Prabodhanm Weekly

Pages

Search

2011 നവംബര്‍ 19

ഫറോക്കിന്റെ സ്വന്തം പി.കെ

ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമിയില്‍ അതിന്റെ തുടക്കത്തില്‍ തന്നെ അംഗത്വമെടുത്ത കര്‍മഭടനായിരുന്നു ഫറോക്കിലെ പി.കെ മൊയ്തീന്‍ സാഹിബ്. ഹാജി സാഹിബ് കോഴിക്കോട് പട്ടാളപ്പള്ളിയില്‍ ഖുത്വുബ നിര്‍വഹിച്ചിരുന്ന കാലത്താണ് പി.കെ, ഹാജി സാഹിബുമായി അടുക്കുന്നത്. പ്രസ്ഥാനത്തെ അടുത്തറിയുന്നതും ഹാജി സാഹിബില്‍ നിന്നാണ്. കൊണ്ടോട്ടി അബ്ദുറഹ്മാന്‍ സാഹിബ്, എന്‍.എം ബാവ സാഹിബ് എന്നിവരുടെ പിന്‍ബലവും പി.കെക്ക് ആവേശമായി.
പി.കെയുടെ പ്രാഥമിക വിദ്യാഭ്യാസം ചാലിയത്തെ മദ്‌റസത്തുല്‍ മനാറിലായിരുന്നു. അമ്മാവനും ആദ്യകാല മുജാഹിദ് നേതൃനിരയിലുണ്ടായിരുന്ന ആളുമായ മര്‍ഹൂം പി.പി ഉണ്ണിമൊയ്തീന്‍ കുട്ടി മൗലവിയായിരുന്നു അദ്ദേഹത്തിന്റെ ഉസ്താദ്. ഗവണ്‍മെന്റ് ഗണപത് ഹൈസ്‌കൂളില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ പി.കെ കച്ചവടത്തിലേക്ക് തിരിഞ്ഞു. അക്കാലത്താണ് അദ്ദേഹം മുസ്‌ലിം ലീഗില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുന്നത്. ബീഡിത്തൊഴിലാളികളെ സംഘടിപ്പിക്കുന്നതിലായിരുന്നു അന്ന് പി.കെയുടെ ശ്രദ്ധ. മുസ്‌ലിം ലേബര്‍ യുണിയനില്‍ സജീവമാകുന്നത് അങ്ങനെയാണ്. പൊന്നാനിയിലെ ആനമാര്‍ക്ക് ബീഡി കമ്പനിയിലെ  തൊഴില്‍ തര്‍ക്കത്തില്‍ പരേതനായ മുന്‍ എം.എല്‍.എ, കെ.കെ അബുസാഹിബിന്റെ നേതൃത്വത്തില്‍ പി.കെ ഒരു മാസത്തോളം ജയിലിലായിരുന്നു. 1947ല്‍ ഇന്ത്യ സ്വതന്ത്രമായതിനു ശേഷമാണ് പി.കെ മോചിതനായത്.
അന്ധവിശ്വാസവും ആനാചാരവും പൈതൃകത്തിന്റെ പേരില്‍ നെഞ്ചേറ്റിയ ഒരു സമൂഹമായിരുന്നു പി.കെക്കു മുമ്പിലുണ്ടായിരുന്നത്. ഫറോക്ക് പേട്ടക്ക് വടക്കു വശം കുളങ്ങരപ്പാടത്ത് പി.കെ പലചരക്കു കച്ചവടം തുടങ്ങുന്നതു തന്നെ പ്രബോധനം ലക്ഷ്യം വെച്ചു കൊണ്ടായിരുന്നു. പി.കെ യുടെ 'പുത്തന്‍ ചിന്തകളെ' പാരമ്പര്യത്തിന്റെ വാളുകൊണ്ട് അവര്‍ പ്രതിരോധിച്ചു. ക്ഷമ കൈവിടാതെ പി.കെ അവരുടെ പിറകെ തന്നെ കൂടി.
പി.കെയുടെ പ്രവര്‍ത്തന ഫലമായി വി.കെ മോയുട്ടി, വി.കെ കുട്ടിമാന്‍ എന്നിവര്‍ പ്രസ്ഥാനത്തിന്റെ സഹകാരികളായത് മഹല്ലില്‍ ഏറെ വിവാദങ്ങളുണ്ടാക്കി. കോടമ്പുഴ മഹല്ലില്‍ ഉള്‍പ്പെട്ട കുളങ്ങരപ്പാടം പ്രദേശം, അതോടെ പുത്തന്‍പ്രസ്ഥാനക്കാരുടെ ഇടമായി മഹല്ലുഖാദി പ്രഖ്യാപിച്ചു. മഹല്ലിലെ പരുത്തിപ്പാറയില്‍ നടന്നിരുന്ന ആണ്ടുനേര്‍ച്ചക്ക് കുളങ്ങരപ്പാടത്തു നിന്നു കൊണ്ടുപോയ നേര്‍ച്ചപ്പത്തിരി തിരിച്ചയക്കപ്പെട്ടു. പത്തിരിയുമായി പോയ ചെറുപ്പക്കാര്‍ നേര്‍ച്ചപ്പറമ്പിലിരുന്ന് പത്തിരി തിന്നു തിരിച്ചുപോന്നു. അമ്പതുകളുടെ തുടക്കത്തിലുണ്ടായ ഈ സംഭവത്തോടെ വി.കെ കുട്ടിമാന്‍, വി.കെ മോയുട്ടി, മക്കളായ വി.കെ മായിന്‍, വി.കെ അഹ്മദ് കുട്ടി എന്നിവര്‍ പി.കെക്കൊപ്പം ഉറച്ചു നിന്നു. കുളങ്ങരപ്പാടം പയ്യെ പയ്യെ  ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ തണല്‍ പറ്റി. ഇവിടെ നിന്നാണ് പില്‍ക്കാലത്ത്  ഫറോക്ക് പേട്ടയിലേക്കും ഫറോക്കിന്റെ പരിസരപ്രദേശങ്ങളായ ഫാറൂഖ് കോളേജ്, രാമനാട്ടുകര, ചാലിയം, കടലുണ്ടി, ചെറുവണ്ണൂര്‍, കരുവന്‍തിരുത്തി, നല്ലളം എന്നിവിടങ്ങളിലേക്കും ഇസ്‌ലാമിക പ്രസ്ഥാനം ചാലിട്ടൊഴുകിയത്.
ഇസ്‌ലാമിക പ്രസ്ഥാനത്തിന് സംസ്ഥാനത്ത് വനിത ഹല്‍ഖ രുപവത്കരിക്കുന്നതിനു മുമ്പ് തന്നെ പി.കെ കുളങ്ങരപ്പാടത്ത് വനിതാ ക്ലാസുകള്‍ക്ക് തുടക്കംകുറിച്ചു. കുളങ്ങരപ്പാടത്തെ പി.വി മുഹമ്മദ് ഹാജിയുടെ വീട്ടുമുറ്റത്തുവച്ച് അറുപതുകളില്‍ നടത്തിയ വനിതാ സമ്മേളനവും പി.കെയുടെ വീട്ടുവളപ്പില്‍ നടന്ന ഫര്‍ക്കാ സമ്മേളനവും പ്രസ്ഥാന ചരിത്രത്തിലെ നവ്യാനുഭവങ്ങളായിരിക്കും.
നാട്ടുകാരുടെ പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെട്ടിരുന്നു പി.കെ. പിന്നാക്ക വിഭാഗങ്ങള്‍ കുളങ്ങരപ്പാടത്തെ പി.കെയുടെ കടയിലെ സ്ഥിരം പറ്റുകാരായിരുന്നു. പറ്റുപുസ്തകത്തില്‍ കടസംഖ്യ കുന്നുകൂടുമ്പോഴും ചിരിച്ചുകൊണ്ട്, അവര്‍ക്ക് വേണ്ട സാധനങ്ങള്‍ യാതൊരു വൈമനസ്യവും കൂടാതെ പി.കെ നല്‍കി. 1963-ല്‍ രൂപവത്കരിക്കപ്പെട്ട ഫറോക്ക് മഹല്ല് ദുരിതാശ്വാസ കമ്മിറ്റിയുടെയും ഫറോക്ക് ജിദ്ദ-ദമാം റിലീഫ് കമ്മിറ്റിയുടെയും സ്ഥാപകനേതാക്കളില്‍ ഒരാളുമായിരുന്നു അദ്ദേഹം.
മദ്‌റസാ വിദ്യാഭ്യാസം പ്രൈമറി തലത്തില്‍ ഒതുങ്ങി നിന്നിരുന്ന കാലത്താണ് ഫറോക്ക് പേട്ടയില്‍ തഅ്‌ലീമുല്‍ ഇസ്‌ലാം സെക്കന്ററി മദ്‌റസ പി.കെയുടെയും സഹപ്രവര്‍ത്തകനായ മര്‍ഹൂം ഇ.എ കുട്ടിയുടെയും  നേതൃത്വത്തില്‍ ആരംഭിക്കുന്നത്. ഈ സ്ഥാപനത്തിന് ഫറോക്ക് മഹല്ലിലെ എല്ലാ വിഭാഗങ്ങളുടെയും പിന്തുണ നേടാന്‍ കഴിഞ്ഞു. പ്രഫ. വി. മുഹമ്മദ്്, സി.പി അബൂബക്കര്‍ മൗലവി, ടി. മുഹമ്മദ് സാഹിബ്, കെ.സി അബ്ദുല്ല മൗലവി, അബുസ്വലാഹ് മൗലവി തുടങ്ങിയ പ്രമുഖ പണ്ഡിതരായിരുന്നു സെക്കന്ററി മദ്‌റസയുടെ സിലബസ് കമ്മിറ്റിയിലും ഉപദേശക സമിതിയിലും ഉണ്ടായിരുന്നത്. കടന്നമണ്ണ എ. കുഞ്ഞിമുഹമ്മദ് മൗലവിയായിരുന്നു പ്രഥമ പ്രധാനധ്യാപകന്‍. പില്‍ക്കാലത്ത് ഈ സെക്കന്ററി മദ്‌റസ പ്രസ്ഥാനത്തിന് കൈവിട്ടുപോയി.  മത-ഭൗതിക വിദ്യാഭ്യാസത്തെ സമം ചേര്‍ത്ത് ഫറോക്കില്‍ ഒരു കലാലയം എന്നതായിരുന്നു പിന്നീട് പി.കെയുടെ ചിന്ത. ആ ചിന്തയും സഹപ്രവര്‍ത്തകരുടെ പിന്തുണയും കഠിനമായ പരിശ്രമവുമാണ് ഇന്ന് പടര്‍ന്നുപന്തലിച്ചു നില്‍ക്കുന്ന ഇര്‍ശാദിയ സ്ഥാപനങ്ങള്‍.
പി.കെ  പത്ത് മക്കളെയും പ്രസ്ഥാനശിക്ഷണത്തില്‍ വളര്‍ത്തിയെടുക്കാന്‍ ശ്രമിച്ചിട്ടുണ്ട്. അവരെല്ലാം ഇന്ന് ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകരും സഹകാരികളുമാണ്.
സലിം ഫറോക്ക്‌

സി.എച്ച് അബ്ദുല്ല കടവത്തൂര്‍
കണ്ണൂര്‍ ജില്ലയിലെ കടവത്തൂര്‍ കാര്‍കുന്‍ ഹല്‍ഖയിലെ സജീവ പ്രവര്‍ത്തകനായിരുന്നു സി.എച്ച് അബ്ദുല്ല. 1972ല്‍ ഫറൂഖ് കോളേജില്‍ എം.എക്ക് ചേര്‍ന്നപ്പോഴാണ് എം.കോമിന്ന് പഠിക്കുന്ന, കടവത്തൂര്‍ സ്വദേശിയായ സി.എച്ചിനെ ആദ്യമായി പരിചയപ്പെടുന്നത്. അന്ന് ഐ.എസ്.എല്ലിന്റെ പ്രവര്‍ത്തകനായിരുന്നു അദ്ദേഹം. എം.കോം ഡിഗ്രിയെടുത്തതിന് ശേഷം 1976ല്‍ ഖത്തറിലേക്ക് പ്രവാസിയായിപ്പോയ അബ്ദുല്ല രണ്ടു വര്‍ഷം ഗ്രിന്‍ഡ്ലേസ് ബാങ്കില്‍ ജോലി ചെയ്തശേഷം 1996ല്‍ ജോലി ഒഴിവാക്കി നാട്ടിലേക്ക് തിരിച്ചു വരുന്നത് വരെ ഖത്തറിലെ ഝഅജഇഛ അഡ്മിനിസ്ട്രേഷന്‍ വിഭാഗത്തിലാണ് സേവനമനുഷ്ഠിച്ചത്.
കടവത്തൂര്‍ ഹല്‍ഖയുടെയും ഐഡിയല്‍ ട്രസ്റ്, മസ്ജിദുല്‍ റഹ്മാന്‍ തുടങ്ങിയ അനുബന്ധസ്ഥാപനങ്ങളുടെയും പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേകിച്ചും, കണ്ണൂര്‍ ജില്ലയിലെ സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് പൊതുവായും അദ്ദേഹത്തിന്റെ സാമ്പത്തിക സഹായങ്ങള്‍ വളരെ സഹായകമായി. ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യാതലത്തില്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന വിഷന്‍ 2016 പദ്ധതിയില്‍ വലിയ നിലയില്‍ അദ്ദേഹം സഹകരിച്ചു വരികയായിരുന്നു.
രണ്ട് ആണ്‍മക്കളും രണ്ടു പെണ്‍മക്കളും ഭാര്യയുമടങ്ങുന്ന അദ്ദേഹത്തിന്റെ കുടുംബം ജമാഅത്തെ ഇസ്ലാമി പ്രവര്‍ത്തകരാണ്.
പ്രഫ. എം. ഉസ്മാന്‍

 

നബീല്‍ മൊയ്തു
കുറ്റ്യാടി ഏരിയയിലെ വടയം ഹല്‍ഖയിലും മസ്കത്തിലെ മാതൃയൂനിറ്റിലും സജീവ പ്രവര്‍ത്തകനായ സി.കെ മൊയ്തു സാഹിബിന്റെ മകന്‍ നബീല്‍ മൊയ്തു(20) ഒരപകടത്തെ തുടര്‍ന്ന് നിര്യാതനായി. തൊട്ടില്‍പാലം പട്ട്യാട്ട് വെള്ളച്ചാട്ടത്തില്‍ കാല്‍വഴുതി വീഴുകയായിരുന്നു. ആലുവ കെ.എം.ഇ.എ കോളേജില്‍ മൂന്നാംവര്‍ഷ എഞ്ചിനീയറിംഗ് വിദ്യാര്‍ഥിയായ നബീല്‍ അവധിക്ക് നാട്ടില്‍ വന്നാല്‍ വടയത്തെ പ്രസ്ഥാന പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. കോളേജിലും നാട്ടിലും തികഞ്ഞ ഇസ്ലാമിക ചിട്ടയില്‍ ജീവിച്ചിരുന്ന നബീല്‍ നാട്ടുകാര്‍ക്കും സഹപാഠികള്‍ക്കും അധ്യാപകര്‍ക്കും പ്രിയങ്കരനായിരുന്നു.
ഒമ്പതാംക്ളാസ് മുതല്‍ പ്ളസ് ടു കഴിയുന്നതുവരെ ചേന്ദമംഗല്ലൂര്‍ അല്‍ ഇസ്ലാഹിയയിലെ ബോഡിംഗ് വിദ്യാര്‍ഥിയായിരുന്ന നബീല്‍ ഖുര്‍ആനിലും ഹദീസിലും താരതമ്യേന നല്ല അറിവ് നേടിയിരുന്നു. മരിക്കുന്നതിന് തലേന്ന് വടയത്ത് പുതുതായി പണികഴിഞ്ഞ 'മക്ക' മസ്ജിദില്‍ രാത്രി നമസ്കാരത്തിന് നേതൃത്വം നല്‍കിയത് നബീലായിരുന്നു.
നബീലിന്റെ മാതാവ് പാലേരി പാറക്കടവിലെ പരേതനായ മാന്നിക്കോത്ത് അമ്മത് മാസ്ററുടെ മകള്‍ സഫിയയാണ്. സഹോദരന്‍ സഈദ് മസ്കറ്റില്‍ ജോലി ചെയ്യുന്നു. സഹോദരികള്‍ തസ്നീം, ഹുസ്ന.
കെ. കുഞ്ഞമ്മദ് വടയം

 

മഞ്ഞക്കണ്ടന്‍ അബ്ദുര്‍റഹ്മാന്‍
1950കളുടെ അന്ത്യത്തില്‍ മൂവാറ്റുപുഴയില്‍ ബിസ്ക്കറ്റ് ബേക്കറി നടത്തിക്കൊണ്ടിരിക്കെയാണ് അബ്ദുര്‍റഹ്മാന്‍ സാഹിബ് പ്രസ്ഥാനവുമായി ബന്ധപ്പെടുന്നത്. തിരൂരങ്ങാടി, അബ്ദുര്‍റഹ്മാന്‍ നഗര്‍ പഞ്ചായത്തുകളായിരുന്നു പ്രധാന കര്‍മഭൂമി. കുടുംബവീട് തിരൂരങ്ങാടി പഞ്ചായത്തിലെ കക്കാട് കരിമ്പിലും, സ്വന്തംവീട് അബ്ദുര്‍റഹ്മാന്‍ നഗര്‍ പഞ്ചായത്തിലെ അരീതലയിലുമാണ്. ഇരു പ്രദേശത്തെയും നാട്ടുകാരും കുടുംബക്കാരുമായി അദ്ദേഹം ഊഷ്മളമായ ബന്ധം നിലനിര്‍ത്തി.
അബ്ദുര്‍റഹ്മാന്‍ നഗറില്‍ ഹിറാ ചാരിറ്റബ്ള്‍ ട്രസ്റിന്റെ കീഴിലുള്ള അല്‍ഫുര്‍ഖാന്‍ സ്ഥാപനങ്ങളുടെയും പള്ളികളുടെയും പ്രവര്‍ത്തനങ്ങളിലും അബ്ദുര്‍റഹ്മാന്‍ നഗര്‍, തിരൂരങ്ങാടി പഞ്ചായത്തുകളിലെ പ്രാസ്ഥാനിക സംരംഭങ്ങളിലും പ്രവര്‍ത്തനങ്ങളിലുമെല്ലാം എന്നും അദ്ദേഹം മുന്‍ നിരയില്‍ തന്നെയുണ്ടായിരുന്നു.
കെ.ടി അബ്ദുര്‍റഹ്മാന്‍ നദ്വി


വി.പി ഫാത്വിമക്കുട്ടി മൂന്നാക്കല്‍
എടയൂര്‍ കേന്ദ്രീകരിച്ച് ഹാജിസാഹിബ് പ്രസ്ഥാന പ്രവര്‍ത്തനം ആരംഭിച്ച കാലത്ത് തന്നെ അതില്‍ ആകൃഷ്ടയായിരുന്നു വി.പി ഫാത്വിമക്കുട്ടി(75). പ്രസ്ഥാനത്തിന്റെ ആനുകാലികങ്ങളും ഐ.പി.എച്ച് കൃതികളും അവര്‍ സ്ഥിരമായി വായിക്കാറുണ്ടായിരുന്നു. മൂന്ന് വര്‍ഷം മുമ്പ് കേരളാ ഹജ്ജ് ഗ്രൂപ്പുവഴി ഹജ്ജ് നിര്‍വഹിക്കാന്‍ അവര്‍ക്ക് സാധിച്ചു. പാലക്കാട് ജില്ലയിലെ പടിഞ്ഞാറങ്ങാടിയിലേക്കാണ് അവരെ വിവാഹം ചെയ്തിരിക്കുന്നതെങ്കിലും ജന്മസ്ഥലമായ എടയൂരിലെ മൂന്നാക്കലിലെ മകന്റെ വീട്ടിലായിരുന്നു താമസം.
പരേതരായ വലിയപറമ്പില്‍ കുഞ്ഞിമരക്കാരിന്റെയും കുഞ്ഞിപ്പാത്തുവിന്റെയും മകളും പരേതനായ വലിയപറമ്പില്‍ അബ്ദുട്ടിയുടെ ഭാര്യയുമാണ്. 6 മക്കളുണ്ട്.
വി.പി.എം റഷീദ് എടയൂര്‍, മദീന

 പരേതരെ അല്ലാഹു മഗ്ഫിറത്തും മര്‍ഹമത്തും നല്‍കി അനുഗ്രഹിക്കുമാറാകട്ടെ

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം