Prabodhanm Weekly

Pages

Search

2016 സെപ്റ്റംബര്‍ 23

2968

1437 ദുല്‍ഹജ്ജ് 21

സംശയ നിഴലിലുള്ളവര്‍ ഗ്രോസ്‌നിയില്‍ ഒത്തുചേര്‍ന്നപ്പോള്‍

ഹുസൈന്‍ കടന്നമണ്ണ

ചെച്‌നിയന്‍ തലസ്ഥാനമായ ഗ്രോസ്‌നിയില്‍ കഴിഞ്ഞ ആഗസ്റ്റ് 25,26,27 തീയതികളില്‍ ഒരു സമ്മേളനം നടന്നു; വിശേഷപ്പെട്ടൊരു സമ്മേളനം. ആഗോള ഇസ്‌ലാമിക മുന്നേറ്റങ്ങളെ ദുര്‍ബലപ്പെടുത്താനും മുസ്‌ലിംകള്‍ക്കിടയിലെ ആഭ്യന്തര ശൈഥില്യം രൂക്ഷമാക്കാനുമുള്ള ശ്രമങ്ങളില്‍ ഒരു കൂട്ടം മുസ്‌ലിം നേതാക്കളും സംഘങ്ങളും എങ്ങനെ കോടാലിക്കൈകളായി പ്രവര്‍ത്തിക്കുന്നുവെന്ന് വ്യക്തമാക്കുന്നതായിരുന്നു ഈ സമ്മേളനം. ഇങ്ങ് കേരളത്തില്‍ വരെ വേരുകളാഴ്ത്താനുള്ള അതിന്റെ നീക്കങ്ങള്‍ കാണാം.

ആരാണ് അഹ്‌ലുസ്സുന്നത്തി വല്‍ജമാഅത്ത്, വിശ്വാസപരമായും അനുഷ്ഠാനപരമായും സ്വഭാവപരമായും അഹ്‌ലുസ്സുന്നത്തി വല്‍ജമാഅത്ത് പിന്തുടരുന്ന വഴി ഏത്, അതില്‍നിന്നുള്ള വ്യതിചലനം ജീവിതത്തിലുണ്ടാക്കുന്ന പ്രത്യാഘാതമെന്ത് എന്നീ ശീര്‍ഷകങ്ങള്‍ക്കു കീഴെയാണ് സമ്മേളനം നടന്നത്. അബൂദബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്നതും വിവാദ 'സൂഫിയാചാര്യന്‍' ഹബീബുല്‍ ജിഫ്‌രി നേതൃത്വം നല്‍കുന്നതുമായ ത്വാബാ ഫൗണ്ടേഷന്‍,  ഫൗണ്ടേഷന്‍ ടു സപ്പോര്‍ട്ട് ഇസ്‌ലാമിക് കള്‍ച്ചര്‍, നോളേജ് ആന്റ് എജുക്കേഷന്‍, അഹ്മദ് ഖദീറോവ് ഫണ്ട് എന്നിവ സംയുക്തമായാണ് സമ്മേളനം സംഘടിപ്പിച്ചത്. സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച ചെച്‌നിയന്‍ പ്രസിഡന്റ് റമദാന്‍ ഖദീറോവിന്റെ പിതാവും മുന്‍ പ്രസിഡന്റുമാണ് അഹ്മദ് ഖദീറോവ്. റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ പ്രസിഡന്റായി അവരോധിച്ച അഹ്മദ് ഖദീറോവ് കൊല്ലപ്പെടുകയായിരുന്നു. 

അല്‍ അസ്ഹര്‍ റെക്ടര്‍ ഡോ. അഹ്മദ് ത്വയ്യിബ് ഉള്‍പ്പെടെ ലോകത്തിന്റെ പല ഭാഗങ്ങളില്‍നിന്നായി ഇരുനൂറിലധികം മതപണ്ഡിതന്മാര്‍ സമ്മേളനത്തില്‍ പങ്കെടുക്കുകയുണ്ടായി. യു.എ.ഇയില്‍ രൂപം കൊ 'മുസ്‌ലിം കൗണ്‍സില്‍ ഓഫ് എല്‍ഡേഴ്‌സ്' തലവനെന്ന നിലയിലാണ് ത്വയ്യിബ് പങ്കെടുത്തത്. അല്‍ അസ്ഹര്‍ ഉന്നതാധികാര സഭകളുടെ അറിവോടെയായിരുന്നില്ല അത്. സമ്മേളനത്തിന്റെ സമാപന പ്രഖ്യാപനത്തില്‍ ആരാണ് അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅത്തെന്ന് 'നിര്‍വചിക്കുക'യുണ്ടായി. അതുപ്രകാരം അഹ്‌ലുസ്സുന്നത്തി വല്‍ജമാഅത്തില്‍ ഉള്‍പ്പെടുന്നത് ഇനി പറയുന്നവര്‍ മാത്രമാണ്:  വിശ്വാസപരമായി അശ്അരീ-മാതുരീദീ വിചാരധാര സ്വീകരിച്ചവര്‍, കര്‍മശാസ്ത്രപരമായി ഹനഫീ, ഹമ്പലീ, മാലികീ, ശാഫിഈ മദ്ഹബുകള്‍ പിന്‍പറ്റുന്നവര്‍, തസ്വവ്വുഫില്‍ ജുനൈദിനെപ്പോലുള്ളവരുടെ സൂഫിസം പിന്തുടരുന്നവര്‍. ഇവരൊഴികെയുള്ള മദ്ഹബുകള്‍ സ്വീകരിക്കുന്നവരും മദ്ഹബ്മുക്തരായി ജീവിക്കുന്നവരും സലഫികളുമെല്ലാം പുറത്ത്! സമാപന പ്രഖ്യാപനപ്രകാരം അഹ്‌ലുസ്സുന്നത്തി വല്‍ജമാഅത്തിന് അവലംബിക്കാവുന്ന മതസ്ഥാപനങ്ങള്‍ ഇവയാണ്: ഈജിപ്തിലെ അല്‍ അസ്ഹര്‍, തുനീഷ്യയിലെ സൈത്തൂനഃ, മൊറോക്കോയിലെ ഖുറവിയ്യീന്‍, യമനിലെ ഹദ്‌റ മൗത്ത് സര്‍വകലാശാലകള്‍. പിന്നെ പുടിന്റെ റഷ്യയിലെ മതവിദ്യാഭ്യാസ സ്ഥാപനങ്ങളും! ഇസ്‌ലാമിന്റെ ഉദയഭൂമിയായ മക്കയിലെയും മദീനയിലെയും വിശ്വപ്രശസ്ത സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ളവയെല്ലാം പുറത്ത്! 

ഗ്രോസ്‌നി സമ്മേളനത്തിന്റെ സംഘാടകരും  അതിനു പണമിറക്കിയവരും അതില്‍ പങ്കെടുത്തവരുമെല്ലാം മുഖ്യധാരാ ഇസ്‌ലാമിക സമൂഹത്തെ സംബന്ധിച്ചേടത്തോളം മുമ്പേ സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്നവരാണ്. സംഘാടകരായ ത്വാബാ ഫൗണ്ടേഷന്റെ തലവന്‍ ഹബീബ് അലി സൈനുല്‍ ആബിദീന്‍ അല്‍ ജിഫ്‌രി ഇസ്‌ലാമിനു സൂഫിമുഖം നല്‍കാനായി ഓടിനടക്കുന്ന വിവാദ പുരോഹിതനാണ്. ഈയിടെ ഈജിപ്ഷ്യന്‍ പട്ടാള അട്ടിമറിത്തലവന്‍ സീസി സൈനികമേധാവികളെയും നയതന്ത്രജ്ഞരെയും മാത്രം പങ്കെടുപ്പിച്ച് നടത്തിയ ഒരു യോഗത്തില്‍ ഈ 'സൂഫിയാചാര്യനു'മുണ്ടായിരുന്നു! പ്രസംഗത്തിനിടെ സീസി ജിഫ്‌രിയെ പേരെടുത്ത് പുകഴ്ത്തിയപ്പോള്‍ അദ്ദേഹം എഴുന്നേറ്റ് വേദിക്കു മുന്നില്‍വരികയും സീസിയുടെ സന്നിധാനത്തില്‍ കുനിഞ്ഞു വണങ്ങുകയും ചെയ്തത് വാര്‍ത്തയാവുകയുായി. 

പങ്കെടുത്ത പണ്ഡിതരില്‍ പ്രമുഖനായ അല്‍ അസ്ഹര്‍ റെക്ടര്‍ ഡോ. അഹ്മദ് ത്വയ്യിബ്, മുന്‍ ഈജിപ്ഷ്യന്‍ സ്വേഛാധിപതി ഹുസ്‌നി മുബാറകിന്റെ നാഷ്‌നല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ സജീവ അംഗവും മുബാറകിന്റെ വലംകൈയുമായിരുന്നു. മുബാറകാണ് അദ്ദേഹത്തെ റെക്ടര്‍ പദവിയില്‍ നിയമിച്ചതും. തെരഞ്ഞെടുക്കപ്പെട്ട മുന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സിയുടെ ഭരണകാലത്തും പദവിയില്‍ തുടര്‍ന്ന ത്വയ്യിബ് മുര്‍സിയെ അട്ടിമറിക്കാന്‍ സീസിക്കു സര്‍വ പിന്തുണയുമേകുകയുണ്ടായി. മുര്‍സിയെ അട്ടിമറിച്ച് സീസി പ്രഖ്യാപനം നടത്തുമ്പോള്‍ ത്വയ്യിബ് അദ്ദേഹത്തോടൊപ്പം വേദിയിലുണ്ടായിരുന്നു. പട്ടാള അട്ടിമറിയില്‍ പ്രതിഷേധിച്ച് 'റാബിഅഃ അദവിയ്യ'യില്‍ തമ്പടിച്ച ആയിരങ്ങളെ പട്ടാളം ചോരയില്‍ മുക്കിയപ്പോള്‍ ആ നടപടിയെ ന്യായീകരിക്കുകയും പിന്തുണക്കുകയുമാണ് ത്വയ്യിബ് ചെയ്തത്. 

സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച ചെച്‌നിയന്‍ പ്രസിഡന്റ് റമദാന്‍ ഖദീറോവ് അറിയപ്പെടുന്ന പുടിന്‍ ഭക്തനാണ്. 'ഞാന്‍ റഷ്യന്‍ പ്രസിഡന്റ് പുടിന്റെ പടയാളികളില്‍ ഒരാളാണ്' എന്ന് അദ്ദേഹം തന്നെ തന്റെ ഫേസ്ബുക് പേജില്‍ കുറിക്കുകയുണ്ടായി. 95 ശതമാനത്തിലധികം മുസ്‌ലിംകള്‍ അധിവസിക്കുന്ന ചെച്‌നിയ സോവിയറ്റ് യൂനിയന്റെ തകര്‍ച്ചക്കുശേഷം റഷ്യയോടു പോരാടി സ്വാതന്ത്ര്യം നേടിയിരുന്നു. പക്ഷേ, റഷ്യയില്‍ യല്‍റ്റ്‌സിനു ശേഷം അധികാരത്തില്‍ വന്ന പുടിന്‍ രക്തരൂഷിതമായ സൈനിക നീക്കത്തിലൂടെ ചെച്‌നിയയുടെ സ്വാതന്ത്ര്യം കവര്‍ന്നപ്പോള്‍ കൂടെനിന്നവരാണ് റമദാന്‍ ഖദീറോവും പിതാവ് അഹ്മദ് ഖദീറോവും. ചെച്‌നിയന്‍ ദേശത്ത് ഇനിയൊരിക്കലും സ്വാതന്ത്ര്യത്തിനും വിമോചനത്തിനും വേിയുള്ള ഇസ്‌ലാമിക ജിഹാദ് ഉണരരുതെന്ന് തീരുമാനിച്ച റഷ്യയും ഖദീറോവുമാരും അതിനുള്ള എളുപ്പവഴി ജനങ്ങളുടെ ശുദ്ധ ഇസ്‌ലാമിക മനസ്സ് പാടെ നീക്കി പകരം അവരെ ജീര്‍ണ സൂഫിസത്തില്‍ മുക്കുകയാണെന്നു മനസ്സിലാക്കിയിരിക്കുന്നു. അതേ റഷ്യ തന്നെയാണ് സിറിയയില്‍ കൂട്ടക്കശാപ്പ് നടത്തുന്നതും. സമ്മേളനത്തില്‍ പങ്കെടുത്ത മറ്റൊരു പണ്ഡിതന്‍ സിറിയന്‍ പ്രസിഡന്റ ബശ്ശാറുല്‍ അസദിന്റെ മുഫ്തി അഹ്മദ് ഹസൂനയാണ്!  

വിവാദ ഗ്രോസ്‌നി സമ്മേളനത്തിനു കുറച്ചു മുമ്പ് ഇതേ ഖദീറോവിന്റെ തന്നെ അനുഗ്രഹാശിസ്സുകളോടെ ചെച്‌നിയയില്‍ നടന്ന ഒരു സമ്മേളനത്തില്‍ യു.എ.ഇയിലെ ഖസ്‌റജിയായിരുന്നു മുഖ്യാതിഥി. കൂട്ടത്തില്‍ ഖസ്‌റജിയില്‍നിന്ന് 'തിരുകേശം' ഏറ്റുവാങ്ങിയ കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാരുമുണ്ടായിരുന്നു! ഇദ്ദേഹവും നാല്‍പ്പതു 'സൂഫിവര്യന്മാരും' ചേര്‍ന്നാണല്ലോ നരേന്ദ്ര മോദിയെ കണ്ടതും മോദിയുടെ പിന്തുണയോടെ ദല്‍ഹിയില്‍ നടന്ന സൂഫി സമ്മേളനത്തില്‍ പങ്കെടുത്തതും. ഇസ്‌ലാമിനെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുന്ന രാജ്യാന്തര നെറ്റ്‌വര്‍ക്കിന്റെ വ്യാപ്തി എത്രത്തോളമുണ്ടെന്ന് ഈ സംഭവങ്ങളെല്ലാം ചേര്‍ത്തുവായിച്ചാല്‍ മനസ്സിലാവും. 

ഗ്രോസ്‌നിയിലെ സമ്മേളനം ഉണ്ടാക്കിയേക്കാവുന്ന പ്രത്യാഘാതങ്ങള്‍ തിരിച്ചറിഞ്ഞ വിവേകശാലികള്‍ വളരെ രൂക്ഷമായാണ് അതിനോട് പ്രതികരിച്ചത്. ഇസ്‌ലാമിക ലോകത്തെ പതിനെട്ടിലധികം വൈജ്ഞാനിക വേദികള്‍ സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയില്‍ സമ്മേളനത്തെയും അതിന്റെ സംഘാടകരെയും പങ്കാളികളെയും പ്രമേയങ്ങളെയും സമാപന പ്രഖ്യാപനത്തെയും രൂക്ഷമായി വിമര്‍ശിക്കുകയുണ്ടായി. സമ്മേളനവും അതിന്റെ ഉല്‍പ്പന്നങ്ങളും സമുദായത്തെ കടുത്ത ഭിന്നിപ്പിലേക്ക് നയിക്കുമെന്ന് സുഊദി അറേബ്യയിലെ മുതിര്‍ന്ന പണ്ഡിതന്മാര്‍ മുന്നറിയിപ്പു നല്‍കി. ഡോ. യൂസുഫുല്‍ ഖറദാവി സമ്മേളനത്തെ ഉപമിച്ചത് പ്രവാചകന്റെ കാലത്ത് കപടവിശ്വാസികള്‍ പടുത്തുയര്‍ത്തിയ 'മസ്ജിദുദ്ദിറാറി'നോടാണ്. ഡോ. അഹ്മദ് ത്വയ്യിബിന്റെ പോക്ക് ശരിയല്ലെന്ന് തിരിച്ചറിഞ്ഞ അല്‍ അസ്ഹറിലെ ഉന്നതാധികാര സഭകള്‍ തങ്ങള്‍ക്ക് ഗ്രോസ്‌നി സമ്മേളനത്തില്‍ പങ്കാളിത്തമോ ഉത്തരവാദിത്തമോ ഇല്ലെന്നു വ്യക്തമാക്കി. സമ്മേളനത്തെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച 'പാകിസ്താന്‍ മജ്‌ലിസുല്‍ ഉലമാ'യുടെ പ്രസിഡന്റ് അല്ലാമാ ഹാഫിസ് മുഹമ്മദ് ത്വാഹിര്‍ മഹ്മൂദ് അല്‍ അശ്‌റഫി 'ഇസ്‌ലാമിക ലോകത്തിനെതിരെയുള്ള ഗൂഢാലോചനയാണ് സമ്മേളനത്തിന്റെ ലക്ഷ്യം' എന്നു പ്രസ്താവിക്കുകയുണ്ടായി.  പ്രശസ്ത അറബ് കോളമിസ്റ്റ് ഫഹ്മീ ഹുവൈദി 'പുതിയൊരു കുഴപ്പം വരുന്നു!' എന്ന ശീര്‍ഷകത്തിലെഴുതിയ ലേഖനത്തില്‍ ഗ്രോസ്‌നി സമ്മേളനം സമുദായത്തില്‍ പിളര്‍പ്പുണ്ടാക്കുമെന്നും 'രണ്ടു സഹോദര രാഷ്ട്രങ്ങള്‍'ക്കിടയില്‍ സംഘര്‍ഷം സൃഷ്ടിക്കുമെന്നും താക്കീതു ചെയ്യുന്നു. 'ഗ്രോസ്‌നികള്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കും' എന്ന് മുന്നറിയിപ്പു നല്‍കുന്ന വിഖ്യാത സുഊദി കോളമിസ്റ്റ് അബ്ദുല്‍ അസീസ് ഖാസിം 'റാബിത്വ'യുടെ നേതൃത്വത്തില്‍ ഒരു സമ്പൂര്‍ണ സമ്മേളനം സംഘടിപ്പിക്കേണ്ടതിന്റെ പ്രാധാന്യം എടുത്തുപറയുന്നു. അതൊരു 'ബദല്‍ സമ്മേളന'മാവരുതെന്നും പകരം ഗ്രോസ്‌നിയില്‍ പങ്കെടുത്തവരെപ്പോലും ഉള്‍ക്കൊള്ളുന്നതും ആരാണ് അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅത്തെന്ന് വസ്തുനിഷ്ഠമായി വിശദീകരിക്കുന്നതുമായ വിശാല സമ്മേളനമായിരിക്കണമെന്നും കൂട്ടിച്ചേര്‍ക്കുന്നു. 

രാഷ്ട്രീയ നിലപാടുകളില്‍ ഏറക്കുറെ ഏകഭാവം പുലര്‍ത്തുന്ന ചില രാജ്യങ്ങള്‍ക്കിടയില്‍ ഗ്രോസ്‌നി സമ്മേളനം ധ്രുവീകരണമുണ്ടാക്കാനുള്ള സാധ്യതയും ചിലര്‍ നിരീക്ഷിക്കുന്നുണ്ട്. ഔദ്യോഗിക തലത്തില്‍ സലഫീ വിചാരധാര പിന്തുടരുന്ന രാജ്യങ്ങളും അല്ലാത്ത രാജ്യങ്ങളും ഗള്‍ഫിലുണ്ട്. ഗ്രോസ്‌നി സമ്മേളനം ഈ വൈജാത്യത്തെ ശക്തിപ്പെടുത്തി കൂടുതല്‍ ഭിന്നിപ്പിലേക്കു നയിക്കുന്ന തലത്തിലേക്കു വളര്‍ന്നാല്‍ രാഷ്ട്രീയ നിലപാടുകളിലും അതു പ്രതിഫലിക്കും. 


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-25 / അല്‍ ഫുര്‍ഖാന്‍ / 1
എ.വൈ.ആര്‍