കോണ്‍ഗ്രസ്-അഖിലേഷ് സഖ്യം യാഥാര്‍ഥ്യമാവുമോ?
ഉത്തര്‍പ്രദേശിലെ ഭരണകക്ഷിയായ സമാജ്വാദി പാര്‍ട്ടിക്കകത്ത് നടക്കുന്ന കുടുംബ കലഹത്തിന് ഇപ്പോഴത്തെ ദേശീയ രാഷ്ട്രീയത്തില്‍ നിര്‍ണായകമായ പ്രാധാന്യമുണ്ട്. സംസ്ഥാന ഭരണത്തിന് ഒരു ചുവട് മാത്രം അകലെ നില്‍ക്കുന്ന ബി.ജെ.പിയെ സംബന്ധിച്ചേടത്തോളം ഈ സംഭവവികാസങ്ങള്‍ ഒരേസമയം പ്രതീക്ഷയും എന്നാല്‍ സമജ്വാദി പാര്‍ട്ടി പിളരുന്നതിന്റെ അനന്തരഫലങ്ങളില്‍ ചിലത് ആശങ്കയും സമ്മാനിക്കുന്നുണ്ട്. കോണ്‍ഗ്രസിനും മായാവതിക്കുമൊക്കെ ഏതോ പ്രകാരത്തില്‍ ഗുണവും ദോഷവും ചെയ്യുന്ന ചിത്രവും ഇതോടൊപ്പം രൂപപ്പെടുന്നുണ്ട്. ആരൊക്കെയോ പിന്നില്‍ ചരടുവലിക്കുന്ന ഈ നാടകത്തിനൊടുവില്‍ എന്തായിരിക്കും ഉത്തര്‍പ്രദേശില്‍ സംഭവിക്കുകയെന്നത് ഇപ്പോഴും വ്യക്തമല്ല. ഇന്ത്യന്‍ ചരിത്രത്തിലാദ്യമായി ഭരണത്തിലിരിക്കുന്ന ഒരു മുഖ്യമന്ത്രിയെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കുമെന്ന് തീരുമാനിച്ചുറപ്പിച്ച് ദല്‍ഹിയിലെ ചാനല്‍ 'പുലി'കള്‍ ലഖ്നൗവിലേക്കു പോയി ഉത്സാഹക്കമ്മിറ്റി രൂപീകരിക്കുവോളം കാര്യങ്ങളെത്തി. ഒക്ടോബര്‍ 24 തിങ്കളാഴ്ച ഉച്ചവരെയും അഖിലേഷ് പാര്‍ട്ടിയില്‍നിന്ന് പുറത്താക്കപ്പെടുമെന്നു തന്നെയായിരുന്നു റിപ്പോര്‍ട്ടുകള്‍. തലേ ദിവസം രാത്രി അഖിലേഷ് വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പാര്‍ട്ടി എം.എല്‍.എമാരില്‍ ഏതാണ്ട് മൂന്നില്‍ രണ്ടു പേരും അദ്ദേഹത്തിന്റെ വസതിയിലെത്തി പിന്തുണ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ഭരണത്തില്‍ താന്‍ പിടിമുറുക്കിയിട്ടുന്നെ കാര്യം പിറ്റേന്നത്തെ യോഗത്തില്‍ നേരിട്ടു പോയി തലമൂത്ത നേതാക്കളെ ബോധ്യപ്പെടുത്തുകയും, അതോടൊപ്പം സമാജ്വാദിയില്‍ നേതൃമാറ്റത്തിന്റെ കാലമെത്തിയ വിവരം ഉത്തര്‍പ്രദേശ് ജനതയോട് വിളംബരം ചെയ്യുകയുമാണ് അഖിലേഷ് യാദവ് ചെയ്തത്.
