Prabodhanm Weekly

Pages

Search

2016 സെപ്റ്റംബര്‍ 23

2968

1437 ദുല്‍ഹജ്ജ് 21

ശിഥിലമാകുന്ന കുടുംബബന്ധങ്ങള്‍

സുബൈര്‍ കുന്ദമംഗലം

കുടുംബബന്ധം കൂട്ടിയിണക്കുകയെന്നത് ഇസ്‌ലാമിന്റെ ബാലപാഠങ്ങളില്‍ പെട്ടതാണ്. ഇസ്‌ലാമിക പ്രബോധനത്തിന്റെ പ്രാരംഭകാലം തൊട്ടേ കുടുംബബന്ധം കൂട്ടിച്ചേര്‍ക്കാന്‍ പ്രവാചകന്‍ ആളുകളെ ഉദ്‌ബോധിപ്പിച്ചു. റോമന്‍ ചക്രവര്‍ത്തി ഹിര്‍ഖലുമായി അബൂസുഫ്‌യാന്‍ നടത്തിയ സുദീര്‍ഘമായ സംഭാഷണം ഇതിന് തെളിവാണ്. ഹിര്‍ഖല്‍ അബൂസുഫ്‌യാനോട് ചോദിച്ചു: 'പ്രവാചകന്‍ നിങ്ങളോട് കല്‍പിക്കുന്നതെന്താണ്?'' അബൂസുഫ്‌യാന്റെ മറുപടി: 'അല്ലാഹുവെ മാത്രം ആരാധിക്കുക, അവനില്‍ മറ്റൊന്നിനെയും പങ്കുചേര്‍ക്കാതിരിക്കുക, പൂര്‍വപിതാക്കള്‍ ജല്‍പിക്കുന്ന അബദ്ധങ്ങള്‍ കൈവെടിയുക. നമസ്‌കരിക്കാനും സത്യസന്ധതയും മാന്യതയും പുലര്‍ത്താനും കുടുംബബന്ധം ചേര്‍ക്കാനും അദ്ദേഹം ഞങ്ങളോട് കല്‍പ്പിച്ചു'' (ബുഖാരി, മുസ്‌ലിം). 

തൗഹീദ്, നമസ്‌കാരം, സത്യസന്ധത, മാന്യമായ പെരുമാറ്റം എന്നിവ പോലെത്തന്നെ ഇസ്‌ലാമിന്റെ കാതലായ അടിത്തറകളില്‍പെടുന്നതാണ് കുടുംബബന്ധവും. അംറുബ്‌നു അന്‍ബസയുടെ ഹദീസ് ഇത് വിശദമാക്കുന്നുണ്ട്. അദ്ദേഹം പറയുന്നു: പ്രവാചകത്വത്തിന്റെ ആരംഭകാലത്ത് ഞാന്‍ നബിയുടെ സന്നിധിയിലെത്തി ഇപ്രകാരം ചോദിച്ചു: 'താങ്കള്‍ ആരാണ്?' നബി (സ): 'പ്രവാചകന്‍.'' ഞാന്‍ ചോദിച്ചു: 'പ്രവാചകന്‍ എന്നാല്‍?''നബി (സ): 'അല്ലാഹു എന്നെ ദൂതനായി നിയോഗിച്ചിരിക്കുന്നു.'' ഞാന്‍: 'അവന്‍ എന്തുമായാണ് താങ്കളെ നിയോഗിച്ചിട്ടുള്ളത്?'' നബി (സ): 'കുടുംബ ബന്ധം ചേര്‍ക്കാനും വിഗ്രഹങ്ങളെ തകര്‍ക്കാനും യാതൊന്നിലും പങ്കുചേര്‍ക്കാതെ അല്ലാഹുവിന്റെ ഏകത്വം പ്രഖ്യാപിക്കാനുമാണ് എന്നെ നിയോഗിച്ചിട്ടുള്ളത്'' (മുസ്‌ലിം). 

കുടുംബബന്ധത്തിന് ഇസ്‌ലാം കല്‍പ്പിച്ചിട്ടുള്ള വമ്പിച്ച പ്രാധാന്യമാണ് ഈ ഹദീസ് വ്യക്തമാക്കുന്നത്. അബൂഅയ്യൂബില്‍ അന്‍സ്വാരിയില്‍നിന്നുള്ള ഹദീസ് കാണുക: 'ഒരാള്‍ നബി(സ)യോട് ചോദിച്ചു: 'അല്ലാഹുവിന്റെ പ്രവാചകരേ, എനിക്ക് സ്വര്‍ഗപ്രവേശം നല്‍കുന്ന ഒരു കര്‍മം അറിയിച്ചുതരിക.' അപ്പോള്‍ നബി അരുളി: 'അല്ലാഹുവിന് ഇബാദത്ത് ചെയ്യുക. അവനില്‍ യാതൊന്നിനെയും പങ്കുചേര്‍ക്കാതിരിക്കുക. നമസ്‌കാരം നിലനിര്‍ത്തുക. സകാത്ത് കൊടുക്കുക. കുടുംബബന്ധം ചേര്‍ക്കുക'' (ബുഖാരി, മുസ്‌ലിം). 

ഇവിടെ കുടുംബബന്ധത്തെ ഇബാദത്ത്, തൗഹീദ്, നമസ്‌കാരം, സകാത്ത് എന്നിവയോട് ചേര്‍ത്തുപറഞ്ഞിരിക്കുന്നു. ഇതെല്ലാം കര്‍മജീവിതത്തില്‍ നിഷ്ഠയോടെ കൊണ്ടുവരുന്നവന് അല്ലാഹു സ്വര്‍ഗപ്രവേശവും നരകവിമുക്തിയും ഉറപ്പുനല്‍കുന്നുണ്ട്. കുടുംബബന്ധം ചേര്‍ക്കുക വഴി സമ്പന്നത കൈവരുമെന്നും ആയുസ്സ് വര്‍ധിക്കുമെന്നും ഹദീസില്‍ കാണാം (ബുഖാരി, മുസ്‌ലിം). ഇബ്‌നു ഉമര്‍ ഇപ്രകാരം പറയാറുണ്ടായിരുന്നു: ''തന്റെ നാഥനെ സൂക്ഷിക്കുകയും കുടുംബബന്ധം ചേര്‍ക്കുകയും ചെയ്യുന്നവന് അല്ലാഹു ആയുസ്സും സമ്പത്തും അധികരിപ്പിച്ചുകൊടുക്കുകയും ബന്ധുക്കള്‍ അയാളെ ഇഷ്ടപ്പെടുകയും ചെയ്യും'' (ബുഖാരി അദബുല്‍ മുഫ്‌റദില്‍). 

കുടുംബബന്ധം വിഛേദിക്കുന്നവനെ സ്രഷ്ടാവും സൃഷ്ടികളും വെറുക്കും. അവര്‍ എന്നെന്നേക്കുമായി സ്വര്‍ഗത്തില്‍നിന്ന് അകറ്റപ്പെടും. നബി (സ) അരുളി: 'കുടുംബബന്ധം മുറിക്കുന്നവന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല'' (ബുഖാരി, മുസ്‌ലിം). കുടുംബബന്ധം പരിഗണിക്കാത്തവന്റെ സാന്നിധ്യമുള്ള സദസ്സും സമാജവും ദൈവകാരുണ്യം പെയ്തിറങ്ങാത്ത ഇടങ്ങളാണ്. ബൈഹഖി നിവേദനം ചെയ്യുന്നു: 'കുടുംബ ബന്ധം വിഛേദിച്ചയാളുടെ കൂട്ടത്തിലേക്ക് കാരുണ്യം ഇറങ്ങുകയില്ല'' (ബുഖാരി അദബുല്‍ മുഫ്‌റദില്‍). 

പ്രമുഖ സ്വഹാബിയായ അബൂഹുറയ്‌റ കുടുംബബന്ധം വിഛേദിച്ചയാളുടെ സാന്നിധ്യമുള്ള സദസ്സില്‍ വെച്ച് പ്രാര്‍ഥിക്കുന്നത് ഇഷ്ടപ്പെട്ടിരുന്നില്ല. അത് പ്രാര്‍ഥനക്ക് ഉത്തരം ലഭിക്കുന്നതിനും ദൈവകാരുണ്യത്തിന് അര്‍ഹനാകുന്നതിനും വിഘാതമാണെന്ന് അദ്ദേഹം കരുതി. അദ്ദേഹം നിവേദനം ചെയ്യുന്നു: 'നിശ്ചയം, അടിമയുടെ കര്‍മങ്ങള്‍ വ്യാഴാഴ്ച ദിവസം അഥവാ വെള്ളിയാഴ്ച രാവില്‍ അല്ലാഹുവിന്റെ മുമ്പാകെ പ്രദര്‍ശിപ്പിക്കപ്പെടും. എന്നാല്‍ കുടുംബബന്ധം വിഛേദിച്ചവന്റെ കര്‍മങ്ങളൊന്നും അന്ന് സ്വീകരിക്കപ്പെടുകയില്ല.'' 

സമ്പത്തോ ഭാര്യാസന്താനങ്ങളോ കുടുംബബന്ധം ചേര്‍ക്കുന്നതിന് വിശ്വാസിക്ക് തടസ്സമായിക്കൂടാ. മുന്‍ഗണനാക്രമം പരിഗണിച്ചുകൊണ്ടുതന്നെ ഒരു വിട്ടുവീഴ്ചക്കും ഇടം കൊടുക്കാതെ അയാള്‍ അക്കാര്യം പൂര്‍ത്തീകരിക്കും. മാതാവ്, പിതാവ്, അടുത്ത ബന്ധുക്കള്‍ എന്നിങ്ങനെയായിരിക്കും ആ ക്രമം. ഒരാള്‍ നബി(സ)യെ സമീപിച്ച് ഇപ്രകാരം ആരാഞ്ഞു: 'അല്ലാഹുവിന്റെ പ്രവാചകരേ, ഞാന്‍ ഏറ്റവും നന്നായി ബന്ധം പുലര്‍ത്തേണ്ടത് ആരോടാണ്?'' അവിടുന്ന് പറഞ്ഞു: 'നിന്റെ മാതാവിനോട്, നിന്റെ മാതാവിനോട്, നിന്റെ മാതാവിനോട്. പിന്നെ നിന്റെ പിതാവിനോടും ശേഷം അടുത്ത ബന്ധുക്കളോടും'' (ബുഖാരി, മുസ്‌ലിം). 

അടുത്ത ബന്ധുക്കള്‍ക്ക് നന്മ ചെയ്യുന്നതിന് ഇരട്ടി പ്രതിഫലമുണ്ട്: ഒന്ന്, കുടുംബബന്ധം ചേര്‍ത്തതിനുള്ള പ്രതിഫലം. രണ്ട്, ദാനധര്‍മത്തിനുള്ള പ്രതിഫലം. നബി (സ) അരുളി: 'അഗതിയെ സഹായിക്കുന്നത് കേവലം ദാനമാണ്. എന്നാല്‍ ബന്ധുവെ സഹായിക്കുന്നതിന് ഇരട്ടി പ്രതിഫലമുണ്ട്. ദാനവും കുടുംബബന്ധം ചേര്‍ക്കലും'' (തിര്‍മിദി).  

ഭാര്യയും മക്കളുമടങ്ങുന്ന അണുകുടുംബ സങ്കല്‍പം സാര്‍വത്രികമായതോടെ പൂര്‍വികര്‍ കൃഷ്ണമണി പോലെ കാത്തുസൂക്ഷിച്ചിരുന്ന ബന്ധങ്ങള്‍ക്ക് മങ്ങലേറ്റു. മൊബൈല്‍ ഫോണും ഫേസ്ബുക്കും വാട്‌സ്ആപ്പും ഇന്റര്‍നെറ്റും പ്രചുരപ്രചാരം നേടിയതോടെ ബന്ധുവീടുകളിലേക്കും അയല്‍ക്കാരിലേക്കുമുള്ള സന്ദര്‍ശനം നിലച്ചു. വിവാഹം പോലുള്ള ചടങ്ങുകള്‍ പോലും വീടിന്റെ പടികടന്ന് കല്യാണമണ്ഡപങ്ങളിലേക്ക് ചേക്കേറിയതോടെ കുടുംബസന്ദര്‍ശനമെന്ന മഹത്തായ നന്മ മരണവേളകളില്‍ മാത്രം ഒതുങ്ങി. 


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-25 / അല്‍ ഫുര്‍ഖാന്‍ / 1
എ.വൈ.ആര്‍