അല്‍മവാഹിബുല്‍ ജലിയ്യ: ഉദ്‌ബോധനത്തില്‍ ചാലിച്ച ഈരടികള്‍
ഇസ്‌ലാമിക ജീവിതത്തിന്റെ ചൂടും ചൂരും പ്രാസവട്ടങ്ങള്‍ തെറ്റാതെ പ്രമാണങ്ങളെ കൂട്ടുപിടിച്ച്, ജനപ്രിയഭാഷയില്‍ ആവിഷ്‌കരിക്കുന്ന കാവ്യകൃതിയാണ് തഴവ മുഹമ്മദ് കുഞ്ഞ് മുസ്‌ലിയാരുടെ അല്‍ മവാഹിബുല്‍ ജലിയ്യ. കാലഘട്ടത്തിന്റെ ഫിഖ്ഹ് കവിതയിലൂടെ പാടിപ്പറയുന്ന ഈ കൃതിയിലെ ഓരോ വരിയും കേരളീയ മതജീവിതത്തിന്റെ തുറസ്സുകളിലേക്കാണ് വെളിച്ചം വീശുന്നത്. ഭാഷയോ പരമ്പരാഗതമായ പ്രാസനിബന്ധനകളോ വിലങ്ങുതടിയാകാതെ എളുപ്പം ആശയസംവേദനവും ആസ്വാദനവും സാധ്യമാക്കുന്ന രീതിയിലാണ് അവതരണം. ആഴമേറിയ അറിവിന്റെയും വൈജഞാനിക തികവിന്റെയും പിന്‍ബലത്തില്‍ ഉള്ളിലുള്ള കാര്യങ്ങള്‍ സ്വതന്ത്രമായി പുറത്തേക്കു വരുന്നു, വാക്കും വരിയും ഈണവും താളവുമെല്ലാം യാതൊരു മുഴയ്ക്കലുമില്ലാതെ പിന്നാലെ വന്നുകൂടുന്നു. മവാഹിബുല്‍ ജലിയ്യയിലൂടെ വെറുതേ കണ്ണോടിച്ചാല്‍ പോലും ബോധ്യമാകുന്ന യാഥാര്‍ഥ്യമാണിത്. ആഖ്യാനഭാരങ്ങളില്ലാതെ ആസ്വദിക്കാമെന്നതാണ് മറ്റൊരു പ്രത്യേകത. കേകവൃത്തബദ്ധമാണ് ഈരടികള്‍.
കൃതിയുടെ ആമുഖത്തില്‍ തഴവ ഉസ്താദ് രചനാ രീതിശാസ്ത്രം വ്യക്തമാക്കുന്നുണ്ട്. ആകസ്മികമായി സംഭവിച്ചതല്ല, മറിച്ച് കൃത്യമായ ആസൂത്രണവും തയാറെടുപ്പും രചനക്ക് മുമ്പുണ്ടായിരുന്നുവെന്ന് ആമുഖത്തിലെ സൂചകങ്ങള്‍ അടിവരയിടുന്നു.
ഫിഖ്ഹും അഖീദ: തസവ്വുഫും പല തത്ത്വവും
ഉള്‍ക്കൊണ്ടതാണിത് മാത്രമല്ല ചരിത്രവും
അറബില്‍ പദം ഇടയില്‍ കടന്നിട്ടുള്ളതാ
അക്കം കൊടുത്തതിനര്‍ഥവും വിവരിച്ചിട്ടുള്ളതാ
റജസിന്റെ രീതിയിലാണ് പോക്കതിനുള്ളത്
ഹൃദിസ്ഥമാക്കാനും അതാ വഴി നല്ലത്
വൃത്തമടക്കം നിര്‍ണയിച്ചാണ് ഹൃദയത്തില്‍ തറയ്ക്കുന്ന വിധം ഓരോ വരിയെയും കവി ചെത്തിക്കൂര്‍പ്പിക്കുന്നത്. അറബിയും ഇംഗ്ലീഷും ഉര്‍ദുവുമടക്കം സാന്ദര്‍ഭികമായി വരികളില്‍ വിളക്കിച്ചേര്‍ത്തിട്ടുണ്ടെങ്കിലും ഭൂരിഭാഗവും മലയാളം തന്നെ. വരികളുടെ അന്ത്യത്തിന് വാക്കുകളുടെയും അന്ത്യാക്ഷരത്തിന്റെയും ചേര്‍ച്ചയാണ് ഏറെ ശ്രദ്ധേയം. പല സ്വഭാവത്തില്‍ ഇത് വ്യക്തമാണ്.
