അന്തിമദ്‌റസകള്‍: ചില വിയോജിപ്പുകള്‍
അന്തിമദ്‌റസകളെക്കുറിച്ച് ജമീല്‍ അഹ്മദ് എഴുതിയ (ലക്കം 20) നിരീക്ഷണങ്ങളോട് ചില വിയോജിപ്പുകള്‍ കുറിക്കട്ടെ. അദ്ദേഹം എഴുതി:
1. 'മദ്‌റസാധ്യാപനം തൊഴിലും അതിലെ പഠനം സാമുദായികമായ കടമ തീര്‍ക്കലും ആയി മാറിയ കാലമാണിത്.'
തൊഴില്‍/സേവനം എന്ന ദ്വന്ദം ഒരു മാര്‍ക്‌സിസ്റ്റ് പ്രയോഗമാണ്. ഇസ്‌ലാമിന് അത് അന്യമാണ്. സ്‌കൂള്‍ അധ്യാപനം എന്ന തൊഴിലും ഇസ്‌ലാമും വേറെ വേറെ കാര്യമാണെന്ന് ലേഖകന്‍ പോലും കരുതുന്നുണ്ടാവില്ല. തൊഴിലായി മാറുന്നതെല്ലാം കൊള്ളാത്തതാണോ? മദ്‌റസാധ്യാപനം ഒരു തൊഴിലായി കണക്കാക്കി മാന്യമായ ശമ്പളവും ആവശ്യമായ പരിശീലനവും ഉസ്താദുമാര്‍ക്ക് നല്‍കലാണ് കരണീയം. വേണമെങ്കില്‍ ഒരു യൂനിയനും ആകാവുന്നതാണ്.
2. 'ഉത്തരേന്ത്യന്‍ മുസ്‌ലിംകള്‍ക്ക് ആ പ്രതിസന്ധി മനസ്സിലാകാത്തതിനാലാണ് അവര്‍ പകല്‍സമയം മുഴുവന്‍ ദീന്‍ പഠിക്കാന്‍ ഒരുമ്പെടുന്നത്.'
ലേഖനത്തിലുടനീളം കാണുന്ന, ഉത്തരേന്ത്യന്‍ അപരമുസ്‌ലിമിന്റെ 'മനസ്സിലാകായ്മ'ക്ക് ചരിത്രപരവും സാമൂഹികവുമായ കാരണങ്ങളുണ്ട്. ഇനി അവരുടെ മദ്‌റസ തന്നെയും എല്ലാതരം വിദ്യാഭ്യാസവും ഉള്‍ക്കൊള്ളുന്നതുമാണ്. കണക്കും ചരിത്രവും സയന്‍സുമെല്ലാം. ദീര്‍ഘകാലത്തെ ഭരണകൂട വിവേചനം കാരണം നവീകരണം നഷ്ടമായി എന്നു മാത്രം. കേരളത്തിലേതെല്ലാം മഹത്തരം, ഉത്തരേന്ത്യ മോശം എന്ന സമവാക്യം നല്ലതല്ല. നന്നെ കുറഞ്ഞത് അനവധി വര്‍ഗീയ കലാപങ്ങള്‍ക്ക് ശേഷവും അവര്‍ തൊപ്പിയും താടിയും നിലനിര്‍ത്തുന്നുണ്ടല്ലോ. 'കേരളത്തിലിരുന്ന്' നോക്കുമ്പോള്‍ അതൊരു ബിദ്അത്തിന്റെ പ്രശ്‌നമായിരിക്കാം. അവര്‍ക്കത് അതിജീവന സമരത്തിലെ തിരിച്ചറിവിന്റെ അടയാളങ്ങളാണ്.
3. 'അന്തിമയങ്ങിക്കഴിഞ്ഞാല്‍ അരക്ഷിതമാകുന്ന നാട്ടുവഴികളിലൂടെ പെണ്‍കുട്ടികള്‍ മദ്‌റസയിലേക്ക് വരുന്നതും പോകുന്നതും മാത്രം ആലോചിച്ചാല്‍ മതി, ഈ രാത്രിസംവിധാനം അവസാനിപ്പിക്കാന്‍. ആണ്‍കുട്ടികളും നമ്മുടെ നാട്ടില്‍ അത്ര സുരക്ഷിതരല്ലല്ലോ.'
അരക്ഷിതമായതെല്ലാം ഉപേക്ഷിക്കലാണ് കരണീയമെങ്കില്‍ നാമെന്തെല്ലാം ഉപേക്ഷിക്കേണ്ടിവരും. കേരളത്തിലെ വീടകങ്ങള്‍ നിരന്തരം വാര്‍ത്തകളില്‍ ഇടം പിടിക്കാറുണ്ട്. മദ്‌റസയില്‍ നടക്കുന്ന/ ഉസ്താദുമാര്‍ നടത്തുന്ന പീഡന വാര്‍ത്തകളേക്കാള്‍ എത്രയോ ഇരട്ടിയാണ് 'ഉപ്പ/അച്ഛന്‍ മകളെ പീഡിപ്പിച്ച', 'ഇളയമ്മ പെണ്‍കുട്ടിയെ സുഹൃത്തിന് കാഴ്ച വെച്ച'... വാര്‍ത്തകള്‍. തെരുവിലെ/ മദ്‌റസയിലെ പീഡനത്തില്‍ ഇടപെടാന്‍ സമുദായത്തിന് വഴികളുണ്ട്. എന്നാല്‍ വീടകങ്ങളിലെ പീഡനങ്ങളില്‍ നാം നിസ്സഹായരായ കാഴ്ചക്കാര്‍ മാത്രമാണ്. അപ്പോള്‍ നമുക്ക് വീടകം വേണ്ടെന്നു വെക്കാനാകുമോ? നമ്മുടെ തെരുവുകളും വീടകങ്ങളും അടിയന്തരമായി സുരക്ഷിതമാക്കുക എന്നതാണ് പോംവഴി.
4. 'ആ മാറ്റങ്ങള്‍ സ്വീകരിക്കാന്‍ സുന്നി വിഭാഗം പോലും തയാറാണ് എന്ന സത്യമാണ്', ചില മദ്‌റസകളിലെങ്കിലും അറബി മലയാള ലിപി മാറ്റിവെച്ച് കൊണ്ടുള്ള പാഠപുസ്തകങ്ങള്‍ വിതരണം ചെയ്തു തുടങ്ങി എന്ന വാര്‍ത്ത തെളിയിക്കുന്നത്.'
ഇവിടെ ലേഖകനിലെ വിമോചകന്റെ ചുതമലാബോധം തുളുമ്പി പോവുന്നു. നിലനില്‍ക്കുന്ന ചില വാര്‍പ്പ് മാതൃകകള്‍ ഊട്ടിയുറപ്പിക്കാന്‍ ശ്രമിക്കുകയാണ് ലേഖകന്‍. 'സുന്നികള്‍ സമം യാഥാസ്ഥിതികര്‍' എന്ന സമവാക്യം തിരുത്തേണ്ട കാലം എന്നോ കഴിഞ്ഞിരിക്കുന്നു. ഇനിയും ആ ധാരണ തുടര്‍ന്നാല്‍ പുരോഗമനവാദികള്‍ക്ക് സമുദായത്തില്‍ നടക്കുന്ന ഒരു മാറ്റവും വായിച്ചെടുക്കാനാവാതെ വരും. ഭാഷ/സാമൂഹിക ശാസ്ത്ര രംഗങ്ങളിലെ സുന്നി പശ്ചാത്തലത്തില്‍ നിന്നും വരുന്നവരുടെ നിറസാന്നിധ്യവും 'പുരോഗമന' സലഫി പശ്ചാത്തലമുള്ളവരുടെ അഭാവവും ഒരു നല്ല സാമൂഹിക വിശകലനത്തിന് ഉതകുന്ന ശക്തമായ സൂചകമാണ്.
കെ.കെ മുഹമ്മദലി വേളം
റിസര്‍ച്ച് സ്‌കോളര്‍
ഹൈദരാബാദ് സെന്‍ട്രല്‍ യൂനിവേഴ്‌സിറ്റി
മലബാര്‍ വിവേചനം വരുത്തിവെച്ചതാര്?
'ഒരു സമൂഹം സ്വന്തമായി മാറ്റം ഉദ്ദേശിക്കുന്നില്ലെങ്കില്‍ അവര്‍ക്ക് മാറ്റം സാധ്യമാവില്ല' എന്ന വിശുദ്ധ വാക്യത്തിലടങ്ങിയിരിക്കുന്ന പൊരുള്‍ ഇഛാശക്തിയും ലക്ഷ്യബോധവുമുള്ള സ്ഥിരോത്സാഹങ്ങളേ സമൂഹത്തെ മുന്നോട്ടുനയിക്കൂ എന്നാണ്. കേരളം എന്ന പൊതു ഇടത്തില്‍ മലബാര്‍ ഒരു അസ്പൃശ്യ മേഖലയായി പരിണമിച്ചത് മലബാറുകാരുടെ കൂടി കഴിവുകേടുകൊണ്ടാണ്.
ചരിത്രപരമായ കാരണങ്ങളാല്‍ രാജ്യസ്‌നേഹത്തിന്റെയും പൗരബോധത്തിന്റെയും അന്തസ്സിനെ വീണ്ടെടുക്കാന്‍ നവജാഗരണ ദേശീയ പ്രസ്ഥാനങ്ങളും ഖിലാഫത്ത് പ്രസ്ഥാനങ്ങളും ഭാഷാ സമരവാദികളും കമ്യൂണിസ്റ്റുകളും മത-ജാതി പ്രസ്ഥാനങ്ങളും തുനിഞ്ഞില്ല എന്നതും, പ്രാദേശിക വികസനത്തിന്റെ കാര്യത്തില്‍ സാമ്രാജ്യത്വത്തോട് ഏറ്റുമുട്ടിയ മലബാറുകാര്‍ തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിയില്ല എന്നതുമാണ് മലബാറിന്റെ വികസനോന്മുഖതക്ക് തടസ്സമായത്.
വിവിധ സംഘടനകള്‍ കേരളത്തിനു നല്‍കിയ നേതാക്കളുടെ നീണ്ടനിരയൊന്നും വികസനത്തെ മലബാറിലേക്ക് കൊണ്ടുവരുന്നതില്‍ ശ്രദ്ധ ചെലുത്തിയില്ല. ദേശാടനപക്ഷികളായ പാര്‍ലമെന്റംഗങ്ങളും അന്യനാട്ടുകാരായ ലെജിസ്ലേറ്റീവ് മെമ്പര്‍മാരും തങ്ങളുടെ മണ്ഡലത്തിലേക്ക് പഞ്ചവത്സരങ്ങളില്‍ അഞ്ചു പ്രാവശ്യമെങ്കിലും തിരിഞ്ഞുനോക്കിയിരുന്നെങ്കില്‍ മലബാര്‍ കിതപ്പ് മാറ്റി ഇത്തിരി കൂടി മുന്നോട്ട് ഗമിച്ചേനെ.
ഈ വികസനമരവിപ്പില്‍ മുസ്‌ലിം സംഘടനകളും ഒരര്‍ഥത്തില്‍ പ്രതികളാണ്. പഞ്ചായത്തുകള്‍ തോറും മതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കെട്ടിപൊക്കി, കവലതോറും പ്രസംഗ പരമ്പരകള്‍ തീര്‍ത്ത് കിടമത്സരം നടത്തിയവര്‍ തങ്ങളുടെ ഏതെങ്കിലും ഒരു സ്ഥാപത്തില്‍ പി.എസ്.സി കോച്ചിംഗ് സെന്ററോ സ്വയം തൊഴില്‍ സംരംഭങ്ങളോ കൈത്തൊഴില്‍ പരിശീലനങ്ങളോ തുടങ്ങിയോ? ഭൗതിക സാഹചര്യങ്ങളും അടിസ്ഥാന സൗകര്യങ്ങളും കെട്ടിടവുമുള്ള ഏതെങ്കിലും സ്ഥാപനങ്ങള്‍ക്ക് ഗവണ്‍മെന്റ് അംഗീകാരം ലഭിക്കാന്‍ എന്തുചെയ്തു?
ചരിത്രവും വാണിജ്യശാസ്ത്രവും മാത്രമേ മാനവിക വിഷയങ്ങളായി നമ്മുടെ സ്ഥാപനങ്ങളും നേതാക്കളും കണ്ടിട്ടുള്ളൂ. ബഹുമുഖ സാധ്യതകളുള്ള മറ്റു വിഷയങ്ങള്‍, കൈത്തൊഴിലുകള്‍ ഇന്നും മുസ്‌ലിം നവജാഗരണ പ്രസ്ഥാനങ്ങള്‍ക്ക് തുടക്കകനി മാത്രമാണ്.
പ്രവാസത്തിന്റെ കര്‍മശേഷി മുഴുവന്‍ ഭീമാകാരങ്ങളായ വീടുകള്‍ പണിയാനും വിവാഹധൂര്‍ത്തിലും ആഭരണഭ്രമത്തിലും തളച്ചിടപ്പെടുമ്പോള്‍ മത സാമൂഹിക പ്രസ്ഥാനങ്ങള്‍, പള്ളി-അമ്പല കമ്മിറ്റികള്‍, പരിഷ്‌കരണ വിപ്ലവ പ്രസ്ഥാനങ്ങള്‍ ഈ സാമൂഹിക പിന്നാക്കാവസ്ഥയെ അഭിമുഖീകരിക്കുന്നുപോലുമില്ല. കുമ്പിളില്‍ തന്നെ കഞ്ഞി കിട്ടാന്‍ കോരനും ആഗ്രഹിച്ചു തുടങ്ങിയാല്‍ സാമൂഹിക പുരോഗതി ഒരു കിട്ടാക്കനിയാവും.
മുഹമ്മദ് അലി വളാഞ്ചേരി
ദുബൈ
ടി.കെയുടെ പ്രസംഗവുംചോരയൊലിക്കുന്ന കാലും
മാട്ടൂലിലെ ജമാഅത്ത് പ്രവര്‍ത്തകനായ എന്‍.കെ അബ്ദുല്‍ കരീം സാഹിബ് പറഞ്ഞ അനുഭവകഥയാണിത്:
1962 കാലഘട്ടം. അദ്ദേഹമന്ന് വളപട്ടണത്ത് ഇലക്ട്രിസിറ്റി ഓഫീസില്‍ ജോലി ചെയ്യുന്നു. അവിടെതന്നെ താമസിക്കുന്നു. പ്രബോധനം പ്രതിപക്ഷപത്രം വാങ്ങി വായിക്കാറുണ്ട്. ഒരു ഇസ്‌ലാമിക പത്രമെന്ന പരിഗണനയിലുള്ള വായനാബന്ധം മാത്രമേ അക്കാലത്തുണ്ടായിരുന്നുള്ളൂ. ടി.കെ അബ്ദുല്ല സാഹിബ് കണ്ണൂര്‍ സിറ്റിയില്‍ പ്രസംഗിക്കുന്നു എന്ന അറിയിപ്പ് പ്രബോധനത്തില്‍ കണ്ട് ഓഫീസിലെ സഹപ്രവര്‍ത്തകനോടൊപ്പം കണ്ണൂരിലെത്തി.
ടി.കെ പ്രസംഗം തുടങ്ങി. സ്റ്റേജിന്റെ അല്‍പം അകലെയായി ഒരു ട്രാന്‍സ്‌ഫോമറിന്റെ ചുവട്ടില്‍ നിന്നുകൊണ്ട് പ്രസംഗം കേട്ടു. അതുവരെ കേട്ടിട്ടില്ലാത്ത വശ്യമനോഹരമായ പ്രസംഗം. അനര്‍ഗളമായ പ്രവാഹം. ഘനഗംഭീരമായ ശബ്ദമാധുരി. ഒരേസമയം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന രസകരമായ അവതരണം. ആ മായാലോകത്തില്‍ മുഴുകി ഒരേനില്‍പ് നിന്നു.
പ്രസംഗം തീര്‍ന്നു. പരിസരബോധം തിരിച്ചുവന്നു. അപ്പോഴാണ് കണങ്കാലിനു പിന്നില്‍ നനവ് അനുഭവപ്പെട്ടത്. നോക്കിയപ്പോള്‍ കാലിലും മുണ്ടിലും ചോര. ആളുകള്‍ കുപ്പിക്കഷ്ണങ്ങളും മറ്റും കൊണ്ടിടുന്നത് ട്രാന്‍സ്‌ഫോമറിന്റെ പരിസരത്താണ്. പ്രസംഗത്തിന്റെ മാസ്മരികതയില്‍ മയങ്ങിയതുകൊണ്ട് കാലില്‍ കുപ്പിക്കഷ്ണം തറച്ചുകയറിയതും ചോരയൊലിച്ചതും അറിഞ്ഞില്ല!
പിന്നീട് പ്രസംഗം കേള്‍ക്കാന്‍ കൂടെ വന്ന സുഹൃത്ത് പാമ്പുകടിയേറ്റ് മരിച്ചതറിഞ്ഞ് ദൂരെയുള്ള അദ്ദേഹത്തിന്റെ നാട്ടില്‍ ചെന്നു. അപ്പോഴാണറിയുന്നത് അദ്ദേഹം നാട്ടില്‍ അറിയപ്പെടുന്നത് ജമാഅത്തുകാരനായിട്ടാണെന്ന്. യഥാര്‍ഥത്തില്‍ അവിടെ ജമാഅത്ത് ഘടകമോ അനുഭാവികളോ മുമ്പുണ്ടായിരുന്നില്ല. പക്ഷേ അദ്ദേഹം ജമാഅത്തിന്റെ ആദര്‍ശങ്ങള്‍ മുറുകെപ്പിടിക്കുകയും ആളുകളോട് ജമാഅത്തിനെക്കുറിച്ച് സംസാരിക്കുകയും ചെയ്യുമായിരുന്നു. കുടുംബത്തെയും സംസ്‌കരിച്ചെടുത്തു. ടി.കെയുടെ, കണ്ണൂരിലെ പ്രസംഗമായിരുന്നു അദ്ദേഹത്തെ മാറ്റിമറിച്ചത്.
ആ പ്രസംഗത്തിന്റെ ഓര്‍മ മായാതെ നിന്നു. ജമാഅത്തിന്റെ പ്രവര്‍ത്തകനല്ലെങ്കിലും ജമാഅത്തുകാരെ പിഴച്ചവരെന്ന് മുദ്രകുത്തുന്ന സമൂഹത്തിനിടയില്‍ ജമാഅത്തിനെ വെറുക്കാതിരിക്കാന്‍ ആ പ്രസംഗം കാരണമായി. പിന്നീട് പ്രബോധനം മുടങ്ങാതെ വായിക്കാനും ജമാഅത്ത് പ്രവര്‍ത്തകനാകാനുമുള്ള മുഖ്യ പ്രചോദനം ടി.കെയുടെ അന്നത്തെ പ്രസംഗമായിരുന്നു- സുഹൃത്ത് കഥ പറഞ്ഞു നിര്‍ത്തി.
ഐ.പി.എച്ച് പ്രസിദ്ധീകരിച്ച 'ടി.കെ.യുടെ പ്രസംഗങ്ങള്‍' എന്ന പുസ്തകം അമൂല്യമായ ഒരു സാഹിത്യനിധി തന്നെയാണ്. 'ജമാഅത്തെ ഇസ്‌ലാമിയുടെ ദൈവം...' എന്നു തുടങ്ങുന്ന ദഅ്‌വത്ത് നഗറിനെ രോമാഞ്ചമണിയിച്ച ഹൃദയഹാരിയായ ആ വാഗ്‌ധോരണി മറക്കാനാവില്ല.
കെ.പി ഇസ്മാഈല്‍ കണ്ണൂര്‍
Comments