സമഗ്രതയും സന്തുലിതത്വവും അന്യംനിന്നപ്പോള്‍
കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളില്‍ ചൈനയിലെ ഒരു കച്ചവടക്കാരന്റെ അനുഭവ വിവരണം വായിക്കാനിടയായി. അദ്ദേഹത്തിന്റെ അടുത്ത് കച്ചവടച്ചരക്ക് വാങ്ങാന്‍ വന്ന മുസ്‌ലിം സുഹൃത്ത് ചരക്കുകളില്‍ അന്താരാഷ്ട്ര നിലവാരമുള്ളതെന്ന് കാണിക്കുന്ന സ്റ്റിക്കര്‍ പതിച്ചുതരണമെന്ന് ആവശ്യപ്പെട്ടു. പിന്നീട് ഭക്ഷണം കഴിക്കാന്‍ റെസ്റ്റോറന്റിലേക്ക് പോയപ്പോള്‍ അതേയാള്‍ ഹലാല്‍ ഭക്ഷണം തന്നെ വേണമെന്ന് ശഠിച്ചു. വ്യാജ സ്റ്റിക്കര്‍ ഒട്ടിച്ച് ഗുണഭോക്താവിനെ ചതിക്കുന്നതില്‍ ഒട്ടും അലോസരമില്ലാത്ത മതവിശ്വാസി ആഹാര കാര്യത്തില്‍ 'ഹലാല്‍' നിര്‍ബന്ധം പുലര്‍ത്തുന്നതിലെ വൈരുധ്യം എടുത്തുകാണിക്കുകയായിരുന്നു ചൈനീസ് വ്യാപാരി.
എന്നാല്‍, നമുക്ക് ഇതിലൊട്ടും പുതുമയോ അത്ഭുതമോ തോന്നുകയില്ല. നിര്‍ബന്ധ നമസ്‌കാരം മാത്രമല്ല ഐഛിക നമസ്‌കാരങ്ങള്‍ കൂടി നിര്‍വഹിക്കുന്നതില്‍ നിഷ്‌കര്‍ഷ പുലര്‍ത്തുന്നവര്‍ അഴിമതി നടത്തുകയും കൈക്കൂലി വാങ്ങുകയും ചെയ്യുന്നത് നമ്മുടെ സമൂഹത്തില്‍ ഒട്ടും അപൂര്‍വമല്ല. നോമ്പുസമയത്ത് ഒരു തുള്ളി വെള്ളമോ ഒരു വറ്റോ വയറ്റിലെത്താതിരിക്കാന്‍ ജാഗ്രത പുലര്‍ത്തുന്നവര്‍ തട്ടിപ്പും വെട്ടിപ്പും നടത്താന്‍ ഒട്ടും വിമുഖത കാണിക്കാറില്ല. ആവര്‍ത്തിച്ചാവര്‍ത്തിച്ച് ഹജ്ജിനും ഉംറക്കും പോകാന്‍ ലക്ഷങ്ങള്‍ ചെലവഴിക്കുന്ന പലരും അയല്‍പക്കത്തെ അഗതികളുടെയും അനാഥരുടെയും പ്രാഥമികാവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ അല്‍പവും താല്‍പര്യം കാണിക്കാറില്ല.
നമ്മുടെ സമൂഹത്തില്‍ പലരും താടി നീട്ടുന്നതില്‍ പുലര്‍ത്തുന്ന കണിശത പോലും മാതാപിതാക്കളെ സംരക്ഷിക്കുന്നതില്‍ പാലിക്കാറില്ല. പാട്ടു കേള്‍ക്കുമ്പോഴേക്കും കാതില്‍ വിരല്‍ കുത്തിത്തിരുകുന്ന ചിലരെങ്കിലും മതപ്രഭാഷണ വേദികളിലെ പരിഹാസങ്ങളും കുത്തുവാക്കുകളും തെറികളും കേള്‍ക്കാന്‍ കാതോര്‍ത്തിരിക്കുകയും അവ ആസ്വദിക്കുകയും ചെയ്യുന്നു. കീര്‍ത്തനങ്ങളും പ്രാര്‍ഥനകളും ഉരുവിടുന്ന നാവുകൊണ്ടുതന്നെ മറ്റുള്ളവരുടെ വികാരം വ്രണപ്പെടുത്തുകയും അഭിമാനം ക്ഷതപ്പെടുത്തുകയും ചെയ്യുന്ന വാക്കുകള്‍ പറഞ്ഞുകൊണ്ടേയിരിക്കുന്നു. മതചിഹ്നങ്ങള്‍ മുറുകെപ്പിടിക്കുന്നതില്‍ ശാഠ്യമുള്ള പലരും മറ്റുള്ളവരുടെ അവകാശങ്ങള്‍ നിരന്തരം നിഷേധിക്കുകയോ കവര്‍ന്നെടുക്കുകയോ ചെയ്തുകൊണ്ടിരിക്കുന്നു. ഇത്തരം എത്ര വൈരുധ്യങ്ങള്‍ വേണമെങ്കിലും കണ്ടെത്താന്‍ തീരെ പ്രയാസപ്പെടേണ്ടിവരില്ല.
