ഇസ്‌ലാമിക പ്രസ്ഥാനത്തിന് ജനകീയ മുഖം നല്‍കിയ ശഹീദ് മീര്‍ ഖാസിം അലി
ബംഗ്ലാദേശ് ജമാഅത്തെ ഇസ്‌ലാമിയുടെ ഒരു സമുന്നത നേതാവിനെകൂടി ഹസീന വാജിദിന്റെ ഏകാധിപത്യ ഭരണകൂടം തൂക്കിലേറ്റി. പ്രമുഖ ജീവകാരുണ്യ പ്രവര്‍ത്തകനും അഗതികളുടെ തോഴനുമായ മീര്‍ ഖാസിം അലി(63)യാണ് കഴിഞ്ഞ സെപ്റ്റംബര്‍ മൂന്നിന് ഭരണകൂട ഭീകരതക്ക് ഇരയായത്. സുപ്രീം കോടതി റിവ്യൂ ഹരജി തള്ളിയതിനെത്തുടര്‍ന്ന് പ്രസിഡന്റിന് ദയാഹരജി കൊടുക്കാന്‍ അവസരമുായിരുന്നെങ്കിലും അദ്ദേഹമത് വേണ്ടെന്നുവെക്കുകയായിരുന്നു. അവാമി ലീഗ് അധികാരത്തില്‍ വന്നശേഷം കശാപ്പ് ചെയ്യപ്പെടുന്ന അഞ്ചാമത്തെ ജമാഅത്ത് നേതാവാണ് അദ്ദേഹം. അബ്ദുല്‍ ഖാദിര്‍ മുല്ല, മുഹമ്മദ് ഖമറുസ്സമാന്‍, അലി അഹ്‌സന്‍ മുജാഹിദ്, മുത്വീഉര്‍റഹ്മാന്‍ നിസാമി എന്നിവരാണ് നേരത്തേ രക്തസാക്ഷിത്വം വരിച്ചവര്‍. മീര്‍ ഖാസിം അലിയുടെ കാര്യത്തിലും കള്ളക്കേസുകളും കള്ളസാക്ഷ്യങ്ങളും മാത്രമേ പ്രോസിക്യൂഷന് സമര്‍പ്പിക്കാനുണ്ടായിരുന്നുള്ളൂ. പ്രോസിക്യൂഷന്റെ കെടുകാര്യസ്ഥതയെയും അലംഭാവത്തെയും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് തന്നെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നുവെങ്കിലും, അതൊന്നും വധശിക്ഷ നടപ്പാക്കുന്നതിന് തടസ്സമായിരുന്നില്ല. രാഷ്ട്രീയ ഏമാന്മാര്‍ പറയുന്ന സമയത്തിനകം ശിക്ഷ പ്രഖ്യാപിക്കുകയും നടപ്പിലാക്കുകയും ചെയ്യുക എന്നത് മാത്രമായിരുന്നു ആ നാട്ടിലെ കങ്കാരു കോടതികള്‍ക്ക് ചെയ്യാനുണ്ടായിരുന്നത്.
45 വര്‍ഷം മുമ്പ് ബംഗ്ലാദേശ് സ്വതന്ത്ര രാഷ്ട്രമാവുമ്പോള്‍ മീര്‍ ഖാസിം അലിക്ക് പ്രായം വെറും പതിനെട്ട്. പഠിക്കുന്നത് ധാക്കയിലെ ഒരു കോളേജില്‍ ഒന്നാം വര്‍ഷ ബി.എസ്.സിക്ക്. ആ സമയത്ത് അദ്ദേഹം ചിറ്റഗോംഗില്‍ വന്നതിന് യാതൊരു തെളിവുമില്ല. പ്രോസിക്യൂഷന്റെ വാദമനുസരിച്ച്, പാക് പിന്തുണയുള്ള അല്‍ ബദ്ര്‍ മിലീഷ്യയുടെ ചിറ്റഗോംഗിലെ പ്രമുഖ കമാന്റര്‍മാരില്‍ ഒരാളായിരുന്നുപോലും ഈ കൗമാരക്കാരന്‍! പാക് സൈനികര്‍ക്കൊപ്പം ചേര്‍ന്ന് കൊള്ളയും കൊള്ളിവെപ്പും കൊലപാതകവും മറ്റു സകല അതിക്രമങ്ങളും നടത്തിയെന്നും ചാര്‍ജ് ഷീറ്റില്‍ പറയുന്നു. അവാമി ലീഗ് കുടില്‍ വ്യവസായമായി കൊണ്ടുനടക്കുന്ന കള്ളചരിത്ര നിര്‍മിതിയുടെ ഒരേടില്‍ പോലും മീര്‍ ഖാസിം അലി എന്ന പേരില്ല. പിന്നീടങ്ങോട്ട് ബംഗ്ലാദേശിലെ കഷ്ടപ്പെടുന്ന സാധാരണക്കാരുടെ ഉന്നമനത്തിന് വേണ്ടി സമര്‍പ്പിതമായ ആ ത്യാഗിയുടെ ശിഷ്ട ജീവിതത്തിലും ഒരു പെറ്റികേസെടുക്കാനുള്ള വകപോലും എവിടെയും ഉണ്ടായിരുന്നില്ല. എന്നിട്ടും അദ്ദേഹത്തെ എന്തിന് തൂക്കിലേറ്റി എന്നതിന് പ്രമുഖ ബംഗ്ലാ നിയമജ്ഞനും രാഷ്ട്രീയ നിരീക്ഷകനുമായ ത്വല്‍ഹ അന്‍മദിന്റെ വാക്കുകളില്‍ കൃത്യമായ ഉത്തരമുണ്ട്: ''ലോകമറിയുന്ന ജീവകാരുണ്യപ്രവര്‍ത്തകനായിരുന്നു അദ്ദേഹം; ബിസിനസില്‍ വിജയശ്രീലാളിതനായ വ്യക്തിത്വവും. സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനം സാധ്യമാക്കുന്നതിന് അദ്ദേഹം നല്‍കിയ സേവനങ്ങള്‍ വളരെ വലുതാണ്. അഭയാര്‍ഥികളെപ്പോലുള്ള ആലംബഹീനരായ മനുഷ്യര്‍ക്കും അദ്ദേഹം താങ്ങായി. മറ്റു വിഭാഗങ്ങളിലും വിപുലമായ സ്വീകാര്യത നേടിയ അപൂര്‍വം ജമാഅത്ത് നേതാക്കളിലൊരാളുമാണ്. തങ്ങള്‍ക്ക് ബൗദ്ധിക-പ്രായോഗിക മേഖലകളില്‍ വെല്ലുവിളി ഉയര്‍ത്തുന്ന ആരെയും ശരിപ്പെടുത്തുമെന്ന നിലപാടാണ് ഗവണ്‍മെന്റിന്റേതെന്ന് തോന്നുന്നു. അടുത്ത കാലത്തായി കടുത്ത സ്വേഛാധിപത്യ പ്രവണതകള്‍ പ്രകടിപ്പിക്കുന്ന ഗവണ്‍മെന്റ് പ്രതിപക്ഷത്തിന്റെ ഒരു നീക്കത്തെയും വെച്ചുപൊറുപ്പിക്കില്ല; അത് ജമാഅത്തിന്റേതായാലും മറ്റു പാര്‍ട്ടികളുടേതായിരുന്നാലും.''
യൂറോപ്യന്‍ പാര്‍ലമെന്റിലെ അമ്പതു അംഗങ്ങള്‍ ഒരു സംയുക്ത പ്രസ്താവനയില്‍, മീര്‍ ഖാസിം അലിയുടെ വധശിക്ഷ നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നു. സകല അന്താരാഷ്ട്ര നീതിന്യായ ചട്ടങ്ങളും കാറ്റില്‍പറത്തി 'അന്താരാഷ്ട്ര യുദ്ധക്കുറ്റ വിചാരണാ ട്രൈബ്യൂണല്‍' എന്ന, അവാമി ലീഗുകാരെ മാത്രം കുത്തിനിറച്ച ഒരു ലോക്കല്‍ സമിതി പുറപ്പെടുവിക്കുന്ന ശിക്ഷാ പ്രഖ്യാപനങ്ങള്‍ക്ക് യാതൊരു നീതീകരണവുമില്ലെന്ന് പലരും ചൂണ്ടിക്കാട്ടിയതാണ്. ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചിന്റെ ഏഷ്യാ ഡയറക്ടര്‍ ബ്രിഡ് ആഡംസ് മറ്റൊരു ഗുരുതരമായ മനുഷ്യാവകാശ ലംഘനത്തെക്കുറിച്ചും മുന്നറിയിപ്പ് നല്‍കുന്നുണ്ട്. മീര്‍ ഖാസിം അലിയുടെ മകനാണ് മീര്‍ അഹ്മദുബ്‌നു ഖാസിം. പിതാവിനു വേണ്ടി നിയമപോരാട്ടങ്ങള്‍ നടത്തിവന്നിരുന്നത് അദ്ദേഹമായിരുന്നു. കഴിഞ്ഞ ആഗസ്റ്റ് 9-ന് സിവിലിയന്‍ വേഷത്തിലെത്തിയ ചിലര്‍ അദ്ദേഹത്തെ തട്ടിക്കൊണ്ടുപോയി. ഇവര്‍ ഗവണ്‍മെന്റ് ഏജന്റുമാരാണെന്ന് പിന്നീട് തെളിഞ്ഞു. ഇതുവരെയും മീര്‍ അഹ്മദ് തിരിച്ചെത്തിയിട്ടില്ല. ഒരുതരത്തിലുള്ള നിയമസഹായവും കുറ്റാരോപിതര്‍ക്ക് ലഭിച്ചുപോകരുതെന്ന് ഹസീന ഗവണ്‍മെന്റിന് നിര്‍ബന്ധമുണ്ട്. ഭരണഘടനയില്‍ പുതുതായി എഴുതിച്ചേര്‍ത്ത 47A(1) വകുപ്പ്, യുദ്ധക്കുറ്റമാരോപിക്കപ്പെട്ടവര്‍ക്ക് പ്രാഥമിക മനുഷ്യാവകാശങ്ങള്‍ പോലും അനുവദിക്കുന്നില്ല. ട്രൈബ്യൂണലിന് തോന്നുംപടി പൗരന്മാരുടെ മേല്‍ കുറ്റം ചാര്‍ത്താനും ശിക്ഷാവിധികള്‍ പ്രഖ്യാപിക്കാനും ഇത്തരം കരിനിയമങ്ങള്‍ അവസരമൊരുക്കുകയും ചെയ്യുന്നു.
മധ്യ ബംഗ്ലാദേശിലെ മുന്‍സിദംഗി സുതലോരിയില്‍ 1952 ഡിസംബര്‍ 31-നാണ് മീര്‍ഖാസിം അലിയുടെ ജനനം. ബംഗ്ലാദേശ് ജമാഅത്തെ ഇസ്‌ലാമി അതിന്റെ വിദ്യാര്‍ഥി വിഭാഗമായ ഇസ്‌ലാമീ ഛാത്ര സംഘ് രൂപവത്കരിച്ചപ്പോള്‍ അതിന്റെ ആദ്യ പ്രസിഡന്റായി. ചിറ്റഗോംഗ് മേഖലയില്‍ പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ വലിയ പങ്കുവഹിച്ച മീര്‍ ഖാസിം രക്തസാക്ഷിയാവുമ്പോള്‍ ജമാഅത്തിന്റെ കേന്ദ്ര നിര്‍വാഹക സമിതിയില്‍ അംഗമായിരുന്നു.
പലിശരഹിത വ്യവഹാരങ്ങള്‍ക്ക് ലോകത്തു തന്നെ മികച്ച മാതൃകകളിലൊന്നായി മാറിയ ബംഗ്ലാ ഇസ്‌ലാമീ ബാങ്കിന്റെ ചാലകശക്തി മീര്‍ ഖാസിം അലിയായിരുന്നു. സുഊദിയിലെ റാജിഹി ബാങ്കിന്റെ 60 ശതമാനം ഓഹരികളും ഒരുകാലത്ത് സ്വന്തമാക്കിയിരുന്ന ബാങ്ക്. ബാങ്കിന്റെ വാര്‍ഷിക ലാഭം 150 മില്യന്‍ ഡോളര്‍ കവിഞ്ഞിരുന്നു. ആതുര സേവന രംഗങ്ങളിലും വിദ്യാഭ്യാസ-ആരോഗ്യ മേഖലകളിലും നൂറുകണക്കിന് പ്രോജക്ടുകളാണ് ബാങ്ക് നടത്തിക്കൊണ്ടിരുന്നത്. ദിഗന്ത മീഡിയ കോര്‍പ്പറേഷന്റെ ചെയര്‍മാനായിരുന്നു. ലക്ഷക്കണക്കിന് പ്രേക്ഷകരുണ്ടായിരുന്ന ദിഗന്ത ടി.വി സംപ്രേഷണം ചെയ്തിരുന്നത് ഈ മീഡിയാ സ്ഥാപനമാണ്. ഇബ്‌നു സീന ഫാര്‍മസ്യൂട്ടിക്കല്‍, റാബിത്വതുല്‍ ആലമില്‍ ഇസ്‌ലാമി എന്ന എന്‍.ജി.ഒ, കിയാരി ലിമിറ്റഡ് അസോസിയേഷന്‍, അഗ്രോ-ഇന്റസ്ട്രിയല്‍ ട്രസ്റ്റ്, ഫുആദുല്‍ ഖത്വീബ് ചാരിറ്റി ഫൗണ്ടേഷന്‍, അല്ലാമാ ഇഖ്ബാല്‍ സന്‍സദ്, ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി ഓഫ് ചിറ്റഗോംഗ്, ദാറുല്‍ ഇഹ്‌സാന്‍ യൂനിവേഴ്‌സിറ്റി, സെന്റര്‍ ഫോര്‍ സ്ട്രാറ്റജി ആന്റ് പീസ് സ്റ്റഡീസ് തുടങ്ങി ജനസേവനത്തിന്റെയും വൈജ്ഞാനിക സംരംഭങ്ങളുടെയും വിവിധ മേഖലകളിലേക്ക് കടന്നുചെന്നുകൊണ്ട് ഇസ്‌ലാമിക പ്രസ്ഥാനത്തിന് ജനകീയ മുഖം നല്‍കുന്നതില്‍ പ്രധാന പങ്കുവഹിച്ച പ്രതിഭാശാലി എന്നതാവും ചരിത്രം അദ്ദേഹത്തിനു വേണ്ടി കാത്തുവെച്ചിട്ടുള്ള വിശേഷണം.
കരീമോവ് പോയി,
'അടവുപരമായ ക്ഷമ' തുടരും
ശീതയുദ്ധകാലത്ത് സോവിയറ്റ് ബ്ലോക്കിലെ ഒരു പ്രമുഖന്‍ മരിച്ചാല്‍ ആ മരണം സ്ഥിരീകരിക്കാന്‍ ചിലപ്പോള്‍ ആഴ്ചകളെടുക്കും. സമാനമായ സംഭവങ്ങളാണ് മധ്യേഷ്യന്‍ രാഷ്ട്രമായ ഉസ്‌ബെകിസ്താനില്‍നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. 25 വര്‍ഷം ആ രാഷ്ട്രത്തെ അടക്കിഭരിച്ച പ്രസിഡന്റ് ഇസ്‌ലാം കരീമോവിന്റെ മരണം സ്ഥിരീകരിച്ചത് ദിവസങ്ങള്‍ കഴിഞ്ഞാണ്. പിന്തുടര്‍ച്ച ആര്‍ക്ക് എന്ന തര്‍ക്കമാണ് അതിനു പിന്നിലെന്ന് കേള്‍ക്കുന്നു. മൂത്ത മകള്‍ കരീമോവ പിന്തുടര്‍ച്ചക്കാരിയായി വരുമെന്ന് കേട്ടിരുന്നെങ്കിലും , പിതാവുമായി ഉടക്കിയതിനാല്‍ 2014 മുതല്‍ കരീമോവ വീട്ടുതടങ്കലില്‍ കഴിയുകയാണ്. പാനമ രഹസ്യ രേഖകള്‍ ചോര്‍ന്നപ്പോള്‍ കരീമോവയുടെ കാമുകന് അനധികൃത സ്വത്തുണ്ടെന്ന വിവരം പുറത്തുവന്നതും തിരിച്ചടിയായി. പ്രധാനമന്ത്രി ശൗക്കത്ത് മിര്‍സിയോയേവ്, ഉപപ്രധാനമന്ത്രി റുസ്തം അസിമോവ് തുടങ്ങിയ പേരുകളാണ് ഇതെഴുതുമ്പോള്‍ പരിഗണനയില്‍. ആര് വന്നാലും കരീമോവിന്റെ സ്വേഛാധിപത്യ ഭരണത്തിന്റെ തുടര്‍ച്ച തന്നെയായിരിക്കും അതെന്ന കാര്യത്തില്‍ രാഷ്ട്രീയ നിരീക്ഷകര്‍ക്ക് സംശയമൊന്നുമില്ല.
പൗരാണിക നഗരമായ സമര്‍ഖന്ദിലെ ഒരു അനാഥാലയത്തില്‍ കുട്ടിക്കാലം കഴിച്ചുകൂട്ടിയ ഇസ്‌ലാം കരീമോവ്, 1989-ല്‍ സോവിയറ്റ് ഉസ്‌ബെക്‌സിതാനിലെ അനിഷേധ്യ കമ്യൂണിസ്റ്റ് നേതാക്കളിലൊരാളായി വളര്‍ന്നു. തുടര്‍ന്ന് രണ്ട് വര്‍ഷത്തിനകം സോവിയറ്റ് യൂനിയന്‍ ശിഥിലമായപ്പോള്‍, ഏകാധിപത്യ വാഴ്ച കരീമോവിലൂടെ പുനര്‍ജനിച്ചു. ഓരോ അഞ്ചു വര്‍ഷം കൂടുമ്പോഴും തെരഞ്ഞെടുപ്പ് പ്രഹസനങ്ങള്‍ നടത്തി 90 ശതമാനത്തില്‍ കുറയാത്ത വോട്ടു വിഹിതം 'നേടി'. പ്രതിപക്ഷ സ്വരങ്ങളെ അതിക്രൂരമായി അടിച്ചമര്‍ത്തി. ഉസ്‌ബെകിസ്താനിലെ കിഴക്കന്‍ നഗരമായ അന്‍ദിജനില്‍ പത്തു വര്‍ഷം മുമ്പ് പ്രതിപക്ഷം നടത്തിയ പ്രതിഷേധ മാര്‍ച്ച് ചോരയില്‍ മുക്കുകയായിരുന്നു ഈ ഏകാധിപതി. സ്ത്രീകളും കുട്ടികളുമുള്‍പ്പെടെയുള്ള നൂറുകണക്കിനാളുകള്‍ സുരക്ഷാ സേനയുടെ വെടിയേറ്റ് മരിച്ചു. എത്ര പേര്‍ മരിച്ചെന്ന് ഇപ്പോഴും വ്യക്തമല്ല. ആ പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുത്ത പലരും ഇപ്പോഴും അഴികള്‍ക്കകത്താണ്.
അന്‍ദിജനിലെ കൂട്ടക്കുരുതിയില്‍ പ്രതിഷേധിച്ച് യൂറോപ്യന്‍ യൂനിയനും അമേരിക്കയും ഉസ്‌ബെകിസ്താനെതിരെ ഉപരോധമേര്‍പ്പെടുത്തിയെങ്കിലും, അതിന് അല്‍പായുസ്സേ ഉണ്ടായിരുന്നുള്ളൂ. 'ഭീകരത'യെ നേരിടുന്നതിനായി 328 അധ്യാധുനിക സൈനിക വാഹനങ്ങളാണ് അമേരിക്ക കഴിഞ്ഞ ജനുവരിയില്‍ ഉസ്‌ബെകിസ്താന് നല്‍കിയത്. അന്‍ദിജന്‍ കൂട്ടക്കൊലയെക്കുറിച്ച് ഒരു അന്വേഷണപ്രഹസനം പോലും ഇന്നേവരെ ഉണ്ടായിട്ടുമില്ല. അഫ്ഗാനിസ്താനോടും റഷ്യയോടും ചേര്‍ന്നു കിടക്കുന്ന വളരെ തന്ത്രപ്രധാനമായ രാഷ്ട്രമാണ് ഉസ്‌ബെകിസ്താന്‍. അതാണ് കാര്യം. പാശ്ചാത്യര്‍ക്ക് അവരുടെ താല്‍പര്യങ്ങള്‍ക്ക് മീതെ ഒന്നും പറക്കില്ലല്ലോ. അവിടെ സൈനിക താവളങ്ങള്‍ ഉണ്ടാക്കണമെങ്കില്‍, സ്വേഛാധിപതിയുമായി സൗഹൃദത്തിലാവുകയേ നിര്‍വാഹമുള്ളൂ. മനുഷ്യാവകാശം പറഞ്ഞുകൊണ്ടിരുന്നാല്‍ ഇത് വല്ലതും നടക്കുമോ? ഈ കാപട്യത്തിന് അവരിട്ടിരിക്കുന്ന പുതിയ പേരാണ് 'അടവുപരമായ ക്ഷമ' (Strategic Patience).
Comments