Prabodhanm Weekly

Pages

Search

2016 നവംബര്‍ 04

2974

1438 സഫര്‍ 04

ഇനിയും അവസാനിക്കാത്ത 'മലപ്പുറം കഥകളുടെ' വേരുകള്‍

ബഷീര്‍ തൃപ്പനച്ചി

''നിര്‍ദിഷ്ടമായ മലപ്പുറം ജില്ല രൂപവത്കരിക്കപ്പെട്ടാല്‍ അത് ഒരു കൊച്ചു പാകിസ്താനായിരിക്കും. മലപ്പുറത്തെ അമുസ്‌ലിംകളെ മുസ്‌ലിംകള്‍ ശല്യപ്പെടുത്തിവരുന്നുണ്ട്. ആയിരക്കണക്കിന് അമുസ്‌ലിംകളെ മതപരിവര്‍ത്തനം ചെയ്ത് മുസ്‌ലിംകളാക്കുന്ന ഒരു ഇസ്‌ലാമിക സംഘടന പൊന്നാനിയില്‍ ഉണ്ട്. മലപ്പുറം ജില്ല ഒരു കടലോര പ്രദേശമാണ്. ജില്ലാ രൂപീകരണത്തോടെ അവിടെ തീരദേശബന്ധം സ്ഥാപിക്കുന്നതിന് സാധ്യതയില്ലെന്ന് പറഞ്ഞുകൂടാ....'' (മാതൃഭൂമി ദിനപത്രം, 1969 ജൂണ്‍ 6).

ഏറനാട്, തിരൂര്‍, പെരിന്തല്‍മണ്ണ, പൊന്നാനി എന്നിവ സംസ്ഥാനത്തെ പിന്നാക്ക താലൂക്കുകളായിരുന്നു. കോഴിക്കോട്, പാലക്കാട് ജില്ലകളുടെ ഭാഗമായിരുന്നു ഈ പ്രദേശങ്ങള്‍. ഈ അവികസിത താലൂക്കുകളെ ചേര്‍ത്ത് പ്രത്യേകം ജില്ലയാക്കിയാല്‍ അവിടത്തെ വികസനത്തിന് അത് വഴിവെക്കുമെന്ന തിരിച്ചറിവാണ് മലപ്പുറം ജില്ലാ രൂപവത്കരണ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്. പ്രദേശത്തെ മുഖ്യ രാഷ്ട്ര പാര്‍ട്ടിയായ മുസ്‌ലിം ലീഗ് ഇതൊരു പാര്‍ട്ടി ദൗത്യമായി ഏറ്റെടുത്തു. ലീഗ് പ്രതിനിധികള്‍ നിയമസഭയിലും മറ്റു വേദികളിലും ഈ ആവശ്യമുയര്‍ത്തി. ഇ.എം.എസ്സിന്റെ നേതൃത്വത്തിലുള്ള സപ്തകക്ഷി മുന്നണി അധികാരത്തിലേറിയപ്പോള്‍ മുസ്‌ലിം ലീഗ് അതിലെ ഒരു പ്രബല കക്ഷിയായിരുന്നു. ഭരണസ്വാധീനം കൂടി ഉപയോഗപ്പെടുത്തി തീര്‍ത്തും ന്യായമായ ഈ ആവശ്യം നേടിയെടുക്കാന്‍ മന്ത്രിസഭയില്‍ ലീഗ് സമ്മര്‍ദം ചെലുത്തി. ഇ.എം.എസ് അതിന് പച്ചക്കൊടി കാണിച്ചതോടെ കേരളത്തിലെ പത്താമത് ജില്ലയായി മലപ്പുറം പിറവി കൊള്ളുന്നുവെന്ന വിവരം ഔദ്യോഗികമായി പുറത്തുവന്നു.

ഈ വാര്‍ത്ത പുറത്തുവന്നതോടെ ജില്ലാ രൂപവത്കരണത്തെ രൂക്ഷമായി എതിര്‍ത്ത് ഒരു വിഭാഗം രംഗത്തുവന്നു. രൂപീകരിക്കപ്പെടാന്‍ പോകുന്ന മലപ്പുറം ജില്ലയില്‍ മുസ്‌ലിംകളാണ് ഭൂരിപക്ഷമെന്നത് മാത്രമായിരുന്നു അവരുടെ എതിര്‍പ്പിന്റെ ഏക കാരണം. മുസ്‌ലിം ഭൂരിപക്ഷമുള്ള ഒരു ജില്ല ഉണ്ടായാല്‍ അത് ഒരു മിനി പാകിസ്താനാകുമെന്നും അവിടെയുള്ളവര്‍ കടല്‍വഴി പാകിസ്താനുമായി ബന്ധം സ്ഥാപിച്ച് ഇന്ത്യയുടെ സുരക്ഷതന്നെ അപകടത്തിലാക്കുമെന്നുമായിരുന്നു ജില്ലാ വിരുദ്ധരുടെ മുഖ്യ പ്രചാരണം. ബി.ജെ.പിയുടെ ആദ്യ രൂപമായ ഭാരതീയ ജനസംഘമായിരുന്നു മലപ്പുറം ജില്ലാവിരുദ്ധ നീക്കത്തിന്റെ മുന്നണിയില്‍. അപ്രതീക്ഷിതമായി ചില വ്യക്തികളില്‍നിന്നും പാര്‍ട്ടികളില്‍നിന്നും മാധ്യമങ്ങളില്‍നിന്നും അവര്‍ക്ക് പിന്തുണ ലഭിച്ചതോടെ ജില്ലാവിരുദ്ധ മുന്നണി മലപ്പുറത്തെ കുറിച്ച് അപസര്‍പ്പക കഥകള്‍ നെയ്ത് പ്രചരിപ്പിച്ചു.

മലപ്പുറം  ജില്ല യാഥാര്‍ഥ്യമായാല്‍ സംഭവിച്ചേക്കാവുന്ന ഭവിഷ്യത്തുകള്‍ ലേഖനങ്ങളായും ലഘുലേഖകളായും പത്രക്കുറിപ്പുകളായും വാര്‍ത്തകളായും സംസ്ഥാനവും കടന്ന് അങ്ങ് ദല്‍ഹി വരെ എത്തി. മലയാളത്തിന് പുറമെ ഇംഗ്ലീഷിലും ഹിന്ദിയിലും പേടിപ്പെടുത്തുന്ന 'മലപ്പുറം കഥകള്‍' പ്രചരിച്ചു. മലപ്പുറമെന്ന് കേള്‍ക്കുമ്പോള്‍ ഇതര ജില്ലക്കാര്‍ക്കും സംസ്ഥാനത്തിന് പുറത്തുള്ളവര്‍ക്കും ഇന്നും ആദ്യം മനസ്സില്‍ വരുന്ന പേടിയുടെ ഉത്ഭവം ഈ ജില്ലാവിരുദ്ധ മുന്നണി അക്കാലത്ത് പ്രചരിപ്പിച്ച അപസര്‍പ്പകഥകളുടെ ശേഷിപ്പുകളാണ്.

മലപ്പുറം ജില്ലാ രൂപവത്കരണവുമായി ബന്ധപ്പെട്ട ഇത്തരം വിവാദങ്ങളും, മലയാള പത്രങ്ങളിലും തെരുവുകളിലും അക്കാലത്ത് നടന്ന ചര്‍ച്ചകളും റഫറന്‍സ് സഹിതം അടയാളപ്പെടുത്തുന്ന ചരിത്ര രേഖയാണ് ടി.പി.എം ബഷീറിന്റെ 'മലപ്പുറം ജില്ല: പിറവിയും പ്രയാണവും' എന്ന പുസ്തകം. ഹിന്ദുസ്താന്‍ ടൈംസ്, മലയാള മനോരമ, മാതൃഭൂമി, ദേശാഭിമാനി, ചന്ദ്രിക, ജനയുഗം, ദീപിക, നവജീവന്‍, പ്രബോധനം വാരിക തുടങ്ങിയ പ്രസിദ്ധീകരണങ്ങളില്‍ ജില്ലാ രൂപവത്കരണവുമായി ബന്ധപ്പെട്ട് വന്ന ലേഖനങ്ങളും വാര്‍ത്തകളും തീയതി സഹിതം പുസ്തകത്തില്‍ ചേര്‍ത്തിട്ടുണ്ട്. നിയമസഭാ രേഖകളും മറ്റു ഔദ്യോഗിക വിവരങ്ങളും റഫറന്‍സായി ചേര്‍ത്തതിനാല്‍ ജില്ലയെ കുറിച്ച ഒരു മികച്ച ഡോക്യുമെന്റ് കൂടിയാണ് ഈ പുസ്തകം. ഓരോ പാര്‍ട്ടിയും ജില്ലാ രൂപവത്കരണത്തോട് സ്വീകരിച്ച നിലപാടുകള്‍ പത്ര റിപ്പോര്‍ട്ടുകള്‍ സഹിതം ഗ്രന്ഥകാരന്‍ അടയാളപ്പെടുത്തുന്നുണ്ട്.

 

ജനസംഘവും കെ. കേളപ്പനും

ജില്ലയുടെ മുസ്‌ലിം ഭൂരിപക്ഷ സ്വഭാവവും സ്വയം കല്‍പിത മിനി പാകിസ്താന്‍ വാദവും മതപരിവര്‍ത്തന കഥകളുമൊക്കെയായിരുന്നു ജനസംഘത്തിന്റെ ജില്ലാവിരുദ്ധ പ്രചാരണങ്ങളിലെ തുരുപ്പുചീട്ടുകള്‍. ഒ. രാജഗോപാലിന്റെ നേതൃത്വത്തില്‍ മലപ്പുറം ജില്ലാവിരുദ്ധ സമിതി രൂപവത്കരിച്ച് പ്രതിഷേധ സമരങ്ങളും ധര്‍ണകളും സംഘടിപ്പിച്ചാണ് ജനസംഘം മുന്നോട്ടുപോയത്. പ്രമുഖ ഗാന്ധിയനും കോണ്‍ഗ്രസ് നേതാവുമായിരുന്ന, കേരള ഗാന്ധി എന്നറിയപ്പെടുന്ന കെ. കേളപ്പന്‍ ജില്ലാവിരുദ്ധ പ്രക്ഷോഭത്തിന്റെ നേതൃത്വമേറ്റെടുക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. ജനസംഘത്തിന്റെ സമരവേദിയുടെ നേതൃത്വമേറ്റെടുത്ത അദ്ദേഹം രൂക്ഷമായ വര്‍ഗീയ വിദ്വേഷ പ്രചാരണങ്ങളാണ് നടത്തിയത്. കേളപ്പന്റെ പൊതു സ്വീകാര്യത മുതലെടുത്ത് ജനസംഘം സമരം ദേശീയതലത്തിലേക്ക് വ്യാപിപ്പിച്ചു. ദല്‍ഹിയിലും ബോംബെയിലുമടക്കം മലപ്പുറം ജില്ലാ രൂപവത്കരണ പ്രതിഷേധ ധര്‍ണകള്‍ സംഘടിപ്പിക്കപ്പട്ടു. അടല്‍ ബിഹാരി വാജ്‌പേയി അടക്കമുള്ളവരും ജനസംഘത്തിന്റെ ഇതര സംസ്ഥാനങ്ങളിലെ എം.എല്‍.എമാരും മറ്റും കോഴിക്കോട്ടെത്തി കാമ്പയിനില്‍ സംസാരിച്ചു.

മാതൃഭൂമിയടക്കമുള്ള പത്രങ്ങള്‍ ഈ പ്രതിഷേധങ്ങള്‍ക്ക് വന്‍ വാര്‍ത്താ പ്രാധാന്യം കൂടി നല്‍കിയതോടെ വിഷയം ദേശീയ ശ്രദ്ധയാകര്‍ഷിക്കുന്ന വിവാദമായി മാറി. ഒടുവില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി ചവാന് ജില്ലാ പ്രശ്‌നത്തിലിടപ്പെട്ട് കേന്ദ്ര നയം വ്യക്തമാക്കേണ്ടിവന്നു; ''മുസ്‌ലിം ഭൂരിപക്ഷമുള്ള ഒരു ജില്ല രൂപവത്കരിക്കുന്നതില്‍ കാര്യമായ ഒരു തെറ്റുമില്ല. ജില്ലകളുടെ രൂപവത്കരണം സംസ്ഥാന ഗവണ്‍മെന്റുകളുടെ ചുമതലയാണ്. മലപ്പുറം ജില്ല രൂപവത്കരിക്കുന്നതില്‍ വര്‍ഗീയ പരിഗണനയൊന്നുമില്ലെന്ന് കേരള ഗവണ്‍മെന്റ് കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. മലപ്പുറം ജില്ല രൂപീകരിക്കുന്നതില്‍ സംസ്ഥാനത്തെ ഒരു വിഭാഗം ആളുകള്‍ക്ക് എതിര്‍പ്പുള്ളതായി കേന്ദ്ര ഗവണ്‍മെന്റിന് വിവരം ലഭിച്ചിട്ടുണ്ട്. മുസ്‌ലിം ഭൂരിപക്ഷമുള്ള ജില്ല രൂപീകരിക്കുന്നത് ആശാസ്യമല്ലെന്ന് ശ്രീ. എസ്.എസ് ഭണ്ഡാരി(ജനസംഘം)യുടെ അഭിപ്രായം ചവാന്‍ തള്ളിക്കളഞ്ഞു. മുസ്‌ലിം ഭൂരിപക്ഷമുള്ള ഒരു ജില്ല രൂപീകരിക്കുന്നത് ദേശീയ താല്‍പര്യത്തിന് ഹാനികരമാണെന്ന ചിന്താഗതി നാം വളര്‍ത്തരുത്. ഇന്ത്യയില്‍ ന്യൂനപക്ഷമായ ഒരു വിഭാഗം പൗരന്മാരെപ്പറ്റി അടിസ്ഥാനപരമായ ദുശ്ശങ്കയുളവാക്കാന്‍ അത് ഇടയാക്കും'' (മലയാള മനോരമ, 1969 മാര്‍ച്ച് 26).

കേന്ദ്രമന്ത്രിയുടെ പ്രഖ്യാപനത്തിനൊപ്പം ഇ.എം.എസ് മന്ത്രിസഭയുടെ ഇഛാശക്തിയും ചേര്‍ന്നപ്പോള്‍ ജില്ലാവിരുദ്ധ മുന്നണിയുടെ പ്രതിഷേധങ്ങളെല്ലാം മറികടന്ന് 1969 ജൂണ്‍ 16-ന് മലപ്പുറം ജില്ല യാഥാര്‍ഥ്യമായി. 'അടിയറവെക്കല്‍ ദിന'മായി ആ ദിവസത്തെ ആചരിക്കാന്‍ കെ. കേളപ്പന്‍ ആഹ്വാനം ചെയ്തു. ജില്ല പിറന്ന ശേഷവും ജനസംഘം സമരം തുടര്‍ന്നെങ്കിലും പിന്നെ പതിയെ അത് കെട്ടടങ്ങി. വര്‍ഗീയമായി മുതലെടുത്ത് പരമാവധി പര്‍വതീകരിച്ച് വിദ്വേഷ പ്രചാരണം അഴിച്ചുവിടാന്‍ ലഭിക്കുന്ന ഓരോ വിഷയവും ജനസംഘം പിന്നീട് ജില്ലയില്‍ ഏറ്റെടുത്തു പോന്നു. കെ. കേളപ്പന്റെ തന്നെ നേതൃത്വത്തില്‍ നടന്ന പെരിന്തല്‍മണ്ണ തളിക്ഷേത്ര സമരം ജില്ലാ വിരുദ്ധ സമരത്തിന്റെ തന്നെ മറ്റൊരു തുടര്‍ച്ചയായിരുന്നു. താനൂര്‍ കടപ്പുറത്ത് ചാരക്കപ്പല്‍ കണ്ടുവെന്ന 

പോലുള്ള തിരക്കഥകള്‍ എഴുതിപ്പിടിപ്പിച്ച് മാതൃഭൂമിയും ആ കാമ്പയിന്‍ മറ്റൊരു വിധത്തില്‍ തുടര്‍ന്നുപോന്നു.

 

കോണ്‍ഗ്രസ് നിലപാട്

മലപ്പുറം ജില്ലാ രൂപവത്കരണത്തെ എതിര്‍ത്ത് കെ.പി.സി.സിയില്‍ പ്രമേയം പാസ്സാക്കിയവരാണ് കോണ്‍ഗ്രസ്സുകാര്‍. എതിര്‍പ്പിനുള്ള കാരണങ്ങള്‍ വ്യക്തമാക്കുന്നിടത്താണ് കോണ്‍ഗ്രസ്സിലെ അഭിപ്രായവ്യത്യാസം എന്നത്തെയും പോലെ മറനീക്കിവന്നത്. പുതിയ ജില്ലാ രൂപവത്കരണം സംസ്ഥാനത്തിന് സാമ്പത്തിക ബാധ്യത വരുത്തുമെന്നതിനാലാണ് അതിനെ എതിര്‍ക്കുന്നതെന്നാണ് പാര്‍ട്ടി നിയമസഭാ കക്ഷി നേതാവായിരുന്ന കെ. കരുണാകരന്‍ നിയമസഭയില്‍ വ്യക്തമാക്കിയത്: ''കേരളത്തിന്റെ ഇന്നത്തെ സാമ്പത്തിക നില വെച്ചുനോക്കിയാല്‍ പുതിയ ജില്ലകളുടെ രൂപവത്കരണം ന്യായീകരിക്കത്തക്കതല്ലെന്നാണ് കോണ്‍ഗ്രസ്സിന്റെ നിലപാട്. വികസനത്തിന് വേണ്ടി ആവശ്യമെങ്കില്‍ ജില്ലകള്‍ രൂപവത്കരിക്കണമെന്നതുതന്നെയാണ് കോണ്‍ഗ്രസ്സിന്റെ അഭിപ്രായം'' (മലയാള മനോരമ, 1969 ഫെബ്രുവരി 28).

എന്നാല്‍ കേളപ്പന്റെ പ്രചാരണത്തില്‍ വീണ് ഒരു നിലക്കും ജില്ലാ രൂപവത്കരണം അനുവദിക്കരുതെന്ന നിലപാടാണ് പ്രമുഖ ഗാന്ധിയന്‍ കൂടിയായ കോണ്‍ഗ്രസ് നേതാവ് ഇ. മൊയ്തു മൗലവി സ്വീകരിച്ചത്. വികസനം പരിഗണിച്ചാണ് മലപ്പുറം ജില്ല രൂപവത്കരിക്കുന്നതെന്ന വാദത്തെ പരസ്യമായി തള്ളി സ്വന്തം നേതൃത്വത്തില്‍ ജില്ലാ വിരുദ്ധ റാലി നടത്തിയ ആര്യാടന്‍ മുഹമ്മദാവട്ടെ, ജനസംഘത്തിന്റെ വാദങ്ങളാണ് റാലിയിലുടനീളം ഉന്നയിച്ചത്. ആര്യാടന്റെ നേതൃത്വത്തില്‍ മലപ്പുറം ജില്ലയുടെ കിഴക്കേ അതിര്‍ത്തിയായ വഴിക്കടവില്‍നിന്ന് കോഴിക്കോട് കലക്‌ട്രേറ്റിലേക്കാണ് ജില്ലാവിരുദ്ധ പദയാത്ര നടന്നത്. കേന്ദ്ര കോണ്‍ഗ്രസ് നേതാവ് കൂടിയായ ആഭ്യന്തരമന്ത്രി ചവാന്‍ വിഷയത്തില്‍ നിലപാടറിയിച്ചതോടെ സംസ്ഥാന കോണ്‍ഗ്രസ് നേതാക്കളുടെ എതിര്‍പ്പുകളുടെ ശക്തി സ്വയം നഷ്ടപ്പെടുകയായിരുന്നു.

 

മാതൃഭൂമിയുടെ മലപ്പുറംവിരുദ്ധത

ജില്ലാവിരുദ്ധ മുന്നണിയുടെ നിലപാടുകള്‍ക്കും വാര്‍ത്തകള്‍ക്കും ശക്തിപകര്‍ന്നിരുന്ന മാതൃഭൂമി ദിനപത്രത്തിന്റെ മലപ്പുറംവിരുദ്ധ നിലപാട് ഗ്രന്ഥകാരന്‍ സവിശേഷം അടയാളപ്പെടുത്തുന്നുണ്ട്. വര്‍ഗീയ പ്രചാരണം ഏശാതെ വന്നപ്പോള്‍ ജില്ലാ രൂപവത്കരണം സംസ്ഥാനത്തിന് കോടികളുടെ അധിക ബാധ്യത വരുത്തും എന്ന രീതിയിലേക്ക് മാതൃഭൂമി ചുവടുമാറിയതിന്റെ ഉദാഹരണങ്ങള്‍ പുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ജില്ലാ രൂപവത്കരണം ഉറപ്പിച്ച ശേഷവും മാതൃഭൂമി വിവാദമുണ്ടാക്കാന്‍ വാര്‍ത്തകള്‍ പടച്ചുവിടുന്നുണ്ടായിരുന്നു. ഒരു വാര്‍ത്ത ഇങ്ങനെ: ''മലപ്പുറം പ്രദേശത്ത് അമുസ്‌ലിംകളുടെ ഇടയില്‍ വലിയ ഭീതിയും ആശങ്കയുമുണ്ട്. മുസ്‌ലിം ലീഗിനെ നിയന്ത്രിക്കുന്ന വലിയ ജന്മിമാര്‍ ഹരിജനങ്ങളുടെ ഭൂമി കൈയേറുന്നതായി റിപ്പോര്‍ട്ടുണ്ട്. പോലീസ് അധികാരങ്ങള്‍ ജില്ലാ കൗണ്‍സിലുകള്‍ക്ക് കൊടുക്കുന്ന ബില്‍ നിയമമാകുന്നതോടെ കാര്യങ്ങള്‍ കൂടുതല്‍ മോശമാകും. മുസ്‌ലിം ലീഗിന് ബഹുഭൂരിപക്ഷമുള്ള ജില്ലാ കൗണ്‍സിലിന് പോലീസ് അധികാരം കിട്ടിയാലുള്ള സ്ഥിതി ഊഹിക്കാം. ഇത് രാഷ്ട്രത്തിന്റെ മുഴുവന്‍ ശ്രദ്ധയില്‍ പെടേണ്ട കാര്യമാണ്'' (മാതൃഭൂമി 1969 ജൂണ്‍ 4).

മാതൃഭൂമിയുടെ ഈ മലപ്പുറംവിരുദ്ധത പിന്നീട് കാലിക്കറ്റ് യൂനിവേഴ്‌സിറ്റി സ്ഥാപന സമയത്തും മറ്റു സന്ദര്‍ഭങ്ങളിലെല്ലാം മറനീക്കി വന്നതിന്റെ ഉദാഹരണങ്ങളും പുസ്തകത്തിലുണ്ട്. ഇന്നും വരികള്‍ക്കിടയിലൂടെ മാതൃഭൂമി ഒളിച്ചുകടത്തുന്ന മലപ്പുറംവിരുദ്ധതയെ ഇതിന്റെ തുടര്‍ച്ചയായി വേണം മനസ്സിലാക്കാന്‍.

 

മലപ്പുറവും ഇടതുപക്ഷവും

ഇ.എം.എസ് മുഖ്യമന്ത്രിയായ കാലത്താണ് മലപ്പുറം ജില്ല നിലവില്‍വന്നത്. അതിനാല്‍തന്നെ അതിന്റെ ക്രെഡിറ്റ് ഇടതുപക്ഷത്തിനുള്ളതാണെന്ന വാദത്തെ മുസ്‌ലിം ലീഗ് നേതാവ് കൂടിയായ ഗ്രന്ഥകാരന്‍ നിരൂപണം ചെയ്യുന്നുണ്ട്. സപ്തകക്ഷി മുന്നണിയിലെ നേതൃസ്ഥാനത്തുണ്ടായിരുന്ന പിന്തുണ കൊണ്ട് മാത്രമാണ് ജില്ലാ രൂപവത്കരണം സാധ്യമായതെന്ന യാഥാര്‍ഥ്യത്തെ അംഗീകരിക്കുമ്പോഴും ലീഗിന്റെ സമ്മര്‍ദ രാഷ്ട്രീയത്തിന് ഇ.എം.എസ് വഴങ്ങുകയായിരുന്നുവെന്ന ചില ഇടതു വിലയിരുത്തലുകള്‍ ലേഖകന്‍ പുസ്തകത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. പരിപൂര്‍ണ തൃപ്തിയോട് കൂടിയല്ല, ലീഗിന്റെ രാഷ്ട്രീയ ശക്തിക്ക് മുന്നില്‍ ഇടതുപക്ഷം സമ്മതം മൂളുകയായിരുന്നുവെന്നാണ് ഗ്രന്ഥകാരന്റെ പക്ഷം. മുസ്‌ലിം ലീഗ് നിലവില്‍ ഇടതുപക്ഷ വിരുദ്ധ മുന്നണിയുടെ ഭാഗമായതിനാലാവാം ഈ വിഷയത്തിലുള്ള വിശദീകരണത്തിന് ഗ്രന്ഥകാരന്‍ കൂടുതല്‍ ശ്രദ്ധവെച്ചിട്ടുണ്ട്.

ജില്ലാവിരുദ്ധ പ്രചാരണം ശക്തി പ്രാപിക്കുമ്പോള്‍ ദേശാഭിമാനിയടക്കമുള്ള ഇടതുപക്ഷ പത്രങ്ങള്‍ അതിനെ ചെറുത്തതിന്റെ ചരിത്രം അപ്പോഴും ഗ്രന്ഥകാരന്‍ സത്യസന്ധായി അടയാളപ്പെടുത്തിയിട്ടുണ്ട്. തന്റെ ഗുരു കൂടിയായ കെ. കേളപ്പന്റെ മലപ്പുറം വിരുദ്ധ നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ച് 'കേളപ്പനെ തനി വര്‍ഗീയവാദിയായി ചരിത്രം രേഖപ്പെടുത്തും' എന്ന സി.

പി.എം സംസ്ഥാന സെക്രട്ടറി എ.കെ ഗോപാലന്‍ എഴുതിയ തുറന്ന കത്ത് പൂര്‍ണമായി പുസ്തകത്തില്‍ എടുത്ത് ചേര്‍ത്തിട്ടുണ്ട്. അതിന് കേളപ്പന്‍ നല്‍കിയ മറുപടിയും ഇടതു മന്ത്രിമാര്‍ കേളപ്പനെതിരെ ഉയര്‍ത്തിയ പരാമര്‍ശങ്ങളും തുടര്‍ന്ന് കാണാം.

1969 മുതല്‍ 2015 വരെയുള്ള മലപ്പുറം ജില്ലയുടെ ചരിത്രവും സംഭവവികാസങ്ങളും ജില്ലയുടെ സാംസ്‌കാരിക - സാഹിത്യ സംഭാവനകളും നിയമസഭാ -ലോക്‌സഭാ തെരഞ്ഞെടുപ്പ് ചിത്രങ്ങളും മലപ്പുറം ജനപ്രതിനിധികളുടെ പ്രൊഫൈലുകളും പുസ്തകത്തില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. ജില്ല സംബന്ധമായി ലഭ്യമായ മുഴുവന്‍ വിവരങ്ങളും റഫറന്‍സ് സഹിതം പുസ്തകത്തിന്റെ അവസാന അധ്യായങ്ങളില്‍ ഗ്രന്ഥകാരന്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മലബാറിലെ പിന്നാക്ക പ്രദേശത്തുനിന്ന് മലപ്പുറം ജില്ലയായപ്പോള്‍ ഉണ്ടായ 40 വര്‍ഷത്തെ വളര്‍ച്ചയുടെ കണക്കുകള്‍ രേഖപ്പെടുത്തുന്നതോടൊപ്പം കൂടുതല്‍ വികസനം സാധ്യമാവാന്‍ ജില്ല വിഭജിക്കണമെന്ന പുതിയ ആവശ്യത്തെയും സംവാദാത്മകമായി പുസ്തകം നിരൂപണം ചെയ്യുന്നുണ്ട്.  


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-25 / അല്‍ ഫുര്‍ഖാന്‍ / 19-22
എ.വൈ.ആര്‍