മതബോധനത്തിലെ താളപ്പിഴ
ഇസ്‌ലാമിന്റെ സമഗ്രതയും സന്തുലിതത്വവും മുന്‍ഗണനാക്രമവും മനസ്സിലാക്കുന്നതിലും ഉള്‍ക്കൊള്ളുന്നതിലും സംഭവിച്ച ഗുരുതരമായ വീഴ്ചയും പരമാബദ്ധവുമാണ് സമൂഹം ഇന്നനുഭവിക്കുന്ന കടുത്ത പ്രതിസന്ധികള്‍ക്കും കൊടിയ പ്രയാസങ്ങള്‍ക്കും വഴിയൊരുക്കിയത്. മദ്‌റസ മുതല്‍ ഉന്നത കലാലയങ്ങള്‍ വരെയുള്ള സ്ഥാപനങ്ങളില്‍ നാം നല്‍കുന്ന മതബോധനങ്ങളില്‍ ഐഛിക കാര്യങ്ങള്‍ക്ക് നല്‍കുന്ന പ്രാധാന്യത്തിന്റെ നേരിയ ഒരംശം പോലും പൊതു ജീവിതത്തില്‍ പാലിക്കേണ്ട മൂല്യങ്ങള്‍ക്കും പുലര്‍ത്തേണ്ട സ്വഭാവ മര്യാദകള്‍ക്കും പെരുമാറ്റ ക്രമങ്ങള്‍ക്കും നല്‍കാറില്ല. മതപ്രഭാഷണ വേദികളില്‍ കര്‍മശാസ്ത്ര പ്രശ്‌നങ്ങളിലെ വീക്ഷണ വ്യത്യാസങ്ങള്‍ വിശകലനം ചെയ്ത് വിവാദങ്ങളുണ്ടാക്കാന്‍ ചെലവഴിക്കുന്ന സമയത്തിന്റെയും സമ്പത്തിന്റെയും അധ്വാനത്തിന്റെയും ചെറിയ ശതമാനം പോലും സാമ്പത്തിക രംഗത്തെ അച്ചടക്കം പഠിപ്പിക്കാനും പരിശീലിപ്പിക്കാനും വിനിയോഗിക്കാറില്ല. മത സംഘടനകളുടെ സമ്മേളനങ്ങളില്‍ നടത്തപ്പെടുന്ന പ്രഭാഷണങ്ങളില്‍ ഇതര സംഘടനകളുടെ തെറ്റുകളും കുറ്റങ്ങളും വീഴ്ചകളും പോരായ്മകളും വിശദീകരിക്കുന്നതിന്റെ പാതി പോലും സ്വന്തം അനുയായികളുടെ കുടുംബ, സാമൂഹിക, സാമ്പത്തിക, സദാചാര, ധാര്‍മിക സംസ്‌കരണത്തിന് ഊന്നല്‍ നല്‍കാറില്ല.
ഇതെല്ലാം കാണുമ്പോള്‍ പലപ്പോഴും തോന്നാറുണ്ട്, മത സംഘടനാ നേതാക്കള്‍ക്കും പണ്ഡിതന്മാര്‍ക്കും സ്വന്തം അണികളുടെ പരലോക പരാജയത്തേക്കാള്‍ ബേജാറ് മറ്റു സംഘടനകളുടെ അനുയായികള്‍ പിഴച്ച് കുറ്റവാളികളാകുന്നതിലാണെന്ന്. സമൂഹജീവിതത്തിന്റെ സമസ്ത മേഖലകളും ജീര്‍ണതക്കടിപ്പെട്ട അറബ് നാടുകളിലൂടെ സഞ്ചരിക്കുന്നവര്‍ക്ക് അവിടത്തെ പള്ളികളിലെ കവാടങ്ങളില്‍ ആര്‍ക്കും എടുക്കാവുന്നവിധം സൗജന്യ വിതരണത്തിനു വെച്ച ലഘുലേഖ താടി വളര്‍ത്തലിന്റെ പ്രാധാന്യത്തെയും അനിവാര്യതയെയും സംബന്ധിച്ചാണെന്നതുതന്നെ മുന്‍ഗണനാക്രമത്തില്‍ സംഭവിച്ച വീഴ്ച എത്ര വലുതാണെന്ന് ബോധ്യപ്പെടുത്തുന്നു. വീക്ഷണ വ്യത്യാസങ്ങള്‍ക്ക് ഏറെ സാധ്യതയുള്ള ചിത്രങ്ങളും സംഗീതവും സ്ത്രീകള്‍ മുഖം മറക്കാതിരിക്കുന്നതും നിഷിദ്ധമാണെന്ന് സ്ഥാപിക്കാന്‍ ഇപ്പോള്‍ നമ്മുടെ നാട്ടില്‍ ഒരു വിഭാഗം നടത്തുന്ന ശ്രമങ്ങള്‍ സാമ്പത്തിക കുറ്റങ്ങള്‍ക്കെതിരെയുള്ള ബോധവത്കരണ യത്‌നങ്ങളേക്കാള്‍ എത്രയോ ഇരട്ടിയാണ്. ഇസ്‌ലാമിന്റെ സമഗ്രതയെ നിഷേധിക്കുകയും സന്തുലിതത്വത്തെ നിരാകരിക്കുകയും മുന്‍ഗണനാക്രമത്തെ അട്ടിമറിക്കുകയും ചെയ്തതിന്റെ നേര്‍സാക്ഷ്യമാണ് സമകാലീന മുസ്‌ലിം സമൂഹത്തില്‍ കാണപ്പെടുന്ന വ്യതിയാനങ്ങളും ആത്മീയ ഉന്മാദാവസ്ഥകളും.
നഷ്ടപ്പെട്ട മാനവിക മുഖം
ജീവിതത്തെ ഖുര്‍ആനിനനുസൃതമാക്കി മാറ്റുന്നതില്‍ സംഭവിച്ച വീഴ്ചയാണ് എല്ലാ വ്യതിയാനങ്ങള്‍ക്കും വഴിയൊരുക്കിയത്. ഖുര്‍ആന്‍ സമൂഹസമക്ഷം സമര്‍പ്പിക്കുന്നത് സമഗ്രവും സന്തുലിതവുമായ ജീവിത വ്യവസ്ഥയാണ്. അത് വിശ്വാസത്തെയും ജീവിതത്തെയും കൂട്ടിയിണക്കുന്നു. വാക്കുകളെയും കര്‍മങ്ങളെയും കോര്‍ത്തിണക്കുന്നു. വിപ്ലവത്തെയും വിമോചനത്തെയും പരസ്പരം ബന്ധിപ്പിക്കുന്നു. വിശ്വാസം, ജീവിത വീക്ഷണം, ആചാരം, ആരാധന, അനുഷ്ഠാനം, സ്വഭാവം, പെരുമാറ്റം, വികാരം, വിചാരം, സങ്കല്‍പം, വ്യക്തിജീവിതം, കുടുംബഘടന, സമൂഹ സംവിധാനം, സാമ്പത്തിക സമീപനം, രാഷ്ട്രീയ ക്രമം, ഭരണ നിര്‍വഹണം, സദാചാര നിര്‍ദേശങ്ങള്‍, ധാര്‍മിക തത്ത്വങ്ങള്‍, സാംസ്‌കാരിക വ്യവസ്ഥകള്‍ എല്ലാം എന്താകണമെന്നും എങ്ങനെയാകണമെന്നും വിശദീകരിക്കുന്നു. മനുഷ്യജീവിതവുമായി ബന്ധപ്പെട്ട എല്ലാ വശങ്ങളും അത് കൈകാര്യം ചെയ്യുന്നു. എല്ലാറ്റിലും മനുഷ്യനെ നേര്‍വഴിയില്‍ നയിക്കുന്നു. ജീവിതം എന്താണെന്നും എന്തിനാണെന്നും എങ്ങനെയാകണമെന്നും വിവരിക്കുന്നു. അങ്ങനെ ഇഹലോകത്തെ പരലോകവുമായി ബന്ധിപ്പിക്കുന്നു. ആത്മീയതയെയും ഭൗതികതയെയും സന്തുലിതമായി സമന്വയിപ്പിക്കുന്നു. ഖുര്‍ആനിലൂടെ ഒരാവൃത്തി സഞ്ചരിക്കുന്ന ആര്‍ക്കുമിത് ബോധ്യമാകും.
ഖുര്‍ആന്‍ ഏറ്റം രൂക്ഷമായി ആക്ഷേപിച്ചത് ആരെയാണ്? തൗറാത്തിനെ നിരാകരിച്ച അതിന്റെ അനുയായികളെ അത് ഗ്രന്ഥം ചുമക്കുന്ന കഴുതയോടുപമിച്ചിട്ടുണ്ട് (62:5). ഐഹികജീവിതത്തില്‍ ആസക്തി പുലര്‍ത്തി തന്നിഷ്ടം പിന്തുടരുന്നവരെ നായയോടും ഉദാഹരിച്ചിട്ടുണ്ട് (7:176). എന്നാല്‍, അതിനേക്കാളെല്ലാം കടുത്ത ഭാഷയില്‍ ശവംതീനികളെന്ന് കുറ്റപ്പെടുത്തിയത് പരദൂഷണം പറയുന്നവരെയാണ്. അതുള്‍പ്പെടെ സാമൂഹിക ജീവിതത്തെ കലുഷമാക്കുകയും വ്യക്തികളുടെ വികാരം വ്രണപ്പെടുത്തുകയും അഭിമാനം ക്ഷതപ്പെടുത്തുകയും ചെയ്യുന്ന എല്ലാ ദുഃസ്വഭാവങ്ങളെയും ഖുര്‍ആന്‍ കണിശമായി വിലക്കുന്നു: ''സത്യവിശ്വാസികളേ, ഒരു ജനത മറ്റൊരു ജനതയെ പരിഹസിക്കരുത്. പരിഹസിക്കപ്പെടുന്നവര്‍ പരിഹസിക്കുന്നവരേക്കാള്‍ നല്ലവരായേക്കാം. സ്ത്രീകള്‍ സ്ത്രീകളെയും പരിഹസിക്കരുത്. പരിഹസിക്കപ്പെടുന്നവര്‍ പരിഹസിക്കുന്നവരേക്കാള്‍ ഉത്തമകളായേക്കാം. നിങ്ങളന്യോന്യം കുത്തുവാക്ക് പറയരുത്. പരിഹാസപ്പേരുകളുപയോഗിച്ച് പരസ്പരം അപമാനിക്കരുത്. സത്യവിശ്വാസം സ്വീകരിച്ച ശേഷം അധര്‍മത്തിന്റെ പേരുപയോഗിക്കുന്നത് വളരെ നീചം തന്നെ. ആര്‍ പശ്ചാത്തപിക്കുന്നില്ലയോ അവര്‍ തന്നെയാണ് അക്രമികള്‍. വിശ്വസിച്ചവരേ, ഊഹങ്ങളേറെയും വര്‍ജിക്കുക. ഊഹങ്ങളില്‍ ചിലത് കുറ്റമാണ്. നിങ്ങള്‍ രഹസ്യം ചുഴിഞ്ഞന്വേഷിക്കരുത്. നിങ്ങളിലാരും മറ്റുള്ളവരെപ്പറ്റി പരദൂഷണം പറയരുത്. മരിച്ചുകിടക്കുന്ന സഹോദരന്റെ പച്ചയിറച്ചി തിന്നാന്‍ നിങ്ങളാരെങ്കിലും ഇഷ്ടപ്പെടുമോ? തീര്‍ച്ചയായും നിങ്ങളത് വെറുക്കുന്നു. നിങ്ങള്‍ ദൈവഭക്തരാവുക'' (49:11,12).
സാധാരണ സന്ദര്‍ഭങ്ങളില്‍ കല്‍പന നല്‍കുമ്പോള്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഒന്നിച്ചാണത് നല്‍കാറുള്ളതെങ്കില്‍ പരിഹാസത്തിന്റെ കാര്യത്തില്‍ സ്ത്രീകളെ പ്രത്യേകം പരാമര്‍ശിച്ചത് അതിന്റെ പ്രാധാന്യത്തെക്കുറിക്കുന്നു. അഞ്ചു നേരത്തെ നിര്‍ബന്ധ നമസ്‌കാരമുള്‍പ്പെടെയുള്ള ആരാധനകള്‍ നിര്‍ബന്ധമാക്കുന്നതിനു മുമ്പാണ് കുത്തുവാക്ക് പറയുന്നവന്നും മറ്റുള്ളവരെ അവഹേളിക്കുന്നവന്നും ഖുര്‍ആന്‍ കൊടിയ നാശം വിധിച്ചത് (104:1).
ഖുര്‍ആന്‍ കഠിനമായി പരിഹസിച്ചത് സമൂഹത്തിലെ സകല കുഴപ്പങ്ങള്‍ക്കും കാരണമായ അഹന്ത പ്രകടിപ്പിച്ച് നടക്കുന്നവരെയാണ്: ''നീ ഭൂമിയില്‍ അഹങ്കരിച്ചു നടക്കരുത്. ഭൂമിയെ പിളര്‍ക്കാനൊന്നും നിനക്കാവില്ല. പര്‍വതങ്ങളോളം പൊക്കം വെക്കാനും നിനക്ക് സാധ്യമല്ല; ഉറപ്പ്'' (17:37). നമസ്‌കാരത്തിലെ റുകൂഉം സുജൂദും വിശദീകരിച്ചിട്ടില്ലാത്ത ഖുര്‍ആന്‍ നാലിടങ്ങളില്‍ നടത്തം പഠിപ്പിക്കാനുള്ള കാരണം അഹങ്കാരത്തിന്റെ അംശലേശമില്ലാതെ വിനയത്തോടെ അത് നിര്‍വഹിക്കാനാണ് (31:18,19, 25:63,17:37). അനാഥയെ വിരട്ടിയാട്ടുന്നവനും അഗതിയുടെ അന്നം അവനു നല്‍കാന്‍ പ്രേരിപ്പിക്കാത്തവനും മതനിഷേധിയാണെന്ന് ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നു (107:1-3).
സമയനിര്‍ണിത നമസ്‌കാരമുള്‍പ്പെടെയുള്ള ആരാധനകള്‍ നിര്‍ബന്ധമാക്കപ്പെടുന്നതിനു മുമ്പാണ് ഖുര്‍ആന്‍ അനാഥയുടെയും അഗതിയുടെയും അടിയാളന്റെയും പ്രശ്‌നത്തിലിടപെട്ടത് (93:10,11, 89:17,18, 90:12-16). നരക പ്രവേശത്തിന് കാരണമാകുന്ന കുറ്റകൃത്യങ്ങളെ രണ്ടായി സംഗ്രഹിച്ചാല്‍ അതിലൊന്ന് അഗതിക്കുള്ള അന്നദാനമാണെന്ന വസ്തുത ഏറെ ശ്രദ്ധേയമത്രെ (69:2537, 74:3847). യഥാര്‍ഥ ഭക്തന്മാര്‍ ബന്ധുക്കള്‍ക്കും അനാഥകള്‍ക്കും അഗതികള്‍ക്കും വഴിയാത്രക്കാര്‍ക്കും ചോദിച്ചുവരുന്നവര്‍ക്കും അടിയാള മോചനത്തിനുമെല്ലാം ധനം ചെലവഴിക്കുന്നവര്‍ കൂടിയാണെന്ന് ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നു. അതുകൂടി ഉള്‍ക്കൊള്ളുന്നതാണ് നന്മയെന്നും (2:177). ദൈവപ്രീതി, പ്രതീക്ഷിക്കുന്നവര്‍ക്കുള്ള വിശിഷ്ട വഴിയും അതുതന്നെ (30:38). അല്ലാഹുവിനു മാത്രം ഇബാദത്ത് ചെയ്ത് ജീവിക്കണമെന്ന കല്‍പനയോട് ചേര്‍ത്താണ് ഖുര്‍ആന്‍ മാതാപിതാക്കളോട് നല്ല നിലയില്‍ വര്‍ത്തിക്കണമെന്ന് കല്‍പിച്ചത് (17:23). തുടര്‍ന്ന് മാതാപിതാക്കളോടുള്ള ബന്ധത്തെ സംബന്ധിച്ചാണ് വിശദീകരിക്കുന്നത് (17:23,24). അല്ലാഹുവിനോട് നന്ദി കാണിക്കാന്‍ കല്‍പിച്ചതിനോട് ചേര്‍ത്ത് മാതാപിതാക്കളോടുള്ള നന്ദിയും ഖുര്‍ആന്‍ അനുശാസിക്കുന്നു (31:14). അവര്‍ ബഹുദൈവാരാധനക്ക് നിര്‍ബന്ധിച്ചാല്‍ പോലും ഐഹിക ജീവിതത്തില്‍ അവരോട് നല്ല നിലയില്‍ വര്‍ത്തിക്കണമെന്ന് ഖുര്‍ആന്‍ ആവശ്യപ്പെടുന്നു (31:15).
ഇസ്‌ലാമിലെ അതിപ്രധാന ആരാധനാകര്‍മമായ നമസ്‌കാരത്തിലെ ഏറ്റം ശ്രേഷ്ഠ അനുഷ്ഠാനമായ സുജൂദിലെ പ്രാര്‍ഥനയില്ലാത്ത ഖുര്‍ആനില്‍ മാതാപിതാക്കള്‍ക്ക് വേണ്ടിയുള്ള പ്രാര്‍ഥനയുണ്ട് (17:24). അപ്രകാരം തന്നെ കുടുംബത്തിനു വേണ്ടിയുള്ള പ്രാര്‍ഥനയുമുണ്ട് (25:74). അടുത്ത ബന്ധുക്കള്‍, അയല്‍ക്കാര്‍ തുടങ്ങിയവരോടുള്ള സമീപനം എങ്ങനെയായിരിക്കണമെന്നും ഖുര്‍ആന്‍ വിശദീകരിക്കുന്നു. ഇങ്ങനെ കുടുംബ, സമൂഹ ജീവിതവുമായി ബന്ധപ്പെട്ട സകലതും അത് കൈകാര്യം ചെയ്യുന്നു.
സമയനിര്‍ണിതമായ നമസ്‌കാരമുള്‍പ്പെടെയുള്ള ആരാധനാ കര്‍മങ്ങള്‍ നിര്‍ബന്ധമാക്കുന്നതിനു മുമ്പുതന്നെ ഖുര്‍ആന്‍ സാമ്പത്തിക കുറ്റകൃത്യങ്ങളെ ശക്തമായി വിലക്കുന്നു. അതും ഏതാനും ലിറ്ററുകളിലോ കിലോകളിലോ ഉണ്ടാകുന്ന ഏറ്റക്കുറവിന്റെ പേരില്‍ (83:1-3). ലക്ഷങ്ങളുടെയോ കോടികളുടെയോ സാമ്പത്തിക കുറ്റങ്ങളെയല്ല ഖുര്‍ആന്‍ കൈകാര്യം ചെയ്തത്. ഇന്നത്തെ കാലത്ത് പരിഗണിക്കപ്പെടുക പോലും ചെയ്യാത്ത, കുറ്റമായിപ്പോലും കണക്കാക്കാത്ത അത്ര നിസ്സാരമായതിനാണ് ഖുര്‍ആന്‍ കഠിന ശിക്ഷ വിധിച്ചത്. ഇവ്വിധം തന്നെയുള്ള സാമ്പത്തിക തെറ്റുകള്‍ക്കെതിരെയാണ് അല്ലാഹു ശുഐബ് നബിയെ നിയോഗിച്ചതെന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നു. ഖുര്‍ആനിലെ ഏറ്റം വലിയ സൂക്തം പോലും സാമ്പത്തിക ഇടപാടുകളെ സംബന്ധിച്ചാണ്.
ഇത്രയും സമഗ്രവും സന്തുലിതവുമായ ഒരു ജീവിത വ്യവസ്ഥയെയാണ് പലരും ആരാധനാനുഷ്ഠാനങ്ങളില്‍ പരിമിതപ്പെടുത്തുന്നത്, കേവലമായ കീര്‍ത്തനങ്ങളിലും പ്രാര്‍ഥനകളിലും തളച്ചിടുന്നത്, ഏതാനും ചിഹ്നങ്ങളിലും ബാഹ്യമായ ചടങ്ങുകളിലും ചര്യകളിലും ചുരുട്ടിക്കൂട്ടുന്നത്. ഇസ്‌ലാമിന്റെ പ്രതിഛായ ഏറെ മോശമാകാനും അതിനെ സംബന്ധിച്ച വളരെ വികലമായ ധാരണകള്‍ വളരാനും കാരണം ഇസ്‌ലാമിന്റെ സന്തുലിതത്വവും സമഗ്രതയും നിരാകരിച്ചതും മുന്‍ഗണനാ ക്രമത്തെ അവഗണിച്ചതുമത്രെ.
Comments