Prabodhanm Weekly

Pages

Search

2016 സെപ്റ്റംബര്‍ 23

2968

1437 ദുല്‍ഹജ്ജ് 21

സന്തുലിതത്വമാണ് ഇസ്‌ലാം

എസ്.എം സൈനുദ്ദീന്‍

ഇസ്‌ലാമിന്റെ സവിശേഷതകളില്‍ സുപ്രധാനമായതാണ് സന്തുലിതത്വം, അഥവാ വസ്വത്വിയ്യത്ത്. ''സന്തുലിതത്വം എന്നാല്‍, ഒരേസമയം വ്യക്തിയിലും സമൂഹത്തിലും സ്വാധീനം ചെലുത്താന്‍ സാധിക്കുന്ന ഭിന്നവിരുദ്ധവും രണ്ട് ധ്രുവങ്ങളില്‍ നിലകൊള്ളുന്നതുമായ രണ്ട് ആശയങ്ങളെ സന്തുലിതമായി സമീപിക്കലാണ്. രണ്ടില്‍ ഒന്നിനെ അതിന് അര്‍ഹമല്ലാത്ത നിലയില്‍ സ്വീകരിക്കാതിരിക്കലും എതിര്‍ചേരിയില്‍ വരുന്നതുമായി സംഘര്‍ഷത്തിലേര്‍പ്പെടാതിരിക്കലുമാണ് മധ്യമ നിലപാട്. ദൈവികതയും മാനുഷികതയും, ആത്മീയതയും ഭൗതികതയും, ഐഹികതയും പാരത്രികതയും, ദിവ്യബോധനവും ബുദ്ധിയും, ഭൂതകാലവും വര്‍ത്തമാനവും, വൈയക്തികതയും സാമൂഹികതയും, യാഥാര്‍ഥ്യവും ഭാവനയും, നശ്വരതയും അനശ്വരതയും പോലുള്ളവയെ ഭിന്ന ധ്രുവങ്ങളിലെ ആശയങ്ങളെന്ന് വിലയിരുത്താവുന്നതാണ്. ഇവക്കിടയില്‍ സന്തുലിതത്വം വേണം. എല്ലാത്തിനും അതിന്റേതായ സ്ഥാനവും ഇടവും അനുവദിച്ചുനല്‍കണം. സംഘര്‍ഷരഹിതമായ പാരസ്പര്യം ഇവക്കെല്ലാമിടയില്‍ സാധ്യമാക്കലാണ് ഇതുകൊണ്ട് അര്‍ഥമാക്കുന്നത്. പരിമിതമായ ബുദ്ധിയും അറിവും വെച്ച് ഇവക്കിടയില്‍ സന്തുലിതത്വമുണ്ടണ്ടാക്കാന്‍ മനുഷ്യബുദ്ധി ശക്തമാണ്. വ്യക്തിപരമോ സാമൂഹികമോ പ്രാദേശികമോ ആയ നിരവധി സമ്മര്‍ദങ്ങളോ താല്‍പര്യങ്ങളോ നിമിത്തമാണ് മനുഷ്യന് അത് സാധിക്കാതെ വരുന്നത്. ബോധപൂര്‍വമോ അല്ലാതെയൊ മനുഷ്യന്‍ അസന്തുലിത സമീപനത്തിലേക്ക് എത്തിച്ചേരുക സ്വാഭാവികമാണ്. ഭൗതികമോ ആത്മീയമോ ആയ ഏത് വിഷയത്തിലും മധ്യമമായ നിലപാടിലേക്ക് മനുഷ്യനെ നയിക്കാന്‍ ദൈവിക ദര്‍ശനമായ ഇസ്‌ലാമിന് സാധിക്കുമെന്നത് ഇസ്‌ലാമിന്റെ സവിശേഷതയാണ്.'' (1)

ഖുര്‍ആന്റെ അവതരണത്തിനും മുഹമ്മദ് നബിയുടെ രംഗപ്രവേശത്തിനും സാക്ഷിയായ ആറാം നൂറ്റാണ്ടിലെ സംസ്‌കാരത്തെയും നാഗരികതയെയും മതത്തെയും ചിന്തയെയും സ്വാധീനിച്ചിരുന്നത് ഗ്രീക്ക് തത്ത്വചിന്തയും യവന ഇതിഹാസങ്ങളും ആയിരുന്നു. രണോത്സുകമായ റോമന്‍-പേര്‍ഷ്യന്‍ അധികാരങ്ങളും നിഗൂഢ ദിവ്യത്വത്തെ പ്രതിനിധീകരിക്കുന്ന ക്രൈസ്തവതയും ചൂഷണാത്മകമായ ജൂത സാമൂഹികതയും അന്ധവിശ്വാസപരമായ മക്കയിലെ മതവും മാനവതയെ അക്ഷരാര്‍ഥത്തില്‍ സ്തംഭിപ്പിക്കുകയായിരുന്നു. കുത്തഴിഞ്ഞതും ആസക്തി കേന്ദ്രീകൃതവുമായ ജീവിതം ഒരു വശത്ത്, വിരക്തിയെ കുറിച്ച് സംസാരിക്കുന്ന മതവും യുദ്ധ രാഷ്ട്രീയത്തിന്റെ മൂര്‍ത്തീഭാവമായി മാറിയ അധികാരവും മറുവശത്ത്. ഈ ശക്തികള്‍ മാനവ നാഗരികതയില്‍ ഉളവാക്കിയ പ്രതിലോമപരവും നിഷേധാത്മകവുമായ സ്വാധീനങ്ങളില്‍നിന്ന് മാനവതയെ മോചിപ്പിക്കാനായിരുന്നല്ലോ ഇസ്‌ലാം വന്നത്. ആ ലക്ഷ്യസാക്ഷാത്കാരത്തിന് ഇസ്‌ലാം അവലംബിച്ചത് മധ്യമമായ വഴിയാണ്.

