Prabodhanm Weekly

Pages

Search

2016 നവംബര്‍ 04

2974

1438 സഫര്‍ 04

ചെറുത്തുനില്‍പിന്റെ ഇസ്‌ലാമിക ധാരകള്‍ (ഉര്‍ദുഗാന്റെ ജീവിത കഥ-3)

അശ്‌റഫ് കീഴുപറമ്പ്

2015   ജൂണ്‍. തുര്‍ക്കി പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ മൂര്‍ധന്യത്തിലെത്തിയ സന്ദര്‍ഭം. 'അക്' പാര്‍ട്ടിയുടെ സ്റ്റാര്‍ കാമ്പയിനര്‍ മറ്റാരുമല്ല, തുര്‍ക്കി പ്രസിഡന്റും പാര്‍ട്ടിയുടെ സ്ഥാപക നേതാവുമായ റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍. കിഴക്കന്‍ നഗരമായ ഹഖാരിയിലെ തെരഞ്ഞെടുപ്പ് പ്രചാരണ വേദിയിലേക്ക് ഉര്‍ദുഗാന്‍ എത്തുമ്പോള്‍ സദസ്സ് പ്രതീക്ഷിക്കുന്നത് ആവേശം കൊള്ളിക്കുന്ന പ്രസംഗം. പ്രതീക്ഷിച്ചതിലും ആവേശകരമായ ഒരു പ്രസംഗം അദ്ദേഹം നടത്തുകയും ചെയ്തു. പക്ഷേ, സദസ്സ് നടുക്കം മാറാതെ മുഖത്തോടു മുഖം നോക്കുകയാണ്. പ്രസിഡന്റാണെങ്കിലും അദ്ദേഹത്തിന് എന്തെങ്കിലും സംഭവിക്കുമോ? കാരണം ഖുര്‍ആന്‍ ഉയര്‍ത്തിപ്പിടിച്ച്, അതിലെ സൂക്തങ്ങള്‍ ഇടക്കിടെ ഉദ്ധരിച്ചുകൊണ്ടായിരുന്നു ആ പ്രസംഗം. ആധുനിക തുര്‍ക്കിയില്‍ ഭരണഘടനാപരമായിത്തന്നെ ഇതിലും വലിയ ഒരു കുറ്റകൃത്യമില്ല! പൊതു സ്ഥലങ്ങളില്‍ എന്നല്ല, വീടിന്റെ സ്വകാര്യതയില്‍ പോലും ഖുര്‍ആന്‍ സൂക്തങ്ങളോ പ്രാര്‍ഥനാ മന്ത്രങ്ങളോ കേട്ടുപോകരുതെന്നാണ് തിട്ടൂരം. കഴിഞ്ഞ അധ്യായത്തില്‍ സൂചിപ്പിച്ചതുപോലെ, പ്രസംഗത്തിനിടെ ഒരു ദേശഭക്തിഗാനം ചൊല്ലിയതിന് (അതും ഒരു കമാലിസ്റ്റ് കവി എഴുതിയത്) ഉര്‍ദുഗാനെ ഇസ്തംബൂള്‍ മേയര്‍ സ്ഥാനത്തുനിന്ന് പുറത്താക്കുകയും ഒമ്പതു മാസത്തെ ജയില്‍ ശിക്ഷ വിധിക്കുകയും ചെയ്ത നാടാണ് തുര്‍ക്കി. കമാലിസ്റ്റ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും അവരെ അനുകൂലിക്കുന്ന മാധ്യമങ്ങളും ബുദ്ധിജീവികളും കുറേ കലമ്പല്‍ കൂട്ടിയെന്നല്ലാതെ മുമ്പത്തെപ്പോലെ സൈന്യമോ കോടതിയോ ഇറങ്ങിക്കളിക്കുകയുണ്ടായില്ല. കമാലിസത്തെ ചെറുത്തും അതിനെ അരികിലേക്ക് തള്ളിമാറ്റിയും തുര്‍ക്കി അതിന്റെ പ്രൗഢമായ ഇസ്‌ലാമിക പാരമ്പര്യത്തിലേക്ക് തിരിച്ചു നടക്കുന്നു എന്നാണ് ഇതുപോലുള്ള നിരവധി സംഭവങ്ങള്‍ വിളിച്ചോതുന്നത്. തുര്‍ക്കിയില്‍നിന്ന് വന്ന ഏറ്റവും ഒടുവിലത്തെ വാര്‍ത്ത ഇതിനേക്കാളൊക്കെ അമ്പരപ്പിക്കുന്നതാണ്. ഇസ്‌ലാമിനും ഇസ്‌ലാമിക പൈതൃകത്തിനുമെതിരെ മുക്കാല്‍ നൂറ്റാണ്ടുകാലം കണ്ഠകോടാലിയായി നിലകൊണ്ട കമാലിസ്റ്റ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ആഗോള മുസ്‌ലിം പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഒരു സമ്മേളനം വിളിച്ചുചേര്‍ത്തിരിക്കുന്നു! അതിലുടനീളം മുഴങ്ങിക്കേട്ടതാകട്ടെ, പ്രവാചകചര്യയിലേക്ക് മടങ്ങണമെന്ന ആഹ്വാനവും!

