Prabodhanm Weekly

Pages

Search

2011 നവംബര്‍ 19

അനാവശ്യ വിവാദങ്ങള്‍ കാര്യമാക്കുന്നില്ല

പി.ടി കുഞ്ഞുമുഹമ്മദ് / യു. ഷൈജു

മുഹമ്മദ് അബ്ദുര്‍റഹ്മാന്‍ സാഹിബിന്റെ ജീവിതത്തെ ചിത്രീകരിച്ച സിനിമ വീരപുത്രന്‍ പുറത്ത് വന്നതോടെ വിവാദങ്ങളും തുടങ്ങി. കേരളത്തിന്റെ പൊതു മണ്ഡലത്തില്‍ ജീവിതം കൊണ്ട് സാധിച്ച വിപ്ലവത്തെ സിനിമയും അനുബന്ധ ചര്‍ച്ചകളും എങ്ങോട്ടാണ് നയിച്ചത് എന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു. ആ പശ്ചാത്തലത്തില്‍ സിനിമയുടെ അണിയറ ശില്‍പി പി.ടി കുഞ്ഞുമുഹമ്മദ് പ്രബോധനത്തോട് സംസാരിക്കുന്നു.
ചിത്രത്തിന് വിഷയമായി മുഹമ്മദ് അബ്ദുര്‍റഹ്മാന്‍ സാഹിബിലെത്തിയതെങ്ങനെയായിരുന്നു?
എന്റെ ചെറുപ്പത്തില്‍ തന്നെ സാഹിബിനെ അറിയും. എന്റെ ഉമ്മയുടെ വീടിന്റെ ഭിത്തിയില്‍ തൂക്കിയിട്ട സാഹിബിന്റെ ചിത്രം ഇന്നും മനസ്സില്‍ മായാതെ കിടപ്പുണ്ട്. അന്ന് പതിഞ്ഞ ആ മുഖത്തെയും ജീവിതത്തെയും കൂടുതല്‍ അറിയാന്‍ ഞാന്‍ ശ്രമിച്ചു. അദ്ദേഹത്തെ വായിച്ചു, ജീവിച്ചിരിക്കുന്ന സാഹിബിന്റെ സുഹൃത്തുക്കളോടും ചോദിച്ചറിഞ്ഞു. അന്വേഷണം ഒടുവില്‍ എത്തിയത് അദ്ദേഹത്തെ കുറിച്ച സിനിമയിലായിരുന്നു.

ചിത്രം പുറത്ത് വന്നതോടെയുണ്ടായ ആദ്യ പ്രതികരണം?
പലരും വിളിച്ചു അഭിനന്ദിച്ചു, പ്രോത്സാഹിപ്പിച്ചു. സാഹിബിനെ അറിയാവുന്നവര്‍ ആവേശത്തോടെ പ്രതികരിച്ചു. അബ്ദുര്‍റഹ്മാന്‍ സാഹിബിന്റെ സുഹൃത്തായിരുന്ന ജി.എസ് വെങ്കിടാചല അയ്യരുടെ പുത്രന്‍ വിവേകാനന്ദ അയ്യര്‍ എന്നെ ഫോണില്‍ വിളിച്ച് അഛന്റെയും സാഹിബിന്റെയും ബന്ധത്തെപ്പറ്റി പറഞ്ഞ് നടത്തിയ അഭിനന്ദന വര്‍ഷം ഏറെ സന്തോഷിപ്പിക്കുന്നതായിരുന്നു. ഇത് ഒരു ഉദാഹരണം മാത്രം. അങ്ങനെ നിരവധി. സാഹിബിനെ തിരികെ കൊണ്ടുവന്നു എന്ന് പറഞ്ഞ് അദ്ദേഹത്തെ കൂടുതല്‍ അറിയുന്ന മുതിര്‍ന്നവര്‍ പോലും പറഞ്ഞു. പുതിയ തലമുറയിലെ കുട്ടികള്‍ക്ക് സാഹിബിനെ പഠിക്കാന്‍ കഴിയുന്ന തരത്തില്‍ ചെയ്ത ചിത്രത്തിന് തലമുറ വ്യത്യാസമില്ലാതെ പ്രതികരണങ്ങള്‍ ഉണ്ടാവുന്നു.

ചിത്രത്തെക്കുറിച്ച് താങ്കള്‍ പ്രതീക്ഷിച്ച ചര്‍ച്ചകള്‍ നടന്നുവോ?
തീര്‍ച്ചയായും. ആരായിരുന്നു അബ്ദുര്‍റഹ്മാന്‍ സാഹിബ്? അദ്ദേഹം തന്റെ ജീവിതത്തിലൂടെ സാധിച്ചത് എന്തായിരുന്നു? കേരളത്തെ വാര്‍ത്തെടുക്കുന്നതില്‍ ആ മഹാ മനുഷ്യനോളം വലിപ്പമുള്ള മറ്റാരെയെങ്കിലും ഇന്ന് ചൂണ്ടിക്കാണിക്കാന്‍ കഴിയുമോ? നിങ്ങള്‍ ഇന്നത്തെ കേരളത്തിലേക്ക് നോക്കൂ, ജീര്‍ണിച്ച ഒരു സംവിധാനത്തില്‍ അതിനേക്കാള്‍ മോശമായ പ്രവൃത്തികള്‍ കൊണ്ട് നിറഞ്ഞയിടം. ഒരു ദേശത്തെ കൃത്യമായി നയിക്കാനും കാഴ്ചപ്പാടുകള്‍ ഉണ്ടാക്കാനും ആരുണ്ടിവിടെ? എന്നാല്‍ സാഹിബിന്റെ ജീവിതത്തിലേക്ക് നോക്കൂ. നമ്മുടെ പൊതു സമൂഹത്തെ മുന്നോട്ട് നയിക്കുന്നതില്‍, അവര്‍ക്ക് ദിശ നിര്‍ണയിക്കുന്നതില്‍ അദ്ദേഹം കാണിച്ച വ്യക്തിപ്രഭാവത്തെ എങ്ങനെയാണ് വര്‍ണിക്കാനാകുക? അത്രമാത്രം ഉന്നതമായ ജീവിതശൈലിയായിരുന്നു സാഹിബിന്റേത്. ചര്‍ച്ചകള്‍ ആ ദിശയിലേക്ക് കൊണ്ട് പോകാനാണ് ചിത്രത്തിലൂടെ ഞാന്‍ ശ്രമിച്ചത്.
മുഹമ്മദ് അബ്ദുര്‍റഹ്മാന്‍ സാഹിബും കേരള രാഷ്ട്രീയവും അതുവഴി സംഭവിച്ച കേരളീയ പരിസരവും നന്നായി വായിക്കപ്പെടുക- ഇതായിരുന്നു ഉദ്ദേശ്യം. അന്നുതന്നെ അദ്ദേഹത്തെ ഒതുക്കാന്‍ പലരും ശ്രമിച്ചു. എന്നാല്‍, തന്റെ നിലപാടുകൊണ്ട് അതിനെയെല്ലാം അദ്ദേഹം നേരിട്ടു. ശുദ്ധമായ ജീവിതം കൊണ്ട് സമുദായത്തെ സ്‌നേഹിക്കുകയും മതനിരപേക്ഷമായി സമൂഹത്തെ കാണുകയും ചെയ്ത ധീരനായ മനുഷ്യസ്‌നേഹിയായിരുന്നു അദ്ദേഹം. വര്‍ത്തമാനകാല മോശങ്ങളെ നോക്കിക്കാണുന്ന ഒരാള്‍ക്ക് ചരിത്രത്തില്‍ നിന്ന് പെറുക്കിയെടുക്കാന്‍ കഴിയുന്ന നന്മയുടെ സമൂഹ യാഥാര്‍ഥ്യമാണ് മുഹമ്മദ് അബ്ദുര്‍റഹ്മാന്‍ സാഹിബ്. ചര്‍ച്ചകള്‍ ഈ വഴിക്ക് ഇനിയും നീങ്ങണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.

ചര്‍ച്ചകളേക്കാള്‍ വിവാദങ്ങളല്ലേ ഉണ്ടായത്?
അതൊന്നും ഞാന്‍ കാര്യമാക്കുന്നില്ല. അബ്ദുര്‍റഹ്മാന്‍ സാഹിബിന്റെ പേരില്‍ ചിത്രമെടുത്തതും സമൂഹത്തെ നല്ലനിലക്ക് കണ്ട നേതാവിനെ  ഇന്നും ചര്‍ച്ച ചെയ്യുന്നതും ചിലര്‍ക്ക് അത്രയങ്ങ് ഇഷ്ടപ്പെടുന്നില്ല. അവരാണ് വിവാദങ്ങള്‍ക്ക് ശ്രമിക്കുന്നത്. അതിന് കൂടുതല്‍ ശ്രദ്ധ കൊടുക്കാന്‍ എനിക്ക് നേരമില്ല.

ഹമീദ് ചേന്ദമംഗല്ലൂര്‍ നടത്തിയ പരാമര്‍ശങ്ങള്‍?
അദ്ദേഹം പറയുന്ന കാര്യങ്ങളെക്കുറിച്ച് ഞാന്‍ സ്വപ്നത്തില്‍ പോലും വിചാരിച്ചതല്ല. സാഹിബിന്റെ അന്ത്യരംഗത്തെ കുറിച്ച് അദ്ദേഹം ധരിച്ച ധാരണകള്‍ക്ക് ഞാന്‍ ഉത്തരവാദിയല്ല. അബ്ദുര്‍റഹ്മാന്‍ സാഹിബിനെ വിഷം കൊടുത്തു കൊന്നുവെന്ന് ചിത്രത്തിലെവിടെയും പയുന്നില്ല. ഹമീദിന്റെ തറവാട്ടു വീട്ടില്‍ വെച്ചു തന്നെയാണ് സാഹിബിന്റെ അന്ത്യരംഗത്തിനു മുമ്പുള്ള ഭാഗങ്ങള്‍ ചിത്രീകരിച്ചത്. എനിക്ക് ഹമീദ് പറയുന്നതുപോലെ ഉദ്ദേശ്യമുണ്ടായിരുന്നുവെങ്കില്‍ ചിത്രീകരണ സ്ഥലമായി അവിടെ തെരഞ്ഞെടുക്കേണ്ടിയിരുന്നില്ലല്ലോ. മുന്‍വിധിയില്‍ നിന്ന് കൊണ്ട് നടത്തുന്ന കേവല ആരോപണം മാത്രമാണത്.