മാനവ ചരിത്രത്തിലിന്നോളം ദൃശ്യമായ എല്ലാതരം തിന്മകളുടെയും അക്രമങ്ങളുടെയും നാരായവേര്, വിഭിന്നമെന്ന് തോന്നാവുന്ന, എന്നാല്‍ പാരസ്പര്യത്തിന് ഏറെ സാധ്യതയുള്ള വിഷയങ്ങളിലും പ്രശ്‌നങ്ങളിലും മനുഷ്യര്‍ പുലര്‍ത്തിയ അസന്തുലിതവും അതിരുവിട്ടതുമായ സമീപനമായിരുന്നുവെന്ന് കാണാനാകും. ഭീകരമായ രക്തച്ചൊരിച്ചിലിലേക്കും അവസാനിക്കാത്ത സംഘര്‍ഷങ്ങളിലേക്കും അത് മനുഷ്യ നാഗരികതയെ കൊണ്ടുചെന്നെത്തിച്ചു. അതിനാലാണ് പ്രകൃതിയുടെ മൗലിക ഭാവത്തെ ദാര്‍ശനികമായി സമീപിച്ച ഇസ്‌ലാം മധ്യമത്വത്തെ അതിന്റെ കേന്ദ്രബിന്ദുവായി പ്രതിഷ്ഠിച്ചത്.

നമുക്ക് ഏത് വിഷയത്തെയും ഭൗതികമോ ശാസ്ത്രീയമോ ആത്മീയമോ സാമൂഹികമോ ആയ ഏത് രീതിയിലൂടെയും സമീപിക്കാം. അതിനെല്ലാമുള്ള ടൂള്‍ നമ്മുടെ പക്കലുണ്ട്. എന്നാല്‍ നാം അഭിമുഖീകരിക്കുന്ന ഒരു പ്രശ്‌നവും ഈ പറയപ്പെട്ട ഏതെങ്കിലും ഒരു കള്ളിയില്‍ മാത്രം കൊള്ളുന്നതല്ല. ഉദാഹരണത്തിന് പ്രാര്‍ഥനയെ എടുക്കാം. പ്രാര്‍ഥന ശുദ്ധ ആത്മീയതയാണ്. ആത്മമുക്തിക്ക് വേണ്ടി മാത്രമല്ലല്ലോ മനുഷ്യന്‍ പ്രാര്‍ഥിക്കുന്നത്. മനസ്സോ ശരീരമോ ജീവിതമോ സമൂഹമോ അകപ്പെട്ട ഏതെങ്കിലും പ്രതിസന്ധിയില്‍നിന്നുള്ള മുക്തിയാണ് പ്രാര്‍ഥനയുടെ വിഷയം. പ്രാര്‍ഥനയാകുന്ന തനി ആത്മീയ പ്രവര്‍ത്തനം ഭൗതികതയോട് എങ്ങനെ സഹവര്‍ത്തിക്കുന്നു എന്ന് നാം മനസ്സിലാക്കണം. ഭൗതികവിരക്തിയാണ് ആത്മീയത എന്ന പൗരോഹിത്യ കാഴ്ചപ്പാടിന്റെ മസ്തകമാണിവിടെ തകര്‍ന്നടിയുന്നത്. അപ്രകാരം വിവാഹം തനി ഭൗതികമായ പ്രക്രിയയാണ്. എന്നാല്‍ അതിന്റെ ഫലങ്ങളെല്ലാം തനി ഭൗതികവും ശാരീരികവും മാത്രമാണോ? അല്ല. 

ഇസ്‌ലാമിന്റെ സവിശേഷതകളില്‍ പ്രധാനമാണ് മധ്യമനിലപാടും സന്തുലിതത്വവും എന്ന് പറഞ്ഞല്ലോ. പ്രപഞ്ചത്തിന്റെ സൃഷ്ടിപ്പില്‍തന്നെ അത് കാണാനാകും. ഖുര്‍ആന്‍ അത് വ്യക്തമാക്കുന്നുമുണ്ട്: ''പരമ കാരുണ്യവാന്‍, ഈ ഖുര്‍ആന്‍ പഠിപ്പിച്ചു. അവന്‍ മനുഷ്യനെ സൃഷ്ടിച്ചു. ആശയാവിഷ്‌കാര ശേഷി അഭ്യസിപ്പിച്ചു. സൂര്യനും ചന്ദ്രനും നിശ്ചിത ക്രമമനുസരിച്ചാണ് സഞ്ചരിക്കുന്നത്. താരവും തരുവും അവനെ പ്രണമിക്കുന്നു. മാനത്തെ അവന്‍ ഉയര്‍ത്തിനിര്‍ത്തി. സന്തുലിതത്വം സ്ഥാപിച്ചു. അതിനാല്‍ നിങ്ങള്‍ സന്തുലിതത്വത്തില്‍ ക്രമം തെറ്റിക്കരുത്. അതിനാല്‍ നീതിപൂര്‍വം കൃത്യതയോടെ തുലാസ് ഉപയോഗിക്കുക. തൂക്കത്തില്‍ കുറവു വരുത്തരുത്'' (അര്‍റഹ്മാന്‍:19). പ്രപഞ്ച പ്രതിഭാസങ്ങളില്‍ ആകമാനം ദൃശ്യമാകുന്ന സന്തുലിതത്വവും ക്രമവും ആണ് അതിന്റെ നിലനില്‍പ്പിന്റെ ആധാരം. രാവും പകലും, ചൂടും തണുപ്പും, മഴയും വെയിലും, ആകാശവും ഭൂമിയും, പര്‍വതവും കുന്നും, സമതലവും തീരപ്രദേശവും, സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും ഏറ്റുമുട്ടലോ ഏറ്റക്കുറച്ചിലുകളോ ഇല്ലാതെ നിലനില്‍ക്കുന്നതിന്റെ പിന്നിലെ പരമമായ ന്യായമാണ് അല്ലാഹു അവയുടെ നിര്‍മിതിയില്‍ ഒരുക്കിയ സന്തുലിതത്വം. പ്രാപഞ്ചിക വ്യവസ്ഥയില്‍ നാം ദര്‍ശിക്കുന്ന, അല്ലാഹു ഒരുക്കിയ സന്തുലിതത്വം ഭൗതിക ജീവിതത്തെ കെട്ടിപ്പടുക്കുന്നതില്‍ മനുഷ്യന്‍ പാലിക്കണമെന്നാണ് അവന്‍ നിശ്ചയിച്ചിട്ടുള്ളത്. 

മേല്‍സൂക്തങ്ങളെ വ്യാഖ്യാനിച്ചുകൊണ്ട് സയ്യിദ് മൗദൂദി എഴുതുന്നു: ''അല്ലാഹു ഈ പ്രപഞ്ചത്തിന്റെ നിയമങ്ങളഖിലം നീതിയിലാണ് നിലനിര്‍ത്തിയിട്ടുള്ളത് എന്നാണ് ഏതാണ്ടെല്ലാ ഖുര്‍ആന്‍ വ്യാഖ്യാതാക്കളും വിവക്ഷിച്ചിട്ടുള്ളത്. അന്തരീക്ഷത്തില്‍ കറങ്ങിത്തിരിഞ്ഞുകൊണ്ടിരിക്കുന്ന കണക്കറ്റ ഈ ഗോളങ്ങളും ഗ്രഹങ്ങളും ഈ ലോകത്ത് കാണപ്പെടുന്ന എണ്ണിയാലൊടുങ്ങാത്ത ജീവികളും പദാര്‍ഥങ്ങളും തമ്മില്‍ തമ്മില്‍ സമ്പൂര്‍ണ നിലവാരത്തിലുള്ള നീതിയും സന്തുലിതത്വവും നിലനിര്‍ത്തപ്പെടുന്നില്ലെങ്കില്‍, അതിവിപുലമായ ഈ പ്രവര്‍ത്തന സംവിധാനത്തിന് ഒരു നിമിഷം പോലും പ്രവര്‍ത്തിക്കുക സാധ്യമാകുമായിരുന്നില്ല. കോടാനുകോടി വര്‍ഷങ്ങളായി ഈ ഭൂമിയില്‍, വായുവിലും വെള്ളത്തിലും കരയിലും കാണപ്പെടുന്ന സൃഷ്ടികളെ ഒന്നു നോക്കുക. അവയില്‍ കാണപ്പെടുന്ന തികഞ്ഞ നീതിയും സന്തുലിതത്വവും കാരണമായി മാത്രമാണ് അവയുടെ ജീവിതം സ്ഥിരമായി നിലനില്‍ക്കുന്നത്. ഇതില്‍ അനീതിയും അസന്തുലിതത്വവും അല്‍പമെങ്കിലും ഉളവായാല്‍ ഈ പ്രപഞ്ചമാകെ തകരാറിലാകും. അതിനാല്‍ നീതിയിലും സന്തുലിതത്വത്തിലും അധിഷ്ഠിതമായ പ്രപഞ്ചത്തില്‍ വസിക്കുന്നവരാകയാല്‍ മനുഷ്യരും ഈ മൂല്യങ്ങളില്‍ നിലകൊള്ളേണ്ടതുണ്ട്. മനുഷ്യന് സ്വാതന്ത്ര്യം നല്‍കപ്പെട്ട മേഖലകളില്‍ അന്യായമനുവര്‍ത്തിക്കുകയാണെങ്കില്‍, നിങ്ങളുടെ കൈകളിലര്‍പ്പിതമായ മറ്റുള്ളവരുടെ അവകാശങ്ങള്‍ ഹനിക്കുകയാണെങ്കില്‍, അത് പ്രാപഞ്ചിക പ്രകൃതിക്ക് നേരെയുള്ള നിങ്ങളുടെ അക്രമമായിരിക്കും. അക്രമത്തെയും അനീതിയെയും അവകാശ ലംഘനത്തെയും ഈ പ്രാപഞ്ചിക വ്യവസ്ഥിതി അംഗീകരിക്കുന്നില്ല. ഇവിടെ വലിയൊരക്രമം പോകട്ടെ, ത്രാസിന്റെ ഉത്തോലകത്തില്‍ കൃത്രിമം കാട്ടി ഉപഭോക്താവിന്റെ അവകാശത്തെ ഒരു തോലെയെങ്കിലും വഞ്ചിച്ചാല്‍ പ്രാപഞ്ചിക സന്തുലിതത്വത്തില്‍ അത് അതിന്റേതായ തകരാറുളവാക്കുന്നതാണ്.'' (2)

ആസക്തികേന്ദ്രീകൃതമായ ഭൗതികതക്കും വിരക്തിയിലധിഷ്ഠിതമായ ആത്മീയതക്കും മധ്യേയാണ് ഇസ്‌ലാം നിലകൊള്ളുന്നത്. നിഗൂഢമായ ദിവ്യത്വത്തെ ആധാരമാക്കുന്ന മതമോ അരാജകമായ ഉദാരതയെ പ്രതിനിധീകരിക്കുന്ന രാഷ്ട്രീയമോ അല്ല ഇസ്‌ലാം. ജീവിതം എന്താണോ അതാണ് ഇസ്‌ലാം. ജീവിതത്തില്‍ എന്തെല്ലാമുണ്ടോ അതെല്ലാം ഇസ്‌ലാമിലുമുണ്ട്. അവയോടെല്ലാം സൗഹൃദപരമായ സഹവര്‍ത്തിത്വമാണ് ഇസ്‌ലാം ആഗ്രഹിക്കുന്നത്. സാര്‍വലൗകികതയും സാര്‍വജനീനതയും ഇസ്‌ലാമിന്റെ പ്രത്യേകതയാണെങ്കില്‍ മനുഷ്യരായി ജനിച്ച എല്ലാവര്‍ക്കം പ്രയോഗസാധ്യമാകണം ഇസ്‌ലാമിന്റെ നിയമങ്ങള്‍. അടിസ്ഥാനപരമായി ശരീഅത്ത് നിയമം അങ്ങനെയാണ്. കാലദേശ വൈവിധ്യങ്ങളെ അഭിമുഖീകരിക്കാനും കാലോചിതവും സാന്ദര്‍ഭികവുമായ നവീകരണത്തിനും പരിഷ്‌കരണത്തിനുമുള്ള ക്ഷമത അതിനുണ്ട്. നിയമത്തിന്റെ പ്രമാണ സ്രോതസ്സുകളില്‍ കിതാബും സുന്നത്തും കഴിഞ്ഞാല്‍ ഇജ്തിഹാദിനെ നിശ്ചയിച്ചത് പ്രവാചകന്‍ തന്നെയാണ്.  എന്നാല്‍ നിയമത്തെ ഏകശിലാത്മകമായി വായിക്കുകയും പഠിക്കുകയും ചെയ്യുന്ന രീതി മുസ്‌ലിംകളില്‍ ഇന്ന് സര്‍വസാധാരണമായിരിക്കുന്നു. മൂലപ്രമാണം അഥവാ 'നസ്സ്വ്' അതേ നിലക്കുതന്നെ നടപ്പാക്കണമെന്ന ശുദ്ധവാദം പവിത്രമായി മാറിയിരിക്കുകയാണിന്ന്. 

ഇജ്തിഹാദ് തീരെ നടത്താന്‍ പാടില്ലെന്ന വാദവും, ആദ്യകാല നൂറ്റാണ്ടില്‍ നടന്ന ഇജ്തിഹാദുകള്‍ അതേ നിലക്ക് ഇന്നും പിന്തുടരണമെന്ന വരട്ടുവാദവും ഇപ്പോഴും കൊണ്ടുനടക്കുന്നത് ഇജ്തിഹാദിനെ പുണ്യമായി പഠിപ്പിച്ച പ്രവാചകന്റെ അനുയായികളാണെന്നത് ആശ്ചര്യകരമാണ്.  മനുഷ്യബുദ്ധിക്കും യുക്തിക്കും ഒരു വിലയും നല്‍കാത്ത മതമാണ് ഇസ്‌ലാം എന്ന തെറ്റായ പ്രതിഛായ ഇതുമൂലം നിര്‍മിക്കപ്പെട്ടിരിക്കുന്നു. മിത സമുദായം, മധ്യമ സമുദായം തുടങ്ങിയ ഖുര്‍ആനിക പരികല്‍പ്പനകളെ എത്രമാത്രമാണ് അത് പരിക്കേല്‍പ്പിച്ചത്! മനുഷ്യനിര്‍മിത തത്ത്വങ്ങള്‍ ദൈവികതത്ത്വങ്ങളെ മറികടക്കുന്ന അപകടം ഇവിടെ സംഭവിച്ചുകഴിഞ്ഞിരിക്കുന്നു. ഇതുണ്ടാക്കിയ ആഘാത പ്രത്യാഘാതങ്ങളാണ് മുസ്‌ലിം ലോകത്തെ ഇന്ന് അസ്വസ്ഥപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. 

തല്‍ഫലമായി മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ മാത്രം ബാധകമായ മതവിധികള്‍ മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ക്ക് ബാധകമാകുന്ന അവസ്ഥ വന്നു. ഭരണകൂടത്തിനു മാത്രം നടപ്പിലാക്കാന്‍ കഴിയുന്ന നിയമങ്ങള്‍ വ്യക്തികളോ കൂട്ടായ്മകളോ നടപ്പിലാക്കാന്‍ ശ്രമിച്ചു. സാമൂഹിക പരിഷ്‌കരണത്തിന് പ്രവാചകന്‍ (സ) സ്വീകരിച്ച മുന്‍ഗണനാക്രമങ്ങള്‍ അവഗണിക്കപ്പെട്ടു. നിയമനിര്‍മാണത്തിന്റെ ക്രമപ്രവൃദ്ധത പഠനവിഷയം പോലുമല്ലാതെ വന്നു. നിയമത്തിന്റെ ലക്ഷ്യത്തേക്കാള്‍ അക്ഷരത്തിനും വാക്കുകള്‍ക്കും പ്രാമുഖ്യം വരികയും നിയമം അതിന്റെ ലക്ഷ്യസാക്ഷാല്‍ക്കാരത്തില്‍ പരാജയപ്പെടുകയും ചെയ്തു. ഇത് ആത്മീയ തീവ്രതയിലേക്കും ചിന്താപരമായ മുരടിപ്പിലേക്കുമാണ് സമുദായത്തെ നയിച്ചത്.

ഈ പ്രശ്‌നം അതിന്റെ രൂക്ഷതയില്‍ അഭിമുഖീകരിക്കുന്നവരാണ് യൂറോപ്പില്‍ രൂപം കൊണ്ടുവരുന്ന നവ ഇസ്‌ലാമിക സമൂഹങ്ങളും ന്യൂനപക്ഷ മുസ്‌ലിം വിഭാഗങ്ങളും. ഇസ്‌ലാമിന്റെ മധ്യമ മാര്‍ഗത്തില്‍ ആകൃഷ്ടരായി അതിലേക്ക് കടന്നുവരുന്നവരില്‍ അറബി പ്രബോധകര്‍ ചെലുത്തുന്ന തെറ്റായ സ്വാധീനം യൂറോപ്യന്‍ മുസ്‌ലിം പൊതുസമൂഹത്തില്‍ വലിയ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. അതവരുടെ കുടുംബ ജീവിതത്തെയും സാമൂഹിക ജീവിതത്തെയും കലുഷമാക്കുന്നു. സമൂഹത്തില്‍ തങ്ങള്‍ സ്വയം അന്യരാണെന്ന തോന്നല്‍ അവരിലുണ്ടാകാന്‍ തുടങ്ങി. ഈ സാഹചര്യത്തില്‍ യൂറോപ്യന്‍ കൗണ്‍സില്‍ ഫോര്‍ ഫത്‌വ ആന്റ് റിസര്‍ച്ച് തദ്‌വിഷയകമായി നിരവധി സെമിനാറുകളും ചര്‍ച്ചകളും സംഘടിപ്പിച്ചു. ഇസ്‌ലാമിന്റെ മധ്യമ നിലപാട് ഉയര്‍ത്തിപ്പിടിക്കാന്‍ ഡോ. യൂസുഫുല്‍ ഖറദാവി കൗണ്‍സിലില്‍ മുന്നോട്ടുവെച്ച മാര്‍ഗനിര്‍ദേശങ്ങള്‍ ഇവയായിരുന്നു: 

1. സ്ഥായിയായ നിയമങ്ങള്‍ക്കും മാറുന്ന കാലദേശ സാഹചര്യങ്ങള്‍ക്കുമിടയില്‍ ഇണക്കവും രജ്ഞിപ്പും ഉണ്ടാക്കുക. 

2. ശാഖാപരമായ പ്രമാണങ്ങളെ ഖുര്‍ആന്റെയും സുന്നത്തിന്റെയും പൊതുവായ ലക്ഷ്യത്തില്‍നിന്നുകൊണ്ട് വായിക്കുക. 

3. മതവിധികള്‍ ആയാസം കുറക്കുന്നതും മതപ്രബോധനം സുവാര്‍ത്തയറിയിക്കലുമാകുക. 

4. പൊതുവായതിലും അടിസ്ഥാനപരമായതിലും വിട്ടുവീഴ്ചയില്ലാത്ത സമീപനവും ശാഖാപരമായതിലും മൗലിക പ്രധാനമല്ലാത്തതിലും അയവുള്ളതുമായ സമീപനം സ്വീകരിക്കുക. 

5. ലക്ഷ്യത്തില്‍ ഉറച്ചുനില്‍ക്കുകയും മാര്‍ഗങ്ങള്‍ അയവുള്ളതാക്കുകയും ചെയ്യുക. 

6. രൂപത്തേക്കാള്‍ സത്തക്കും പ്രകടമായതിനേക്കാള്‍ ഗോപ്യമായതിനും ബാഹ്യപ്രവര്‍ത്തനത്തേക്കാള്‍ ഹൃദയത്തിന്റെ വിശുദ്ധിക്കും പ്രാമുഖ്യം കല്‍പ്പിക്കുക.

7. ഇസ്‌ലാമിനെ കുറിച്ച സമഗ്രമായ അറിവ് ആര്‍ജിക്കുക. അത് ആദര്‍ശം, നിയമം, മതം, ജീവിതം, പ്രബോധനം, രാഷ്ട്രം എല്ലാമാണ്. 

8. മുസ്‌ലിംകളോട് നയപരമായും അല്ലാത്തവരോട് ഉത്കൃഷ്ടമായും സംവദിക്കുക. 

9. മുസ്‌ലിം പൊതു നേതൃത്വത്തിനിടയില്‍ ഐക്യമുണ്ടാക്കുകയും പ്രതിയോഗികളോട് വിശാലത പുലര്‍ത്തുകയും ചെയ്യുക. 

10. ശത്രുക്കളോടും അതിക്രമികളോടും ജിഹാദും സന്ധിയിലും സമാധാനത്തിലും ഉള്ളവരോട് ആ നിലക്കും വര്‍ത്തിക്കുക.

11. മുസ്‌ലിംകള്‍ യോജിക്കാവുന്നിടങ്ങളിലെല്ലാം യോജിക്കുകയും വിയോജിപ്പുകളില്‍ വിശാലമായ വിട്ടുവീഴ്ചയുടെ സമീപനം സ്വീകരിക്കുകയും ചെയ്യുക. 

12. കാലം, ദേശം, മനുഷ്യന്‍ എന്നിവയില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ ഫത്‌വ, ദഅ്‌വ, വിദ്യാഭ്യാസം എന്നിവയിലും പ്രതിഫലിപ്പിക്കുക. 

13. പ്രബോധന പ്രവര്‍ത്തനങ്ങളിലും മതപരവും സാംസ്‌കാരികവുമായ പ്രവര്‍ത്തനങ്ങളിലും വിപ്ലവത്തിലും ഇസ്‌ലാമിന്റെ മുന്‍ഗണനകള്‍ പാലിക്കുക.

14. അറിവിന്റെയും വിശ്വാസത്തിന്റെയും, ആത്മീയ വളര്‍ച്ചയുടെയും ഭൗതിക പുരോഗതിയുടെയും സാമ്പത്തിക പുരോഗതിയുടെയും ധാര്‍മികതയുടെയും ഇടയില്‍ യോജിപ്പും സമന്വയവും സാധ്യമാക്കുക.

15. നീതി, ജനാധിപത്യം, സ്വാതന്ത്ര്യം, മനുഷ്യാവകാശങ്ങള്‍ പോലുള്ള മാനവികവും സാമൂഹികവുമായ മൂല്യങ്ങള്‍ക്കു വേണ്ടി നിലകൊള്ളുക. 

16. സ്ത്രീസ്വാതന്ത്ര്യം സാധ്യമാക്കുകയും പടിഞ്ഞാറന്‍ നാഗരികസ്വാധീനത്തില്‍നിന്ന് അവരെ മോചിപ്പിക്കുകയും ചെയ്യുക.

17. ആഭ്യന്തരമായി ദീനില്‍ നവീകരണമുണ്ടാക്കുകയും ഇജ്തിഹാദ് അതിന് യോഗ്യതയുള്ളവര്‍ നിര്‍വഹിക്കുകയും ചെയ്യുക.

18. പൂര്‍വികരില്‍നിന്ന് സ്വീകരിക്കാവുന്ന എല്ലാ നന്മകളും സ്വാംശീകരിക്കുക. (3)

ഇസ്‌ലാം അതിന്റെ പ്രകൃതത്തില്‍തന്നെ മധ്യമമാണ്. ഒരുനിലക്കുമുള്ള തീവ്രതയും അത് അംഗീകരിക്കുന്നില്ല. പ്രാര്‍ഥനയെ പറ്റി പറയവെ ഖുര്‍ആന്‍ ഇപ്രകാരം പ്രഖ്യാപിക്കാന്‍ പ്രവാചകനോട് കല്‍പ്പിക്കുന്നത് നമുക്ക് കാണാം: ''പറയുക: നിങ്ങള്‍ 'അല്ലാഹു' എന്ന് വിളിച്ചോളൂ. അല്ലെങ്കില്‍ 'റഹ്മാന്‍' എന്ന് വിളിച്ചോളൂ. നിങ്ങള്‍ ഏതു പേര് വിളിച്ച് പ്രാര്‍ഥിച്ചാലും തരക്കേടില്ല. ഉത്തമ നാമങ്ങളൊക്കെയും അവന്നുള്ളതാണ്. നിന്റെ പ്രാര്‍ഥന വളരെ ഉച്ചത്തിലാക്കരുത്. വളരെ പതുക്കെയുമാക്കരുത്. അവക്കിടയില്‍ മധ്യമാര്‍ഗമവലംബിക്കുക'' (അല്‍ ഇസ്‌റാഅ്: 110), ''ഖുര്‍ആന്‍ പാരായണം ചെയ്യുമ്പോള്‍ നിങ്ങളത് ശ്രദ്ധയോടെ കേള്‍ക്കുകയും മൗനം പാലിക്കുകയും ചെയ്യുക. നിങ്ങള്‍ക്ക് കാരുണ്യം കിട്ടിയേക്കാം. നീ നിന്റെ നാഥനെ രാവിലെയും വൈകുന്നേരവും മനസ്സില്‍ സ്മരിക്കുക. അത് വിനയത്തോടെയും ഭയത്തോടെയുമാവണം. വാക്കുകള്‍ ഉറക്കെയാവാതെയും. നീ അതില്‍ അശ്രദ്ധ കാണിക്കുന്നവരാകരുത്'' (അല്‍ അഅ്‌റാഫ്: 204,205). 

പ്രാര്‍ഥനയിലെ ശബ്ദഘോഷം മധ്യമ നിലപാടിന് വിരുദ്ധമാണ്. മക്കക്കാരുടെ ഈ പ്രാര്‍ഥനാ രീതിയെ ഖുര്‍ആന്‍ വിമര്‍ശിക്കുന്നുണ്ട്: ''ആ ഭവനത്തിങ്കല്‍ അവരുടെ പ്രാര്‍ഥന വെറും ചൂളംവിളിയും കൈകൊട്ടുമല്ലാതെ മറ്റൊന്നുമല്ല'' (അല്‍ അന്‍ഫാല്‍: 35). 

സന്യാസവും പൗരോഹിത്യവും ഇസ്‌ലാമിലില്ല. അവ രണ്ടും ഇസ്‌ലാം വിലക്കുന്നത് മതപരമായ തെറ്റ് എന്ന നിലയിലല്ല; അത് മനുഷ്യപ്രകൃതിയില്‍നിന്നുള്ള തിരിഞ്ഞുനടത്തം ആയതുകൊണ്ടാണ്. ഇസ്‌ലാം എല്ലാ ജനങ്ങള്‍ക്കും പിന്തുടരാവുന്ന പ്രായോഗിക ദീന്‍ ആണ്. എന്നാല്‍ സന്യാസവും പൗരോഹിത്യവും അങ്ങനെയല്ല. എല്ലാവരും പരിത്യാഗത്തിന്റെ മാര്‍ഗം സ്വീകരിച്ചുവെന്നിരിക്കട്ടെ, മനുഷ്യവര്‍ഗം അതോടെ ഭൂമിയില്‍ വേരറ്റുപോകും. സര്‍വസംഹാരിയായ കൂട്ട നശീകരണായുധമാകുന്ന സായുധപ്രയോഗം രാഷ്ട്രീയ തീവ്രതയാണെങ്കില്‍ സന്യാസം ആത്മീയ തീവ്രതയാണ്. രണ്ടും ദൈവ നിശ്ചയങ്ങള്‍ക്കെതിരായ മനുഷ്യന്റെ ധിക്കാരമാണെന്ന് ഖുര്‍ആന്‍ വാദിക്കുന്നു: ''അനന്തരം തുടര്‍ച്ചയായി നമ്മുടെ ദൂതന്മാരെ അയച്ചുകൊണ്ടിരുന്നു. അവര്‍ക്കെല്ലാം ശേഷമായി മര്‍യമിന്റെ മകന്‍ ഈസായെ നിയോഗിച്ചു. അദ്ദേഹത്തിന് ഇഞ്ചീല്‍ നല്‍കി. അദ്ദേഹത്തെ പിന്‍പറ്റിയവരുടെ ഹൃദയങ്ങളില്‍ നാം കനിവും കാരുണ്യവും നിക്ഷേപിച്ചു.  അവരാവിഷ്‌കരിച്ച സന്യാസം.....'' (അല്‍ ഹദീദ്: 27). 

ഇപ്രകാരമാണ് ജീവിതത്തിന്റെ എല്ലാ രംഗത്തുമുള്ള ഇസ്‌ലാമിന്റെ നിലപാട്. സമ്പത്ത് ചെലവഴിക്കുമ്പോള്‍ പാലിക്കേണ്ട മര്യാദകള്‍ വിവരിക്കവെ ഖുര്‍ആന്‍ പറയുന്നത് ഇപ്രകാരമാണ്: ''ചെലവഴിക്കുമ്പോള്‍ അവര്‍ പരിധിവിടുകയില്ല. പിശുക്ക് കാട്ടുകയുമില്ല. രണ്ടിനുമിടക്കുള്ള മിതമാര്‍ഗമാണവര്‍ സ്വീകരിക്കുക'' (അല്‍ ഫുര്‍ഖാന്‍: 67), ''അല്ലാഹു നിനക്കു തന്നതിലൂടെ നീ പരലോക വിജയം തേടുക. എന്നാല്‍ ഇവിടെ ഇഹലോക ജീവിതത്തില്‍ നിനക്കുള്ള വിഹിതം നീ മറക്കാതിരിക്കുക. അല്ലാഹു നിനക്കു നന്മ ചെയ്തപോലെ നീയും നന്മ ചെയ്യുക. നാട്ടില്‍ നാശം വരുത്താന്‍ തുനിയരുത്. നാശകാരികളെ അല്ലാഹു ഇഷ്ടപ്പെടുകയില്ല'' (അല്‍ ഖസ്വസ്വ്: 77). 

യുദ്ധത്തിലും പ്രകൃതിയിലും സ്വീകരിക്കേണ്ട സമീപനം വിവരിച്ച് ഖുര്‍ആന്‍ മുന്നോട്ടുവെക്കുന്ന തത്ത്വങ്ങള്‍ മധ്യമത്വത്തിന് ഇസ്‌ലാം കല്‍പ്പിക്കുന്ന സ്ഥാനം എത്രമാത്രം വലുതാണെന്ന് മനസ്സിലാക്കിത്തരുന്നു: ''നിങ്ങളോട് യുദ്ധം ചെയ്യുന്നവരോട് അല്ലാഹുവിന്റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യുവിന്‍. എന്നാല്‍ അതിക്രമം പ്രവര്‍ത്തിച്ചുകൂടാ. എന്തെന്നാല്‍ അതിക്രമികളെ അല്ലാഹു ഇഷ്ടപ്പെടുന്നില്ല'' (അല്‍ ബഖറ: 190). ''നിങ്ങള്‍ പ്രതികാരം ചെയ്യുകയാണെങ്കില്‍, അക്രമിക്കപ്പെട്ടത് ഏതളവിലാണോ, അതേ അളവില്‍ മാത്രം ചെയ്തുകൊളളുക. എന്നാല്‍, നിങ്ങള്‍ ക്ഷമിക്കുകയാണെങ്കില്‍, ക്ഷമിക്കുന്നവര്‍ക്ക് അതു തന്നെയാണ് ശ്രേഷ്ഠം. പ്രവാചകന്‍ ക്ഷമയോടെ പ്രവര്‍ത്തിച്ചുകൊള്ളണം. നിന്റെ ഈ സഹനശീലം അല്ലാഹുവിന്റെ ഉതവിയാല്‍ മാത്രം ലഭിച്ചതാകുന്നു. അവരുടെ നീക്കങ്ങളെച്ചൊല്ലി വിഷമിക്കാതിരിക്കുക. അവരുടെ കുതന്ത്രങ്ങളോര്‍ത്തും മനഃക്ലേശം വേണ്ട. നിശ്ചയം, ഭക്തി കൈക്കൊള്ളുകയും സല്‍ക്കര്‍മങ്ങളാചരിക്കുകയും ചെയ്യുന്നവരുടെ കൂടെ അല്ലാഹുവുണ്ട്'' (അന്നഹ്ല്‍: 126,127). 

സംഘര്‍ഷഭരിതമായ സാഹചര്യങ്ങള്‍ ഒരുനിലക്കും ഇസ്‌ലാം അനുവദിക്കുന്നില്ല. യുദ്ധത്തേക്കാള്‍ വെറുക്കപ്പെട്ടതാണ് കുഴപ്പം-ഫിത്‌ന എന്ന് ഖുര്‍ആന്‍ പറയുന്നു: ''നിങ്ങളവരുമായി ഏറ്റുമുട്ടുന്നത് എവിടെവെച്ചായാലും പൊരുതിക്കൊള്ളുക. അവര്‍ നിങ്ങളെ പുറത്താക്കിയതെവിടെനിന്നാണോ, അവിടെനിന്ന് നിങ്ങള്‍ അവരെയും പുറത്താക്കുക. എന്തുകൊണ്ടെന്നാല്‍ വധം ദുഷ്ടമാണെങ്കില്‍ ഫിത്‌ന  അതിലേറെ ദുഷ്ടമാകുന്നു'' (അല്‍ ബഖറ: 191). ഈ ആയത്തിന്റെ വ്യാഖ്യാനത്തില്‍ സയ്യിദ് മൗദൂദി വിവരിക്കുന്നു: ''ഇവിടെ ഫിത്‌ന എന്ന വാക്ക്, ഇംഗ്ലീഷില്‍ ജലൃലെരൗശേീി എന്ന വാക്കിന്റെ അതേ അര്‍ഥത്തിലാണ് ഉപയോഗിച്ചിട്ടുള്ളത്. അതായത്, ഒരു വ്യക്തിയോ പാര്‍ട്ടിയോ നിലവിലുള്ള ആദര്‍ശ സിദ്ധാന്തങ്ങളുടെ സ്ഥാനത്ത് മറ്റു ചില ആദര്‍ശ സിദ്ധാന്തങ്ങള്‍ സത്യമെന്നു കണ്ട് സ്വീകരിക്കുകയും വിമര്‍ശന പ്രബോധനങ്ങള്‍ വഴി സമുദായത്തിന്റെ നിലവിലുള്ള വ്യവസ്ഥയില്‍ പരിഷ്‌കരണം വരുത്താന്‍ ശ്രമിക്കുകയും ചെയ്യുന്നുവെന്ന ഏക കാരണത്താല്‍ അവരെ അക്രമ മര്‍ദനങ്ങള്‍ക്കിരയാക്കുക. മനുഷ്യന്റെ രക്തം ചിന്തുക വളരെ ചീത്ത പ്രവൃത്തി തന്നെ. പക്ഷേ, മനുഷ്യരില്‍ ഒരു വിഭാഗം തങ്ങളുടെ ചിന്താപരമായ ആധിപത്യം അന്യരുടെ മേല്‍ നിര്‍ബന്ധപൂര്‍വം വെച്ചുകെട്ടുകയും ജനങ്ങള്‍ സത്യം സ്വീകരിക്കുന്നതിനെ ബലം പ്രയോഗിച്ചുതടയുകയും സംസ്‌കരണത്തിനുള്ള, ന്യായവും ബുദ്ധിപൂര്‍വകവുമായ പരിശ്രമങ്ങളെ തെളിവുകള്‍കൊണ്ട് നേരിടുന്നതിനു പകരം മൃഗീയ ശക്തികൊണ്ട് നേരിടാന്‍ തുടങ്ങുകയും ചെയ്യുമ്പോള്‍ കൊലപാതകത്തേക്കാള്‍ കഠിനതരമായ തെറ്റാണ് വാസ്തവത്തിലവര്‍ പ്രവര്‍ത്തിക്കുന്നത്. അത്തരക്കാരെ വാളിന്റെ ശക്തികൊണ്ടുതന്നെ തട്ടിനീക്കുകയെന്നത് ന്യായവും നീതിയും മാത്രമാണ്. ഇതാണ് പ്രകൃത വാക്യത്തിന്റെ വിവക്ഷ.'' 

വിവാഹം, കുടുംബം, അനന്തരാവകാശം തുടങ്ങിയ കാര്യങ്ങളില്‍ ഇസ്‌ലാമിന്റെ നിയമങ്ങള്‍ മധ്യമ നിലപാടിനെയും സന്തുലിതത്വത്തെയും വീണ്ടും അരക്കിട്ടുറപ്പിക്കുന്നു. ഭാര്യമാര്‍ക്കിടയിലെ നീതി, മാതാപിതാക്കളും മക്കളും തമ്മിലെ ബന്ധം, രക്തബന്ധുക്കളും കുടുംബബന്ധുക്കളും തമ്മിലെ ബന്ധം ഇതിലെല്ലാമുള്ള ഇസ്‌ലാമിക നിയമങ്ങള്‍ വിശദമായ പഠനത്തിനു വിധേയമാക്കേണ്ട വിഷയങ്ങളാണ്. 

അവലംബം: 

1. കലിമാത്തുന്‍ ഫില്‍ വസത്വിയ്യത്തില്‍ ഇസ്‌ലാമിയ്യ വ മആലിമുഹാ-യൂസുഫുല്‍ ഖറദാവി

2. തഫ്ഹീമുല്‍ ഖുര്‍ആന്‍, സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദി

3.www.qaradawi.net


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-25 / അല്‍ ഫുര്‍ഖാന്‍ / 1
എ.വൈ.ആര്‍