസ്ലാമിയെ അന്യായമായും അകാരണമായും നിരോധിച്ച ഇന്ദിരാഗാന്ധിക്കു വേണ്ടി കഅ്ബയുടെ കില്ല പിടിച്ച് പ്രാര്ഥിക്കുകയും അത് എഴുതി പ്രസിദ്ധീകരിച്ച് അണികളെ പ്രചോദിപ്പിക്കുകയും ചെയ്തതു മുതല് പ്രസ്ഥാനത്തിനു നേരെ, അള്ട്രാ സെക്യുലര്- സവര്ണ ഫാഷിസ്റ്റ് കേന്ദ്രങ്ങളില്നിന്ന് ഗൂഢ ലക്ഷ്യങ്ങളോടെ വരുന്ന എല്ലാ വിമര്ശനങ്ങളെയും വിമര്ശകരെയും സര്വാത്മനാ പിന്തുണക്കുന്ന ഏര്പ്പാട് ഇന്നും വലിയ മാറ്റമില്ലാതെ നാനാ മാര്ഗേണ തുടരുന്നു. ഇസ്ലാമിക പ്രസ്ഥാനത്തെ ഭൂതകാലത്തിന്റെ തടവില് കുരുക്കി വേട്ടയാടുന്നവര് സ്വയം കൃതാനര്ഥങ്ങളുടെ വില നല്കേണ്ടിവരുമെന്നത് തീര്ച്ചയാണ്. ഇസ്ലാമിക പ്രസ്ഥാനം സലഫികളോടുള്പ്പെടെ എല്ലാവരോടും കഴിയുന്നത്ര രചനാത്മക ശൈലിയില് അനുവര്ത്തിക്കാനാണ് ശ്രമിക്കുന്നതെന്ന് നിഷ്പക്ഷ നിരീക്ഷകര്ക്ക് എളുപ്പം ഗ്രഹിക്കാനാകും. മോഡേണിസ്റ്റുകളെയും സെക്യുലര് തീവ്രവാദികളെയും മറ്റും കൂട്ടുപിടിച്ച് മൗദൂദിയെയും ഇസ്ലാമിക പ്രസ്ഥാനങ്ങളെയും അന്യായമായും നിന്ദ്യമായും എതിര്ക്കുന്നവര് കാലത്തിന്റെ നിര്ദാക്ഷിണ്യമായ പകരം വീട്ടലിനെ ഭയപ്പെടേണ്ടതുണ്ട്.
നിസ്തുലം 'നിസ്കാരം'
''ആശയവിതരണത്തിന്റെ പ്രധാന ഉപകരണമാണ് ഭാഷ. അതിനാല്തന്നെ സുന്ദരമായി തനതു രൂപത്തില് അത് പ്രയോഗിക്കുക എന്നത് പ്രധാനമാണ്''-ഇ.എന് ഇബ്റാഹീമിന്റെ ഈ വാക്കുകളില്തന്നെ ഊന്നട്ടെ. നമസ്കാരം എന്ന പദം നിസ്കാരത്തേക്കാള് ശ്രവണസുന്ദരമാണ്. പക്ഷേ, നിസ്കാരത്തിന്റെ തനതു രൂപമല്ല നമസ്കാരം. ബഹുമാനസൂചകമായ ഒരു പദമെന്നതിലുപരി, നിസ്കാരത്തിനു പകരം വെക്കാവുന്ന പദമല്ല അത്. അംഗശുദ്ധി വരുത്തി, കഅ്ബയെ അഭിമുഖീകരിച്ച് ചില നിയമങ്ങളനുസരിച്ചുള്ള മുസ്ലിംകളുടെ പ്രാര്ഥനയാണ് നിസ്കാരം. അതില് റുകൂഉം സുജൂദുമുണ്ട്. ശബ്ദതാരാവലിയില് ഇതുകൊണ്ടെല്ലാമായിരിക്കണം 'നിസ്കാര'ത്തിന് പ്രത്യേക സ്ഥാനം കിട്ടിയത്.
ഒരുകാലത്ത് സംസ്കാരത്തിന്റെ കാവലാളായിത്തീര്ന്ന ഭാഷകളാണ് അറബി മലയാളവും അറബി തെലുങ്കും അറബി തമിഴും അറബി പഞ്ചാബിയും ഉര്ദുവുമെല്ലാം. അറബി മലയാളത്തിന്റെ സംഭാവനയാണ് 'നിസ്കാരം.' അത് അറബി ഭാഷയിലെ ഏതെങ്കിലും പദത്തിന്റെ രൂപഭേദമാണെന്ന് ആരും പറയാറില്ല. അറബിയില് നിസ്കാരം എന്ന ഒരു പദമില്ലെന്ന നിഗമനം വളരെ ശരിയാണ്.
