നിങ്ങള്‍ മക്കളെ അറിയാന്‍ ശ്രമിക്കാറുണ്ടോ?
രസകരമായ ഒരു സാങ്കല്‍പിക കഥയുണ്ട്. ദൂരെ ഒരു ഗ്രാമത്തില്‍ ജീവിച്ചിരുന്ന ഒരാളുടെ കഥ. ഇയാളുടെ വീടിനോട് ചേര്‍ന്ന് ഒരു പാമ്പിന്‍ മാളം ഉണ്ടായിരുന്നത്രെ. പക്ഷേ, ഇദ്ദേഹം ആ പാമ്പിന്റെ സാന്നിധ്യത്തില്‍ അതീവ സന്തുഷ്ടനായിരുന്നു. കാരണം, ആ പാമ്പിന്റെ മുട്ടകള്‍ അങ്ങാടിയില്‍ കൊണ്ട്‌പോയി ഉയര്‍ന്ന വിലയ്ക്ക് വിറ്റ് ഇയാള്‍ ഒരുപാട് ലാഭം നേടിയിട്ടുണ്ട്.
ഒരു ദിവസം ഇദ്ദേഹത്തിന്റെ വീട്ടിലെ കറവയുള്ള ആടിനെ പാമ്പ് കടിച്ചു. കൊത്തേറ്റ മാത്രയില്‍ ആട് പിടഞ്ഞു ചത്തു. പക്ഷേ, ചത്ത ആടിനെ നോക്കി ഗൃഹനാഥനും ഭാര്യയും പറഞ്ഞതിങ്ങനെ: ''ആടിന്റെ പാല്‍ വിറ്റ് കിട്ടുന്ന കാശിനേക്കാള്‍ ഈ പാമ്പിന്റെ മുട്ടകളാണ് നമ്മെ സമ്പന്നരാക്കിയത്''. പാമ്പിനെ വീണ്ടും മാളത്തിലേക്ക് പോകാന്‍ വിട്ടയച്ചു. താരതമ്യത്തില്‍ പാമ്പ് ആടിനേക്കാള്‍ മെച്ചം!
മറ്റൊരിക്കല്‍, വീട്ടുകാര്‍ വാഹനമായി ഉപയോഗിച്ചിരുന്ന കഴുതയെയും പാമ്പ് കടിച്ചു. കഴുതയുടെ ശവം കണ്ടിട്ടും വീട്ടുകാര്‍ക്ക് തോന്നിയതിങ്ങനെ: ''ഒരു കഴുത ചത്താലും പാമ്പില്‍ നിന്ന് കിട്ടുന്ന വരുമാനം മുടക്കാന്‍ തുനിയണ്ട''. പാമ്പിനെ കൊല്ലേണ്ടതില്ലെന്നവര്‍ തീരുമാനിച്ചു.
രണ്ടു വര്‍ഷം കഴിഞ്ഞു. പാമ്പില്‍ നിന്നുള്ള വരുമാനം ഇരട്ടിയായി. എന്നാല്‍ ഇത്തവണ പാമ്പ് കടിച്ചത് വീട്ടിലെ വേലക്കാരനെ. വേലക്കാരന്റെ മരണവും ഇക്കൂട്ടര്‍ക്ക് നഷ്ടമായി തോന്നിയില്ല. കാരണം വരുമാനം തന്നെ.
അവസാനം ഇവരുടെ മകനെ തന്നെ പാമ്പ് കടിച്ചു. മകന്റെ മരണത്തെ തുടര്‍ന്ന് പാമ്പിനെ കൊല്ലാന്‍ അവര്‍ പദ്ധതിയിട്ടു. അപ്പോഴേക്കും പാമ്പ് സ്ഥലം കാലിയാക്കിയിരുന്നു. മകനെ കുറിച്ച ദുഃഖങ്ങള്‍ മാറിയപ്പോള്‍ തങ്ങളുടെ വരുമാനം അവരുടെ ഓര്‍മയില്‍ തിരിച്ചെത്തി. പാമ്പിനെ തേടി അടുത്തുള്ള കാട്ടിലേക്ക് അവര്‍ ചെന്നു. ഇനിയൊരിക്കലും നിന്നെ ഞങ്ങള്‍ ഉപദ്രവിക്കില്ലെന്നുള്ള ഉറപ്പിന്മേല്‍ പാമ്പിനെ അവര്‍ വീട്ടിലേക്ക് തിരിച്ചു വിളിച്ചു.
പിന്നീടുള്ള രണ്ടു വര്‍ഷം കാര്യമായ ഉപദ്രവം പാമ്പിന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ല. എന്നാല്‍ അധികം താമസിയാതെ തന്നെ പാമ്പ് ഇവര്‍ രണ്ടു പേരുടെയും കൂടി ഘാതകനായിത്തീര്‍ന്നു!
