Prabodhanm Weekly

Pages

Search

2011 നവംബര്‍ 19

തുനീഷ്യയില്‍നിന്ന് തുടങ്ങാം

ഫഹ്മീ ഹുവൈദി

നമുക്കാദ്യം തുനീഷ്യയില്‍ കഴിഞ്ഞ ഒക്ടോബര്‍ 23-ന് നടന്ന തെരഞ്ഞെടുപ്പ് സംക്ഷിപ്തമായി ഒന്ന് അവലോകനം ചെയ്യാം. 217 അംഗ നിയമനിര്‍മാണ സഭയില്‍ അന്നഹ്ദ നേടിയത് 90 സീറ്റ്. തുനീഷ്യയിലെ നാല് പ്രമുഖ ലിബറല്‍-ഇടതുപക്ഷ പാര്‍ട്ടികള്‍ക്ക് മൊത്തമായി പോലും അതിനേക്കാള്‍ കുറഞ്ഞ സീറ്റേ ലഭിച്ചുള്ളൂ. അവര്‍ക്ക് ലഭിച്ച മൊത്തം സീറ്റ് 70. അന്നഹ്ദക്ക് 41 ശതമാനം വോട്ട് ലഭിച്ചുവെന്നത് തുനീഷ്യന്‍ അധികൃതരെ തന്നെ അമ്പരപ്പിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ഇടക്കാല പ്രധാനമന്ത്രി ബാജി അസ്സബ്സി പ്രഖ്യാപിച്ചത് അന്നഹ്ദക്ക് 20 ശതമാനത്തിലധികം വോട്ട് കിട്ടില്ലെന്നായിരുന്നു.
ഈ തെരഞ്ഞെടുപ്പ് ഫലം സമകാലിക അറബ് പരീക്ഷണങ്ങളുടെ കേന്ദ്രസ്ഥാനത്ത് അന്നഹ്ദയെ പ്രതിഷ്ഠിച്ചിരിക്കുന്നു. ജനാധിപത്യ രീതിയിലൂടെ അധികാരത്തിലെത്തുകയും തുടര്‍ന്ന് ഭരണനിര്‍വഹണത്തിന് അനുവാദം ലഭിക്കുകയും ചെയ്ത ആദ്യത്തെ ഇസ്ലാമിക പ്രസ്ഥാനം എന്ന് അന്നഹ്ദയെ വിശേഷിപ്പിക്കാവുന്നതാണ്(ഹമാസ് ഫലസ്ത്വീനില്‍ തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലേറിയെങ്കിലും ഒരു പ്രത്യേക  രാഷ്ട്രീയ അന്തരീക്ഷമാണ് അവിടെ നിലനില്‍ക്കുന്നതെന്ന് എല്ലാവര്‍ക്കുമറിയാം. ഇസ്രയേലിന്റെ ഉപരോധം കാരണം തുടക്കം മുതലേ അതിന്റെ ഭരണനിര്‍വഹണം തടസ്സപ്പെട്ടുകൊണ്ടേയിരുന്നു). 1989ല്‍ ഒരു സംഘം ഇസ്ലാമിസ്റുകള്‍ സുഡാനില്‍ അധികാരത്തില്‍ വന്നു- അവര്‍ പക്ഷേ സൈനിക അട്ടിമറിയിലൂടെയാണ് അത് സാധിച്ചത്. 1991ലെ അള്‍ജീരിയയില്‍ തെരഞ്ഞെടുപ്പില്‍ ഇസ്ലാമിക് സാല്‍വേഷന്‍ ഫ്രന്റ് (എഫ്.ഐ.എസ്) വിജയിച്ചുവെങ്കിലും സൈന്യം അട്ടിമറി നടത്തി സംഘടനയെ അധികാരമേല്‍ക്കുന്നതില്‍നിന്ന് തടഞ്ഞു. 