Prabodhanm Weekly

Pages

Search

2016 സെപ്റ്റംബര്‍ 23

2968

1437 ദുല്‍ഹജ്ജ് 21

'ഇമ്മ'

റസാഖ് പള്ളിക്കര

വാക്കുകളിലും എഴുത്തുകളിലും തീപ്പൊരി ചിന്തകള്‍ വിതറുന്ന ഇടതുപക്ഷ ചിന്തകനും ദാര്‍ശനികനുമായ കെ.ഇ.എന്‍, അദ്ദേഹത്തിന്റെ കുട്ടിക്കാല ഓര്‍മകള്‍ പങ്കിടുമ്പോള്‍ നിറഞ്ഞുനില്‍ക്കുന്നത് അദ്ദേഹം 'ഇമ്മാ' എന്നു വിളിക്കുന്ന സ്വന്തം മാതാവ് തന്നെയാണ്. ആ ഓര്‍മകള്‍ക്ക് നല്‍കിയ തലവാചകംതന്നെ 'എന്റെ ഇമ്മ പച്ചകള്‍' എന്നാണ്. 

''ഇമ്മ പറയുന്നു, കുട്ടിക്കാലത്ത് വെറുമൊരു 'പേടിക്കൊടല'നായിരുന്നുവത്രെ. ആ പേടി മാറാന്‍ എത്ര പ്രാവശ്യമാണ് ഇമ്മാ ഇമ്മാ എന്ന് ആവര്‍ത്തിച്ച് വിളിച്ചിട്ടുണ്ടാവുക. അപ്പോള്‍ ഇമ്മ പറയും, 'ലേലം വിളിക്കണ്ട' ഞാനസര്‍ന്നൊന്നും പോയിട്ടില്ല. 

കാലില്‍ മുള്ള് കുത്തുമ്പോഴും പലഹാരം കാക്ക കൊത്തുമ്പോഴും ചെവിട്ട് കുത്ത് വരുമ്പോഴും ഉറക്കെയുറക്കെ ഇമ്മാ...ഇമ്മാ... ''

അലിഫ്, ബാ, താ എന്നൊക്കെ ചൊല്ലി പഠിക്കുന്നതിനും എത്രയോ മുമ്പ് ചൈത്താനും ജിന്നും റൂഹാനികളും മനസ്സില്‍ കൂടുകൂട്ടിയിരുന്നു. ചെനപ്പാറക്കുന്നിലെ പല്ലില്‍ തൊപ്പയുള്ള ആ ചൈത്താന്‍ എന്നുമൊരു പേടിസ്വപ്‌നമായിരുന്നുവത്രെ! രാത്രിയാണ് പേടി കൂടുതല്‍. ആ നേരത്താണ് പുതപ്പ് മാറ്റി ഓടി ഇമ്മയുടെ അരികിലേക്ക് ചെല്ലുക. ഇമ്മ അപ്പോഴും നല്ല ഉറക്കിലായിരിക്കും. എന്റെ വിളി അസഹ്യമാവുമ്പോള്‍ ഇമ്മ കോപിക്കും, 'ഓന്റെ ഒടുക്കത്തൊരു കുമ്മ!''

എന്നിട്ടും ഞാന്‍ പോയില്ലെങ്കില്‍ ഇമ്മ എന്റെ തലയിലും മുഖത്തും എന്തോ മന്ത്രിച്ചൂതും. പിന്നീട് സുഖമായി ഉറക്കം വരും. പക്ഷേ അതും അധിക കാലം നീണ്ടുനില്‍ക്കില്ല. മന്ത്രത്തിന്റെ ശക്തി കുറഞ്ഞാല്‍ വീണ്ടും റൂഹാനി! അപ്പോള്‍ ഇമ്മ പറയും, 'നീ കിള്ളക്കുട്ടിയൊന്നുമല്ല, വല്യ ആളായി പഠിച്ച് മാഷാവണം.'' ഞാന്‍ ആരാവണമെന്ന് എന്നോട് ആദ്യമായി പറഞ്ഞത്, ജീവിതത്തില്‍ ഒരു പുസ്തകത്തിന്റെ താള് പോലും കൈകൊണ്ട് തൊട്ടിട്ടില്ലാത്ത എന്റെ ഇമ്മയായിരുന്നു, എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍. 

സൂക്കേട് വരുമ്പോഴും ആദ്യ ചികിത്സ നല്‍കുക ഇമ്മ തന്നെയായിരിക്കും. കൊതി പോവാനും കണ്ണ് തട്ടാതിരിക്കാനും കൈവിഷം തീണ്ടാതിരിക്കാനും, ഉപ്പും മുളകും കടുകും തലക്ക് മൂന്ന് പ്രാവശ്യം ചുഴറ്റി എത്രയോ തവണ ഇമ്മ അടുപ്പിലേക്കെറിഞ്ഞിട്ടുണ്ട്. 

എന്നിട്ടും തീരാത്ത പേടി മാറ്റാന്‍ കൊളശ്ശേരി തങ്ങളുപ്പാപ്പയുടെ ഉറുക്ക്. എന്നിട്ടും ജിന്ന് പിണങ്ങിത്തന്നെ. പോകുന്ന കോളില്ല. അതില്‍പിന്നെ ചാത്തന്‍ പാണന്റെ ചരട്! ചെകുത്താന്മാരിലും വര്‍ഗീയമോ-മുസ്‌ലിം ജിന്നും കാഫര്‍ ജിന്നും! കെട്ടിയ ചരട് കാണാതിരിക്കാന്‍ മുഴുവന്‍ സമയം ഷര്‍ട്ട് പിന്നീട് അഴിക്കാതെയായി. 

എട്ടില്‍നിന്നും ഒമ്പതിലെത്തുമ്പോഴേക്കും ചൈത്താനും ജിന്നുമൊക്കെ ഏതാണ്ട് എന്നോട് വിടപറഞ്ഞിരുന്നു. അന്ന് ഞാന്‍ ഇമ്മയോട് ധൈര്യമായി പറഞ്ഞു: 'ഇമ്മാ, ഇതൊക്കെ ശുദ്ധ തട്ടിപ്പാണ്.'' 

ഇതുകേട്ടുനിന്ന ഇമ്മ എന്നെ എത്ര നേരമങ്ങനെ നോക്കിനിന്നതെന്നറിയില്ല. അപ്പോള്‍ ആ മനസ്സില്‍ എന്തൊക്കെ ഓര്‍ത്തിട്ടുണ്ടാവണം. 

'നീ ഇത്രയും പഠിച്ചിട്ടും പഠിപ്പിച്ചിട്ടും നിനക്കിത്രയും വിവരമില്ലാതായിപ്പോയോ?'' അന്ന് മദ്‌റസയില്‍ കൈയെഴുത്തിന് വര്‍ണക്കൊടി പിടിച്ച് 'ആംസ്‌ട്രോങ്ങല്ല ആര്‍ഡ്രിക്കല്ല ചന്ദ്രനിലാദ്യം കാല്‍ കുത്തിയത്, ഞങ്ങടെ മുസ്തഫ പൊന്ന് നബി....' എന്ന് മദ്‌റസയിലെ ഉസ്താദ് പറയുന്ന മുദ്രാവാക്യം തൊണ്ടപൊട്ടി ഏറ്റുവിളിച്ച എന്റെ മകന്‍, ദീനുല്‍ ഇസ്‌ലാമില്‍നിന്നും അകന്നുപോവുകയാണോ...!

പെരുവണ്ണയില്‍ അക്കാലത്ത് 'പത്താം തരം' പാസ്സായ ഒരപൂര്‍വ മനുഷ്യനായി ഞാന്‍ പിന്നീട് മാറുകയായിരുന്നു. ഗ്രാമത്തില്‍ ആ വിജയം അന്നൊരു അത്ഭുതമായിരുന്നു. 

അപ്പോഴേക്കും എന്റെ ഒടുക്കത്തെ പേടിയൊക്കെ മാറിയിട്ടുണ്ടാവുമെന്ന് ഇമ്മ ആശ്വസിച്ചിരിക്കണം. മകന്‍ മുതിര്‍ന്നൊരാളാവുന്ന നേരത്ത് ഇമ്മയും എത്ര മാത്രം അഭിമാനിച്ചിരിക്കണം. 'അന്ന് പഠിച്ചിരുന്നുവെങ്കില്‍ ഞാനുമൊരു ആയിശ ടീച്ചറാകുമായിരുന്നെ'ന്ന് പലതവണ ഇമ്മ എന്നോട് പറഞ്ഞിരുന്നു. മാഷുക്കും ടീച്ചര്‍ക്കുമപ്പുറം ഇമ്മക്കൊരു ലോകമുണ്ടായിരുന്നില്ല. 

വീടിനടുത്തുള്ള യൂസഫ് മൊല്ലാക്ക ഇമ്മയുടെ സംസാരങ്ങളില്‍ എപ്പോഴും നിറഞ്ഞിരുന്നു. അക്കാലത്ത് വീടുകള്‍ തോറും കയറിയിറങ്ങി കുട്ടികളെ സ്‌കൂളിലയക്കുവാന്‍ അയാള്‍ ശ്രമിച്ചിരുന്നു. ഇതുകാരണം സ്‌നേഹനിധിയായ അയാളെ ചിലര്‍ വെറുക്കുക പോലും ചെയ്തിരുന്നു. വഹാബി എന്ന് പരിഹസിക്കുകയും ചെയ്തിരുന്നവത്രെ! 

പിന്നീട് വൈക്കം മുഹമ്മദ് ബഷീറിന്റെ നോവലില്‍ 'എന്താ ബാപ്പാ, നിങ്ങളെന്നെ എയ്ത്ത് പഠിപ്പിക്കാത്തത്' എന്ന് പെണ്‍കുട്ടി ചോദിക്കുമ്പോള്‍ ഞാനെന്റെ ഇമ്മയെയാണ് ഓര്‍ത്തിരുന്നത്. ചോദിക്കപ്പെടാതെ പോയ ഇതുപോലുള്ള അനേകം ചോദ്യങ്ങളാവണം ഒരു വിസ്‌ഫോടനം പോലെ ബഷീറിന്റെ കുഞ്ഞിപ്പാത്തുമ്മയും ചോദിച്ചിട്ടുണ്ടാവുക? 

മുതിര്‍ന്നപ്പോഴും കുട്ടിക്കാലത്തെന്ന പോലെ ഒരുപാട് നേരം ഞാന്‍ എന്റെ ഇമ്മയോട് സംസാരിച്ചിട്ടുണ്ട്. മാര്‍ക്‌സ്, ഏംഗല്‍സ്, ലെനിന്‍... അപ്പോഴൊക്കെ ഇമ്മ ഇതൊക്കെ കേട്ട് നിഷ്‌കളങ്കമായി ചിരിക്കും. ഇത്രമേല്‍ ഇമ്മയോടല്ലാതെ ഞാന്‍ മറ്റാരോടും സംസാരിച്ചിട്ടുണ്ടാവില്ല. 

നിരുപാധിക സ്‌നേഹസ്രോതസ്സായി ഇന്നും ഇമ്മ എന്റെ മനസ്സില്‍ നിറയുന്നു. കാലപ്രവാഹത്തില്‍ പേടികളെല്ലാം ഒഴിഞ്ഞുപോയിട്ടും വീടിന്റെ മുറ്റത്തെത്തും മുമ്പേ ഇപ്പോഴും നിറമിഴികളോടെ ഉറക്കെ വിളിച്ചുപോവുകയാണ്; ഇമ്മാ... ഇമ്മാ.... ഇമ്മാ.....'' 

കെ.ഇ.എന്നിന്റെ 'ഇമ്മ' അതീവസുന്ദരവും ലളിതവുമായ ഭാഷയില്‍ രചിച്ചതുകൊണ്ടുതന്നെ ഒരു തൂവല്‍സ്പര്‍ശം പോലെ മനസ്സില്‍ തങ്ങിനില്‍ക്കും.   

 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-25 / അല്‍ ഫുര്‍ഖാന്‍ / 1
എ.വൈ.ആര്‍