അത്ഭുതമെന്ന് പറയട്ടെ, ഈ കഥയിലെ ഗൃഹനാഥനും ഭാര്യയും പാമ്പിനോട് അനുവര്‍ത്തിച്ച അതേനയം തന്നെയാണ് നമ്മില്‍ പല മാതാപിതാക്കളും അവരുടെ മക്കളുമായി ഇടപെടുന്നിടത്ത് സ്വീകരിച്ചു കാണുന്നത്. നാളെ തിരിച്ചു കിട്ടേണ്ട പണച്ചാക്കുകളായി മാത്രം മക്കളെ കരുതി യാതൊരുവിധ നന്മയും അക്കൂട്ടരില്‍ നട്ടുവളര്‍ത്താന്‍ ശ്രമിക്കാത്തവര്‍. വീട്ടിലെ കാറിനെക്കുറിച്ചും ഭൂസ്വത്തുക്കളെക്കുറിച്ചും താന്‍ ചേര്‍ന്ന സമ്പാദ്യപദ്ധതിയെക്കുറിച്ചും മാത്രമുള്ള ചര്‍ച്ചകള്‍ മുഴങ്ങുന്ന കുടുംബാന്തരീക്ഷം. ചെറുപ്രായത്തില്‍ തന്നെ ഏതുവിധേനയും പണമുണ്ടാക്കാന്‍ ശ്രമിക്കുന്ന പിതാവിനെ കണ്ടു വളരുന്ന മകന്‍ തന്റെ ഏകലക്ഷ്യമായി പണസമ്പാദനത്തെ ഏറ്റെടുക്കുകയും ചെയ്യുന്നു.
മക്കളുടെ ഭാവിയെക്കരുതി പോളിസികളും കരുതല്‍ മുതലുകളും കൈയിലുള്ള മാതാപിതാക്കള്‍ ഓര്‍ക്കാത്ത ഒന്നുണ്ട്, അവരുടെ സംസ്‌കരണ പ്രക്രിയയില്‍ ഭാഗഭാക്കാകാന്‍ കഴിഞ്ഞില്ലെങ്കില്‍ ദുരന്തത്തിന്റെ വിത്താണ് തങ്ങള്‍ നടുന്നതെന്ന്.
ധനസമ്പാദനത്തിനായി ഓടിനടന്ന പിതാവിന്റെ അസാന്നിധ്യം ഗുരുതരമായ പ്രത്യാഘാതങ്ങളിലേക്ക് മക്കളെ നയിക്കുകയും ചെയ്യുന്നു. ചെറുപ്പത്തില്‍ തന്നെ പിതാവില്‍ നിന്നും മാതാവില്‍ നിന്നും കിട്ടുന്ന അവഗണന വളര്‍ന്ന് വലുതാകുമ്പോള്‍ അവര്‍ ഇരട്ടിയായി തിരിച്ചു കൊടുക്കുകയും ചെയ്യും.
എന്തിനാണ് നമ്മള്‍ മക്കളെ വളര്‍ത്തുന്നത്? എത്ര ഉദാത്തമായ ലക്ഷ്യത്തിനാണതെന്ന് പലര്‍ക്കുമറിയാമെങ്കിലും പ്രായോഗിക മേഖലയില്‍ ഭൂരിഭാഗവും പരാജയപ്പെടുന്നതിന്റെ കാരണമെന്ത്? പ്രശ്‌നങ്ങളെക്കാളേറെ പരിഹാരം നിര്‍ദേശിക്കാനാണ് എന്റെ ശ്രമം.
മാതാപിതാക്കളുമായി സംസാരിക്കുമ്പോള്‍ കോപാകുലരാകുന്ന മക്കളുണ്ട്. എന്നാല്‍ മറ്റുള്ളവരുമായുള്ള ഇവരുടെ പെരുമാറ്റം ഏറെ ഹൃദ്യവും മയമുള്ളതുമാണ്. പലരുടെയും ചെറുപ്പത്തില്‍ മാതാപിതാക്കളില്‍ നിന്ന് ലഭ്യമാകേണ്ട ചില നന്മകള്‍ ഇവര്‍ക്ക് നഷ്ടപ്പെട്ടതായി വേണം മനസ്സിലാക്കാന്‍.
ഈ പ്രതിസന്ധികളെ മറികടക്കാന്‍ മാതാപിതാക്കള്‍ക്കായി ചില നിര്‍ദേശങ്ങള്‍ ചുവടെ ചേര്‍ക്കട്ടെ. നിങ്ങളുടെ മക്കള്‍ നിങ്ങള്‍ക്ക് തന്നെ ലഭിക്കട്ടെ.
നിങ്ങള്‍ മക്കള്‍ക്ക് മാതൃകയാവുക. വിശേഷിച്ചും സത്യസന്ധതയില്‍. അവര്‍ക്ക് നല്‍കുന്ന ഓഫറുകളും വാഗ്ദാനങ്ങളും പാലിക്കാന്‍ ശ്രമിക്കുക.
നിങ്ങള്‍ക്കും നിങ്ങളുടെ പത്‌നിക്കും അവരോടുള്ള സ്‌നേഹം ഉറക്കെ പ്രഖ്യാപിക്കുക. 'മുഖത്ത് അരിശവും അകത്ത് പിരിശവും' എന്ന നിലപാട് അവസാനിപ്പിച്ച് കുടുംബം സ്‌നേഹസാന്ദ്രമാക്കുക.
നിങ്ങളെക്കുറിച്ചുള്ള വിശ്വാസം അവരില്‍ നേടിയെടുക്കുക. നിങ്ങള്‍ അവരെയും വിശ്വാസത്തിലെടുക്കുന്നുവെന്ന് അവരെ ബോധ്യപ്പെടുത്തുക. അവരുടെ പരിശ്രമങ്ങളെ അഭിനന്ദിക്കുകയും നേട്ടങ്ങളെ അനുമോദിക്കുകയും ചെയ്യുക.
ആഴ്ചയില്‍ ചുരുങ്ങിയത് രണ്ട് മണിക്കൂറെങ്കിലും അവരുമായി തനിച്ചിരിക്കുക. അവരുടെ താല്‍പര്യങ്ങളെക്കുറിച്ചും അഭിപ്രായങ്ങളെക്കുറിച്ചും ആരായുക. മാസത്തിലൊരിക്കലെങ്കിലും അവരെയും കൂട്ടി പുറത്ത് പോയി ഭക്ഷണം കഴിക്കുക.
അവരുടെ അഭിരുചി എത്ര ചെറുതാണെങ്കിലും പരിപോഷിപ്പിക്കുക.അവരോടൊപ്പം വായിക്കുക, കളിക്കുക, ഉല്ലസിക്കുക
അവരുടെ ചെറുപ്പത്തിലെ കുസൃതികളും മറ്റും അവരുമായി പങ്ക് വെക്കുക. നിങ്ങള്‍ അവരില്‍ നിന്ന് പലതും പഠിച്ചിട്ടുണ്ടാകും. അതവരെ അറിയിക്കുക.
അവരുടെ ദീനീ-വിശ്വാസ കാര്യങ്ങളില്‍ താല്‍പര്യം വളര്‍ത്തിയെടുക്കുക. ധാര്‍മിക മൂല്യങ്ങള്‍ നിങ്ങളില്‍ നിന്ന് അവര്‍ നേരിട്ട് പഠിക്കാനുതകുംവിധം സന്ദര്‍ഭങ്ങള്‍ ബോധപൂര്‍വം സൃഷ്ടിക്കുക.
നിങ്ങളുടെ നിയന്ത്രണത്തിലായിരിക്കെതന്നെ പരിപൂര്‍ണ സ്വതന്ത്ര്യം അവര്‍ക്ക് നല്‍കുക. തീരുമാനങ്ങള്‍ കൈക്കൊള്ളാനുള്ള ശേഷി വളര്‍ത്തിയെടുക്കുന്ന തരത്തില്‍ പരിശീലനങ്ങള്‍ നല്‍കുക.
അവരുടെ പാഠ്യപദ്ധതിയെക്കുറിച്ചും ടൈംടേബിളിനെക്കുറിച്ചും മനസ്സിലാക്കുക. സാധ്യമെങ്കില്‍ ഹൃദിസ്ഥമാക്കുക. വ്യത്യസ്ത ഘട്ടങ്ങളില്‍ പഠനം എവിടെ എത്തിയെന്ന് അവരോട് ചോദിക്കുമ്പോള്‍ ഈ അറിവ് നിങ്ങള്‍ക്ക് ഉപകരിക്കും.
കുടുംബ സന്ദര്‍ശന വേളയില്‍ അവരെ കൂടെക്കൂട്ടുക. കുടുംബബന്ധത്തെക്കുറിച്ച സൂക്ഷ്മമായ ബോധം അവരില്‍ വേര് പിടിക്കാന്‍ ഇത് സഹായിക്കും.
'ഞാന്‍ ഇങ്ങനെയാണ് വളര്‍ന്നത്', 'എന്റെ വാപ്പ ഇങ്ങനെയാണ് എന്നെ വളര്‍ത്തിയത്' തുടങ്ങി സ്ഥിരം വര്‍ത്തമാനങ്ങള്‍ ഒഴിവാക്കുക. കാരണം, നിങ്ങള്‍ ജനിച്ചതും വളര്‍ന്നതും എത്രയോ മുമ്പാണ്. അവനാകട്ടെ ഈ പുതിയ കാലത്തിനായി സൃഷ്ടിക്കപ്പെട്ടവനാണ്
പോസിറ്റീവ് ആയിട്ടല്ലാതെ ഒരു നിര്‍ദേശവും മക്കള്‍ക്ക് നല്‍കാതിരിക്കുക. ഗുണദോഷിക്കുന്ന സന്ദര്‍ഭത്തില്‍ പോലും ജാഗ്രത പുലര്‍ത്തുക.
അടിയും വടിയും അവസാനത്തെ വഴികളാണ്. ഓര്‍ക്കുക. ''വടിക്ക് മുമ്പില്‍ ബഹുമാനമല്ല, പേടിയാണ് വളരുക. ആ പേടിയോ, വടിയുടെ അഭാവത്തില്‍ നിലനില്‍ക്കുകയുമില്ല.''
വിവ. നഹാസ് മാള
[email protected]
Comments