ഐ.എസിന്റെ തകര്‍ച്ചയും ഇറാഖിന്റെ ഭാവിയും
ഇറാഖിലെ കിര്‍കുക്കിലാണ് സംഭവം. ആത്മഹത്യാ ബെല്‍റ്റ് ബോംബുധാരികളായ രണ്ടു യുവാക്കള്‍ നഗരത്തില്‍ പൊട്ടിത്തെറിക്കാന്‍ എത്തിയതാണ്. ഒരാള്‍ മരിക്കുന്നു, മറ്റെയാള്‍ പിടിക്കപ്പെടുന്നു. പിടിക്കപ്പെട്ടയാള്‍ പറഞ്ഞ കഥകള്‍ കേട്ട് ലോകം ഞെട്ടി. ഒരു നഗരത്തില നിവാസികളെ കൊന്നൊടുക്കാന്‍ പറഞ്ഞുവിട്ടതാണ് അവരെ. ഒട്ടേറെ പീഡനങ്ങള്‍ സഹിച്ചാണ് അവര്‍ അവിടെ എത്തിയത്. ജീവന്‍ നഷ്ടപ്പെടുമെന്ന് അവര്‍ക്കുറപ്പായിരുന്നു. പട്ടിണിയും കുടുംബത്തിന്റെ പരിതാപകരമായ അവസ്ഥയുമൊക്കെ ഈ കൃത്യം നടത്താന്‍ അവര്‍ക്ക് പ്രേരണയായിട്ടുണ്ട്. വീരമരണം വരിക്കാമെന്ന് തെറ്റിദ്ധരിപ്പിച്ചും വ്യാമോഹിപ്പിച്ചുമാണ് അവരെ പറഞ്ഞുവിട്ടിരിക്കുന്നത്. പിടിക്കപ്പെട്ട ചെറുപ്പക്കാരന്‍ കരയുന്നുണ്ടായിരുന്നു. ബാഴ്‌സലോണ എന്നെഴുതിയ അവന്റെ ടീഷര്‍ട്ട് വാര്‍ത്താ ചിത്രങ്ങളില്‍ തെളിഞ്ഞുകണ്ടു. കൃത്യം നടത്താന്‍ തങ്ങളെ അയച്ച ആളുകളെ അവന്‍ വല്ലാതെ ഭയപ്പെട്ടിരുന്നു. ഇറാഖിലെ എണ്ണ ഉത്പാദന മേഖലയാണ് കിര്‍കുക്ക് എന്നതിനാല്‍ ഈ സ്ഥലം തെരഞ്ഞെടുത്തതിന്റെ പൊരുള്‍ വ്യക്തം.
ഈ ചെറുപ്പക്കാരനെ പോലെ ഒരുപാടു പേര്‍ ഐസ് വലയില്‍ കുടുങ്ങിയതാണ്. ചില താല്‍പര്യങ്ങളാണ് അവരെ അതിലേക്കു വലിച്ചിഴക്കുന്നത്. അവരെ പറഞ്ഞയക്കുന്നവര്‍ക്കുമുണ്ട് നിഗൂഢമായ താല്‍പര്യങ്ങള്‍. ആറു മാസത്തോളം ഐ.എസ് സ്‌കൂളിലും ക്യാമ്പുകളിലും പങ്കെടുത്ത ഒട്ടേറെ പേര്‍ സത്യാവസ്ഥ മനസ്സിലാക്കിയും ഭരണകൂടത്തിന്റെ സഹായത്തോടെയും രക്ഷപ്പെടുന്നു. ഐഎസിന്റെ അടിത്തറക്ക് വിള്ളല്‍ വീണിരിക്കുന്നു. ഇറാഖിലും സിറിയയിലുമായി 45000-ത്തോളം ഐ.എസുകാരാണ് കൊല്ലപ്പെട്ടത്. ഇതില്‍ 25,000 പേര്‍ സൈനികരും ബാക്കിയുള്ളവര്‍ സാധാരണക്കാരുമാണ്. ഇനിയുമെത്ര കളത്തിലുണ്ട് എന്നതിന് കൃത്യം കണക്കുകളില്ല. എങ്കിലും മുന്‍നിരയിലുള്ളവരുടെ എണ്ണം നാലിലൊന്നു ചുരുങ്ങിയതായി അമേരിക്കയുടെ കണക്കുകളില്‍നിന്ന് വ്യക്തമാവുന്നു. തുടക്കത്തില്‍ അമേരിക്കന്‍ രഹസ്യ സംഘടനയുടെ കണക്കുകള്‍ അനുസരിച്ച് 35,000 പേരായിരുന്നു മുന്‍നിരയില്‍ ഉണ്ടായിരുന്നത്. പിന്നീട് ആ സംഖ്യ ക്രമാതീതമായി വര്‍ധിച്ചുവെന്നാണ് പറയുന്നത്. ഐ.എസില്‍ അവശേഷിക്കുന്നവരില്‍ അധികവും യുവാക്കളാണത്രെ.
ഇറാഖില്‍ ഐ.എസ്സിനു നില്‍ക്കക്കള്ളിയില്ലാതെയാവുകയാണ്. അധിനിവേശാനന്തര ഇറാഖി സൈന്യം നടത്തുന്ന പോരാട്ടങ്ങള്‍ ഫലം കണ്ടു തുടങ്ങിയിരിക്കുന്നു. ഐ.എസില്‍നിന്ന് ഇറാഖി നഗരങ്ങള്‍ ഒന്നൊന്നായി മോചിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. കഴിഞ്ഞ ജൂലൈയില്‍ നടന്ന അന്‍ബാര്‍ വിമോചന പോരാട്ടത്തിനും ഫല്ലൂജ ഓപ്പറേഷനും ശേഷം മൂസ്വില്‍ ലക്ഷ്യമാക്കി ഇറാഖി സൈന്യവും കുര്‍ദിഷ് പെശമാര്‍ഗയും നീങ്ങിക്കഴിഞ്ഞു. ഇറാഖിലെ രണ്ടാമത്തെ വലിയ പട്ടണമായ മൂസ്വില്‍ മോചിപ്പിക്കുന്നതോടെ ഇറാഖില്‍നിന്ന് ഐ.എസിനെ പൂര്‍ണമായി ഇല്ലാതാക്കാന്‍ കഴിയുമെന്നാണ് വിലയിരുത്തപ്പെടുന്നത്. വിദേശ സൈനിക സഹായത്തോടെ തെരഞ്ഞെടുത്ത മേഖലകളെ ഐ.എസ് വിമുക്തമാക്കുക എന്നതായിരുന്നു ഇറാഖി ഭരണകൂടം സ്വീകരിച്ച സ്ട്രാറ്റജി. എന്നാല്‍ ഐ.എസുകാരെ ഇതുവരെ കൂട്ടമായി പിടികൂടുകയോ അവരെ കോടതിയില്‍ ഹാജരാക്കുകയോ ഒന്നും ചെയ്തിട്ടില്ല. ഐ.എസ് വിരുദ്ധ പോരാട്ടത്തിലെ നിഗൂഢതകളിലൊന്നാണിത്.
ഐ.എസ് അനന്തര ഇറാഖ്
ഐ.എസ് തകര്‍ക്കപ്പെട്ടാല്‍ പിന്നെയെന്ത്? അതിന് രണ്ട് ഉത്തരങ്ങള്‍ നല്‍കപ്പെടുന്നുണ്ട്. ഒന്നുകില്‍, മറ്റേതെങ്കിലും പുതിയ ശക്തികള്‍ ഭരണം പിടിച്ചെടുക്കുന്ന സാഹചര്യം ഉണ്ടാവും. അല്ലെങ്കില്‍ രാജ്യം മൂന്നോ നാലോ ആയി മുറിക്കപ്പെടുന്ന അവസ്ഥ സംജാതമാവും. എന്തായാലും ഇറാഖിനെ കാത്തിരിക്കുന്നത് അത്ര ശോഭനമായ ഭാവിയല്ല. ഐ.എസിന്റെ വരവോടെ സുന്നി വിഭാഗങ്ങള്‍ ശിഥിലീകരിക്കപ്പെട്ടു. അവരുടെ പ്രധാന നഗരങ്ങള്‍ ഐ.എസ് ഭീകരന്മാര്‍ തകര്‍ത്തു തരിപ്പണമാക്കി. ഭരണകൂട സഹായമുണ്ടായിട്ടും ശീഈ വിഭാഗങ്ങളും അധികാര വടംവലികളില്‍ ശിഥിലമാവുകയാണ്. സ്വന്തമായി താവളങ്ങളും ഭരണകൂടവും ഉണ്ടാക്കുന്നതിലാണ് കുര്‍ദുകള്‍ക്ക് താല്‍പര്യം. അതിനാലവര്‍ മറ്റു ഗ്രൂപ്പുകളോടൊപ്പം നില്‍ക്കാതായി. ഐ.എസിനു ശേഷം ഇറാഖിന്റെ ഭാവിയെന്ത് എന്നത് നിഗൂഢമായി തുടരുന്നു. കൃത്യമായ വിലയിരുത്തലുകള്‍ക്ക് സമയമായിട്ടില്ല.
അന്‍ബാറിലെ മരുപ്രദേശങ്ങളും ഫല്ലൂജയുടെ താഴ്‌വാരങ്ങളും സ്വലാഹുദ്ദീന്‍ പ്രവിശ്യയും ദിയാല കുന്നുകളും ബാജി നഗരാതിര്‍ത്തികളും ഐ.എസില്‍നിന്ന് വിമോചിപ്പിച്ചെടുത്ത തന്ത്രപ്രധാന സഥലങ്ങളാണ്. ഇവിടങ്ങളില്‍ ഭീകരര്‍ പതിയിരിപ്പുണ്ടോ എന്ന് സംശയിക്കുന്നതിനാല്‍ പൊതുജനം ഈ പ്രദേശങ്ങളിലേക്ക് കൂട്ടമായി ഇനിയും തിരിച്ചെത്തിയിട്ടില്ല. എല്ലാവരെയും കോര്‍ത്തിണക്കുന്ന ഒരു ഭരണകൂടം ഇനിയും ഉണ്ടായിട്ടുമില്ല. രണ്ടര വര്‍ഷങ്ങള്‍ക്കുശേഷമാണ് ഫല്ലൂജ ഐ.എസില്‍നിന്ന് മോചിപ്പിക്കാനായത്. ഭീകരതയെ ചെറുക്കാന്‍ ഇപ്പോള്‍ നഗരത്തില്‍ പ്രതിഭീകര വിഭാഗങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിനു മുമ്പ് മോചിപ്പിച്ചെടുത്ത തിക്‌രീത്തിലും റമാദിയിലുമെല്ലാം സുരക്ഷ ഉറപ്പുവരുത്താന്‍ ഇത്തരം സംഘങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ ഈ പ്രദേശങ്ങളിലൊന്നും ഇനിയും ക്രമസമാധാനവും പൊതുസംവിധാനങ്ങളും പുനഃസ്ഥാപിച്ചിട്ടില്ല. സമാന്തര സേനകള്‍ക്കാണ് പ്രദേശത്തെ നിയന്ത്രണം. അവരില്‍നിന്ന് നീതി ലഭിക്കുകയില്ല എന്ന് ഉറപ്പുള്ളതിനാല്‍ ജനം ഭീതിയില്‍ കഴിയേണ്ടിവരുന്നു. കഴിഞ്ഞ ഡിസംബറില്‍ മോചിപ്പിച്ച റമാദിയില്‍ സ്ഥിതിഗതികള്‍ ഇപ്പോഴും ശാന്തമല്ല. ജനങ്ങള്‍ക്ക് സുരക്ഷിതത്വം നല്‍കാന്‍ ഭരണകൂടത്തിനാവുന്നില്ല.
ഭരണകൂടത്തിന്റെ നിസ്സഹായത
യുദ്ധം ജയിച്ചിട്ടും ജനജീവിതം സാധാരണ നിലയിലേക്ക് കൊണ്ടുവരാന്‍ കഴിയാതെ നിസ്സഹായമാവുകയാണ് ഭരണകൂടം. ഭീകരരെ തുരത്തിയിട്ടും രാജ്യത്തിന്റെ പുനര്‍നിര്‍മാണത്തിന് പണമില്ലാതെ പ്രയാസപ്പെടുന്നു. തിക്‌രീത്തില്‍ മാത്രമാണ് ജനങ്ങള്‍ കൂട്ടമായി തിരിച്ചെത്തിയത്. അവിടെയും പിടിച്ചുപറിയും വംശീയ പോരാട്ടങ്ങളും സാധാരണമാണ്. ഇറാഖിന്റെ പല പ്രദേശങ്ങളിലും ഗോത്രസംഘട്ടനങ്ങള്‍ക്ക് അറുതിയായിട്ടില്ല. ഐ.എസ് പിടിച്ചടക്കിയിരുന്ന ഒട്ടുമിക്ക എണ്ണ സംഭരണികളും തിരിച്ചുപിടിക്കാനായിട്ടുണ്ടെങ്കിലും നേരാംവണ്ണം കൊണ്ടുനടത്താന്‍ ഭരണകൂടത്തിന് സാധിച്ചിട്ടില്ല. രാജ്യത്തിന്റെ ഔദേ്യാഗിക സൈന്യത്തെ ഇതുവരെ പുനഃക്രമീകരിക്കാനായിട്ടുമില്ല.
വ്യാപകമായ അഴിമതിയും സ്വജനപക്ഷപാതിത്വവുമാണ് ഇറാഖി ജനത നേരിടുന്ന മറ്റൊരു പ്രതിസന്ധി. അന്‍ബാര്‍ വിമോചനത്തിനു വേണ്ടി 32 അംഗ അന്‍ബാര്‍ ഭരണസമിതി മില്യന്‍ കണക്കിനു ഡോളര്‍ നഷ്ടപരിഹാരമായി കൈപ്പറ്റിയതായി മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. ഇറാഖിന്റെ പുനര്‍നിര്‍മാണം തുടങ്ങിയേടത്തുതന്നെ നില്‍ക്കുകയുമാണ്. ഇടപെടേണ്ട പ്രധാന മേഖലകളില്‍ സാമ്പത്തിക പരാധീനതകളാല്‍ ഭരണകൂടം വിട്ടുനില്‍ക്കുന്നു. യു.എന്‍ പോലുള്ള സമിതികളുടെ നേതൃത്വത്തില്‍ നടക്കുന്ന നിര്‍മാണ പ്രക്രിയയിലും ഉദ്യോഗസ്ഥമേധാവിത്വവും കെടുകാര്യസ്ഥതയും. അവര്‍ പരിചയപ്പെടുത്തിയ വികസന പരിപാടികള്‍ പോലും അഴിമതിമുക്തമല്ല. ഗവണ്‍മെന്റിന്റെ ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ പലതും അഴിമതിയും പണാപഹരണവും കണ്ടെത്തിയതിനാല്‍ നിര്‍ത്തിവെക്കേണ്ടിവന്നു. ഭരണകൂടത്തിലെ ചില ഉന്നതരെ 500 മില്യന്‍ ഡോളര്‍ അഴിമതി നടത്തിയതിനു സ്ഥാനഭ്രഷ്ടരാക്കിയത് ഈയിടെയാണ്.
ഐ.എസില്‍നിന്ന് പൂര്‍ണമായി മോചിപ്പിച്ചാല്‍ അമേരിക്കയുടെ നേതൃത്വത്തില്‍ സുന്നി ഏരിയകള്‍ കേന്ദ്രീകരിച്ച് പുതിയ പുനരധിവാസ-ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് വാര്‍ത്തയുണ്ടായിരുന്നു. ഐ.എസാനന്തര ഇറാഖിന്റെ പുനര്‍നിര്‍മാണം അന്താരാഷ്ട്ര ഏജന്‍സികളെ ഏല്‍പ്പിക്കണമെന്ന ആവശ്യവും ശക്തമാണ്. ഐ.എസില്‍നിന്ന് വിമോചിപ്പിച്ച ചില പ്രദേശങ്ങളില്‍ പുനര്‍നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ പരിചയമുള്ള യു.എന്‍.ഡി.പി പോലുള്ള ഏജന്‍സികള്‍ ചുമതല ഏറ്റെടുത്തിട്ടുണ്ട്. 20 ബില്യന്‍ ഡോളര്‍ വരെയുള്ള വരുമാനക്കമ്മിയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. രാജ്യത്തിന് ലോകബാങ്കില്‍നിന്ന് കടമായി ലഭിക്കുന്നതാകട്ടെ വെറും 1.2 ബില്യന്‍ മാത്രവും. ഐ.എസ് ഭീകരതയുടെ കെടുതികളനുഭവിക്കുന്നവര്‍ക്കായി അനുവദിച്ചതാണ് അത്. തുക ഗവണ്‍മെന്റിന് നല്‍കരുതെന്നും യു.എന്നിനെ ഏല്‍പിക്കണമെന്നും അമേരിക്ക നിര്‍ദേശിച്ചിരുന്നതാണ്. പുനരധിവാസം വേണ്ടരീതിയില്‍ നടത്താന്‍ സാധിക്കുന്നില്ലെങ്കില്‍ അത് ഭീകരമായ ശാരീരിക-മാനസിക പ്രത്യാഘാതങ്ങള്‍ ഉളവാക്കുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
എന്നാല്‍ പതിമൂന്ന് വര്‍ഷത്തെ യുദ്ധക്കെടുതികളും വിഭാഗീയതയും പരിഹരിക്കാന്‍ ഇതുകൊണ്ടൊന്നും കഴിയില്ല. ഇറാഖിനെ പൂര്‍വസ്ഥിതിയിലേക്ക് കൊണ്ടുവരാന്‍ ഇറാഖികള്‍ തന്നെ മുന്നിട്ടിറങ്ങണം. അഴിമതി തുടച്ചുനീക്കിയ ശേഷം പുനരുദ്ധാരണപ്രക്രിയകള്‍ ഏറ്റെടുത്ത് നടത്താന്‍ കെല്‍പുറ്റ ഒരു ടീമിനെ ഉണ്ടാക്കണം. അത്തരം ഒരു ബോഡിക്ക് പുറംശക്തികള്‍ സാമ്പത്തികമായും സാങ്കേതികമായും മറ്റും സഹായം നല്‍കിയാല്‍ മാത്രമേ അവര്‍ക്കത് നടത്തിക്കൊണ്ടുപോകാനാകൂ. വിവിധ വിഭാഗങ്ങള്‍ക്കും പൗരസമൂഹത്തിനും ഈ പ്രക്രിയയുടെ ഭാഗമാവാന്‍ സാധിച്ചാല്‍ അത് വന്‍ വിജയമാകും.
ഉടച്ചുവാര്‍ക്കുന്ന ഒരു പുനരധിവാസ വികസന പ്രക്രിയയാണ് ആവശ്യം. ശക്തമായ ഭരണഘടനകൊണ്ടും കെല്‍പുറ്റ ഭരണകൂടത്തെ അധികാരത്തിലേറ്റിയും മാത്രമേ അത് സാധ്യമാവു. അതിന് കഴിവുറ്റ നേതൃത്വവും ക്രിയാത്മകമായി പ്രവര്‍ത്തിക്കുന്ന പൗരസമൂഹവും അനിവാര്യമാണ്. എല്ലാ വിഭാഗങ്ങളെയും അംഗീകരിച്ചുകൊണ്ടും ഒന്നിപ്പിച്ചുനിര്‍ത്തിക്കൊണ്ടും മാത്രമേ ഇറാഖിന്റെ ശോഭനമായ ഭാവി കരുപ്പിടിപ്പിക്കാനാവൂ.
(ഇറാഖിലെ ഇര്‍ബിലില്‍ ജോലി ചെയ്യുകയാണ് ലേഖകന്‍)
Comments