Prabodhanm Weekly

Pages

Search

2016 സെപ്റ്റംബര്‍ 23

2968

1437 ദുല്‍ഹജ്ജ് 21

ഇദ്ദാചരണവും അനാചാരങ്ങളും

ഇല്‍യാസ് മൗലവി

എന്റെ അടുത്ത ബന്ധു മരണപ്പെട്ടു. അദ്ദേഹത്തിന്റെ ഭാര്യ  ഒരധ്യാപികയാണ്. അവരുടെ സ്‌കൂളിലെ മുസ്‌ലിംകളല്ലാത്ത ടീച്ചര്‍മാരും മറ്റധ്യാപകരും സന്ദര്‍ശനത്തിന് വന്നപ്പോള്‍ അവര്‍ മറയ്ക്കിരിക്കുകയാണെന്നും, അവര്‍ക്ക് കാണാനോ സംസാരിക്കാനോ പാടില്ലെന്നും പറഞ്ഞ് സഹാധ്യാപകരെ വിലക്കി. എല്ലാവര്‍ക്കും വല്ലാത്ത വിഷമമായിപ്പോയി. യഥാര്‍ഥത്തില്‍ ഇസ്‌ലാം ഇങ്ങനെ തന്നെയാണോ നിഷ്‌കര്‍ഷിക്കുന്നത്? എന്താണ് ഇതിലെ ഇസ്‌ലാമിക നിയമം? അവര്‍ക്ക് പെരുന്നാള്‍ നമസ്‌കാരത്തിന് പങ്കെടുക്കാമോ? ഒരു വിശദീകരണം പ്രതീക്ഷിക്കുന്നു. 

ഭര്‍ത്താവ് മരിച്ച കാരണം ഇദ്ദയാചരിക്കുന്ന വിധവകള്‍ അടച്ചിട്ട മുറിയില്‍ ഇരിക്കണമെന്നോ ആരുമായും സംസാരിക്കരുതെന്നോ ഒരു കാര്യത്തിനും പുറത്തിറങ്ങരുതെന്നോ അല്ലാഹു പഠിപ്പിച്ചിട്ടില്ല. റസൂലും പഠിപ്പിച്ചിട്ടില്ല. നാലു മദ്ഹബിന്റെ ഇമാമുകളോ ഫുഖഹാക്കളോ പഠിപ്പിച്ചിട്ടില്ല. എന്ന് മാത്രമല്ല, ഉപാധികളോടെ പുറത്തിറങ്ങാമെന്നും, വ്യക്തമായ ഭാഷയിലല്ലാതെ വ്യംഗ്യമായ ഭാഷയില്‍ വിവാഹാലോചന പോലും നടത്താമെന്നുമാണ് അല്ലാഹു പഠിപ്പിക്കുന്നത്. സ്വാഭാവികമായും വിവാഹാലോചന അന്യപുരുഷന്മാരാണല്ലോ  നടത്തുക. അല്ലാഹു പറയുന്നത് കാണുക:

''വിധവകളായ സ്ത്രീകളോട് അവരുടെ ഇദ്ദാവേളയില്‍ നിങ്ങള്‍ വിവാഹാഭിലാഷം സൂചിപ്പിക്കുകയോ മനസ്സില്‍ മറച്ചുവെക്കുകയോ ചെയ്യുന്നതില്‍ കുറ്റമൊന്നുമില്ല. നിങ്ങളുടെ മനസ്സില്‍ തീര്‍ച്ചയായും അവരെക്കുറിച്ച് വിചാരമുണ്ടാവുമെന്ന് അല്ലാഹുവിനറിയാം. പക്ഷേ, അവരോട് രഹസ്യമായി പ്രതിജ്ഞ ചെയ്യാതിരിക്കുക. വല്ലതും സംസാരിക്കുകയാണെങ്കില്‍ മാന്യമായ രീതിയില്‍ സംസാരിക്കുക'' (അല്‍ബഖറ: 235). 

സ്ത്രീയോട് നേരിട്ടുതന്നെ സൂചനാരൂപത്തില്‍ വിവാഹാലോചന നടത്താമെന്നാണ് ഖുര്‍ആന്‍ ഇവിടെ പറയുന്നത്. അപ്പോള്‍ ഇദ്ദയുടെ സന്ദര്‍ഭത്തില്‍ അന്യപുരുഷനെ കാണാനും സംസാരിക്കാനും പാടില്ലെന്ന ധാരണയെ ഖുര്‍ആന്‍ ഇവിടെ തിരുത്തുകയാണ് ചെയ്യുന്നത്. 

ശാഫിഈ മദ്ഹബിലെ അവലംബ കൃതികളിലൊന്നായ ഫത്ഹുല്‍ മുഈനില്‍ പറയുന്നു: ''ഭര്‍ത്താവ് മരിച്ചതു മൂലമോ മൂന്ന് ത്വലാഖ് മൂലമോ ഫസ്ഖ് മൂലമോ ഇദ്ദയാചരിക്കുന്നവള്‍ ഭക്ഷണ സാധനങ്ങള്‍ വാങ്ങാനോ നൂല്‍ വില്‍ക്കാനോ വിറക് ശേഖരിക്കാനോ അത്തരം ആവശ്യങ്ങള്‍ നിര്‍വഹിക്കാനോ പകല്‍സമയത്ത് പുറത്തുപോവുകയെന്നത് അനുവദനീയമാകുന്നു. കൂട്ടിനായി തന്നോടെപ്പം സംസാരിക്കാനും മറ്റും കൂടെ ആരും ഇല്ലാതിരിക്കുമ്പോള്‍ തൊട്ടടുത്ത അയല്‍വാസിയുടെ വീട്ടിലേക്ക് നൂലിനോ, സംസാരിക്കാനോ അതുപോലുള്ള കാര്യങ്ങള്‍ക്കോ രാത്രിയില്‍ പോലും പുറത്തിറങ്ങാവുന്നതാണ്. പക്ഷേ, നാട്ടുനടപ്പനുസരിച്ചുളള അളവിലും തോതിലും ആയിരിക്കണമെന്ന ഉപാധിയുണ്ട്. അതുപോലെ, തിരിച്ചു വന്ന് സ്വന്തം വീട്ടില്‍തന്നെ അന്തിയുറങ്ങേണ്ടതുമാണ്'' (ഫത്ഹുല്‍ മുഈന്‍ 4:45). 

ഇതേ കാര്യം തന്നെ ശാഫിഈ മദ്ഹബിലെ ആധികാരിക ഗ്രന്ഥങ്ങളായ തുഹ്ഫ, നിഹായ തുടങ്ങിയവയിലും കാണാം.  

ഭര്‍ത്താവിന്റെ മരണത്തില്‍ ഇദ്ദയാചരിക്കുന്ന ഭാര്യമാര്‍ അടച്ചുപൂട്ടി മുറിയില്‍ ഇരിക്കണമെന്നോ, പ്രത്യേക രൂപത്തിലും വര്‍ണത്തിലുമുള്ള വസ്ത്രം ധരിക്കണമെന്നോ ഇസ്‌ലാം നിര്‍ദേശിച്ചിട്ടില്ല. അന്യസ്ത്രീപുരുഷന്മാര്‍ പരസ്പരം സംസാരിക്കുമ്പോള്‍ പാലിക്കേണ്ട ചില മര്യാദകള്‍ ഇസ്‌ലാം പഠിപ്പിച്ചിട്ടുണ്ട്. അതുപക്ഷേ എല്ലാ സ്ത്രീകള്‍ക്കും ബാധകവുമാണ്; ഇദ്ദയിരിക്കുന്നവര്‍ക്ക് മാത്രമുളളതല്ല.

വിധവകളുമായി ബന്ധപ്പെടുത്തി ജാഹിലിയ്യാ കാലത്ത് നിലനിന്നിരുന്ന പലതരം അനാചാരങ്ങളും സ്ത്രീകളോട് അങ്ങേയറ്റം അനീതി കാണിക്കുന്നതായിരുന്നു. ഇസ്‌ലാം അത്തരം അനാചാരങ്ങളെയെല്ലാം ഇല്ലായ്മ ചെയ്തു; എന്നിട്ട് മാന്യവും സംസ്‌കാരസമ്പന്നവുമായ ഒരു രീതി പഠിപ്പിച്ചു. പലതരം അനാചാരങ്ങളും മനുസ്മൃതി പോലുള്ള കൃതികളും വിഭാവനം ചെയ്യുന്ന തികച്ചും സ്ത്രീവിരുദ്ധവും ഇസ്‌ലാംവിരുദ്ധവുമായ മാമൂലുകള്‍ പകര്‍ത്തുകയും അവ പാലിക്കണമെന്ന് വാശിപിടിക്കുകയും, പണ്ഡിതന്മാര്‍ അവയൊന്നും തിരുത്താന്‍ ശ്രമിക്കാതെ പകരം അവക്ക് ഓശാന പാടുകയും ചെയ്യുന്നത് എന്തു മാത്രം സങ്കടകരമല്ല! 

എന്താണ് 'ഹിദാദ്', അഥവാ ദുഃഖാചരണം?

ഭര്‍ത്താവ് മരണപ്പെട്ട സ്ത്രീകള്‍ മരണവിവരം അറിഞ്ഞതുമുതല്‍ അലങ്കാരങ്ങളും ബാഹ്യമായ സൗന്ദര്യപ്രകടനങ്ങളും ഒഴിവാക്കി നാല് മാസവും പത്ത് ദിവസവും കാത്തിരിക്കേണ്ടതാണ് എന്ന് അല്ലാഹു വ്യക്തമാക്കിയിട്ടുണ്ട്. ഇതിന് ശരീഅത്തിന്റെ സാങ്കേതിക പദമാണ് 'ഹിദാദ്' അഥവാ ദുഃഖാചരണം.

ഈ കാലയളവില്‍ എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടതെന്ന് ഹദീസുകളില്‍ വ്യക്തമാക്കിയിട്ടുണ്ട്. അവയില്‍ ചിലത് താഴെ:  

ഒന്ന്: ''ഭര്‍ത്താവിന്റെ മരണം നിമിത്തമല്ലാതെ, മൂന്ന് ദിവസത്തിലേറെ ഹിദാദ് സ്വീകരിക്കുന്നത് അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്ന ഒരു സ്ത്രീക്കും അനുവദനീയമല്ല. ഭര്‍ത്താവ് മരിച്ചാല്‍ അത് നാല് മാസവും പത്ത് ദിവസവും വേണം'' (ബുഖാരി: 1280, മുസ്‌ലിം: 3798). 

 രണ്ട്: ''ഒരു സ്ത്രീ തിരുദൂതരോട്   ചോദിച്ചു: 'അല്ലാഹുവിന്റെ ദൂതരേ, എന്റെ പുത്രിയുടെ ഭര്‍ത്താവ് മരിച്ചു. അവള്‍ക്കാണെങ്കില്‍ കണ്ണിന് അസുഖം. അവള്‍ക്ക് സുറുമയിട്ടുകൂടേ?' 'ഇല്ല'-തിരുദൂതര്‍ പറഞ്ഞു. സ്ത്രീ മൂന്നു പ്രാവശ്യം ചോദിച്ചപ്പോഴും അതു തന്നെയായിരുന്നു മറുപടി. തുടര്‍ന്ന് പ്രവാചകന്‍ പറഞ്ഞു: അതു നാലു മാസവും പത്തു ദിവസവുമാണ്. ജാഹിലിയ്യാ കാലത്ത് നിങ്ങള്‍ ഒരു വര്‍ഷം വരെ കാത്തിരിക്കേണ്ടിവന്നിരുന്നില്ലേ?'' (ബുഖാരി: 5338, മുസ്‌ലിം: 3800). 

മൂന്ന്: ''ഭര്‍ത്താവിന് വേണ്ടിയല്ലാതെ ഒരു സ്ത്രീയും മൂന്ന് ദിവസത്തിലേറെ ഹിദാദ് ആചരിക്കരുത്. ഭര്‍ത്താവ് മരിച്ചാല്‍ നാല് മാസവും പത്ത് ദിവസവും അത് ആചരിക്കുകയും വേണം. 'ഉസ്ബി'ന്റെ വസ്ത്രങ്ങളല്ലാതെ നിറം കൊടുത്ത വസ്ത്രങ്ങളൊന്നും ആ കാലയളവില്‍ ധരിക്കരുത്. സുറുമയെഴുതരുത്. സുഗന്ധം പൂശുകയും അരുത്'' (അക്കാലത്ത് സ്ത്രീകള്‍ സാധാരണയായി ധരിച്ചിരുന്ന അലങ്കാരങ്ങളില്ലാത്ത ഒരു തരം യമനീ വസ്ത്രമാണ് 'ഉസ്ബി') (ബുഖാരി: 313). 

നാല്: ''സുഗന്ധം പുരട്ടി മുടി ചീകരുത്. മൈലാഞ്ചിയും അരുത്. കാരണം അതൊരു ചായമിടലാണ്''. ഞാന്‍ ചോദിച്ചു. ''പിന്നെയെന്തുപയോഗിച്ചാണ് മുടി ചീകേണ്ടത്?'' പ്രവാചകന്‍ പറഞ്ഞു: ''സിദ്ര്‍ കൊണ്ട് തലമുടി ചീകുക'' (അബൂദാവൂദ്: 2305).                      

അഞ്ച്: ''ഭര്‍ത്താവ് മരണപ്പെട്ട ഒരു സ്ത്രീയോട് തിരുദൂതര്‍ ഇപ്രകാരം പറയുകയുണ്ടായി: ചുവന്ന നിറമുള്ളതും, ചിത്രപ്പണിയുള്ളതുമായ വസ്ത്രങ്ങളും ആഭരണങ്ങളും ധരിക്കരുത്, മൈലാഞ്ചി അണിയരുത്, സുറുമയിടരുത്'' (അബൂദാവൂദ്: 2304). 

ഈ പ്രവാചക വചനങ്ങളുടെ വെളിച്ചത്തില്‍ മഹാന്മാരായ ഇമാമുകള്‍ ഭര്‍ത്താവ് മരണപ്പെട്ട സ്ത്രീയുടെ ഇദ്ദയുമായി ബന്ധപ്പെട്ട  വിധികള്‍ ഇങ്ങനെ സംഗ്രഹിച്ചിരിക്കുന്നു: 

ഒന്ന്: വീട്ടില്‍നിന്ന് ആവശ്യമില്ലാതെ പുറത്തിറങ്ങാതിരിക്കുക. രോഗസന്ദര്‍ശനം, മരണവീട് സന്ദര്‍ശനം, ജുമുഅ ജമാഅത്ത്, കല്യാണ ചടങ്ങുകള്‍ തുടങ്ങിയവക്കൊന്നും പുറത്തുപോകാതിരിക്കുക. 

രണ്ട്: വര്‍ണപ്പകിട്ടാര്‍ന്ന ഉടയാടകള്‍ വര്‍ജിക്കേണ്ടതാണ്. എന്നാല്‍ കറുപ്പോ വെളുപ്പോ തന്നെ വേണമെന്നില്ല. സൗന്ദര്യം പൊലിപ്പിച്ചുകാട്ടുന്ന വസ്ത്രമാകരുതെന്നേയുള്ളൂ.

മൂന്ന്: ആഭരണങ്ങള്‍ (സ്വര്‍ണം കൊണ്ടുള്ളതോ,  അല്ലാത്തവ കൊണ്ടുള്ളതോ ആകട്ടെ) അണിയാന്‍ പാടില്ല.

നാല്: സുഗന്ധങ്ങളും വര്‍ജിക്കേണ്ടതാണ്. അത്തറുകള്‍, സ്‌പ്രേകള്‍, കുന്തിരിക്കം, കസ്തൂരി, ഊദ് തുടങ്ങിയവ ഉപയോഗിക്കാന്‍ പാടില്ല. സോപ്പും ഷാമ്പുവും ഉപയോഗിക്കാം. 

അഞ്ച്: സുറുമ, കണ്‍മഷി, മൈലാഞ്ചി തുടങ്ങിയ സൗന്ദര്യവര്‍ധക വസ്തുക്കളും വര്‍ജിക്കേണ്ടതാണ്. 


ഇദ്ദയാചരിക്കുന്നവര്‍ക്ക് വീടു വിട്ട്

വെളിയില്‍ പോകാമോ?

ഭര്‍ത്താവ് മരണപ്പെട്ട സ്ത്രീയോട് അദ്ദേഹത്തിന്റെ വീട്ടില്‍തന്നെ താമസിക്കണം എന്ന് ഇസ്‌ലാം ആവശ്യപ്പെടുന്നു. ഇദ്ദയുടെ കാലാവധി തീരുവോളം അവള്‍ വീടുവിട്ടുപോകരുത്. ഇമാം തിര്‍മിദിയുള്‍പ്പെടെയുളളവര്‍ അബൂസഈദില്‍ ഖുദ്‌രിയുടെ സഹോദരി, ഫരീഅയില്‍നിന്ന് ഇപ്രകാരം ഉദ്ധരിക്കുന്നു: അവര്‍ തിരുദൂതരെ സമീപിച്ച് തന്റെ ഭര്‍ത്താവ് കൊല്ലപ്പെട്ട വിവരം അറിയിക്കുകയും സ്വഭവനത്തിലേക്ക് തിരിച്ചുപോകാന്‍ അനുമതി ചോദിക്കുകയുമുണ്ടായി. അവരുടെ ഭര്‍ത്താവ് ഓടിപ്പോയ അടിമകളെയും തേടി പുറെപ്പട്ടതായിരുന്നു.

''എന്റെ ഭര്‍ത്താവ് ജീവിതച്ചെലവോ മറ്റോ എനിക്കുവേണ്ടി വിട്ടേച്ചുപോയിട്ടില്ല''-അവര്‍ ബോധിപ്പിച്ചു. പക്ഷേ, തിരുദൂതര്‍ അനുവദിച്ചില്ല. അവിടുന്ന് പറഞ്ഞു: ''ഇദ്ദയുടെ കാലാവധി എത്തുന്നതുവരെ നീ ഭര്‍ത്താവിന്റെ വീട്ടില്‍ താമസിക്കുക.'' അങ്ങനെ അവര്‍ നാലു മാസവും പത്തു ദിവസവും ഭര്‍തൃഗൃഹത്തില്‍തന്നെ താമസിച്ചു (സ്വഹീഹുത്തിര്‍മിദി: 1204)

 നിര്‍ബന്ധമായും ആചരിക്കേണ്ട ഹിദാദിന്റെ കാലാവധി കഴിച്ചുകൂട്ടാന്‍ ഏറ്റവും യോജിച്ച ഇടം ഭര്‍തൃഗൃഹമാണ് എന്നതാണിതിന് കാരണം. ഭര്‍ത്താവിന്റെ ബന്ധുക്കള്‍ക്ക് ആശ്വാസം പകരാനും തെറ്റിദ്ധാരണകള്‍ ഉണ്ടാകാതിരിക്കാനും അതാണ് ഉചിതം. 

പുറത്തുപോകാവുന്നത് എപ്പോള്‍?

 ഒരാവശ്യത്തിനുവേണ്ടി വീടുവിട്ടു പോകാം. ചികിത്സ ആവശ്യമായി വരിക, അത്യാവശ്യ സാധനങ്ങള്‍ വാങ്ങുക (വാങ്ങിക്കൊടുക്കാന്‍ മറ്റാരുമില്ലെങ്കില്‍), അധ്യാപിക, ഡോക്ടര്‍, നഴ്‌സ് തുടങ്ങിയ പ്രഫഷനലുകളായ സ്ത്രീകള്‍ ജോലിക്ക് ഹാജരാകാന്‍ നിര്‍ബന്ധിതരാവുക തുടങ്ങിയവ ഉദാഹരണം. ഒരാവശ്യത്തിനു വേണ്ടി പകല്‍സമയത്ത് പുറത്തുപോകാമെങ്കിലും രാത്രി വീടുവിട്ടു പോകാന്‍ പാടുളളതല്ല. 

മുജാഹിദ് റിപ്പോര്‍ട്ട് ചെയ്യുന്നു: ഉഹുദില്‍ കുറേ യോദ്ധാക്കള്‍ രക്തസാക്ഷികളായി. അവരുടെ ഭാര്യമാര്‍ പ്രവാചകനെ സമീപിച്ച് പറഞ്ഞു: ''ഞങ്ങള്‍ക്ക് രാത്രി ഏകാന്തത അനുഭവപ്പെടുന്നു. ഞങ്ങളെല്ലാവരും ഞങ്ങളില്‍ ഒരാളുടെ വീട്ടില്‍ അന്തിയുറങ്ങിക്കൊള്ളട്ടെയോ? നേരം പുലര്‍ന്നാല്‍ ഞങ്ങള്‍ വേഗം സ്വഭവനങ്ങളിലേക്ക് പോയ്‌ക്കൊള്ളാം.'' പ്രവാചകന്‍ പറഞ്ഞു: ''നിങ്ങളെല്ലാവരും ഒരാളുടെ വീട്ടില്‍ വേണ്ടുവോളം സംസാരിച്ചിരിന്നുകൊള്‍ക. ഉറങ്ങാറായാല്‍ എല്ലാവരും അവരവരുടെ വീടുകളിലേക്ക് പോയിക്കൊള്ളണം'' (അല്‍ മുഗ്‌നി: 8/130). 

രാത്രികാലത്ത് പുറത്തുപോകുന്നത് തെറ്റിദ്ധാരണ പരത്താന്‍ ഇടയുള്ളതിനാല്‍ നിര്‍ബന്ധിത സാഹചര്യത്തിലല്ലാതെ അത് അനുവദിക്കപ്പെട്ടിട്ടില്ല. നമസ്‌കാരത്തിനായി പള്ളിയില്‍ പോകാനോ, ഹജജിനോ ഉംറക്കോ അതുപോലുള്ള കാര്യങ്ങള്‍ക്കോ വേണ്ടി യാത്രചെയ്യാനോ പാടുള്ളതല്ല. കാരണം ഹജ്ജ് നഷ്ടപ്പെട്ടുപോവുകയില്ല, ഇദ്ദാകാലം നഷ്ടപ്പെട്ടുപോകുന്നതാണ്. അത് സമയബന്ധിതമാണല്ലോ.     

അതുപോലെ ഇദ്ദയാചരിക്കുന്ന വിധവകള്‍ക്ക് പകല്‍സമയത്ത് അവളുടെ ആവശ്യങ്ങള്‍ക്ക്  പുറത്തുപോകാം. അതേ തലക്കെട്ടുള്ള  ഒരധ്യായം തന്നെ സ്വഹീഹ് മുസ്‌ലിമില്‍ കാണാം. ശേഷം ഉദ്ധരിക്കപ്പെട്ട ജാബിറി(റ)ന്റെ ഹദീസിനെ വ്യാഖ്യാനിച്ചുകൊണ്ട് ഇമാം നവവി (റ) എഴുതി: ''പരിപൂര്‍ണമായി വിവാഹമോചനം ചെയ്യപ്പെട്ട സ്ത്രീകള്‍ക്ക് പകല്‍സമയത്ത് അവളുടെ ആവശ്യങ്ങള്‍ക്കുവേണ്ടി പുറത്തുപോകാം എന്നതിന് ഈ ഹദീസ് രേഖയാണ്. ഇതാണ് ഇമാം മാലിക്, സൗരി, ലൈസ്, ശാഫിഈ, അഹ്മദ് മുതലായവരുടെ അഭിപ്രായം. അതുപോലെ ഭര്‍ത്താവിന്റെ വിയോഗം മൂലം ഇദ്ദയിരിക്കുന്ന അവസരത്തിലും സ്ത്രീകള്‍ക്ക്   പകല്‍ വേളയില്‍ പുറത്തുപോകാമെന്ന് അവര്‍ പറയുന്നു. അബൂഹനീഫയും ഇവരുമായി ഇക്കാര്യത്തില്‍ യോജിപ്പിലാണ്'' (ശറഹു മുസ്‌ലിം 5/366). 

ഭര്‍ത്താവ് മരണപ്പെട്ട കാരണത്താല്‍ ഇദ്ദയിലിരിക്കുന്ന സ്ത്രീകള്‍ക്ക് പകല്‍ സമയത് അവളുടെ ആവശ്യങ്ങള്‍ക്ക് വേണ്ടി പുറത്തുപോകാമെന്നു നാല് മദ്ഹബിന്റെ ഇമാമുകളും വ്യക്തമാക്കിയിട്ടുണ്ട്. ഇമാം നവവി (റ) മിന്ഹാജില്‍ എഴുതുന്നു:'ഭര്‍ത്താവ് മരിച്ച കാരണം ഇദ്ദയിലിരിക്കുന്ന സ്ത്രീകള്‍ക്കു പകല്‌സമയത് ഭക്ഷണം വാങ്ങുക,നൂല്‍ നൂല്‍ക്കുക തുടങ്ങിയ കാര്യങ്ങള്‍ക്കു പുറത്തുപോകാന്‍'(മിന്ഹാജ്).

ഫത്ഹുല്‍ മുഈനില്‍ എഴുതുന്നു:'ഭക്ഷണ സാധനങ്ങള്‍ വാങ്ങുക,നൂല്‍ നൂല്‍ക്കുക ,വിറകു ശേഖരിക്കുക മുതലായ ആവശ്യങ്ങള്‍ക്ക് പകല്‍ പുറത്തു പോകാം'

 

അവര്‍ക്ക് പെരുന്നാള്‍ നമസ്‌കാരത്തില്‍ പങ്കെടുക്കാമോ?

പെരുന്നാള്‍ നമസ്‌കാരത്തിനായി സ്ത്രീകളെയും കൂട്ടണമെന്ന ഹദീസിന്റെ വിശദീകരണത്തില്‍ ഇമാം ശൗകാനി പറയുന്നു: ''കന്യകയെന്നോ വിധവയെന്നോ യുവതിയെന്നോ വൃദ്ധയെന്നോ വ്യത്യാസമില്ലാതെ സ്ത്രീകള്‍ക്ക് രണ്ട് പെരുന്നാള്‍ നമസ്‌കാരങ്ങള്‍ക്കും പോകാമെന്നതിന് ഈ ഹദീസും ഇതേ ആശയമുള്ള മറ്റു ഹദീസുകളും ഖണ്ഡിതമായി വിധി നല്‍കുന്നു് എന്നാല്‍ അവള്‍ ഇദ്ദയാചരിക്കുന്നവളായിരിക്കരുത്'' (നൈലുല്‍ ഔത്വാര്‍: 3/343). 

 അന്യപുരുഷന്മാരുമായുള്ള സംസാരം?

ഇദ്ദയും ഹിദാദും ആചരിക്കുന്ന സ്ത്രീകള്‍ക്ക് പുരുഷന്മാരോട് മര്യാദകള്‍ പാലിച്ച് സംസാരിക്കാം. പുരുഷന്മാര്‍ക്ക് അങ്ങോട്ടുമാകാം. വിവാഹം നിഷിദ്ധമായവരും അല്ലാത്തവരുമായ വിശ്വസ്തരായ പുരുഷന്മാര്‍ക്ക് അവളെ സന്ദര്‍ശിക്കാം. തനിച്ചാവുന്ന അവസ്ഥ ഉണ്ടാവരുത്. ഇരുട്ടു മുറിയില്‍ ഏകാന്ത തടവറയിലെന്ന പോലെ കഴിയണം, അമുസ്‌ലിം സ്ത്രീകളുമായി സംസാരിക്കരുത്, മറക്കു പിന്നിലായിക്കൊണ്ടല്ലാതെ പുരുഷന്മാരുമായി സംസാരിക്കരുത് തുടങ്ങിയ അന്ധവിശ്വാസങ്ങള്‍ക്ക് ഖുര്‍ആനിലോ സുന്നത്തിലോ യാതൊരു അടിസ്ഥാനവുമില്ല. ഇത്തരം വിധികള്‍ വിശദീകരിക്കുന്ന മദ്ഹബിന്റെ ഇമാമുകള്‍ രചിച്ച ഫിഖ്ഹ് ഗ്രന്ഥങ്ങളിലും ഇല്ല. അതൊക്കെ ഇതര മത സംസ്‌കാരങ്ങളില്‍നിന്ന് പകര്‍ന്നതാവാനേ തരമുള്ളൂ. ദീനില്‍ അവക്ക് ഒരു തെളിവുമില്ല. ഒരൊറ്റ പണ്ഡിതനും ഒരൊറ്റ മദ്ഹബും അതൊന്നും പറഞ്ഞിട്ടുമില്ല. തന്നിമിത്തം ഒരു മുസ്‌ലിം നാട്ടിലും ഇതൊന്നും പരിചിതമല്ല. അവര്‍ അതൊന്നും കേട്ടിട്ടുപോലുമില്ല. 'നമ്മുടെ നിര്‍ദേശമില്ലാത്ത ഒരു കൃത്യം ഒരാള്‍ ചെയ്താല്‍ അത് തള്ളപ്പെടേണ്ടതാണ്' (ബുഖാരി: 2697) എന്നത്രെ പ്രവാചകമൊഴി. 

ചോദ്യത്തിലുള്ളതുപോലെയുള്ള ഒരു ഇദ്ദാചരണം ഇസ്‌ലാം പഠിപ്പിച്ചിട്ടില്ല. ജാഹിലിയ്യാ കാലത്ത് ഇത്തരം സാഹചര്യങ്ങളില്‍ പലതരം അത്യാചാരങ്ങളും ഉണ്ടായിരുന്നു. ഭര്‍തൃവിയോഗത്തെ തുടര്‍ന്നുള്ള ഇദ്ദക്ക് വളരെ വിചിത്രമായ ആചാരങ്ങളാണ് ഉണ്ടായിരുന്നത്. 

അക്കാലത്തെ ഇദ്ദയെക്കുറിച്ച് ഇമാം ഖാളി (റ) പറയുന്നത് കാണുക: ''ജാഹിലിയ്യത്തില്‍ വിധവ ആചരിച്ചിരുന്ന ഇദ്ദ ഇപ്രകാരമാണ്: അവള്‍ ഇടുങ്ങിയ ഒരു കുടിലില്‍ പ്രവേശിക്കും. ഏറ്റവും മോശമായ വസ്ത്രം ധരിക്കും. സുഗന്ധമോ അലങ്കാരമുള്ള വസ്തുക്കളോ സ്പര്‍ശിക്കുകയില്ല. ഇങ്ങനെ ഒരു വര്‍ഷം കഴിഞ്ഞ ശേഷം കഴുത, ആട് എന്നിവയോ പക്ഷിയോ അവളുടെ നഗ്നത സ്പര്‍ശിച്ച് ഇദ്ദ അവസാനിപ്പിക്കും. ശേഷം ആ കുടിലില്‍നിന്ന് പുറത്തുവരുമ്പോള്‍ അവള്‍ക്ക് അല്‍പം ഉണങ്ങിയ കാഷ്ഠം കൊടുക്കും. അവളത് തല ചുഴറ്റിയെറിയും. അതോടെ ഇദ്ദ അവസാനിക്കും'' (മിര്‍ഖാത്ത്: 5/513, ഫത്ഹുല്‍ ബാരി: 9/489). 




 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-25 / അല്‍ ഫുര്‍ഖാന്‍ / 1
എ.വൈ.ആര്‍