മുന്‍ഗണനാക്രമം പാലിച്ചില്ലെങ്കില്‍
സംസ്‌കരണ പ്രബോധന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടുവന്ന ദൈവിക നിര്‍ദേശത്തില്‍ ഒരു സുപ്രധാന പദപ്രയോഗം വന്നിട്ടുണ്ട്. അന്നഹ്ല്‍ അധ്യായത്തിലെ 125-ാം സൂക്തത്തില്‍ വന്ന പദം 'ഹിക്മത്ത്' എന്നാണ്. ഈ പദത്തിന് വിശാലമായ അര്‍ഥതലങ്ങളാണുള്ളത്. അതിലൊന്ന്, പ്രബോധന സംസ്‌കരണ പ്രവര്‍ത്തനങ്ങളില്‍ മുന്‍ഗണനാക്രമം പാലിക്കുന്നതിനും ഖുര്‍ആന്‍ ഹിക്മത്ത് എന്നു പറയുന്നുവെന്നതാണ്. മുന്‍ഗണനാക്രമം കണിശതയോടെ മുറുകെ പിടിക്കുമ്പോഴേ പ്രബോധനം പ്രബോധനമായും സംസ്‌കരണം സംസ്‌കരണമായും അംഗീകരിക്കപ്പെടുക തന്നെയുള്ളൂ.
നമസ്‌കാരം, വ്രതം, ഹജ്ജ്, സകാത്ത് തുടങ്ങിയ നിര്‍ബന്ധ കര്‍മങ്ങളില്‍ മാത്രമല്ല, താരതമ്യേന പ്രാധാന്യം കുറഞ്ഞ കൊച്ചു കൊച്ചു വിഷയങ്ങളില്‍ വരെ ഈ മുന്‍ഗണനാക്രമം അനിവാര്യമത്രെ. ഇതിന് സാങ്കേതികമായി 'തര്‍ത്തീബ്' എന്നാണ് കര്‍മശാസ്ത്ര പണ്ഡിതന്മാര്‍ പറയുന്നത്. ഓരോ കാര്യത്തിനും ഇസ്‌ലാം നിര്‍ണയിച്ച ക്രമവും വ്യവസ്ഥയും ലംഘിക്കാതെയും ഓരോന്നിനുമുള്ള പ്രാധാന്യം പരിഗണിച്ചും ചൈതന്യം ചോര്‍ന്നു പോകാതെയും അതതിന്റെ സമയത്തും സ്ഥലത്തും നിര്‍വഹിക്കുന്നതിനാണ് മുന്‍ഗണനാക്രമമെന്ന് പറയുന്നത്.
സാരമുള്ളതോ അല്ലാത്തതോ ആയ തെറ്റുകളും പിഴവുകളും സംഭവിച്ച മുസ്‌ലിം സമൂഹത്തെ ശരിയിലേക്ക് നയിക്കുമ്പോള്‍ പ്രശ്‌നങ്ങളുടെ യഥാര്‍ഥ സ്വഭാവവും പശ്ചാത്തലവും മുന്‍വിധിയില്ലാതെ വിശദമായി പഠിക്കുന്നത് മുന്‍ഗണനാക്രമത്തിന്റെ ആദ്യ പടിയാണ്. ഉദാഹരണമായി പ്രവൃത്തികളെ ഇസ്‌ലാം അഞ്ചിനങ്ങളായി തിരിക്കുന്നു.
1. ചെയ്യണമെന്ന് നിര്‍ബന്ധമുള്ളത് (വാജിബ്). 2. ചെയ്യാന്‍ നിരോധമുള്ളത് (ഹറാം). 3. ചെയ്യല്‍ അഭികാമ്യമായത് (മന്‍ദൂബ്). 4. അഭിലഷണീയമല്ലാത്തത് (മക്‌റൂഹ്). 5. ചെയ്യാനും ചെയ്യാതിരിക്കാനും സ്വാതന്ത്ര്യമുള്ളത് (മുബാഹ്).
സമുദ്ധാരണ പ്രവര്‍ത്തനത്തിനിറങ്ങുന്ന സാമൂഹിക പ്രവര്‍ത്തകര്‍ തങ്ങളുടെ മുമ്പിലുള്ള പ്രവൃത്തികള്‍ മുകളില്‍ പറഞ്ഞ ഏത് കാറ്റഗറിയിലാണ് പെടുക എന്ന് കണിശമായി തിരിച്ചറിയണം. ചിലര്‍ വാജിബില്‍ തന്നെയായിരിക്കും കൃത്യവിലോപം കാണിക്കുന്നത്. വേറെ ചിലര്‍ ഹറാം ചെയ്തുകൂട്ടുന്നവരായിരിക്കും. ഇനിയും ചിലര്‍ മന്‍ദൂബുകള്‍ ഒഴിവാക്കുന്നവരാകാം. മറ്റൊരു കൂട്ടര്‍ മക്‌റൂഹുകള്‍ നിസ്സാരമായി കാണുന്നവരാണെങ്കില്‍ വേറെ ഒരു കൂട്ടര്‍ മുബാഹിനെ അസ്ഥാനത്ത് ഉപയോഗിക്കുന്നവരായിരിക്കും. ഈ അഞ്ചിനത്തില്‍ ഓരോരുത്തരെയും വേര്‍തിരിച്ചു മനസ്സിലാക്കുകയും കാരണങ്ങള്‍ വിശദമായി പരിശോധിക്കുകയും ചെയ്യുമ്പോള്‍ എവിടെ, എപ്പോള്‍, എങ്ങനെ ചികിത്സ തുടങ്ങണമെന്ന് വ്യക്തമാകും. അപ്പോള്‍ മുന്നോട്ടുള്ള മാര്‍ഗം തുറസ്സായിത്തീരും. നേരെ മറിച്ച്, ശരീഅത്തിന്റെ ഈ സുപ്രധാനമായ അളവുകോല്‍ കണക്കിലെടുക്കാതെ തോന്നിയ പോലെയാണ് ആളുകളെ അളക്കുന്നതെങ്കില്‍ സംഗതികള്‍ തലകുത്തനെയാവാനും കൂടുതല്‍ വഷളാവാനുമുള്ള സാധ്യത വളരെയേറെയാണ്.
ഇതിന് പുറമെ സംസ്‌കരണ പ്രവര്‍ത്തകരുടെ സജീവ പരിഗണനയില്‍ വരേണ്ട വേറെയും കാര്യങ്ങളുണ്ട്. നെറികേടില്‍ പെട്ട വ്യക്തി ചെയ്ത അരുതായ്മ അല്ലെങ്കില്‍ തെറ്റ് മുഖ്യ പ്രമാണങ്ങളായ ഖുര്‍ആനും ഹദീസും സംശയരഹിതമായി വിലക്കിയതാണോ, അതോ ഭിന്നവീക്ഷണങ്ങള്‍ക്ക് പഴുതുള്ള, പൂര്‍വിക പണ്ഡിതന്മാര്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയ വിഷയമാണോ? തന്നിഷ്ട പ്രകാരമാണോ കുറ്റം ചെയ്തത്, അതോ നിര്‍ബന്ധിതനായോ? ഇസ്‌ലാമിക നിയമം ലംഘിക്കുമ്പോള്‍ ബുദ്ധിവൈകല്യമോ ബുദ്ധിമാന്ദ്യമോ ഉണ്ടായിരുന്നോ? പണ്ഡിതനാണോ നേതാവിന്നാണോ തെറ്റുപറ്റിയത്? തെറ്റിലകപ്പെട്ടത് ഇസ്‌ലാമിക ഭരണപ്രദേശത്ത് ജീവിക്കുന്നവനാണോ? അതോ അനിസ്‌ലാമിക സൊസൈറ്റിയില്‍ കഴിയുന്നവനോ? മുന്‍ഗണനാക്രമത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് ഇവയും.
മുന്‍ഗണനാക്രമത്തെയും ചില അനുബന്ധ പ്രശ്‌നങ്ങളെയും കുറിച്ച് ലോക പ്രശസ്ത പണ്ഡിതനും ചിന്തകനുമായ ഡോ. യൂസുഫുല്‍ ഖറദാവി എഴുതിയത് ഇവിടെ സംഗ്രഹിക്കാം: നന്മ കല്‍പിക്കുമ്പോഴും തിന്മ തടയുമ്പോഴും മുന്‍ഗണനാക്രമത്തിന് അര്‍ഹമായ സ്ഥാനം കൊടുക്കുന്നില്ലെങ്കില്‍, ആ പ്രവൃത്തി യുക്തിഭദ്രത(ഹിക്മത്ത്)യുള്ളതാണെന്ന് പറയാനാവില്ല. ആദര്‍ശ മൂല്യങ്ങള്‍ക്കും അടിസ്ഥാന വിശ്വാസങ്ങള്‍ക്കും, ചെയ്യല്‍ അഭികാമ്യമായ സുന്നത്ത് കര്‍മങ്ങളേക്കാള്‍ മുന്‍ഗണന കൊടുക്കണം. അനഭിലഷണീയങ്ങളായ മക്‌റൂഹാത്തുകള്‍ തടയുന്നതിനേക്കാള്‍ എന്തുകൊണ്ടും പ്രാധാന്യം നല്‍കേണ്ടത് മുഹര്‍റമാത്തുകള്‍ തടയുന്നതിനാകണം. വ്യക്തി താല്‍പര്യവും പൊതുതാല്‍പര്യവും ഏറ്റുമുട്ടുമ്പോള്‍, പൊതുതാല്‍പര്യത്തിനേ പ്രബോധകന്‍ പ്രഥമ പരിഗണന കൊടുക്കാവൂ. ഒഴിച്ചുകൂടാനാവാത്തതും അനിവാര്യമായതുമായ പ്രശ്‌നങ്ങള്‍ക്ക്, മോടിപിടിപ്പിക്കുക, ഭംഗി കൂട്ടുക പോലുള്ള ഗൗരവം കുറഞ്ഞ കാര്യങ്ങളേക്കാള്‍ പ്രാധാന്യം നല്‍കണം.
യൂസുഫുല്‍ ഖറദാവി മുന്നോട്ട് വെക്കുന്ന മുന്‍ഗണനാക്രമം, പ്രബോധകന്റെ കുപ്പായമണിഞ്ഞ പലരും അവഗണിക്കുന്നു. അല്ലെങ്കില്‍ അവര്‍ അത്തരം ഒരു രീതിയെ സംബന്ധിച്ച് അജ്ഞരാണ്. ഒരു വിശ്വാസിയുടെ ആദര്‍ശ സാംസ്‌കാരിക അടിത്തറ തന്നെ ഇളകിയാടുന്നുവെങ്കില്‍, അവിടെ സമുദ്ധാരകന്റെ പ്രഥമ ദൗത്യം ആ അടിത്തറ ഭദ്രമായി പുനഃസ്ഥാപിക്കലാണ്. അതിന് പകരം, ഈ മൗലിക പ്രശ്‌നം ബോധപൂര്‍വമായോ അല്ലാതെയോ നിരാകരിക്കുകയും അഭികാമ്യം മാത്രമായ സുന്നത്തുകളില്‍ മുഖ്യശ്രദ്ധ ഊന്നുകയും ചെയ്യുകയാണെങ്കില്‍ അതെത്ര മാത്രം വിഡ്ഢിത്തമായിരിക്കും! ജീവിതത്തിന്റെ സാക്ഷാല്‍ ചാലകശക്തിയായ പരലോക വിശ്വാസം ഏതാണ്ടില്ലാതായ ഒരാളോട് അതിനെ പറ്റിയൊന്നും പറയാതെ നമസ്‌കാരത്തില്‍ തലമറക്കാനും വെള്ളിയാഴ്ചകളില്‍ സൂറത്തുല്‍ കഹ്ഫ് ഓതാനും വാശിപിടിക്കുന്നതില്‍ എന്തര്‍ഥമാണുള്ളത്!
നാട്ടിന്‍പുറങ്ങളിലും നഗര പ്രദേശങ്ങളിലുമൊക്കെ അധിവസിക്കുന്ന നല്ലൊരു വിഭാഗം മുസ്‌ലിംകളില്‍ ആര്‍ഭാട ഭ്രമം ഇന്നൊരു എടുത്തുമാറ്റാനാവാത്ത ഫാഷനായി കഴിഞ്ഞിരിക്കുന്നു. കൊട്ടാര സദൃശമായ വീടുകള്‍, വിലയേറിയ കാറുകള്‍, പഞ്ചനക്ഷത്ര തുല്യമായ ഫര്‍ണിച്ചറുകളും ഭക്ഷണ പാനീയങ്ങളും, മില്യനുകള്‍ ചെലവിടുന്ന ആഘോഷങ്ങള്‍. ഇങ്ങനെ ജീവിതത്തെ കെട്ടുനാറിയ ധൂര്‍ത്തിന്റെ ഓടയിലൂടെ മുന്നോട്ടുകൊണ്ടുപോകുന്ന മുസ്‌ലിംകളോട് സന്മാര്‍ഗോപദേശം നടത്തുന്നവര്‍ മുന്‍ഗണനാക്രമത്തിന്റെ ഗൗരവവും ആവശ്യകതയും ഗ്രഹിച്ചേ പറ്റൂ. കടുത്ത ദാരിദ്ര്യത്തിന്റെയും മാരക രോഗങ്ങളുടെയും നീരാളിപ്പിടുത്തത്തില്‍ പെട്ട് പരീക്ഷണങ്ങളുടെ നെരിപ്പോടില്‍ കത്തിയമരുന്ന അയല്‍വാസികള്‍ പരിസരങ്ങളിലുണ്ടാവുമ്പോള്‍, ധൂര്‍ത്തിന്റെ തൊട്ടിലില്‍ ആനന്ദാര്‍ഭാടത്തോടെ കഴിയുന്ന മുസ്‌ലിം വലിയ തെറ്റാണ് ചെയ്യുന്നതെന്ന് തുറന്ന് പറയാന്‍ സത്യത്തിലേക്ക് ക്ഷണിക്കുന്നവര്‍ക്ക് ബാധ്യതയുണ്ട്. സ്വേഛകളുടെ പിന്നാലെ പോകാതെ കഷ്ടപ്പെടുന്നവരുടെ കണ്ണുനീരൊപ്പാന്‍ നബി(സ) ഇടക്കിടെ സ്വഹാബികളെ ഉണര്‍ത്തിക്കൊണ്ടിരുന്നത് ഹദീസ് ഗ്രന്ഥങ്ങളില്‍ നമുക്ക് കാണാം. 'അയല്‍വാസി വിശന്നുകിടക്കുമ്പോള്‍ വയറു നിറച്ച് ഉണ്ണുന്നവന്‍ വിശ്വാസിയല്ല' എന്ന തിരുവചനം പ്രസിദ്ധമാണല്ലോ.
ഇപ്രകാരം തന്നെ ഒരാള്‍ ചെയ്യാന്‍ പാടില്ലാത്തവയാണ് ചെയ്തുകൊണ്ടിരിക്കുന്നതെങ്കില്‍ (മുഹര്‍റമാത്ത്) ബോധവത്കരണം തുടങ്ങേണ്ടത് ആ വിഷയകമായി തന്നെയാവണം. അല്ലാതെ അയാളില്‍ നിന്നുണ്ടാവുന്ന താരതമ്യേന പ്രാധാന്യം കുറഞ്ഞ അനഭിലഷണീയതകളെ (മക്‌റൂഹ്) പ്രധാന വിഷയമായി എടുത്തുകൊണ്ടല്ല. കാരണം, കൊടൂരമായ മുഹര്‍റമാത്തുകളെ ഒഴിവാക്കാന്‍ ഒരാള്‍ക്ക് സാധിച്ചാല്‍, ആപേക്ഷികമായി ഗൗരവം കുറഞ്ഞ അനഭിലഷണീയ പ്രവര്‍ത്തനങ്ങള്‍ക്കും പെരുമാറ്റ ദൂഷ്യങ്ങള്‍ക്കും തടയിടാന്‍ വലിയ പ്രയാസമുണ്ടാവില്ല. അതുപോലെ ഒരു വിശ്വാസി അല്ലെങ്കില്‍ ഒരു കൂട്ടം വിശ്വാസികള്‍ സമൂഹത്തിന് കുറെ നല്ല കാര്യങ്ങള്‍ ചെയ്തുകൊടുക്കുന്നു. പ്രത്യക്ഷത്തില്‍ അവരുടെ സേവനം സ്വാഗതാര്‍ഹമാണെങ്കിലും പൊതുതാല്‍പര്യത്തേക്കാള്‍ പരിഗണന സ്വകാര്യ താല്‍പര്യ സംരക്ഷണമാണെങ്കില്‍ ഇവിടെയും ഇടപെടലും നിയന്ത്രണവും ആവശ്യമായി വരും.
എല്ലാം തന്നെ മുന്തിയ ആസൂത്രണവും മതിയായ മുന്നൊരുക്കവും വിശദമായ പശ്ചാത്തല പഠനവും ആവശ്യപ്പെടുന്ന കാര്യങ്ങളാണ്. എന്നാല്‍, അല്ലാഹു അനുഗ്രഹിച്ച ഒരു ചെറിയ വിഭാഗം അപവാദമായുണ്ട് എന്നതൊഴിച്ചാല്‍, മിക്കവരും ഞാനും 'ആലിമൂപ്പന്റെ ആളാണെന്ന്' പറഞ്ഞ് ഗമനടിക്കുകയും വണ്ടിക്കു പിന്നാലെ കുതിരയെ കെട്ടി രംഗം കൂടുതല്‍ സങ്കീര്‍ണമാക്കുകയും മലീമസമാക്കുകയുമല്ലേ ചെയ്യുന്നത്?
Comments