ഓര്‍മിപ്പിക്കല്‍ (ഓര്‍ക്കണേ, ഓര്‍ക്കേണ്ടതാ), ഗുണകാംക്ഷ തുളുമ്പുന്ന ഉപദേശം (പാലിക്കണേ, മടിക്കല്ലേ, ഫലമുള്ളതാ, നല്ലതാ), അറിയിക്കലും തെളിവു വ്യക്തമാക്കലും (കാണുന്നതാ, ഹറക്കത്തുള്ളതാ, എന്നുണ്ടതില്‍, എന്നുണ്ട്, വിവരിച്ചതാ, ഇതു വന്നതാ, പറയുന്നതാ), കല്‍പ്പന (ശരിയല്ലാ, പാടില്ലാ തീരെയും), പറഞ്ഞത് സത്യമായെന്ന് സ്ഥാപിക്കല്‍ (പുലര്‍ന്നില്ലേ, അറിഞ്ഞില്ലേ, കണ്ടില്ലേ, നിലച്ചില്ലേ, നിറഞ്ഞില്ലേ), പ്രാര്‍ഥന (ദയ്യാനേ, മന്നാനേ, ഗുണം ചെയ്യണേ, പെരുപ്പിക്കണേ, റബ്ബനാ, ഹന്നാനേ, കോനേ, യാ ഹയ്യ്) ഇങ്ങനെ പോകുന്നു അന്ത്യാക്ഷര ഭാവങ്ങള്‍.
ഖുര്‍ആന്‍ ശരീഫില്‍ തുടങ്ങി, സ്വര്‍ഗത്തില്‍ അവസാനിക്കുന്ന 154 വിഷയങ്ങളാണ് കവിതകളുടെ ഇതിവൃത്തം. 22000-ഓളം ഈരടികളാണ് ഈ ബൃഹത് കൃതിയിലുള്ളത്. ആത്മീയ-അനുഷ്ഠാന കാര്യങ്ങളെ ചുറ്റിപ്പറ്റി നില്‍ക്കുന്ന വിഷയങ്ങള്‍ക്കപ്പുറം ഇസ്‌ലാമിന്റെ സമഗ്രതയും വിശാലതയും കാലികമായ ഇലാസ്തികതയും വ്യക്തമാക്കുന്ന ജീവിതഗന്ധികളായ കാര്യങ്ങളും അല്‍ മവാഹിബുല്‍ ജലിയ്യ ചര്‍ച്ച ചെയ്യുന്നുണ്ട്. ഭൗതികമെന്നോ ആത്മീയമെന്നോ അതിര്‍വരമ്പുകളിടാതെ ഇസ്‌ലാമിന്റെ തനത് സ്വഭാവത്തിന് സമാനം സമഗ്രമാണ് അല്‍മവാഹിബിന്റെ ഇതിവൃത്തം. ഒരു സാരോപദേശം ഇങ്ങനെ:
വായ് കഴുകണേ കുടിച്ചാല്‍ ഉടന്‍ നീ പാല്
കൈ കഴുകണേ പെരുമാറിയാല്‍ നീ ചൂല്
പാലാക്കുവാന്‍ നീ നോക്കിടണ്ടാ കീല്
നീട്ടല്ലേ നീ ഖുര്‍ആന്റെ നേരെ കാല്
ഒരു കാര്യം സ്ഥാപിക്കുന്നതിന് കേവല പറച്ചിലിനപ്പുറം ഇന്ന കൃതിയില്‍ ഇത്രാം പേജില്‍ ഇതിന് തെളിവുണ്ട് എന്നത് കൂടി ചൂണ്ടിക്കാട്ടുന്നു. ആര്‍ക്കും ഖണ്ഡിക്കാനാവാത്ത പ്രമാണബദ്ധതയും ആധികാരികതയും ആവോളം ഇതില്‍ കാണാന്‍ കഴിയും. ഒരുദാഹരണം:
നിസ്‌കാര ശേഷം ഓതുമേ നബിയെന്ന്
അബൂസഈദില്‍ ഖുദ്‌രിയും പറയുന്ന്
സിറാജുല്‍ മുനീറില്‍ നോക്ക് രണ്ടില്‍ വന്നതാ
ഇരുപത്തിയഞ്ചാം പേജതില്‍ കാണുന്നതാ..
വൈജ്ഞാനിക വസന്തത്തിന്റെ താഴ്‌വര
തഴവ എന്ന് കേള്‍ക്കുമ്പോള്‍ ഉദ്‌ബോധനത്തില്‍ ചാലിച്ച വരികളാണ് ഓര്‍മ വരുന്നതെങ്കിലും കാലത്തിനുമേല്‍ ആ ജീവിതം വരച്ചിട്ട ആഹ്വാനങ്ങള്‍ക്ക് കുറേക്കൂടി ആഴവും പരപ്പുമുണ്ട്. കവി, മതപണ്ഡിതന്‍, അധ്യപകന്‍, പ്രഭാഷകന്‍, സംഘാടകന്‍ എന്നീ നിലകളിലെല്ലാം സജീവസാന്നിധ്യമായിരുന്ന മുഹമ്മദ് കുഞ്ഞ് മൗലവി 1921 ആഗസ്റ്റ് 8-ന് കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി തഴവ പള്ളിശ്ശേരില്‍ അബ്ദുല്‍ ഖാദിര്‍കുഞ്ഞ്-ഫാത്വിമാ ബീവി ദമ്പതികളുടെ മകനായാണ് ജനിച്ചത്. നീര്‍ക്കുന്നം ഹമീദ് മുസ്‌ലിയാര്‍, കോടഞ്ചേരി അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍ എന്നിവരാണ് ആദ്യകാല ഗുരുനാഥര്‍. അക്കാലത്തെ പ്രമുഖ മതപണ്ഡിതനായിരുന്ന ആമക്കാട് തഖിയ്യുദ്ദീന്‍ ഇബ്‌റാഹീം മുസ്‌ലിയാര്‍ കായംകുളം ഹസനിയ്യയില്‍ പ്രിന്‍സിപ്പലായിരിക്കെ അദ്ദേഹത്തിന്റെ ശിഷ്യത്വം സ്വീകരിച്ചു. പിന്നീട് അദ്ദേഹം മലബാറിലേക്ക് പോയപ്പോള്‍ ഒപ്പം പോയി പഠനം തുടര്‍ന്നു.
18-ാം വയസുമുതലാണ് കവിതയെഴുത്ത് തുടങ്ങുന്നത്. വായനയുടെ രസം അനുഭവിച്ചറിഞ്ഞ അദ്ദേഹം സ്വന്തം രീതിയില്‍ മറ്റുള്ളവര്‍ക്കത് പകര്‍ന്നുകൊടുക്കാനുള്ള മാര്‍ഗമായാണ് കവിതാരചനയെ കണ്ടത്. മള്ഹറുല്‍ അതമ്മ എന്ന ആദ്യ രചന പൂര്‍ത്തിയാക്കുമ്പോള്‍ 18 വയസ്സായിരുന്നു തഴവക്ക് പ്രായം. പ്രവാചകന്റെ പേരില്‍ എഴുതിയ ഗദ്യ-പദ്യ സമന്വയ മൗലിദ് ആണ് മള്ഹറുല്‍ അതമ്മ്.
പുസ്തകങ്ങളെ വളരെയധികം സ്‌നേഹിച്ചിരുന്നു. വായനയിലും എഴുത്തിലുമായിരുന്നു ഏറെയും ശ്രദ്ധ. കര്‍മശാസ്ത്രത്തിലും നിദാനശാസ്ത്രത്തിലും ആഴത്തില്‍ അറിവുണ്ടായിരുന്നു. അഖീദയുമായി ബന്ധപ്പെട്ട പുസ്തകങ്ങളിലും നിപുണന്‍. അറബിസാഹിത്യവും വ്യാകരണവും കൈകാര്യം ചെയ്യുന്നതില്‍ പ്രത്യേകം കഴിവ് തന്നെ മൗലവിക്കുണ്ടായിരുന്നു. ഇതിനിടയിലാണ് പ്രഭാഷണങ്ങള്‍. തഴവയുടെ പ്രഭാഷണത്തിന് വന്‍ ജനാവലിയാണ് വന്നുകൂടിയിരുന്നത്. മലപ്പുറം ജില്ലയിലെ വെട്ടത്തൂരില്‍ 22 വര്‍ഷം തുടര്‍ച്ചയായി പ്രഭാഷണം നടത്തിയെന്നതും ചരിതസാക്ഷ്യം. കോഴിക്കോട് ജില്ലയിലെ കുറ്റിച്ചിറയില്‍ തുടര്‍ച്ചയായി 60 ദിവസം പ്രഭാഷണത്തിന് വേദിയൊരുങ്ങിയിട്ടുണ്ടെന്നതും അപൂര്‍വത. പ്രസംഗത്തിന് ചില പ്രത്യേകതകളുണ്ട്. രണ്ട് മണിക്കൂറാണ് പ്രസംഗം. അരമണിക്കൂര്‍ ഉപോദ്ബലകമായ ചരിത്രത്തോടൊപ്പമുള്ള വിഷയാവതരണം, അരമണിക്കൂര്‍ ആയത്തും ഹദീസും കൊണ്ടുള്ള സ്ഥിരീകരണം. അരമണിക്കൂര്‍ അനുഷ്ഠിക്കേണ്ട പുണ്യപ്രവൃത്തിക്കുള്ള പ്രോത്സാഹനം, അരമണിക്കൂര്‍ ബൈത്ത് - ആപ്ത വാക്യങ്ങള്‍, അനുഭവങ്ങള്‍, പഴമൊഴികള്‍. അപ്പോഴേക്കും രണ്ട് മണിക്കൂര്‍ പൂര്‍ത്തിയായിട്ടുണ്ടാവും. ഇന്നത്തെ മതപ്രഭാഷകര്‍ മാതൃകയാക്കേണ്ട നിരവധി ഗുണങ്ങളുടെ നിറകുടമായിരുന്നു തഴവ. കൃത്യസമയത്ത് എത്തും, കൊടുക്കുന്നത് ഭക്ഷിക്കും, ആരെയും പേരെടുത്ത് വിമര്‍ശിക്കില്ല, വിഷയത്തില്‍ ഊന്നി നിന്ന് മാത്രം സംസാരം, പള്ളിയില്‍ മാത്രം ഉറക്കം ഇങ്ങനെ പോകുന്നു ചിട്ടകള്‍. സമുദായത്തിലെ സംഘടനാഭിന്നതകള്‍, ആശയപ്രശ്‌നങ്ങള്‍ എന്നിവയില്‍ കക്ഷിചേരാതെ സംയമനത്തിന്റെയും ഗുണകാംക്ഷയുടേയും പാതയിലായിരുന്നു അദ്ദേഹം.
ദക്ഷിണകേരള ജംഇയ്യത്തുല്‍ ഉലമയുടെ മുഖപത്രമായ അന്നസീമിലാണ് തഴവ ഉസ്താദിന്റെ സാരോപദേശ കവിതകള്‍ ആദ്യമായി അച്ചടിമഷി പുരളുന്നത്. ഇങ്ങനെ പ്രസിദ്ധീകരിച്ച 12000 വരികള്‍ ചേര്‍ത്താണ് അല്‍മവാഹിബുല്‍ ജലിയ്യയുടെ ആദ്യ പതിപ്പ് പുറത്തിറങ്ങുന്നത്. വിര്‍ദും അവയുടെ അര്‍ഥവും ഉള്‍ക്കൊള്ളുന്ന മസ്‌ലക്കുല്‍ ആബിദീന്‍ (അറബി, മലയാളം), മൗലിദ് കൃതിയായ മള്ഹറുല്‍ അത്വമ്മി ബി ബര്‍സഖില്‍ അഅമ്മി (അറബി), മാനഖിബ് ഹസനിബ്‌നു അലിയ്യി കരുനാഗപ്പള്ളി (അറബി), നിബ്‌റാസുല്‍ അലിയ്യി ഫീ മാനഖിബില്‍ ഹള്‌റമിയ്യി ജോനകപ്പുറം (അറബി) എന്നിവയാണ് മറ്റ് കൃതികള്‍. വൃക്ക രോഗത്തെ തുടര്‍ന്ന് 1999 ജൂണ്‍ 13-ന് തഴവയിലായിരുന്നു അന്ത്യം. മവാഹിബില്‍ കോര്‍ത്ത ജീവിത ദര്‍ശനങ്ങളിലൂടെ മൗലവി ഇന്നും നമുക്കിടയില്‍ ജീവിക്കുന്നു.
വിദ്യാഭ്യാസം: വിപ്ലവകരമായ സമീപനം
വിദ്യാഭ്യാസ വിഷയങ്ങള്‍ക്ക്, അത് ആത്മീയമോ ഭൗതികമോ ആകട്ടെ, കൃത്യമായ ഇടം തന്നെയാണ് തഴവ നല്‍കിയത്. ഇംഗ്ലീഷ് നരകത്തിലെ ഭാഷയും സ്‌കൂള്‍ പഠനം വഴിതെറ്റിക്കുന്നതുമാണെന്ന തെറ്റായ മത പൊതുബോധം നിലനിന്ന നാളുകളില്‍ അദ്ദേഹം ഇങ്ങനെ പാടിയത് തികച്ചും വിപ്ലവാത്മകം തന്നെയായിരുന്നു. ഒപ്പം ആത്മീയ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യവും പ്രസക്തിയും തുറന്നുപറയാനും മൗലവി മറന്നില്ല. സന്തുലിതമായ വിദ്യാഭ്യാസ കാഴ്ചപ്പാടായിരുന്നു അദ്ദേഹത്തിന്. ഏതെങ്കിയും ഒന്നു മാത്രമായി ചുരുങ്ങിപ്പോകുന്നതിന്റെ ആപത്തും അദ്ദേഹം ചൂണ്ടിക്കാട്ടി:
സ്‌കൂള്‍ വിദ്യാ ഇല്ലാ എങ്കിലിന്നൊരു നഷ്ടമാ
അതുമാത്രമേയുള്ളൂവെങ്കിലെന്നും കഷ്ടമാ
സ്‌കൂളില്‍ പഠിച്ചു ജയിച്ചുവന്നാല്‍ പിന്നെ
ദര്‍സില്‍ പഠിക്കാന്‍ സമയമങ്ങനെ തന്നേ
ദര്‍സില്‍ പഠിച്ചൊരു നിലയിലെത്തും കാലം
സ്‌കൂളിന്റെ കാലമസാധ്യമാ തത്കാലം
രണ്ടും നിനക്ക് ലഭിക്കുമൊന്നില്‍നിന്ന്
എന്നാല്‍ ജയിച്ചിരുലോകമില്‍ നീ അന്ന്
അല്ലാത്ത കാലം ക്ലേശമാണേ സോദരാ
കയ്പ്പാലെ തുപ്പും രോഗമെങ്കില്‍ ചക്കര
(അധ്യായം 5: സദുപദേശം)
മത-ഭൗതിക വിദ്യാഭ്യാസ സമന്വയത്തിന്റെ തത്ത്വ ശാസ്ത്രവും മൗലവി മുന്നോട്ടുവെക്കുന്നുണ്ട്. മത വിദ്യാഭ്യാസത്തിന്റെ കൃത്യമായ അടിത്തറയില്‍ നേടുന്ന ഭൗതിക വിജ്ഞാനമാണ് മൗലവിയുടെ കാഴ്ചപ്പാടില്‍ പ്രയോജനകരമായത്.
ഭൗതീക വിദ്യാ വാഹനം കൊള്ളാമെടോ
ആത്മീയ വിദ്യയുമാണതിന്റെ ബ്രേക്കെടോ
അറിവിന്റെ ശ്രേഷ്ഠതയെക്കുറിച്ച് ഒരധ്യായം തന്നെ മവാഹിബിലുണ്ട്. പ്രാമാണിക കൃതികള്‍ അവലംബിച്ചുള്ള ഈ കാവ്യവൃത്തി ശ്രദ്ധേയമായ പല നിരീക്ഷണങ്ങളും മുന്നോട്ടുവെക്കുന്നു.
അല്ലാഹു ഇല്‍മിനെ മാഇനോടുപമിച്ചതാ
അതിലഞ്ചുകാര്യം നോക്കിയാല്‍ കാണുന്നതാ
ആകാശമില്‍നിന്നാ മത്വറ് ചൊരിയുന്നത്
ഇല്‍മും അതില്‍നിന്നാണിറങ്ങി വരുന്നത്
മഴകൊണ്ടു വേണം ഭൂമി നന്നാകേണ്ടത്
അതുപോലെ ഖല്‍ബും ഇല്‍മു കൊണ്ടാ വേണ്ടത്
സസ്യം മുളച്ചുവരുന്നതും മഴ കൊണ്ടാ
അതുപോലെ ത്വാഅത്തും മഴ കൊണ്ടാ
ഇടിമിന്നലുള്ളൊരു ശാഖയാണേ മഴത്തുള്ളികള്‍
വഅദും വഈദില്‍ നിന്നുമാണോ ഇല്‍മുകള്‍
മഴകൊണ്ട് ഗുണവും ദോഷവും വരലുണ്ട്
ഇതുകൊണ്ടുമതു പടിതന്നെ രണ്ടും ഉണ്ട്
മരിക്കുന്ന സമയം മാലുപിരിയും സകലതും
ഇല്‍മാണ് അന്ന് ഖബ്‌റില്‍ കൂട്ടിന്നുള്ളതും
എഴുതിയതില്‍ കൂടുതലും മരണത്തെക്കുറിച്ച്
രാത്രികാല മതപ്രഭാഷണങ്ങളിലാണ് തഴവ മൗലവിയുടെ കവിതകള്‍ കൂടുതല്‍ മുഴങ്ങിക്കേള്‍ക്കാറുള്ളത്. ഇസ്‌ലാമിക ചരിത്രമോ പരലോകമോ ആയിരുന്നു ഒരു കാലത്തെ വഅ്‌ളുകളുടെ പൊതു വിഷയം. ചരിത്രം പറയുന്നതിന് അവലംബിക്കാന്‍ നിരവധി കൃതികള്‍ പ്രഭാഷകര്‍ക്കുണ്ട്. അതേസമയം അല്‍മവാഹിബുല്‍ ജലിയ്യയില്ലാതെ പരലോക വിഷയത്തില്‍ വഅ്‌ള് തന്നെയില്ല എന്ന സ്ഥിതിയായിരുന്നു. ആ വരികള്‍ മനസ്സില്‍ സൂക്ഷിക്കുന്ന മുതിര്‍ന്ന തലമുറയിലെ നിരവധി പേര്‍ നമുക്കു ചുറ്റും ഇന്നുമുണ്ട്. ഇന്നും മതവിജ്ഞാനസദസ്സുകളില്‍ പാടിക്കേള്‍ക്കുന്ന 'ഖബ്‌റെന്നു കേട്ടാള്‍ തല്‍ക്ഷണം ഞെട്ടേണ്ടതാ, കണ്ടാലുടന്‍ വാവിട്ട് നീ കരയേണ്ടതാ, മേടക്കുപകരം മാളമാ സുബ്ഹാനാ റബ്ബീ അതില്‍ കിടക്കേണ്ടതാണ് സമാനാ...' എന്ന വരികള്‍ അല്‍മവാഹിബുല്‍ ജലിയ്യയിലേതാണ്. ഏതു വിഷയം പ്രതിപാദിക്കുമ്പോഴും അതിന്റെ ആത്യന്തിക സ്പന്ദനവും ഉള്‍ക്കാമ്പും, മരണവും മരണചിന്തയുമാണെന്ന് കൃതിയില്‍ ഓട്ടപ്രദക്ഷിണം നടത്തുന്നവര്‍ക്ക് പോലും വ്യക്തമാകുന്നതാണ്. പരലോകചിന്തയുടെ കുറ്റിയില്‍ ബന്ധിക്കപ്പെട്ട്, അതില്‍ ചുറ്റിത്തിരിയുന്ന രചനാവൈഭവമാണ് തഴവയുടേത്:
ആദം മുതല്‍ പലകാലവും കഴിഞ്ഞില്ലേ
അതില്‍ അത്ഭുതം ഇന്നോളം നിനക്കില്ലേ
ലോകം അടക്കി ഭരിച്ചിരുന്നവരല്ലേ
'മൗത്തെന്ന' സിംഹം കൊന്നതത്ഭുതമല്ലേ
കുതിരപ്പുറത്ത് സവാരി ചെയ്തവരല്ലേ
ശവമഞ്ചയാത്ര ചെയ്തതത്ഭുതമല്ലേ
മണിമേടമുകളില്‍ ഉല്ലസിച്ചവരല്ലേ
മണ്ണിന്റെ കീഴില്‍ പെട്ടതത്ഭുതമല്ലേ
ഫോണ്‍, കമ്പി, ലെറ്റര്‍ മുഴുവനും നിലച്ചില്ലേ
അവര്‍ക്കുള്ള ഹാലറിയാത്തതത്ഭുതമല്ലേ
ഫാന്‍, റേഡിയോ ഇവയില്‍ ഉല്ലസിച്ചവരല്ലേ
ഒരു വായുകേറാന്‍ പഴുതുമിന്നിവര്‍ക്കില്ലേ
മൗത്തിന്നൊരുക്കം വാജിബാണെന്നറിയണേ
അതുകൊണ്ട് തൗബയുമെപ്പോഴും റെഡിയാക്കണേ
ഇതുകേട്ടു പലരും വന്നതാ കൂടുന്നേ
സംസാരമന്നവര്‍ക്കൊക്കെയും നീ തന്നേ
മുഖത്തിട്ട മുണ്ടും ചിലര്‍ വന്നുയര്‍ത്തുന്നേ
കൈകെട്ടി മിണ്ടാതന്ന് നീ കിടക്കുന്നേ
റീത്തും ചിലര്‍ സമര്‍പ്പിച്ചുകൊണ്ടിരിക്കുന്നേ
അതു വലിയ ഭാഗ്യം എന്നു നീ മതിക്കുന്നേ
ഇരുമ്പിന്റുലക്ക വിഴുങ്ങിയെന്നാല്‍ പിന്നെ
ചുക്കിന്റെ വെള്ളം അതിനുമതിയോ പൊന്നേ
കുഴിവെട്ടുവാന്‍ ചില പാര്‍ട്ടികള്‍ കുതിക്കുന്നേ
മണിയോര്‍ത്ത് സന്തോഷത്തിലാണവരെന്നേ
ജീര്‍ണിച്ച കട്ടിലിലിട്ടു കുളി നടത്തുന്നേ
ഷവര്‍ പൈപ്പിലുള്ളൊരു കുളിയും നിലച്ചന്നേ
ക്ഷമവിട്ട ഉമ്മയും പൊന്നുമകനേ എന്നേ
കൈവിട്ടുപോയോ കാണലെന്നാ നിന്നേ
അരുമക്കിടാങ്ങള്‍ ബാപ്പയെ വിളിക്കുന്നേ
അതിനുത്തരം ചെയ്യാതവന്‍ പിരിയുന്നേ
മയ്യിത്ത് പള്ളിയില്‍ വെച്ച് നിസ്‌കരിക്കുന്നേ
അതിലൊന്ന് കയറാന്‍ ഭാഗ്യമവനും വന്നേ
ബാങ്കിന്റെ വിളികേട്ടിട്ടവന്‍ തിരിഞ്ഞെന്നേ
വിളികേള്‍ക്കാതെ വന്നവനിന്നിതാ കിടക്കുന്നേ
സാരോപദേശങ്ങളുടെ മൊഴിവഴക്കം
ജീവിത യാഥാര്‍ഥ്യങ്ങള്‍ക്കു മുന്നില്‍ പകച്ചുനില്‍ക്കാതെ മുന്നോട്ടുനീങ്ങാനുള്ള ആത്മവിശ്വാസം മവാഹിബ് പ്രസരിപ്പിക്കുന്നു. ജീവിതത്തിന്റെ ചതിക്കുഴികളെ സൂക്ഷിക്കേണ്ടതിന്റെ ആവശ്യകതയും ജാഗ്രതയും ആവര്‍ത്തിച്ച് ഓര്‍മിപ്പിക്കാനും മൗലവി മറക്കുന്നില്ല. നിസ്സാര കാര്യങ്ങളില്‍ മുതല്‍ വലിയ വിഷയങ്ങളില്‍ വരെ ഈ സൂക്ഷ്മതയില്‍ ഊന്നിയ സദുപദേശങ്ങള്‍ മവാഹിബില്‍ ആവോളം കാണാം.
'ദുനിയാ'വെ സൂക്ഷിക്കേണ്ടതാണേ നഞ്ചാ
പരലോക നന്മക്കുള്ളതായാല്‍ മൊഞ്ചാ
'ദുനിയാ'വിനെ തൃപ്തിപ്പെടുത്താന്‍ വേണ്ടി
ഉഖ്‌റാനെ വെറുപ്പിച്ചാല്‍ അവന്‍ കുഴിതോണ്ടീ
ഒരു സമയമില്‍ പല കാര്യവും അണിനിരന്നാല്‍
മുന്‍ഗണന പരലോകത്തിന്നാകണമെന്നാല്‍
ബേങ്കിന്റെ സമയത്താണ് ജുംആ ബാങ്ക്
പ്രാധാന്യമെന്നാല്‍ ജുംആ പിന്നാ ബേങ്ക്
ദാനധര്‍മങ്ങളിലെ പ്രകടനപരതയെ മുറിച്ചുകാട്ടുന്ന വരികള്‍ ഇങ്ങനെ:
ധര്‍മം കൊടുത്തവനും തണല്‍ കിട്ടുന്നതാ
രഹസ്യത്തിലാകണമെന്നതും വേണ്ടുന്നതാ
ലോകപ്രശംസയ്ക്കുള്ള ധര്‍മം നഷ്ടമാ
തേങ്ങാക്കു പാലില്ലെങ്കിലെന്തൊരു കഷ്ടമാ
കപടവിശ്വാസിയെ കുറിച്ചുള്ള വരികള്‍:
ഇവനുള്ള രോഗം ബാഹ്യമല്ല നെഞ്ചിനാ
കണ്ടാല്‍ ഇവന്‍ സുബ്ഹാന റബ്ബീ മൊഞ്ചനാ
മിണ്ടാതിരുന്നാല്‍ തന്നെയും കറക്കിഞ്ചനാ
മിണ്ടിക്കഴിഞ്ഞാല്‍ ഏവനും പൊന്നിഷ്ടനാ
കോഴിക്ക് തോന്നും കാടനും തന്റിഷ്ടനാ
സംഭാഷണം ചെയ്യുന്നതെല്ലാം റബ്ബനാ
സന്ദര്‍ഭമൊത്താല്‍ റബ്ബനാ പണിയിങ്ങനാ
തരംകിട്ടിയാല്‍ ചതിക്കല്‍ തനിക്കെന്തിഷ്ടമാ
അത് തന്റെ മാതാവെങ്കിലും പൊന്നിഷ്ടമാ
മണി തട്ടുവാന്‍ അടിവില്ലുകള്‍ പലതുണ്ട്
നിസ്‌കാരവും ജപമാലയും സവിശേഷമാ
അതുകൊണ്ട് ചിലരെ ചാക്കിടാനൊരു വേഷമാ
ദേഷ്യം
ദേഷ്യം വിഴുങ്ങിക്കോ ഹബീബേ നല്ലതാ
നെല്ലിക്ക കൈയ്ക്കും പിന്നെ മധുരിക്കുന്നതാ
ചിലരോ ക്ഷമിക്കും നീ ധരിക്കും മുഢനാ
വില്ലിന്റെ പുറകോട്ടുള്ള മാറ്റം എന്തിനാ
ജനസേവനം
ജനസേവനം ചെയ്യുന്നതേറ്റം മെച്ചമാ
ജനദ്രോഹമുള്ളതുകൊണ്ടതെല്ലാം നഷ്ടമാ
കാഴ്ചയില്ലാത്തവരെ സഹായിക്കല്‍
കുരുടന്റെ കൈക്ക് പിടിച്ച് നാല്‍പ്പത് ചുവടടി
നടത്തുന്നുവെന്നാലവന് സ്വര്‍ഗം ഉടനടി
ജോലിക്ക് കൂലി
ജോലിക്കൊരാളെ വിളിച്ചു പണിയും പൂര്‍ത്തിയായ്
എന്നിട്ട് കൂലി ചുരുക്കിയെന്നാല്‍ ളുല്‍മുമായ്
പൊതുമുതല്‍ തിന്നല്‍, കൈക്കൂലി
പൊതുമുതല്‍ വെട്ടിത്തിന്നു എന്നാല്‍ നരകമില്‍
കടക്കുന്നതാണവന്‍ എന്നുവന്നു ഹദീസതില്‍
കൈക്കൂലി വാങ്ങല്‍ കുറ്റമാണ് നിഷിദ്ധമാ
അതുപോലെ തന്നെ കൊടുക്കലും അന്യായമാ
ആഡംബര വിവാഹങ്ങളും മൗലവിയുടെ പേനക്കിരയായിട്ടുണ്ട്. വിവാഹത്തിന്റെ കൃത്യമായ ഇസ്‌ലാമിക മാനം പറഞ്ഞുറപ്പിച്ച ശേഷമാണ് അനിവാര്യമായ ഈ മുറിച്ചുകാട്ടല്‍:
സൗജും വലിയ്യും സാക്ഷികള്‍ രണ്ടെണ്ണവും
ഉണ്ടെന്നു വന്നാല്‍ തീര്‍ന്നെടോ കല്യാണവും
കാര്യത്തിനിതുമതി എന്നുവന്നാല്‍ പിന്നെ
ആര്‍ഭാടത്തിന്റാവശ്യമെന്തിന് പൊന്നേ
ഇങ്ങനെ സാമൂഹിക പ്രശ്‌നങ്ങളില്‍ സ്വീകരിച്ച ധീരമായ നിലപാടുകളുടെ പ്രഖ്യാപനമായി മാറുന്നുണ്ട് മൗലവിയുടെ പല വരികളും.
Comments