Prabodhanm Weekly

Pages

Search

2016 നവംബര്‍ 04

2974

1438 സഫര്‍ 04

പ്രചാരണ യുദ്ധങ്ങളെ എങ്ങനെ അഭിമുഖീകരിക്കാം?

ബഷീര്‍ ബേക്കല്‍

ചെറുതും വലുതുമായ അനേകം നുണകള്‍ കൊണ്ട് അപ്രതിരോധ്യമെന്ന് തോന്നിക്കുന്ന വന്‍മതിലുകള്‍ പടുക്കുകയാണ് മനഃശാസ്ത്ര യുദ്ധത്തില്‍ അനുവര്‍ത്തിക്കപ്പെടുന്ന തന്ത്രം. ലക്ഷ്യമാക്കപ്പെടുന്ന ജനവിഭാഗത്തില്‍ നിശ്ചിത പ്രതിഫലനം ഉളവാക്കാനുള്ള ബോധപൂര്‍വമായ നീക്കം എന്നാണ് അതിന്റെ നിര്‍വചനം. പ്രതിയോഗികളുടെ വിശ്വാസം, തത്ത്വദീക്ഷ, മൂല്യസങ്കല്‍പം, വികാരവിചാരങ്ങള്‍, ലക്ഷ്യബോധം, പെരുമാറ്റം, കാര്യകാരണബോധം എന്നിവയെ സ്വാധീനിക്കുകയും ആത്മവിശ്വാസം തകര്‍ക്കുകയും ആശയക്കുഴപ്പം സൃഷ്ടിക്കുകയുമാണ് ലക്ഷ്യം. 

ഗള്‍ഫ് യുദ്ധവേളയില്‍ ഏതൊക്കെ രീതികളില്‍ ഇത് ഉപയോഗപ്പെടുത്തിയെന്നതും എന്തൊക്കെ മാര്‍ഗങ്ങള്‍ അവലംബിച്ചിരുന്നുവെന്നതും സമീപകാല ചരിത്രമാണ്. അതിനു മുമ്പ് വിയറ്റ്‌നാം  യുദ്ധത്തിലും നാം ഇത് കാണുകയുണ്ടായി. ഇതിനായുള്ള പരസ്യ ഏജന്‍സികളും ഇവന്റ് മാനേജ്‌മെന്റ് കമ്പനികളും മാധ്യമങ്ങളും മറ്റ് അവശ്യ ഘടകങ്ങളും ഇന്ന് സുലഭവുമാണ്. അതിന്റെ പ്രതിഫലനങ്ങളും പ്രത്യാഘാതങ്ങളും പെട്ടെന്ന് സംഭവിക്കുന്നതും കടുത്തതുമായിരിക്കും. ഒരു ലഘുചിത്രം നിര്‍മിച്ച് നവമാധ്യങ്ങള്‍ വഴി അനായാസം പ്രചരിപ്പിക്കപ്പെടുമ്പോള്‍ അതിന്റെ ആധികാരികത പോലും ചോദ്യം ചെയ്യപ്പെടാതെ യാഥാര്‍ഥ്യമെന്ന് അംഗീകരിക്കപ്പെടുന്നു. 

മനഃശാസ്ത്ര യുദ്ധമാണ് ഇസ്‌ലാമിന്റെ വളര്‍ച്ച തടയാനുള്ള അവശേഷിക്കുന്ന ഏക വഴിയെന്ന ബോധ്യത്തില്‍നിന്നാണ് ആഗോള തലത്തിലും പ്രാദേശിക തലങ്ങളിലും ഇസ്‌ലാമിന്റെ സല്‍പ്പേര് കളങ്കപ്പെടുത്താന്‍, ഇസ്‌ലാമിന്റെ പേരില്‍ സംഘടനകളുണ്ടാക്കുന്നതും പലവിധ പ്രലോഭനങ്ങളില്‍ വീഴ്ത്തി പലരെയും അതിലേക്ക് ആകര്‍ഷിക്കുന്നതും.  ഇത്തരം അപഥ സഞ്ചാരികളെ ഒടുവില്‍ ഒറ്റുകൊടുക്കുന്നതും അവരെ ഉപയോഗിച്ചവര്‍ തന്നെയായിരിക്കും. ശത്രുക്കളുടെ മനഃശാസ്ത്ര യുദ്ധത്തിലെ ആയുധങ്ങളും കരുക്കളുമാണ് തങ്ങളെന്ന് അവര്‍ തിരിച്ചറിയുന്നത് ഇനിയൊരു മടക്കമില്ലെന്ന് മനസ്സിലാവുമ്പോള്‍ മാത്രവും. 

എതിര്‍പക്ഷത്തെ നിര്‍വീര്യമാക്കുക എന്നതാണ് യുദ്ധ തന്ത്രങ്ങളില്‍ ആദ്യത്തേത്. പ്രതികരണ ശേഷി നഷ്ടപ്പെടുത്തിയാല്‍ യുദ്ധം  ജയിച്ചു. പ്രതികരിക്കാന്‍ കഴിയുന്നില്ല എന്നതിന്റെ അര്‍ഥം കീഴടങ്ങി എന്നുതന്നെയാണ്.  അങ്ങനെയൊരു നിസ്സഹായാവസ്ഥയിലേക്ക് തള്ളിവിടാനുള്ള ഏറ്റവും എളുപ്പവും സ്വപക്ഷത്ത്  വലിയ ആള്‍നാശമോ വിഭവനഷ്ടമോ ഇല്ലാതെ നിറവേറ്റാവുന്നതുമായ മാര്‍ഗമാണ് മനഃശാസ്ത്ര യുദ്ധം (ജ്യെരവീഹീഴശരമഹ ണമൃ, ജൃീുമഴമിറമ). ഏറാന്‍മൂളികളും അവസരവാദികളുമായ മാധ്യമങ്ങള്‍ ഇത് എളുപ്പമാക്കുന്നുമുണ്ട്. 

മനഃശാസ്ത്ര യുദ്ധത്തിലെ പ്രധാന ആയുധം തെറ്റിദ്ധരിപ്പിക്കല്‍ അല്ലെങ്കില്‍ നുണപ്രചാരണമാണ്. സ്വപക്ഷത്തെ അഭിമാനപുളകിതരാക്കുകയും മറുപക്ഷത്തെ അപകര്‍ഷ ബോധത്തിലേക്ക് തള്ളിവിടുകയുമാണ് ആദ്യപടി. സ്വപക്ഷത്തെ ഏതെങ്കിലും ഒരു  ചരടില്‍ കോര്‍ക്കുകയും മറുപക്ഷത്തെ ഭിന്നിപ്പിച്ചുമായിരിക്കും നുണപ്രചാരണം. സ്വന്തത്തെ കുറിച്ച മിഥ്യകളും കഥകളും കളവുകളും ശാസ്ത്ര സത്യങ്ങളാണെന്നും വസ്തുനിഷ്ഠമാണെന്നും മറുപക്ഷത്തിന്റേത്  അബദ്ധവും അശാസ്ത്രീയവും അസത്യവുമാണെന്നും വരുത്തിത്തീര്‍ക്കാനായിരിക്കും ശ്രമം.  

നുണ പ്രചരിപ്പിക്കുന്നവരുടെ അല്ലെങ്കില്‍ അവരുടെ നേതാവിന്റെ പ്രതിഛായയും നിര്‍ണായകമാണ്. അല്ലാത്ത പക്ഷം നുണകള്‍ സാര്‍വലൗകികമായി സ്വീകാര്യമാവുകയില്ല. അതിന് അന്താരാഷ്ട്ര തലത്തിലും പ്രാദേശിക തലങ്ങളിലും എല്ലാവിധ മാര്‍ഗങ്ങളും വേദികളും ഉപയോഗിക്കേണ്ടതുണ്ട്. സാംസ്‌കാരിക മേല്‍ക്കോയ്മയും പൗരാണികത്വവും സ്ഥാപിച്ചെടുക്കാനുള്ള തന്ത്രങ്ങളും മെനയുന്നു. ഇതൊക്കെയും അവഗണിക്കപ്പെടേണ്ട ഫാഷിസ്റ്റ് തന്ത്രങ്ങളായി കാണുന്നതിനു പകരം, ചരിത്രത്തില്‍ എന്നും നിലനിന്ന മനഃശാസ്ത്ര യുദ്ധമുറകളാണെന്ന് മനസ്സിലാക്കി പ്രതിരോധം കെട്ടിപ്പടുക്കുകയാണ് വേണ്ടത്. 

