Prabodhanm Weekly

Pages

Search

2016 നവംബര്‍ 04

2974

1438 സഫര്‍ 04

സമത്വത്തെക്കുറിച്ച കിനാവുകള്‍ തല്‍ക്കാലം നമുക്ക് മാറ്റിവെക്കാം

സമദ് കുന്നക്കാവ്

ഇലകളിലിപ്പോഴും മഞ്ഞുവീഴുന്നുണ്ടേണ്ടാ 

എന്ന് ചോദിക്കുന്ന അതേ ലാഘവത്തോടെ 

'നീ ഇപ്പോഴും ഈ നാടിനെ സ്‌നേഹിക്കുന്നുവോ' 

'.....പക്ഷേ, ഈ ഇന്ത്യയെയല്ല

ഈ എല്ലിന്‍ താഴ്‌വരയെയല്ല' 

(പനി- സച്ചിദാനന്ദന്‍)

 

ഇന്ത്യയെന്നത് കേവലമൊരു നാടിന്റെ പേരല്ല. മറിച്ച്, ലോകത്തിന് മുമ്പില്‍ നമുക്ക് അഭിമാനിക്കാന്‍ വക നല്‍കുന്നൊരു വികാരമാണ്. സാംസ്‌കാരിക വൈവിധ്യങ്ങളുടെ നിറക്കൂട്ടില്‍ ചാലിച്ചെടുത്ത ദേശബോധം, ദേശപാരമ്പര്യം. ഇതാണ് എക്കാലവും ഇന്ത്യക്ക് അവകാശപ്പെടാനുള്ളത്. മതപരമായ കൂടിക്കലരലുകളും സാംസ്‌കാരികമായ ഇഴയടുപ്പങ്ങളുമാണ് ഇന്ത്യയുടെ എക്കാലത്തെയും കരുത്ത്. ആ വൈവിധ്യങ്ങളും വൈജാത്യങ്ങളുമാകട്ടെ നമ്മുടെ സാമൂഹിക ജീവിതത്തെ ഒരിക്കലും നിശ്ചലമാക്കിയില്ല. സാമൂഹിക പുരോഗതിയെ അതൊട്ടും അസാധ്യമാക്കിയുമില്ല. ഭാഷ കൊണ്ടോ സംസ്‌കാരം കൊണ്ടോ നരവംശശാസ്ത്രം കൊണ്ടോ ഇന്ത്യ ഒരിക്കലും ഒരൊറ്റ ജനതയായിരുന്നില്ല. നാനാഭാഷകള്‍ സംസാരിച്ച്, വ്യത്യസ്ത ദേശങ്ങളില്‍ ജീവിച്ച്, ഒട്ടനവധി മതങ്ങളില്‍ പുലര്‍ന്ന്, എണ്ണിയാലൊടുങ്ങാത്ത നരവംശങ്ങളായിട്ടാണ് ഇന്ത്യന്‍ ജനത നിലനിന്നത്. ഈ ഇന്ത്യന്‍ ജനതയെ മുഴുവന്‍ കൂട്ടിയിണക്കിയ ഒരേയൊരു യുക്തി നാം ഇന്ത്യക്കാരാണ് എന്ന ആത്മബോധമായിരുന്നു. ഇന്ത്യയുടെ ഈ യശസ്സിനെ പാട്ടുരൂപമാക്കിയപ്പോള്‍ അതിന് പ്രാദേശികമായി വൈവിധ്യങ്ങളേറെയുണ്ടായിരുന്നു. 'സാരേ ജഹാംസെ അഛാ' എന്നാണ് ഇഖ്ബാല്‍ പാടിയതെങ്കില്‍ തമിഴ്‌നാട്ടില്‍ ഭാരതി പാടിയത് 'പാരിക്കുള്ളൈ നാട് എന്‍ ഭാരത നാട്' എന്നായിരുന്നു. കേരളത്തിലാകട്ടെ വള്ളത്തോള്‍ 'ഭാരതമെന്ന പേരുകേട്ടാല്‍ അഭിമാനപൂരിതമാകണം' എന്ന് അതിനെ മലയാളീകരിച്ചു. അങ്ങനെ നാനാത്വത്തില്‍ ഏകത്വം എന്നതിനെ പല പാട്ടുകളിലൂടെ ഒരൊറ്റ സംഘ ഗാനമായി നാം വികസിപ്പിച്ചു. എന്നാല്‍, ഒരൊറ്റ പാട്ടേ പാടാന്‍ പറ്റൂ എന്നതാണ് ഇന്ന് നാം പറഞ്ഞുകേള്‍ക്കുന്നത്. 

 

മതസഹിത മതേതരത്വത്തിന്റെ കേരളീയ പരിസരം

സാംസ്‌കാരിക ബഹുത്വങ്ങളുടെ സൗന്ദര്യാത്മകമായ തുടര്‍ച്ച തന്നെയാണ് കേരളത്തിലും കാണാന്‍ സാധിക്കുന്നത്. 'സാംസ്‌കാരിക വൈവിധ്യങ്ങളുടെ കേദാരം' എന്ന് പുകഴ്‌പ്പെറ്റ നമ്മുടെ ദേശപാരമ്പര്യത്തെ ശരിവെച്ച തുരുത്തായിരുന്നു കേരളം. മതങ്ങള്‍ക്കിടയിലുള്ള കൊടുക്കല്‍ വാങ്ങലുകള്‍, സംസ്‌കാരങ്ങള്‍ക്കിടയിലുള്ള ആദാനപ്രദാനങ്ങള്‍ വ്യത്യസ്ത മതവിഭാഗങ്ങളെ പലവിധത്തില്‍ പരിപോഷിപ്പിച്ചു. പ്രശാന്തതയുടെ ഈ സ്വഛ തീരങ്ങളില്‍ രാപാര്‍ത്ത നമ്മുടെ ജീവിത നിലവാരവും അതിനാല്‍ ആപേക്ഷികമായി ഉയര്‍ന്നതായിരുന്നു. എന്നാല്‍, സാംസ്‌കാരിക വൈവിധ്യങ്ങളുടെ ഈ കനകഭൂമിയിലേക്കും ഫാഷിസം കാലെടുത്തുവെച്ചിരിക്കുന്നു. അതാകട്ടെ, കേരളത്തിന്റെ മണ്ണിലും മനസ്സിലും വേര്‍തിരിവിന്റെ പുതിയ കള്ളികള്‍ തീര്‍ത്തുകൊണ്ടിരിക്കുന്നു. മറ്റുള്ളവരുടെ വാക്കുകള്‍ സംഗീതം പോലെ ആസ്വദിക്കപ്പെട്ടിരുന്ന ജനാധിപത്യത്തിന്റെ ഉള്ളുതുറന്ന സംവാദ സദസ്സുകള്‍ നമ്മളില്‍നിന്ന് കടലെടുത്തുപോകുന്നു. ശരാശരി മലയാളിയുടെ കാഴ്ചകളില്‍ പോലും ഇന്ന് മുന്‍വിധികളുടെ വെള്ളെഴുത്ത് പടര്‍ന്നിരിക്കുന്നു. വോട്ടിംഗ് ശതമാനത്തിന്റെ സൂചികകളെ അപ്രസക്തമാക്കി ഫാഷിസത്തിന്റെ സാംസ്‌കാരിക ബോധങ്ങള്‍ക്ക് നമ്മുടെ പൊതുബോധത്തിനകത്ത് സ്വാധീനം കൈവന്നിരിക്കുന്നു.

കേരളത്തിന്റെ ചരിത്രത്തിനും പാരമ്പര്യത്തിനും പറയാനുള്ളത് പക്ഷേ മറ്റൊരു കഥയാണ്. കേരളത്തിന്റെ ആദിമ ചരിത്രം പഠിക്കുന്ന ഒരു ഗവേഷക വിദ്യാര്‍ഥിക്ക് സാമൂതിരിയെ ഒഴിച്ചുനിര്‍ത്തിക്കൊണ്ട് കുഞ്ഞാലി മരക്കാറുടെ ചരിത്രം പഠിക്കുക സാധ്യമല്ല. കുഞ്ഞാലി  മരക്കാറെ മാറ്റിനിര്‍ത്തിക്കൊണ്ട് സാമൂതിരിയെക്കുറിച്ച ചരിത്രപഠനവും സാധ്യമല്ല. ഉണ്ണിമൂസാ മൂപ്പന്റെയും ചെമ്പന്‍ പോക്കറിന്റെയും അത്തന്‍ കുരിക്കളുടെയും അസാന്നിധ്യത്തില്‍ പഴശ്ശിരാജയെക്കുറിച്ച ചരിത്രം പൂര്‍ണമാവുകയില്ല. വക്കം മൗലവിയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ നാരായണ ഗുരുവിനെയോ സഹോദരന്‍ അയ്യപ്പനെയോ സ്വദേശാഭിമാനി രാമകൃഷ്ണപ്പിള്ളയെയോ വിസ്മരിക്കാനാവില്ല. ഇത് കേവലം ചരിത്രത്തിന്റെ വിഷയത്തില്‍ മാത്രമല്ല, നവോത്ഥാന സാഹിത്യത്തിന്റെ ചരിത്രത്തില്‍, ആധുനിക സംഗീതത്തിന്റെ ചരിത്രത്തില്‍ എല്ലാം ഈ സാംസ്‌കാരികമായ ഇഴയടുപ്പങ്ങള്‍ കാണാന്‍ കഴിയും. വൈക്കം മുഹമ്മദ് ബഷീറും തകഴി ശിവശങ്കരപ്പിള്ളയും പൊന്‍കുന്നം വര്‍ക്കിയും ചേര്‍ന്നൊരുക്കിയ സാഹിത്യത്തിന്റെ നവോത്ഥാന ഭാവുകത്വത്തിന് ഇപ്പോഴും വലിയ അളവിലൊന്നും ക്ലാവ് പിടിച്ചിട്ടില്ല. ആധുനിക സംഗീതത്തിന്റെ ചരിത്രം പരിശോധിച്ചാല്‍ പി. ഭാസ്‌കരനും ബാബുരാജും യേശുദാസും ചേര്‍ന്നൊരുക്കിയ സംഗീത മധുരം തന്നെയാണ് നാമിപ്പോഴും നൊട്ടിനുണഞ്ഞുകൊേണ്ടയിരിക്കുന്നത്.

നിര്‍ഭാഗ്യവശാല്‍ നമ്മളിപ്പോഴും വിചാരിക്കുന്നത് മതേതരത്വമെന്നത് പുറത്തുനിന്നാരോ നമ്മുടെ നാട്ടിലേക്ക് ഇറക്കുമതി ചെയ്തു എന്നാണ്. യഥാര്‍ഥത്തില്‍ മതേതരത്വമെന്നത് നമ്മള്‍ താഴെതട്ടില്‍ പരസ്പരം ജീവിച്ചുണ്ടാക്കിയ ഒരനുഭവത്തിന്റെ പേരാണ്. മതത്തിന് അപ്പുറവും ഇപ്പുറവും ഇരുന്ന് പരസ്പരാശ്രിതത്വത്തില്‍ കൈകോര്‍ത്തപ്പോള്‍ രൂപപ്പെട്ടുവന്ന ജീവിത സംസ്‌കാരമാണ് മതേതരത്വം. അന്യോന്യം ആശ്രയിച്ചും പരസ്പരം പൂരിപ്പിച്ചും മാത്രമേ ജീവിക്കാന്‍ പറ്റൂ എന്ന് വന്നപ്പോള്‍ നാം തന്നെ പണിതുണ്ടാക്കിയ സമഭാവനയായിരുന്നു സെക്യുലരിസം. അങ്ങനെ പരസ്പരബന്ധത്തില്‍ ജീവിച്ചുണ്ടായ അതിവിപുലമായൊരു ജീവിതാനുഭവമാണ് ഇന്ത്യക്കും കേരളത്തിനുമുള്ളത്. അഞ്ചുനേരം നമസ്‌കരിക്കാത്ത മുസ്‌ലിംകളെ ശിക്ഷിക്കാന്‍ സാമൂതിരി വ്യവസ്ഥയുണ്ടാക്കുന്നത് ഈ അന്യോന്യാശ്രിതമായ ജീവിതത്തിന്റെ ഫലമായാണ്. സാമൂതിരിയുടെ കച്ചവടം മുഴുവന്‍ നടക്കുന്നത് മലബാറിലെ മുസ്‌ലിംകളെ കേന്ദ്രീകരിച്ചുകൊണ്ടായിരുന്നു എന്നതിനാല്‍ മുസ്‌ലിംകളുടെ മതജീവിതത്തിലെ വിശുദ്ധി കാത്തുസൂക്ഷിക്കുന്നത് കച്ചവടത്തിലെ സത്യസന്ധതക്കും ഉപകാരപ്പെടുമെന്ന് മറ്റാരേക്കാളും സാമൂതിരിക്കറിയാമായിരുന്നു. ഇങ്ങനെ മതങ്ങളുടെ പരസ്പര വിനിമയത്തിലൂടെ രൂപപ്പെട്ട അനുഭവവും ചരിത്രവുമാണ് മതേതരത്വം. മതവിശ്വാസത്തിനകത്ത് മതനിരപേക്ഷത പുലര്‍ത്താന്‍ കഴിഞ്ഞ ഈ പാരമ്പര്യത്തെയാണ് സാമൂഹികചരിത്രത്തില്‍നിന്ന് നാം കണ്ടെടുക്കേണ്ടത്.

 

മതത്തിന് മതേതരത്വത്തോട് പറയാനുള്ളത്

മതത്തെ ചൊല്ലിയുള്ള മതേതര ഉത്കണ്ഠകളാണ് ഇന്നെങ്ങും ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. പടികടത്തിയ മതം കൂടുതല്‍ കരുത്തോടെ വീണ്ടും കുടിയിരിക്കുന്നുവെന്നും അതാകട്ടെ ഇന്ത്യയുടെയും കേരളത്തിന്റെയും മതനിരപേക്ഷതക്ക് വലിയ വിള്ളല്‍ വീഴ്ത്തിയിരിക്കുന്നുവെന്നുമാണ് വാദം. പറഞ്ഞത് ഒരു നിലക്ക് ശരിയാണ്. പാരമ്പര്യവാദത്തിന്റെ മറവില്‍ ആചാരങ്ങളെല്ലാം പുനരുദ്ധരിക്കപ്പെട്ടിരിക്കുന്നു. സാംസ്‌കാരിക ദേശീയതയുടെ പൊയ്ക്കാലുകളില്‍ കയറി ഹിന്ദുത്വം അധികാരം കൈയടക്കിയിരിക്കുന്നു. അതൊരാചാര മേല്‍ക്കോയ്മയായി സാംസ്‌കാരിക അധീശത്വമായി, ഭക്ഷണ ശീലമായി ഇന്ത്യയെ പിന്നെയും പിന്നെയും ഭയപ്പെടുത്തുന്നു. മതം ഒരു യാഥാര്‍ഥ്യമാണെന്നിരിക്കെ അതിനെ അങ്ങനെയൊന്നും തല്ലിക്കെടുത്താനാവില്ല. മതവും വര്‍ഗവും തമ്മില്‍ ഏറ്റുമുട്ടിയാല്‍ ആത്യന്തിക വിജയം മതത്തിന് തന്നെയായിരിക്കും. ദൈവവും നവോത്ഥാന നായകരും മത്സരിച്ചാല്‍ ദൈവം തന്നെ ചാമ്പ്യനാകും. ശ്രീകൃഷ്ണനെ നേരിടാന്‍ നാരായണ ഗുരുവിനെ കളത്തിലിറക്കിയാല്‍ നാരായണ ഗുരുവിനെ ശ്രീകൃഷ്ണന്‍ വലിച്ചെടുക്കും. ഇടതുപക്ഷമടക്കമുള്ള മതേതര സംഘടനകളുടെ കാലിടറുന്നത് ഈ വഴിയില്‍ വെച്ചാണ്. മതംവെച്ച് ഇടതുപക്ഷം സംഘ് പരിവാറിനോട് ഗുസ്തി പിടിച്ചാല്‍ ആ ഗോദയില്‍ അധികകാലം പിടിച്ചുനില്‍ക്കാനാവില്ല. കാരണം, സംഘ് പരിവാര്‍ നിലനില്‍ക്കുന്നത് മതത്തിന്റെ തണല്‍ പറ്റിയാണ്. 

ഭരണകൂടം മതനിരപേക്ഷമായാല്‍ മതി, രാഷ്ട്രം തനിയെ മതേതരമാകും എന്നതായിരുന്നു ഇന്ത്യയില്‍ ഒരുകാലത്തുള്ള തെറ്റിദ്ധാരണ. എന്നാല്‍, ഇന്ത്യയില്‍ ഭരണകൂടമെന്നത് ഭൂരിപക്ഷ മതാധികാരത്തിന്റെ സംരക്ഷണമാണ് പലപ്പോഴും ഉറപ്പുവരുത്തിയത്. 'നാനാത്വത്തില്‍ ഏകത്വം' എന്നതിന് മാരിവില്ലിന്റെ അഴകാണുള്ളതെങ്കിലും ഇന്ത്യയില്‍ പക്ഷേ, എപ്പോഴും ഒരു സാംസ്‌കാരിക ധാര പ്രബലമായിരുന്നു. പത്തൊമ്പതാം നൂറ്റാണ്ട് മുതലാരംഭിക്കുന്ന ഇന്ത്യന്‍ ദേശീയത നിവര്‍ന്നുനിന്നതുതന്നെ വൈദിക ഭൂതകാലത്തിന്റെ ഊര്‍ജം വലിച്ചെടുത്തുകൊണ്ടായിരുന്നു. ഈയൊരു സാംസ്‌കാരിക പാരമ്പര്യത്തെ സാംസ്‌കാരിക ദേശീയതയാക്കി വികസിപ്പിച്ചെടുത്തു എന്നതാണ് ഇന്ത്യന്‍ ഫാഷിസം നേടിയ വിജയം. ആ സംസ്‌കാരത്തിനെതിരുനില്‍ക്കുന്ന ഏത് വിഭാഗത്തെയും സംസ്‌കാരത്തെയും അത് അപരവല്‍ക്കരിക്കുന്നു. ഈ സാംസ്‌കാരിക പൊതുബോധത്തെ മതത്തിന്റെ പുടവയുമുടുപ്പിച്ച് നടത്തുകയാണ് സംഘ്പരിവാര്‍. നിലവിളക്ക്, ശ്രീകൃഷ്ണ ജയന്തി, ഗണേശോത്സവം തുടങ്ങി ഒട്ടനവധി സാംസ്‌കാരിക ബിംബങ്ങളിലൂടെയും ആചാര മാമാങ്കങ്ങളിലൂടെയും തങ്ങളുടെ രാഷ്ട്രീയ അജണ്ടകള്‍ നടപ്പിലാക്കാന്‍ സംഘ് പരിവാറിന് എളുപ്പത്തില്‍ സാധിക്കുന്നു. മതേതരമായിരിക്കുമ്പോള്‍തന്നെ ഈ സവര്‍ണ സംസ്‌കാരത്തെ അറിഞ്ഞും അറിയാതെയും പുല്‍കാനും നെഞ്ചോടടുപ്പിക്കാനും ശ്രമിക്കുന്നു എന്നതാണ് മതേതരത്വത്തിന് സംഭവിക്കുന്ന അപചയം. സംഘ് പരിവാര്‍ പ്രതിനിധീകരിക്കുന്ന മതത്തിന്റെ ഈ അധീശ മതസംസ്‌കാരത്തെയും ഇന്ത്യ എക്കാലവും പ്രതിനിധീകരിച്ച മതസഹിത മതേതരത്വത്തെയും വേര്‍തിരിച്ചുകാണാനുള്ള ഉള്‍ക്കാഴ്ചയാണ് മതേതരവാദികള്‍ക്ക് വേണ്ടത്. മതവിശ്വാസിക്ക് ഒരിക്കലും മതേതരവാദിയാവാന്‍ കഴിയില്ല എന്നത് ആത്യന്തികമായി ഒരു പടിഞ്ഞാറന്‍ കൊളോണിയല്‍ യുക്തിയാണ്. മതങ്ങള്‍ക്കിടയിലെ പരസ്പര വിനിമയങ്ങള്‍ യൂറോപ്പിന് അപരിചിതമാകാം. ഏകമതം മാത്രം കണ്ടുശീലിച്ച അവര്‍ക്ക് മത-രാഷ്ട്ര വിഭജനമെന്ന പോംവഴി മാത്രമേ മുന്നിലുണ്ടായിരുന്നുള്ളു. എന്നാല്‍, മതങ്ങളനവധി കണ്ട ഇന്ത്യന്‍ മണ്ണില്‍ ആ വിത്ത് മുളക്കില്ലെന്ന് ഇനിയെങ്കിലും മതേതരവാദികള്‍ തിരിച്ചറിയണം. മതങ്ങളും മതവിശ്വാസികളും പരസ്പരം ജീവിച്ചുണ്ടാക്കിയ പാരമ്പര്യത്തിന്റെ അഭാവത്തില്‍ മതേതരത്വത്തെക്കുറിച്ച് നാമെത്ര വാചാലമായിട്ടും കാര്യമില്ല.

 

വൈവിധ്യങ്ങളെ വൈരുധ്യങ്ങള്‍ കൊണ്ട് ഉടച്ചുകളയരുത്

സാംസ്‌കാരികമായ വൈവിധ്യങ്ങള്‍ എമ്പാടുമുള്ള രാജ്യമാണ് ഇന്ത്യ. ഈ വൈവിധ്യങ്ങളെ വൈരുധ്യങ്ങളായി കാണുന്നു എന്നതാണ് നമ്മുടെ സമകാലിക ദുരന്തങ്ങള്‍ക്ക് കാരണം. സാംസ്‌കാരികമായ ബഹുലതകളെ വൈവിധ്യങ്ങളായി കാണാനാണ് നവോത്ഥാന നായകന്മാര്‍ നമ്മെ ശീലിപ്പിച്ചത്. വൈക്കം മുഹമ്മദ് ബഷീറെഴുതിയ പ്രേമലേഖനം എന്ന കഥ മാത്രം മതി ഇതിന്റെ തെളിവായി. പ്രേമലേഖനം എന്ന കഥയില്‍ കഥാപാത്രം രണ്ടു പേരാണ്. ഒന്ന് സാറാമ്മ, മറ്റൊന്ന് കേശവന്‍ നായര്‍. പ്രണയബന്ധിതരായ ഇവര്‍ വിവാഹം കഴിക്കാന്‍ തീരുമാനിക്കുന്നു. വിവാഹാനന്തരം അവര്‍ ഭക്ഷണം കഴിക്കാന്‍ ഒരു ഹോട്ടലില്‍ കയറുന്നു. വെയിറ്റര്‍ വരുന്നു. കേശവന്‍ നായര്‍ ഓര്‍ഡര്‍ കൊടുക്കുന്നു; രണ്ട് ചായ. സാറാമ്മ ഉടന്‍ അത് തിരുത്തുന്നു; അല്ല രണ്ട് കാപ്പി. കേശവന്‍ നായര്‍ വീണ്ടും ശഠിക്കുന്നു; രണ്ട് ചായ. സാറാമ്മ വീണ്ടും തിരുത്തുന്നു; രണ്ട് കാപ്പി. വെയിറ്റര്‍ ധര്‍മസങ്കത്തിലാവുന്നു. അവസാനം കഥാനായകനായ കേശവന്‍ നായരുടെ നാവിലൂടെ ബഷീര്‍ അതിന് തീര്‍പ്പുകല്‍പ്പിക്കുന്നു. ഒരു കാപ്പി, ഒരു ചായ. സാറാമ്മ മന്ദഹാസം തൂകുന്നു. ബഷീര്‍ തുടര്‍ന്നെഴുതുന്നത് വളരെ ശ്രദ്ധേയമാണ്; പിറ്റേന്നും പതിവുപോലെ സൂര്യനുദിച്ചു, ഒരു ചുക്കും സംഭവിച്ചില്ല. വൈവിധ്യവും വൈരുധ്യവും സൃഷ്ടിക്കുന്ന വ്യത്യസ്തമായ സാമൂഹിക പരിണതികളെ മനോഹരമായ ഒരാഖ്യാനത്തിലൂടെ നമ്മെ ബോധ്യപ്പെടുത്തുകയാണ് ഇവിടെ ബഷീര്‍. ഒരു മൃഗത്തിനെയും കൊല്ലരുത് എന്ന കേവല തത്ത്വങ്ങള്‍ക്കപ്പുറം ഒരു മൃഗത്തിന്റെ പേരിലും പരസ്പരം കൊല്ലരുത് എന്ന മാനവികമായ ഒരാത്മബോധത്തിലേക്ക് എത്തിച്ചേരാന്‍ ആ വാക്കുകള്‍ നമ്മെ സഹായിക്കുന്നു.

 

മതേതരത്വമെന്നാല്‍ സഹിഷ്ണുതയല്ല

ജനാധിപത്യത്തെക്കുറിച്ചും മതേതരത്വത്തെക്കുറിച്ചുമാണ് നാമിന്ന് വാതോരാതെ സംസാരിച്ചുകൊണ്ടിരിക്കുന്നത്. മതേതരത്വമെന്നതിന് സഹിഷ്ണുത എന്നതാണ് പലപ്പോഴും നമ്മള്‍ കൊടുക്കാറുള്ള ഒരര്‍ഥം. മതേതരത്വമെന്നത് മറ്റു മതങ്ങളോടുള്ള സഹിഷ്ണുത മാത്രമല്ല. കാരണം, സഹിഷ്ണുത എന്ന പദത്തിന് ആശയപരമായി ഒട്ടേറെ പരിമിതികളുണ്ട്. മറ്റു മതങ്ങളെക്കൂടി സഹിക്കുന്നു, മറ്റു മതങ്ങളെക്കൂടി ഇവിടെ നിലനില്‍ക്കാന്‍ അനുവദിക്കുന്നു എന്നതാണ് ആ പദത്തിന്റെ പരിമിതി. മതേതരത്വത്തിന്റെ അടിസ്ഥാനപരമായ സത്ത മതങ്ങള്‍ക്കിടയിലുള്ള സാഹോദര്യമാണ്. ഈ സാഹോദര്യമാകട്ടെ മതങ്ങളില്‍ മാത്രം ഒതുങ്ങിനില്‍ക്കേണ്ടതുമല്ല. തത്ത്വശാസ്ത്രങ്ങള്‍ക്കും വിവിധ വിശ്വാസ സംഹിതകള്‍ക്കുമെല്ലാം ഒരുപോലെ ബാധകമായ ഒന്നാണ് സാഹോദര്യം. ഈശ്വരനില്ലാത്ത മതങ്ങള്‍ പോലുമുള്ള രാജ്യമാണ് നമ്മുടെ ഇന്ത്യ. ബുദ്ധ-ജൈന മതങ്ങള്‍ പോലെ, ചാര്‍വാക-സാംഖ്യ ദര്‍ശനങ്ങള്‍ പോലെ ഈശ്വരന്‍ പോലുമില്ലാത്ത ദര്‍ശനങ്ങളുണ്ട്. വിഭിന്നങ്ങളായ ഈ ദര്‍ശനങ്ങളെല്ലാം പരസ്പരം സംവദിച്ചും സഹകരിച്ചും സ്‌നേഹത്തോടെ സഹവസിച്ച പാരമ്പര്യമാണ് നമ്മുടേത്. അമര്‍ത്യാ സെന്‍ സൂചിപ്പിക്കുന്നതുപോലെ, നാം സംവാദങ്ങളിലൂടെ പുലര്‍ന്നുപോന്ന ജനതയാണ്. എന്നാല്‍, ഇന്ന് അന്തരീക്ഷം മാറിയിരിക്കുന്നു. പണ്ട് ശ്രീരാമന്റെ വനവാസക്കാലത്ത് അദ്ദേഹത്തെ മടക്കിവിളിക്കാനായി സഹോദരന്‍ ഭരതന്‍ കാട്ടിലേക്ക് വരുന്ന സന്ദര്‍ഭമുണ്ട്. ഭരതനോടുള്ള ശ്രീരാമന്റെ ആദ്യ ചോദ്യം നാട്ടിലെ പ്രജകളില്‍ ചാര്‍വാകന്മാര്‍ക്ക് സുഖമല്ലേ എന്നതായിരുന്നു. അന്ന് കേവല ശതമാനം വരുന്ന ന്യൂനപക്ഷമായിരുന്നു ചാര്‍വാകന്മാര്‍. ഈ ന്യൂനാല്‍ ന്യൂനപക്ഷത്തിന്റെ ക്ഷേമമന്വേഷിച്ച ശ്രീരാമന്റെ പേരിലാണ് ഇന്ത്യയില്‍ ഒരാരാധനാ മന്ദിരം മൂക്കുകുത്തി വീണത്. വാള്‍ട്ടര്‍ ബെഞ്ചമിന്‍ എന്ന ചിന്തകന്‍ ഒരിക്കല്‍ പറഞ്ഞു. ശത്രു വിജയിച്ചാല്‍ മരിച്ചവര്‍ക്ക് പോലും രക്ഷയില്ല. ശത്രു വിജയിക്കുന്നതാകട്ടെ നിര്‍ത്തിയിട്ടുമില്ല. ഇതാണ് യഥാര്‍ഥത്തില്‍ ഇന്ത്യയുടെ സമകാലിക അവസ്ഥ. ചരിത്രം മാറ്റിയെഴുതുന്നതിനെക്കുറിച്ച് നമ്മള്‍ ഇന്ന് കേട്ടുകൊണ്ടിരിക്കുന്നു. ചരിത്രം മാറ്റിയെഴുതുക എന്നുപറഞ്ഞാല്‍ മരിച്ചവര്‍ക്ക് പോലും രക്ഷയില്ല എന്നാണ് അര്‍ഥം. മരിച്ച മഹാന്മാരുടെ പേരില്‍ പോലും നുണകള്‍ എഴുതിപ്പിടിപ്പിച്ച് അവരുടെ ചരിത്രവും ചിത്രവും മാറ്റിമറിക്കാന്‍ ഇന്ന് ഫാഷിസത്തിന് കഴിഞ്ഞിരിക്കുന്നു.

ജനാധിപത്യവും ഈയര്‍ഥത്തില്‍ പുനഃപരിശോധിക്കേണ്ട കാലത്താണ് നാമുള്ളത്. മലയാളത്തിലായാലും ഇംഗ്ലീഷിലായാലും ജനാധിപത്യം എന്ന വാക്കില്‍ തന്നെ ആധിപത്യം എന്ന ആശയം ഉള്‍ച്ചേര്‍ന്നിട്ടുണ്ട്. ആധിപത്യം, ക്രസി എന്നീ വാക്കുകളുടെ സഹായമില്ലാതെ ജനാധിപത്യമെന്ന ആശയത്തെ ഒരിക്കലും നമുക്ക് പ്രകാശിപ്പിക്കുക സാധ്യമല്ല. അതിനാല്‍ ജനാധിപത്യത്തില്‍ ഫാഷിസത്തിന് എപ്പോഴും ഒരു മുറി ഒഴിഞ്ഞുകിടപ്പുണ്ട്. അഞ്ചുവര്‍ഷം കൂടുമ്പോള്‍ നടക്കുന്ന വോട്ടെടുപ്പും അതിലൂടെ തെരഞ്ഞെടുക്കുന്ന ഭരണകൂടവും അവരുടെ ഭരണകൂട സംവിധാനവും മാത്രമല്ല ജനാധിപത്യം. അഥവാ ഭൂരിപക്ഷഹിതം മാത്രമല്ല ജനാധിപത്യം. അതാണ് ജനാധിപത്യമെന്ന് വിശ്വസിച്ചാല്‍ ജനാധിപത്യം ഫാഷിസമാകും. നൂറു കുടുംബങ്ങളുള്ള ഒരു ഗ്രാമത്തില്‍ പശുവിറച്ചി കഴിച്ചു എന്ന പേരില്‍ ഒരാെള തല്ലിക്കൊല്ലുന്നത് ജനാധിപത്യമല്ല, ഫാഷിസമാണ്. വിശാലമായ അര്‍ഥത്തില്‍ ജനാധിപത്യമെന്നത് ഇതര മനുഷ്യരെക്കുറിച്ചുള്ള കരുതലും ഉള്‍ക്കൊള്ളലുമാണ്. 99 കുടുംബങ്ങളും ചേര്‍ന്ന് ഒരു കുടുംബത്തെ പരിഗണിക്കുമ്പോഴാണ് ജനാധിപത്യം ഉള്‍പുളകമായി നമുക്കാസ്വദിക്കാനാവുക. ജനാധിപത്യത്തിന്റേതും സാഹോദര്യത്തിന്റേതുമായ ഈ മനുഷ്യപ്പറ്റിന് മുകളിലാണ് ഫാഷിസം ഇന്ന് കഴുകന്‍കൂട് കൂട്ടിയിരിക്കുന്നത്. അതിനാല്‍ സാഹോദര്യത്തെക്കുറിച്ചും മതേതരത്വത്തെക്കുറിച്ചുമുള്ള ശുഭാപ്തി കൊണ്ട് മാത്രമേ നമുക്ക് അതിജീവനം സാധ്യമാവുകയുള്ളു. 

 

സമത്വമല്ല; സാഹോദര്യമാണ് വേണ്ടത്

ജാതിവിരുദ്ധ പ്രക്ഷോഭങ്ങളുടെ ആര്‍പ്പുവിളികള്‍ കൊണ്ട് മുഖരിതമാണ് കേരളത്തിന്റെ ചരിത്രം. ജാതി ഘടന ഇന്ത്യയിലെ അടിസ്ഥാന ജനവിഭാഗങ്ങള്‍ക്ക് നിഷേധിച്ചതെന്തായിരുന്നു എന്നാലോചിച്ചാല്‍ കിട്ടുന്ന ഉത്തരം സാഹോദര്യം എന്നാണ്. ജാതി എന്നത് സ്വയം ഒരു സിദ്ധാന്തമാണെങ്കില്‍ ജാതിപീഡനം എന്നത് അതിന്റെ പ്രയോഗവത്കരണമാണ്. ജാതി നിലനില്‍ക്കുന്നിടത്തോളം കാലം ജാതിമര്‍ദനവും തുടര്‍ന്നുകൊണ്ടേയിരിക്കും. ഓരോ ജാതിയും അവരവരുടെ ജാതിക്കകത്തു മാത്രം സാഹാദര്യം കാണുകയും അതിനേക്കാള്‍ താഴ്ന്നവര്‍ക്ക്  അത് നിഷേധിക്കുകയും ചെയ്തു എന്നതാണ് കേരളത്തിന്റെ ചരിത്രം. അതിനാല്‍ ജാതീയ വിഭജനങ്ങളെയെല്ലാം മറികടക്കാനുള്ള ഒറ്റമൂലി സാഹോദര്യമാണ്.

വ്യത്യസ്ത സമൂഹങ്ങള്‍ക്കിടയിലുണ്ടാകണം എന്ന് നമ്മള്‍ ആഗ്രഹിക്കുന്ന സമത്വം കാല്‍പനികമായ ഒരു സ്വര്‍ഗരാജ്യം മാത്രമാണ്. സിദ്ധാന്തഭദ്രമായി സമത്വത്തെക്കുറിച്ച് നമുക്ക് സംസാരിക്കാമെങ്കിലും അത്രതന്നെ സിദ്ധാന്തഭദ്രമായി നമുക്കതിനെ പ്രയോഗവത്കരിക്കാന്‍ സാധിക്കില്ല. മതങ്ങള്‍ക്കിടയില്‍ രൂപപ്പെടേണ്ടത് സമത്വമല്ല മറിച്ച്, സാഹോദര്യമാണ്. സമത്വസമ്പൂര്‍ണമായ ഒരു ലോകമെന്നത് ഉട്ടോപ്യ മാത്രമാണ്. എന്നാല്‍, സാഹോദര്യമെന്നത് ഏതൊരാള്‍ക്കും വ്യക്തിതലത്തില്‍ പരിശീലിച്ചെടുക്കാവുന്നതാണ്. ഇവിടെയാണ് മുഹമ്മദ് നബിയും മഹാത്മാ ഗാന്ധിയും ഡോ. അംബേദ്കറും ശ്രീനാരായണ ഗുരുവും സഹോദരന്‍ അയ്യപ്പനുമെല്ലാം മുന്നോട്ടുവെച്ച സാമൂഹിക ജനാധിപത്യം എന്ന ആശയത്തിന് പ്രസക്തിയേറുന്നത്. സാമൂഹിക ജനാധിപത്യം എന്ന ആശയം നമ്മുടെ സാമൂഹിക-രാഷ്ട്രീയ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രസ്ഥാനം കൈയാളുമ്പോള്‍ വ്യത്യസ്ത വിഭാഗങ്ങള്‍ക്കിടയില്‍ സാഹോദര്യമെന്നത് ഒരു മൂല്യമായും വികാരമായും ഇരിപ്പുറപ്പിക്കും. അത്തരമൊരു സാഹോദര്യസങ്കല്‍പ്പത്തെ വികസിപ്പിച്ചെടുക്കാന്‍ സാധിച്ചു എന്ന നിലയിലാണ് പ്രവാചകന്മാരും നവോത്ഥാന നായകരും ചരിത്രത്തില്‍ പ്രശോഭിതരാകുന്നത്. 

മുതലാളിയും തൊഴിലാളിയും, ഭൂവുടമയും കുടിയാനുമെല്ലാം സാമൂഹിക ജീവിതത്തിലെ ഒരു യാഥാര്‍ഥ്യമാണ്.  അത്തരം വൈരുധ്യങ്ങളെ താണ്ടിക്കടക്കാന്‍ നമ്മെ സഹായിക്കുക സാഹോദര്യമാണ്. മുതലാളിത്തം തുടരുന്ന തൊഴിലാളി ചൂഷണം അവസാനിപ്പിക്കാന്‍ തൊഴിലാളി തന്റെ സഹോദരനാണ് എന്ന മൂല്യവിചാരംകൊണ്ട് സാധിക്കും. ലോകത്ത് നടമാടുന്ന മുഴുവന്‍ സ്ത്രീപീഡനങ്ങള്‍ക്കും തടയിടാന്‍ ഒരൊറ്റ വികാരം മാത്രമേ ആവശ്യമുള്ളൂ; ലോകത്തുള്ള മുഴുവന്‍ സ്ത്രീകളും തന്റെ സഹോദരിമാരാണെന്ന വികാരം. നിങ്ങളുടെ അടിമയെ നിങ്ങളൊരിക്കലും അടിമ എന്ന് വിളിക്കരുത്. കാരണം, അവന്‍ നിങ്ങളുടെ സഹോദരനാണ് എന്ന് പ്രവാചകന്‍ മുഹമ്മദിന് പറയാന്‍ കഴിഞ്ഞത് അദ്ദേഹം ഈ സാഹോദര്യമനസ്സിന്റെ ഉടമയായതുകൊണ്ടാണ്. ഘാതകനു പോലും പൊറുത്തുകൊടുക്കണമെന്ന് പ്രവാചകന്‍ പറഞ്ഞപ്പോള്‍ അതിനദ്ദേഹം പറഞ്ഞ ന്യായം അവന്‍ നിന്റെ സഹോദരനാണെന്നതായിരുന്നു. ഈ സാഹോദര്യം തന്നെയാണ് അറേബ്യന്‍ മരുഭൂമിയിലെ മനുഷ്യ വിസ്മയം എന്ന് വിശേഷിപ്പിക്കാവുന്ന ആ പ്രവാചക പുംഗവനെ ലോകത്തെമ്പാടുമുള്ള ബഹുജനങ്ങളുടെ ആത്മസഹോദരനാക്കി മാറ്റിയത്. പാശ്ചാത്യ ലോകത്ത് പ്രവാചകനെക്കുറിച്ച് നിലനിന്ന പല അബദ്ധ ധാരണകളെയും തിരുത്തിക്കൊണ്ട് 19-ാം നൂറ്റാണ്ടില്‍ തോമസ് കാര്‍ലെയ്ല്‍ അദ്ദേഹത്തെ മാനവരാശിയുടെ മുഴുവന്‍ സഹോദരനായി വാഴ്ത്തി. ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വരും സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനം എന്ന് 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ നാരായണ ഗുരു മലയാളികളെ ഓര്‍മിപ്പിച്ചപ്പോള്‍ പ്രവാചകനുമായുള്ള അദ്ദേഹത്തിന്റെ സാഹോദര്യ സമ്പര്‍ക്കത്തെയാണ് അത് സൂചിപ്പിക്കുന്നത്. കേരളത്തില്‍ ജാതിക്കും ജാതിപീഡനങ്ങള്‍ക്കുമെതിരായി നാരായണ ഗുരുവിന്റെ ശിഷ്യനായ കെ. അയ്യപ്പന്‍ രൂപംകൊടുത്ത പ്രസിദ്ധീകരണത്തിന് സഹോദരന്‍ എന്ന പേരുകൊടുക്കാനാണ് അദ്ദേഹം ഇഷ്ടപ്പെട്ടത്. ജാതി മതഭേദങ്ങളില്ലാതാക്കാന്‍ പരിശ്രമിച്ച സഹോദരന്‍ അയ്യപ്പന്‍ സ്ഥാപിച്ച 'സഹോദര സംഘ'ത്തിന്റെ നാവായാണ് ആ പത്രം ചരിത്രത്തില്‍ അറിയപ്പെടുന്നത്. സഹോദരന്‍ എന്ന ഈ വിളിപ്പേരാകട്ടെ, പില്‍ക്കാലത്ത് അദ്ദേഹത്തിന്റെ പര്യായമായി മാറുകയും ചെയ്തു (കടപ്പാട്: ഡോ. അജയ് ശേഖര്‍). 

പുലയനയ്യപ്പന്‍ എന്ന വിളിപ്പേരിനെ പരമോന്നതമായ ഒരു ബിരുദമായി സ്വീകരിച്ച കെ. അയ്യപ്പന്‍ സഹോദരന്‍ എന്ന വിളിപ്പേരിനെയും അത്രമേല്‍ ഗാഢമായി ആലിംഗനം ചെയ്തു. സാഹോദര്യത്തിന്റെയും മാനവ തുല്യതയുടെയും നീതിയുടെയും സ്‌നേഹത്തിന്റേതുമായ ഈ തത്ത്വചിന്ത ഇസ്‌ലാമില്‍നിന്നും ക്രൈസ്തവ ദര്‍ശനങ്ങളില്‍നിന്നും ബൗദ്ധചിന്തയില്‍നിന്നും തന്നെയാണ് സഹോദരനയ്യപ്പന്‍ എന്ന കേരളീയനിലെത്തുന്നത്. അദ്ദേഹം തന്റെ മകള്‍ക്ക് നല്‍കിയ പേര് ആയിശ എന്നായിരുന്നു. അദ്ദേഹം സ്വയം സ്വീകരിച്ച സഹോദരന്‍ എന്ന നാമവും തന്റെ മകള്‍ക്ക് നല്‍കിയ ആയിശ എന്ന നാമവും തീര്‍ച്ചയായും പ്രവാചകനോടുള്ള ആദരവും സ്‌നേഹവും അടയാളപ്പെടുത്താനായി തെരഞ്ഞെടുത്തതാണെന്നതില്‍ സംശയമില്ല.

കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിലെ ഒളിമങ്ങാത്ത നക്ഷത്രങ്ങള്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന ശ്രീനാരായണ ഗുരുവും സഹോദരനയ്യപ്പനും പ്രവാചകനുമായി ഇത്രമേല്‍ ചേര്‍ന്നു നില്‍ക്കാനുള്ള കാരണമെന്താകാം എന്ന ചോദ്യത്തിന് ഇവിടെ പ്രസക്തിയുണ്ട്. ആ അടുപ്പവും പാരസ്പര്യവും തീര്‍ച്ചയായും നൈതികമായ ഒരു ബന്ധമാണ്. ഏറ്റവും അടിത്തട്ടിലുള്ള ജനതയുടെ സമ്പൂര്‍ണമായ വിമോചനത്തിലായിരുന്നു ലോകത്തെ നയിച്ച പ്രവാചകന്മാരും നവോത്ഥാന നായകരും തങ്ങളുടെ ശ്രദ്ധയൂന്നിയത്. ഏറ്റവും താഴേക്കിടയിലുള്ള ജനങ്ങളോടൊത്ത്  ജീവിക്കുകയും അവരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കുകയും അതിന് പരിഹാരം കാണുകയും ചെയ്തവരായിരുന്നു ബുദ്ധനും, ക്രിസ്തുവും മുഹമ്മദുമടക്കമുള്ള പ്രവാചകന്മാരും. ഈ ധീരമായ നീതിബോധം തന്നെയാകാം കേരളത്തിലെ നവോത്ഥാന നായകരെയും സാമൂഹിക വിപ്ലവകാരികളെയും പ്രവാചകനിലേക്ക് അടുപ്പിച്ചത്. ചരിത്രത്തിലെ ഈ മഹാമനീഷികളുടെ കൊടുക്കല്‍ വാങ്ങലുകളിലൂടെ വികസിച്ചുവന്ന ഈ സാഹോദര്യമെന്ന ആശയത്തെ കൂടുതല്‍ ദൃഢീകരിച്ചുകൊണ്ട് മുന്നോട്ടുകൊണ്ടുപോകാനാണ് നാം ശ്രമിക്കേണ്ടത്. 


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-25 / അല്‍ ഫുര്‍ഖാന്‍ / 19-22
എ.വൈ.ആര്‍