കമാലിസമെന്ന ഇസ്‌ലാംവിരുദ്ധതക്കെതിരെയുള്ള വിവിധ ഇസ്‌ലാമിക ധാരകളുടെ ചെറുത്തുനില്‍പ്പുകള്‍ ആധുനിക തുര്‍ക്കി ചരിത്രത്തിലെ ആവേശകരമായ അധ്യായങ്ങളാണ്. ഏതെങ്കിലുമൊരു ഇസ്‌ലാമിക ധാരക്ക് അവകാശപ്പെട്ടതല്ല അത്. നമ്മുടെ കാലത്ത് സൂഫി, സലഫി, ഇഖ്‌വാനി എന്നീ മൂന്ന് പ്രമുഖ ധാരകളെക്കുറിച്ചാണ് പറയാറുള്ളത്. ഏതൊരു നാട്ടിലും ഈ മൂന്നില്‍ ഏതെങ്കിലുമൊരു ധാരയായിരിക്കും മാറ്റങ്ങള്‍ക്കും നവോത്ഥാനത്തിനും നേതൃത്വം കൊടുക്കുക. എന്നാല്‍, തുര്‍ക്കിയില്‍ സ്ഥിതി വ്യത്യസ്തമാണ്. ഈ മൂന്ന് ധാരകളും ഏറിയോ കുറഞ്ഞോ അളവില്‍ ഉള്‍ച്ചേര്‍ന്നുകൊണ്ടുള്ള നവോത്ഥാന യത്‌നങ്ങളും ചെറുത്തുനില്‍പ്പുകളുമാണ് അവിടെ കാണാന്‍ കഴിയുക. ഇതില്‍ പ്രാമുഖ്യം സൂഫിധാരകള്‍ക്ക് തന്നെ. എന്നാല്‍, അന്ധവിശ്വാസങ്ങള്‍ ഒളിച്ചുകടത്തുന്നവയോ അരാഷ്ട്രീയത പ്രചരിപ്പിക്കുന്നവയോ അല്ല ഇവിടത്തെ ഒട്ടുമിക്ക സൂഫിധാരകളും. സൂഫിസത്തെക്കുറിച്ചുള്ള മിക്ക പരമ്പരാഗത ധാരണകളും മാറ്റിവെച്ചുകൊണ്ടല്ലാതെ ആധുനിക തുര്‍ക്കിയിലെ ഇസ്‌ലാമിക പ്രസ്ഥാനങ്ങളെക്കുറിച്ച് നമുക്ക് പഠിക്കാനാവില്ല. അരാഷ്ട്രീയത ആരോപിക്കപ്പെടുന്ന നൂര്‍സി പ്രസ്ഥാനത്തിന്റെ കൂടി പിന്‍ബലത്തിലാണ് തുര്‍ക്കിയിലെ ഇന്നത്തെ ഇസ്‌ലാമിസ്റ്റ് രാഷ്ട്രീയം നിലകൊള്ളുന്നത് എന്നതാണ് വാസ്തവം.

പില്‍ക്കാല ഉസ്മാനീ ഭരണാധികാരികളില്‍ പലരും സൂഫി ത്വരീഖത്തുകളെയോ ആചാര്യന്മാരെയോ പിന്തുടരുന്നവരായിരുന്നു. ആ സ്വാധീനം ഭരണമേഖലകളിലും പ്രതിഫലിച്ചു. ഏറ്റവുമധികം സ്വാധീനം ചെലുത്താനായത് നഖ്ശബന്ദി ത്വരീഖത്തിനാണ്. നഖ്ശബന്ദിയ്യയുടെ തന്നെ ഖാലിദിയ്യാ ധാരയാണ് തുര്‍ക്കിയില്‍ പ്രചാരം നേടിയത്. ബഗ്ദാദുകാരനായ ഖാലിദ് നഖ്ശബന്ദി(1779-1872)യായിരുന്നു ഇതിന്റെ പ്രചാരകന്‍. പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഇദ്ദേഹം നഖ്ശബന്ദി ത്വരീഖത്തില്‍ ചില പരിഷ്‌കരണങ്ങള്‍ വരുത്തുകയും ആ ആശയങ്ങള്‍ പ്രചരിപ്പിക്കാനായി തന്റെ 116 അനുയായികളെ ഉസ്മാനിയാ സാമ്രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പറഞ്ഞയക്കുകയും ചെയ്തു. ഇന്തോനേഷ്യ, അഫ്ഗാനിസ്താന്‍ പോലുള്ള വിദൂര ദേശങ്ങളില്‍ വരെ അവര്‍ എത്തിച്ചേര്‍ന്നു. ആധുനിക തുര്‍ക്കിയിലെ ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ ആത്മീയ ഗുരു എന്നു വിശേഷിപ്പിക്കപ്പെടുന്ന നജ്മുദ്ദീന്‍ അര്‍ബകാന്റെ നേതൃത്വത്തില്‍ തൊള്ളായിരത്തി അറുപതുകളില്‍ രൂപം കൊണ്ട 'മില്ലി ഗൊറൂസ്' (ദേശീയ പരിപ്രേക്ഷ്യം) പ്രസ്ഥാനം ഖാലിദിയ്യാ നഖ്ശബന്ദി ധാരയില്‍നിന്ന് രൂപംകൊണ്ടതാണ്. നൂര്‍സി (ഇതിന്റെ പിന്തുടര്‍ച്ചയാണ് ഫത്ഹുല്ലാ ഗുലന്റെ ഹിസ്മത്ത് പ്രസ്ഥാനം അവകാശപ്പെടുന്നത്), സുലൈമാനി സൂഫിധാരകളുടെ വേരുകളും ചെന്നെത്തുന്നത് ഇതില്‍തന്നെ.

തുര്‍ക്കിയില്‍ മതവിരുദ്ധ കമാലിസം പിടിമുറുക്കിയതോടെ 1924-ല്‍ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മതപഠനം നിരോധിച്ചു. തൊട്ടടുത്ത വര്‍ഷം തന്നെ ഇതിനെതിരെ ഉയര്‍ന്നുവന്ന ആദ്യത്തെ സംഘടിത ചെറുത്തുനില്‍പിനെക്കുറിച്ച് നാം കഴിഞ്ഞ അധ്യായത്തില്‍ പരാമര്‍ശിക്കുകയുണ്ടായി. അതിന് നേതൃത്വം നല്‍കിയത് നഖ്ശബന്ദി ത്വരീഖത്തിന്റെ പ്രമുഖ ആചാര്യനും കുര്‍ദ് ഗോത്ര പ്രമുഖനുമായിരുന്ന ശൈഖ് സഈദ് പിറാന്‍ (1865-1925). പതിനായിരങ്ങളെ അണിനിരത്തി ദിയാര്‍ ബക്ര്‍ ഗോത്ര മേഖലകളില്‍ അദ്ദേഹം ധീരമായി ചെറുത്തുനിന്നെങ്കിലും 210 ഗ്രാമങ്ങള്‍ ചുട്ടെരിച്ചും പതിനയ്യായിരത്തിലധികം ഗ്രാമീണരെ കൊന്നൊടുക്കിയും മുസ്തഫാ കമാല്‍ പ്രക്ഷോഭം നിഷ്‌കരുണം അടിച്ചമര്‍ത്തി. സഈദ് പിറാന്‍ അടക്കം 47 ഗോത്രപ്രമുഖരെ തൂക്കിലേറ്റി. തൂക്കുമരത്തിലേക്ക് നടന്നടുക്കുമ്പോള്‍ ശൈഖ് പിറാന്‍ അനുയായികളോടായി പറഞ്ഞു: ''ജീവിതം അതിന്റെ സ്വാഭാവിക അന്ത്യത്തോട് അടുക്കുകയാണ്. എന്റെ സമൂഹത്തിനു വേണ്ടി ജീവന്‍ ബലി കൊടുക്കുന്നതില്‍ എനിക്കൊട്ടും സങ്കടമില്ല. ഞങ്ങള്‍ സന്തുഷ്ടരാണ്. കാരണം ഞങ്ങളുടെ പേരക്കുട്ടികള്‍ ഒരിക്കലും ശത്രുക്കളുടെ മുന്നില്‍ ലജ്ജിതരായി നില്‍ക്കേണ്ടിവരില്ല.'' എന്തൊരു പ്രവചനാത്മക പ്രഖ്യാപനം! നജ്മുദ്ദീന്‍ അര്‍ബകാനും റജബ് ത്വയ്യിബ് ഉര്‍ദുഗാനും ഫത്ഹുല്ലാ ഗുലനുമൊക്കെ ഈ ധീര രക്തസാക്ഷികളുടെ ചോരയോട് കടപ്പെട്ടിരിക്കുന്നു.

1925-ലെ പ്രക്ഷോഭം അടിച്ചമര്‍ത്തിയതോടെ അത്താതുര്‍ക്കും അനുയായികളും രാജ്യത്തെ സൂഫി പാഠശാലകള്‍ ഒന്നടങ്കം അടച്ചുപൂട്ടി. മതനേതാക്കളെ തുറുങ്കിലിട്ടു. പല മതപണ്ഡിതന്മാരും പലായനം ചെയ്തു. ഗവണ്‍മെന്റിന് വേണ്ടത്ര സ്വാധീനമില്ലാത്ത കിഴക്കന്‍ മേഖലകളിലാണ് അവര്‍ എത്തിച്ചേര്‍ന്നത്. മതകീയ പ്രവര്‍ത്തനങ്ങള്‍ മുഴുവന്‍ അണ്ടര്‍ ഗ്രൗണ്ടിലേക്ക് മാറി. പൊതുജീവിതത്തില്‍ ഭൗതികതയും മതവിരുദ്ധതയും തിമിര്‍ത്താടുമ്പോള്‍, രഹസ്യ പ്രവര്‍ത്തനങ്ങളിലൂടെ സമൂഹത്തിന്റെ മതബോധം നിലനിര്‍ത്താനും തലമുറകളിലേക്ക് പകരാനും സൂഫി സെക്ടുകള്‍ക്ക് സാധിച്ചു. തുര്‍ക്കിയില്‍ മതപഠനം സാധ്യമല്ലാത്തതിനാല്‍ വിദ്യാര്‍ഥികള്‍ കയ്‌റോയിലേക്കും ബഗ്ദാദിലേക്കും ദമസ്‌കസിലേക്കും മദീനയിലേക്കും പോയിത്തുടങ്ങി. ഈ വിദ്യാര്‍ഥികള്‍ വഴിയാണ് മുഖ്യമായും സലഫി-ഇഖ്‌വാനി ചിന്താധാരകള്‍ തുര്‍ക്കിയിലെത്തുന്നത്. ഈ ധാരകളെ എതിരിടുകയല്ല ഖാലിദിയ്യാ നഖ്ശബന്ദി ത്വരീഖത്ത് ചെയ്തത്; അവയെ സ്വാംശീകരിക്കുകയായിരുന്നു. സൂഫിസത്തെ തള്ളിപ്പറയാതെത്തന്നെ പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാനും ജനങ്ങളെ രാഷ്ട്രീയമായി ബോധവത്കരിക്കാനും ഇത് ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ക്ക് പ്രാപ്തി നല്‍കി. പാരമ്പര്യത്തെ തള്ളിപ്പറയുകയോ അതില്‍നിന്ന് വേറിട്ടു നില്‍ക്കുകയോ ചെയ്യാതെ തന്നെ വേണ്ട പരിഷ്‌കരണങ്ങള്‍ സമൂഹത്തില്‍ വരുത്താനായി എന്നതാണ് തുര്‍ക്കിയിലെ ഇസ്‌ലാമിസ്റ്റ് രാഷ്ട്രീയത്തിന്റെ ജനകീയതയുടെ ഒരു മുഖ്യ കാരണം.

നഖ്ശബന്ദി ത്വരീഖത്തിന്റെ ചരിത്രപരമായ പ്രത്യേകതകളും ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ക്ക് അനുഗുണമായിരുന്നു. സാധാരണ മിക്ക സൂഫി വിഭാഗങ്ങളുടെയും കണ്ണികളെ -സില്‍സില- ബന്ധിപ്പിക്കാറുള്ളത് പ്രവാചകന്റെ ജാമാതാവായ അലി(റ)യുമായാണ്. പലതരം ശീഈ വിശ്വാസങ്ങളും ആചാരങ്ങളും ത്വരീഖത്തുകളിലേക്ക് കടന്നുവരാന്‍ കാരണമാകുന്നത് ഈ രീതിയാണ്. എന്നാല്‍, നഖ്ശബന്ദി ത്വരീഖത്തിന്റെ സില്‍സില എത്തിച്ചേരുന്നതാകട്ടെ ഒന്നാം ഖലീഫ അബൂബക്ര്‍ സിദ്ദീഖി(റ)ലേക്കും. ഇത് നഖ്ശബന്ദിയ്യയുടെ മാത്രം പ്രത്യേകതയാണ്. ശരീഅത്ത് കണിശമായി പിന്തുടരും എന്നതാണ് അതിന്റെ പ്രഖ്യാപിത നിലപാട്. അതിനാല്‍ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും കടന്നുവരാനുള്ള പഴുതുകള്‍ കുറവാണ്.

ഇന്ത്യാ ഉപഭൂഖണ്ഡത്തിലെ നവോത്ഥാന നായകരിലൊരാളായ സയ്യിദ് അഹ്മദ് സര്‍ഹിന്ദി (1564-1624)യുടെ ചിന്തകളാണ് ഖാലിദ് ബഗ്ദാദിയെ കാര്യമായി സ്വാധീനിച്ചത്. സര്‍ഹിന്ദി സൂഫിസത്തിന്റെ വക്താവായിരുന്നെങ്കിലും, ശക്തമായ രാഷ്ട്രീയ -സാമൂഹിക ഇടപെടലുകള്‍ക്ക് വേണ്ടിയും വാദിച്ചു. വൈദേശിക ഭരണത്തിനും ആശയങ്ങള്‍ക്കുമെതിരെ കടുത്ത നിലപാടുകളെടുക്കാന്‍ ഖാലിദിയ്യാ നഖ്ശബന്ദി വിഭാഗത്തെ പ്രാപ്തമാക്കിയത് സര്‍ഹിന്ദിയുടെ സ്വാധീനമായിരുന്നു. ഏതൊരു പരിഷ്‌കരണത്തിന്റെയും ആശയാടിത്തറ സ്വീകരിക്കേണ്ടത് ഇസ്‌ലാമില്‍നിന്നാണെന്ന് വാദിച്ച ഖാലിദിയ്യ വിഭാഗം, പില്‍ക്കാല ഉസ്മാനീ ഖലീഫമാര്‍ തന്‍സീമാത്ത് എന്ന പേരില്‍ പാശ്ചാത്യമോഡല്‍ പരിഷ്‌കരണം ഇറക്കുമതി ചെയ്തപ്പോള്‍ അതിനെതിരെ ശക്തമായി രംഗത്തിറങ്ങിയത് സ്വാഭാവികം മാത്രം. ഖാലിദ് ബഗ്ദാദി തന്റെ ശിഷ്യനായ അഹ്മദ് സുലൈമാന്‍ അര്‍വാദി(മരണം 1858)യെ ഇസ്തംബൂളിലേക്ക് അയച്ചിരുന്നു. പ്രമുഖ നഖ്ശബന്ദി ഇമാമായ അഹ്മദ് ളിയാഉദ്ദീന്‍ ഖുമുശ് ഖാനവി(1813-1893)യെ പോലുള്ളവരെ ഉയര്‍ത്തിക്കൊണ്ടുവന്നത് അര്‍വാദിയാണ്. തുര്‍ക്കിയിലെ ആധുനിക ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ പ്രാഗ്‌രൂപമെന്ന് വിശേഷിപ്പിക്കപ്പെടുന്ന 'ഇസ്‌കന്ദര്‍പാഷ ജമാഅ' (Community of Iskendar Pasha) എന്ന സൂഫി കൂട്ടായ്മക്ക് രൂപം നല്‍കിയത് ഖുമുശ് ഖാനവി ആയിരുന്നു(ഇസ്‌കന്ദര്‍ പാഷ പള്ളിയിലെ ഇമാമായിരുന്നു അദ്ദേഹം. കൂട്ടായ്മ രൂപപ്പെട്ടത് പള്ളി കേന്ദ്രീകരിച്ചായതുകൊാണ് ഈ പേര്). പിന്നെയാണ് മുഹമ്മദ് സാഹിദ് കോത്കു (1897-1980) അതിന്റെ സാരഥ്യമേറ്റെടുത്തത്. ഇസ്‌ലാമിസ്റ്റുകളോ ഇസ്‌ലാമിനോട് ആഭിമുഖ്യമുള്ളവരോ ആയ പില്‍ക്കാല തുര്‍ക്കി രാഷ്ട്രീയ നേതാക്കളില്‍ റജായി കോത്താന്‍ (ജനനം 1930), നജ്മുദ്ദീന്‍ അര്‍ബകാന്‍ (1926-2011), തുര്‍ഗത്ത് ഒസാല്‍ (1927-1993), സുലൈമാന്‍ ദമിറേല്‍ (1924-2015), റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ തുടങ്ങിയവര്‍ ഈ ചിന്താധാരയില്‍ വളര്‍ന്നുവന്നരാണ്. കോത്കുവിന്റെ നിര്‍ദേശപ്രകാരമാണ് 1969-ല്‍ നജ്മുദ്ദീന്‍ അര്‍ബകാന്‍ തന്റെ ആദ്യ രാഷ്ട്രീയ പരീക്ഷണമായ മില്ലി നിസാമെ പാര്‍ട്ടി (National Order Party) രൂപീകരിച്ചതു പോലും. അര്‍ബകാനും കോത്കുവും വൈകാതെ വഴിപിരിയുകയാണുണ്ടായത്.

