മദ്വചനങ്ങള്‍ സഭ്യമല്ലെങ്കില്‍
ജനാധിപത്യത്തിന്റെ ശ്രീകോവിലായിട്ടാണ് നിയമസഭകള്‍ സങ്കല്‍പിക്കപ്പെടുന്നത്. ആ നിലക്ക് അതില്‍ അംഗങ്ങളാകുന്നവര്‍ ജനാധിപത്യത്തിന്റെ ദേവന്മാരായിരിക്കേണ്ടതാണ്. അവരുടെ സ്വഭാവത്തിലും വര്‍ത്തമാനത്തിലും പ്രവര്‍ത്തനത്തിലും മഹത്വവും വിശുദ്ധിയുമുണ്ടായിരിക്കണം. പ്രവര്‍ത്തനത്തില്‍ ഈ മൂല്യം നഷ്ടപ്പെട്ടിട്ട് കാലം കുറച്ചായി. മന്ത്രിമാരുടെയും മറ്റു ജനപ്രതിനിധികളുടെയും പേരില്‍ നടക്കുന്ന അന്വേഷണങ്ങളും വിചാരണകളും ശിക്ഷാവിധികളും അതിന്റെ നിദര്‍ശനമാണല്ലോ. എന്നാല്‍ സംസാരത്തില്‍ പൊതുവെ എല്ലാവരും നല്ല പിള്ളകളായിരുന്നു. ഈയിടെയായി ആ ഗുണവും ഗണ്യമായ തോതില്‍ ചോര്‍ന്നുപോകുന്നതാണ് കാണാനാകുന്നത്. ഒരു ബഹുമാനപ്പെട്ട മന്ത്രി സ്വന്തം പിതാവിനേക്കാള്‍ പ്രായമുള്ള പ്രതിപക്ഷ നേതാവിനെ അസഭ്യം പറയുന്നു. മറ്റൊരു മന്ത്രി പ്രതിപക്ഷ എം.എല്‍.എമാരുമായുള്ള വാക്കേറ്റം മൂത്ത് ഡസ്‌ക്കില്‍ ചവിട്ടിക്കയറി അവര്‍ക്കു നേരെ പാഞ്ഞടുക്കാനൊരുമ്പെടുന്നു. സര്‍വാദരണീയനായ സ്പീക്കറോട് താന്‍ എവിടത്തെ സ്പീക്കറാണ് എന്ന് തട്ടിക്കയറുന്ന എം.എല്‍.എമാര്‍. വാക്ക് തര്‍ക്കം കൈയാങ്കളിയിലെത്തി നിയമസഭാ ഉദ്യോഗസ്ഥര്‍ക്ക് വരെ പരിക്കേല്‍ക്കുന്നു. ചില എം.എല്‍.എമാര്‍ ദൃശ്യമാധ്യമങ്ങള്‍ക്ക് മുമ്പില്‍ വന്ന് പ്രതിപക്ഷക്കാര്‍ തങ്ങളുടെ പേരില്‍ വ്യാജമായി സ്ത്രീപീഡനം ആരോപിച്ചേ എന്ന് വാവിട്ടു കരയുന്നു. ഇതിനെയെല്ലാം കടത്തിവെട്ടുന്നതാണ് ചീഫ് വിപ്പിന്റെ വാഗ്വിലാസം. അതുവഴി ഭരണ-പ്രതിപക്ഷ സാരഥികള്‍ മാത്രമല്ല, ദലിതരും സ്ത്രീകളുമെല്ലാം അപമാനിതരാകുന്നു എന്നാണ് പരാതി. സ്വന്തക്കാരുടെ സരസ്വതിവിളയാട്ടത്തിന്റെ പേരില്‍, നാലു മാസം മാത്രം പ്രായമായ സഭയുടെ മുഖ്യമന്ത്രിക്ക് ഇതിനകം പലവട്ടം ഖേദപ്രകടനം നടത്തേണ്ടിവന്നിരിക്കുന്നു. ഇങ്ങനെ പോയാല്‍ ഈ ടേമില്‍ മുഖ്യമന്ത്രിയുടെ കര്‍മപരിപാടിയുടെ മുഖ്യ ഇനം ഖേദപ്രകടനം തന്നെ ആയിക്കൂടായ്കയില്ല.
ജനങ്ങള്‍ നിയമസഭകളിലേക്ക് പ്രതിനിധികളെ തെരഞ്ഞെടുത്തയക്കുന്നത് സഭയില്‍ ബഹളമുണ്ടാക്കാനും കൈയാങ്കളി നടത്താനും തോന്നുമ്പോള്‍ കൂട്ടത്തോടെ ഇറങ്ങിപ്പോകാനുമല്ല; ജനങ്ങളെ ഭരിക്കാനും അവരുടെ അവകാശങ്ങളും താല്‍പര്യങ്ങളും സംരക്ഷിക്കാനുമാണ്. ജനങ്ങളുടെ നീറുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടുകയും അവരുടെ ജീവിതം ക്ഷേമകരമാക്കാനുതകുന്ന നടപടികളെക്കുറിച്ചാലോചിക്കുകയുമാണ് ജനപ്രതിനിധികളുടെ ദൗത്യം. അവര്‍ക്ക് ചിലപ്പോള്‍ പരസ്പരം വിയോജിക്കേണ്ടിവരാം. രൂക്ഷമായ വാദപ്രതിവാദം നടത്തേണ്ടിയുവരാം. അതൊന്നും പക്ഷേ, സഭ്യതയുടെയും ശ്ലീലതയുടെയും അതിരുകള്‍ ഭേദിച്ചുകൊണ്ടാവരുത്. പണ്ടുള്ള നിയമസഭാ സാമാജികരും മൂര്‍ച്ചയേറിയ എത്രയോ വാക്ക്പയറ്റുകള്‍ നടത്തിയത് ചരിത്രത്താളുകളില്‍ കാണാം. അതിന്റെ പേരില്‍ മുഖ്യമന്ത്രിയോ പാര്‍ട്ടി നേതാക്കളോ നിരന്തരം മാപ്പ് പറയേണ്ട അവസ്ഥയുണ്ടായിട്ടില്ല. 'മദ്വചനങ്ങള്‍ക്ക് മാര്‍ദവമില്ലെങ്കില്‍ ഉദ്ദേശ്യശുദ്ധിയാല്‍ മാപ്പ് നല്‍കുക' എന്നായിരുന്നു നിലപാട്. ഇക്കാലത്ത് രാഷ്ട്രീയ നേതാക്കളുടെ ഉദീരണങ്ങള്‍ക്ക് ഇല്ലാത്തത് മാര്‍ദവമല്ല; സഭ്യതയും ശ്ലീലതയുമാണ്. 'മദ്വചനങ്ങള്‍ സഭ്യമല്ലെങ്കീലെന്‍ സംസ്‌കാരശൂന്യതയോര്‍ത്ത് സഹിച്ചോളിന്‍' എന്നാണിപ്പോള്‍ പറയേണ്ടത്.
നിയമസഭക്കകത്തും പുറത്തും സാമാജികര്‍ക്ക് സംസാരിക്കാന്‍ വേറെ വിഷയമില്ലാത്തതുകൊണ്ടല്ല അവര്‍ ആഭാസങ്ങള്‍ പറഞ്ഞു നടക്കുന്നത്. തൊഴിലില്ലായ്മ, വിലക്കയറ്റം, പടര്‍ന്നു പിടിക്കുന്ന രോഗങ്ങള്‍, തകര്‍ന്നു കിടക്കുന്ന റോഡുകള്‍, വഷളായിവരുന്ന ക്രമസമാധാന നില ഇങ്ങനെ ഒട്ടേറെ പ്രശ്‌നങ്ങളുണ്ട്. ജനപ്രതിനിധികള്‍ക്ക് അവയെക്കാളെല്ലാം പ്രധാനം സ്വാര്‍ഥ താല്‍പര്യങ്ങളും വ്യക്തിവിദ്വേഷങ്ങളും കക്ഷി മാത്സര്യങ്ങളുമാകുമ്പോഴാണ് ജനങ്ങളുമായി ബന്ധമില്ലാത്ത വിടുവായത്തങ്ങളുതിര്‍ക്കുന്നത്. ഇത് പെട്ടെന്നുണ്ടായ പ്രതിഭാസമല്ല. നടേ സൂചിപ്പിച്ച കര്‍മപരമായ മലിനത വാക്ക് തലത്തിലേക്കും പടര്‍ന്നിരിക്കുകയാണ്. നമ്മുടെ ജനപ്രതിനിധികളുടെ നിലവാരം വല്ലാതെ ഇടിഞ്ഞിരിക്കുന്നു. സാമാജികരുടെ നിലവാരമിടിയുമ്പോള്‍ സഭയുടെയും നിലവാരമിടിയും.
ജനങ്ങളെ സ്‌നേഹിക്കുന്നവരും അവരുടെ പ്രശ്‌നങ്ങളില്‍ ഉത്കണ്ഠയുള്ളവരും മതിയായ വിവരവും വിവേകവും പകത്വതയുമുള്ളവരുമായിരിക്കണം ജനപ്രതിനിധികളായി നിയമസഭകളിലെത്തുന്നത്. പാര്‍ട്ടിയിലെ സ്വാധീനമോ ബന്ധുബലമോ പണക്കൊഴുപ്പോ അല്ല ജനപ്രതിനിധിയുടെ യോഗ്യത. മൂല്യബോധവും കാര്യപ്രാപ്തിയുമാണ് പ്രധാനം. പക്ഷേ, തെരഞ്ഞെടുപ്പുവേളകളില്‍ ഇതൊന്നും ശ്രദ്ധിക്കപ്പെടാറില്ല. പാര്‍ട്ടി പറയുന്നവര്‍ക്ക് ജനം വോട്ടു ചെയ്യുന്നു. അങ്ങനെ വിവേകവും സംസ്‌കാരവും സത്യസന്ധതയുമില്ലാത്ത ആളുകള്‍ ജനപ്രതിനിധികളായി ചമഞ്ഞ് തോന്നിയത് കാട്ടിക്കൂട്ടുകയും വായില്‍ വരുന്നത് വിളിച്ചു പറയുകയും ചെയ്യുന്നു. ജനങ്ങള്‍ തന്നെയാണ് ഇതിനുത്തരവാദികള്‍. നാം അര്‍ഹിക്കുന്ന സര്‍ക്കാറാണ് നമുക്കുണ്ടാകുന്നത്. ഭരണസാരഥികളുടെ വാക്കും പ്രവൃത്തിയും ജനങ്ങള്‍ക്ക് മാതൃകയാവണമെങ്കില്‍ അതിനു യോഗ്യരായ ജനപ്രതിനിധികള്‍ തെരഞ്ഞെടുക്കപ്പെടണം. തെരഞ്ഞെടുക്കപ്പെട്ടവര്‍ അയോഗ്യരാണെന്നു കണ്ടാല്‍ തിരിച്ചുവിളിക്കാന്‍ കഴിയേണ്ടതാണ്. നമ്മുടെ വ്യവസ്ഥയില്‍ അതിന് വകുപ്പില്ലാത്തതിനാല്‍ എത്ര അയോഗ്യനായാലും അഞ്ചാണ്ട് ചുമക്കുകയല്ലാതെ ഗത്യന്തരമില്ല.
മനസ്സംഘര്‍ഷവും പക്വത കുറവും മൂലമാണ് ചില ജനപ്രതിനിധികളുടെ വായില്‍ നിന്ന് വഴിവിട്ട വാക്കുകള്‍ വീണുപോകുന്നതെന്ന് ചിലര്‍ പറയുന്നു. അത്തരം ദൗര്‍ബല്യങ്ങള്‍ക്ക് ജനങ്ങള്‍ ഉത്തരവാദികളല്ല. ജനപ്രാതിനിധ്യം ദൗര്‍ബല്യങ്ങള്‍ പ്രകടിപ്പിക്കാനുള്ള അവസരവുമല്ല. സാമാജികരുടെ ഉത്തരവാദിത്വങ്ങളെ പ്രതികൂലമായി ബാധിക്കുന്ന മാനസിക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സ്പീക്കറും മുഖ്യമന്ത്രിയും യുക്തമായ നടപടികള്‍ ആസൂത്രണം ചെയ്യേണ്ടതാണ്. മന്ത്രിമാര്‍ക്കും എം.എല്‍.എമാര്‍ക്കും പെരുമാറ്റച്ചട്ടം കൊണ്ടുവരാന്‍ യു.ഡി.എഫ് ആലോചിക്കുന്നതായി വാര്‍ത്തയുണ്ട്. നല്ലതുതന്നെ.തങ്ങളുടെ എം.എല്‍.എമാര്‍ക്കും നേതാക്കള്‍ക്കും പെരുമാറ്റച്ചട്ടമുണ്ടാക്കാന്‍ എല്‍.ഡി.എഫും തയാറാകേണ്ടതുണ്ട്. രാഷ്ട്രീയ പ്രതിയോഗികല്‍ക്കു പുറമെ കോടതിക്കും പോലീസിനുമൊക്കെ എതിരെയുള്ള ആക്ഷേപശകാരങ്ങള്‍ കൊണ്ടും ഭീഷണി കൊണ്ടും അവര്‍ നടത്തിക്കൊണ്ടിരിക്കുന്ന അന്തരീക്ഷ മലിനീകരണവും അസഹ്യമായിരിക്കുന്നു.
Comments