യു.പിയില്‍ മായാവതിക്ക് പൊതുവെയുള്ള സല്‍പ്പേര് അവരുടെ ഭരണകാലത്തെ വികസന പ്രവര്‍ത്തനങ്ങളെ ചൊല്ലിയാണ്. അഴിമതി നടക്കാറുണ്ടെങ്കിലും ജനങ്ങള്‍ക്ക് വലിയൊരളവോളം ഉപകാരപ്രദമായിരുന്ന ഭരണമായിരുന്നു പൊതുവെ ബി.എസ്.പി കാഴ്ച വെക്കാറുണ്ടായിരുന്നത്. അഖിലേഷ് യാദവിന്റെ കഴിഞ്ഞ നാലര വര്‍ഷത്തെ ഭരണവും ചില ക്രമസമാധാന പ്രശ്നങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍ പൊതുവെ മെച്ചപ്പെട്ട പ്രതിഛായയാണ് സംസ്ഥാനത്ത് ഉണ്ടാക്കിയിട്ടുള്ളത്. മായാവതിയുടെ പ്രധാന ദോഷമായ അഴിമതി അഖിലേഷ് ഭരണത്തെ പിടികൂടാതിരിക്കാന്‍ കാരണമായത് ശിവ്പാലിനെയും സംഘത്തെയും മുഖ്യമന്ത്രി നിര്‍ത്തേണ്ടിടത്ത് നിര്‍ത്തിയതു കൊണ്ടു തന്നെയാണ്. വലിയൊരളവോളം അഖിലേഷിന്റേത് സംശുദ്ധമായ രാഷ്ട്രീയവും ഭരണവുമായിരുന്നു. ഇതില്‍ ഏറ്റവും വലിയ അസ്വസ്ഥത മറ്റാര്‍ക്കുമല്ല, നേതാജി എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന മുലായമിനു തന്നെയാണെന്നാണ് പ്രഫ. രാംഗോപാല്‍ യാദവ് കുറ്റപ്പെടുത്തുന്നത്. അഖിലേഷിനെ പരസ്യമായി വേദികളില്‍ കുറ്റം പറയുന്നത് മുലായം ഒരു ശീലമാക്കി മാറ്റിയെടുത്തത് തലമൂത്ത നേതാക്കള്‍ക്കും പാര്‍ട്ടിക്കകത്തെ ദല്ലാളന്മാര്‍ക്കും വേണ്ടിയായിരുന്നു. മകനെ പിതാവ് ഗുണദോഷിക്കുക എന്നതിലുപരി അഴിമതിക്കാരായ ഒരു കൂട്ടം രാഷ്ട്രീയ ദുഷ്പ്രഭുക്കള്‍ക്കു വേണ്ടി ഭരണഘടനാ സ്ഥാപനത്തെ അവഹേളിക്കുന്നതിന് തുല്യമായിരുന്നു മുലായമിന്റെ ഈ പ്രവൃത്തി. പൊതുജനം ഇത് തിരിച്ചറിയുന്നുമുണ്ട്. അമര്‍ സിംഗിന്റെ എല്ലാ കുറ്റവും പൊറുത്തുകൊടുത്തതായും തന്നെ പ്രതിസന്ധിഘട്ടത്തില്‍ സഹായിച്ചത് അമര്‍ സിംഗാണെന്നും മുലായം പറഞ്ഞു. സി.ബി.ഐ വീശിയ വലയില്‍ കുടുങ്ങി ജയിലില്‍ പോകാതെ രക്ഷിച്ചതിന്റെ പ്രത്യുപകാരമായിരുന്നു അതെന്നും, മകനായിട്ടും അഖിലേഷ് ഇത് മനസ്സിലാക്കിയില്ലെന്നുമുള്ള ശിവ്പാല്‍ യാദവിന്റെ വിശദീകരണം പിറകെയെത്തി. അതിനു മാത്രം അമര്‍ സിംഗിന് സ്വാധീനമുണ്ട് എന്നാണ് ഇപ്പറയുന്നതിന്റെ അര്‍ഥമെങ്കില്‍ ആ സ്വാധീനം നേര്‍ക്കു നേരെ ബന്ധപ്പെടുന്നത് സി.ബി.ഐയെ ഇപ്പോള്‍ നിയന്ത്രിക്കുന്ന കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയുമായിട്ടാവണമല്ലോ. അപ്പോള്‍ പിന്നെ അത് ഔദാര്യമാണോ അതോ ഭീഷണിയാണോ? അമര്‍ സിംഗിന്റെ രാഷ്ട്രീയ ചരിത്രം പരിശോധിക്കുന്നവര്‍ക്കറിയാം, എന്തായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയ 'കരുത്തി'ന്റെ രഹസ്യമെന്ന്. മറ്റുള്ളവരെ ബ്ലാക്മെയില്‍ ചെയ്ത് ഇതുപോലെ അപകടകരമായ രാഷ്ട്രീയം കളിച്ച മറ്റേതെങ്കിലും രാഷ്ട്രീയ നേതാവുണ്ടോ ഇന്ത്യയില്‍?