 

നൂര്‍സി പ്രസ്ഥാനം

ബദീഉസ്സമാന്‍ സഈദ് നൂര്‍സി (1877-1960)യുടെ പേരിലാണ് നൂര്‍സി പ്രസ്ഥാനം അറിയപ്പെടുന്നത്. കിഴക്കന്‍ തുര്‍ക്കിയിലെ കുര്‍ദ് മേഖലയിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. ഖാലിദിയ്യാ നഖ്ശബന്ദിയുടെ ഒരു ശാഖ തന്നെയാണ് ഇതും. കമാല്‍ പാഷ കടുത്ത ഇസ്‌ലാംവിരുദ്ധ നിലപാടുകള്‍ സ്വീകരിച്ചപ്പോള്‍ ജനസാമാന്യത്തിന്റെ ഇസ്‌ലാമിക ശിക്ഷണത്തിന് രഹസ്യമായി കാര്യക്ഷമമായ സംവിധാനങ്ങളൊരുക്കിയത് നൂര്‍സി പ്രസ്ഥാനമായിരുന്നു. ബദീഉസ്സമാന്‍ ഇതിന്റെ പേരില്‍ നാടുകടത്തപ്പെടുകയുണ്ടായി. കമാലിസ്റ്റുകളുടെ ഏകപാര്‍ട്ടി ആധിപത്യം അവസാനിക്കുകയും ഡെമോക്രാറ്റിക് പാര്‍ട്ടി അധികാരത്തിലെത്തുകയും ആശയ പ്രചാരണ സ്വാതന്ത്ര്യം പുനഃസ്ഥാപിക്കപ്പെടുകയും ചെയ്തപ്പോള്‍ ബദീഉസ്സമാന്റെ ഖുര്‍ആന്‍ ആഖ്യാനമായ റസാഇലുന്നൂറിന് വന്‍പ്രചാരം ലഭിക്കുകയുണ്ടായി. ബദീഉസ്സമാന്റെ മരണശേഷം നൂര്‍സി പ്രസ്ഥാനം പലതായി ചിതറി. ഇപ്പോഴത് നാല്‍പതോളം ഗ്രൂപ്പുകളായിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്. ഇതിലേറ്റവും സ്വാധീനമുള്ളത് ഉര്‍ദുഗാന്റെ 'അക്' പാര്‍ട്ടിയുമായി ഇടഞ്ഞുനില്‍ക്കുന്ന ഫത്ഹുല്ല ഗുലന്റെ 'ഹിസ്മത്ത്' പ്രസ്ഥാനമാണ്. അതേക്കുറിച്ച് വിശദമായി പിന്നീട്.

 

സുലൈമാനിയ്യ

ഇരുപതാം നൂറ്റാണ്ടിന്റെ അമ്പതുകളില്‍ ശക്തിപ്പെട്ട മറ്റൊരു സൂഫി ചിന്താധാരയാണിത്. സുലൈമാന്‍ ഹില്‍മി തുനഹാന്‍ (1888-1959) ആയിരുന്നു ഇതിന്റെ നേതാവ്. ഇസ്‌ലാമിക രാഷ്ട്ര സംസ്ഥാപനമായിരുന്നു ഇതിന്റെ പ്രഖ്യാപിത ലക്ഷ്യം. 1925-ല്‍ ഇസ്‌ലാം പാഠശാലകള്‍ അടച്ചുപൂട്ടാന്‍ മുസ്തഫാ കമാല്‍ തീരുമാനിച്ചതിനെ തുടര്‍ന്നാണ് സംഘം രംഗത്തുവന്നത്. പലപ്പോഴും തീവ്രമായിരുന്നു അവരുടെ പ്രതികരണങ്ങള്‍. കമാലിസ്റ്റുകള്‍ ഈ സംഘത്തെ നിരോധിക്കാന്‍ മുറവിളി കൂട്ടിക്കൊണ്ടിരുന്നു. അടച്ചിട്ട പല പള്ളികളും അവര്‍ തുറന്നു. അവിടെ ഖുര്‍ആന്‍ പഠനവും തുടങ്ങി. 1947-ല്‍ ഖുര്‍ആന്‍ പഠനത്തിനുള്ള വിലക്ക് നീങ്ങിയതോടെ അവരുടെ മതവിദ്യാഭ്യാസ ശൃംഖല തുര്‍ക്കിയിലുടനീളം വ്യാപിച്ചു. ഇന്ന് യൂറോപ്യന്‍ നാടുകളിലെ തുര്‍ക്കി വംശജര്‍ക്കിടയിലും സജീവ സാന്നിധ്യമറിയിക്കുന്ന സംഘമാണിത്. തുര്‍ക്കിയിലും വിദേശങ്ങളിലും ഒട്ടനവധി പള്ളികള്‍ ഇവരുടെ നിയന്ത്രണത്തിലുണ്ട്.

1959-ല്‍ തുനഹാന്‍ മരിച്ചതോടെ, അദ്ദേഹത്തിന്റെ ജാമാതാവ് കമാല്‍ കാജറാണ് സംഘത്തിന്റെ സാരഥ്യമേറ്റെടുത്തത്. സുലൈാന്‍ ദമിറേലിന്റെ ജസ്റ്റിസ് പാര്‍ട്ടിയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. 2000-ല്‍ കമാല്‍ കാജര്‍ മരണപ്പെട്ടതോടെ, തുനഹാന്റെ പേരക്കുട്ടികളായ അഹ്മദും മുഹമ്മദും പിന്തുടര്‍ച്ചക്കു വേണ്ടി വടംവലി തുടങ്ങി. അത് പിളര്‍പ്പില്‍ കലാശിച്ചു. ഇരുവരും വിവിധ കക്ഷികളെ പിന്തുണക്കാന്‍ തുടങ്ങി. ഇതില്‍ മുഹമ്മദ്, ജസ്റ്റിസ് ആന്റ് ഡെവലപ്‌മെന്റ് പാര്‍ട്ടി(അക്)യുടെ സ്ഥാപകാംഗങ്ങളില്‍ ഒരാളാണ്. അഹ്മദിന്റെ കീഴിലുള്ള ഗ്രൂപ്പാണ് കൂടുതല്‍ ശക്തം. അവര്‍ പല പാര്‍ട്ടികളെയും മാറി മാറി പിന്തുണച്ചിട്ടുണ്ടെങ്കിലും ഇതുവരെ 'അക്' പാര്‍ട്ടിക്ക് പിന്തുണ നല്‍കിയിട്ടില്ല.

ഖാലിദിയ്യാ നഖ്ശബന്ദി ചിന്താധാരയില്‍ പെടുന്ന ചെറിയൊരു ഗ്രൂപ്പാണ് മെന്‍സില്‍. അങ്കാറയിലും ഇസ്തംബൂളിലും ഇവര്‍ക്ക് അനുയായികളുണ്ട്. ഭരണകക്ഷികളെയായിരുന്നു ഇവര്‍ പിന്തുണച്ചിരുന്നത്. 'അക്' പാര്‍ട്ടി രൂപവത്കരിക്കപ്പെട്ടതോടെ പിന്തുണ അവര്‍ക്ക് മാത്രമായി. 'അക്' മന്ത്രിസഭയില്‍ രണ്ട് പേര്‍ മെന്‍സില്‍ സെക്ടിന്റെ പ്രതിനിധികളാണ്. ഠഡടകഅഉ എന്ന ബിസിനസ് കൂട്ടായ്മ ഇവരുടേതാണ്. അതിന്റെ നേതാവ് ഹസന്‍ സെര്‍ത് 'അക്' പാര്‍ട്ടിയുടെ പാര്‍ലമെന്റ് അംഗമാണ്. തീജാനിയ്യ ത്വരീഖത്തിനും ചില പോക്കറ്റുകളുണ്ടെങ്കിലും രാഷ്ട്രീയ, സാമൂഹിക മേഖലകളില്‍ അത്രത്തോളം പ്രകടമല്ല അവരുടെ സ്വാധീനം.

ചുരുക്കത്തില്‍, ഖാലിദിയ്യാ നഖ്ശബന്ദി ത്വരീഖത്തിന്റെ ആശയപരിസരത്തുനിന്ന് ജന്മമെടുത്ത നിരവധി സൂഫിധാരകളുണ്ട്. നൂര്‍സി പ്രസ്ഥാനം ഒഴിച്ചുനിര്‍ത്തിയാല്‍ ബാക്കിയെല്ലാം സജീവ രാഷ്ട്രീയത്തില്‍ പങ്കാളിത്തം വഹിക്കുകയോ ഇടപെടുകയോ ചെയ്തവ. മുഖ്യധാരാ കക്ഷികളെയാണ് അവ പിന്തുണക്കാറെങ്കിലും പിന്തുണ ആര്‍ക്കും പതിച്ചുനല്‍കാറില്ല. കൂറ് ഇടക്കിടെ മാറ്റിക്കൊിരിക്കും. അതിന് പ്രത്യേകിച്ച് കാരണമൊന്നും വേണ്ട. ഗവണ്‍മെന്റുകള്‍ തകരാനും രാഷ്ട്രീയ പാര്‍ട്ടികള്‍ തന്നെ തിരോഭവിക്കാനും അത് കാരണമായിത്തീരാറുണ്ട്. കുതികാല്‍ വെട്ടും ഒതുക്കലും ഉയര്‍ന്ന ഗവണ്‍മെന്റ് തസ്തികകളില്‍ പിടിമുറുക്കലും അതിനു കഴിയാതെ വന്നാല്‍ ഗവണ്‍മെന്റിനെ തന്നെ മറിച്ചിടലുമൊക്കെ ഇതിന്റെ ഭാഗമായി നടക്കും. പതിനെട്ടടവും പുറത്തെടുത്താലേ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഈ ചതുപ്പുനിലത്ത് പിടിച്ചുനില്‍ക്കാനാവൂ. ഉര്‍ദുഗാന്‍ - ഗുലന്‍ പോരിനെ ഈയൊരു പശ്ചാത്തലത്തില്‍ വേണം നോക്കിക്കാണാന്‍. ഉര്‍ദുഗാന്റെ കാര്‍ക്കശ്യത്തെയും 'ജനാധിപത്യ ബോധമില്ലായ്മ'യെയും നമുക്ക് കുറ്റപ്പെടുത്താമെങ്കിലും, അതിജീവനത്തിന് മറ്റൊരു വഴിയില്ല എന്നതാണ് സത്യം. 

(തുടരും)


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-25 / അല്‍ ഫുര്‍ഖാന്‍ / 19-22
എ.വൈ.ആര്‍