1979ലെ ഇറാനിയന്‍ വിപ്ളവത്തിന് ശേഷം പണ്ഡിതസമിതി അധികാരത്തിലെത്തിയതാണ് മറ്റൊരു സംഭവം. 2002 മുതല്‍ തുര്‍ക്കിയില്‍ അധികാരത്തിലിരിക്കുന്നത് ജസ്റിസ് ആന്റ് ഡവലപ്മെന്റ്(എ.കെ) പാര്‍ട്ടിയാണെങ്കിലും അവര്‍ സ്വയം ഇസ്ലാമിസ്റുകള്‍ എന്ന് അവകാശപ്പെടുന്നില്ല; അതിന്റെ അടിവേര് ഇസ്ലാമിസമാണെന്ന കാര്യത്തില്‍ ഒരാള്‍ക്കും തര്‍ക്കമില്ലെങ്കിലും. ഈയര്‍ഥത്തിലാണ് അറബ് ലോകത്തെ ആദ്യത്തെ ജനാധിപത്യ പരീക്ഷണത്തിന്റെ ഹൃദയഭൂമിയായി അന്നഹ്ദ മാറുന്നത്. എണ്‍പതുകളുടെ തുടക്കത്തില്‍ റാശിദുല്‍ ഗനൂശി രൂപം നല്‍കിയ ഇസ്ലാമിക് ടെന്‍ഡന്‍സി മൂവ്മെന്റ് മുന്നോട്ട് വെച്ച തുറന്ന പരിഷ്കരണങ്ങള്‍ക്ക് വേദിയൊരുങ്ങുകയാണ് അവിടെ.
ഈ തെരഞ്ഞെടുപ്പിലെ അപ്രതീക്ഷിത സംഭവം അന്നഹ്ദ നേടിയ ഉയര്‍ന്ന വോട്ടിംഗ് ശതമാനം മാത്രമായിരുന്നില്ല (തെരഞ്ഞെടുപ്പില്‍ ജയിച്ച 49 വനിതകളില്‍ 42ഉം അന്നഹ്ദയുടെ ടിക്കറ്റില്‍ ജയിച്ചവരാണെന്ന് സാന്ദര്‍ഭികമായി ഓര്‍ക്കുക). വോട്ടിംഗ് ശതമാനം 90 വരെ എത്തിയതും അപ്രതീക്ഷിതം തന്നെ. മിതവാദ ഇടതുപക്ഷ-സെക്യുലര്‍ ധാരകള്‍ നടത്തിയ മുന്നേറ്റമാണ് ശ്രദ്ധിക്കപ്പെടേണ്ട മറ്റൊരു പ്രവണത. മിതവാദ ഇടതുപക്ഷത്തെ പ്രതിനിധീകരിച്ചത് ഡോ. മുന്‍സ്വിഫ് മര്‍സൂഖിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് പാര്‍ട്ടി ഫോര്‍ റിപ്പബ്ളിക്കാണ്. അവര്‍ക്ക് 30 സീറ്റ് ലഭിച്ചു. മിതവാദ സെക്യുലര്‍ ധാരയെ പ്രതിനിധീകരിച്ചത് മുസ്ത്വഫ ജഅ്ഫറിന്റെ നേതൃത്വത്തിലുള്ള 'അത്തകത്തുലും.' അവര്‍ 21 സീറ്റുകള്‍ സ്വന്തമാക്കി. പോപുലര്‍ പെറ്റിഷന്‍ പാര്‍ട്ടിക്ക് 19 സീറ്റുകള്‍ ലഭിച്ചിട്ടുണ്ടെങ്കിലും പിരിച്ചുവിടപ്പെട്ട മുന്‍പ്രസിഡന്റ് ബിന്‍അലിയുടെ പാര്‍ട്ടിയുമായി അതിന് ബന്ധമുണ്ടെന്ന് വെളിപ്പെട്ടതിനാല്‍ തെരഞ്ഞെടുപ്പ് കമീഷന്‍ ചില സീറ്റുകളില്‍ അവരുടെ വിജയം റദ്ദാക്കിയിട്ടുണ്ട്. മറ്റൊരു നാടകീയ സംഭവം അഹ്മദ് നജീബ് ശാബി നേതൃത്വം നല്‍കുന്ന പ്രോഗ്രസീവ് ഡെമോക്രാറ്റിക് പാര്‍ട്ടിക്കേറ്റ തിരിച്ചടിയാണ്. 17 സീറ്റ് മാത്രമാണ് അവര്‍ക്ക് ലഭിച്ചത്. ഡമോക്രാറ്റിക് മോഡേണിസ്റ് പോള്‍ പാര്‍ട്ടിക്കാകട്ടെ 5 സീറ്റ് മാത്രമേ ലഭിച്ചുള്ളൂ. തുനീഷ്യന്‍ വര്‍ക്കേഴ്സ് എന്ന കമ്യൂണിസ്റ് പാര്‍ട്ടിക്ക് മൂന്ന് സീറ്റും. അവസാനം പറഞ്ഞ ഈ രണ്ട് കക്ഷികളും യഥാക്രമം ലിബറല്‍-മാര്‍ക്സിസ്റ് തീവ്ര സെക്യുലറിസത്തെ പ്രതിനിധീകരിക്കുന്നു.

* * * * * *
കൂടുതല്‍ വോട്ടും സീറ്റും അന്നഹ്ദ നേടിയെന്നത് ശരിതന്നെ. എന്നാല്‍ സെക്യുലറും ഇസ്ലാമികവുമായ മിതവാദ ധാരകളെ ജനം പിന്തുണച്ചു എന്നതാണ് ഏറ്റവും സൂക്ഷ്മമായ വിലയിരുത്തല്‍. ആഴത്തിലുള്ള വളരെയേറെ അര്‍ഥധ്വനികളുണ്ട് ഈ ജനകീയ വികാരത്തിന്. 1956 മുതല്‍ തുനീഷ്യ ഭരിക്കുന്നത് കടുത്ത അള്‍ട്രാ സെക്യുലറിസ്റുകളാണ്; അതിലേറ്റവും സ്വേഛാധിപത്യപരമായിരുന്നു കഴിഞ്ഞ 23 വര്‍ഷത്തെ സൈനുല്‍ ആബിദീന്‍ ബിന്‍ അലിയുടെ ഭരണം. മതത്തിന്റെ സകല ചിഹ്നങ്ങളോടും അയാള്‍ യുദ്ധം ചെയ്തു. സൈത്തൂന യൂനിവേഴ്സിറ്റി അടച്ചുപൂട്ടി. ഇസ്ലാമിക പ്രസ്ഥാനങ്ങളെ വേട്ടയാടി. അതിന്റെ നേതൃനിരയെ ജയിലിലടച്ചു. പലരും ഫ്രാന്‍സിലും ഇംഗ്ളണ്ടിലും സ്വീഡനിലും പ്രവാസ ജീവിതം നയിക്കേണ്ടി വന്നു. ഇസ്ലാമിക പ്രവര്‍ത്തനം നിരോധിച്ചപ്പോള്‍ തന്നെ, കമ്യൂണിസ്റ് പാര്‍ട്ടിക്ക് എല്ലാവിധ പ്രവര്‍ത്തന സ്വാതന്ത്യ്രവും നല്‍കി. ഇസ്ലാമിക പാരമ്പര്യത്തെയും സ്വത്വത്തെയും വികൃതമാക്കാനുള്ള പടപ്പുറപ്പാടാണ് ദേശീയ മീഡിയയില്‍ കണ്ടത്. സകലവിധ അതിക്രമങ്ങളും പിന്നാക്കാവസ്ഥകളും ഇസ്ലാമുമായി മാത്രം കണ്ണിചേര്‍ക്കപ്പെട്ടു.
ഈയൊരു അന്തരീക്ഷം ജനുവരി 14ലെ വിപ്ളവത്തിന് ശേഷവും അധികമൊന്നും മാറിയിട്ടില്ല. ഏകാധിപത്യ ഭരണകൂടം വീഴുകയും അന്നഹ്ദക്ക് പ്രവര്‍ത്തന സ്വാതന്ത്യ്രം ലഭിക്കുകയും അതിന്റെ നേതാക്കള്‍ പ്രവാസജീവിതം മതിയാക്കി തിരിച്ചെത്തുകയുമൊക്കെ ചെയ്തിട്ടുണ്ടെന്നത് ശരി. പക്ഷേ, പൊതുയിടങ്ങള്‍ ഇപ്പോഴും തീവ്രസെക്യുലര്‍ ജണ്ടയുടെ പിടിയില്‍ തന്നെ, പ്രത്യേകിച്ച് മീഡിയ. ഇടക്കാല ഭരണസംവിധാനങ്ങളിലൊക്കെ ഇടതുപക്ഷത്തിന്റെ പിടിത്തം ഏറക്കുറെ പൂര്‍ണമായിരുന്നു. അന്നഹ്ദ അധികാരത്തിലെത്തിയാല്‍ ജനങ്ങളുടെ സ്വാതന്ത്യ്രം അപകടത്തിലാവുമെന്ന് മീഡിയയിലൂടെ അവര്‍ നിരന്തരം പേടിപ്പിച്ചുകൊണ്ടിരുന്നു. ഇസ്ലാമിക ശിക്ഷാനിയമങ്ങള്‍ നടപ്പാക്കാന്‍ പോകുന്നു, മുഖംമൂടിയില്ലാതെ ഇനി വഴിയിലേക്കിറങ്ങാന്‍ പറ്റില്ല, സ്ത്രീകള്‍ നേടിയതൊക്കെയും ഇതാ കവര്‍ന്നെടുക്കാന്‍ പോകുന്നു, സാഹിത്യകലാദികള്‍ കുഴിച്ച് മൂടപ്പെടാന്‍ സമയമായി, ബാങ്കുകള്‍ക്കിനി വാതിലുകള്‍ കൊട്ടിയടക്കാം, ടൂറിസത്തിന് മരണമണി മുഴങ്ങിക്കഴിഞ്ഞു.... ഇങ്ങനെ എന്തൊക്കെയായിരുന്നു പ്രചാരണങ്ങള്‍! തീവ്ര സെക്യുലറിസ്റുകള്‍ മാത്രമായിരുന്നില്ല ഇതിന് പിന്നില്‍. സകല ഫ്രഞ്ച് മാധ്യമങ്ങളും ഇതേറ്റു പിടിക്കുകയും ലോകമൊട്ടുക്കും ഭീതി പരത്തുകയും ചെയ്തു.
ഈ കനത്ത പ്രചാരവേലകള്‍ക്കിടയിലും ജനങ്ങളുടെ ഭീതി അകറ്റാനും അവരുടെ മനസ്സിന് ആശ്വാസം പകരാനുമാണ് അന്നഹ്ദ ശ്രമിച്ചത്. ഈ കുപ്രചാരണങ്ങളെയൊക്കെ ജനം പുഛിച്ച് തള്ളി എന്നാണ് അന്നഹ്ദയുടെ ഗംഭീര വിജയം നമ്മോട് പറയുന്നത്. കഴിഞ്ഞ മാര്‍ച്ചില്‍ ഈജിപ്തിലും ഏറക്കുറെ ഇതിന്റെ അതേ പതിപ്പാണ് നാം കണ്ടത്. ഭരണഘടനാ പരിഷ്കരണത്തിനുള്ള ഹിതപരിശോധന നടന്ന സന്ദര്‍ഭത്തില്‍ അവിടത്തെ മിക്ക മാധ്യമങ്ങളും സാംസ്കാരിക-രാഷ്ട്രീയ നേതാക്കളും ഭരണഘടനാ പരിഷ്കാരങ്ങള്‍ക്ക് എതിരായിരുന്നു. അവര്‍ പലതും പറഞ്ഞ് പേടിപ്പിച്ചു. ഇതിനെയെല്ലാം അവഗണിച്ച് 70 ശതമാനം ഈജിപ്തുകാരും ഭരണഘടനാ ഭേദഗതിക്ക് അനുകൂലമായി വോട്ട് ചെയ്യുകയായിരുന്നു.