നമസ്കാരം നിസ്കാരമാക്കി ഉച്ചരിക്കുന്നതല്ല, നിസ്കാരം 'നിക്കാര'മാക്കുന്നതാണ് വികലം. ഏതു ഭാഷയും സമൃദ്ധമാകുന്നത് അന്യഭാഷയില്നിന്ന് പദങ്ങള് കൊണ്ടും കൊടുത്തുമാണ്. നമ്മള് പ്രശസ്ത നോവലായി കരുതുന്ന മാര്ത്താണ്ഡ വര്മയിലെ ഭാഷ, ഇന്നു വായിക്കുമ്പോള് ഇത് മലയാളം തന്നെയാണോ എന്നു സംശയം തോന്നും. മലയാളം മൊത്തം വികലമായി തോന്നാവുന്ന ഒരു കാലഘട്ടം തന്നെ കടന്നുപോയിട്ടുണ്ട്. നിരണം കവികളുടെ രചനകള് ഉദാഹരണം. മുഹ്യിദ്ദീന് മാലയില് സാഹിത്യാംശമുണ്ട്, അതിലെ ആശയ വൈകൃതത്തെ സാഹിത്യം മറികടക്കുന്നു. ഏതു ഭാഷയില്നിന്നും ഒരു ഭാഷ സ്വീകരിക്കുമ്പോള് അതില് അല്പം മാറ്റം വരുത്തുന്നതിന്റെ എത്രയോ ഉദാഹരണങ്ങള് 'അറബി മലയാള സാഹിത്യ ചരിത്ര'ത്തില് വായിക്കാം. അറബി മലയാളത്തിന് വ്യാകരണമുണ്ടായിരുന്നു. അത് സാഹിത്യത്തിന്റെ വിവിധ ശാഖകളില് വിജയം വരിച്ചിട്ടുമുണ്ട്. മലയാളത്തിന് മുമ്പുതന്നെ അത് ലിഖിത ഭാഷയായി മുസ്ലിംകളില് പ്രചരിച്ചു. മലയാളത്തെ മുഴുക്കെ ഹൈന്ദവ ഭാഷയായി കരുതി അയിത്തം കല്പിച്ചത് തെറ്റുതന്നെ. പക്ഷേ, നമ്മുടെ സാംസ്കാരിക പൈതൃകത്തെ കണ്ണും പൂട്ടി താഴ്ത്തിക്കെട്ടാതിരിക്കുക. അറബി മലയാളം ബാക്കിവെച്ച ഒരു നിസ്തുല പദമായ 'നിസ്കാരം' കുറച്ചുകാലം കൂടി നിലനില്ക്കട്ടെ എന്ന ആശംസയായിരുന്നു ഞാന് പങ്കുവെച്ചത്.
സി.ടി ബശീര് ,കണ്ണൂര്
'നമസ്കാര'മാണ് ശരി
'നമസ്കാര'മാണോ 'നിസ്കാര'മാണോ ശരി എന്നത് ഒരുപാട് ചര്വിത ചര്വണം നടത്തിയിട്ടും ഇനിയും തീരുമാനത്തിലെത്താത്ത പ്രശ്നമാണെന്ന് തോന്നുന്നു. സത്യത്തില് ഇത് ഭാഷയില് അവഗാഹമുള്ളവര് തീര്പ്പു കല്പിക്കേണ്ട വിഷയമാണ്. നമസ്കാരം എന്ന പദം സന്ധി പിരിച്ചെഴുതിയാല് ആശയക്കുഴപ്പമൊഴിവാകും. അപ്പോള് വ്യക്തമാകുന്നതിതാണ്; നമിക്കുന്ന കരം അഥവാ കൂപ്പുകൈ എന്നാണ് നമസ്കാരത്തിന് അര്ഥം സിദ്ധിക്കുന്നത്. നമ്മുടെ കൈകള് ദൈവത്തിനു മുമ്പില് കൂപ്പുന്നതില് ഒരു അനിസ്ലാമികതയുമില്ല. അതുകൊണ്ടുതന്നെ ദൈവാരാധനയെ കുറിക്കാന് ഈ മലയാള പദം ഉപയോഗിക്കുന്നതില് ഒട്ടും അനൗചിത്യവുമില്ല.
മറിച്ച് നിസ്കാരമെന്ന പദത്തിന് ഈ ആശയ സംവേദനം അസാധ്യമാണ്. വാക്കുകള്ക്ക് മുന്നില് നിസ്, നിര് എന്നീ വിപര്യയങ്ങള് ചേരുമ്പോള് അതിന്റെ വിപരീതാര്ഥങ്ങളാണ് ധ്വനിക്കുക. ചില ഉദാഹരണങ്ങള്: സാരം-നിസ്സാരം, മമത-നിര്മമത, വിഘ്നം-നിര്വിഘ്നം. അങ്ങനെ നോക്കിയാല് നിസ്കാരം 'നിഷേധിക്കുന്ന കര'മാകും. ഇതൊക്കെ ബോധ്യപ്പെടുത്തുന്നത് 'നമസ്കാര'മാണ് ശരി എന്നു തന്നെയാണ്.
(ഈ ചര്ച്ച ഇവിടെ അവസാനിപ്പിക്കുന്നു- എഡിറ്റര്)
എം.എ അബ്ദുല് ഖാദര് കരൂപ്പടന്ന
Comments