സലഫിസം കൊണ്ട് പരിക്ഷീണിതരായ മുജാഹിദ് സംഘടനകള്‍
''സലഫിയ്യത്തിന്റെ മറവില്‍ ഹിംസയുടെ മാര്‍ഗം സ്വീകരിക്കുന്നവരെ കേരളത്തിലെ മുജാഹിദ് പ്രസ്ഥാനവുമായി ബന്ധിപ്പിച്ച് ഉപന്യാസങ്ങള്‍ രചിക്കാന്‍ യാഥാസ്ഥിതിക വിഭാഗവും പൊളിറ്റിക്കല്‍ ഇസ്‌ലാമിന്റെ പ്രചാരകരും കുറേകാലങ്ങളായി ശ്രമിച്ചുവരികയാണ്. സംഘ്പരിവാര്‍ അജണ്ടകള്‍ക്ക് എന്നും വളവും വെള്ളവും നല്‍കിയ പാരമ്പര്യമാണ് യാഥാസ്ഥിതിക വിഭാഗത്തിനും മതരാഷ്ട്രവാദികള്‍ക്കുമുള്ളത്. ഏതു മതത്തിന്റെ പേരിലായാലും മതരാഷ്ട്രവാദവുമായി മുന്നോട്ടുവരുന്നവരെ പ്രോത്സാഹിപ്പിച്ച പാരമ്പര്യമാണ് ഹിന്ദുത്വവാദികള്‍ക്കും ഇസ്‌ലാമിസ്റ്റുകള്‍ക്കുമുള്ളത്.
ഹാകിമിയ്യത്ത്, ജാഹിലിയ്യത്ത്, ഖിലാഫത്ത് തുടങ്ങിയ സാങ്കേതിക സംജ്ഞകള്‍ക്ക് രാഷ്ട്രീയ വ്യാഖ്യാനം നല്‍കി ഭരണകൂട അട്ടിമറിക്കും രാഷ്ട്രീയ കൊലപാതകത്തിനും ന്യായങ്ങള്‍ ചമച്ച പൊളിറ്റിക്കല്‍ ഇസ്‌ലാമിന്റെ സൈദ്ധാന്തികരാണ് ഹിംസാത്മക സലഫിയ്യത്തിന്റെ ആശയസ്രോതസ്സെന്നത് പകല്‍ പോലെ വ്യക്തമാണ്...
കേരളത്തില്‍ സയ്യിദ് മൗദൂദിയുടെ ഹാകിമിയ്യ സിദ്ധാന്തം പ്രയോഗവത്കരിക്കാന്‍ ശ്രമമുണ്ടായപ്പോള്‍ അതിനെ നഖശിഖാന്തം എതിര്‍ക്കാന്‍ പണ്ഡിതരും നേതാക്കളും രംഗത്തുവന്നു. കെ.എം മൗലവി, സീതി സാഹിബ്... ടി.പി അബ്ദുല്ലക്കോയ മദനി, ചെറിയമുണ്ടം അബ്ദുല്‍ ഹമീദ് മദനി തുടങ്ങിയ പണ്ഡിതരും നേതാക്കളും ഹാകിമിയ്യത്ത് സിദ്ധാന്തത്തിന്റെ പൊള്ളത്തരവും അപകടവും തുറന്ന് കാണിച്ചവരാണ്. ആശയപരമായ ഈ എതിര്‍പ്പ് കൊണ്ട് മുജാഹിദുകളെ അവസരം കിട്ടുമ്പോഴെല്ലാം കുത്താന്‍ കേരളത്തിലെ ജമാഅത്തെ ഇസ്‌ലാമി ശ്രമിക്കാറുണ്ട്. അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ഈയിടെ മാതൃഭൂമി പത്രത്തില്‍ കെ.എം ഷാജി എം.എല്‍.എ എഴുതിയ 'ഐ.എസ് വളം വച്ചതാര്' എന്ന ലേഖനത്തിന്റെ പേരില്‍ ലേഖകനെയും മുജാഹിദുകളെയും അവര്‍ പരിഹസിക്കാന്‍ തുനിഞ്ഞത്. മാത്രമല്ല, സമസ്ത സുന്നീ വിഭാഗങ്ങളെ ലേഖകനു നേരെ തിരിച്ചുവിടാനും മുസ്‌ലിം ലീഗ് അണികളില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാനും അവര്‍ ശ്രമിച്ചു. പ്രസ്തുത ലേഖനത്തില്‍ അന്യായമായ സലഫി വേട്ടയെക്കുറിച്ചും ഹിംസാത്മക സലഫിയ്യത്തിന്റെ അടിത്തറയായ ഹാകിമിയ്യത്തിനെക്കുറിച്ചുമാണ് പറയുന്നത്. ഇന്ത്യയില്‍ ഹാകിമിയ്യ സിദ്ധാന്തം രൂപപ്പെടുത്തുകയും പ്രചരിപ്പിക്കുകയും ഇന്ത്യന്‍ സാഹചര്യവുമായി അത് സംഘട്ടനത്തിലാണെന്ന പ്രതിലോമകരമായ വാദം ഉന്നയിക്കുകയും ചെയ്ത സയ്യിദ് മൗദൂദിയുടെ പങ്കിനെക്കുറിച്ച് പരാമര്‍ശിച്ചതിനാലാണ് ജമാഅത്തെ ഇസ്‌ലാമി കലി തുള്ളുന്നത്'' ('നവോത്ഥാന ശ്രമങ്ങളെ ഇകഴ്ത്തുന്നവര്‍ സംവാദങ്ങളെ ഭയപ്പെടുന്നതെന്തിന്?' - ഡോ. എ.ഐ അബ്ദുല്‍ മജീദ് സ്വലാഹി, വിചിന്തനം വാരിക, 2016 ഒക്‌ടോബര്‍ 21). മുജീബ് എന്തുപറയുന്നു?
പി.വി ഉമര്‍ കോയ, കല്ലായി
ആഗോള മാധ്യമങ്ങള്‍, കഴിഞ്ഞ നൂറ്റാണ്ടിലും ഈ നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിലുമായി രംഗപ്രവേശം ചെയ്ത മുസ്‌ലിം തീവ്രവാദ-ഭീകര കൂട്ടായ്മകളെ പഠനവിധേയമാക്കിയപ്പോള്‍ അവയുടെ സലഫീ പശ്ചാത്തലമാണ് അനാവരണം ചെയ്യപ്പെട്ടത്. ഉസാമാ ബിന്‍ലാദിന്‍ സ്ഥാപിച്ച അല്‍ഖാഇദ, ഹാഫിസ് മുഹമ്മദ് സഈദിന്റെ ലശ്കറെ ത്വയ്യിബ, നൈജീരിയയിലെ ബോക്കോ ഹറാം, സോമാലിയയിലെ അശ്ശബാബ്, സിറിയ-ഇറാഖ് മേഖലയിലെ ദാഇശ് അഥവാ ഐ.സ്.ഐ.എസ് എന്നിത്യാദി സായുധ വിഭാഗങ്ങളുടെയൊക്കെ പിന്നില്‍ വഹാബിസവും സലഫിസവുമാണെന്ന് നിരന്തരം പ്രചരിപ്പിക്കുന്നത് ജമാഅത്തെ ഇസ്‌ലാമിയോ കേരളത്തിലെ സുന്നീ സംഘടനകളോ അല്ല, ലോക മീഡിയയും ഇന്ത്യന്‍ മീഡിയയുമാണെന്ന് ടൈംസ് ഓഫ് ഇന്ത്യ, ദ ഹിന്ദു, ദ ഇന്ത്യന്‍ എക്‌സ്പ്രസ് തുടങ്ങിയ പത്രങ്ങളും സോഷ്യല്‍ മീഡിയയും ശ്രദ്ധിക്കുന്നവര്‍ക്ക് കാണാവുന്ന പ്രാഥമിക വസ്തുത മാത്രം. ഇസ്‌ലാമിക പ്രസ്ഥാനം ഈ പ്രചാരണത്തെ പിന്തുണക്കുന്നില്ലെന്നു മാത്രമല്ല, യഥാര്‍ഥ സലഫിസം ഒരിക്കലും തീവ്രവാദ സ്രോതസ്സല്ലെന്നും ശൈഖുല്‍ ഇസ്‌ലാം ഇബ്‌നുതൈമിയ്യയും ശൈഖ് മുഹമ്മദു ബ്‌നു അബ്ദുല്‍ വഹാബും മഹാന്മാരായ പരിഷ്‌കര്‍ത്താക്കളായിരുന്നുവെന്നും ചൂണ്ടിക്കാട്ടുകയാണ് ചെയ്തിട്ടുള്ളതും. സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദിയുടെ 'ഇസ്‌ലാമിലെ നവോത്ഥാന പ്രസ്ഥാനങ്ങള്‍' (ഐ.പി.എച്ച്) എന്ന കൃതിയിലും അവരെ നവോത്ഥാന നായകരുടെ ഗണത്തിലാണ് എണ്ണിയിട്ടുള്ളത്. മദ്ഹബുകള്‍ക്കതീതമായി ഖുര്‍ആനിനെയും സുന്നത്തിനെയും മൂലപ്രമാണങ്ങളായി അംഗീകരിക്കുന്ന സലഫിസത്തോട് ജമാഅത്തെ ഇസ്‌ലാമിക്ക് എക്കാലത്തും അടുപ്പവും മതിപ്പും മാത്രമാണുണ്ടായിട്ടുള്ളത്. ഈ പംക്തിയുടെ കഴിഞ്ഞകാലം തന്നെ അതിന് മതിയായ സാക്ഷ്യം നല്‍കുന്നു.
എന്നാല്‍, ലോകത്തെവിടെയെങ്കിലും ശരീഅത്തിന്റെയോ ഇസ്‌ലാമിക രാഷ്ട്രീയത്തിന്റെയോ പേരില്‍ ഏതെങ്കിലും കൂട്ടായ്മകള്‍ രംഗത്തിറങ്ങിയാല്‍ സെക്യുലറിസ്റ്റുകളോടൊപ്പം ചേര്‍ന്ന് വസ്തുതകള്‍ അന്വേഷിക്കുക പോലും ചെയ്യാതെ മൗദൂദിയുടെയും ജമാഅത്തെ ഇസ്‌ലാമിയുടെയും മേല്‍ ഉത്തരവാദിത്തം കെട്ടിയേല്‍പിക്കുക കേരളത്തിലെ മുജാഹിദുകളുടെ പതിവായിത്തീര്‍ന്നിട്ടുണ്ട്. വിചിന്തനം ലേഖകന്‍ പേരെടുത്തു പറഞ്ഞ കെ.എം സീതി സാഹിബോ കെ.എം മൗലവിയോ ജമാഅത്തിന്റെ നേരെ എത്രതന്നെ എതിര്‍പ്പുണ്ടെങ്കിലും അതിന്റെ പേരില്‍ മതരാഷ്ട്രവാദം (ഠവലീരൃമര്യ) ആരോപിച്ചിട്ടില്ലെന്ന് തീര്‍ത്തു പറയാനാവും. എല്ലാ അര്‍ഥത്തിലും മതേതരനായ ഹമീദ് ചേന്ദമംഗല്ലൂരാണ് മതരാഷ്ട്രവാദ ആരോപണത്തിന്റെ ഉപജ്ഞാതാവ് അല്ലെങ്കില്‍ പ്രചാരകന്‍. ഹമീദാകട്ടെ തന്റെ തന്നെ ഭാഷയില്‍ 'മതങ്ങള്‍ അവതരിപ്പിക്കുന്ന ദൈവത്തില്‍' വിശ്വസിക്കുന്നയാളുമല്ല. ഇസ്‌ലാമിനെയോ ഇസ്‌ലാമിക സംഘടനകളയോ സംസ്‌കാരത്തെയോ ഹമീദ് അംഗീകരിക്കുന്നുമില്ല. കഴിഞ്ഞ മൂന്ന് നാല് പതിറ്റാണ്ടുകാലമായി മൗദൂദിക്കും ജമാഅത്തെ ഇസ്‌ലാമിക്കുമകെതിരെ നിരന്തര കുരിശുയുദ്ധത്തിലേര്‍പ്പെട്ട ദേഹമാണ്. ഹമീദും എം.എന്‍ കാരശ്ശേരിയും കേരള സലഫികളുടെ ഇമാമുകളായതിന്റെ രസതന്ത്രം അന്ധവും അയുക്തികവുമായ ജമാഅത്ത് വിരോധമല്ലാതെ മറ്റൊന്നുമല്ല. മുസ്‌ലിം ലീഗ് എം.എല്‍.എ കെ.എം ഷാജിയും ഹമീദിന്റെ മാനസപുത്രന്‍ തന്നെ.
ഇപ്പോഴത്തെ വിവാദത്തിന്റെ പശ്ചാത്തലം കേരളത്തിന്റെ ചില ഭാഗങ്ങളില്‍നിന്ന് ഐ.എസ് ബന്ധം ആരോപിച്ച് ഏതാനും യുവാക്കളെ പോലീസും എന്‍.ഐ.എയും പിടികൂടിയതായ വാര്‍ത്തകള്‍ പ്രമുഖ പത്രങ്ങളും ചാനലുകളും റിപ്പോര്‍ട്ട് ചെയ്തതാണ്. തൃക്കരിപ്പൂര്‍, പാലക്കാട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍നിന്നുള്ള ചില കുടുംബങ്ങള്‍ അഫ്ഗാനിസ്താന്‍, ഇറാഖ്, സിറിയ പോലുള്ള നാടുകളിലെ ഐ.എസിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും അന്വേഷണ ഏജന്‍സികള്‍ പറയുന്നു. അതേതുടര്‍ന്ന് ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്, മാതൃഭൂമി, ജന്മഭൂമി തുടങ്ങിയ പത്രങ്ങളില്‍ അന്വേഷണ ഏജന്‍സികളെയോ പോലീസിനെയോ അവലംബിച്ച് ധാരാളം കഥകള്‍ നിത്യേന വന്നുകൊണ്ടിരിക്കുന്നു. അവയിലൊന്നിലും പക്ഷേ ജമാഅത്തെ ഇസ്‌ലാമിയെ ബന്ധപ്പെടുത്തിയിട്ടില്ല. എന്നാല്‍ സലഫികളോ സലഫീ സ്ഥാപനങ്ങളില്‍ പഠിച്ചരോ പഠിപ്പിച്ചവരോ ഒക്കെയാണ് കാണാതായവരും സ്ഥലം വിട്ടവരും കസ്റ്റഡിയിലെടുക്കപ്പെട്ടവരും എന്നാണ് വാര്‍ത്ത. സ്ഥിരീകരിക്കപ്പെടാത്ത ഈ വാര്‍ത്തകളെ അവലംബമാക്കി കേരളത്തിലെ സലഫീ സംഘടനകളെയോ മറ്റേതെങ്കിലും വിഭാഗത്തെയോ പ്രതിക്കൂട്ടിലാക്കുന്നത് വിവേകരഹിതവും അനീതിപരവുമാണെന്നാണ് ജമാഅത്തെ ഇസ്‌ലാമിയുടെ ഉറച്ച നിലപാട്. ഊഹാപോഹങ്ങളും കിംവദന്തികളും പ്രചരിപ്പിച്ച് ഒരു സമുദായത്തെ മുഴുവന്‍ വേട്ടയാടുന്നതും വിചാരണ ചെയ്യുന്നതും ഒരുവിധത്തിലും ന്യായീകരിക്കാനാവില്ല. ഐ.എസ് അതിക്രമങ്ങളെക്കുറിച്ച വാര്‍ത്ത വന്നു തുടങ്ങിയപ്പോള്‍ തന്നെ 'ഐ.എസ് ഇസ്‌ലാമല്ല' എന്ന പ്രമേയത്തെ ആധാരമാക്കി സംസ്ഥാനതലത്തില്‍ ബോധവത്കരണം നടത്തുകയായിരുന്ന ജമാഅത്തെ ഇസ്‌ലാമി അതിന്റെ ഉദ്ഘാടന പരിപാടിയിലേക്ക് എല്ലാ മുസ്‌ലിം സംഘടനകളെയും ക്ഷണിച്ചിരുന്നു. പക്ഷേ, കെ.എന്‍.എം അതില്‍ പങ്കെടുക്കാന്‍ വിസമ്മതിച്ചുവെന്ന് മാത്രമല്ല പങ്കെടുക്കാന്‍ തയാറായ മുസ്‌ലിം ലീഗ് നേതാക്കളെ പിന്തിരിപ്പിക്കുകയും ചെയ്തു എന്നാണറിഞ്ഞത്.
ഈ വിഷയത്തില്‍ കെ.എന്‍.എം ഒരു കാമ്പയിന്‍ നടത്തുന്നതാണ് പിന്നെ കണ്ടത്. ഐ.എസിനെതിരെ എന്ന വ്യാജേന ജമാഅത്തെ ഇസ്‌ലാമിക്കും സുന്നി സംഘടനകള്‍ക്കുമെതിരായ ആക്രോശങ്ങളും ദുഷ്പ്രചാരണങ്ങളുമായിരുന്നു കാമ്പയിനിലുടനീളം. പുര കത്തുമ്പോഴും വാഴ വെട്ടുകയായിരുന്നു എന്ന് ചുരുക്കം. അപ്പോഴേക്കാണ് വിഖ്യാത മതപ്രബോധകനും സലഫീ പണ്ഡിതനുമായ സാകിര്‍ നായികിനും അദ്ദേഹത്തിന്റെ വിദ്യാഭ്യാസ പ്രസ്ഥാനമായ പീസ് സ്‌കൂളുകള്‍ക്കുമെതിരെ മോദി സര്‍ക്കാറിന്റെ ആസൂത്രിത നീക്കങ്ങള്‍ ആരംഭിക്കുന്നത്. അതിന്റെ ഭാഗമായി സലഫീ പ്രബോധകനും സംവാദകനുമായ എം.എം അക്ബറിന്റെ കൊച്ചിയിലെ പീസ് സ്‌കൂളിനെയും ഐ.എസ് തീവ്രവാദവുമായി ബന്ധിപ്പിക്കാന്‍ ശ്രമം നടന്നു, ഇപ്പോഴും നടക്കുന്നു. ഈ പശ്ചാത്തലത്തില്‍ കേരള സലഫികള്‍ക്ക് തീവ്ര സലഫിസവുമായി ഒരു ബന്ധവുമില്ലെന്ന് വിവിധ മുജാഹിദ് സംഘടനകള്‍ വാദിക്കുന്നത് മനസ്സിലാക്കാനാവും. പക്ഷേ, ഒരു പ്രകോപനവുമില്ലാതെ, തങ്ങളല്ല ഐ.എസ് ബന്ധമുള്ളതെന്ന് വാദിക്കുന്നതോടൊപ്പം അത്തരം ഭീകര സംഘങ്ങളുടെ മുഴുവന്‍ പ്രഭവകേന്ദ്രം മൗദൂദിയും ജമാഅത്തെ ഇസ്‌ലാമിയുമാണെന്ന് തട്ടിവിടുന്നതിലെ ന്യായവും ധാര്‍മികതയും പ്രേരണയുമാണ് പിടികിട്ടാത്തത്. കെ.എന്‍.എമ്മിന്റെ മുഖപത്രമായ വിചിന്തനത്തില്‍ അത്തരം ലേഖനങ്ങളും കുറിപ്പുകളും പതിവായിവരുന്നതു കൊണ്ട് മതിയാക്കാതെ, ജമാഅത്തെ ഇസ്‌ലാമിക്കെതിരെ അപ്രഖ്യാപിത യുദ്ധം തുടരുന്ന മാതൃഭൂമിയില്‍ പ്രസിഡന്റ് ടി.പി അബ്ദുല്ലക്കോയ മദനി തന്നെ അത്തരം ആരോപണങ്ങള്‍ ഉന്നയിച്ചതിന്റെ ചേതോവികാരം എന്താണ്? തുടര്‍ന്ന് ആര്യാടന്‍ ഷൗക്കത്തും കെ.എം ഷാജിയും കൂടുതല്‍ ക്രൂരമായി ഇസ്‌ലാമിക പ്രസ്ഥാനത്തെ കടന്നാക്രമിക്കാനും മാതൃഭൂമിയെ ഉപയോഗപ്പെടുത്തി. പരിധിവിട്ടപ്പോള്‍ ജമാഅത്തിന്റെ ഭാഗത്തുനിന്ന് ചില പ്രതികരണങ്ങളുണ്ടായത് ശരിയാണ്. അപ്പോഴും കേരള സലഫികളെ കണ്ണടച്ച് ഭീകരവാദികളാക്കാന്‍ ജമാഅത്ത് മിനക്കെട്ടിട്ടില്ല. ഹാകിമിയ്യത്ത് സിദ്ധാന്തം മൗദൂദിയുടെ കണ്ടുപിടിത്തമല്ലെന്നും മഹാന്മാരായ സലഫീ പണ്ഡിതന്മാര്‍ തന്നെ അത് അംഗീകരിച്ചതാണെന്നും വ്യക്തമാക്കുകയാണ് ചെയ്തത്. കൂട്ടത്തില്‍ പറയട്ടെ, കേരള സലഫികള്‍ അറബ് ലോകത്തെ സലഫികളില്‍നിന്ന് തീര്‍ത്തും വേറിട്ട ഒരു സെക്യുലര്‍ മത വിഭാഗമാണെന്നിരിക്കെ, തുടക്കം മുതല്‍ ഉപയോഗിച്ചുവന്ന 'മുജാഹിദുകള്‍'ക്കു പകരം 'സലഫികള്‍' എന്ന് പ്രയോഗിക്കാന്‍ തിടുക്കം കൂട്ടിയതെന്തിനാണ്? 'മുജാഹിദ്' പള്ളികളെയും മദ്‌റസകളെയും അടയാളപ്പെടുത്താന്‍ സലഫി പേരുകള്‍ വ്യാപകമായി ഉപയോഗിക്കാന്‍ തുടങ്ങിയതെന്തിന്? ഗള്‍ഫ് സലഫികളുടെയും സര്‍ക്കാറുകളുടെയും സഹായവും പിന്തുണയും പ്രതീക്ഷിച്ചാണ് അങ്ങനെ ചെയ്തതെങ്കില്‍ ഇവിടെ ഭീഷണി നേരിടുന്നുവെന്ന് തോന്നിയപ്പോഴേക്ക് അവരെ തള്ളിപ്പറയുന്നത് ആര്‍ജവമുള്ള നിലപാടല്ല. അല്ലാഹുവിന്റെ ഹാകിമിയ്യത്തിനെ നിരാകരിക്കുന്ന ഏതെങ്കിലും സലഫികള്‍ ലോകത്തുണ്ടോ എന്ന് വ്യക്തമാക്കണം. സലഫിയ്യത്തിനെതിരെ തിരിയാന്‍ കേരളത്തിലെ സുന്നി സംഘടനകളെ പ്രകോപിപ്പിച്ചത് മുജാഹിദ് കാമ്പയിനുകളില്‍ സൂഫിസത്തെക്കൂടി ടാര്‍ജറ്റ് ചെയ്തതാണെന്നും മറക്കരുത്. ഇന്ത്യന്‍ മുസ്‌ലിം ന്യൂനപക്ഷത്തിന്റെ അസ്തിത്വവും വ്യക്തിത്വവും ചോദ്യം ചെയ്യപ്പെടുന്ന ഈ സന്ദിഗ്ധവേള പരസ്പരമുള്ള പഴയ കണക്ക് തീര്‍ക്കാന്‍ ഉപയോഗിക്കുന്നത് തലമറന്ന് എണ്ണതേക്കലാണ്.
ജമാഅത്തെ ഇസ്‌ലാമിയുടെ
പണ്ഡിതസഭ
''ജമാഅത്തില്‍ ഇതുവരെ പണ്ഡിത സഭയുണ്ടായിരുന്നില്ല. കാര്യങ്ങളെല്ലാം തീരുമാനിച്ചിരുന്നത് ശൂറയായിരുന്നു. ശൂറാ മെമ്പര്‍മാരെ തെരഞ്ഞെടുക്കുമ്പോള്‍ പണ്ഡിതന്മാരെ ഉള്‍പ്പെടുത്തണമെന്ന നിബന്ധനയുണ്ടായിരുന്നുവെങ്കിലും അത് പാലിക്കപ്പെട്ടിരുന്നില്ല. ഇതു കാരണം ശൂറയില്‍നിന്നുണ്ടാവുന്ന പല തീരുമാനങ്ങളും പണ്ഡിതോചിതമല്ലെന്ന അഭിപ്രായം നേരത്തേതന്നെ ഉയര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജമാഅത്ത് പുതിയ പണ്ഡിതസഭ രൂപീകരിച്ചിരിക്കുന്നത്''- ജമാഅത്തെ ഇസ്‌ലാമി കേരള ഘടകം പണ്ഡിത സഭ രൂപീകരിച്ചതിനെ സംബന്ധിച്ച് സുപ്രഭാതം പത്രത്തില്‍ (20-10-2016) വന്ന വാര്‍ത്തയില്‍നിന്നാണിത്. സംഘടനയില്‍നിന്ന് പുറത്താക്കിയവരെ തിരിച്ചെടുക്കുന്നുവെന്നും 'വിമത'രുടെ നിലപാടുകള്‍ക്കനുസരിച്ച് ജമാഅത്ത് നിലപാടെടുത്തിരിക്കുകയാണെന്നും ഈ വാര്‍ത്തയില്‍ കാണുന്നു. ശരിയാണോ?
അബ്ദുല്‍ മജീദ്, പാലോളി, തിരുവോട്
ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി ഒരു പണ്ഡിത സഭയല്ല. അതേസമയം സംഘടന കൈക്കൊള്ളുന്ന ഏത് തീരുമാനവും ഖുര്‍ആന്നും സുന്നത്തിനും അനുസൃതമായിരിക്കണമെന്ന നിര്‍ബന്ധം സ്ഥാപിതമായ മുതല്‍ ഇന്നുവരെ ജമാഅത്തിനുണ്ട്. അക്കാര്യത്തില്‍ ഉപദേശ നിര്‍ദേശങ്ങള്‍ നല്‍കാന്‍ യോഗ്യരായ പണ്ഡിതന്മാര്‍ മുമ്പും സംഘടനയിലുണ്ടായിരുന്നു, ഇപ്പോഴും ഉണ്ട്. പുതുതായി രൂപീകൃതമായ ഇത്തിഹാദുല്‍ ഉലമാ, കേരളയിലെ പല അംഗങ്ങളും നിലവില്‍ ശൂറയിലെ അംഗങ്ങളാണു താനും. എന്നാല്‍ കൂടുതല്‍ വിപുലമായി വിവിധ ലക്ഷ്യങ്ങളോടെ പണ്ഡിതസഭ രൂപവത്കരിച്ചതെന്തിനെന്ന് അതിന്റെ നയരേഖയില്‍ വ്യക്തമാക്കിയിട്ടുണ്ട്:
''കേരളത്തിലെ മുസ്‌ലിം സമൂഹം കൂടുതല്‍ അന്തഃഛിദ്രതക്കും ആഭ്യന്തര ശൈഥില്യത്തിനും വിധേയരായിക്കൊണ്ടിരിക്കുന്ന കാലഘട്ടമാണിത്. വാളുള്ളവരെല്ലാം വെളിച്ചപ്പാടാവുക എന്ന് പറഞ്ഞതുപോലെ, അറബിക്കോളേജുകളിലൂടെയോ പള്ളിദര്‍സുകളിലൂടെയോ കടന്നുപോയവരെല്ലാം മുജ്തഹിദുകളും മുജദ്ദിദുകളുമാവുകയും പുതിയ പുതിയ കള്‍ട്ടുകളും മതഗ്രൂപ്പുകളും നിര്‍മിക്കുകയും ചെയ്യുന്നത് സര്‍വ സാധാരണമായിരിക്കുന്നു. ജനങ്ങളില്‍ ചിന്താപരമായ വിഭ്രാന്തി സൃഷ്ടിക്കാനും അവരെ അപഥസഞ്ചാരം ചെയ്യിക്കാനും ഇത്തരം സാഹചര്യങ്ങള്‍ ഇടയാക്കുന്നുണ്ട്. അതിനാല്‍ സമകാലീന പ്രശ്‌നങ്ങളെ സംബന്ധിച്ച് ഖുര്‍ആനിന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തില്‍ സൂക്ഷ്മമായി പഠിക്കുകയും തെറ്റിദ്ധാരണകളും അബദ്ധങ്ങളും ദൂരീകരിച്ച് സമുദായത്തെ നേര്‍വഴിക്ക് നയിക്കുകയും ചെയ്യുന്ന ഒരു പണ്ഡിത വേദിയുടെ ആവശ്യകത കൂടുതല്‍ ശക്തമായിരിക്കുകയാണ്.
ഇത് ഒരു പുതിയ സംഘടനയുടെ രൂപവത്കരണമല്ല. മേല്‍പറഞ്ഞ മഹത്തായ ലക്ഷ്യങ്ങള്‍ക്കു വേണ്ടി സഹകരിക്കാന്‍ സന്നദ്ധരാകുന്ന, വ്യത്യസ്ത സംഘടനകളുമായി ബന്ധമുള്ള പണ്ഡിതന്മാരെയെല്ലാം സംഘടിപ്പിച്ച് ഒരു വേദിയില്‍ ഒരുമിച്ചുകൂട്ടുകയാണ്. ജമാഅത്തെ ഇസ്‌ലാമിയുടെ നേതൃത്വത്തിലായിരിക്കും ഈ വേദി പ്രവര്‍ത്തിക്കുക.
ലക്ഷ്യങ്ങള്‍
1. മുസ്‌ലിംകളെ നിരുപാധികവും സമ്പൂര്‍ണവുമായ ദൈവികാടിമത്തത്തിലേക്ക് ക്ഷണിക്കുക. 2. മുസ്‌ലിംകളില്‍ ഉത്തമ സമുദായമാണെന്ന് അവബോധനം സൃഷ്ടിക്കുക. 3. മത-സാമുദായിക പ്രശ്‌നങ്ങളില്‍ മുസ്‌ലിം സമൂഹത്തിന് മാര്‍ഗദര്‍ശനം നല്‍കുക. 4. കാലത്തിന്റെ കലുഷാന്തരീക്ഷത്തെ നേരിടാന്‍ ശ്രമങ്ങള്‍ നടത്തുക. 5. ദൈവത്തിന്റെ മുന്നില്‍ ഉത്തരം ബോധിപ്പിക്കേണ്ടതാണെന്ന ബോധമുണ്ടാക്കുക. 6.നന്മ വളര്‍ത്താനും തിന്മ ഉന്മൂലനം ചെയ്യാനും കൂട്ടായ പരിശ്രമം നടത്തുക. 7. സമുദായത്തിനകത്ത് ഐക്യവും യോജിപ്പുമുണ്ടാക്കുക. 8. സുസംഘടിതവും ആസൂത്രിതവുമായി തീരുമാനിച്ച ടാര്‍ഗറ്റനുസരിച്ചുള്ള ലക്ഷ്യം നേടാന്‍ വേണ്ട പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കുക. 9. ഗവേഷണം ആവശ്യപ്പെടുന്ന പുതിയ പ്രശ്‌നങ്ങള്‍, സമകാലിക സമൂഹത്തില്‍ ചര്‍ച്ചാ വിഷയമാവുന്ന പ്രശ്‌നങ്ങള്‍ എന്നിവയില്‍ ഗവേഷണം നടത്തി അഭിപ്രായം രൂപീകരിക്കുക. 10. വര്‍ധിച്ചുവരുന്ന അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും പ്രമാണങ്ങളുടെ വെളിച്ചത്തില്‍ പ്രതിരോധിക്കുകയും അവയുടെ നിജഃസ്ഥിതി പുറത്തുകൊണ്ടുവരികയും ചെയ്യുക. 11. പണ്ഡിതസഭയിലെ ചര്‍ച്ചയും കണ്ടെത്തലുകളും ഉള്‍പ്പെടുത്തി പുസ്തകങ്ങള്‍, സിഡികള്‍ തുടങ്ങിയവ പുറത്തിറക്കുക.''
ജമാഅത്തിലെ ഏതെങ്കിലും ആഭ്യന്തര പ്രശ്‌നവുമായി പണ്ഡിതസഭ രൂപവത്കരിക്കുന്നതിന് ബന്ധമില്ലെന്ന് ഇതില്‍നിന്ന് വ്യക്തമാണല്ലോ.
Comments