ഇതിലൊരു ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പ്രശ്‌നമില്ലേ?
ഞാന്‍ പറഞ്ഞുവല്ലോ, ഇതൊന്നും ഞാന്‍ കൂടുതല്‍ കാര്യത്തിലെടുക്കുന്നില്ല. ഹമീദ് കുറച്ച് നാളായി രംഗത്ത് വന്നിട്ട്. ഇപ്പോള്‍ അദ്ദേഹത്തിന് പുറത്ത് സ്വയം പ്രദര്‍ശിപ്പിക്കാനുള്ള അവസരമായി ഇതിനെ മാറ്റിയതാണ്. അത് എന്റെ ചെലവിലാണെന്ന് മാത്രം. ഹമീദിനെ ആരെങ്കിലും സിനിമാ ചര്‍ച്ചക്ക് വിളിക്കുമോ?  സിനിമയെക്കുറിച്ച് ചര്‍ച്ച നടത്താന്‍ അദ്ദേഹമാരാ? വെറും നാട്യങ്ങള്‍ മാത്രമാണത്. മാധ്യമ ശ്രദ്ധ നേടുക എന്ന കേവല തന്ത്രം മാത്രമാണിത്.

എ.ആര്‍ നഗര്‍ പഞ്ചായത്തും ചിത്രത്തെക്കുറിച്ച് വിവാദമുയര്‍ത്തിയല്ലോ?
അതിനും ഞാന്‍ മറുപടി പറഞ്ഞു കഴിഞ്ഞതാണ്. ഇതുവരെയില്ലാത്ത സാഹിബ് സ്‌നേഹം ഇപ്പോള്‍ എവിടെ നിന്ന് വന്നു എന്നത് എല്ലാവര്‍ക്കുമറിയാം. അദ്ദേഹത്തിന്റെ പേര് പഞ്ചായത്തിനിട്ടതല്ലാതെ അദ്ദേഹത്തെ സ്മരിക്കുന്ന എന്തെങ്കിലും ചെയ്യാതെ ഇപ്പോള്‍ ഇറങ്ങിയത് ദുരുദ്ദേശ്യം അല്ലാതെ മറ്റെന്താണ്?

ഒരു മഹാനായ ചരിത്ര പുരുഷന്റെ ജീവിതം ചര്‍ച്ച ചെയ്യുന്ന വീരപുത്രനില്‍ തീരെ പാടില്ലാത്ത ചില സീനുകള്‍ ഉണ്ടായത് മോശമാണെന്ന വാദത്തെ ശ്രദ്ധിച്ചിരുന്നോ?
ചരിത്രത്തെ അതേപടി പുനരവതരിപ്പിക്കുകയല്ല ഞാന്‍ ചെയ്തത്. അതിന് സിനിമയല്ല ഡോക്യുമെന്ററിയാണ് ചെയ്യേണ്ടത്. ഞാന്‍ ചരിത്രത്തെ ചലച്ചിത്രമാക്കിയപ്പോള്‍ കാല്‍പനികത കൂടി ചേര്‍ത്തു. അതിലെ ചില രംഗങ്ങളെക്കുറിച്ചാണ് ചിലര്‍ പറയുന്നത്. നിങ്ങള്‍ നോക്കൂ, ഏതു പ്രശസ്തര്‍ക്കും ഉള്ള ഒരു സ്വകാര്യ അനുഭവത്തെ ചിത്രീകരിക്കുക മാത്രമാണ് ചെയ്തത്. അത് തെറ്റാണെന്ന് തോന്നിയിട്ടില്ല. ആരുടെയും ജീവിതത്തില്‍ ഉണ്ടാകുന്ന കാര്യങ്ങള്‍ മാത്രമാണ് ഞാന്‍ ചിത്രീകരിച്ചത്. അതിനെ അത്ര മോശമായി താഴ്ത്തിക്കാണേണ്ടതില്ല.

സിനിമയെക്കുറിച്ച വിമര്‍ശനങ്ങളെ എങ്ങനെ കാണുന്നു?
രാത്രി വൈകി പോലും തന്നെ വിളിച്ച് ആളുകള്‍ അഭിപ്രായങ്ങള്‍ പറയുന്നു. ഇങ്ങനെ വിളിക്കുന്നവരോടൊക്കെ ഞാന്‍ ഏതു സമയത്തും സംസാരിക്കുകയും ചെയ്യുന്നു. എല്ലാ നിര്‍ദേശങ്ങളും ഞാന്‍ കേള്‍ക്കും, ക്രിയാത്മക വിമര്‍ശനങ്ങള്‍ സ്വീകരിക്കും.

 

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം