Prabodhanm Weekly

Pages

Search

2011 നവംബര്‍ 19

വീരപുത്രനും ഒറ്റുകാരും

ഡോ. പി.എ അബൂബക്കര്‍


വൈദ്യന്മാര്‍ കഷായത്തില്‍ മേമ്പൊടി ചേര്‍ക്കുന്നത് പലതിനുമാണ്.അത് ബാലചികിത്സയിലാകുമ്പോള്‍ കയ്പും ചവര്‍പ്പുമൊക്കെ കലര്‍ന്ന മരുന്ന് അല്‍പം മധുരരസം കലര്‍ത്തിയിട്ടെങ്കിലും കുട്ടികളെ കൊണ്ട് സേവിപ്പിക്കുകയെന്ന ലക്ഷ്യം അവയില്‍ പ്രധാനമായി മാറുന്നു. അന്തിമയങ്ങിയാല്‍ കാക്കത്തൊള്ളായിരം ചാനലുകള്‍ വിസര്‍ജിക്കുന്ന മാലിന്യക്കൂമ്പാരങ്ങള്‍ക്കു മുമ്പില്‍ ചടഞ്ഞിരിക്കുന്ന മലയാളിയുടെ അപക്വ-ബാല-ചപല മനസ്സ് ഏറ്റവും നന്നായി അറിയുന്ന ചാനല്‍ മൂപ്പന്‍ ആയതുകൊണ്ടാവാം പൈങ്കിളി-ഇക്കിളി മേമ്പൊടി കണക്കിലധികം ചേര്‍ത്ത് നേര്‍പ്പിച്ചുകൊണ്ടാണ് പി.ടി കുഞ്ഞുമുഹമ്മദ് മുഹമ്മദ് അബ്ദുര്‍റഹ്മാന്‍ സാഹിബിന്റെ ജീവിതകഥ തിയേറ്ററുകളിലെത്തിച്ചത്. പക്ഷേ, വീര്യമേറിയ മരുന്നിന്റെ പ്രഭാവം മേമ്പൊടിയെ അതിജയിച്ചുകൊണ്ട് പുറത്തുവരുന്നതുപോലെ പൈങ്കിളിച്ചേരുവകള്‍ക്കിടയില്‍ അല്‍പമായി ചേര്‍ത്ത സാഹിബിന്റെ ജീവിതമെന്ന ഉഗ്രൗഷധം ശരിക്ക് ഏല്‍ക്കുക തന്നെ ചെയ്തു. അതാണ് പൊട്ടലും ചീറ്റലുമായി നാം കേള്‍ക്കുന്നത്. ഇക്കണക്കിന്, സാഹിബിന്റെ ജീവിതമെങ്ങാനും പൂര്‍ണമായി അവതരിപ്പിച്ചിരുന്നുവെങ്കില്‍ ഇവിടം കത്തുമായിരുന്നുവെന്ന് തോന്നുന്നു.
പി.ടി കുഞ്ഞുമുഹമ്മദിന്റെ ചിത്രത്തെ ശ്രദ്ധേയമാക്കുന്നത് തുടക്കത്തില്‍ കൊടുത്ത ഡിസ്‌ക്ലൈമറാണ്- 'സിനിമയില്‍ പറയുന്ന ലീഗ് ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിം ലീഗല്ല.' ശരിയാണ്, അബ്ദുര്‍റഹ്മാന്‍ സാഹിബിന്റെ കാലത്ത് ഇന്നത്തെ ഇന്ത്യക്കു പകരം ബ്രിട്ടീഷ് ഇന്ത്യയാണുണ്ടായിരുന്നത്. അത് 1947 ആഗസ്റ്റ് പതിനാലിന് ഇന്ത്യന്‍ യൂനിയന്‍, പാകിസ്താന്‍ എന്നിങ്ങനെ രണ്ട് രാജ്യങ്ങളായി മാറിയതിനെത്തുടര്‍ന്നാണ് ഓള്‍ ഇന്ത്യാ മുസ്‌ലിം ലീഗ് ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിം ലീഗും പാകിസ്താന്‍ മുസ്‌ലിം ലീഗുമായി വേര്‍പിരിയുന്നത്. ഇഞ്ചിയും ചുക്കും ഒന്നല്ലെന്ന ന്യായത്തിന്റെ അടിസ്ഥാനത്തില്‍, ആ ലീഗല്ല ഈ ലീഗെന്ന പ്രസ്താവന ചേര്‍ത്തെങ്കിലും ഇഞ്ചിയില്‍ ചുക്ക് തന്റെ പൈതൃകം കാണുന്നതുപോലെ അബ്ദുര്‍റഹ്മാന്‍ സാഹിബിന്റെ ശത്രുപക്ഷത്ത് നിന്നവരെ കുറിച്ചുള്ള ചെറുവിവരണം പോലും ഇന്ന് പലരെയും വിറളിപിടിപ്പിച്ചുകൊണ്ടിരിക്കുകയാണല്ലോ. കോഴിക്കോട്ട് ഒരു അധികാരിയുടെ മകന്‍ കശക്കിയെറിഞ്ഞ പടവാള്‍ മലപ്പുറത്ത് ഏറ്റുപിടിച്ചത് സാക്ഷാല്‍ പച്ചക്കൊടിക്കാരാണ്. അധികാരി-പ്രമാണി-ഖാന്‍ ബഹദൂര്‍ വര്‍ഗങ്ങള്‍ ഏതു താല്‍പര്യത്തിനു വേണ്ടിയാണോ നിലകൊണ്ടത്, അത് പുതുതലമുറയിലൂടെ പുനര്‍ജനിക്കാം. അധികാരികളിലും ഖാന്‍ ബഹദൂര്‍ പട്ടം കിട്ടിയവരിലും നല്ലവരുണ്ടാകമെന്ന വസ്തുത ഇവിടെ മറക്കുന്നില്ല.
ജീവിച്ചിരിക്കുന്ന കാലത്ത് സാഹിബ് പലരുടെയും പേടിസ്വപ്നമായിരുന്നു. മരിച്ച സാഹിബിന്റെ പൈങ്കിളി ചേര്‍ത്തു നേര്‍പിച്ച ജീവചരിത്രം പോലും ആരുടെയൊക്കെയോ ഉറക്കം കെടുത്തുന്നുണ്ടെന്നാണ് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. ഇതിനു പിന്നിലെ മനഃശാസ്ത്രത്തെ കുറിച്ചുള്ള അന്വേഷണമാണ് ഇവിടെ നടത്തുന്നത്.
ചരിത്രത്തിന്റെ പ്രവാഹത്തില്‍ സാമ്യതകള്‍ പലതും കാണും. പല മനോഭാവങ്ങള്‍ക്കും അവയുടേതായ നൈരന്തര്യമുണ്ട്. അതുകൊണ്ടുതന്നെ സാഹിബിന്റെ ജീവചരിത്രത്തിലെ ഒരേട് സ്‌ക്രീനിലെത്തിക്കുമ്പോള്‍ അതില്‍ അണിനിരക്കുന്ന വില്ലന്‍ കഥാപാത്രങ്ങളോട് പലര്‍ക്കും ചാര്‍ച്ച തോന്നുക സ്വാഭാവികമാണ്. ഇതിനെക്കുറിച്ച് കൂടുതലറിയാന്‍ സാഹിബ് എന്തിനു വേണ്ടി നിലകൊണ്ടുവെന്നും തന്റെ ജീവിത ദൗത്യത്തിനിടയില്‍ ഏതിനൊക്കെ എതിരായി പോരാടിയെന്നും അറിയേണ്ടതുണ്ട്. ഹിന്ദു മുസ്‌ലിം വര്‍ഗീയവാദികളാല്‍ ഒരേസമയം എതിര്‍ക്കപ്പെട്ട വ്യക്തിയായിരുന്നു സാഹിബ്. ദേശീയ പ്രസ്ഥാനത്തെ സവര്‍ണരുടെ കുത്തകയാക്കി മാറ്റാന്‍ ശ്രമിച്ച ചാലപ്പുറം ഗാങിന് അദ്ദേഹം മുസ്‌ലിം വര്‍ഗീയവാദിയായിരുന്നു. എന്നാല്‍ ഇന്ത്യന്‍ മുസല്‍മാന്മാരുടെ ഒരേയൊരു ആധികാരിക രാഷ്ട്രീയ പ്രസ്ഥാനമായി മുസ്‌ലിം ലീഗിനെ വളര്‍ത്തിയെടുക്കാന്‍ ശ്രമിച്ചവര്‍ക്കാവട്ടെ, കൊടിയ കാഫിറും! ഈ രണ്ടു കൊലകൊമ്പന്മാര്‍ക്കു പുറമെ മറ്റു പലരും പല കാലങ്ങളിലായി സാഹിബിനോടേറ്റുമുട്ടിയിട്ടുണ്ട്. അവരില്‍ ധീര ദേശാഭിമാനികളായിരുന്ന മമ്പുറം തങ്ങന്മാരുടെ സ്വത്ത് ബ്രിട്ടീഷുകാരുടെ തണലില്‍ എന്നെന്നും അനുഭവിക്കാന്‍ മോഹിച്ചവരും മരുമക്കത്തായം പോലുള്ള മാമൂലുകളും കുലമഹിമകളും നിലനിര്‍ത്താന്‍ ശ്രമിച്ചവരും ബിസ്മി ചൊല്ലാതെ അറുത്ത കോഴി സാഹിബിനെ തീറ്റാന്‍ ശ്രമിച്ച മതവിരോധമാണ് പുരോഗമനമെന്ന് തെറ്റിദ്ധരിച്ചവരും ഹീലത്തുര്‍രിബയില്‍ സലഫി മാര്‍ഗം ദര്‍ശിച്ചവരുമൊക്കെ ഉള്‍പ്പെടുന്നു. തീര്‍ച്ചയായും കൈയാങ്കളിയിലെത്താതെ ആശയതലത്തില്‍ ഒതുങ്ങി നിന്ന പോരാട്ടങ്ങളും അവയിലുണ്ടായിരുന്നു.
അധികാരി-പ്രമാണി-ഖാന്‍ ബഹദൂര്‍ വര്‍ഗ മനോഭാവത്തിന്റെ നൈരന്തര്യത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ ഒരുപാട് കാര്യങ്ങള്‍ ചിന്തിക്കേണ്ടതുണ്ട്. 1921 കാലഘട്ടത്തില്‍ ആമു സൂപ്രണ്ടിന്റെയും ചേക്കുട്ടിയുടെയും രൂപത്തില്‍ പ്രകടമായ ബ്രിട്ടീഷ് വിധേയത്വം ഒരു പ്രസ്ഥാനമായി വളരുന്ന കാഴ്ചയാണല്ലോ പിന്നീട് നാം കണ്ടത്. 1921-ന്റെ ഉത്തരവാദിത്വം കൈയൊഴിഞ്ഞുകൊണ്ട് മാപ്പിളമാരെ തെരുവാധാരമാക്കിയ കോണ്‍ഗ്രസ്സിനോടുള്ള രോഷം അതിന് ശക്തിപകര്‍ന്നു. ഇക്കാലത്ത് രചിക്കപ്പെട്ട സാഹിത്യത്തിലും മാപ്പിളപ്പാട്ടുകളിലും വരെ ഇതിന്റെ അലകള്‍ കാണാം. ഈ വികാരത്തിനെതിരായി നീങ്ങിയ അബ്ദുര്‍റഹ്മാന്‍ സാഹിബ് കാഫിറായി മുദ്ര കുത്തപ്പെട്ടു. കോണ്‍ഗ്രസ്സിനുള്ളിലെ ഹിന്ദു വര്‍ഗീയവാദികളായ ചാലപ്പുറം ഗാങിന്റെ കണ്ണിലാവട്ടെ അദ്ദേഹം കടുത്ത മുസ്‌ലിം വര്‍ഗീയവാദിയായിരുന്നു. ഇത്തരത്തില്‍ പരസ്പരവിരുദ്ധമായ ആരോപണങ്ങളുമായി സാഹിബിനെ രണ്ടു ഭാഗത്തുനിന്ന് നേരിട്ടവര്‍ അദ്ദേഹത്തെ പൊതു ശത്രുവായി കണക്കാക്കിക്കൊണ്ട് പലപ്പോഴും ഒറ്റക്കെട്ടായിരുന്നു. ഈ പരസ്പര ധാരണക്ക് വ്യക്തമായ കാരണവും തുടര്‍ച്ചയുമുണ്ടെന്നതാണ് വാസ്തവം. മുസ്‌ലിംകളെ അകറ്റി ദേശീയപ്രസ്ഥാനത്തെ സ്വന്തം കുത്തകയാക്കുകയെന്നതായിരുന്നല്ലോ ഹിന്ദു വര്‍ഗീയവാദികളുടെ ലക്ഷ്യം. ഇതില്‍ മുസ്‌ലിം വര്‍ഗീയവാദികളും യോജിച്ചു. മുസ്‌ലിംകള്‍ ദേശീയ പ്രസ്ഥാനത്തില്‍നിന്ന് അകലേണ്ടത് അവരുടെയും ലക്ഷ്യമായിരുന്നു. എങ്കില്‍ മാത്രമാണല്ലോ സമുദായത്തിന്റെ ഏക രാഷ്ട്രീയ ശബ്ദമായി ലീഗിനെ വളര്‍ത്തിയെടുക്കാനാവുക. ഈ അവിഹിതബന്ധത്തിന്റെ തുടര്‍ച്ച പിന്നീടുള്ള കേരള ചരിത്രത്തിലും പലപ്പോഴും കാണാന്‍ സാധിക്കും. തൊണ്ണൂറുകളുടെ തുടക്കത്തില്‍ അത് ബേപ്പൂര്‍ മോഡല്‍ എന്ന പേരില്‍ ഏറെ കുപ്രസിദ്ധിയാര്‍ജിച്ചു. ചാലപ്പുറം ഗാങിന്റെ കുതന്ത്രങ്ങളെ അബ്ദുര്‍റഹ്മാന്‍ സാഹിബ് പലപ്പോഴും തകര്‍ത്തത് കോണ്‍ഗ്രസ്സിനുള്ളിലെ ഇടതുപക്ഷ ഗ്രൂപ്പുമായി സഹകരിച്ചുകൊണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഈ സഹകരണത്തെ 'മെക്കാ മോസ്‌കോ പാക്ട്' എന്ന പേരില്‍ അധിക്ഷേപിക്കാന്‍ ശത്രുക്കള്‍ തയാറായി. ഈ അധിക്ഷേപസ്വരത്തിനും പിന്നീട് പലപ്പോഴും തുടര്‍ച്ചയുണ്ടായിട്ടുണ്ട്. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പൊന്നാനി മണ്ഡലത്തില്‍ സ്വീകരിച്ച നിലപാടിന്റെ പേരില്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി കേള്‍ക്കേണ്ടിവന്ന പഴി ചെറുതല്ല. അമുസ്‌ലിം മനസ്സുകളെ ഇടതുപക്ഷത്തിനെതിരെ തിരിച്ചുവിടുന്ന തരത്തില്‍ ശക്തമായ വര്‍ഗീയ പ്രചാരണമാണ് പിന്നീടുണ്ടായത്. ഈ പ്രചാരണത്തിന് ചുക്കാന്‍ പിടിച്ചതാകട്ടെ, മുസ്‌ലിംകളുടെ അവകാശങ്ങള്‍ക്കു വേണ്ടി നിലകൊള്ളുന്നുവെന്നവകാശപ്പെടുന്ന സാമുദായിക സംഘടനയായിരുന്നു!
ചരിത്രമെന്നത് എല്ലായ്‌പ്പോഴും വട്ടത്തില്‍ കറങ്ങുന്ന ചക്രമല്ല. കാലം മുന്നോട്ടു തന്നെയാണ് ഗമിക്കുന്നത്. അതുകൊണ്ടുതന്നെ മാറ്റങ്ങള്‍ അനിവാര്യമാണ്. സാഹിബിന്റെയും നമ്മുടെയും കാലഘട്ടങ്ങള്‍ തമ്മില്‍ തീര്‍ച്ചയായും വ്യത്യാസങ്ങളുണ്ട്. സാഹിബിന് സ്വപ്നങ്ങളുണ്ടായിരുന്നു. പീഡനങ്ങള്‍ക്കിടയിലെ സുന്ദര സ്വപ്നം; സ്വതന്ത്ര ഭാരതത്തെക്കുറിച്ചുള്ള സ്വപ്നം. എന്നാല്‍ നമുക്ക് അങ്ങനെയൊരു സ്വപ്നം കാണാനാവില്ല. കാരണം നാം ജീവിക്കുന്നത് സ്വതന്ത്ര ഭാരതത്തിലാണല്ലോ. സംഭവങ്ങള്‍ ചരിത്രത്തില്‍ ആവര്‍ത്തിക്കുന്നത് അത് വട്ടത്തില്‍ കറങ്ങുന്നതുകൊണ്ടല്ല. സംഭവങ്ങളുടെ കര്‍ത്താക്കളായി വരുന്ന മനുഷ്യമനോഭാവങ്ങളുടെയും സാഹചര്യങ്ങളുടെയും സമാനത കൊണ്ടാണ്.
സാഹിബിന്റെ ജീവചരിത്രത്തിലെ കഥാപാത്രങ്ങളില്‍ ബ്രിട്ടീഷുകാര്‍ മാത്രമേ 1947-ല്‍ ഇന്ത്യ വിട്ടുള്ളൂ. ബാക്കിയുള്ളവര്‍ അതേപടി നിലനിന്നു. സാഹിബിനെപ്പോലെ തന്നെ പലരും മരണം പുല്‍കിയെങ്കിലും അവര്‍ക്ക് സമാനസാഹചര്യത്തില്‍ പിന്തുടര്‍ച്ച ഉണ്ടായിക്കൊണ്ടേയിരുന്നു. മലബാറിലെ ലീഗ് നേതാക്കളില്‍ സത്താര്‍ സേട്ട് ഒഴിച്ച് മിക്കവരും പിന്നീട് ഇവിടത്തെതന്നെ സാമുദായിക രാഷ്ട്രീയം കളിച്ചു. ആ ലീഗല്ല ഈ ലീഗെന്ന പി.ടി കുഞ്ഞുമുഹമ്മദിന്റെ ക്ഷമാപണം പ്രസക്തമാവുന്നത് പേരിന്റെ കാര്യത്തില്‍ മാത്രമാണ്. ലീഗ് നേതൃത്വത്തിനു മാത്രമല്ല, മുസ്‌ലിംകളെ ദേശീയ പ്രസ്ഥാനത്തില്‍ നിന്നകറ്റാനും ഒറ്റപ്പെടുത്താനും ആഗ്രഹിച്ച ഹിന്ദുവര്‍ഗീയവാദികള്‍ക്കും അതേപടി ഇവിടെ പിന്തുടര്‍ച്ചയുണ്ട്. അതുകൊണ്ടുതന്നെ ബ്രിട്ടീഷുകാരുടെ നേരിട്ടുള്ള അസാന്നിധ്യം പോലുള്ള മാറ്റങ്ങളും മറ്റുള്ള സാഹചര്യങ്ങളില്‍ കുറെയൊക്കെ നിലനിന്ന മാറ്റമില്ലായ്മകളും പിന്നീടുള്ള ചരിത്രത്തില്‍ പ്രതിഫലിക്കാം. ബ്രിട്ടീഷ് പീഡനങ്ങളെയും അന്തമാന്‍ സ്‌കീമിനെയുമൊക്കെ അനുസ്മരിപ്പിക്കുന്ന സംഭവങ്ങള്‍ ഇവിടെ പിന്നീടും ഉണ്ടായത് അതുകൊണ്ടാണ്.
സാഹിബ് അടക്കമുള്ള നമ്മുടെ സ്വാതന്ത്ര്യസമര സേനാനികളുടെയെല്ലാം വിചാരണകള്‍ കേവലം പ്രഹസനങ്ങളായിരുന്നു. എന്നാല്‍ ശിക്ഷിക്കാന്‍ ഒരു തുമ്പുമില്ലെന്ന് മുന്‍കൂട്ടി പറയാവുന്ന സാഹചര്യത്തില്‍ രാഷ്ട്രീയ എതിരാളികളെ, ശിക്ഷിക്കപ്പെടാതെ തന്നെ തടവുകാരാക്കി ദീര്‍ഘകാലം പീഡിപ്പിക്കാമെന്ന അറിവ് നമ്മുടെ ഭരണകൂടത്തിന്റെ സംഭാവനയാണ്. ഒമ്പതു വര്‍ഷമാണ് മലയാളിയായ ഒരു രാഷ്ട്രീയ നേതാവ് തടവില്‍ കഴിഞ്ഞത്. സമുദായത്തിന് പീഡനങ്ങളുടെ മുള്‍മുനകളിലൂടെ കടന്നുപോകേണ്ടിവന്ന സംഭവങ്ങളോടെല്ലാമുള്ള വരേണ്യ-പ്രമാണി വര്‍ഗത്തിന്റെ പ്രതികരണങ്ങളിലും ഏറെ സമാനതകള്‍ ദര്‍ശിക്കാനാവും. സാഹിബിന്റെ കാലവും നമ്മുടെ കാലവും തമ്മിലുള്ള പ്രധാനപ്പെട്ട അന്തരം കിടക്കുന്നത് സാമ്രാജ്യത്വത്തിന്റെ സ്വഭാവത്തിലാണെന്ന് കണ്ടല്ലോ. അന്ന് ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ നേരിട്ടുള്ള ഇടപെടലായിരുന്നു. ഇന്നാവട്ടെ അമേരിക്കയാണ് ലോകത്തിലെ ഒന്നാംകിട ശക്തി. അതാവട്ടെ പണ്ട് ബ്രിട്ടന്‍ ചെയ്തതുപോലെ ഇന്ത്യ നേരിട്ട് ഭരിക്കുന്നില്ല.
ലോക രാഷ്ട്രീയത്തില്‍ നിന്ന് സോവിയറ്റ് ചേരി അസ്മതിച്ചതിനു ശേഷം അമേരിക്കന്‍ സാമ്രാജ്യത്വം മുസ്‌ലിം ജീവിതത്തില്‍ പ്രകടമായ വിധത്തില്‍ ഭയത്തിന്റെ കരിനിഴല്‍ വീഴ്ത്തിയത് 9/11 സംഭവത്തോടു കൂടിയാണ്. ഇതിനോടുള്ള ഇവിടത്തെ സവര്‍ണ ശക്തികളുടെയും മുസ്‌ലിം വരേണ്യ വര്‍ഗത്തിന്റെയും പ്രതികരണത്തില്‍ സാഹിബിന്റെ കാലഘട്ടത്തിലെ ബ്രിട്ടീഷ് സാമ്രാജ്യത്വത്തോടുള്ള അവരുടെ പ്രതികരണവുമായി ഒരുപാട് സാമ്യതകള്‍ കാണുന്നുണ്ട്. ബ്രിട്ടീഷുകാരോട് കൈകോര്‍ത്തുപിടിച്ചവരും അവരോട് പോരാടാന്‍ മടിച്ചവരും അവരെ എതിര്‍ക്കുന്നത് അനിസ്‌ലാമികമാണെന്ന് ഫത്‌വയിറക്കിയവരുമൊക്കെ സാഹിബിന്റെ കാലത്തെ സാമ്രാജ്യത്വവിധേയരിലുള്‍പ്പെടുമല്ലോ. അത്തരക്കാരുടെ പിന്‍മുറക്കാര്‍ പുതിയ സാഹചര്യത്തില്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്നതിന്റെ ഏറ്റവും വലിയ തെളിവാണ് വിക്കിലീക്‌സ് അടുത്തകാലത്ത് പുറത്തുവിട്ട വിവരങ്ങള്‍. അമേരിക്കന്‍ ഏമാന്മാരുടെ മുമ്പില്‍ കവാത്ത് മറക്കുന്ന സാമുദായിക സംഘടനാ നേതൃത്വത്തിന്റെ മുഖമാണ് അതില്‍ തെളിയുന്നത്. സാഹിബിന്റെ കാലത്തെ ബ്രിട്ടീഷ് പീഡനങ്ങളെ അനുസ്മരിപ്പിക്കുന്ന വിധത്തിലുള്ള പീഡനങ്ങളാണ് 9/11 അനന്തര കാലത്ത് സമുദായത്തിന് സഹിക്കേണ്ടിവന്നത്. മുസ്‌ലിം എന്ന സംജ്ഞ ഭീകരതയുടെ പര്യായമായി മാറി. ആര്‍ എവിടെ ബോംബ് പൊട്ടിച്ചാലും അതിന്റെ ഉത്തരവാദിത്വം മുസ്‌ലിം യുവാക്കളില്‍ ചുമത്തപ്പെട്ടു. വ്യാജ ഏറ്റുമുട്ടലുകള്‍ എല്ലാ നിയമങ്ങളെയും കാറ്റില്‍ പറത്തി.
ഭീതിയുടെ ഈ നാളുകളില്‍ സമുദായത്തിന് ധൈര്യം പകരേണ്ട വരേണ്യ നേതൃത്വം ചെയ്തതാവട്ടെ നേരെ തിരിച്ചാണ്. മുസ്‌ലിം വിരുദ്ധ മാധ്യമങ്ങളില്‍ നിറഞ്ഞുനിന്ന ഇസ്‌ലാമിക ഭീകരതയെക്കുറിച്ചുള്ള നിറം പിടിപ്പിച്ച കഥകളുടെ പൊള്ളത്തരം തുറന്നു കാട്ടുന്നതിനു പകരം അവയില്‍ നിന്ന് രാഷ്ട്രീയ മുതലെടുപ്പ് നടത്താനും സമുദായത്തിനകത്തെ ശത്രുക്കളെ വകവരുത്താനുമാണ് അവര്‍ തുനിഞ്ഞത്. നിയമത്തെ പെരുവഴിയിലിറക്കിയതിനു ശേഷം അത് അതിന്റെ വഴിക്ക് പോവട്ടെയെന്ന പല്ലവി ആവര്‍ത്തിക്കപ്പെട്ടു.
സാഹിബിന്റെ ജീവിതകാലത്തെ ശത്രുക്കള്‍ക്ക് പിന്‍മുറക്കാരുണ്ടെന്ന് നാം ഇതിനകം മനസ്സിലാക്കി. അവര്‍ ശക്തരും സംഘടിതരുമാണ്. നവ കൊളോണിയലിസവും ഹിന്ദു-മുസ്‌ലിം വര്‍ഗീയവാദികളുമൊക്കെയടങ്ങുന്ന ഒരു ശക്തമായ കോക്കസിനെയാണ് അവര്‍ പ്രതിനിധാനം ചെയ്യുന്നത്. നമുക്ക് സാഹിബിന് നല്‍കാന്‍ കഴിയുന്ന ഏറ്റവും നല്ല മരണാനന്തര ബഹുമതി സ്വന്തം ജീവിതത്തിലൂടെ അദ്ദേഹം നടത്തിയ പോരാട്ടങ്ങള്‍ക്ക് പിന്തുടര്‍ച്ചയുണ്ടാക്കുകയാണ്. സാഹിബ് പ്രവര്‍ത്തിച്ച ഇന്ത്യന്‍ നാഷ്‌നല്‍ കോണ്‍ഗ്രസ് അദ്ദേഹത്തിന്റെ ജീവിതകാലത്തു തന്നെ ചാലപ്പുറം ഗാങിന്റെ കുതന്ത്രങ്ങളാല്‍ വീര്‍പ്പുമുട്ടുകയായിരുന്നു. ഇന്നാവട്ടെ കേരളത്തിലെ കോണ്‍ഗ്രസ്സുകാര്‍ തങ്ങള്‍ക്ക് മുസ്‌ലിം പ്രാതിനിധ്യം ആവശ്യമില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ചിരിക്കുകയാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് ഉയര്‍ന്ന ഏറ്റവും വലിയ ചോദ്യം കേരളത്തിലെ ഏറ്റവും വലിയ രണ്ട് സെക്യുലര്‍ രാഷ്ട്രീയ പാര്‍ട്ടികളിലൊന്നായ കോണ്‍ഗ്രസ് ഇവിടത്തെ ഏറ്റവും വലിയ രണ്ട് സമുദായങ്ങളിലൊന്നായ മുസ്‌ലിം സമുദായത്തിന് 1 അനുവദിച്ച സീറ്റുകളുടെ അപര്യാപ്തതയാണ്. കോണ്‍ഗ്രസ് മന്ത്രിമാരിലെ മുസ്‌ലിം പ്രാതിനിധ്യത്തിന്റെ കാര്യവും പറയാനില്ല. ലീഗിലൂടെ മുസ്‌ലിംകള്‍ എം.എല്‍.എമാരും മന്ത്രിമാരുമാകുന്നില്ലേയെന്നതാണ് അവരുടെ ചോദ്യം. കേരള ജനസംഖ്യയുടെ കാല്‍ഭാഗം വരുന്ന ഒരു സമുദായത്തിന്റെ രാഷ്ട്രീയ ഭാഗധേയത്വം ഒരു സാമുദായിക പാര്‍ട്ടിക്ക് വിട്ടുകൊടുത്ത അവരില്‍നിന്ന് കൂടുതലായൊന്നും പ്രതീക്ഷിക്കേണ്ടതില്ല.
ഇനിയുള്ളത് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയാണ്. കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആദ്യ ചലനങ്ങളുണ്ടായത് സാഹിബിന്റെ അനുഗ്രഹാശിസ്സുകളോടെയാണ്. ഇ.എം.എസ് ഉള്‍പ്പെടുന്ന ഇടതുപക്ഷ കോണ്‍ഗ്രസ്സുമായി അദ്ദേഹം സഹകരിച്ചു പ്രവര്‍ത്തിച്ചിട്ടുണ്ട്. കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ ആദ്യത്തെ മലയാളം പരിഭാഷ സ്വന്തം പ്രസ്സിലാണ് അദ്ദേഹം അച്ചടിച്ചു കൊടുത്തത്. ബ്രിട്ടീഷുകാരെ പേടിച്ച് മറ്റാരും അത് ചെയ്യാത്ത കാലത്തായിരുന്നു അത്. പക്ഷേ പിന്നീടെന്തു പറ്റി? മുസ്‌ലിം ലീഗിന്റെ വിഘടനവാദത്തിനെതിരെ സാഹിബ് നാടെങ്ങും പ്രസംഗിച്ചു നടന്ന കാലത്ത് അദ്ദേഹത്തെ പിന്തുണക്കാന്‍ കമ്യൂണിസ്റ്റുകള്‍ക്കായില്ല. അഖിലേന്ത്യാ തലത്തില്‍ തന്നെ അവര്‍ പാകിസ്താന്‍ വാദത്തെ പിന്തുണക്കുന്ന അവസ്ഥയിലെത്തിയതായിരുന്നു കാരണം. സ്വാതന്ത്ര്യലബ്ധിക്കു ശേഷം കേരളത്തില്‍ ലീഗ്-കമ്യൂണിസ്റ്റ് സഖ്യം നിലവില്‍ വന്നത് ഇതിന്റെ തുടര്‍ച്ചയായിട്ടായിരുന്നു. ഇതുകൊണ്ട് സമുദായത്തിന് നേട്ടങ്ങള്‍ ഒരുപാടുണ്ടായെങ്കിലും സ്ഥായിയായ ചില കോട്ടങ്ങളും സംഭവിച്ചു. ലീഗ് ബന്ധത്തിലൂടെ ചുളുവില്‍ മുസ്‌ലിം വോട്ട് ലഭിക്കാനുള്ള സാധ്യതയുള്ളതുകൊണ്ടുതന്നെ മുസ്‌ലിംകളെ പാര്‍ട്ടിയിലേക്കടുപ്പിക്കുകയെന്ന പരിപാടി കോണ്‍ഗ്രസ്സിനെപ്പോലെ കമ്യൂണിസ്റ്റുകളും ഉപേക്ഷിച്ചു. ബാബരി മസ്ജിദ് ധ്വംസനാനന്തരം ഇടതുപക്ഷത്തിനും മത നിരപേക്ഷ രാഷ്ട്രീയത്തിനും അനുകൂലമായി മുസ്‌ലിം സമുദായത്തിലുണ്ടായ ശക്തമായ മുന്നേറ്റം ഉപയോഗപ്പെടുത്താന്‍ പോലും പാര്‍ട്ടിക്കായില്ല. മുസ്‌ലിംകള്‍ക്ക് അവരുടേതായ സ്വന്തം രാഷ്ട്രീയ പാര്‍ട്ടിയെന്ന അവസ്ഥയില്‍ നിന്ന് മാറി മറ്റുള്ള പീഡിത ജനവിഭാഗങ്ങളെയും ഉള്‍ക്കൊള്ളുന്ന വിശാലമായ പ്ലാറ്റ്‌ഫോമുകള്‍ക്ക് രൂപം നല്‍കുകയെന്ന അവസ്ഥയിലേക്ക് മുസ്‌ലിം മനസ്സ് വളര്‍ന്നതിന്റെ ഫലമായിട്ടായിരുന്നു പി.ഡി.പിയും ഐ.എന്‍.എല്ലും രൂപം കൊണ്ടത്.
മുസ്‌ലിം സമുദായത്തിലുണ്ടായ ഈ മുന്നേറ്റത്തെ സ്ഥായിയാക്കി നിലനിര്‍ത്താനും ക്രിയാത്മകമായി ഉപയോഗപ്പെടുത്താനും ശ്രമിക്കുന്നതിനു പകരം മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി പോയത് അടവുനയത്തിന്റെ പിന്നാലെയാണ്. ഒരു പതിറ്റാണ്ടോളം കാലം അബ്ദുന്നാസിര്‍ മഅ്ദനിയെ കാര്യഗൃഹത്തിലയച്ചത് ഈ മാര്‍ക്‌സിസ്റ്റ്-ലീഗ് ബാന്ധവമായിരുന്നുവെന്ന വിലയിരുത്തലിനെ ഖണ്ഡിക്കാന്‍ നമ്മുടെ പക്കലുള്ള തെളിവുകള്‍ പലപ്പോഴും അപര്യാപ്തമായി മാറുന്നു. ഒന്നര പതിറ്റാണ്ടിലധികം ജീവഛമായി നിന്ന ഐ.എന്‍.എല്‍ അവസാനം പലതായി പൊട്ടിപ്പിളരുകയും നല്ലൊരു ഭാഗം മുസ്‌ലിം ലീഗിലേക്ക് മടങ്ങിപ്പോവുകയും ചെയ്തതിന്റെ പൂര്‍ണമായ ഉത്തരവാദിത്വം മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്കാണ്. സ്ഥായിയായ വിപ്ലവ പ്രവര്‍ത്തനങ്ങള്‍ക്ക് പകരം തെരഞ്ഞെടുപ്പ് ഗോദയിലെ താല്‍ക്കാലിക ലാഭനഷ്ടങ്ങളിലായിരുന്നു പാര്‍ട്ടി ശ്രദ്ധിച്ചത്.
കോണ്‍ഗ്രസ്സും കമ്യൂണിസ്റ്റുകളും മുസ്‌ലിംകളോട് ചെയ്ത ഏറ്റവും വലിയ തെറ്റ് അവരെ സ്വന്തം പാര്‍ട്ടികളിലേക്ക് ആകര്‍ഷിക്കുന്നതിനു പകരം സാഹിബിന് ചെരുപ്പുമാലയിട്ടവരുടെ പിന്‍ഗാമികള്‍ക്ക് വിട്ടുകൊടുത്തുവെന്നതാണ്. ഇവിടെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തെറ്റ് കുറച്ചുകൂടി ഗുരുതരമായി മാറുന്നു. വിശ്വാസികളായ മുസ്‌ലിംകളുടെ മുമ്പില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വാതില്‍ വരട്ടു തത്ത്വവാദത്തിലൂടെ കൊട്ടിയടക്കുകയാണ് സവര്‍ണ നേതൃത്വം ചെയ്തത്. ലെനിന്‍ കടുത്ത ഭാഷയില്‍ അപലപിച്ച യാന്ത്രിക ഭൗതികവാദത്തിന് ഇന്ത്യയിലെ പാര്‍ട്ടി നേതൃത്വം അറിഞ്ഞോ അറിയാതെയോ വശംവദരാവുന്ന കാഴ്ചയാണ് നാം പിന്നീട് കണ്ടത്. ഇതിന്റെ തുടക്കം അബ്ദുര്‍റഹ്മാന്‍ സാഹിബിന്റെ കാലത്തുതന്നെ ദൃശ്യമായത്, സ്ഥിതിസമത്വവാദത്തെ പൂര്‍ണമായി അംഗീകരിക്കുന്നുണ്ടെങ്കിലും ഞാനൊരു വിശ്വാസിയാണെന്ന കമ്യൂണിസ്റ്റുകളുമായുള്ള സാഹിബിന്റെ സംഭാഷണവേളയിലെ പരാമര്‍ശത്തിലൂടെ പി.ടി കുഞ്ഞുമുഹമ്മദ് തന്റെ സിനിമയില്‍ പകര്‍ത്തുന്നുണ്ട്. ശരിക്കു പറഞ്ഞാല്‍ ഇത്തരം മുരട്ടുതത്ത്വവാദങ്ങളിലൂടെ ആധുനികതയോടും മതനിരപേക്ഷതയോടും പുറംതിരിഞ്ഞു നില്‍ക്കുകയാണ് പാര്‍ട്ടി നേതൃത്വം ചെയ്തത്. തികച്ചും വ്യക്തിനിഷ്ഠമായ മത-ദൈവവിശ്വാസങ്ങളുടെയും ഭൗതികവാദത്തിന്റെയും ആശയവാദത്തിന്റെയുമൊക്കെ അടിസ്ഥാനത്തില്‍ രാഷ്ട്രമോ രാഷ്ട്രീയ പാര്‍ട്ടിയോ വ്യക്തികളോട് വിവേചനം കാണിക്കുന്നത് ആധുനികതക്കും സെക്യുലരിസത്തിനുമെതിരാണ്.
വിശ്വാസമായിരുന്നുവല്ലോ സാഹിബിന്റെ കൈമുതല്‍. അഴിമതിയുടെയോ സ്വജനപക്ഷപാതത്തിന്റെയോ ഭീരുത്വത്തിന്റെയോ നിഴല്‍ വീഴാത്ത ആ പൊതുജീവിതത്തെ വാര്‍ത്തെടുത്തത് മതത്തിലും ദൈവത്തിലും പരലോകത്തിലുമൊക്കെയുള്ള വിശ്വാസമാണ്. ഇന്നാവട്ടെ മതത്തിലും ദൈവത്തിലും പരലോകത്തിലുമൊക്കെയുള്ള വിശ്വാസത്തെ നിരുത്സാഹപ്പെടുത്തുന്നതിനാല്‍ സെക്യുലര്‍ പ്രസ്ഥാനങ്ങളിലേക്ക് കറകളഞ്ഞ വിശ്വാസികള്‍ പോകാന്‍ മടിക്കുന്നു. പകരം സമുദായത്തില്‍ നിന്ന് പലപ്പോഴും അത്തരം പ്രസ്ഥാനങ്ങളിലെത്തിച്ചേരുന്നവരാവട്ടെ കച്ചവടതാല്‍പര്യക്കാരും കാട്ടുകള്ളന്മാരും സദാചാരബോധമില്ലാത്തവരുമാണ്. ഇന്നത്തെ പൊതു പ്രവര്‍ത്തനത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയായി ഈ പ്രശ്‌നം തുടരുകയാണ്. പൊതുമുതല്‍ കൈകാര്യംചെയ്യുന്നതും ഏറ്റവും കൂടുതല്‍ അര്‍പ്പണബോധം ആവശ്യമുള്ളതുമായ മേഖലകളില്‍ തികഞ്ഞ അവസരവാദികള്‍ എത്തിച്ചേരുന്നു. സാഹിബ് ഇരുന്ന സ്ഥാനങ്ങളില്‍ ഇന്ന് കയറിയിരിക്കുന്നവരില്‍ കൂടുതലും അദ്ദേഹത്തെ ബിസ്മി ചൊല്ലാതെ അറുത്ത കോഴി തീറ്റാന്‍ ശ്രമിച്ചവരുടെ പിന്‍ഗാമികളാണ്. സെക്യുലരിസ്റ്റ് ആയതിനാല്‍ ജിന്ന പുരോഗമനവാദിയാണ് എന്നൊരു വാദമുണ്ട്. ഈ വാദമനുസരിച്ച് സെക്യുലരിസ്റ്റുകളും പുരോഗമനവാദികളുമായി കണക്കാക്കപ്പെടുന്ന പ്രമാണി-അധികാരി കുടുംബങ്ങളില്‍ പിറന്നവര്‍ക്ക് ഇടതുപക്ഷ ബുദ്ധിജീവികളായി അഭിനയിച്ചുകൊണ്ട് കേരളീയ സമൂഹത്തെ പറ്റിക്കാനുള്ള അവരമുണ്ടാക്കിക്കൊടുത്തുവെന്നതാണ് മുരട്ടുതത്ത്വവാദം കൊണ്ടുണ്ടായ ഒരു ഫലം.
അബ്ദുര്‍റഹ്മാന്‍ സാഹിബിന്റെ കരലാളനയില്‍ വളര്‍ന്ന കോണ്‍ഗ്രസ്സും ഇടതുപക്ഷവും കൈയൊഴിഞ്ഞ മുസ്‌ലിം സമുദായത്തെ സ്വന്തമാക്കുന്നതില്‍ സാഹിബിനെ കാഫിറെന്ന് വിളിച്ചവരുടെ പിന്‍ഗാമികള്‍ വിജയിച്ചു. 'മുസ്‌ലിം സമം മുസ്‌ലിം ലീഗ്' എന്ന സമവാക്യത്തിന് സാര്‍വത്രികമായ അംഗീകാരം ലഭിച്ചത് അങ്ങനെയാണ്. സാമുദായിക സ്പര്‍ധ വളര്‍ത്തികൊണ്ട് കേരളത്തെ ചുട്ടുകരിക്കാന്‍ ശക്തിയുള്ള ഒരു ബോംബായി ഈ സമവാക്യം മാറിയിട്ടുണ്ടെന്നുള്ള കാര്യം നമ്മില്‍ അധികപേരും ഓര്‍ക്കുന്നില്ല. കാസര്‍കോട് ജില്ലയില്‍ ഈയിടെയുണ്ടായ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ പെട്ടെന്ന് നാദാപുരത്തിന്റെ നിറം ആര്‍ജിച്ചത് നാം കണ്ടതാണല്ലോ. സംഘര്‍ഷവേളകളില്‍ വ്യക്തിസ്വത്വത്തേക്കാള്‍ സംഘടനാ സ്വത്വമാണ് മുഴച്ചുനില്‍ക്കുക. ഒരാള്‍ മറ്റൊരാളെ ആക്രമിച്ചാല്‍ തിരിച്ചാക്രമിക്കപ്പെടുക ചിലപ്പോള്‍ അയാളുടെ പാര്‍ട്ടിക്കാരനായിരിക്കും. അതുപോലെത്തന്നെ കള്ളക്കേസുകളുണ്ടാക്കുമ്പോഴും പാര്‍ട്ടി സ്വത്വമാണ് പരിഗണിക്കുക. ഇപ്പോള്‍ ലീഗ് ഒരു പങ്കാളിയാവുന്ന രാഷ്ട്രീയ സംഘര്‍ഷങ്ങളിലെല്ലാം ഇത്തരം പ്രശ്‌നങ്ങളില്‍ സംഘടനയുടെ സ്ഥാനത്ത് സമുദായമാണ് കയറിവരുന്നത്.  ലീഗുകാരന് പകരം സമുദായത്തിലെ ആരും ആക്രമിക്കപ്പെടാം; കേസില്‍ കുടുങ്ങാം. ഈ സാമുദായിക ധ്രുവീകരണത്തിന്റെ പങ്കുപറ്റാനുള്ള പുറപ്പാടിലാണ് ഇന്ന് സമുദായത്തിലെ അരാഷ്ട്രീയവാദി മത സംഘടനകള്‍. കേരളത്തിലെ മുസ്‌ലിം മത സംഘടനകളെല്ലാം മുസ്‌ലിം ലീഗിന്റെ പോഷക സംഘടനകളാണെന്ന വാദത്തെ സുന്നികള്‍ക്ക് ഏതു രാഷ്ട്രീയ പാര്‍ട്ടിയിലും പ്രവര്‍ത്തിക്കാമെന്ന മറുവാദത്തിലൂടെ ഖണ്ഡിച്ചു കൊണ്ടാണ് എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ അദ്ദേഹത്തിന്റെ വിമതസ്വരം ഉയര്‍ത്താന്‍ തുടങ്ങിയത്. ഇന്നാവട്ടെ കൂടുതല്‍ കച്ചവട-വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനുവദിച്ചു കിട്ടാനും മറ്റു തരത്തില്‍ അധികാരത്തിന്റെ ശീതളിമ ആസ്വദിക്കാനുമൊക്കെയുള്ള കുറുക്കുവഴി സാമുദായിക രാഷ്ട്രീയ പ്രസ്ഥാനമാണെന്ന് അദ്ദേഹം മനസ്സിലാക്കിയതുപോലെ തോന്നുന്നു. പക്ഷേ, തങ്ങളുടെ സുഖജീവിതത്തില്‍നിന്ന് പങ്കുപറ്റാന്‍ മറ്റൊരു വിഭാഗമുണ്ടാവരുതെന്ന മറുഭാഗം സുന്നികളുടെ ശ്രമം അതിന് പാരയാവുന്നുമുണ്ട്.
സാഹിബിന്റെ പോരാട്ടങ്ങളെ പുനരുജ്ജീവിപ്പിക്കാന്‍ ഒന്നാമതായി വേണ്ടത് അദ്ദേഹത്തിന്റെ പോരാട്ടങ്ങളുടെ സ്വഭാവം കൃത്യമായി നിര്‍ണയിക്കുകയാണ്. വൈദേശിക ശക്തികള്‍ ഇന്ത്യയില്‍ ആധിപത്യം സ്ഥാപിക്കാന്‍ ശ്രമിച്ചതു മുതല്‍ അവക്കെതിരെ മതവിശ്വാസത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടു കൊണ്ട് പോരാടിയവരുടെ പരമ്പരയിലെ ഒരു കണ്ണിയാണ് സാഹിബ്. ലാ ഇലാഹ ഇല്ലല്ലാഹ് എന്ന ആദര്‍ശമാണ് എല്ലാവരെയും നയിച്ചതെങ്കിലും വിശദാംശങ്ങളിള്‍ വ്യത്യാസങ്ങളുണ്ടാവാം. ഹുകൂമത്തെ ഇലാഹിയുടെ വക്താക്കളായ മൗലാനാ ആസാദും അഹ്‌റാര്‍ പ്രസ്ഥാനവുമൊക്കെ ഈ പരമ്പരയിലുണ്ട്. ധൈഷണിക മണ്ഡലത്തിലെ കാലികമായ ആന്ദോളനങ്ങളില്‍നിന്ന് മുക്തമായിരുന്നില്ല സാഹിബിന്റെ ജീവിതം. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിലായിരുന്നുവല്ലോ അദ്ദേഹം ജീവിച്ചത്. അതില്‍ തന്നെ അദ്ദേഹത്തിന്റെ സജീവ രാഷ്ട്രീയ ജീവിതം തുടങ്ങുന്നത് ആയിരത്തി തൊള്ളായിരത്തി ഇരുപതുകളിലാണ്.
ഇന്ന് മുസ്‌ലിം ലോകത്ത് നിലനില്‍ക്കുന്ന പല ചിന്താധാരകളുടെയും ശൈശവ ദശ ഇരുപതുകളിലായിരുന്നു. ഒരു പൊട്ടിത്തെറിയാണ് അക്കാലത്ത് മുസ്‌ലിം ലോകത്ത് സംഭവിച്ചതെന്നു പറയാം. ജനാധിപത്യം, മതനിരപേക്ഷത, ദേശീയവാദം തുടങ്ങിയ പുത്തന്‍ ആശയങ്ങള്‍ യൂറോപ്പില്‍ സ്വാധീനമുറപ്പിക്കാന്‍ തുടങ്ങിയിരുന്നു. മുസ്‌ലിം ലോകത്തുണ്ടായ ഒരു പ്രധാനപ്പെട്ട സംഭവം, ഒരു പ്രതീകമായിട്ടെങ്കിലും നിലനിന്ന ഖിലാഫത്തിന്റെ തകര്‍ച്ചയാണ്. സാഹിബിന്റെ തന്നെ രാഷ്ട്രീയജീവിതത്തിലെ ആദ്യത്തെ പ്രധാനപ്പെട്ട സംഭവം ഖിലാഫത്ത് പുനഃസ്ഥാപന പ്രക്ഷോഭമാണല്ലോ. ഇസ്‌ലാമിക രാഷ്ട്രീയ വ്യവസ്ഥയുടെ സുന്നിവ്യാഖ്യാനപ്രകാരമുള്ള മൂര്‍ത്ത രൂപമാണ് ഖിലാഫത്ത്. ഏഴാം നൂറ്റാണ്ടില്‍ അബൂബക്കറി(റ)ല്‍ തുടങ്ങിയ ഖിലാഫത്ത് തുര്‍ക്കിയുടെ പതനത്തോടെ അവസാനിക്കുമ്പോഴേക്ക് ഒരുപാട് മാറ്റങ്ങള്‍ സംഭവിച്ചിരുന്നു. ആദ്യത്തെ നാലു ഖലീഫമാരുടെ ഭരണം അവസാനിച്ചതോടു കൂടിത്തന്നെ പലരും സ്വന്തം മക്കളെ ഭാവി ഭരണാധികാരികളായി നാമനിര്‍ദേശം ചെയ്തിരുന്നതിനാല്‍ രാജാധിപത്യത്തിന്റെ സ്വഭാവം ഖിലാഫത്ത് ആര്‍ജിച്ചിരുന്നുവല്ലോ.
ഇരുപതാം നൂറ്റാണ്ടില്‍ ഖിലാഫത്ത് തകര്‍ന്നതിനെ തുടര്‍ന്ന് ഒരു ഭാഗത്ത് പോരാട്ടങ്ങള്‍ നടക്കുമ്പോള്‍ തന്നെ മറുഭാഗത്ത് ധൈഷണികമായ അന്വേഷണങ്ങളും ആരംഭിച്ചിരുന്നു. ഏറക്കുറെ ഇതേ കാലയളവിലാണ് സോവിയറ്റ് യൂനിയന്‍ എന്ന പുതിയ രാഷ്ട്രീയ ശക്തി അതുവരെ പ്രധാനമായും പുസ്തകത്താളുകളില്‍ മാത്രമിരുന്ന കാള്‍ മാര്‍ക്‌സിന്റെ ആശയങ്ങള്‍ക്ക് പ്രായോഗിക രൂപം നല്‍കുകയാണെന്നു വാദിച്ചുകൊണ്ട് രംഗത്തു വന്നത്. മുസ്‌ലിം ലോകത്ത് ഇതുണ്ടാക്കിയ പ്രതീക്ഷ ചെറുതല്ല. മഹാകവി ഇഖ്ബാല്‍ റഷ്യന്‍ വിപ്ലവത്തെ വിശേഷിപ്പിച്ചത് ശഹാദത്ത് കലിമയുടെ ആദ്യ പകുതിയെന്നാണ്. ഇന്ത്യാ ഉപഭൂഖണ്ഡത്തിലെ ചിന്തിക്കുന്ന മുസ്‌ലിം ചെറുപ്പക്കാര്‍ അതിവേഗം കമ്യൂണിസ്റ്റ് അനുഭാവികളായി മാറിക്കൊണ്ടേയിരുന്നു. ഒരുപക്ഷേ, അവരാണ് ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാപിച്ചതെന്നു പറയുന്നതിലും തെറ്റുണ്ടാവില്ല. താഷ്‌ക്കെന്റില്‍ വെച്ചാണ് ആദ്യത്തെ ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി രൂപം കൊള്ളുന്നത്. പാന്‍ ഇസ്‌ലാമിസവും ഇന്ത്യന്‍ ദേശീയബോധവും കമ്യൂണിസവും മുസ്‌ലിം യുവഹൃദയങ്ങളില്‍ തത്തിക്കളിച്ച കാലമായിരുന്നു അത്. മുസഫര്‍ അഹ്മദും മുഹമ്മദ് ശഫീഖ് സിദ്ദീഖിയും ഉബൈദുള്ള സിന്ധിയുമൊക്കെ ഈ കാലഘട്ടത്തിന്റെ സംഭാവനകളാണ്. മുസ്‌ലിംകള്‍ നടത്തിയ ഇന്ത്യന്‍ ദേശീയ സ്വാതന്ത്ര്യസമരത്തിലെ ഈടുറ്റ ഒരധ്യായമായിരുന്നു ഹിജ്‌റ പ്രസ്ഥാനം. ഇതുവഴി വിദേശങ്ങളിലെത്തിയവര്‍ ദേശീയ സ്വാതന്ത്ര്യസമരത്തെയും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെയും ശക്തിപ്പെടുത്തി.
ഇരുപതുകളുടെ അവസാനത്തോടു കൂടി മറ്റൊരു പ്രവണതയും ശക്തമായി. സ്ഥിതിസമത്വത്തിന്റെയും മറ്റും വേരുകള്‍ ഇസ്‌ലാമില്‍ തന്നെ തിരയുന്ന രീതിയായിരുന്നു അത്. മുമ്പു തന്നെ ഇതു തുടങ്ങിയിരുന്നു. ഖുര്‍ആനും നബിവചനങ്ങളും ഇസ്‌ലാമിക ഖിലാഫത്തിന്റെ ആദ്യകാല ചരിത്രവും ഈ അന്വേഷണത്തിന് ശക്തി പകര്‍ന്നു. ഈജിപ്തില്‍ ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍ രൂപം കൊണ്ടത് ഏതാണ്ട് ഇക്കാലയളവിലാണ്. ജമാലുദ്ദീന്‍ അഫ്ഗാനി- മുഹമ്മദ് അബ്ദുര്‍റഷീദ് രിദ പ്രസ്ഥാനത്തോട് ഇഖ്‌വാന് ചില കാര്യങ്ങളില്‍ കടപ്പാടുണ്ടായിരുന്നു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ഈജിപ്തിനു പുറത്തും അനുരണനങ്ങളുണ്ടായിക്കൊണ്ടിരുന്നു. ധൈഷണികമണ്ഡലത്തിലുണ്ടാവുന്ന ഇത്തരം ചലനങ്ങള്‍ അദ്ദേഹം ശ്രദ്ധിച്ചിട്ടില്ലെന്ന് പറയാനാവില്ല. ഉദാഹരണം കൊളംബോയിലെ മലബാര്‍ മുസ്‌ലിം അസോസിയേഷന്റെ സമ്മേളനത്തില്‍ 1933ല്‍ ചെയ്ത പ്രസംഗമാണ്. മുതലാളിത്ത ചൂഷണവും ഇസ്‌ലാമും തമ്മിലുള്ള പൊരുത്തക്കേടുകള്‍ എടുത്തു പറഞ്ഞ ഈ പ്രസംഗത്തില്‍ ഇസ്‌ലാമിന്റെ സാമ്പത്തികഘടന സ്ഥിതിസമത്വവാദത്തെ വളരെയേറെ അനുകൂലിക്കുന്നുണ്ടെന്നു തീര്‍ച്ചയാണ് എന്നുകൂടി അദ്ദേഹം പറഞ്ഞു.
ഈ ചര്‍ച്ച നമുക്കിവിടെ ഉപസംഹരിക്കാം. സാഹിബ് തുടങ്ങി വെച്ച പോരാട്ടം ഏറ്റെടുക്കുന്നതിനു മുമ്പ് മുകളില്‍ പറഞ്ഞ കാര്യങ്ങളെല്ലാം നാം ശ്രദ്ധിക്കേണ്ടതുണ്ട്. ഇസ്‌ലാമിന്റെ രാഷ്ട്രീയ-സാമ്പത്തിക-സാമൂഹിക നീതിയുടെ ഗുണവശങ്ങള്‍ ഇവിടത്തെ എല്ലാ ജനങ്ങളിലുമെത്തിക്കാനുള്ള ശ്രമമുണ്ടാവണം. മുസ്‌ലിം മതസംഘടനകള്‍ ഇന്ന് കൂടുതല്‍ കൂടുതല്‍ അരാഷ്ട്രീയവാദത്തിലേക്കും അനുഷ്ഠാനവാദത്തിലേക്കും തിരിയാനുള്ള  പ്രവണത കാണിക്കുന്നുണ്ട്. മനുഷ്യന്റെ സാമൂഹിക ജീവിതത്തെ അവഗണിച്ചുകൊണ്ട് നമസ്‌കാരത്തില്‍ കൈ കെട്ടേണ്ട സ്ഥാനത്തെക്കുറിച്ചാണ് ചര്‍ച്ചകള്‍ കൂടുതലായി നടക്കുന്നത്. അതേ സമയം സാംസ്‌കാരികവും മതപരവും അനുഷ്ഠാനപരവുമായ കാര്യങ്ങളില്‍ ഇന്ത്യയില്‍ നിലനില്‍ക്കുന്ന ബഹുസ്വരത ഇന്ത്യക്കാര്‍ ആഗ്രഹിക്കുന്ന കാലത്തോളം നിലനിര്‍ത്താനും നാം ശ്രമിക്കണം.

കുറിപ്പുകള്‍
1. ഏറ്റവും വലിയ രണ്ട് സമുദായങ്ങളില്‍ മറ്റേത് ഈഴവ സമുദായമാണ്. ജനസംഖ്യയില്‍ രണ്ടും ഏറക്കുറെ ഒപ്പത്തിനൊപ്പമാണ്.

 

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം