Prabodhanm Weekly

Pages

Search

2016 സെപ്റ്റംബര്‍ 23

2968

1437 ദുല്‍ഹജ്ജ് 21

അല്ലാഹുവിന്റെ അടയാളങ്ങള്‍

ടി. മുഹമ്മദ് വേളം

ദൈവത്തിന് പ്രതീകങ്ങളില്ല. കല്ലിലോ മരത്തിലോ മറ്റേതെങ്കിലും മാധ്യമത്തിലോ നിങ്ങള്‍ക്ക് ദൈവത്തെ ആവിഷ്‌കരിക്കാന്‍ കഴിയില്ല. ആവിഷ്‌കാരങ്ങള്‍ക്ക് അതീതമായ അസ്തിത്വമാണവന്‍. അവനെ ആവിഷ്‌കരിക്കാനുള്ള ഏതു ശ്രമവും അബദ്ധവും  നിക്ഷിപ്ത താല്‍പര്യങ്ങള്‍ നിറഞ്ഞതും വഴിതെറ്റിക്കുന്നതുമായിരിക്കും. വിഗ്രഹങ്ങള്‍ ചൂഷണത്തിന്റെ ഉപകരണങ്ങളാണ്. പ്രതീകങ്ങളില്ലാത്ത ദൈവം എന്നത് കാവ്യമനോഹരമായ ഒരു കല്‍പനയാണ്. ഒരു പ്രതീകവുമില്ലാത്ത ആരാധനാ കേന്ദ്രമായ പള്ളിയെക്കുറിച്ച് എത്ര കാവ്യാത്മകമാണത് എന്ന് കഥാകൃത്തും നോവലിസ്റ്റുമായ പി. സുരേന്ദ്രന്‍ ഒരഭിമുഖത്തില്‍  ചോദിക്കുന്നുണ്ട്. മനുഷ്യ ഭാവനകളുടെ അനന്തതയെ തുറന്നിടുകയാണ് വിഗ്രഹങ്ങളില്ലാത്ത വിശ്വാസം ചെയ്യുന്നത്.

എങ്കിലും മനുഷ്യമനസ്സിന്റെ പ്രകൃതത്തെ സംബന്ധിച്ചേടത്തോളം പ്രതീകങ്ങള്‍ പ്രധാനമാണ്. പ്രതീകങ്ങളിലൂടെയാണ് മനുഷ്യന്‍ യാഥാര്‍ഥ്യങ്ങളെ ഓര്‍ത്തുവെക്കുന്നത്. പ്രതീകങ്ങളുടെ സംഘാതത്തെയാണ് നാം ഭാഷ എന്നു പറയുന്നത്. അക്ഷരം ശബ്ദത്തിന്റെ പ്രതീകമാണ്. നാമങ്ങള്‍ വസ്തുക്കളുടെയും ആശയങ്ങളുടെയും പ്രതീകങ്ങളാണ്. വസ്തുക്കളെയും ആശയങ്ങളെയും പ്രതീകമാക്കി മനസ്സിലാക്കാനും അങ്ങനെ ഉപയോഗിക്കാനുമുള്ള കഴിവാണ് 'ആദമിനെ നാം നാമങ്ങള്‍ പഠിപ്പിച്ചു' എന്ന ദൈവികനടപടിയിലൂടെ മനുഷ്യന് നല്‍കപ്പെട്ടത്. ശബ്ദഭാഷ മാത്രമല്ല, ശരീരഭാഷയും സംസ്‌കാരമെന്ന ഭാഷയുമെല്ലാം പ്രതീകപരമാണ്. എന്തിനും ഒരു പ്രതീകത്തെ കണ്ടെത്താനുള്ള അഭിലാഷം മനുഷ്യമനസ്സില്‍ എന്നും ശക്തമായി നിലനിന്നിട്ടുണ്ട്. ആ ആഗ്രഹത്തെ ചൂഷണം ചെയ്തുകൊണ്ടാണ് എക്കാലത്തും ബഹുദൈവസംസ്‌കാരം വളര്‍ന്നു വികസിച്ചത്. പ്രതീകങ്ങളോടുള്ള മനുഷ്യന്റെ പ്രലോഭനത്തെ വഴിതെറ്റിച്ചതാണ് ബഹുദൈവത്വം. തിന്മയിലേക്കെന്ന പോലെ ബഹുദൈവത്വത്തിലേക്കുമുള്ള പ്രലോഭനം മനുഷ്യനില്‍ എന്നും നിലനിന്നിട്ടുണ്ട്. തിന്മയിലേക്കുള്ള പ്രലോഭനത്തെ ന്യായമായ എല്ലാ ഭൗതിക ശാരീരികാനന്ദങ്ങളും അനുവദിച്ചുകൊണ്ട് ഇസ്‌ലാം അഭിമുഖീകരിച്ചു. അമൂര്‍ത്ത സങ്കല്‍പങ്ങളുമായി ബന്ധപ്പെട്ട, വിശ്വാസ കാര്യങ്ങളിലെ പ്രതീക പ്രലോഭനത്തെ അല്ലാഹുവിന്റെ അടയാളങ്ങള്‍ അവതരിപ്പിച്ചുകൊണ്ട് ഇസ്‌ലാം അഭിമുഖീകരിച്ചു. ''അല്ലാഹുവിന്റെ ചിഹ്നങ്ങളെ ആരെങ്കിലും വന്ദിച്ചാല്‍ നിശ്ചയം അത് ഹൃദയത്തിന്റെ ഭക്തിയില്‍ പെട്ടതാകുന്നു'' (അല്‍ഹജ്ജ് 32). ''അല്ലാഹു ആദരിച്ചവയെ ആരെങ്കിലും മഹത്വപ്പെടുത്തിയാല്‍ നാഥന്റെയടുക്കല്‍ അത് അവന് നല്ലതാകുന്നു'' (അല്‍ഹജ്ജ് 30). പ്രതീകങ്ങളുമായി ബന്ധപ്പെട്ട ഇസ്‌ലാമിലെ സുപ്രധാനമായ ആശയമാണ് അല്ലാഹുവിന്റെ അടയാളങ്ങള്‍ എന്നത്.

അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങള്‍ (ആയാത്തുല്ലാഹ്)എന്ന ഗണത്തെക്കുറിച്ച് ഖുര്‍ആന്‍ പറയുന്നുണ്ട്. അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങള്‍ എന്നു പറയുന്നത് അല്ലാഹുവില്‍ എത്തിച്ചേരാനുള്ള ചൂണ്ടുപലകകളാണ്. അല്ലാഹുവിനെ നമുക്ക് ബോധ്യപ്പെടുത്തിത്തരുന്ന അധ്യാപനങ്ങളാണ്. പ്രകൃതി പ്രതിഭാസങ്ങളെയാണ് അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങള്‍ (ആയാത്തുല്ലാഹ്) എന്ന പേരില്‍ പ്രധാനമായും ഖുര്‍ആന്‍ പരാമര്‍ശിക്കുന്നത്.  അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങള്‍ സംവദിക്കുന്നത് ബുദ്ധിയോടാണ്. അല്ലാഹുവിനെ മനസ്സിലാക്കി അംഗീകരിച്ച വിശ്വാസിയുടെ, അല്ലാഹുവിനെ കാണാനും  തൊടാനും മുത്താനും വികാരങ്ങള്‍ പ്രകടിപ്പിക്കാനുമുള്ള ആഗ്രഹത്തെയാണ് അല്ലാഹുവിന്റെ ചിഹ്നങ്ങള്‍ സംതൃപ്തിപ്പെടുത്തുന്നത്. അല്ലാഹുവിന്റെ അടയാളങ്ങള്‍ ബുദ്ധിപരം എന്നതിനേക്കാള്‍ വൈകാരികമാണ്. 

അടയാളം എന്നര്‍ഥമുള്ള 'ശഈറത്ത്' എന്ന വാക്ക് ഉത്ഭവിച്ചത് 'ശഅറ' എന്ന വാക്കില്‍നിന്നാണ്. 'ശഈറത്തി'ന്റെ ബഹുവചനമാണ് 'ശിആറ്.' 'ശഅറ' എന്ന വാക്കിന്റെ അര്‍ഥം ഇന്ദ്രിയഗോചരമാവുക, അനുഭവവേദ്യമാവുക, ബോധവാനാകുക, സഹജബോധമുണ്ടായിരിക്കുക, അവബോധമുണ്ടാവുക എന്നൊക്കെയാണ്. അവബോധത്തെയും അനുഭൂതിയെയും കുറിക്കുന്ന വാക്കാണത്. 'ശുഊര്‍' എന്നാല്‍ തെളിവില്ലാതെ മനസ്സിലാക്കല്‍, അനുഭവം, അന്തര്‍ജ്ഞാനം എന്നൊക്കെയാണര്‍ഥം, സ്വത്വത്തില്‍നിന്നും പരിതഃസ്ഥിതിയില്‍നിന്നും കാര്യങ്ങള്‍ മനസ്സിലാക്കുന്നതിനാണ് മനശ്ശാസ്ത്രത്തില്‍ ഈ പദമുപയോഗിക്കുന്നത്. 'ശഅറ'യില്‍നിന്നാണ് കവിതയെക്കുറിക്കുന്ന  'ശിഅ്‌റ്' എന്ന വാക്കുണ്ടായത്. അറിവിനപ്പുറമുള്ള അവബോധത്തെയും അനുഭൂതിയെയുമാണ് ഈ വാക്ക് പൊതുവില്‍ അര്‍ഥമാക്കുന്നത്.

ഒരു വസ്തുവിന് അതിനപ്പുറമുള്ള അവബോധവും അനുഭൂതിയും പ്രദാനം ചെയ്യുക എന്നാണ് ശഈറത്ത് (ചിഹ്നം) എന്നതു കൊണ്ട് ഭാഷയില്‍ വിവക്ഷിക്കുന്നത്. ചിഹ്നങ്ങളോടുള്ള അഭിനിവേശം മനുഷ്യനില്‍ സഹജമായി തന്നെ ഉള്ളതാണ്. അബുല്‍ ഹസന്‍ അലി നദ്‌വി എഴുതുന്നു: ''വിശുദ്ധഖുര്‍ആന്‍ അല്ലാഹുവിനെ വിശേഷിപ്പിച്ചതിനേക്കാള്‍ വലിയൊരു വിശേഷണം അസാധ്യമാണ്; 'അവന് തുല്യമായി ഒന്നുമില്ല. അവന്‍ അഗാധമായ കേള്‍വിയുള്ളവനും സൂക്ഷ്മമായ കാഴ്ചയു ള്ളവനുമാണ്.' എങ്കിലും മനുഷ്യപ്രകൃതി എന്നും മനുഷ്യപ്രകൃതിതന്നെയാണ്; അതുകൊണ്ട് അവന്‍ തന്റെ നഗ്നമായ നയനങ്ങള്‍കൊണ്ട് നേരിട്ടു കാണാന്‍ പറ്റുന്ന ഒന്നിനെ പണ്ടുമുതല്‍ക്കേ തെരഞ്ഞുകൊണ്ടിരുന്നു; ഇപ്പോഴും തെരഞ്ഞുകൊണ്ടിരിക്കുന്നു. ആ ഒന്നിന്റെ അടുത്തുചെന്ന് ആഹ്ലാദപൂര്‍വം തന്റെ അഭിനിവേശം അടക്കാനും ആഗ്രഹങ്ങള്‍ ഒതുക്കാനും ആദരവുകള്‍ അര്‍പ്പിക്കാനും സ്‌നേഹവാത്സല്യങ്ങള്‍ പ്രകടിപ്പിക്കാനും കഴിയണം. ഇതായിരുന്നു അവന്റെ ഉദ്ദേശ്യം. ഈ ഉദ്ദേശ്യത്തെ അല്ലാഹു പരിഗണിച്ചിട്ടുണ്ട്. തദടിസ്ഥാനത്തില്‍ ഗോചരവും പ്രകടവുമായ ചില വസ്തുക്കളെ അല്ലാഹു തെരഞ്ഞെടുത്തു പ്രാധാന്യം നല്‍കി. അവയെ അവന്‍ തന്നിലേക്കു ചേര്‍ത്തുപറഞ്ഞു. അവന്റെ അപാരമായ അനുഗ്രഹവും കരുണയും അതില്‍ നിത്യവര്‍ഷിതമാക്കി. ആ വസ്തുക്കളെ കാണുമ്പോഴേക്കും അല്ലാഹുവിനെ സ്മരിക്കുന്ന വിധത്തില്‍ ചില പ്രത്യേകമായ പരിഗണകള്‍കൊണ്ട് അവയെ പൊതിഞ്ഞു. അല്ലാഹുവിന്റെ ശിക്ഷാ നാളുകള്‍, ഏകത്വം, മതം എന്നിവക്കുപുറമെ പല സംഭവകഥകളും പ്രവാചകപ്രഭുക്കളുടെ തീക്ഷ്ണ പരീക്ഷണങ്ങളുമെല്ലാം പ്രസ്തുത വസ്തുക്കളോട് അവന്‍ അഭേദ്യമായി ബന്ധപ്പെടുത്തി. അങ്ങനെ 'അല്ലാഹുവിന്റെ ചിഹ്നങ്ങള്‍' എന്ന് അതിന് അവന്‍ നാമകരണംചെയ്തു. അവയോടുള്ള വന്ദനം അല്ലാഹുവിനുള്ള വന്ദനമാക്കി. അവയോടുള്ള നിന്ദ അവന്റെ നേരെയുള്ള നിന്ദയുമാക്കി. തങ്ങളുടെ ഹ്യദയാന്തരാളങ്ങളില്‍ പ്രകൃത്യാ ഒളിഞ്ഞുകിടക്കുന്ന സ്‌നേഹവായ്പുകളും സമ്പര്‍ക്കവികാരങ്ങളും വാത്സല്യപ്രകടനങ്ങളും അതിനോട് വീട്ടിക്കൊള്ളാന്‍ മനുഷ്യര്‍ക്ക് അവന്‍ അനുവാദം കൊടുത്തു. എന്നല്ല, അതിനു കല്‍പിക്കുകയും ക്ഷണിക്കുകയും ചെയ്തു'' (അര്‍കാനെ അര്‍ബഅ-ഹജ്ജ്).

കഅ്ബയും അതുമായി ബന്ധപ്പെട്ടതും അല്ലാഹുവിന്റെ ഇത്തരത്തിലുള്ള ചിഹ്നങ്ങളില്‍പെട്ടതാണ്. അല്ലാഹു പറയുന്നു: ''അല്ലയോ, വിശ്വസിച്ചവരേ, അല്ലാഹുവിന്റെ ചിഹ്നങ്ങളെ അനാദരിക്കരുത്. പവിത്രമാസങ്ങളെ, ബലിമൃഗങ്ങളെ, അല്ലാഹുവിലേക്ക് നേര്‍ന്നതിന്റെ അടയാളമായി കഴുത്തില്‍ പട്ടകെട്ടിയവയെ, അല്ലാഹുവിന്റെ അനുഗ്രഹവും പ്രീതിയും തേടിക്കൊണ്ട് അവന്റെ  പവിത്രഭവനത്തിലേക്ക് സഞ്ചരിക്കുന്നവരെ'' (അല്‍മാഇദ 2). ''സ്വഫായും മര്‍വയും അല്ലാഹുവിന്റെ ചിഹ്നങ്ങളില്‍പെട്ടതാണ്'' (അല്‍ബഖറ 158).

എല്ലാ വസ്തുക്കളും സ്ഥലങ്ങളും വ്യക്തികളും ആത്മീയമായ  മൂല്യത്തില്‍ സമനിരപ്പാണെന്ന തീര്‍ത്തും ജനാധിപത്യവല്‍ക്കരിക്കപ്പെട്ട സ്ഥലകാല വ്യക്തി സങ്കല്‍പത്തെ  ഇസ്‌ലാം അംഗീകരിക്കുന്നില്ല.  വ്യക്തികളുടെ കാര്യത്തില്‍ ഈ പദവിവിത്യാസം അല്ലെങ്കില്‍ ഉയര്‍ന്ന പദവി അവരുടെ വിശ്വാസത്തിലൂടെയും അധ്വാനങ്ങളിലൂടെയും ലഭിക്കുന്നതാണ്. സ്ഥലത്തിനും കാലത്തിനും വസ്തുവിനും ഇത് അല്ലാഹു കല്‍പിച്ച് നല്‍കുന്നതാണ്. ഭൗതികമായി ഒരുപോലെയിരിക്കുന്ന  വസ്തുക്കളും വ്യക്തികളുമെല്ലാം അതിന്റെ ആത്മീയ മൂല്യത്തിലും ഒരേ പോലെത്തന്നെയാണെന്ന കേവല ഭൗതികവാദം ഇസ്‌ലാം നിരാകരിക്കുന്നു. 

അല്ലാഹുവിന് പ്രതീകങ്ങളില്ല, ചിഹ്നങ്ങളുണ്ട്. ഈ ചിഹ്നങ്ങള്‍ അല്ലാഹുവിനെക്കുറിച്ച അവബോധങ്ങളും  അനുഭൂതിയും  പ്രദാനം ചെയ്യുന്നവയാണ്.  പള്ളിയും മുസ്വ്ഹഫും നമസ്‌കാരവും റമദാനും വെള്ളിയാഴ്ചയും ജുമുഅയും അറഫാദിനവും മക്കയും മദീനയും ഫലസ്ത്വീനും ബൈത്തുല്‍ മഖ്ദിസും പ്രവാചകനും അനുചരന്മാരും സദ്‌വൃത്തരായ പണ്ഡിതന്മാരുമൊക്കെ അല്ലാഹുവിന്റെ അടയാളങ്ങളാണ്. സ്ഥലപരവും സമയപരവും വസ്തുപരവും വ്യക്തികളെന്ന നിലക്കുമുള്ളമായ അടയാളങ്ങള്‍. ഇത്തരം ചിഹ്നങ്ങളുടെ സമൃദ്ധിയാണ് ഹജ്ജിന്റെ ഏറ്റവും വലിയ ആകര്‍ഷണീയത.  ഇതില്‍ അറഫയും മിനയും മുസ്ദലിഫയുമൊക്കെ സ്ഥലവും സമയവും ഒന്നുചേരുമ്പോള്‍ ഉാവുന്ന അല്ലാഹുവിന്റെ അടയാളങ്ങളാണ്. ഇമാം ഗസ്സാലി എഴുതുന്നു: ''അല്ലാഹുവിനെ കാണാന്‍ മനുഷ്യന് അതിയായ ആശയും ആഗ്രഹവുമുണ്ട്. അതിനുള്ള മാര്‍ഗത്തെക്കുറിച്ച് അവന്‍ ചിന്തിക്കുക സ്വാഭാവികമാണ്. ഓരോ കമിതാവും തന്റെ പ്രേമഭാജനത്തോട് ബന്ധപ്പെട്ടതിനെ സ്‌നേഹിക്കുന്നു. കഅ്ബയാകട്ടെ, അല്ലാഹുവിലേക്ക് ചേര്‍ക്കപ്പെട്ടിരിക്കുന്നു. അതിനാല്‍ ഏതൊരു മുസ്‌ലിമിനും അതിനോട് സ്‌നേഹവും ബഹുമാനവും ഉണ്ടാവുക സ്വാഭാവികം മാത്രമാണ്. കൂടാതെ അതിനെ സ്‌നേഹിക്കല്‍ മുഖേന വാഗ്ദാനം  ചെയ്യപ്പെട്ട  സുന്ദര മോഹന പ്രതിഫലങ്ങള്‍ വേറെയുമുണ്ട്'' (ഇഹ്‌യാ ഉലൂമിദ്ദീന്‍).

അല്ലാഹുവിനോടുള്ള വിശ്വാസിയുടെ പ്രണയത്തിന്റെ കേന്ദ്രമാണ് കഅ്ബ. തന്നോടുള്ള പ്രണയം  പ്രകടിപ്പിക്കാന്‍ അല്ലാഹു ഒരുക്കിയ ഇടമാണത്. ഹറം ദൈവപ്രണയ ചിഹ്നങ്ങളുടെ സമൃദ്ധ ഭൂമിയാണ്. ഒരു കാമുകന്റെ/കാമുകിയുടെ പ്രണയദാഹം ശമിപ്പിക്കാനാവശ്യമായ  അത്രയും ചിഹ്നങ്ങള്‍ അവിടെയുണ്ട്. എന്നെ പ്രണയിക്കുന്നവരേ, ഹജ്ജിലേക്കും ഹറമിലേക്കും കടന്നുവരൂ, നിങ്ങളുടെ പ്രണയത്തിന് ഇവിടെ സാക്ഷാല്‍ക്കാരമുണ്ട് എന്നാണ് ഹറമിലൂടെയും ഹജ്ജിലൂടെയും അല്ലാഹു പറയുന്നത്. ഷാ വലിയ്യുല്ലാഹിദ്ദഹ്‌ലവി എഴുതുന്നു: ''ചില സന്ദര്‍ഭങ്ങളില്‍ മനുഷ്യന് തന്റെ നാഥനോട് അതിരറ്റ ആസക്തിയും അദമ്യമായ സ്‌നേഹവും  ഉടലെടുക്കും. തന്റെ ആശയും ആഗ്രഹവും പൂര്‍ത്തീകരിക്കാന്‍ എന്തു മാര്‍ഗമെന്ന് അവന്‍ ചിന്തിക്കും. ചുറ്റുപാടും ഒന്ന് കണ്ണോടിച്ചുനോക്കും. അവസാനം ഹജ്ജിനെ അതിനു പറ്റിയ അവലംബമായി കാണും'' (ഹുജ്ജത്തുല്ലാഹില്‍ ബാലിഗ).

ദിവ്യപ്രണയത്തിന്റെ ഉത്സവമാണ് ഹജ്ജ്. അല്ലാഹുവോടുള്ള മുഴുവന്‍ പ്രണയവും  പ്രകടിപ്പിക്കാനുള്ള ഉപാധികള്‍ ഹജ്ജിലുടനീളമുണ്ട്. അബുല്‍ അഅ്‌ലാ മൗദൂദി എഴുതുന്നു: ''മനുഷ്യന്‍ തന്റെ ആരാധ്യവസ്തുവിനെ ഉദ്ദേശിച്ചു തീര്‍ത്ഥാടനം നടത്താന്‍ ആഗ്രഹിക്കുന്നു. ഇത് മനുഷ്യപ്രകൃതിയുടെ ഒരാവശ്യമാണ്. ഇസ്‌ലാമില്‍ അത്തരം  യാത്രകളെല്ലാം നിരോധിക്കപ്പെട്ടിരിക്കയാണ്. അല്ലാഹുവെ ഉദ്ദേശിച്ചുള്ള തീര്‍ഥാടനം മാത്രം അനുവദിച്ചിരിക്കുന്നു. അതാണ് ഹജ്ജ് തീര്‍ഥാടനം. മനുഷ്യന്‍ തന്റെ പൂജ്യവസ്തുവിന്റെ ചുറ്റും പ്രദക്ഷിണം ചെയ്യാന്‍ വെമ്പുന്നു. എന്നാല്‍ ഇസ്‌ലാമിലെ ആരാധ്യന്‍ ഒരു സ്ഥൂലവസ്തു വല്ലാത്തതിനാല്‍ ഒരു മന്ദിരത്തെ ദേവാലയമായി നിശ്ചയിച്ച് അതിനെ പ്രദക്ഷിണം ചെയ്തുകൊണ്ട് മനുഷ്യപ്രകൃതിയുടെ ആ താല്‍പര്യം പൂര്‍ത്തീകരിച്ചിരിക്കുന്നു. മനുഷ്യന്‍ തന്റെ ദൈവത്തിന്റെ ഉമ്മരചുംബനത്തിനു കൊതികൊള്ളുന്നു. ഇവിടെ അതിനായി നിശ്ചയിച്ചിരിക്കുന്നത് ഹജറുല്‍ അസ്‌വദിനെയാകുന്നു. മനുഷ്യന്‍ തന്റെ ആരാധ്യന്റെ കോന്തലത്തുമ്പു പിടിച്ച് അര്‍ഥന നടത്താനാശിക്കുന്നു. ഇവിടെ തല്‍സ്ഥാനത്തുള്ളത് 'മുല്‍തസമാ'ണ്. അതിനെ അണച്ചുപൂട്ടി അവന്‍ തന്റെ അപേക്ഷകള്‍ ബോധിപ്പിക്കുന്നു. മനുഷ്യഹൃദയം ആരാധ്യന്റെ മാര്‍ഗത്തില്‍ ഓടാനും ചാടാനും അധ്വാനപരിശ്രമങ്ങളര്‍പ്പിക്കാനും തിരക്കുന്നു. ഇവിടെ അതിനുള്ളത് 'സ്വഫാ'യുടെയും 'മര്‍വ'യുടെയും ഇടക്കുള്ള പാച്ചിലാണ്. മനുഷ്യന്‍ തന്റെ ആരാധ്യന്റെ ആസ്ഥാനത്തിങ്കല്‍ വെച്ച് ബലിയര്‍പ്പിക്കാന്‍ കാംക്ഷിക്കുന്നു. മിനയില്‍ വെച്ച് അത് നിറവേറ്റാനുള്ള അവസരം ഇവിടെയും നല്‍കപ്പെട്ടിരിക്കുന്നു. ആകയാല്‍ ആരാധനയുടെ യാതൊരു മാര്‍ഗവും ഇവിടെ സ്വീകരിക്കപ്പെടാതിരുന്നിട്ടില്ല. മനുഷ്യപ്രകൃതത്തെക്കുറിച്ച് ശരിക്കും അറിയുന്ന അല്ലാഹു അതിന്റെ ശക്തിയായ തിടുക്കത്തെ ഹജ്ജ് കര്‍മം മുഖേന അങ്ങനെ പൂര്‍ത്തീകരിക്കുകയാണ് ചെയ്തിരിക്കുന്നത്'' (മൗലാനാ മൗദൂദി 1956-ല്‍ പരിശുദ്ധ ഹജ്ജ് കര്‍മം നിര്‍വഹിക്കുകയും മധ്യപൗരസ്ത്യ രാജ്യങ്ങള്‍ സന്ദര്‍ശിക്കുകയുമുായി. ഈ യാത്രയെക്കുറിച്ച് ലാഹോറിലെ തസ്‌നീം പത്രത്തില്‍ വന്ന വിവരണത്തില്‍ നിന്ന്).

അല്ലാഹുവിന്റെ ചിഹ്നങ്ങളിലൂടെയുള്ള ദൈവസ്‌നേഹപ്രകടനം ജാഗ്രതയില്ലെങ്കില്‍  വഴിതെറ്റാന്‍ നല്ല സാധ്യതയുള്ള കര്‍മരംഗം കൂടിയാണ്. ഈ ചിഹ്നങ്ങള്‍ക്ക് ഒരു ദിവ്യത്വവുമില്ല. ദിവ്യത്വം അല്ലാഹുവിന് മാത്രമാണ്. ഈ പ്രപഞ്ച വ്യവസ്ഥയെ  സ്വാധീനിക്കാനോ അതിലിടപെടാനോ ഉള്ള ഒരു കഴിവും ഇവക്കൊന്നും നല്‍കപ്പെട്ടിട്ടില്ല. എന്നാല്‍ ഇവയൊന്നും വെറും ഭൗതിക വസ്തുക്കളല്ലതാനും. അവയിലൂടെ അല്ലാഹുവിനോടുള്ള സ്‌നേഹം പ്രകടിപ്പിക്കാന്‍ അല്ലാഹു അനുവദിച്ചിരിക്കുന്നു, അല്ല കല്‍പിച്ചിരിക്കുന്നു. ഇവയില്‍ ഓരോന്നിനോടും ഓരോ സമീപനം സ്വീകരിക്കാനാണ്  അല്ലാഹു പഠിപ്പിച്ചിരിക്കുന്നത്. ബലിമൃഗം അല്ലാഹുവിന്റെ ചിഹ്നമാണ്. ഈ ചിഹ്നത്തെ അറുത്തുകൊണ്ടാണ് അല്ലാഹുവിനോടുള്ള പ്രണയം പ്രകടമാക്കേണ്ടത്.  ചില മൃഗങ്ങള്‍ക്ക് ദിവ്യത്വമുണ്ടെന്നും അവയെ അറുക്കരുതെന്നുമുള്ള ബഹുദൈവത്വപരമായ  അന്ധവിശ്വാസത്തെ തിരുത്തുകയാണ് അല്ലാഹു ചെയ്യുന്നത്. ഹജറുല്‍ അസ്‌വദിലൂടെയുള്ള പ്രണയപ്രകടനം ചുംബനമാണ്. സ്വഫാ മര്‍വകള്‍ക്കിടയില്‍ അത് ഓട്ടമാണ്. സംസമില്‍ അത് പാനം ചെയ്യലാണ്. മിനയില്‍ അത് രാപ്പാര്‍ക്കലാണ്. അറഫയില്‍ സമ്മേളിക്കലാണ്. എല്ലാ ദിവ്യചിഹ്നങ്ങള്‍ക്കു നേരെയും ഒരേ പ്രണയപ്രകടനങ്ങള്‍ എന്നത് അവയെ ദിവ്യത്വത്തിലേക്കുയര്‍ത്താനുള്ള അപകട സാധ്യതയാണ്. പ്രണയപ്രകടനത്തിന്റെ രീതിവൈവിധ്യങ്ങളിലൂടെ ഇതിനെ ഇല്ലാതാക്കുകയാണ് അല്ലാഹു ചെയ്തത്. പ്രണയം പ്രകടിപ്പിക്കേണ്ടത് നിങ്ങളുടെ ഇഷ്ടമനുസരിച്ചല്ല. അല്ലാഹുവിന്റെ കല്‍പനയനുസരിച്ചാണ്. പ്രണയം പോലും നിയമത്തിന് വിധേയമാണ്, വിധിവിലക്കുകളുടെ അതിരുകള്‍ക്കകത്താണ്. നിങ്ങളുടെ പ്രണയത്തെ നിങ്ങളുടെ ഇഷ്ടം പോലെ ആവിഷ്‌കരിക്കാന്‍ നിങ്ങള്‍ക്ക് അനുവാദമില്ല. പ്രണയം എല്ലാ വ്യവസ്ഥകളെയും തകര്‍ക്കാനുള്ള അരാജകശേഷിയുള്ള ഊര്‍ജം കൂടിയാണ്. ഈ ഊര്‍ജത്തെ വ്യവസ്ഥപ്പെടുത്തി രാജകമാക്കുകയാണ് ഹജ്ജിലൂടെ അല്ലാഹു ചെയ്യുന്നത്. ദൈവത്തിന്റെ പ്രതീകമായ മൃഗം ദിവ്യത്വമുള്ളതോ ദൈവം തന്നെയോ ആയി മനസ്സിലാക്കപ്പെടാന്‍ വളരെ എളുപ്പമാണ്. വഴുക്കല്‍സാധ്യത വളരെ കൂടുതലുള്ള വിശ്വാസ മേഖലയാണത്. ദൈവത്തിന്റെ ചിഹ്നമായ ബലിമൃഗത്തിന് ദിവ്യത്വമില്ലെന്ന് ബലി എന്ന ആരാധനയിലൂടെ  കര്‍മരൂപത്തില്‍ പഠിപ്പിക്കുകയാണ് അല്ലാഹു ചെയ്യുന്നത്. അല്ലാഹുവിന്റെ ചിഹ്നങ്ങളെക്കുറിച്ച്  വല്ല ദിവ്യത്വബോധവും മനസ്സിലുണ്ടെങ്കില്‍ അതിനെ കൂടിയാണ് വിശ്വാസി ബലിയിലൂടെ അറുത്തുകളയുന്നത്. അല്ലാഹുവിന് ഏറ്റവും വലിയ ചിഹ്നം അവന്റെ കല്‍പ്പനാനിരോധങ്ങള്‍ തന്നെയാണ്. കല്‍പ്പനാനിരോധങ്ങള്‍ക്കകത്തെ സവിശേഷമായ പ്രണയോപാധികളാണ് അല്ലാഹുവിന്റെ ചിഹ്നങ്ങള്‍. പ്രണയത്തിന് കണ്ണില്ല എന്നു പറയാറുണ്ട്. അല്ലാഹുവിന്റെ കല്‍പ്പനാനിരോധങ്ങളുടെ കണ്ണ് നല്‍കപ്പെട്ട പ്രണയപ്രകടനങ്ങളാണ് ഹജ്ജിലും അല്ലാഹുവിന്റെ മറ്റു ചിഹ്നങ്ങളിലും നമുക്ക് കാണാന്‍ കഴിയുക. ഹജ്ജും ഉംറയും  ലക്ഷ്യം വെച്ച് പുറപ്പെടുന്ന ഓരോ വിശ്വാസിയെയും അല്ലാഹുവിന്റെ ചിഹ്നങ്ങളില്‍ ഉള്‍പ്പെടുത്തിക്കൊണ്ട്, ഇത്തരം ആത്മീയ പദവികള്‍ സാധാരണ മനുഷ്യര്‍ക്ക് അപ്രാപ്യവും സവിശേഷ വിഭാഗത്തിനു മാത്രം പ്രാപ്യവുമായ ഒന്നാണെന്ന ബോധത്തെയും ഇസ്‌ലാം നിരാകരിക്കുന്നു.  ഏതോ ദിവ്യപുരുഷന്മാര്‍ ഈശ്വരീയ ചിഹ്നങ്ങളാവുകയും സാധാരണ മനുഷ്യന്‍ അവരിലൂടെ ദൈവത്തെ കണ്ടെത്തുകയും ചെയ്യുന്ന അപകടസാധ്യതയും ഇതിലൂടെ ഇസ്‌ലാം അടച്ചുകളയുന്നു. ഏതു മനുഷ്യനും ഈ പദവികളിലേക്കുയരാം. പവിത്ര ഭവനത്തെ ലക്ഷ്യം വെച്ച് പുറപ്പെടാം. അല്ലാഹുവിന്റെ സഹായിയും (അന്‍സ്വാര്‍) മിത്രവും (വലിയ്യ്) ആവാം. അതിനുള്ള അടിസ്ഥാന സാധ്യതകള്‍ ഓരോ മനുഷ്യനിലും ഉണ്ട്. ജനിച്ച നാടോ വംശമോ ലിംഗഭേദമോ ഒന്നും അതിനു മുന്നില്‍ തടസ്സങ്ങളല്ല. ജന്മം കൊണ്ട് എല്ലാ മനുഷ്യരും തുല്യരാണ്.  കര്‍മം കൊണ്ട് തുല്യരല്ല. ആത്മീയ പദവികളിലെ ഏറ്റവ്യത്യാസങ്ങള്‍ അവര്‍ക്കിടയിലുണ്ട്. എല്ലാ സ്ഥലവും ഒരുപോലെയല്ല. എല്ലാ സമയത്തിനും ഒരേ മൂല്യമല്ല. മനുഷ്യന്റെ ആത്മീയ ശേഷി(Potential) തുല്യമാണ്.  എന്നാല്‍ കര്‍മം കൊണ്ടും  അവര്‍ തത്തുല്യരല്ല. അല്ലാഹുവിന്റെ വെളിച്ചത്തെ കൂടുതല്‍ പ്രതിഫലിപ്പിക്കുന്ന  സ്ഥലങ്ങളും സമയങ്ങളും വസ്തുക്കളും വ്യക്തികളുമുണ്ട്. ഇതാണ് അല്ലാഹുവിന്റെ അടയാളങ്ങള്‍. ഇവയെ, ഇവരെ ആദരിക്കുക എന്നത് ദൈവസ്‌നേഹത്തിന്റെ ഭാഗമാണ്. 


 

 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-25 / അല്‍ ഫുര്‍ഖാന്‍ / 1
എ.വൈ.ആര്‍