മുലായമിന്റെ നീക്കങ്ങള്‍ക്കെതിരെ ഉറച്ചു നില്‍ക്കാനും താന്‍ മുന്നോട്ടു വെക്കുന്ന സംശുദ്ധ രാഷ്ട്രീയത്തിന്റെ കരുത്ത് തിരിച്ചറിഞ്ഞ് ഒറ്റക്ക് മുന്നോട്ടു പോകാനുമുള്ള അഖിലേഷിന്റെ ഇപ്പോഴത്തെ തീരുമാനം അനിവാര്യമായ രാഷ്ട്രീയ തീരുമാനം മാത്രമാണ്. യുക്തിസഹമായ ഒരു കൂട്ടുകെട്ടിലേക്കു കൂടി അദ്ദേഹം എത്തിപ്പെടണമെന്നു മാത്രം. ഈ സാധ്യതകളെ വിലയിരുത്തുമ്പോള്‍ മുലായം ഇല്ലാത്ത എസ്.പി മറുഭാഗത്ത് ബി.ജെ.പിവിരുദ്ധ, മതേതര ചേരിയിലെ ഏത് രാഷ്ട്രീയ സംഘടനയെയും ആകര്‍ഷിക്കുന്നുണ്ട്. മുലായമിനെ വിശ്വസിക്കാന്‍ കോണ്‍ഗ്രസോ ബി.എസ്.പിയോ ഒരിക്കലും തയാറാവണമെന്നില്ല. കാന്‍ഷിറാമിനെയും മായാവതിയെയുമൊക്കെ വഞ്ചിച്ച ചരിത്രമുണ്ട് മുലായമിന്. കോണ്‍ഗ്രസിനുമുണ്ട് ഇദ്ദേഹത്തില്‍നിന്നേറ്റ തിക്താനുഭവങ്ങള്‍. അഖിലേഷ് നയിക്കുന്ന സമാജ്വാദിയുടെ ഘടകം രൂപപ്പെടുകയാണെങ്കില്‍ പിതാവിന്റെ ഈ വിഴുപ്പ് ചുമക്കേണ്ട ഗതികേടുണ്ടാവില്ല. എന്നാല്‍ ആര് അഖിലേഷിലേക്ക് ഇങ്ങോട്ടു വരും എന്ന ചോദ്യം വളരെ പ്രധാനമാണ്. ബി.എസ്.പിയുടെ ഇന്നോളമുള്ള ചരിത്രത്തില്‍ അവര്‍ക്ക് ഭരണം ലഭിക്കാന്‍ ബി.ജെ.പിയുടേതടക്കമുള്ള പിന്തുണ സ്വീകരിച്ചതല്ലാതെ മറ്റാരെയെങ്കിലും മുഖ്യമന്ത്രിയാക്കാന്‍ മായാവതിയും കൂട്ടരും അങ്ങോട്ടു ചെന്ന ചരിത്രമില്ല. അതുകൊണ്ടുതന്നെ അഖിലേഷും മായാവതിയും തമ്മില്‍ തെരഞ്ഞെടുപ്പിനു മുമ്പ് ധാരണയുണ്ടാവുക ഏതാണ്ട് അസാധ്യമെന്നു തന്നെ പറയാം.
ഇനിയുള്ള സാധ്യത കോണ്‍ഗ്രസിന്റേതാണ്. അഖിലേഷും കോണ്‍ഗ്രസും തമ്മില്‍ ചില ധാരണകളുണ്ടെന്ന് ദ്യോതിപ്പിക്കുന്ന മാധ്യമ റിപ്പോര്‍ട്ടുകളാണ് കഴിഞ്ഞ കുറേ ദിവസങ്ങളായി വന്നുകൊണ്ടിരുന്നത്. രാഹുല്‍ ഗാന്ധി നരേന്ദ്ര മോദിയെ കുറിച്ച് നടത്തിയ 'ചോരയുടെ ദല്ലാള്‍' പരാമര്‍ശത്തെ അഖിലേഷ് ശരിവെച്ചതോടെ അസാധാരണമായ ഒരു സാധ്യതയെ കുറിച്ച സംശയം മണത്തു. തെരഞ്ഞെടുപ്പ് ആസന്നമായ യു.പിയില്‍ പ്രത്യേകിച്ച് ഒന്നും നഷ്ടപ്പെടാനില്ലാത്ത കോണ്‍ഗ്രസ് മോദിയെ കുറിച്ച് പറയുന്നതും സമാജ്വാദി അത് ഏറ്റുപിടിക്കുന്നതും ഉണ്ടാക്കുന്ന രാഷ്ട്രീയ വ്യത്യാസങ്ങളെ കുറിച്ച ആശങ്കകള്‍ നിലനില്‍ക്കെയായിരുന്നു അഖിലേഷിന്റെ ഈ നിലപാട്. അതേസമയം പൊതുതെരഞ്ഞെടുപ്പിനെ മുന്നില്‍ കണ്ടുകൊണ്ടല്ല ഇതെന്നും സ്വന്തം പാര്‍ട്ടിക്കകത്ത് തനിക്കെതിരെ നടക്കുന്ന നീക്കങ്ങള്‍ മുന്നില്‍ കണ്ട് യു.പിയിലെ 28 കോണ്‍ഗ്രസ് എം.എല്‍.എമാരുടെ പിന്തുണ ഉറപ്പിക്കാന്‍ ഒരു മുഴം മുന്നേയെറിഞ്ഞതാണ് അഖിലേഷ് എന്നും കരുതുന്നവരുമുണ്ട്. ബി.ജെ.പിയാവട്ടെ, രണ്ട് സാധ്യതകളാണ് മുന്നില്‍ കാണുന്നത്. മുസ്ലിം വോട്ടുകള്‍ അഖിലേഷിനും മായാവതിക്കുമിടയില്‍ ചിതറുക. അതോടൊപ്പം സമാജ്വാദിയിലെ മേല്‍ജാതിക്കാരെയും കോണ്‍ഗ്രസിന് അനുകൂലമായി നില്‍ക്കുന്ന ഉയര്‍ന്ന ജാതിക്കാരെയുമൊക്കെ കൂറുമാറ്റക്കാരായ നേതാക്കളെ ഉപയോഗിച്ച് റാഞ്ചിയെടുക്കുക. കോണ്‍ഗ്രസില്‍നിന്നും ബി.എസ്.പിയില്‍നിന്നും നിരവധി സവര്‍ണ നേതാക്കളാണ് കഴിഞ്ഞ രണ്ടു മാസക്കാലയളവില്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്.
സമാജ്വാദി പിളരുമ്പോള്‍ മുസ്ലിം വോട്ടുകള്‍ക്ക് എന്തു സംഭവിക്കുമെന്നതാണ് ബി.ജെ.പിയുടെ ഇപ്പോഴത്തെ എറ്റവും വലിയ ആശങ്ക. പിളര്‍പ്പിനെ കുറിച്ച വാര്‍ത്തകള്‍ പുറത്തുവരാന്‍ തുടങ്ങിയ അതേ ദിവസം ലഖ്നൗവില്‍ അസാധാരണമായ ഒരു കോണ്‍ഗ്രസ് യോഗം നടക്കുകയുണ്ടായി. മറ്റാരുമല്ല സാക്ഷാല്‍ പ്രിയങ്കാ ഗാന്ധിയായിരുന്നു ഈ യോഗത്തില്‍ അധ്യക്ഷത വഹിച്ചത്. കോണ്‍ഗ്രസും അഖിലേഷും ഒപ്പം നിന്നാല്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ എന്തു തന്നെയും സംഭവിക്കാന്‍ ഇടയുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ പ്രവചനം. മുത്ത്വലാഖ് പോലുള്ള നിലവാരമില്ലാത്ത വിഷയങ്ങള്‍ എടുത്തിട്ട് പ്രധാനമന്ത്രി തന്നെ പ്രചാരണം നടത്തുന്നത് ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ ബി.ജെ.പി എന്താണ് പ്രതീക്ഷിക്കുന്നത് എന്നതിന്റെ വ്യക്തമായ സൂചനയാണ്. മുസ്ലിം സംഘടനകള്‍ ദല്‍ഹിയില്‍ സംയുക്ത വാര്‍ത്താ സമ്മേളനം നടത്തിയപ്പോള്‍ തന്നെ ബി.ജെ.പിയുടെ ആശങ്ക പ്രകടമായിരുന്നു. അഖിലേഷ് ഒറ്റക്ക് മത്സരിക്കുന്ന സാഹചര്യത്തെ ഒരുവേള ബി.ജെ.പി ഭയക്കുന്നുണ്ട്. ബി.ജെ.പി പതിവുപോലെ വര്‍ഗീയ പ്രചാരണത്തിന്റെ ഊക്കു കൂട്ടിയാല്‍ മുസ്ലിം വോട്ടുകള്‍ ബി.എസ്.പിയില്‍ കൂട്ടത്തോടെ അടിയുകയേ ഉള്ളൂ.
ലോക്സഭാ കാലത്തെ 326 അസംബ്ലി സീറ്റുകളിലെ മേല്‍ക്കെ മൂന്നിലൊന്നും നഷ്ടപ്പെട്ട ഇപ്പോഴത്തെ ബി.ജെ.പി സംസ്ഥാനത്ത് 220 സീറ്റുകളിലാണ് വിജയപ്രതീക്ഷ കാണുന്നത്. എന്നാല്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വോട്ടുബാങ്ക് ചോരാതെ പിടിച്ചുനിര്‍ത്തിയ ഏകപാര്‍ട്ടിയാണ് ബി.എസ്.പി. അവരുടെ വോട്ടുബാങ്കിന് ക്രമാതീതമായ വളര്‍ച്ച ഉണ്ടാവാനുള്ള സാഹചര്യം ഇതുവരെ സൃഷ്ടിക്കപ്പെട്ടിട്ടില്ല. അതേസമയം കോണ്‍ഗ്രസിന്റെയും അഖിലേഷ് ഒപ്പം നിര്‍ത്തുമെന്ന് വിശ്വസിക്കപ്പെടുന്ന സമാജ്വാദി പാര്‍ട്ടിയുടെയും ശതമാനക്കണക്കുകള്‍ ഒപ്പമെടുക്കുമ്പോള്‍ കടലാസിലെങ്കിലും മറ്റാരേക്കാളും സാധ്യതയുള്ള കൂട്ടുകെട്ടായി അത് മാറുന്നുണ്ട്.
Comments