Prabodhanm Weekly

Pages

Search

2011 നവംബര്‍ 19

തുനീഷ്യ: പാഠം ഒന്ന്

ഡോ. അബ്ദുസ്സലാം വാണിയമ്പലം

തുനീഷ്യയില്‍ ഒക്‌ടോബര്‍ 23 നു നടന്ന തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ വോട്ടു നേടിയ അന്നഹ്ദ പാര്‍ട്ടി നേതാവ് റാശിദുല്‍ ഗനൂശി 2008 ഫെബ്രുവരില്‍ ശാന്തപുരം അല്‍ ജാമിഅ അല്‍ ഇസ്‌ലാമിയ്യയുടെ ബിരുദദാന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കേരളത്തിലെത്തിയിരുന്നു. കൊച്ചി എയര്‍പോര്‍ട്ടില്‍ നിന്നു പുറത്തുവന്ന അദ്ദേഹം ഇന്ത്യയിലെ എമിഗ്രേഷന്‍ ഉദ്യോഗസ്ഥരെ പുകഴ്ത്തിപ്പറഞ്ഞു. ''എന്നെക്കുറിച്ച് കമ്പ്യൂട്ടറില്‍ രേഖപ്പെടുത്തിയ വിവരങ്ങള്‍ വെച്ചു കൊണ്ട് സൂക്ഷ്മ പരിശോധനക്കു ശേഷമേ പുറത്തുവിടാനാവൂ എന്നവര്‍ എന്നോട് മാന്യമായി പറഞ്ഞു. പ്രസിഡന്റ് സൈനുല്‍ ആബിദീന്‍ ബിന്‍ അലിയുടെ രഹസ്യാന്വേഷണ വിഭാഗം ലോകത്തെ എല്ലാ എയര്‍പോര്‍ട്ടുകളിലും  എന്നെ കരിമ്പട്ടികയിലുള്‍പ്പെടുത്തി വിവരം നല്‍കിയിട്ടുണ്ട്. മിക്ക രാജ്യങ്ങളിലും എനിക്കു അതിനാല്‍ തന്നെ പ്രവേശനമില്ല. ഇന്ത്യ അതിലുള്‍പ്പെട്ടില്ലെന്നതില്‍ സന്തോഷമുണ്ട്''.
ഇംഗ്ലണ്ടില്‍ നിന്നാണ് അന്ന് ഗനൂശി വന്നത്. 22 വര്‍ഷമായി അദ്ദേഹം ലണ്ടനിലായിരുന്നു. ബിന്‍ അലിയുടെ പട്ടാള കോടതി ജീവപര്യന്തം തടവു വിധിച്ച പശ്ചാത്തലത്തിലായിരുന്നു ബ്രിട്ടനില്‍ രാഷ്ട്രീയാഭയം തേടിയത്. അന്നഹ്ദ പാര്‍ട്ടിക്ക് തുനീഷ്യന്‍ സ്വേഛാധിപത്യം തുടക്കം മുതലേ നിരോധമേര്‍പ്പെടുത്തിയിരുന്നു. 1981 ലാണ് ഗനൂശി മറ്റുള്ളവരുമായി ചേര്‍ന്ന് ഇസ്‌ലാമിക് ടെന്‍ഡന്‍സി മൂവ്‌മെന്റ് രൂപീകരിക്കുന്നത്. മുസ്‌ലിം ബ്രദര്‍ഹുഡ് സ്ഥാപകന്‍ ഇമാം ഹസനുല്‍ ബന്നയുടെയും ജമാഅത്തെ ഇസ്‌ലാമി സ്ഥാപകന്‍ മൗലാനാ മൗദൂദിയുടെയും അള്‍ജീരിയന്‍ ചിന്തകന്‍ മാലിക് ബിന്നബിയുടെയും ചിന്തകളായിരുന്നു ടെന്‍ഡന്‍സിയുടെ ദാര്‍ശനികാടിത്തറ. സംഘടനയുടെ രാഷ്ട്രീയവേദിയായാണ് പിന്നീട് അന്നഹ്ദ രംഗത്ത് വരുന്നത്. സംഘടന അതിവേഗം തുനീഷ്യന്‍ ജനതയില്‍ വേരോടിത്തുടങ്ങിയതോടെ അന്നത്തെ സ്വേഛാധിപതിയും ഇസ്‌ലാംവിരോധിയുമായിരുന്ന പ്രസിഡന്റ് ബുറഖീബ നിരോധമേര്‍പ്പെടുത്തി. 1981ല്‍ ഗനൂശിക്ക് 11 വര്‍ഷത്തെ തടവുശിക്ഷ വിധിച്ചു. ക്ഷമാപണം നടത്തിയാല്‍ വിട്ടയക്കാമെന്ന വാഗ്ദാനം അദ്ദേഹം പുഛിച്ചു തള്ളി. 'അല്ലാഹുവാണ, സ്വേഛാധിപതികളോട് ക്ഷമ യാചിക്കുന്നതിനേക്കാള്‍ എനിക്കിഷ്ടം ഈ ജയിലില്‍ നിന്ന് എന്നെ മയ്യിത്ത്കട്ടിലില്‍ കൊണ്ടുപോകുന്നതാണ്' എന്നായിരുന്നു പ്രതികരണം.1987-ല്‍ സൈനുല്‍ ആബിദീന്‍ ബിന്‍ അലി അധികാരത്തില്‍ വന്നപ്പോള്‍ ഗനൂശിയെ വിട്ടയച്ചെങ്കിലും അതേവര്‍ഷം തന്നെ ജീവപര്യന്തം തടവു വിധിച്ചു. അങ്ങനെയാണ് അള്‍ജീരിയയിലേക്കും പിന്നീട് സുഡാനിലേക്കും നാടുവിട്ട ഗനൂശി അവസാനം ബ്രിട്ടനില്‍ രാഷ്ട്രീയാഭയം തേടുന്നത്.
ലണ്ടനില്‍ നിന്നുകൊണ്ട് അദ്ദേഹം ബിന്‍അലിയുടെ സ്വേഛാധിപത്യത്തിനെതിരെയുളള പോരാട്ടം തുടര്‍ന്നു. അന്നഹ്ദയുടെ മുപ്പതിനായിരം പ്രവര്‍ത്തകരെ ബിന്‍അലി ജയിലിലാക്കിയെങ്കിലും പ്രവര്‍ത്തനം നിലച്ചില്ല.
അറബ്‌ലോകത്തെ മറ്റേതു സ്വേഛാധിപതിയെയും പോലെ ബിന്‍ അലിയും ഏറ്റവും ഭയപ്പെട്ടത് ഇസ്‌ലാമിനെ തന്നെയായിരുന്നു. പൗരന്മാരുടെ ഇസ്‌ലാമികബോധം തങ്ങളുടെ സ്വേഛാധിപത്യത്തിനു ഏറ്റവും വലിയ ഭീഷണിയായിരിക്കും എന്നവര്‍ക്കറിയാം.  അങ്ങനെയാണ് സകല ഇസ്‌ലാമിക ചിഹ്നങ്ങളെയും നശിപ്പിക്കാന്‍ തന്റെ മുന്‍ഗാമി ബുറഖീബയെപ്പോലെത്തന്നെ ബിന്‍ അലിയും ശ്രമിച്ചത്. സ്ത്രീകള്‍ക്ക് ഇസ്‌ലാമിക വേഷവിധാനം നിരോധിച്ചു. പള്ളിയില്‍ നമസ്‌കരിക്കാന്‍ പ്രത്യേക അനുവാദം വേണമെന്നു നിഷ്‌കര്‍ഷിച്ചു. മദ്യപാനം, വേശ്യാവൃത്തി തുടങ്ങി സകല തിന്മകളുടെയും വാതിലുകള്‍ തുറന്നിട്ടു. പൗരന്മാരെ മയക്കിക്കിടത്തി രാജ്യത്തിന്റെ സമ്പത്ത് മുഴുവന്‍ തീവെട്ടിക്കൊള്ള നടത്തുകയായിരുന്നു ബിന്‍ അലിയും കുടുംബവും. അതിനിടെ തെരഞ്ഞെടുപ്പ് പ്രഹസനങ്ങള്‍ നടത്തി നാലു ഒമ്പതുകളുടെ (99.99%) ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുന്ന 'അറബ് ജനാധിപത്യം'  പയറ്റും. എതിര്‍ സ്ഥാനാര്‍ത്ഥിപോലും താന്‍ ബിന്‍ അലിക്കാണ് വോട്ടു ചെയ്തത് എന്ന് പ്രസ്താവനയിറക്കും! വീണ്ടും മത്സരിക്കാന്‍ ഭരണഘടന അനുവദിക്കാതെ വന്നപ്പോള്‍ ഭരണഘടന തന്നെ മാറ്റിയെഴുതിയാണ് അവസാനം അയാള്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്.
ഇതിനിടയിലും അന്നഹ്ദയുള്‍പ്പടെയുള്ള പ്രസ്ഥാനങ്ങള്‍ നിരോധം നിലനില്‍ക്കെത്തന്നെ സാധ്യമായ മാര്‍ഗേണ ജനാധിപത്യ രീതിയില്‍ ജനങ്ങള്‍ക്കിടയില്‍ സ്വേഛാധിപത്യത്തോടുള്ള അമര്‍ഷം വളര്‍ത്തിക്കൊണ്ടിരുന്നു.
ഉന്തുവണ്ടിയില്‍ പച്ചക്കറി കച്ചവടം നടത്തിയിരുന്ന മുഹമ്മദ് ബൂഅസീസി എന്ന സാധാരണക്കാരന്‍, ആ ഉപജീവനമാര്‍ഗവും ബിന്‍ അലി സര്‍ക്കാര്‍ നിരോധിച്ചതില്‍ പ്രതിഷേധിച്ച് ഇക്കഴിഞ്ഞ ജനുവരി 4ന് സ്വയം തീകൊളുത്തിയതോടെ, തന്റെ ദേഹത്ത് മാത്രമല്ല, ബിന്‍ അലിയുടെ 23 വര്‍ഷം സ്വേഛാധിപത്യത്തില്‍ കഴിയുന്ന ഒരു ജനതയുടെ പ്രതിഷേധത്തിനു മുഴുവനുമാണ് തീ കൊളുത്തിയത്. അങ്ങനെയാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ അത്ഭുതമായി അറബ് വസന്തത്തിന്റെ ആദ്യ ഇടിമുഴക്കം  തുനീഷ്യയില്‍ സംഭവിക്കുന്നതും ബിന്‍ അലിക്ക് നാടുവിടേണ്ടി വന്നതും. റാശിദുല്‍ ഗനൂശി കേരളത്തില്‍ വന്നപ്പോള്‍ അങ്ങനെയൊരു ഇടിമുഴക്കത്തെക്കുറിച്ച് പറഞ്ഞിരുന്നെങ്കിലും ഈജിപ്തിലായിരിക്കും അതിന്റെ തുടക്കം എന്നാണ് പ്രവചിച്ചിരുന്നത്. പക്ഷേ തന്റെ തുനീഷ്യക്കാണതിന്റെ ഭാഗ്യം ലഭിച്ചത്. ഈജിപ്തിലും ലിബിയയിലും സിറിയയിലും യമനിലും ജോര്‍ദാനിലും വമ്പിച്ച ജനാധിപത്യ പ്രക്ഷോഭങ്ങള്‍ക്ക് തെരുവിലിറങ്ങാന്‍ അറബ് ജനതയെ പ്രചോദിപ്പിച്ചത് തുനീഷ്യന്‍ പോരാട്ടത്തിന്റെ വിജയമായിരിന്നു.
വിപ്ലവത്തെ വിജയിപ്പിച്ച തുനീഷ്യന്‍ ജനത ഇപ്പോള്‍ വിപ്ലവവിജയത്തിന്റെ പത്താം മാസം നടന്ന തെരഞ്ഞെടുപ്പില്‍ ഇതാദ്യമായി സ്വതന്ത്രമായി വോട്ടവകാശം വിനിയോഗിക്കാനവസരം ലഭിച്ചപ്പോള്‍, തുനീഷ്യന്‍ വിപ്ലവത്തിന്റെ മുന്നില്‍ നിന്ന അന്നഹ്ദ പാര്‍ട്ടിക്ക് ഭൂരിപക്ഷം നല്‍കി  മറ്റൊരു പാഠം കൂടി ലോകത്തിനു നല്‍കിയിരിക്കുന്നു. തങ്ങളുടെ സ്വാതന്ത്ര്യപോരാട്ടത്തിനും ഭരണസംവിധാനത്തിനും അടിത്തറയായി നില്‍ക്കാന്‍ കെല്‍പുള്ള പ്രത്യയശാസ്ത്രമായി ഭൂരിപക്ഷവും കാണുന്നത് ഇസ്‌ലാമിനെത്തന്നെയാകുന്നു എന്നതാണ് പാഠത്തിന്റെ മര്‍മം. ആ ഇസ്‌ലാമിനെ പ്രതിനിധീകരിച്ചതുകൊണ്ടാണ് അന്നഹ്ദയെ അവര്‍ വിജയിപ്പിച്ചത്. ആ ഇസ്‌ലാമിനെ പ്രതിനിധീകരിക്കാത്തുകൊണ്ടാണ് അവര്‍ പ്രോഗ്രസ്സീവ് ഡെമോക്രാറ്റിക് പാര്‍ട്ടിയെയും കോണ്‍ഗ്രസ് ഫോര്‍ ദി റിപ്പബ്ലിക്കിനെയും അത്തകാത്തുലിനെയും പരാജയപ്പെടുത്തിയത്. അങ്ങനെ, 1956 മുതല്‍ ബൂറഖീബയും ബിന്‍ അലിയും മാറ്റിനിര്‍ത്തിയിരുന്ന ഇസ്‌ലാമിനെ, കിട്ടിയ ആദ്യ അവസരം ഉപയോഗിച്ച് ജനങ്ങള്‍ തുനീഷ്യന്‍ സാമൂഹിക ജീവിതത്തിന്റെ മുഖ്യധാരയിലേക്ക് തിരിച്ചുകൊണ്ടുവന്നു. അങ്ങനെയാണ് അന്നഹ്ദ നാല്‍പത് ശതമാനത്തിലേറെ വോട്ട് നേടി ഒന്നാം സ്ഥാനത്തെത്തുന്നത്.
അന്നഹ്ദയെ, ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ഇസ്‌ലാമിക രാഷ്ട്രീയത്തെ പ്രതിനിധാനം ചെയ്യാന്‍ പ്രാപ്തമായ പ്രസ്ഥാനമാക്കിയത് അതിന്റെ സ്ഥാപകരിലൊരാളായ റാശിദുല്‍ ഗനൂശിയുടെ ആധുനിക നിലപാടുകളാണ് എന്ന കാര്യത്തില്‍ സംശയമില്ല. പൗരാവകാശങ്ങളുടെ സംരക്ഷണം, സമൂഹത്തിന്റെ പകുതിയും അവശേഷിക്കുന്ന പകുതിയുടെ മടിത്തട്ടും എന്ന അര്‍ഥത്തില്‍ സ്ത്രീക്ക് സമൂഹത്തിലുള്ള ഉന്നതസ്ഥാനം, സ്വേഛാധിപത്യത്തോട് വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം, ഇസ്‌ലാമിന്റെ പേരിലുള്ള തീവ്രവാദത്തിനും ഭീകരവാദത്തിനുമെതിരെ ശക്തമായ നിലപാട്, ബഹുസ്വരതയോടുള്ള ആദരവ് തുടങ്ങിയ വിഷയങ്ങളില്‍ ഗനൂശി കഴിഞ്ഞ മൂന്നു ദശകങ്ങളായി മാതൃകാപരമായ നിലപാടുകളാണ് സ്വീകരിച്ചുപോന്നത്. തെരഞ്ഞെടുപ്പിനു മുമ്പും പിമ്പും അന്നഹ്ദ അത്തരം നിലപാടുകള്‍ തന്നെ ഉയര്‍ത്തിപ്പിടിക്കാന്‍ ശ്രദ്ധിച്ചു. ഉള്‍കൊള്ളല്‍ ജനാധിപത്യത്തിലാണ് തങ്ങള്‍ക്ക് വിശ്വാസമെന്ന് പാര്‍ട്ടി പ്രഖ്യാപിച്ചു. ഭൂരിപക്ഷം ലഭിച്ചാല്‍ തന്നെയും ഒറ്റക്കു ഭരിക്കാനല്ല, മറ്റുള്ള പാര്‍ട്ടികളെക്കൂടി ഉള്‍ക്കൊള്ളിച്ചു ഭരിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് വ്യക്തമാക്കി. ഫലപ്രഖ്യാപനത്തിനു ശേഷം തങ്ങളുടെ ബദ്ധവൈരികളായ ഇടതുപക്ഷ അള്‍ട്രാസെക്യുലര്‍ പാര്‍ട്ടികളുമായി സഖ്യം പ്രഖ്യാപിച്ചു. തുര്‍ക്കിയിലെ ഉര്‍ദുഗാന്റെ എ.കെ പാര്‍ട്ടിയെയാണ് തങ്ങള്‍ മാതൃകയാക്കുക എന്ന് ഗനൂശി വ്യക്തമാക്കിയിട്ടുണ്ട്. സ്ത്രീകളെ മക്കന ധരിപ്പിക്കുകയോ മദ്യം നിരോധിക്കുകയോ ടൂറിസത്തിനു വിലക്കേര്‍പ്പെടുത്തുകയോ ചെയ്യാന്‍ ഉദ്ദേശ്യമില്ലെന്നും ഇത്തരം കാര്യങ്ങള്‍ നിയമത്തിലൂടെ നടപ്പിലാക്കേണ്ടതാണെന്നു അന്നഹ്ദ വിചാരിക്കുന്നില്ലെന്നും വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. വിദേശ ടൂറിസ്റ്റുകളെ തുണിയുടുപ്പിക്കുന്നതിലല്ല  തങ്ങളുടെ മുന്‍ഗണനയെന്നും ദാരിദ്ര്യവും തൊഴിലില്ലായ്മയും നിര്‍മാര്‍ജനം ചെയ്യുന്നതിനാണ് പ്രാധാന്യം നല്‍കുന്നതെന്നും അന്നഹ്ദ പറയുന്നു.
നിലപാടുകള്‍ പ്രഖ്യാപനങ്ങളിലൊതുക്കാതെ പ്രവൃത്തിയിലൂടെ കാണിക്കുകയാണ് അന്നഹ്ദ. തെരഞ്ഞെടുപ്പ് പലം വന്നയുടന്‍ ഓഹരിവിപണിയിലുണ്ടായ ഇടിച്ചില്‍ മനസ്സിലാക്കി ഗനൂശി നേരിട്ടുതന്നെ മാര്‍ക്കറ്റിലിടപെടുകയും ഓഹരി വിപണിയെ പ്രതികൂലമായി ബാധിക്കുന്ന ഒരു നടപടിയും തങ്ങളുടെ ഭാഗത്തുനിന്നുണ്ടാകില്ലെന്നറിയിക്കുകയും ചെയ്തതോടെ ഓഹരി വിപണി കരകയറി.
തുനീഷ്യയില്‍ ദേശീയ ഗവണ്‍മെന്റുണ്ടാക്കുമെന്നും ഭൂരിപക്ഷം ലഭിച്ചാല്‍ പോലും അധികാരം കുത്തകയാക്കിവെക്കില്ലെന്നുമുള്ള അന്നഹ്ദയുടെ പ്രഖ്യാപനം പ്രയോഗവല്‍ക്കരിക്കാന്‍ ശ്രമമാരംഭിച്ചിട്ടുണ്ട്. പ്രധാനമന്ത്രിപദത്തിലേക്ക് തങ്ങളുടെ പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായ ഹമാദി അല്‍ ജിബാലിയെ നിര്‍ദേശിച്ച അന്നഹ്ദ രണ്ടാം സ്ഥാനം നേടിയ കോണ്‍ഗ്രസ് ഫോര്‍ ദി റിപ്പബ്ലിക് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി മുന്‍സിഫ് അല്‍ മര്‍സൂഖിയെയോ ഇടതുപക്ഷ പാര്‍ട്ടിയായ അത്തകാത്തുലിന്റെ ജനറല്‍ സെക്രട്ടറി മുസ്ത്വഫ ബ്‌നു ജഅ്ഫറിനെയോ പ്രസിഡന്റാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
ഇസ്‌ലാമിസ്റ്റുകള്‍ അധികാരത്തില്‍ വന്നാല്‍ കൈവെട്ടുമെന്നും പര്‍ദയണിയിക്കുമെന്നും പറഞ്ഞു പേടിപ്പിച്ച അള്‍ട്രാസെക്യുലറിസ്റ്റുകളുടെ വായടപ്പിക്കുന്ന കാല്‍വെപ്പുകളായിരുന്നു അന്നഹ്ദയുടേത്. തുനീഷ്യക്കകത്തും പുറത്തുമുള്ള ഇസ്‌ലാം വിരോധികളെ ആ നിലപാടുകള്‍ നിരായുധരാക്കി. അന്നഹ്ദയെ താലിബാനായല്ല തങ്ങള്‍ കാണുന്നതെന്ന് സഖ്യത്തിനു തയാറായ പ്രതിപക്ഷപാര്‍ട്ടികള്‍ പ്രസ്താവനയിറക്കി. അമേരിക്കയും യൂറോപ്പും തെരെഞ്ഞെടുപ്പ് ഫലത്തെ സ്വാഗതം ചെയ്യാന്‍ നിര്‍ബന്ധിതരായി. യൂറോപ്യന്‍ യൂനിയന്‍ അന്നഹ്ദയെ അഭിനന്ദിക്കുക കൂടി ചെയ്തു.
തുനീഷ്യന്‍ ജനത പ്രകടിപ്പിച്ച ജനാധിപത്യബോധത്തെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള പ്രസ്താവനയാണ് യു. എസ്. വിദേശകാര്യ സെക്രട്ടറി ഹിലാരി ക്ലിന്റണ്‍ നടത്തിയത്. തുനീഷ്യന്‍ ഇസ്‌ലാമിസ്റ്റുകള്‍ നേടിയ വിജയത്തെ ഉള്‍ക്കൊണ്ടുള്ള നിലപാടാണ് ഇത്തവണ അമേരിക്ക സ്വീകരിച്ചതെന്നതു ശ്രദ്ധേയമാണ്. 1992ല്‍ അള്‍ജീരിയയില്‍ ഇസ്‌ലാമിക് സാല്‍വേഷന്‍ ഫ്രണ്ട് വിജയിച്ചപ്പോള്‍ അതിനെ അട്ടിമറിച്ചതും ഫലസ്ത്വീനില്‍ 2006 ല്‍ ഹമാസിന്റെ വിജയത്തില്‍ ആശങ്ക പ്രകടിപ്പിച്ചതുമുള്‍പ്പടെ ഇസ്‌ലാമിസ്റ്റുകളുടെ മുന്നേറ്റത്തില്‍ ഒട്ടും സഹിഷ്ണുതയില്ലാത്ത നിലപാട് സ്വീകരിച്ചിരുന്ന അമേരിക്ക യാഥാര്‍ത്ഥ്യ ബോധത്തിലേക്ക് വരുന്നതിന്റെ സൂചനകളാണിത്.  ഈജിപ്തിലെ ജനകീയവിപ്ലവത്തില്‍ ഇഖ്‌വാന്റെ പങ്കിനെ ഒബാമ എടുത്തുപറഞ്ഞതും അവരുമായി ചര്‍ച്ചക്ക് തയാറാണെന്ന് ഹിലാരി ക്ലിന്റണ്‍ പ്രഖ്യാപിച്ചതും ചേര്‍ത്ത് വായിക്കുക. പാശ്ചാത്യ മാധ്യമങ്ങളും അന്നഹ്ദയുടെ വിജയത്തെ പൊതുവെ പോസിറ്റീവായാണ് വിലയിരുത്തിയത്. അറബ് വസന്തത്തിന്റെ ആദ്യഫലം തന്നെ ഇസ്‌ലാമിസ്റ്റുകള്‍ക്ക് അനുകൂലമാണെന്നും ഈജിപ്ഷ്യന്‍ തെരെഞ്ഞെടുപ്പില്‍ ഇത് മുസ്‌ലിം ബ്രദര്‍ഹുഡിന് അനുഗുണമായിത്തീരുമെന്നും വാഷിങ്ടണ്‍ പോസ്റ്റ് വിലയിരുത്തി.
ഇനി, കൂട്ടുകക്ഷി മന്ത്രിസഭ അധികാരത്തിലേറുന്നതോടെ രാജ്യത്തിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മതവും മതേതരത്വവും പരസ്പരം രാജിയാവുന്നതിന്റെ മാതൃക കൂടി തുനീഷ്യ ലോകത്തിന്റെ മുമ്പില്‍ സമര്‍പ്പിക്കുമെന്ന് പ്രതീക്ഷിക്കാം. ജനാധിപത്യ-മതേതര ലോകത്ത് മതത്തിന്റെ ചിരസ്ഥായിയായ മൂല്യങ്ങള്‍ മുറുകെ പിടിച്ചുകൊണ്ടു തന്നെ സാമൂഹിക വിപ്ലവ പ്രക്രിയയില്‍ പങ്കാളിത്തം വഹിക്കാനും മനുഷ്യാവകാശ- സ്വാതന്ത്ര്യ പോരാട്ടങ്ങളുടെ ന്യൂക്ലിയസായി മതത്തെ സ്വീകരിക്കാനും അതോടൊപ്പം അതേ മതത്തെ കാലത്തിനൊപ്പം സഞ്ചരിപ്പിക്കാനും ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും സാധ്യമാകുമെന്നതാണ് തുനീഷ്യന്‍ തെരഞ്ഞെടുപ്പ് നല്‍കുന്ന ഏറ്റവും ശക്തമായ സന്ദേശം


ഗനൂശി കേരളത്തിന്റെ അതിഥി
..... ഇന്ത്യ സന്ദര്‍ശിക്കാന്‍ കഴിഞ്ഞതില്‍ എനിക്ക് പറഞ്ഞറിയിക്കാന്‍ കഴിയാത്തത്ര ആഹ്ലാദമുണ്ട്. ഇസ്‌ലാം അതിന്റെ പ്രയാണം ആരംഭിച്ചത് മുതല്‍ തന്നെ ഇന്ത്യക്ക് ആ പ്രയാണപഥത്തില്‍ വലിയൊരു സ്ഥാനമുണ്ടായിരുന്നു. ഇസ്‌ലാമിക ചരിത്രം പഠിക്കുന്ന ഏതൊരു വിദ്യാര്‍ഥിയും ഇസ്‌ലാമിന്റെ കോട്ടകളിലൊന്നായാണ് ഇന്ത്യയെ കണ്ടെത്തുക. ശാഹ് വലിയ്യുല്ലാഹിയെപ്പോലുള്ള പൂര്‍വകാല പണ്ഡിതന്മാര്‍ക്കും മൗലാനാ മൗദൂദി, അബുല്‍ ഹസന്‍ അലി നദ്‌വി, മസ്ഊദ് ആലം നദ്‌വി തുടങ്ങിയ സമകാലികര്‍ക്കും ശിഷ്യപ്പെടാതെ സമകാലിക ഇസ്‌ലാമിന് മുന്നോട്ട് പോവാനാവില്ല.
ആഗോള ഇസ്‌ലാമിക പ്രസ്ഥാനത്തെ രൂപപ്പെടുത്തുന്നതില്‍ ഇന്ത്യയിലെ ഇസ്‌ലാമിക പ്രസ്ഥാനത്തിന് പ്രസ്താവ്യമായ പങ്കാണുള്ളത്. ലോകത്തെ ഏറ്റവും വലിയ ഇസ്‌ലാമിക പ്രസ്ഥാനമാണ് അല്‍ ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍. അവര്‍ക്ക് ഒരാഗോള അജണ്ടയുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇഖ്‌വാന് 60 കേന്ദ്രങ്ങളുണ്ട്. ആ പ്രസ്ഥാനം ഇന്ത്യയിലോ പാകിസ്താനിലോ ബംഗ്ലാദേശിലോ ഒരു ശാഖ തുടങ്ങട്ടെ എന്ന് ആലോചിച്ചിട്ടില്ല. കാരണം അവര്‍ ജമാഅത്തെ ഇസ്‌ലാമിയില്‍ കാണുന്നത് തങ്ങളെ തന്നെയാണ്.
.... ഇസ്‌ലാമിക പ്രസ്ഥാനങ്ങളെ നോക്കുക. ഇന്നവ ഏറ്റവും വലിയ ജനകീയ പ്രസ്ഥാനങ്ങളായി മാറിക്കഴിഞ്ഞു. ഈ പ്രസ്ഥാനങ്ങള്‍ക്ക് അധികാരം ലഭിച്ചിട്ടില്ല എന്നത് ശരിയാണ്. പക്ഷേ, ജന മസ്തിഷ്‌കങ്ങളിലേക്കും ഹൃദയങ്ങളിലേക്കും കടന്നുചെല്ലാന്‍ അവര്‍ക്ക് കഴിഞ്ഞിരിക്കുന്നു. മുസ്‌ലിംകള്‍ ഭൂരിപക്ഷമുള്ള ഏതൊരു നാട്ടിലെ യൂനിവേഴ്‌സിറ്റിയിലോ ബാര്‍കൗണ്‍സിലിലോ ട്രേഡ് മേഖലകളിലോ പാര്‍ലമെന്റ് മണ്ഡലങ്ങളിലോ സ്വന്തമായ തെരഞ്ഞെടുപ്പ് നടന്നാല്‍ ഇസ്‌ലാമിസ്റ്റുകള്‍ ജയിക്കും എന്നതാണ് സ്ഥിതി. എന്താണിതിന്റെ അര്‍ഥം? ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ക്ക് അവയുടെ അജണ്ട ജനങ്ങളിലെത്തിക്കാന്‍ കഴിഞ്ഞിരിക്കുന്നു എന്നതുതന്നെ.
... ഇന്ന് മുസ്‌ലിം ലോകത്ത് അധികാരം മതവിരുദ്ധരായ സെക്യുലരിസ്റ്റുകളുടെ കൈകളിലാണ്. ഈ സെക്യുലരിസം പരാജയപ്പെട്ടുകഴിഞ്ഞിരിക്കുന്നു. ഇന്നതിന് ജനഹൃദയങ്ങളില്‍ സ്ഥാനമില്ലതന്നെ. ഇവരെപ്പറ്റി ഇപ്പോള്‍ പറഞ്ഞുകേള്‍ക്കുന്നത് അഴിമതിക്കഥകളാണ്. ഭര ണകര്‍ത്താക്കള്‍ കൊള്ളക്കാരായി മാറിയിരിക്കുന്നു. ഇസ്രയേലും അമേരിക്കയുമാണ് അവരുടെ കൂട്ടാളികള്‍. എന്നാല്‍, ഇസ്‌ലാമുമായി ബന്ധപ്പെടുത്തി പറഞ്ഞു കേള്‍ക്കുന്നതോ? നീതി, സ്വാതന്ത്ര്യം, മനുഷ്യാവകാശം, വിമോചനം, അഗതി സംരക്ഷണം എന്നിങ്ങനെ ഉദാത്തമായ പലതും. പാവപ്പെട്ടവരെയും ദുര്‍ബലരെയും ഭരണകൂടങ്ങള്‍ കൈയൊഴിയുമ്പോള്‍ അവര്‍ക്ക് സഹായഹസ്തവുമായി ചെല്ലുന്നത് ഇസ്‌ലാമിക പ്രസ്ഥാനങ്ങളാണ്.
(കോഴിക്കോട് ഹിറാ സെന്ററില്‍ ക്ഷണിക്കപ്പെട്ട സദസ്സിനെ മുമ്പാകെ ചെയ്ത പ്രസംഗത്തില്‍ നിന്ന്).
2008 ഫെബ്രുവരിയില്‍ റാശിദുല്‍ ഗനൂശി കേരളം സന്ദര്‍ശിക്കുകയുണ്ടായി. ശാന്തപുരം അല്‍ജാമിഅയുടെ സനദ്ദാന സമ്മേളനത്തിലെ മുഖ്യാതിഥിയായിരുന്നു അദ്ദേഹം. തുനീഷ്യയില്‍ നിന്ന് പുറത്താക്കപ്പെട്ട് ലണ്ടനില്‍ പ്രവാസ ജീവിതം നയിക്കുന്നതിനിടയിലായിരുന്നു അദ്ദേഹത്തിന്റെ കേരള സന്ദര്‍ശനം. കോഴിക്കോട് ഹിറാ സെന്ററില്‍ പ്രസ്ഥാന നേതൃത്വത്തെയും പിന്നീട് മാധ്യമ പ്രവര്‍ത്തകരെയും അദ്ദേഹം അഭിസംബോധന ചെയ്തിരുന്നു. ദല്‍ഹിയിലെ ജമാഅത്ത് കേന്ദ്ര ആസ്ഥാനത്തെ സ്വീകരണ പരിപാടിക്കും ശേഷമാണ് അന്നദ്ദേഹം യാത്ര തിരിച്ചത്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം