ന്യൂദല്‍ഹി പ്രഖ്യാപനത്തിെന്റ സേന്ദശം
ആഴ്ചകള്‍ക്കു മുമ്പ് തലസ്ഥാന നഗരി ന്യൂദല്‍ഹി ശ്രദ്ധേയമായ ഒരു മുസ്‌ലിം ഐക്യസംഗമത്തിന് വേദിയായി. മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡിന്റെ നിര്‍വാഹക സമിതി യോഗം കഴിഞ്ഞതിനു ശേഷം വിവിധ സംഘടനാ-സ്ഥാപന പ്രതിനിധികള്‍ നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനമാണ് (2016 ഒക്‌ടോബര്‍ 13)സന്ദര്‍ഭം. ആള്‍ ഇന്ത്യാ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് ജനറല്‍ സെക്രട്ടറി മൗലാനാ മുഹമ്മദ് വലി റഹ്മാനി, ജംഇയ്യത്ത് ഉലമായെ ഹിന്ദ് അധ്യക്ഷന്‍ മൗലാനാ സയ്യിദ് അര്‍ശദ് മദനി, ജമാഅത്തെ ഇസ്‌ലാമി കേന്ദ്ര കൂടിയാലോചനാ സമിതിയംഗം മുഹമ്മദ് ജഅ്ഫര്‍, ജംഇയ്യത്ത് അഹ്‌ലെ ഹദീസിന്റെ മുതിര്‍ന്ന നേതാവ് മൗലാനാ അസ്ഗര്‍ അലി, ജംഇയ്യത്ത് ഉലമായെ ഹിന്ദ് ജനറല്‍ സെക്രട്ടറി സയ്യിദ് മഹ്മൂദ് അസ്അദ് മദനി, ഇത്തിഹാദെ മില്ലത്ത് കൗണ്‍സില്‍ അധ്യക്ഷന്‍ തൗഖീര്‍ റിദാ ഖാന്‍, ആള്‍ ഇന്ത്യാ മുസ്‌ലിം മജ്‌ലിസെ മുശാവറ പ്രസിഡന്റ് നുവൈദ് ഹാമിദ്, ആള്‍ ഇന്ത്യാ മില്ലി കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ ഡോ. മുഹമ്മദ് മന്‍സൂര്‍ ആലം, ദയൂബന്ദ് ദാറുല്‍ ഉലൂം പ്രതിനിധി അബുല്‍ ഖാസിം നുഅ്മാനി, കശ്മീരീ ഗേറ്റ് ശീഈ ജാമിഉ മസ്ജിദ് ഇമാം മൗലാനാ മുഹ്‌സിന്‍ തഖ്‌വ തുടങ്ങിയ, ഇന്ത്യന്‍ മുസ്‌ലിം നേതൃനിരയുടെ പരിഛേദം എന്നു പറയാവുന്ന നേതാക്കളും പണ്ഡിതരും വേദിയില്‍ അണിനിരന്നു. മാധ്യമങ്ങളെ കൂട്ടുപിടിച്ചും സര്‍ക്കാര്‍ മെഷിനറികളെ കളത്തിലിറക്കിയും ഏക സിവില്‍ കോഡിനു വേണ്ടി മോദി സര്‍ക്കാര്‍ നടത്തുന്ന ഏതു നീക്കവും ഒറ്റക്കെട്ടായി ശക്തമായി ചെറുക്കുമെന്ന് അവര്‍ പ്രഖ്യാപിച്ചു. സംഘടനാ പ്രതിനിധികള്‍ക്കൊപ്പം ദയൂബന്ദി, അഹ്‌ലെ ഹദീസ്, ബറേല്‍വി, ശീഈ തുടങ്ങി വിവിധ ചിന്താധാരകളെ പ്രതിനിധീകരിക്കുന്നവരും ന്യൂദല്‍ഹി പ്രഖ്യാപനത്തില്‍ പങ്കാളികളായി.
ഏക സിവില്‍ കോഡുമായി ബന്ധപ്പെട്ട് നിയമ കമീഷന്‍ ഈയിടെ പുറത്തിറക്കിയ ചോദ്യാവലി തള്ളിക്കളയണമെന്നും അതിന് ഉത്തരമെഴുതി നല്‍കരുതെന്നുമാണ് മുസ്‌ലിം സമുദായത്തോട് പ്രത്യേകമായും ഇന്ത്യന്‍ സമൂഹത്തോട് പൊതുവായും നേതാക്കള്‍ ആവശ്യപ്പെട്ടത്. കാരണം നിയമ കമീഷന്‍ ഇറങ്ങിക്കളിക്കുന്നത് സംഘ്പരിവാര്‍ അജണ്ടയുടെ ഭാഗമായാണ്. മുസ്‌ലിം വ്യക്തിനിയമം പരിഷ്‌കരിക്കുകയല്ല, അതിനെ കുഴിച്ചുമൂടുകയാണ് അവരുടെ ലക്ഷ്യം. ഇക്കാര്യം ആദ്യമേ ചൂണ്ടിക്കാട്ടിയ നേതാക്കള്‍, കേന്ദ്ര ഭരണകൂടവും മീഡിയയും നടത്തിക്കൊണ്ടിരിക്കുന്ന കള്ളക്കളികള്‍ തിരിച്ചറിയണമെന്നും മുന്നറിയിപ്പ് നല്‍കി. ഭരണഘടനയുടെ 44-ാം വകുപ്പ് ഏകസിവില്‍കോഡ് നടപ്പാക്കണമെന്നാണ് പറയുന്നത്, ആ ഭരണഘടനാ ദൗത്യമാണ് തങ്ങള്‍ ഏറ്റെടുക്കുന്നത്- ഇങ്ങനെയാണ് ഔദ്യോഗിക വിശദീകരണം. ഇത് തീര്‍ത്തും കള്ളപ്രചാരണമാണ്. കാരണം, 44-ാം വകുപ്പ് മാര്‍ഗനിര്‍ദേശക തത്ത്വം മാത്രമാണ്. അത് നടപ്പാക്കേണ്ട ബാധ്യത ഒരു ഗവണ്‍മെന്റിനുമില്ല. 1948-ല്‍ അംബേദ്കര്‍ അവതരിപ്പിച്ച കരട് ഭരണഘടന ചര്‍ച്ച ചെയ്യാന്‍ വിളിച്ചുചേര്‍ത്ത ഭരണഘടനാ അസംബ്ലിയില്‍, ഈ മാര്‍ഗനിര്‍ദേശക തത്ത്വത്തെക്കുറിച്ച് സഭയിലെ മുസ്‌ലിംകള്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. മദ്രാസിനെ പ്രതിനിധീകരിച്ചെത്തിയ ബി. പോക്കര്‍ സാഹിബ് അംബേദ്കറോട് ചോദിച്ചു: ''താങ്കള്‍ എന്തിനാണിത് മാര്‍ഗനിര്‍ദേശക തത്ത്വമായി ഉള്‍പ്പെടുത്തിയത്? യൂനിഫോം സിവില്‍കോഡ് എന്നതുകൊണ്ട് താങ്കള്‍ ഉദ്ദേശിക്കുന്നത് എന്താണ്?'' അംബേദ്കര്‍ അതിന് മറുപടി പറയുകയുണ്ടായില്ല. ഇന്ന് ഏറെ പ്രസക്തമായ ചോദ്യമാണിത്. ഏകസിവില്‍കോഡ് വേണം എന്നു പറയുകയല്ലാതെ ഇന്നേവരെ ഒരു വിഭാഗവും അതിനൊരു കരടു രേഖ പോലും സമര്‍പ്പിച്ചിട്ടില്ല. ഹിന്ദുത്വം ആശയാടിത്തറയായി സ്വീകരിച്ച സംഘ്പരിവാര്‍ ഏക സിവില്‍കോഡിനായി മുറവിളി കൂട്ടുമ്പോള്‍, അതിന്റെ കരടു രേഖ അവരും സമര്‍പ്പിച്ചിട്ടില്ലെങ്കിലും, അത് എന്തായിരിക്കുമെന്ന് എല്ലാവര്‍ക്കുമറിയാം. ഇത് മനസ്സിലാക്കി, നേരത്തേ ഏകസിവില്‍ കോഡിന് വേണ്ടി വാദിച്ചിരുന്ന പലരും നിലപാട് മയപ്പെടുത്തിയിട്ടുണ്ടെന്നത് ശുഭോദര്‍ക്കമാണ്.
ഇനി മാര്‍ഗനിര്‍ദേശക തത്ത്വങ്ങള്‍ നടപ്പിലാക്കണമെന്നാണ് മോദി സര്‍ക്കാറിന്റെ നയമെങ്കില്‍, നടപ്പാക്കുന്നതില്‍ ഒരാള്‍ക്കും എതിര്‍പ്പില്ലാത്ത എത്രയധികം മാര്‍ഗനിര്‍ദേശക തത്ത്വങ്ങള്‍ വേറെ കിടക്കുന്നു! സമ്പൂര്‍ണ മദ്യനിരോധം, ഓരോ കുട്ടിക്കും സൗജന്യ വിദ്യാഭ്യാസം, ഓരോ പൗരനും മതിയായ ചികിത്സാ സൗകര്യം, ഓരോ വീട്ടിലും ശൗചാലയം പോലുള്ളവ. അക്കാര്യങ്ങളിലൊന്നും കേന്ദ്ര ഗവണ്‍മെന്റിനോ സംഘ്പരിവാറിനോ ഒരു താല്‍പര്യവും കാണുന്നുമില്ല. യു.പി.എ ഗവണ്‍മെന്റിനെ കടത്തിവെട്ടുന്ന രീതിയില്‍ സാമ്രാജ്യത്വ നവ ലിബറല്‍ അജണ്ടകള്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന മോദി ഗവണ്‍മെന്റ് അത്തരം സാമൂഹിക ഉത്തരവാദിത്തങ്ങളില്‍നിന്ന് തലയൂരുകയുമാണ്. എന്നിരിക്കെ, ഏകസിവില്‍ കോഡ് എന്ന മാര്‍ഗനിര്‍ദേശക തത്ത്വത്തില്‍ മാത്രം പിടിച്ചുതൂങ്ങുന്നത് വിഭാഗീയതയും വര്‍ഗീയതയും വളര്‍ത്താനുള്ള നീക്കമാണെന്ന് ഇന്ന് എല്ലാവരും തിരിച്ചറിയുന്നുണ്ട്. മുത്ത്വലാഖും ബഹുഭാര്യാത്വവും വിവാഹമോചിതയുടെ കണ്ണീരുമെല്ലാം അതിനുള്ള ഉരുപ്പടികള്‍ മാത്രം. മുസ്‌ലിം വ്യക്തിനിയമവും കടന്ന് മുസ്‌ലിം സ്വത്വത്തിനു തന്നെ അത് ഭീഷണിയാവുമെന്ന മുന്‍കാഴ്ചയാണ് എല്ലാ മുസ്‌ലിം കൂട്ടായ്മകളെയും ന്യൂദല്‍ഹിയില്‍ ഒരുമിപ്പിച്ചുനിര്‍ത്തിയത്.
ഇന്ത്യയിലെ ഈ പൊതു സാമൂഹിക പശ്ചാത്തലത്തില്‍നിന്ന് കേരളവും ഒഴിവല്ല എന്ന സത്യം സംസ്ഥാനത്തെ മുസ്‌ലിം സംഘടനകളും തിരിച്ചറിയുന്നുണ്ടെന്നത് സ്വാഗതാര്‍ഹമാണ്. രാഷ്ട്രീയവും മറ്റുമായ കാരണങ്ങളാല്‍ അകന്നുപോയ മത-രാഷ്ട്രീയ സംഘടനകള്‍ ഒന്നിച്ചിരിക്കാനും പൊതു പ്രശ്‌നങ്ങള്‍ കൂട്ടായി ചര്‍ച്ച ചെയ്യാനും സമ്മതിച്ചിരിക്കുകയാണ്. ഈ സന്ദിഗ്ധ ഘട്ടത്തില്‍ പൂര്‍വവൈരാഗ്യങ്ങളും സംഘടനാപരമായ സങ്കുചിത താല്‍പര്യങ്ങളും ഒന്നിച്ചിരിക്കലിനെ തടസ്സപ്പെടുത്തുകയില്ലെന്ന് കൂട്ടായ്മക്ക് നേതൃത്വം നല്‍കുന്നവര്‍ ഉറപ്പാക്കണം. സമുദായത്തില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കാന്‍ ആസൂത്രിതമായി നടക്കുന്ന നീക്കങ്ങളെ തടുക്കാന്‍ ഭിന്നതകള്‍ മാറ്റിവെച്ച് ഒന്നിച്ചിരിക്കുകയേ മാര്‍ഗമുള്ളൂ എന്ന് എല്ലാവരും തിരിച്ചറിയണം.
Comments