* * * * * *
തുനീഷ്യയും ഈജിപ്തും തമ്മിലുള്ള സാദൃശ്യങ്ങള്‍ നിരവധിയാണ്. ഇരു രാജ്യത്തും പോലീസ്രാജ് ആണ് നിലവിലുണ്ടായിരുന്നത്. അവയുടെ സ്വഭാവത്തിലും അളവിലും ചില്ലറ വ്യത്യാസങ്ങള്‍ കണ്ടേക്കാം. തുനീഷ്യയില്‍ അള്‍ട്രാ സെക്യുലറിസത്തിന്റെ രൌദ്രത ഒട്ടും മറയില്ലാതെ അഴിഞ്ഞാടുകയായിരുന്നു. ഈജിപ്തിലേത് അണിയറക്ക് പിന്നില്‍ ഒളിഞ്ഞിരുന്ന് കൌശലത്തോടെയാണ് പ്രവര്‍ത്തിച്ചത്. ഇരുരാജ്യങ്ങളിലും ഇസ്ലാമിക മുദ്രയുള്ള രാഷ്ട്രീയ പ്രവര്‍ത്തനത്തിന് വിലക്ക്; കമ്യൂണിസ്റ് പാര്‍ട്ടികള്‍ക്ക് യാതൊരു വിലക്കുകളും ഉണ്ടായിരുന്നുമില്ല. തുനീഷ്യയിലിത് പ്രകടവും ഈജിപ്തില്‍ ഏറക്കുറെ ഗോപ്യവും ആയിരുന്നെന്ന് മാത്രം. ഇസ്ലാമിസ്റുകളെയാണ് ഈ ഏകാധിപതികള്‍ ഏറ്റവും വലിയ ഭീഷണിയായി ഉയര്‍ത്തിക്കാട്ടിയത്. ഇസ്ലാമിസ്റുകള്‍ വന്നാല്‍ 'നിങ്ങളുടെ എല്ലാ താല്‍പര്യങ്ങളും അപകടത്തിലാവും' എന്ന് അവര്‍ തങ്ങളുടെ പാശ്ചാത്യ യജമാനന്മാരെ ഓര്‍മിപ്പിച്ചു കൊണ്ടിരിക്കുകയും ചെയ്തു. ഇരു രാജ്യങ്ങളിലെയും മീഡിയയെയും രാഷ്ട്രീയ-സാംസ്കാരിക പ്രവര്‍ത്തകരെയും കൂട്ടു പിടിച്ചു കൊണ്ടായിരുന്നു ഈ ഇസ്ലാമിസ്റ് വിരുദ്ധ കാമ്പയിന്‍.
ഇരു രാജ്യങ്ങളിലെയും വിപ്ളവം സമാധാനപരമായിരുന്നു. പൊതുജനമാണ് അത് തുടങ്ങിയതും അതിന് നേതൃത്വം നല്‍കിയതും. ഇരു നാടുകളിലും പ്രസിഡന്റിന്റെ കക്ഷിക്കായിരുന്നു അധികാരക്കുത്തക. 'ജനാധിപത്യത്തിന്റെ അലങ്കാര'ത്തിന് വേണ്ടി കുറെ ഈര്‍ക്കില്‍പാര്‍ട്ടികളെയും പ്രതിഷ്ഠിച്ചിരുന്നു. വിപ്ളവ വിജയത്തിന് ശേഷം പാര്‍ട്ടിയുണ്ടാക്കാനുള്ള ഉന്തും തള്ളുമായിരുന്നു ഇരു നാടുകളിലും. തുനീഷ്യയില്‍ 115 പാര്‍ട്ടികളാണ് പൊട്ടിമുളച്ചത്, ഈജിപ്തില്‍ അമ്പതും. ഈജിപ്തില്‍ സലഫികള്‍ വരെ രണ്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ ഉണ്ടാക്കി. തുനീഷ്യയിലെ സലഫികളാകട്ടെ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പിന്റെ 48 മണിക്കൂര്‍ മുമ്പ് വരെ ലഘുലേഖകള്‍ വിതരണം ചെയ്തിരുന്നു. തുനീഷ്യയില്‍ ഇസ്ലാമിസ്റ് ധാരയെ പ്രതിനിധീകരിക്കാന്‍ അന്നഹ്ദ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഈജിപ്തില്‍ ഇസ്ലാമിസ്റ് ധാരയില്‍ തന്നെ ഏഴ് പാര്‍ട്ടികളുണ്ട്.

* * * * * *
ഇസ്ലാമിസ്റുകള്‍ക്കും സെക്യുലറിസ്റുകള്‍ക്കുമിടയില്‍ ഒരു സിവില്‍ കലാപത്തിന് വഴിയൊരുക്കുന്ന എല്ലാറ്റില്‍നിന്നും വിട്ടുനില്‍ക്കുക- കോണ്‍ഗ്രസ് പാര്‍ട്ടി ഫോര്‍ റിപ്പബ്ളിക്കിന്റെ നേതാവും മുതിര്‍ന്ന പോരാളിയുമായ ഡോ. മുന്‍സ്വിഫ് മര്‍സൂഖി അറബ് ദേശീയ വാദികള്‍ക്കും ലിബറിസ്റുകള്‍ക്കും നല്‍കുന്ന ഉപദേശമാണിത്. സെക്യുലര്‍ മിതവാദത്തെ പ്രതിനിധീകരിക്കുന്ന കക്ഷിയാണിത്. അന്നഹ്ദയുമായി അവര്‍ നല്ല ബന്ധം കാത്തുസൂക്ഷിക്കുകയും ചെയ്യുന്നു. മര്‍സൂഖിയും 'അത്തകത്തുല്‍' നേതാവ് മുസ്ത്വഫ ജഅ്ഫറും അന്നഹ്ദയുമായി ചേര്‍ന്ന് നിയമനിര്‍മാണ സഭയില്‍ ശക്തമായ ഒരു മുന്നണി രൂപവത്കരിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പ്രതീക്ഷിക്കുന്നത്. തെരഞ്ഞെടുപ്പ് ഗോദയില്‍ നിന്ന് പ്രത്യയശാസ്ത്ര മാത്സര്യങ്ങള്‍ ഒഴിവാക്കണമെന്ന് ഡോ. മര്‍സൂഖി പറയുന്നത് പലതവണ ഞാന്‍ കേട്ടിരിക്കുന്നു.
തുനീഷ്യന്‍ തെരഞ്ഞെടുപ്പിന്റെ പാഠങ്ങള്‍ ഏതാനും ഉപദേശങ്ങളായി നമുക്കിങ്ങനെ സംഗ്രഹിക്കാം: സാധാരണ പൌരന്മാരിലുള്ള വിശ്വാസം നിങ്ങള്‍ക്കൊരിക്കലും നഷ്ടപ്പെടരുത്. അവരുടെ ലളിതമായ വസ്ത്രധാരണവും മറ്റും ദ്യോതിപ്പിക്കുന്നതിനേക്കാള്‍ കൂടുതല്‍ വിവേകവും തിരിച്ചറിവും ഉള്ളവരാണ് അവര്‍. ചുറ്റുംനിന്ന് ആര്‍ എത്രയൊക്കെ ഉച്ചത്തില്‍ അലറിയാലും നല്ലതും പേട്ടയും ഏതെന്നും, ഡ്യൂപ്ളിക്കേറ്റും ഒറിജിനലും ഏതെന്നും നന്നായി വകതിരിച്ച് മനസ്സിലാക്കാനുള്ള ശേഷി അവര്‍ക്കുണ്ട്.
- സെക്യുലറിസ്റ്, ഇസ്ലാമിസ്റ്, ഇടതുപക്ഷ മിതവാദ ധാരകള്‍ തമ്മിലാണ് ഏറെ അടുപ്പമുള്ളത്; അല്ലാതെ, ഇതേ ധാരകളുടെ തീവ്രവാദ ഗ്രൂപ്പുകളുമായല്ല. മിതവാദഗ്രൂപ്പുകള്‍ ഒരു മുന്നണിയായി പ്രവര്‍ത്തിച്ചാലല്ലാതെ രാഷ്ട്രം സുരക്ഷിതമായി കരപറ്റുകയില്ല.
- രാഷ്ട്രം ഓരോ പൌരന്റെയും സ്വത്താണ്. അതിനെ സ്വന്തമായി നയിച്ചുകളയാം എന്ന് ഒരു ഗ്രൂപ്പിനും തോന്നികൂടാത്തതാണ്. ആ തോന്നലിന് ഒരടിസ്ഥാനവുമില്ല. വിവിധ സാമൂഹിക ചേരികളെ പ്രതിനിധാനം ചെയ്യുന്ന അടിസ്ഥാന ശക്തികളുടെ ഐക്യത്തിലാണ് രാഷ്ട്രത്തിന്റെ ഭാവി.
- ജനാധിപത്യം, സാമൂഹിക നീതി പോലുള്ള പൊതുലക്ഷ്യങ്ങള്‍ക്ക് പകരം ഓരോ കക്ഷിയും അവരവരുടെ ആത്യന്തിക ലക്ഷ്യങ്ങളെക്കുറിച്ച് മാത്രം പറഞ്ഞുകൊണ്ടിരുന്നാല്‍ ഭിന്നത ഉടലെടുക്കും, ശ്രമം വൃഥാവിലാവും, ശക്തി ശിഥിലമാവും.
- പൊതു സമൂഹത്തെ, പ്രത്യേകിച്ച് യുവാക്കളെ ദേശീയ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി അണിനിരത്തുന്നതില്‍ സോഷ്യല്‍ നെറ്റ് വര്‍ക്കുകള്‍ക്കുള്ള സ്വാധീനം ചെറുതായി കാണരുത്.
- ഇസ്ലാമിസ്റുകളുടെ രാഷ്ട്രീയ പ്രവര്‍ത്തനം നാല് കാര്യങ്ങളാല്‍ കേന്ദ്രീകരിക്കണം. 1) ജനമനസ്സുകളില്‍നിന്ന് തങ്ങളെക്കുറിച്ച് സൃഷ്ടിക്കപ്പെട്ടിട്ടുള്ള ഭീതി അകറ്റുക. 2) ഉപദേശ പ്രസംഗങ്ങള്‍ ഒഴിവാക്കി ജനസേവനത്തിന് മുന്നിട്ടിറങ്ങുക. 3) ചിലയാളുകള്‍ക്ക് സ്വര്‍ഗവും ചിലയാളുകള്‍ക്ക് നരകവും പതിച്ചു കൊടുക്കുന്ന രീതിയിലുള്ള, മനുഷ്യന്റെ ആത്യന്തിക ഭാഗധേയം സ്വയം തീരുമാനിക്കുന്ന മട്ടിലുള്ള സംസാരങ്ങള്‍ ഒഴിവാക്കുക. 4) നിലവിലുള്ള ചട്ടങ്ങള്‍ക്ക് വിധേയമായിരിക്കുന്നേടത്തോളം കാലം ജനങ്ങളുടെ സ്വകാര്യ ജീവിതത്തില്‍ കൈവെക്കാതിരിക്കുക.
- പാഠങ്ങള്‍ ഉരുവിട്ടുകൊണ്ടിരിക്കാതെ അവ ഉള്‍ക്കൊള്ളാന്‍ പഠിക്കുക.

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം