Prabodhanm Weekly

Pages

Search

2011 നവംബര്‍ 19

ജമാഅത്തും സുന്നികളും

ടി.കെ അബ്ദുല്ല / സദ്റുദ്ദീന്‍ വാഴക്കാട്

കേരളത്തിലെ സുന്നി-ജമാഅത്ത് ബന്ധത്തിലേക്ക് കടക്കുംമുമ്പ് 'സുന്നി'യെക്കുറിച്ച് ചില അടിസ്ഥാന കാര്യങ്ങള്‍ അറിയുന്നത് പ്രസക്തമാണ്. കേരളമൊഴിച്ച് രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും ലോക മുസ്ലിംകള്‍ക്കിടയിലും 'സുന്നി' എന്ന് പ്രയോഗിച്ചുവരുന്നത് 'ശീഈ'കളല്ലാത്തവരെക്കുറിച്ചാണ്. മുസ്ലിം സമൂഹത്തിലെ 'ശീഈ'കള്‍ ഒഴിച്ചുള്ളവരെല്ലാം ഈ നിര്‍വചന പ്രകാരം 'സുന്നി'കളില്‍ പെടുന്നു. സുന്നികളല്ലാത്തവരൊക്കെ 'ശീഈ'കള്‍ എന്ന ഗണത്തിലാണ് വരുന്നത്. എന്നാല്‍ 'സുന്നി'കളില്‍ പെട്ട ഒരു പ്രത്യേക വീക്ഷണമുള്ള വിഭാഗത്തെയാണ് കേരളത്തില്‍ 'സുന്നി' എന്ന് പറഞ്ഞുവരുന്നത്. മറ്റുള്ളവര്‍ തബ്ലീഗ് ജമാഅത്ത്, ജമാഅത്തെ ഇസ്ലാമി, മുജാഹിദ് മുതലായ പേരുകളില്‍ അറിയപ്പെടുന്നു. ഈ വിഭജനവും നിര്‍വചനവും കേരളത്തില്‍ പരിമിതമാണ്. ഇന്ത്യന്‍ മുസ്ലിംകളോ ലോക മുസ്ലിംകളോ അംഗീകരിച്ചതല്ല. ശീഇകള്‍ അല്ലാത്ത എല്ലാ മുസ്ലിം വിഭാഗങ്ങളും ഇന്ത്യയിലും ലോകത്തും സുന്നികളായി അറിയപ്പെടുന്നു. ഇവിടുത്തെ 'സുന്നി' വിഭാഗത്തെ ഉത്തരേന്ത്യയില്‍ ബറേല്‍വികള്‍ എന്നാണ് പറഞ്ഞുവരുന്നത്. കുറച്ചു കൂടി പരിഷ്കരിച്ച 'സുന്നി' വിഭാഗമാണ് ദയൂബന്ദികള്‍. ഇവിടെ സലഫി-മുജാഹിദ് എന്നൊക്കെ വിശേഷിപ്പിക്കുന്ന വിഭാഗം രാജ്യത്തിന്റെ മറ്റുഭാഗങ്ങളില്‍ അഹ്ലെഹദീസ് എന്ന പേരില്‍ അറിയപ്പെടുന്നു.
കേരളത്തില്‍ ജമാഅത്തെ ഇസ്ലാമി പ്രവര്‍ത്തനമാരംഭിച്ചതു മുതല്‍ക്കേ, മുസ്ലിം സമുദായത്തിലെ ഭൂരിപക്ഷം വരുന്ന 'സുന്നി'കള്‍ കടുത്ത തെറ്റിദ്ധാരണയോടും എതിര്‍മനസോടുമാണ് ജമാഅത്തിനെ കണ്ടിട്ടുള്ളത്. ഒരു നിലക്ക് അവരെ സംബന്ധിച്ചേടത്തോളം അതിനൊരു ന്യായീകരണവും ഇല്ലാതില്ല. കേരളത്തിലെ ആദ്യകാല ജമാഅത്ത് നേതാക്കള്‍, മുജാഹിദ് വീക്ഷണമുള്ളവരോ അവരില്‍നിന്ന് അടര്‍ന്നു വന്നവരോ ആയിരുന്നു. മര്‍ഹൂം ഇസ്സുദ്ദീന്‍ മൌലവി പോലും പ്രചാരത്തിലുള്ള അര്‍ഥത്തില്‍ സുന്നിവിഭാഗത്തില്‍പെട്ട ആളായിരുന്നില്ല. സ്വാഭാവികമായും ജമാഅത്തിനെ പ്രവര്‍ത്തനരംഗത്ത് മുജാഹിദ് പ്രസ്ഥാനത്തിന്റെ വകഭേദമായും പുതിയൊരു അവതാരമായും മാത്രമേ സുന്നികള്‍ കണ്ടുള്ളൂവെങ്കില്‍ അവരുടെ തെറ്റിദ്ധാരണക്കുള്ള സാധ്യത സമ്മതിച്ചുകൊടുക്കേണ്ടതാണ്. 'വഹാബി' മൂത്ത് മൌദൂദിയാവുക എന്നത് അക്കാലത്ത് സുന്നികള്‍ക്കിടയില്‍ പ്രചാരത്തിലുള്ള പരിഹാസ പ്രയോഗമായിരുന്നു. സുന്നികളെയും മുജാഹിദുകളെയും വേര്‍തിരിക്കുന്ന ചെറുതോ വലുതോ ആയ മിക്ക മതപ്രശ്നങ്ങളിലും കേരളത്തിലെ ജമാഅത്ത് നേതാക്കളും പ്രവര്‍ത്തകരും മുജാഹിദ് പക്ഷത്തായിരുന്നു. നമസ്കാരത്തിലെ കൈകെട്ട്, തറാവീഹ്, ഖുനൂത്ത്, നമസ്കാര ശേഷമുള്ള കൂട്ടുപ്രാര്‍ഥന തുടങ്ങിയ ശാഖാപ്രശ്നങ്ങള്‍ മുതല്‍ തൌഹീദുമായി ബന്ധപ്പെട്ട ഇസ്തിഗാസ വരെയുള്ള വിഷയങ്ങളില്‍ ജമാഅത്ത്- മുജാഹിദ് നിലപാടുകള്‍ തമ്മില്‍ സുന്നികള്‍ക്ക് മനസിലാക്കാവുന്ന വ്യത്യാസങ്ങളൊന്നും കാണപ്പെട്ടിരുന്നില്ല. കൈകാര്യ ശൈലിയിലും സമീപന രീതിയിലും മാത്രമേ വ്യത്യാസമുണ്ടായിരുന്നുള്ളൂ. അതുകൊണ്ടുതന്നെ, നാലില്‍ ഒരു മദ്ഹബിനെ പിന്‍പറ്റുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളിലെല്ലാം ജമാഅത്ത്, മുജാഹിദുപക്ഷത്ത് നില്‍ക്കുന്നതായേ സുന്നികള്‍ മനസ്സിലാക്കിയുള്ളൂ. തെറ്റിദ്ധാരണക്ക് സാഹചര്യത്തെളിവുണ്ടെങ്കിലും സത്യത്തില്‍ ഇത് വലിയ വിശദീകരണം ആവശ്യമുള്ള വിഷയമാണ്.
അല്ലാഹു അല്ലാത്തവരെ വിളിച്ച് പ്രാര്‍ഥിക്കുകയെന്ന തൌഹീദുമായി ബന്ധപ്പെട്ട അടിസ്ഥാന വിഷയത്തിലൊഴിച്ച് മദ്ഹബ് നിഷേധം, ഫിഖ്ഹീ വീക്ഷണങ്ങളില്‍ ഏതെങ്കിലുമൊരു നിലപാടില്‍ ശാഠ്യം പിടിക്കല്‍ എന്നിവക്ക് അടിസ്ഥാനപരമായി ജമാഅത്ത് എതിരാണ്. കേരളത്തിലെ ജമാഅത്ത് നേതാക്കളും പ്രവര്‍ത്തകരും ഏറിയ പങ്കും മുജാഹിദില്‍നിന്ന് വന്നവരായതുകൊണ്ട് ഫിഖ്ഹില്‍ പ്രായേണ അവര്‍ സലഫി വീക്ഷണക്കാരായിരുന്നുവെന്നത് മറ്റൊരുകാര്യം. ഇവിടുത്തെ ജമാഅത്ത് നേതാക്കള്‍ ഒരു പ്രത്യേക മദ്ഹബില്‍ അറിയപ്പെടുന്നവരായിരുന്നില്ല. സയ്യിദ് മൌദൂദിയുടെ പ്രസിദ്ധ ഗ്രന്ഥമായ ഇസ്ലാം മതം ആദ്യ പതിപ്പില്‍ മദ്ഹബുകളെക്കുറിച്ച് പറയുന്ന ഭാഗത്ത് വിവര്‍ത്തകനായ ഹാജി സാഹിബ് കൊടുത്ത അടിക്കുറിപ്പു തന്നെ ഇതിന് മതിയായ തെളിവാണ്. 'നാലില്‍ ഒരു മദ്ഹബിനെ അംഗീകരിച്ചുകൊണ്ട് ആരാധനകള്‍ അനുഷ്ഠിക്കുന്നതിനെ പിന്തുണക്കുകയാണ് മൌദൂദി സാഹിബ് ചെയ്തത്. എന്നാല്‍ മദ്ഹബുകള്‍ പിന്‍പറ്റുന്നതിനു പകരം ഖുര്‍ആനും ഹദീസും അവലംബിച്ച് കര്‍മശാസ്ത്ര നിയമങ്ങള്‍ നിര്‍ധാരണം ചെയ്യുന്ന ഒരു വിഭാഗവും മുസ്ലിം സമുദായത്തില്‍ ഉണ്ട്, അവര്‍ അഹ്ലെ ഹദീസ് എന്നും മറ്റുമുള്ള പേരില്‍ അറിയപ്പെടുന്നു' എന്നതായിരുന്നു അടിക്കുറിപ്പിന്റെ സാരാംശം. ഇതാണ് ജമാഅത്തിന്റെ നിലപാട് എന്നേ സുന്നികള്‍ മനസിലാക്കുമായിരുന്നുള്ളൂ (ഇത് ഓര്‍മയില്‍നിന്ന് എഴുതിയതാണ്. ഇസ്ലാംമതത്തിന്റെ ഒന്നാംപതിപ്പ് കൈവശമുള്ളവര്‍ പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതുണ്ട്).
ഇസ്ലാമും ജാഹിലിയ്യത്തും തുടങ്ങിയ കൃതികളില്‍ ശിര്‍ക്കിനെതിരെ നടത്തിയ രൂക്ഷവിമര്‍ശവും സുന്നികള്‍ പ്രകോപിതരാകാന്‍ ഇടയായി. അന്യമത ശിര്‍ക്കുകളെ മാത്രമല്ല, മുസ്ലിം സമുദായത്തിലെ ശിര്‍ക്കുപരമായ വിശ്വാസ ആചാരങ്ങളെയും ആ പുസ്തകത്തില്‍ നിശിതമായി വിശകലനം ചെയ്തിട്ടുണ്ട്. ഉത്തരേന്ത്യന്‍ മുസ്ലിംകളില്‍ പ്രചാരത്തിലുള്ള ചില അനാചാരങ്ങളുടെ സാങ്കേതിക നാമങ്ങള്‍ക്ക് പുസ്തകത്തില്‍ വിശദീകരണം ഇല്ലാത്തത് കൂടുതല്‍ തെറ്റിദ്ധാരണകള്‍ക്ക് ഇടവരുത്തിയിട്ടുമുണ്ട്. ഇതൊക്കെ ഉണ്ടെങ്കിലും സത്യസന്ധമായ പഠനം ആഗ്രഹിക്കുന്ന പണ്ഡിതനെ സംബന്ധിച്ചേടത്തോളം ജമാഅത്തെ ഇസ്ലാമി എന്നത് മനസിലാക്കാന്‍ പറ്റാത്ത ഒരു പ്രഹേളികയായിരുന്നില്ല. ഇസ്ലാംമതത്തില്‍ പറഞ്ഞപോലെ, മൌദൂദി സാഹിബ് മദ്ഹബുകളെ തള്ളിപ്പറയുന്നില്ല എന്നത് സുന്നികള്‍ക്ക് മനസിലാക്കാന്‍ കഴിയേണ്ടതായിരുന്നു. കേരളത്തിനു പുറത്തുനിന്നു വരുന്ന ജമാഅത്ത് നേതാക്കളെല്ലാം വേഷ ഭൂഷകളിലും അനുഷ്ഠാന മുറകളിലുമൊക്കെ ഉത്തരേന്ത്യന്‍ രീതി പുലര്‍ത്തുന്നവരായിരുന്നു. ഹനഫി മദ്ഹബ് അനുസരിച്ചാണ് അവര്‍ ഏറക്കുറെ കര്‍മാനുഷ്ഠാനങ്ങള്‍ നിര്‍വഹിച്ചിരുന്നത്. ഇവിടെ തര്‍ക്കവിഷയമായ തറാവീഹ് നമസ്കാരം, ഇരുപത് റക്അത്ത് ആണെന്ന പക്ഷക്കാരനായിരുന്നു മൌലാനാ മൌദൂദി. അത് ശക്തമായി സമര്‍ഥിക്കുന്ന രചനയും മൌലാനയുടേതായി ഉണ്ട്. ഇതൊക്കെ പക്ഷേ, സത്യസന്ധമായും സൂക്ഷ്മമായും ഈ പ്രസ്ഥാനത്തെ മനസിലാക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്കുമാത്രം പ്രയോജനപ്പെടുന്ന കാര്യങ്ങളാണ്. ജമാഅത്തെ ഇസ്ലാമിയെ വിലയിരുത്തേണ്ടത് കേരളത്തിലെ അവസ്ഥ മാത്രം വെച്ചുകൊണ്ടല്ല, രാജ്യത്തിലെ മൊത്തം പ്രസ്ഥാനത്തെ മുമ്പില്‍ വെച്ചുകൊണ്ടാണെന്ന് ചിന്തിക്കുന്നവര്‍ക്കു മാത്രമേ ഇതൊക്കെ ഫലം ചെയ്യുമായിരുന്നുള്ളൂ. ജമാഅത്തിനെ എന്തായാലും എതിര്‍ക്കാന്‍ തീരുമാനിച്ച സുന്നി പണ്ഡിതന്മാര്‍ക്ക് അതിന്റെയൊന്നും ആവശ്യം ഉണ്ടായിരുന്നില്ല. അതുകൊണ്ട് ആദ്യം മുതല്‍ക്കുതന്നെ, രൂക്ഷമായി എതിര്‍ക്കുകയെന്ന രീതിയാണവര്‍ സ്വീകരിച്ചത്.
ഇതിന്റെ രസകരമായ ഒരു ഉദാഹരണമാണ് 1950 ഏപ്രില്‍ 29,30 തീയതികളില്‍ വളാഞ്ചേരിയില്‍ നടന്ന 'സമസ്ത'യുടെ സമ്മേളനത്തില്‍, ജമാഅത്തിനെതിരെ ഉന്നയിച്ച ബാലിശങ്ങളായ ആരോപണങ്ങള്‍. അതിനോരോന്നിനും അക്കമിട്ട് കൊച്ചു കൊച്ചു വാചകങ്ങളില്‍ പ്രബോധനം നല്‍കിയ മറുപടി വായിക്കേണ്ടതാണ് (പ്രബോധനം 1950 മെയ് 15, പു. 2/ ല. 8). എത്രമാത്രം നിരര്‍ഥകവും പരിഹാസ്യവുമാണ് വിമര്‍ശനങ്ങള്‍ എന്ന് അതില്‍നിന്ന് മനസിലാക്കാന്‍ കഴിയും. ഉദാഹരണങ്ങളില്‍ ചിലത്:
* പ്രബോധനം എന്നതിന്റെ അര്‍ഥം 'പ്രഭോ'! ധനം എന്നാണ് (പതി അബ്ദുല്‍ഖാദിര്‍ മുസ്ലിയാര്‍).
മറുപടി: 'ബ'യെ സൂത്രത്തില്‍ 'ഭ'യാക്കി മാറ്റി മലയാളികളുടെ മുമ്പില്‍ മലയാള ഭാഷയില്‍ തന്നെ ഇത്തരം കൃത്രിമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നവര്‍ക്ക് അറബി ഭാഷ അറിയാത്ത പാമരജനങ്ങളുടെ മുമ്പില്‍ ഖുര്‍ആനിനെയും ഹദീസിനെയും മാറ്റിമറിക്കാന്‍ എങ്ങനെ ധൈര്യം വരാതിരിക്കും!
* ഖാദിയാനികള്‍ പുറപ്പെട്ട അതേ പഞ്ചാബില്‍ നിന്നുതന്നെയാണ് ഇവരും പുറപ്പെട്ടിട്ടുള്ളത് (പതി അബ്ദുല്‍ഖാദിര്‍ മുസ്ലിയാര്‍).
മറുപടി: അബൂജഹല്‍ ജനിച്ച അതേ പരിശുദ്ധ മക്കയില്‍ തന്നെയാണ് നബി(സ)യും ജനിച്ചിട്ടുള്ളത്.
* ഇവര്‍ 300 പേരായാല്‍ ഇന്ത്യന്‍ യൂനിയനോട് യുദ്ധം പ്രഖ്യാപിക്കുന്നതാണ് (സ്വദഖത്തുല്ല മൌലവി).
മറുപടി: ജമാഅത്തില്‍ ഇപ്പോള്‍ എത്ര അംഗങ്ങളുണ്ടെന്നാണ് അങ്ങ് ധരിച്ചിരിക്കുന്നത്? താങ്കളുടെ പ്രവചന പ്രകാരം യുദ്ധം എന്നോ പ്രഖ്യാപിച്ചു കഴിഞ്ഞിട്ടുണ്ടായിരിക്കണം.
ഈ വിമര്‍ശനങ്ങള്‍ ചീറ്റിപ്പോയി എന്നു കണ്ടാകണം, ഒരു പിടിവള്ളിയെന്നോണം ഖദ്റിലുള്ള വിശ്വാസത്തില്‍ സുന്നികള്‍ കയറിപ്പിടിച്ചു. ഈമാന്‍കാര്യം ആറായിട്ടാണ് കേരളത്തില്‍ എണ്ണിവരുന്നത്. എന്നാല്‍, മൌദൂദി സാഹിബിന്റെ ഇസ്ലാംമതത്തില്‍ അഞ്ചായിട്ടാണ് ഈമാന്‍കാര്യം കൊടുത്തിട്ടുള്ളത്. വിശുദ്ധ ഖുര്‍ആനില്‍ സ്വീകരിച്ച രീതിയാണത്. ഖദ്റിലുള്ള വിശ്വാസം അല്ലാഹുവിലുള്ള വിശ്വാസത്തില്‍ ഉള്‍പ്പെടുത്തിക്കൊണ്ടാണ് ഇങ്ങനെ ചെയ്തത്. അതില്‍ പിടിച്ച്, 'ജമാഅത്തുകാര്‍ ഈമാന്‍ കാര്യം അഞ്ചാക്കി' എന്ന് സുന്നികള്‍ വിമര്‍ശിച്ചുവെന്നു മാത്രമല്ല, നാടൊട്ടുക്കും അത് ആഘോഷിക്കുകയും ചെയ്തു. ഇതിന് ജമാഅത്ത് ഭാഗത്തുനിന്ന് മഞ്ചേരിയിലെ അബ്ദുര്‍റഹ്മാന്‍ കുരിക്കളും മറ്റും തെളിവു സഹിതം ശക്തമായ മറുപടി നല്‍കുകയുണ്ടായി. അത് ലഘുലേഖയായി അച്ചടിച്ചുവരികയും ചെയ്തിട്ടുണ്ട്. അത്തരം മറുപടികളോടെ വിമര്‍ശന കോലാഹലങ്ങള്‍ പതിയെ കെട്ടടങ്ങുകയായിരുന്നു. മലപ്പുറം സമ്മേളനത്തില്‍ എന്റെ അധ്യക്ഷ പ്രസംഗത്തിലെ ഒരു പരാമര്‍ശമായിരുന്നു അടുത്ത വിഷയം. 'ഇസ്ലാം മുസ്ലിംകളുടെ മതമല്ല' എന്ന് ഞാന്‍ പ്രസംഗിച്ചുവെന്ന കടലാസ്ബോംബ് പൊട്ടിച്ചത് സാക്ഷാല്‍ എ.പി അബൂബക്കര്‍ മുസ്ലിയാരാണ്. ഏതാനും ആഴ്ച ഇതും മാര്‍ക്കറ്റില്‍ ഓടാതിരുന്നില്ല. ഭാഗ്യവശാല്‍ പ്രസംഗത്തിന്റെ കാസറ്റ് ഉണ്ടായിരുന്നു. ജമാഅത്ത് അത് പ്രസിദ്ധീകരിച്ചു. 'ഇസ്ലാം മുസ്ലിംകളുടെ മാത്രം മതമല്ല' എന്നായിരുന്നു അതില്‍ വ്യക്തമായും പറഞ്ഞിരുന്നത്. ഇസ്ലാം ഒരു പ്രത്യേക സമുദായത്തിന്റേതല്ല, എല്ലാ മനുഷ്യര്‍ക്കും വേണ്ടി അല്ലാഹു നല്‍കിയതാണ് എന്നു സൂചിപ്പിക്കുകയായിരുന്നു പ്രസംഗത്തില്‍. അതോടെ ഈ ബോംബും നിര്‍വീര്യമായി.
ഇതിനൊക്കെ ശേഷവും നഗരങ്ങളിലും ഗ്രാമഗ്രാമാന്തരങ്ങളിലും വളരെ തീവ്രമായ തരത്തിലുള്ള മതാക്ഷേപമാണ് ജമാഅത്തിനെതിരെ സുന്നി പണ്ഡിത ഭാഗത്തുനിന്ന് നിരന്തരം ആവര്‍ത്തിക്കപ്പെട്ടത്. ഇതിനൊന്നും ഒരു ഫലവും ഉണ്ടായില്ലെന്ന് പറഞ്ഞുകൂടാ.
കേരളത്തിലെ മുസ്ലിംകള്‍- അവരില്‍ വലിയ ഭൂരിപക്ഷം- ജനിക്കുന്നത് മതപരമായി സുന്നികളായിട്ടാണെന്നു പറഞ്ഞാല്‍ വലിയ തെറ്റില്ല. പിന്നീടാണ് ജമാഅത്തോ മുജാഹിദോ ഒക്കെ ആകുന്നത്. സുന്നി മഹാഭൂരിപക്ഷമുള്ള കേരള മുസ്ലിം സമൂഹത്തെ വലിയ അളവില്‍ തെറ്റിദ്ധരിപ്പിക്കാനും ജമാഅത്തില്‍നിന്ന് അകറ്റി നിര്‍ത്താനും ഈ ദുഷ്പ്രചാരണങ്ങള്‍ കുറേയൊക്കെ സാധ്യമായിട്ടുണ്ട്. ഖുര്‍ആനും ഹദീസും ഉദ്ധരിച്ച് മതപരിവേഷത്തോടെയുള്ള മുസ്ലിയാക്കളുടെ വഅ്ളുകളും പ്രസംഗങ്ങളും സാധാരണക്കാരെ തെറ്റിദ്ധരിപ്പിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ. അതുകൊണ്ട് പല പ്രദേശങ്ങളിലും ജമാഅത്ത് പ്രവര്‍ത്തകര്‍ക്ക് ജീവിതം തന്നെ ദുസ്സഹമായിത്തീര്‍ന്നു. മഹല്ല് ബഹിഷ്കരണം, കല്യാണ ബഹിഷ്കരണം, സാമൂഹിക ബഹിഷ്കരണം തുടങ്ങിയ മൂന്നാംമുറകള്‍ പ്രയോഗിക്കപ്പെട്ട പല പ്രദേശങ്ങളും ഉണ്ടായിരുന്നു.
കേട്ടാല്‍ പേടിപ്പെടുത്തുന്ന, കുറ്റാരോപണങ്ങളുടെ കറുത്ത നീണ്ട ഒരു പട്ടിക അവതരിപ്പിക്കുമ്പോള്‍, ആ പണ്ഡിതന്മാരില്‍ വിശ്വാസമര്‍പ്പിച്ച സാധാരണക്കാര്‍ ഭയപ്പെട്ട് ജമാഅത്തില്‍നിന്ന് അകന്നുപോവുക സ്വാഭാവികം. എന്നാല്‍ അല്ലാഹുവിന്റെ പ്രത്യേക സഹായത്താലും പ്രസ്ഥാന പ്രവര്‍ത്തകരുടെ ക്ഷമാപൂര്‍വമായ നിലപാടുകൊണ്ടും മനുഷ്യ നന്മയുടെ ഫലമായും, മിക്ക സ്ഥലങ്ങളിലും ഇതൊരു സ്ഥായിയായ അവസ്ഥയായി നിലനിന്നില്ല. ജമാഅത്ത് വിരുദ്ധ വഅ്ള് പരമ്പരകള്‍ നടന്ന പല പ്രദേശങ്ങളിലും ഏതാനും ആഴ്ചകള്‍ കറുത്തിരുണ്ട അന്തരീക്ഷം തളംകെട്ടി നിന്നെങ്കിലും മെല്ലെമെല്ലെ കാര്‍മേഘം നീങ്ങി മാനം തെളിഞ്ഞു വരികയാണുണ്ടായത് - അല്ലാഹുവിന് സ്തുതി.
ഉള്‍നാട്ടിലെ ഇടവഴിയില്‍കൂടി ഒരു ജമാഅത്ത് പ്രവര്‍ത്തകന്‍ നടന്നു പോവുകയായിരുന്നു. താടി, മുടി, കൈയിലൊരു ബാഗ് എന്നിത്യാദി അടയാളങ്ങള്‍ ഒരു ജമാഅത്ത് പ്രവര്‍ത്തകനെ സംബന്ധിച്ച് സാധാരണക്കാര്‍ മനസിലാക്കി വെച്ചിരുന്നു. ഇടവഴിയുടെ ഓരത്ത് നില്‍ക്കുന്ന ഒരു നാടന്‍ മുസ്ലിം സ്ത്രീ, നടന്നുപോകുന്ന ചെറുപ്പക്കാരനെ കണ്ട് മറ്റു പെണ്ണുങ്ങളോട് വിളിച്ചു പറഞ്ഞു: "എടീ, നിങ്ങള്‍ക്ക് മൌദൂദിയെ കാണണോ?'' അപ്പോള്‍ കുറെ പെണ്ണുങ്ങള്‍ ഓടിവന്നു. ജമാഅത്ത് പ്രവര്‍ത്തകനെ നോക്കി കൂട്ടത്തിലൊരുത്തി പറഞ്ഞുപോലും: "ഇതാണോ  മൌദൂദി, ഇതൊരു മനിച്ചനെ പോലെ ഉണ്ടല്ലോ?!'' മുസ്ലിയാരുടെ വഅ്ളില്‍നിന്ന് സ്ത്രീകള്‍ക്ക് മനസിലാക്കാന്‍ കഴിഞ്ഞത് ഏതോ ഒരു ഭൂതത്താന്‍ ആണ് ജമാഅത്തുകാരന്‍ എന്നാകണം (പ്രചാരത്തിലുണ്ടായിരുന്ന ഒരു നാട്ടുവര്‍ത്തമാനമാണിത്). അക്കാലത്തെ ജമാഅത്ത് വിരോധത്തിന്റെ അന്തരീക്ഷം മനസിലാക്കാന്‍ ഈ കഥ സഹായകമാണ്. ഇങ്ങനെയൊരു അവസ്ഥ ഏറിയും കുറഞ്ഞും തുടരുന്നതിനിടെയാണ്, സുന്നി പണ്ഡിതന്മാര്‍ക്ക്, പെട്ടെന്ന് ശക്തിയുള്ള മറ്റൊരു ആയുധം ജമാഅത്തിനെതിരെ കൈയില്‍ കിട്ടിയത്.
(തുടരും)

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം