Prabodhanm Weekly

Pages

Search

2016 സെപ്റ്റംബര്‍ 23

2968

1437 ദുല്‍ഹജ്ജ് 21

ഹരിയാന: വേണ്ടത് നീതിയാണ്

ഹരിയാനയില്‍ ദമ്പതികളെ വധിക്കുകയും അവരുടെ ബന്ധുക്കളായ പെണ്‍കുട്ടികളെ കൂട്ടമാനഭംഗത്തിനിരയാക്കുകയും ചെയ്ത സംഭവത്തില്‍ ജമാഅത്തെ ഇസ്‌ലാമി കടുത്ത അമര്‍ഷം രേഖപ്പെടുത്തി. ജമാഅത്തെ ഇസ്‌ലാമി പ്രതിനിധിസംഘം സംഭവസ്ഥലം സന്ദര്‍ശിച്ചു. സംഭവത്തില്‍ പരിക്കേറ്റ പെണ്‍കുട്ടിയെ മേവത്തി മെഡിക്കല്‍ കോളേജില്‍ ചെന്ന് കാണുകയും ദൃക്‌സാക്ഷിയായ കുട്ടിയോട് നിജഃസ്ഥിതി ആരായുകയും ചെയ്തു. 

ആക്ടിവിസ്റ്റുകളും രാഷട്രീയ പ്രവര്‍ത്തകരും മതനേതാക്കളുമെല്ലാം അണിനിരന്ന എണ്ണായിരത്തോളം പേര്‍ പങ്കെടുത്ത മഹാ പഞ്ചായത്തിലും പ്രതിനിധിസംഘം പങ്കെടുത്തു. ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് സെക്രട്ടറി ജനറല്‍ മുഹമ്മദ് സലീം എഞ്ചിനീയര്‍ സംസാരിച്ചു. ഗവണ്‍മെന്റ് പ്രഖ്യാപിച്ച നഷ്ടപരിഹാരം നല്ലതുതന്നെ. പക്ഷേ, അതിനേക്കാള്‍ വലുത് നീതി കിട്ടലാണ്. പോലീസിന്റെയും ഭരണകൂടത്തിന്റെയും നിസ്സംഗത ഞെട്ടലുളവാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ശേഷം പ്രതിനിധിസംഘം ഇരകളുടെ കുടുംബത്തെ സന്ദര്‍ശിച്ചു. ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് വൈസ് പ്രസിഡന്റ് നുസ്‌റത്ത് അലി അവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും എല്ലാവിധി സഹായങ്ങളും ഉറപ്പുനല്‍കുകയും ചെയ്തു. 

ജമാഅത്തെ ഇസ്‌ലാമി വൈസ് പ്രസിഡന്റ് നുസ്‌റത്ത് അലി, സെക്രട്ടറി ജനറല്‍ എഞ്ചിനീയര്‍ മുഹമ്മദ് സലീം, പബ്ലിക് റിലേഷന്‍ കോര്‍ഡിനേറ്റര്‍ വാസിഖ് നദീം ഖാന്‍, ഹരിയാന സോണ്‍ ഇന്‍ ചാര്‍ജ് ഖാലിഖുസ്സമാന്‍ എന്നിവരായിരുന്നു പ്രതിനിധി സംഘത്തില്‍ ഉണ്ടായിരുന്നത്. 

ഹരിയാനയുടെ ചരിത്രത്തിലെ തന്നെ വലിയ ക്രൂരകൃത്യം നടന്നിട്ട് പത്ത് ദിവസങ്ങള്‍ക്കു ശേഷമാണ് ബി.ജെ.പി സര്‍ക്കാര്‍ എന്തെങ്കിലും നടപടിയെടുക്കാന്‍ മുതിര്‍ന്നത്. ഹരിയാന ട്രാന്‍സ്‌പോര്‍ട്ട് മന്ത്രി കൃഷ്ണന്‍ ലാല്‍ പന്‍വര്‍ സംഭവസ്ഥലം സന്ദര്‍ശിച്ച് ഇരകള്‍ക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരവും ഗവണ്‍മെന്റ് ജോലിയും വാഗ്ദാനം ചെയ്തിട്ടുണ്ട്. സംഭവത്തില്‍ അറസ്റ്റിലായ നാലു പേരും 'ഗോ രക്ഷാ സമിതി' പ്രവര്‍ത്തകരാണെന്ന് പറയുന്നു അഡ്വ. റംസാന്‍ ചൗധരി. ക്രൂരകൃത്യത്തിനിടെ 'ഗോമാതാവിനെ ഈ ബക്രീദിന് നിങ്ങള്‍ക്ക് അറുക്കാന്‍ പറ്റില്ല'യെന്ന് അവര്‍ ആവര്‍ത്തിച്ചെന്ന് ഇരകളിലൊരാള്‍ തന്നോട് പറഞ്ഞുവെന്നും റംസാന്‍ ചൗധരി കൂട്ടിച്ചേര്‍ത്തു. 

 

വര്‍ഗീയ ധ്രുവീകരണം 
തടയാന്‍ 
മുന്നണിയുണ്ടാക്കും 

 

രാഷ്ട്രീയ ലക്ഷ്യത്തോടെ ആസൂത്രണം ചെയ്യുന്ന വര്‍ഗീയധ്രുവീകരണം തടയാന്‍ ദേശീയ, സംസ്ഥാനതലങ്ങളില്‍ 'ധാര്‍മിക് മോര്‍ച്ച' (മത മുന്നണി) രൂപവത്കരിക്കുമെന്ന് ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് അഖിലേന്ത്യാ അമീര്‍ മൗലാന ജലാലുദ്ദീന്‍ ഉമരി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

ജമാഅത്തെ ഇസ്‌ലാമി രാജ്യവ്യാപകമായി രൂപം കൊടുത്ത സദ്ഭാവനാ മഞ്ചിന് പുറമെയാണിത്. ഹിന്ദു, മുസ്‌ലിം, ക്രിസ്ത്യന്‍, സിഖ്, ജൈന വിഭാഗങ്ങളിലെ പ്രധാന നേതാക്കളെ അണിനിരത്തിയായിരിക്കും മുന്നണിയുണ്ടാക്കുക. സദ്ഭാവനാ മഞ്ചില്‍ ആക്ടിവിസ്റ്റുകളും മനുഷ്യാവകാശ പ്രവര്‍ത്തകരുമടങ്ങുന്ന പ്രധാന വ്യക്തിത്വങ്ങളെ ഉള്‍പ്പെടുത്തുന്നുണ്ടെങ്കിലും മത മുന്നണിയില്‍ മതവ്യക്തിത്വങ്ങള്‍ മാത്രമാണുണ്ടാവുക. ദേശവ്യാപകമായി ജമാഅത്ത് ആചരിച്ച 'സമാധാനം മാനവികത' കാമ്പയിന്‍ വിജയമായിരുന്നുവെന്നും ജമാഅത്ത് അമീര്‍ പറഞ്ഞു.

10,000 പൊതുപരിപാടികളിലൂടെ 25 ലക്ഷം പേര്‍ക്ക് സന്ദേശമെത്തിക്കാന്‍ കഴിഞ്ഞു. ഹരിയാനയിലെ നൂഹില്‍ കവര്‍ച്ചയുടെ പേരില്‍ നടത്തിയതായി പറയുന്ന കൊലപാതകം മുസ്‌ലിംകളെ പ്രകോപിപ്പിക്കാന്‍ നടത്തിയ ഒന്നായിരുന്നുവെന്നും എന്നാല്‍, പ്രദേശത്തെ മുസ്‌ലിംകള്‍ സംയമനം പാലിച്ചതുകൊണ്ട് പ്രശ്‌നങ്ങള്‍ ഒഴിവായതാണെന്നും ജമാഅത്തെ ഇസ്‌ലാമി സെക്രട്ടറി നുസ്‌റത്ത് അലി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.   


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-25 / അല്‍ ഫുര്‍ഖാന്‍ / 1
എ.വൈ.ആര്‍