മൌദൂദിയെ അന്വേഷിച്ച ഒരു വൈകുന്നേരം
ഇരുപതാം നൂറ്റാണ്ടിലെ തലയെടുപ്പുള്ള ചിന്തകനും ഇസ്ലാമിക നവോത്ഥാന സംരംഭങ്ങളുടെ ഊര്‍ജ സ്രോതസ്സുമായ സയ്യിദ് മൌദൂദി പല അളവില്‍ ലോകത്ത് വിലയിരുത്തപ്പെട്ടിട്ടുണ്ട്. കൊടിയ അസഹിഷ്ണുതയോടെയും വലിയ ആരാധനാഭാവത്തോടെയും മൌദൂദിയെ സമീപിക്കുന്നവരുണ്ട്. ഒപ്പം ആരോഗ്യകരമായ ചര്‍ച്ചകള്‍ക്കും സൈദ്ധാന്തികമായ വിശകലനങ്ങള്‍ക്കും മൌദൂദി ചിന്തയെ വിധേയമാക്കുന്നവരും ലോകത്തിന്റെ പല ഭാഗങ്ങളിലും ഉണ്ട്.
വൈജ്ഞാനികമായി ഉയര്‍ന്ന നിലവാരത്തില്‍ നിലകൊള്ളുന്നു എന്നഭിമാനിക്കുന്ന കേരളീയ സമൂഹം ലോകത്ത് തന്നെ വലിയൊരു സാമൂഹിക ഊര്‍ജം പ്രവഹിപ്പിച്ച മൌദൂദിയെ സത്യസന്ധമായി വിശകലനം ചെയ്യാന്‍ ഇനിയും മുന്നിട്ടിറങ്ങിയിട്ടില്ല എന്നതാണ് നേര്. മതവേദികളിലെ സ്ഥിരം കൂകിവിളികള്‍ക്കും മതേതര നായകരുടെ പതിവ് പായാരം പറച്ചിലുകള്‍ക്കുമപ്പുറത്ത് മൌദൂദിയുടെ വൈജ്ഞാനിക ലോകത്തെയും പ്രവര്‍ത്തന മണ്ഡലത്തെയും സംവാദാത്മകമായി അഭിവാദ്യം ചെയ്യാന്‍ ധൈര്യം കാണിച്ചിട്ടില്ല.
എസ്.ഐ.ഒ കണ്ണൂര്‍ ജില്ലാ സമിതി ഒക്ടോബര്‍ 9ന് കണ്ണൂരില്‍ സംഘടിപ്പിച്ച 'സയ്യിദ് മൌദൂദി: എഴുത്തും ചിന്തയും' സായാഹ്ന സദസ്സ് ശ്രദ്ധേയമാകുന്നത് ഈ അന്തരീക്ഷത്തിലാണ്.
അന്ധമായ മൌദൂദി വിമര്‍ശകര്‍, മൌദൂദി ചിന്തയുടെ ഔന്നത്യം അറിയാത്തവരാണെന്നും ലോകം കണ്ട ഏറ്റവും വലിയ സമാധാനപ്രിയനായിരുന്നു മൌദൂദിയെന്നും വിഷയമവതരിപ്പിച്ച് സംസാരിച്ച ടി.പി മുഹമ്മദ് ശമീം അഭിപ്രായപ്പെട്ടു. വര്‍ഗീയതയെയും സങ്കുചിത സാമുദായികവാദത്തെയും മാത്രമല്ല, സംഘടനാ പക്ഷപാതിത്വത്തെ പോലും തുടക്കം മുതലേ എതിര്‍ത്ത വിശാല മനസ്കനാണ് മൌദൂദി. അതോടൊപ്പം ചിന്തകളില്‍ കൂര്‍മതയുള്ള മഹാപ്രതിഭയുമായിരുന്നു അദ്ദേഹം. ഖിലാഫത്തും രാജവാഴ്ചയും ഉള്‍പ്പെടെയുള്ള മൌലിക കൃതികള്‍ ഇതിന്റെ വലിയ അടയാളമാണെന്നും അദ്ദേഹം പറഞ്ഞു.
എല്ലാതരത്തിലുമുള്ള അധികാരങ്ങള്‍ക്കെതിരെയും നിശിതമായ വിമര്‍ശനങ്ങളുയര്‍ത്തി മനുഷ്യപക്ഷത്തെ ശക്തിപ്പെടുത്തിയ ആളായിരുന്നു മൌദൂദിയെന്ന് പ്രശസ്ത ചിന്തകനും ദലിത് ആക്ടിവിസ്റുമായ കെ.കെ ബാബുരാജ് അഭിപ്രായപ്പെട്ടു. മൌദൂദി വേട്ടയുടെ പ്രധാനകാരണവും ഇത് തന്നെയാണ്. ശത്രുക്കളില്ലാത്ത സാമൂഹിക പരിഷ്കര്‍ത്താക്കള്‍ ഉണ്ടായിട്ടില്ലെന്നും സ്വല്‍പമെങ്കിലും ധൈഷണികോര്‍ജം ചെലവഴിക്കാത്തവര്‍ക്ക് മൌദൂദി എന്നും അന്യനായിരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സയ്യിദ് മൌദൂദി ഉയര്‍ത്തിയത് പൊളിറ്റിക്കല്‍ ഇസ്ലാമാണെന്നും അതൊരു കാലഘട്ടത്തിന്റെ സാമൂഹിക പരിഷ്കരണത്തിനാവശ്യമായ ഊന്നലാണെന്നും പ്രശസ്ത എഴുത്തുകാരന്‍ ഡോ. പി.എ അബൂബക്കര്‍ പറഞ്ഞു. എല്ലാ പരിഷ്കര്‍ത്താക്കളും സ്ഥലകാല സാഹചര്യങ്ങള്‍ക്കനുസരിച്ചാണ് അജണ്ടകള്‍ നിര്‍മിക്കുന്നത്. മൌദൂദിവിരുദ്ധര്‍ ഇത് തമസ്കരിച്ചുകൊണ്ടാണ് സംസാരിക്കുന്നത്.
രാജ്യവിഭജനത്തെ എതിര്‍ത്തും- മതരാഷ്ട്ര വിഭജനത്തിന്റെ കെടുതികള്‍ എണ്ണിപ്പറഞ്ഞും മൌദൂദി മനുഷ്യ പക്ഷത്ത് നിലയുറപ്പിക്കുകയായിരുന്നു. അന്യമതസ്ഥരെ ആദരിക്കുന്നതായിരുന്നു മൌദൂദീ ദര്‍ശനം. അതിനുവേണ്ടി അദ്ദേഹം ഭരണകൂടത്തോട് കലഹിച്ചതിന് നിരവധി തെളിവുകളുണ്ട്. അദ്ദേഹം ചൂണ്ടിക്കാട്ടി.
വിഭജനത്തെ എതിര്‍ത്തു എന്നത് തന്നെ മൌദൂദി ചിന്തയുടെ ആഴമാണ് വെളിപ്പെടുത്തുന്നതെന്ന് എഴുത്തുകാരനായ രാധാകൃഷ്ണന്‍ കൂടാളി അഭിപ്രായപ്പെട്ടു. ഗാന്ധിജിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ചിന്താപരമായ കരുത്ത് നല്‍കിയ മുസ്ലിം നേതാക്കളിലാണ് മൌദൂദിയുടെ സ്ഥാനമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ജനാധിപത്യ മൂല്യങ്ങളെ വലിയ അളവില്‍ വിലമതിച്ച ചിന്തകനാണ് മൌദൂദിയെന്ന് സോളിഡാരിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി ടി. മുഹമ്മദ് വേളം അഭിപ്രായപ്പെട്ടു. അതോടൊപ്പം ജനാധിപത്യത്തിന്റെ മറവില്‍ മനുഷ്യന്‍ ദൈവം ചമയാനുള്ള സാധ്യതയും അദ്ദേഹം ചൂണ്ടിക്കാട്ടി. അതാണ് പില്‍ക്കാലത്ത് പല രാജ്യങ്ങളിലും സംഭവിച്ചതും. ജനാധിപത്യ പുനഃസ്ഥാപനത്തിനായി പാകിസ്താനില്‍ പ്രക്ഷോഭം നടത്തിയ പോരാളി കൂടിയാണ് മൌദൂദി. ലോകം നിയന്ത്രിച്ച ദര്‍ശനങ്ങളെ ആര്‍ജവത്തോടെ നിരൂപണം ചെയ്ത മഹാപ്രതിഭയായിരുന്നു മൌദൂദി. അദ്ദേഹം ചൂണ്ടിക്കാട്ടി. അഡ്വ. ജയരാജ്, ജ.ഇ ജില്ലാ പ്രസിഡന്റ് ടി.കെ മുഹമ്മദലി എന്നിവരും സംസാരിച്ചു. ജില്ലാ പ്രസിഡന്റ് ശംസീര്‍ ഇബ്റാഹീം അധ്യക്ഷത വഹിച്ചു.
പോസ്റ് സെക്യുലര്‍ വൈജ്ഞാനിക അന്വേഷണങ്ങളിലെ ഒരു പ്രധാന വിഭവം മൌദൂദിചിന്തകള്‍ തന്നെയാണ്. കേരളീയ പൊതുമണ്ഡലത്തില്‍ ആരോഗ്യകരമായ മൌദൂദി അന്വേഷണ ശ്രമത്തിന് ഈ പരിപാടി ആക്കം കൂട്ടും.
Comments