Prabodhanm Weekly

Pages

Search

2016 സെപ്റ്റംബര്‍ 23

2968

1437 ദുല്‍ഹജ്ജ് 21

കെ.വി അബ്ദുര്‍റഹ്മാന്‍ മൗലവി

സല്‍വ ഹനീഫ, കരിപ്പൂര്‍

1930-ല്‍ കോഴിക്കോട് ജില്ലയിലെ ചെറുവാടി കൈതോട്ടില്‍ വേണായ്‌ക്കോട് ബീരാന്‍കുട്ടി-ഖദീജ ദമ്പതികളുടെ മകനായി ജനിച്ച കെ.വി അബ്ദുര്‍റഹ്മാന്‍ മൗലവി ജമാഅത്തെ ഇസ്‌ലാമിയുടെ ആദ്യകാല പ്രവര്‍ത്തകരില്‍ ഒരാളും പ്രസ്ഥാനരംഗത്ത് കണിശത പുലര്‍ത്തിയ വ്യക്തിയുമായിരുന്നു. ജമാഅത്തില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതിന്റെ പേരില്‍ നാട്ടില്‍നിന്ന് ബഹിഷ്‌കൃതനാവുകയും ത്യാഗങ്ങള്‍ അനുഭവിക്കേണ്ടിവരികയും ചെയ്തു.  

പ്രസ്ഥാന കാര്യത്തില്‍ മുഖംനോക്കാതെ സംസാരിക്കും. ദഅ്‌വാ രംഗത്തെ പ്രവര്‍ത്തനങ്ങള്‍ കാരണം വലിയ സുഹൃദ വലയമുണ്ടായിരുന്നു. എപ്പോള്‍ കണ്ടുമുട്ടിയാലും അല്ലാഹുവിനെ കുറിച്ചും പ്രസ്ഥാനത്തെ കുറിച്ചും സംസാരിക്കും. താന്‍ യാത്ര ചെയ്ത എല്ലായിടത്തും പ്രസ്ഥാനത്തിന്റെ വിത്ത് പാകിയാണ് അദ്ദേഹം കടന്നുപോയത്. ധാരാളം പേരെ പ്രസ്ഥാനത്തിലേക്ക് കൈപിടിച്ചുകൊണ്ടുവരാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. അവിടങ്ങളിലെല്ലാം പ്രബോധനം വാരിക സ്വന്തമായി വിതരണം ചെയ്തു. ഖുര്‍ആന്‍ അദ്ദേഹത്തിന് ഒരു ഹരമായിരുന്നു. 

യാത്രയുടെ അവസാനത്തില്‍ മൗലവി എത്തിപ്പെട്ടത് കൊണ്ടോട്ടിക്കടുത്ത പുളിക്കലായിരുന്നു. അവിടെ പ്രസ്ഥാനത്തിന്റെ കീഴില്‍ ഒരു പള്ളി അദ്ദേഹത്തിന്റെ സ്വപ്‌നമായിരുന്നു. അതിനായി പല സ്ഥലത്തും ഓടിനടന്നു. രാവും പകലും പരിശ്രമിച്ചു. ആ സ്വപ്‌നം അല്ലാഹു നിറവേറ്റിക്കൊടുത്തു. രോഗബാധിതനാകുന്നതുവരെ നമസ്‌കാരം പള്ളിയില്‍വെച്ചായിരുന്നു. 

കുടുംബജീവിതത്തിലും പ്രസ്ഥാനത്തെ വിജയിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. പത്തു മക്കളും മരുമക്കളും പ്രസ്ഥാനത്തില്‍ ഉറച്ചുനില്‍ക്കാന്‍ കാരണം അദ്ദേഹത്തിന്റെ പ്രത്യേക ശ്രദ്ധയായിരുന്നു. താന്‍ സത്യമെന്ന് മനസ്സിലാക്കിയ കാര്യം തുറന്നുപറയുന്നതില്‍ ആരെയും ഭയപ്പെട്ടിരുന്നില്ല. 

 

വി.കെ അഹ്മദ് കുട്ടി

 

ഫറോക്ക് കോടമ്പുഴ പ്രദേശത്തെ വിദ്യാഭ്യാസ സാംസ്‌കാരിക മേഖലകളില്‍ സജീവസാന്നിധ്യമായിരുന്നു വി.കെ അഹ്മദ് കുട്ടി സാഹിബ്. ആദ്യകാല ജമാഅത്തെ ഇസ്‌ലാമി പ്രവര്‍ത്തകനായിരുന്നു അദ്ദേഹം. പരന്ന വായന ശീലമാക്കിയ അദ്ദേഹത്തിന്റെ അലമാറകളില്‍ അമൂല്യമായ ഇസ്‌ലാമിക പ്രസിദ്ധീകരണങ്ങളുടെ വലിയൊരു ശേഖരം തന്നെയുണ്ട്. പ്രബോധനത്തിന്റെ ഏറ്റവും പഴയ ലക്കങ്ങള്‍ വര്‍ഷങ്ങള്‍ തിരിച്ച് ബൈന്റ് ചെയ്ത് സൂക്ഷിച്ചിരുന്നു. പിന്നീട് അവയെല്ലാം ഇര്‍ശാദിയ കോളേജ് ലൈബ്രറിക്ക് നല്‍കുകയുണ്ടായി. മരിക്കുന്നതിന്റെ ദിവസങ്ങള്‍ക്കു മുമ്പുവരെ ഐ.പി.എച്ച് ഇറക്കിയ പുതിയ പുസ്തകങ്ങള്‍ അദ്ദേഹം സ്വന്തമാക്കിയിരുന്നു. 

1950-ല്‍ കോടമ്പുഴയില്‍ എന്‍.പി അഹ്മദ് കുട്ടി മെമ്മോറിയല്‍ ലൈബ്രറി ആന്റ് റീഡിംഗ് റൂം സ്ഥാപിക്കുന്നതിലും 1960-ല്‍ ഫറോക്ക് പേട്ടയില്‍ ഇസ്‌ലാമിക് ലൈബ്രറി ആന്റ് റീഡിംഗ് റൂം സ്ഥാപിക്കുന്നതിലും അദ്ദേഹം നേതൃത്വം വഹിച്ചു. കുളങ്ങരപ്പാടത്ത് ഐഡിയല്‍ ബ്രദര്‍ഹുഡ് എന്ന പൊതുവേദിക്ക് രൂപം നല്‍കുന്നതില്‍ മുന്‍നിരയിലുണ്ടായിരുന്ന അദ്ദേഹം അതിന്റെ ലൈബ്രേറിയനായി ഏറെക്കാലം സേവനം ചെയ്തു. ഇര്‍ശാദിയ സ്ഥാപനങ്ങളുടെ മേല്‍കമ്മിറ്റിയായ ഇസ്‌ലാമിക് എജുക്കേഷനല്‍ മൂവ്‌മെന്റിന്റെ പ്രഥമ സെക്രട്ടറിയായ അദ്ദേഹം കുളങ്ങരപ്പാടം നുസ്‌റത്തുല്‍ ഇസ്‌ലാം മദ്‌റസയുടെ സെക്രട്ടറി, ഫറോക്ക് പേട്ട തഅ്‌ലീമുല്‍ ഇസ്‌ലാം സെക്കന്ററി സെന്ററിന്റെ സ്ഥാപകാംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ജമാഅത്ത് സമ്മേളനങ്ങളുടെ പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്ക് ബോര്‍ഡുകള്‍, ബാനറുകള്‍, ഗേറ്റുകള്‍ എന്നിവ തയാറാക്കുന്നതില്‍ പുതിയ രീതി കണ്ടെത്തിയ അഹ്മദ് കുട്ടി സാഹിബ് കലാകാരന്‍ കൂടിയായിരുന്നു. 

ജില്ലാ മജിസ്‌ട്രേറ്റ് കോടതിയില്‍ സൂപ്രണ്ടായി വിരമിച്ച അദ്ദേഹം സഹപ്രവര്‍ത്തകര്‍ക്ക് പ്രിയപ്പെട്ടവനായിരുന്നു. കൂടുതല്‍ ജോലി വരുന്ന സമയത്ത് ഡ്യൂട്ടി സമയം കഴിഞ്ഞ് രാത്രി വരെ ഓഫീസിലിരുന്ന് പണിയെടുത്ത് മാതൃക കാണിച്ചു. ആള്‍ കേരള ഹോമിയോപ്പതിക് അസോസിയേഷന്റെ അംഗമായിരുന്ന അദ്ദേഹം പ്രദേശത്തെ പാവപ്പെട്ട രോഗികള്‍ക്ക് ആശ്വാസമായിരുന്നു. ഭാര്യ മറിയംബിയും ഒന്‍പത് മക്കളും പ്രസ്ഥാനപ്രവര്‍ത്തനങ്ങളില്‍ സജീവരാണ്.    

 

അബ്ദുല്‍ അസീസ് നിലാവ്

 

സൈനബ ടീച്ചര്‍ 

 

ആലത്തൂര്‍ ഏരിയയിലെ വെങ്ങന്നൂര്‍ വനിതാ ഹല്‍ഖാംഗവും ഓര്‍ഗനൈസറുമായിരുന്നു സൈനബ ടീച്ചര്‍. പഠനാര്‍ഹമായ അവരുടെ ക്ലാസുകള്‍ ഒരുപാട് പേരെ പ്രസ്ഥാനത്തിലേക്ക് ആകര്‍ഷിച്ചു. പ്രാരാബ്ധങ്ങളൊന്നും പ്രസ്ഥാന പ്രവര്‍ത്തനത്തിന് തടസ്സമായില്ല. ആലത്തൂര്‍ അല്‍മനാര്‍ മദ്‌റസയിലും വെങ്ങന്നൂര്‍ ഖിദ്മത്തുല്‍ ഇസ്‌ലാം മദ്‌റസയിലും സേവനമനുഷ്ഠിച്ച ടീച്ചര്‍ക്ക് വലിയൊരു ശിഷ്യഗണമുണ്ട്. ഭര്‍ത്താവ് പരേതനായ ഹസനിക്കയുടെ പൂര്‍ണമായ സഹകരണവും സഹായവുമാണ് സൈനബ ടീച്ചറെ പ്രസ്ഥാന പ്രവര്‍ത്തനങ്ങളില്‍ സജീവമാക്കിയത്. 

 

ജമീല യൂസുഫ് വെങ്ങന്നൂര്‍

 

കെ.എം ജമാല്‍ മുഹമ്മദ്

 

 

അനുപമമായ വ്യക്തിത്വത്തിനും ഇഛാശക്തിക്കും ഉടമയായിരുന്നു മലപ്പുറം പെരിമ്പലം സ്വദേശി കെ.എം ജമാല്‍ മുഹമ്മദ്. പ്രദേശത്തെ പ്രസ്ഥാനപ്രവര്‍ത്തനങ്ങളുടെ നെടുംതൂണായിരുന്നു അദ്ദേഹം. വാഹനാപകടത്തില്‍ സംഭവിച്ച അദ്ദേഹത്തിന്റെ വിേയാഗം വലിയ ആഘാതമായിരുന്നു.

നിരവധി പ്രതികൂല സാഹചര്യങ്ങള്‍ക്കിടയിലും പ്രസ്ഥാനത്തിന് അഭിമാനിക്കാവുന്ന രണ്ട് പള്ളികള്‍ പെരിമ്പലത്ത് സ്ഥാപിക്കപ്പെട്ടത് ജമാല്‍ സാഹിബിന്റെ ഇഛാശക്തി കൊണ്ടാണ്. പെരിമ്പലത്തെ ഇസ്‌ലാമിക പ്രവര്‍ത്തനങ്ങളുടെ ആസ്ഥാനമായ ഇസ്‌ലാമിക് സെന്ററും അതോടനുബന്ധിച്ച് ഉയര്‍ന്നു. പെരിമ്പലം അല്‍ഹുദ ഇസ്‌ലാമിക് ട്രസ്റ്റിന്റെ ചെയര്‍മാന്‍ സ്ഥാനം വഹിച്ചുണ്ട്.

ചെറുപ്പം മുതലേ ബിസിനസ് രംഗത്തായിരുന്ന അദ്ദേഹം, ഇടക്ക് ഗള്‍ഫിലും ജോലിനോക്കി. വ്യക്തി ജീവിതത്തിലെ സൗമ്യതയും സത്യസന്ധതയും അദ്ദേഹത്തെ പൊതുസമ്മതനാക്കി. മഞ്ചേരി കെ.പി.എം ഹോള്‍സെയ്ല്‍ ഏജന്‍സി, മലബാര്‍ ഹോള്‍സെയ്‌ലേഴ്‌സ് എന്നീ റേഷന്‍ ഹോള്‍സെയ്ല്‍ ഡിപ്പോകളുടെ മാനേജറായിരുന്ന അദ്ദേഹം ഔദ്യോഗിക ജീവിതത്തില്‍ കറപുരളാത്ത വ്യക്തിത്വമായിരുന്നുവെന്നത് ആ രംഗത്തെ ഉന്നത ഉദ്യോഗസ്ഥര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. 

കുട്ടികളോടും മുതിര്‍ന്നവരോടും ഒരുപോലെ നര്‍മശൈലിയില്‍ ഇടപഴകി. പ്രസ്ഥാനത്തെ വിമര്‍ശിക്കുന്നവര്‍ക്ക് സൗമ്യതയോടെ മറുപടി നല്‍കി. മത-രാഷ്ട്രീയ-സംഘടനാ വ്യത്യാസമന്യേ ഏവരുടെയും മതിപ്പും ബഹുമാനവും നേടാന്‍ സാധിച്ചു. ഉദാരമതിയായിരുന്നു. കടമായും സംഭാവനയായും നിരവധി പേര്‍ അദ്ദേഹത്തില്‍നിന്ന് സഹായം സ്വീകരിച്ചിരുന്നു. എന്നാല്‍, സഹായം ഏറ്റുവാങ്ങിയവര്‍ക്കും ജമാല്‍ സാഹിബിനും പുറമെ മൂന്നാമതൊരാള്‍ അക്കാര്യം അറിഞ്ഞതേയില്ല. ഭാര്യയും രണ്ട് ആണ്‍മക്കളും മൂന്ന് പെണ്‍കുട്ടികളും അടങ്ങുന്ന കുടുംബത്തെ തികഞ്ഞ ഇസ്‌ലാമിക ചിട്ടയിലും പ്രസ്ഥാന ചുറ്റുപാടിലും അദ്ദേഹം വളര്‍ത്തി. 

 

കെ.എം.എ സലാം പെരിമ്പലം 

 

എം.കെ ഹുസൈന്‍

 

തിരൂരങ്ങാടി കരുമ്പില്‍ പ്രദേശത്ത് ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ സജീവ സഹചാരിയും അനുഭാവിയുമായിരുന്നു എം.കെ ഹുസൈന്‍ സാഹിബ്. ചെറുപ്പം മുതലേ ഇസ്‌ലാമിക പ്രസ്ഥാനത്തോടൊപ്പം സഞ്ചരിക്കാന്‍ അദ്ദേഹത്തിന് ഭാഗ്യം സിദ്ധിച്ചു. പ്രദേശത്തെ ആദ്യകാല ജമാഅത്ത് പ്രവര്‍ത്തകനായ എം.കെ അബ്ദുര്‍റഹ്മാന്‍ സാഹിബ് അദ്ദേഹത്തിന്റെ മൂത്ത സഹോദരനായിരുന്നു. 

ദീര്‍ഘകാലം സുഊദി അറേബ്യയിലെ അല്‍ ഹസയില്‍ പ്രവാസിയായിരുന്നു. ആറു വര്‍ഷത്തോളമായി നാട്ടില്‍ വന്നതിനു ശേഷം പ്രസ്ഥാനത്തിന്റെ എല്ലാ രംഗങ്ങളിലും സജീവ സാന്നിധ്യമായിരുന്നു. കക്ഷി ജാതി മതഭേദമന്യേ എല്ലാവരോടും നല്ല ബന്ധമുണ്ടായിരുന്നു. മക്കളും മരുമക്കളും സഹോദരങ്ങളും ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകരും അനുഭാവികളുമാണ്. 

 

ടി. നാസര്‍ ചുള്ളിപ്പാറ

 

ഡോ. കെ.പി.ഒ സുലൈമാന്‍

 

ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ ഗുണകാംക്ഷികളിലൊരാളായിരുന്നു ഡോ. കെ.പി.ഒ സുലൈമാന്‍; ജമാഅത്തെ ഇസ്‌ലാമി ശൂറാംഗമായിരുന്ന തിരൂരിലെ കെ.പി.ഒ മൊയ്തീന്‍കുട്ടി ഹാജിയുടെ അനുജന്‍. കോഴിക്കോട് മെഡിക്കല്‍ കോളജില്‍നിന്ന് എം.ബി.

ബി.എസ് പാസ്സായശേഷം പറവണ്ണ എം.ഇ.എസ് ആശുപത്രിയിലായിരുന്നു പ്രാക്ടീസ്. ജമാഅത്ത്  അംഗങ്ങളായിരുന്ന ടി.കെ അഹമ്മദ് ഹാജി, മുത്ത്വലിബ് സാഹിബ് എന്നിവരുമായുള്ള ബന്ധം വഴി 1965-ല്‍ അദ്ദേഹം തിരൂരില്‍നിന്ന് പയ്യന്നൂരിലേക്ക് കുടുംബസമേതം മാറിത്താമസിക്കുകയായിരുന്നു. ഇവിടെ പ്രസ്ഥാനവുമായി അടുത്ത ബന്ധം പുലര്‍ത്തുകയും സാമ്പത്തിക സഹായവും ഉപദേശ നിര്‍ദേശങ്ങളും നല്‍കുകയും ചെയ്തു. പയ്യന്നൂര്‍ മസ്ജിദുര്‍റഹ്മയിലെ ഖുര്‍ആന്‍ ക്ലാസിലെ സമര്‍ഥനായ വിദ്യാര്‍ഥി അദ്ദേഹമായിരുന്നു. ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ പയ്യന്നൂരിലെ സിരാകേന്ദ്രമായ പള്ളി സ്ഥാപിക്കുന്നതില്‍ അദ്ദേഹം നേതൃപരമായ പങ്കുവഹിച്ചു. പയ്യന്നൂരിലെ റെയില്‍വേ ഗേറ്റ് മസ്ജിദ് ജുമുഅത്ത് പള്ളിയാക്കുന്നതിനും മുന്നിട്ടിറങ്ങി. 1980-ല്‍ പയ്യന്നൂരില്‍ ആദ്യത്തെ സി.ബി.എസ്.ഇ സ്‌കൂള്‍ (ഐ.എസ്.ടി സ്‌കൂള്‍) സ്ഥാപിച്ചതും അദ്ദേഹമായിരുന്നു. അസുഖം വന്നാല്‍ ഉറുക്കും മന്ത്രവാദവുമായി നടന്നവരുടെ ഇടയിലേക്കാണ് ഡോക്ടര്‍ സ്‌റ്റെതസ്‌കോപ്പുമായി വന്നത്. നര്‍മം കലര്‍ന്ന സംഭാഷണങ്ങളിലൂടെ ഏത് സദസ്സിനെയും കൈയിലെടുക്കാന്‍ അദ്ദേഹത്തിനു കഴിയുമായിരുന്നു. അസാധാരണമായ മനുഷ്യസ്‌നേഹം സൂക്ഷിച്ചിരുന്ന ഡോക്ടര്‍ ജാതിമതഭേദമന്യേ പാവങ്ങളെ സഹായിക്കുന്നതില്‍ ഉദാരനായിരുന്നു. എല്ലാ മതസംഘടനകളുമായും അടുത്ത ബന്ധമാണുണ്ടായിരുന്നത്. വിശുദ്ധ ഖുര്‍ആനും ജമാഅത്തെ ഇസ്‌ലാമിയും തന്റെയും കുടുംബത്തിന്റെയും ജീവിതത്തില്‍ ആരോഗ്യകരമായ മാറ്റങ്ങള്‍ വരുത്തിയതായി തുറന്നുപറയുമായിരുന്നു. ജമാഅത്തിന്റെ പരിപാടികളില്‍ സജീവമായി  പങ്കെടുത്തു. ഡോക്ടര്‍ എന്ന നിലയിലും മാതൃകാപരമായിരുന്നു  പ്രവര്‍ത്തനങ്ങള്‍. ഏതു പാതിരാവിലും ചികിത്സക്കായി മുട്ടിവിൡക്കാന്‍ മാത്രം നാട്ടുകാരുമായി അദ്ദേഹം അടുത്തിരുന്നു. സിജി, ഫ്രൈഡേ ക്ലബ് എന്നിവ സ്ഥാപിക്കുന്നതിനും മുന്നില്‍നിന്നു. സ്വദേശമായ പറവണ്ണ ജനത ബസാറില്‍ ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ പള്ളി പണിയാന്‍ സ്ഥലം വഖ്ഫ് ചെയ്തതും അദ്ദേഹമായിരുന്നു.  

 

അബൂ ഇന്‍സാഫ് തിരൂര്‍

 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-25 / അല്‍ ഫുര്‍ഖാന്‍ / 1
എ.വൈ.ആര്‍