യുദ്ധം തുടങ്ങിയ കാലം മുതല്‍ ഉപയോഗിച്ചുവരുന്നതും ഇന്നും പല തലങ്ങളില്‍ ഉപയോഗിക്കപ്പെടുന്നതുമാണ് മനഃശാസ്ത്ര യുദ്ധതന്ത്രങ്ങള്‍. കാലത്തിനും ദേശത്തിനും സന്ദര്‍ഭത്തിനും അനുയോജ്യമായ തരത്തില്‍ രൂപപരിണാമം വരുമെങ്കിലും അടിസ്ഥാന തത്ത്വങ്ങള്‍ ഒന്നുതന്നെയായിരിക്കും. പ്രചാരണ മാധ്യമങ്ങളിലും വിഭവസ്രോതസ്സുകളിലും കാലാനുസൃതമായ മാറ്റങ്ങള്‍ കണ്ടേക്കാം. പുരാതന ചൈനയില്‍ ഇത്തരം സംഹിതകള്‍ രൂപപ്പെടുത്തുന്ന ആചാര്യന്മാര്‍ രാജസേവകരില്‍ ഉണ്ടായിരുന്നു. അലക്‌സാണ്ടര്‍ ചക്രവര്‍ത്തി, ചെങ്കിസ് ഖാന്‍ മുതലുള്ളവര്‍ ഉപയോഗപ്പെടുത്തിയ തന്ത്രങ്ങളും ചരിത്രത്തില്‍ രേഖപ്പെട്ടുകിടപ്പുണ്ട്. കുറ്റം സമ്മതിപ്പിക്കുന്നതിലും കോടതി നടപടികളിലും വിചാരണാ വേളകളിലും പ്രതിയോഗികളെ മാനസികമായി തളര്‍ത്താനും ഇത്തരം തന്ത്രങ്ങള്‍ ഉപയോഗിച്ചുവരുന്നു.

ആധുനിക കാലത്ത് ബ്രിട്ടനായിരുന്നു ഇത് ഏറ്റവും  സംഘടിതവും ഫലപ്രദവുമായി ഉപയോഗിച്ചത്. ഇതിനായി അവര്‍ ഉപയോഗിച്ചത് അന്ന് ലഭ്യമായിരുന്നവരും ഇന്ന് മഹദ്‌വ്യക്തികളായി അറിയപ്പെടുന്നവരുമായ ആര്‍തര്‍ കോനന്‍ ഡോയല്‍, ജി.കെ ചെസ്‌റ്റേര്‍ടന്‍, തോമസ് ഹാര്‍ഡി, എച്ച്.ജി വെല്‍സ്, റുഡ്‌യാര്‍ഡ് കിപ്ലിംഗ് എന്നീ പ്രമുഖരെ ആയിരുന്നു. അവര്‍ ജര്‍മനിയുടെയും സഖ്യകക്ഷികളുടെയും ഇല്ലാത്ത ക്രൂരതകളുടെ കഥകളും നടക്കാത്ത സംഭവങ്ങളുടെ വാങ്മയ ചിത്രങ്ങളും രചിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തു. അത്തരം സന്ദേശങ്ങള്‍ ലഭിച്ച ജര്‍മന്‍ പട്ടാളക്കാരും ജനങ്ങളും അത് വിശ്വസിക്കുകയും ചെയ്തു. 

പ്രശസ്ത ചിത്രകാരന്മാരെയും സാഹിത്യകാരന്മാരെയും ഉപയോഗിച്ച് തയാറാക്കിയ 1200 ലഘുലേഖകളുടെ 26 ദശലക്ഷം കോപ്പികളും റേഡിയോ സന്ദേശങ്ങളുമാണ് ഒന്നാം ലോക യുദ്ധത്തില്‍ ജര്‍മനി പരാജയപ്പെടാനുള്ള മുഖ്യ കാരണങ്ങളില്‍ ഒന്നെന്ന് ചരിത്രകാരന്മാര്‍ വിലയിരുത്തുന്നു. കുപ്രചാരണങ്ങള്‍ക്കൊപ്പംതന്നെ നല്ല പ്രതിഛായ സൃഷ്ടിക്കാനും നയതന്ത്ര ശൃംഖല വഴി  സ്വന്തം വിശ്വാസ്യത സ്ഥാപിക്കാനും ബ്രിട്ടന് കഴിഞ്ഞു. അങ്ങനെ അന്താരാഷ്ട്ര വേദികളില്‍ ജര്‍മനിയെ ഒറ്റപ്പെടുത്താനും. അതുല്യ സാഹിത്യ പ്രതിഭകളെ കുപ്രചാരണങ്ങള്‍ക്ക് ഉപയോഗിച്ചതു തന്നെയാണ് പ്രചാരണ തന്ത്രങ്ങളുടെ പ്രാധാന്യത്തെക്കുറിക്കുന്ന തെളിവ്. 

ഇത് തിരിച്ചറിഞ്ഞ അഡോള്‍ഫ് ഹിറ്റ്‌ലര്‍ അതേ നാണയത്തില്‍ തിരിച്ചടിക്കാനായിരുന്നു 1933-ല്‍ പ്രചാരണത്തിനായി ഒരു വകുപ്പുണ്ടാക്കി അതിന്റെ തലപ്പത്ത് ജോസഫ് ഗീബല്‍സിനെ നിയമിച്ചത്. ഗീബല്‍സ് ബ്രിട്ടന്റെ അതേ തന്ത്രങ്ങള്‍ തന്നെ തിരിച്ച് അവര്‍ക്കെതിരായി ഫലപ്രദമായി ഉപയോഗിക്കുകയും അതില്‍ ഏറക്കുറെ  വിജയിക്കുകയും ചെയ്തു. ബ്രിട്ടന്‍ ഉപയോഗിക്കാതിരുന്ന ദേശീയതയെയും വംശീയതയെയും വരെ ഗീബല്‍സ് കൂട്ടിപ്പിടിച്ചു. ബ്രിട്ടന്, വിവിധ വംശക്കാരെ ഉള്‍ക്കൊള്ളുന്ന സാമ്രാജ്യമായതുകൊണ്ട് ദേശീയതയും വംശീയതയും ഉപയോഗപ്പെടുത്തുന്നതിന് പരിമിതിയുണ്ടായിരുന്നു. ഗീബല്‍സ് ഒരുപടി കൂടെ മുന്നോട്ടുപോയി മതത്തെയും അല്ലെങ്കില്‍ അന്യമത വിരോധത്തെയും ഉപയോഗപ്പെടുത്തുകയും ഹിറ്റ്‌ലറെ രക്ഷകനായി (മിശിഹ) അവതരിപ്പിച്ച് വിശ്വാസത്തെ ചൂഷണം ചെയ്യുകയുമുണ്ടായി. ഇതൊക്കെയും എത്രമാത്രം ഫലപ്രദമായി എന്ന് അവരുടെ ആദ്യ മുന്നേറ്റങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. 

ചെറുതും വലുതുമായ ആരോപണങ്ങള്‍, ഭീഷണി, പലവിധ പീഡനങ്ങള്‍, അവകാശനിഷേധം, അവജ്ഞയോടെയുള്ള പെരുമാറ്റം, നിന്ദിക്കല്‍, സ്വത്വ ബോധത്തെ നശിപ്പിക്കാനുള്ള നിയമ നിര്‍മാണങ്ങള്‍, വിവേചനം, അസത്യ പ്രചാരണങ്ങള്‍, ഭിന്നിപ്പിക്കല്‍, ഇരകള്‍ക്കിടയില്‍നിന്ന് ചിലരെ പ്രലോഭിപ്പിച്ച് കൂടെ നിര്‍ത്തല്‍, ഭയം ഉളവാക്കല്‍, നിസ്സാര സംഭവങ്ങള്‍ പെരുപ്പിച്ച് അവതരിപ്പിക്കല്‍, അന്യവല്‍ക്കരണം, പ്രകോപനങ്ങള്‍, ഒറ്റപ്പെടുത്തല്‍, കായിക ശക്തി പ്രദര്‍ശിപ്പിച്ചുള്ള വിരട്ടല്‍, ഉന്മൂലനം, അറ്റമില്ലാത്ത നിയമ നടപടികള്‍, ഏകപക്ഷീയമായ നടപടിക്രമങ്ങളും വിധികളും തുടങ്ങി വൈവിധ്യമാര്‍ന്ന മാര്‍ഗങ്ങളാണ് ആഭ്യന്തരമായി ഉപയോഗപ്പെടുത്തുന്നത്.

സമീപകാലത്ത് ഇന്ത്യയിലുണ്ടായ ഒട്ടുമിക്ക  സംഭവ വികാസങ്ങളും മനഃശാസ്ത്ര യുദ്ധം എന്ന ഇനത്തില്‍ പെടുത്താവുന്നതാണ്. യോഗ, ഗോവധ നിരോധവുമായി ബന്ധപ്പെട്ട കൊലപാതകങ്ങള്‍, ബലാത്സംഗങ്ങള്‍, ആക്രമണങ്ങള്‍, ചെറുത്തുനില്‍ക്കുന്നവരെ ഉന്മൂലനം ചെയ്യല്‍, കോളേജ് മാഗസിനുകള്‍ക്ക് എതിരെ പോലുമുള്ള നിയമ നടപടികള്‍, തീവ്രവാദ വിവാദങ്ങള്‍, പൊതു നിയമമെന്ന ഭീഷണി, വിദ്വേഷ പ്രസംഗങ്ങള്‍, പൊതുവെയുള്ള അസഹിഷ്ണുത, കുപ്രചാരണങ്ങള്‍ എന്നിവയെല്ലാം മനഃശാസ്ത്ര  യുദ്ധത്തിന്റെ ഭാഗമായി അരങ്ങേറുന്നതാണ്. 

ഇത്തരം കുതന്ത്രങ്ങള്‍ കൊണ്ട് ഉദ്ദേശിക്കപ്പെടുന്ന അന്തിമ ലക്ഷ്യങ്ങള്‍ അപഗ്രഥിച്ച് മനസ്സിലാക്കിയാലേ ഫലപ്രദമായ പ്രതിരോധം പടുത്തുയര്‍ത്താന്‍ കഴിയുകയുള്ളു. ഒരു വിഭാഗത്തിനെതിരെ ശക്തമായ പ്രചാരണങ്ങള്‍ അഴിച്ചുവിടുമ്പോള്‍ ആ വിഭാഗം നിര്‍വീര്യമാക്കപ്പെടുകയാണ്. അതവരില്‍ സ്വത്വത്തെക്കുറിച്ചുള്ള ആശയക്കുഴപ്പവും ആത്മനിന്ദയും ഉളവാക്കുന്നു. അങ്ങനെ നിന്ദിക്കപ്പെടുന്നവര്‍ക്ക് ആത്മവിശ്വാസം നഷ്ടപ്പെടുക മാത്രമല്ല, പ്രതിരോധം പോയിട്ട് പ്രതികരണം പോലുമില്ലാതെ അവര്‍ ഉള്‍വലിയുകയും ചെയ്യുന്നു. ആരോപണങ്ങള്‍ തുടരുംതോറും ആത്മനിന്ദ അധികരിക്കുകയും വിശ്വാസത്തില്‍ തന്നെ വിള്ളല്‍ വീഴുകയും ചെയ്താല്‍ ആ വ്യക്തി എങ്ങനെയാണ് സ്വത്വത്തെ പ്രതിനിധീകരിക്കുക? 

ഈ ഒരവസ്ഥയില്‍ ഒരാളെ എത്തിക്കുക എന്ന ലക്ഷ്യമാണ് മറുവിഭാഗം നിറവേറ്റുക. വിശ്വാസത്തില്‍നിന്ന് അകറ്റിനിര്‍ത്തുകയോ വിശ്വാസം പ്രചരിപ്പിക്കാന്‍ കഴിയാതിരിക്കുകയോ ചെയ്യുന്നതോടെ എതിര്‍ വിഭാഗം വിജയിക്കുകയും വിശ്വാസി എല്ലാ അര്‍ഥത്തിലും പിന്നോട്ടടിക്കുകയും ചെയ്യും. ഇതില്‍പരം ശോചനീയമായ അവസ്ഥയെന്താണ്! ഈ പ്രതിസന്ധി തരണം ചെയ്യാന്‍ കഴിയുന്നില്ലെങ്കില്‍ ഭാവി ഇരുളടഞ്ഞതാവും. മറുഭാഗം ഏറെ മുന്നേറിക്കഴിഞ്ഞുവെന്ന് ചില  മതസംഘടനാ നേതാക്കളുടെയും രാഷ്ട്രീയ നേതാക്കളുടെയും ചെയ്തികളിലൂടെ തെളിഞ്ഞുവരുന്നുമുണ്ട്. ഈ ചുവടുമാറ്റത്തിന് അവരെ പ്രേരിപ്പിക്കുന്നത് അപകര്‍ഷബോധവും ആത്മനിന്ദയുമാണ്. അതില്‍നിന്ന് രക്ഷപ്പെടാന്‍ അവര്‍ കണ്ടെത്തുന്ന വഴിയാണ് തങ്ങള്‍ അത്തരക്കാരല്ലെന്നും 'നിങ്ങളോടൊപ്പ'മാണെന്നും മറ്റുമുള്ള പ്രസ്താവനകള്‍. 

പ്രതിസന്ധികളും എതിര്‍പ്പുകളും തരണം ചെയ്യുമ്പോള്‍ ആത്മവിശ്വാസവും പ്രതിരോധശക്തിയും വര്‍ധിക്കുമെന്നതാണ് സാമാന്യ നിയമം. എന്നാല്‍ ഈ സാധ്യത കൂടി മുന്നില്‍ കണ്ടുള്ള അപ്രതിരോധ്യമെന്ന് തോന്നിക്കുന്ന ബഹുതല മനഃശാസ്ത്ര യുദ്ധമാണ് ഇപ്പോള്‍ നടക്കുന്നത്. പൊതുവായ നേതൃത്വമില്ലായ്മ മൂലം ഒരു വിഭാഗത്തെ ഒറ്റപ്പെടുത്തി ആക്രമിക്കുകയും അതിനോട് മറുഭാഗം പ്രതീക്ഷിക്കുന്ന/ആവശ്യപ്പെടുന്ന  തരത്തിലുള്ള പ്രതികരണം മറ്റു ചില ഭാഗങ്ങളില്‍നിന്ന് ഉയരുകയും ചെയ്യുമ്പോള്‍ ശത്രുക്കള്‍ ലക്ഷ്യത്തോട് വളരെ അടുത്തു എന്ന പ്രതീതി ഉളവാക്കുന്നു. 

ഒന്നും രണ്ടും ലോക യുദ്ധകാലത്ത് ദുഷ്പ്രചാരണങ്ങള്‍ക്ക് ഉപയോഗിച്ച അധികാരവും ഏകീകൃത നേതൃത്വവും ഇന്ന് ഇരകള്‍ക്ക് അന്യമാണ്. അന്ന് പരിമിത വൃത്തങ്ങളില്‍ പ്രചാരമുണ്ടായിരുന്ന പത്രമാസികകളും റേഡിയോ പ്രക്ഷേപണങ്ങളും മറ്റും ആയിരുന്നു ആശയവിനിമയ മാര്‍ഗങ്ങള്‍. അതിന്ന്  ടെലിവിഷന്‍, ഇന്റര്‍നെറ്റ് വഴിയുള്ള നവ മാധ്യമങ്ങള്‍ എന്നിവയിലേക്ക് വളര്‍ന്നുവെങ്കിലും പല കാരണങ്ങളാലും ഇരകള്‍ക്ക് അവ അപ്രാപ്യമാണ്. നയതന്ത്രതലത്തിലും അന്താരാഷ്ട്ര വേദികളിലും ഇതിനെ പ്രതിരോധിക്കാനും കഴിയുകയില്ല. മാധ്യമങ്ങളുടെ മുന്‍വിധിയോടെയുള്ള വിധിതീര്‍പ്പുകള്‍, സാമ്പത്തിക-രാഷട്രീയ പരിഗണനകള്‍, കരിനിയമങ്ങള്‍ എന്നിവയാണ് പ്രധാന വിഘാതങ്ങള്‍. മറ്റൊന്ന് അധാര്‍മികതയാണ്.  മറുഭാഗത്തിന്റെ പ്രചാരണായുധങ്ങളും തത്ത്വദീക്ഷയില്ലായ്മയും പ്രതിസന്ധി രൂക്ഷമാക്കുന്നു. എന്നിരുന്നാലും ഫാഷിസം അതിന്റെ വളര്‍ച്ചക്ക് ഗീബല്‍സിയന്‍ തന്ത്രങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ഹിറ്റ്‌ലര്‍ ബ്രിട്ടനില്‍നിന്ന് പഠിച്ച പ്രചാരണ പാഠം തന്നെയാണ് ഇരകള്‍ക്ക് കരണീയമായിട്ടുള്ളത്. എന്നാല്‍ അത് ധാര്‍മികതയിലും സത്യത്തിലും അധിഷ്ഠിതമാവേണ്ടതുണ്ട്.

അവരുടെ കുതന്ത്രങ്ങള്‍ അവര്‍ക്കുതന്നെ തിരിച്ചടിയാവുന്ന അനുകൂല സാഹചര്യവും നിലവിലുണ്ട്. സവര്‍ണ മേല്‍ക്കോയ്മ അടിച്ചേല്‍പിക്കാനുള്ള ശ്രമവും തിരിച്ചടിക്കുന്നുണ്ട്. 'ഗോസംരക്ഷണ' അക്രമങ്ങള്‍ അതിന്റെ ഗതി മാറി സ്വന്തം ശക്തി കേന്ദ്രങ്ങളിലാണ് കൂടുതല്‍ ആഘാതമുണ്ടാക്കിയതെന്ന തിരിച്ചറിവില്‍ ആ വിഷയം മയപ്പെടുത്താനും പരിക്കുകള്‍ തീര്‍ക്കാനുമുള്ള വെപ്രാളം കാണുന്നുണ്ട്. ഇതിന്റെ പ്രതിഫലനമാണ് ഗോക്കളെ 'രക്ഷിക്കു'ന്നതിനു പകരം ഗോപാലകരെ സംരക്ഷിക്കുക എന്ന മുഖം രക്ഷിക്കാനുള്ള ചുവടുമാറ്റം. 

ഇതിനോടൊപ്പം ചേര്‍ത്തുവായിക്കേണ്ടതാണ് സാംസ്‌കാരിക അധീശത്വശ്രമങ്ങള്‍ക്കേറ്റ തിരിച്ചടികള്‍. വാമന വിവാദത്തിലും ജെ.എന്‍.യു, വെമുല വിഷയങ്ങളിലും പ്രതിഛായയും അതുവഴി വിശ്വാസ്യതയും നഷ്ടപ്പെട്ട സമയം  മനഃശാസ്ത്ര യുദ്ധത്തെ പ്രതിരോധിക്കാനുള്ള ഉചിതമായ സന്ദര്‍ഭമായിരുന്നു. ഇരകള്‍ തങ്ങളുടെ കര്‍ത്തവ്യം  നിറവേറ്റുകയാണെങ്കില്‍ മനഃശാസ്ത്ര യുദ്ധത്തില്‍ ശത്രു പരാജയപ്പെടുകതന്നെ ചെയ്യും.  

ഈ പ്രതിസന്ധി തരണം ചെയ്യാനുള്ള മാര്‍ഗങ്ങളെക്കുറിച്ച് ആലോചിക്കാന്‍ ഒരു ഏകീകൃത നേതൃത്വമാണ് അത്യന്താപേക്ഷിതമായിട്ടുള്ളത്. അധീനതയിലുള്ള മുഴുവന്‍ സംവിധാനങ്ങളും ഉപയോഗിക്കേണ്ടിവരുമ്പോള്‍ ഏകീകൃത നേതൃത്വത്തിന്റെ ആവശ്യകത ഏറുന്നു. എതിര്‍പക്ഷത്തിന്റെ തന്ത്രങ്ങള്‍ എത്ര വിജയിച്ചുവെന്ന് വിലയിരുത്തി വേണം മറുതന്ത്രങ്ങള്‍ മെനയാന്‍. ഭാവിയില്‍ വരാനിരിക്കുന്ന വിപത്തുകള്‍ കൂടി കണക്കിലെടുത്ത് സമഗ്രമായ പദ്ധതികള്‍ തയാറാക്കേണ്ടതുമുണ്ട്. ആരോപണങ്ങളിലെ യുക്തിരാഹിത്യങ്ങളും അസത്യങ്ങളും അസംബന്ധങ്ങളും തുറന്നുകാട്ടി അതിന് വ്യാപക പ്രചാരണവും നല്‍കേണ്ടതുണ്ട്. 

ദുഷ്പ്രചാരണങ്ങളും പ്രകോപനങ്ങളും തങ്ങളെ ബാധിച്ചിട്ടില്ല എന്നും, ഏകദൈവ വിശ്വാസത്തില്‍ തങ്ങള്‍ അഭിമാനം കൊള്ളുന്നുവെന്നും മറുഭാഗത്തെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. മറ്റുള്ളവര്‍ പ്രചരിപ്പിക്കുന്നതു/പറയുന്നതു പോലെയും കേട്ടതു പോലെയുമല്ല തങ്ങളെന്ന് സ്വജീവിതം കൊണ്ട് തെളിയിച്ചുകൊടുക്കുക.  മറ്റുള്ളവര്‍ മനസ്സിലാക്കിയതല്ല യാഥാര്‍ഥ്യം എന്ന് ബോധ്യപ്പെടുത്താനായാല്‍ ബാക്കി കാര്യങ്ങള്‍ ബോധ്യപ്പെടുത്തല്‍ എളുപ്പമാവും. അവരുടെ കുതന്ത്രങ്ങള്‍ ഫലിക്കുന്നില്ല എന്നുവരുമ്പോള്‍ മാറിച്ചിന്തിക്കാനോ ചുരുങ്ങിയ പക്ഷം അടവുകള്‍ മാറ്റാനോ അവര്‍ നിര്‍ബന്ധിതരാവും. അത്തരം മാറ്റങ്ങള്‍ അവരുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടാനും ഇടയാക്കും.

പ്രതികരിക്കേണ്ടതിനോട് പ്രതികരിക്കാനും അല്ലാത്തത് അവഗണിക്കാനും വക്താക്കളെ നിയോഗിക്കുക, വ്യക്തിപരമായി പ്രതികരിക്കുന്നതില്‍നിന്ന് അണികളെ വിലക്കുക,  നവ മാധ്യമങ്ങളില്‍ അനാവശ്യ ഇടപെടല്‍ ഒഴിവാക്കുക,  അര്‍ഥശൂന്യമായ വിമര്‍ശനങ്ങള്‍ അവഗണിക്കുക എന്നിവ സ്വീകരിക്കാവുന്ന നിലപാടുകളാണ്. 

വ്യാജപ്രചാരണത്തെ ചെറുക്കാന്‍ ധാര്‍മികതയില്‍ അധിഷ്ഠിതമായ മാര്‍ഗങ്ങള്‍ മാത്രം ഉപയോഗിക്കുക. വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നവരെയും അവര്‍ ഉപയോഗിക്കുന്ന മാധ്യമങ്ങളെയും തുറന്നുകാട്ടി അവരുടെ വിശ്വാസ്യത ചോദ്യം ചെയ്യുക. 


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-25 / അല്‍ ഫുര്‍ഖാന്‍ / 19-22
എ.വൈ.ആര്‍