ഖുര്‍ആന്‍: നിയമവും നിലപാടും
2016 ജൂണ്‍ 10-ല്‍ ജുമൈല്‍ കൊടിഞ്ഞി എഴുതിയ 'വിശുദ്ധ ഖുര്‍ആന്‍: വ്യാഖ്യാനങ്ങളും സൂക്ഷ്മതയും' എന്ന ലേഖനത്തെ അധികരിച്ച് എഴുതുന്നതാണ് ഈ കുറിപ്പ്.
കാലഘട്ടത്തിനനുസരിച്ച് ഖുര്‍ആനെ വായിക്കുക/ ഖുര്‍ആനിനനുസരിച്ച് കാലഘട്ടത്തെ വായിക്കുക. ഇതില്‍ രണ്ടാമത് പറഞ്ഞ വ്യാഖ്യാനത്തിന്റെ രീതിശാസ്ത്രത്തിലാണ് എപ്പിസ്റ്റമോളജി അഥവാ ജ്ഞാനസിദ്ധാന്തശാസ്ത്രം എന്ന വ്യവഹാരം പ്രസക്തമാകുന്നത്. എപ്പിസ്റ്റെം എന്ന ഗ്രീക്ക് പദത്തിന് അറിവ് എന്നാണര്‍ഥം. അറിവിനെക്കുറിച്ച തത്ത്വശാസ്ത്ര സിദ്ധാന്തങ്ങളാണ് എപ്പിസ്റ്റമോളജി. എന്തിനെക്കുറിച്ച ഏത് അറിവും എങ്ങനെ രൂപമെടുക്കുന്നു എന്ന് ജ്ഞാനസിദ്ധാന്തം അന്വേഷിക്കുന്നു. ഒരു സവിശേഷമായ ജ്ഞാനം ഒരു സവിശേഷ കാലഘട്ടത്തില്‍ സംഭവിക്കുന്നു എന്നതിനെയും മറ്റൊരു കാലഘട്ടത്തില്‍ അതേ അറിവ് അപ്രസക്തമാകുന്നു എന്നതിനെയും ആസ്പദമാക്കി എപ്പിസ്റ്റെം (ജ്ഞാനിമം) എന്ന പരികല്‍പന മിഷേല്‍ ഫൂക്കോ അവതരിപ്പിച്ചിട്ടുണ്ട്. നവോത്ഥാന ജ്ഞാനിമം, ക്ലാസിക്കല്‍ ജ്ഞാനിമം, ആധുനിക ജ്ഞാനിമം എന്നിങ്ങനെ ജ്ഞാനിമങ്ങളെ (ജ്ഞാനഘട്ടങ്ങളെ) മൂന്നായി തിരിക്കുന്നുമുണ്ട് ഫൂക്കോ. ചരിത്ര ഘട്ടവും ചരിത്ര ഘട്ടം കാഴ്ചവെക്കുന്ന അധികാരക്രമങ്ങളും അവയെ സാധ്യമാക്കുന്ന വ്യവഹാരങ്ങളും അതേ ചരിത്രഘട്ടത്തിലെ ജ്ഞാന വ്യവഹാരങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന കാഴ്ചപ്പാട് ഖുര്‍ആന്റെ വ്യാഖ്യാനത്തെയും പ്രയോഗത്തെയും അതിന്റെ ആഖ്യാനത്തെയും സംബന്ധിച്ചും പ്രസക്തമാണ്. പൂര്‍വസൂരികളായ ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ ജീവിച്ച കാലഘട്ടവും പ്രസ്തുത കാലഘട്ടത്തിന്റെ ജ്ഞാനിമവും അവരുടെ ജ്ഞാനാര്‍ജന സ്രോതസ്സുകളും ആധുനിക ജ്ഞാനഘട്ടത്തിന്റെ മേല്‍പറഞ്ഞ ഘടകങ്ങളുമായി ഏതെല്ലാം തരത്തില്‍ വ്യത്യാസപ്പെട്ടിരിക്കുന്നു എന്നതാണ് ഖുര്‍ആന്‍ വ്യാഖ്യാനത്തെ സംബന്ധിച്ച എപ്പിസ്റ്റമോളജിക്കല്‍ ഫ്രൈംവര്‍ക്കിന്റെ മുന്നുപാധി. ജ്ഞാനോല്‍പാദനത്തിന്റെ സാധ്യത ജ്ഞാനിമവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന കാര്യം ഇന്ന് അനിഷേധ്യമാണ്. സംവേദനശേഷിയും സംവേദനങ്ങളുടെ പ്രകാശനവും അര്‍ഥോല്‍പാദനവും വ്യാഖ്യാനമണ്ഡലവും ചരിത്രപരവും സാമൂഹികവുമാണ് എന്നര്‍ഥം.
പൂര്‍വസൂരികളായ മുഫസ്സിറുകളുടെ സൂക്ഷ്മവും വിശാലവുമായ സംവേദനക്ഷമത അംഗീകരിക്കുമ്പോള്‍തന്നെ ആധുനികവും ഉത്തരാധുനികവുമായ വര്‍ത്തമാന കാലഘട്ടത്തിന്റെ തേട്ടങ്ങളും ആവശ്യങ്ങളും അവക്കാധാരമായ അധികാര ഘട്ടങ്ങളും തീര്‍ത്തും മറ്റൊന്നാണ് എന്ന് കാണാതിരുന്നിട്ട് കാര്യമില്ല. പൂര്‍വസൂരികളും മഹത്തുക്കളുമായ മുഫസ്സിറുകളുടെ ജ്ഞാനശാസ്ത്രപരവും സ്വാഭാവികവുമായ പരിമിതികള്‍ക്കപ്പുറം സാര്‍വകാലികമായ ജ്ഞാന സ്രോതസ്സുകളെ ഉള്‍ക്കൊള്ളുന്ന ലോകത്തിലെ ഒരേയൊരു ഗ്രന്ഥമാണ് ഖുര്‍ആന്‍. ഖുര്‍ആന്‍ വ്യാഖ്യാനവുമായി ബന്ധപ്പെട്ട ഈ പരിമിതികളെ ഉള്‍ക്കൊള്ളുമ്പോള്‍ മാത്രമാണ് ഖുര്‍ആന്റെ ജ്ഞാനശാസ്ത്രപരമായ സാര്‍വകാലികതയെക്കുറിച്ച ബോധ്യത്തിലേക്ക് ഒരാള്‍ എത്തിച്ചേരുക. ആയിരം വര്‍ഷം മുമ്പുള്ള ഖുര്‍ആന്റെ യാതൊരു വ്യാഖ്യാതാവും അവകാശപ്പെട്ടിട്ടുണ്ടാവില്ല, തന്റെ വ്യാഖ്യാനവും താന്‍ അതിനായി ഉപയോഗപ്പെടുത്തിയ രീതിശാസ്ത്രവും ഇനി വരാനിരിക്കുന്ന വ്യാഖ്യാനങ്ങളുടെ 'നിയമവും വ്യവസ്ഥയും' ആണെന്ന്. ഖുര്‍ആനെക്കുറിച്ച് ഖുര്‍ആന്‍ പറയുന്നത് ഇത് ജനങ്ങളുടെ കണ്ണ് തുറപ്പിക്കുന്ന ഖുര്‍ആനാണെന്നാണ് (40:20, 7:203, 6:104). കാര്യങ്ങളുടെ സാര്‍വകാലികമായ വിശകലനവും വിശദീകരണവുമാണ് ഖുര്‍ആന്‍ എന്നും ഖുര്‍ആന്‍ തന്നെ പറയുന്നു എന്നിരിക്കുമ്പോള്‍ ഖുര്‍ആന്‍ എല്ലാ കാലത്തേക്കുമുള്ള 'നിയമങ്ങള്‍' ക്രോഡീകരിച്ചിരിക്കുന്ന ഒരു 'നിയമഗ്രന്ഥ'മാണ് എന്ന് പറയുന്നതില്‍ പന്തികേടുണ്ട്. നിയമത്തേക്കാളേറെ, അതത് ചരിത്ര ഘട്ടത്തിലെ ബഹുദൈവത്വ അധികാരഘടനകള്‍ക്കെതിരെ നിലപാടുകളെടുക്കാന്‍ വേണ്ടി 'നിരന്തരം വായിക്കപ്പെടുന്ന' ഗ്രന്ഥമാണ് ഖുര്‍ആന്‍.
വിചാരമാതൃകകളില്‍ വരുന്ന മാറ്റത്തിന്റെ (പാരഡൈം ഷിഫ്റ്റ്) അടിസ്ഥാനം സാമൂഹിക-സാമ്പത്തിക വ്യവഹാരങ്ങളില്‍ വരുന്ന മാറ്റങ്ങളാണ്. ഓരോ സാമൂഹികാവസ്ഥയുടെയും, ആ അവസ്ഥക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്ന വ്യവസ്ഥകളുടെയും വിമര്‍ശനാത്മകവും വിശകലനാത്മകവുമായ സമീപന രീതിയുടെ നിദാനം ഖുര്‍ആന്റെ മൂലരൂപത്തില്‍നിന്ന് വേര്‍തിരിച്ചെടുക്കുക എന്ന ഉത്തരവാദിത്തമാണ് ആധുനിക ഖുര്‍ആന്‍ വ്യാഖ്യാതാവിനുള്ളത്. കേവലമായി ഇത് രീതിശാസ്ത്രപരമല്ല, മറിച്ച് പ്രത്യയശാസ്ത്രപരമാണ്. പ്രത്യയശാസ്ത്രവിമുഖമായി രീതിശാസ്ത്രം എന്ന ഒന്നില്ല. അധികാര വ്യവസ്ഥകളുടെ വിമര്‍ശനവുമായി ബന്ധപ്പെട്ട്, നിലനില്‍ക്കുന്ന വ്യവസ്ഥയുടെ ഇസ്‌ലാമിക വിമര്‍ശനം ഖുര്‍ആനെ അടിസ്ഥാനമാക്കി ഒരു പ്രത്യയശാസ്ത്ര ചട്ടക്കൂടിനകത്ത് (Ideological Frame work)നിന്നുകൊണ്ട് എങ്ങനെ നിര്‍വഹിക്കാം എന്നതാണ് ഖുര്‍ആന്റെ കാലിക വായനയുടെ രീതിശാസ്ത്രം. ഈ രീതിശാസ്ത്രം ഖുര്‍ആനിന് വെളിയില്‍ അന്വേഷിക്കുമ്പോഴാണ് ഖുര്‍ആന്റെ വിവിധതരം 'പക്ഷം' വായനകള്‍ ഉണ്ടാകുന്നത്. ഖുര്‍ആന്റെ 'സ്ത്രീപക്ഷവായന' ഉണ്ടാകുമ്പോള്‍ സ്ത്രീപക്ഷത്തിന്റെ ഖുര്‍ആനിക വായന ഉണ്ടാകുന്നില്ല. മാര്‍ക്‌സിസത്തിന്റെ ഖുര്‍ആനിക വായന ഉണ്ടാകുന്നില്ല. 'കീഴാളത്ത'ങ്ങളെ സംബന്ധിച്ച ഖുര്‍ആനിക വായനയും ഉണ്ടാകുന്നില്ല. ദലിതത്ത്വം, കീഴാളത്തം, ലിംഗവിവേചനം മുതലായ വ്യവഹാരങ്ങള്‍ക്ക് ഖുര്‍ആനിക വായനകള്‍ ഉണ്ടാകാതെ വരുമ്പോഴാണ് സ്ത്രീവാദത്തിന്റെ പേരില്‍ ഇസ്‌ലാമിനെക്കുറിച്ച് ആര്‍ക്കും എന്തും പറയാവുന്ന അവസ്ഥ ഉണ്ടാകുന്നതും വാളെടുത്തവരെല്ലാം വെളിച്ചപ്പാട് എന്ന പോലെ ബഹുഭാര്യാത്വത്തെക്കുറിച്ച് വായില്‍ തോന്നിയത് വിളിച്ചു പറയുന്നവര്‍ 'ഇസ്‌ലാമിക സ്ത്രീവാദി'കളായി കേരളത്തില്‍ അരങ്ങു വാഴുന്നതും.
ബിംബാരാധനാപരമായ ബഹുദൈവത്വത്തില്‍നിന്ന് തീര്‍ത്തും ഭിന്നമാണ് ആധുനികവും ഉത്തരാധുനികവുമായ ബഹുദൈവത്വം. ചേഷ്ടാപരമായ ആരാധനാമുറകളുടെ അടിസ്ഥാനത്തില്‍ കേവലമായി ഒരു 'ആരാധനക്കര്‍ഹന്‍' മാത്രമായി യഥാര്‍ഥ ദൈവം മാറുകയും ഐഹിക-ഭൗതിക-സാമ്പത്തിക വ്യവഹാരങ്ങളില്‍ 'ഹവാ' എന്ന ദൈവം നമ്മുടെ ഇലാഹായി മാറുകയും ചെയ്തിരിക്കുന്നു. ഹവകളുടെ ഉലൂഹിയ്യത്താണ് മുതലാളിത്തം എന്ന് തീര്‍ത്തും പറയാവുന്ന അവസ്ഥ ആഗോളതലത്തിലും ദേശീയ-പ്രാദേശിക തലങ്ങളിലും ഇന്ന് കാണാന്‍ കഴിയും. 'ദേഹേഛ' എന്ന അര്‍ഥത്തില്‍നിന്ന് ഭൂമിയോടും സമ്പത്തിനോടും പണത്തോടുമുള്ള ഭ്രാന്തമായ ആസക്തിയും ആര്‍ത്തിയും എന്ന അര്‍ഥമണ്ഡലത്തിലാണ് ഹവകള്‍ ഇന്ന് വ്യവഹരിക്കുന്നത്. അതുകൊണ്ടുതന്നെ തൗഹീദ് എന്ന ആശയത്തെ പുതിയ അര്‍ഥമണ്ഡലത്തിലും പ്രതിസ്ഥാപിക്കേണ്ടതുണ്ട്. ഇവിടെയാണ് ഖുര്‍ആന്റെ പുനര്‍വായനയുടെയും വ്യാഖ്യാനത്തിന്റെയും പ്രസക്തി. നിലവിലുള്ള രാഷ്ട്രീയാധികാര വ്യവസ്ഥ എപ്രകാരം ബഹുദൈവത്വപരമാണ് എന്ന് ഖുര്‍ആനിലൂടെ വായിച്ചെടുക്കുകയും വിശദീകരിക്കുകയും ചെയ്യുന്നതിനാവശ്യമായ ഒരു വ്യാഖ്യാന പദ്ധതി കാലികമായി വികസിപ്പിച്ചെടുക്കേണ്ടതുണ്ട് എന്ന് ചുരുക്കം.
പ്രബോധകനായ പോരാളി
ജൂണ്‍ 17-ലെ പ്രബോധനത്തില്‍ മുഹമ്മദലി ക്ലേയെക്കുറിച്ച് വന്ന ലേഖനങ്ങള്‍, അധികം അറിയപ്പെടാത്ത അദ്ദേഹത്തിലെ പ്രബോധകനും മനുഷ്യാവകാശ പോരാളിയുമെന്ന വ്യക്തിത്വത്തിലേക്ക് വെളിച്ചം വീശുന്നു.
അമേരിക്കയിലെ കറുത്ത വര്‍ഗക്കാര്‍ നേരിടുന്ന ഉച്ചനീചത്വങ്ങള്‍ക്കെതിരെയുള്ള ഒരു സ്വാഭാവിക പ്രതികരണം മാത്രമായാണ് അദ്ദേഹത്തിന്റെ ഇസ്‌ലാമാശ്ലേഷത്തെ മനസ്സിലാക്കിയിരുന്നത്. എന്നാല്‍ ജന്മനാടിനു വേണ്ടി ഒളിമ്പിക്‌സ് സ്വര്‍ണം നേടിക്കൊടുത്തുകൊണ്ടുതന്നെ, തന്റെ യുദ്ധവിരുദ്ധ-സാമ്രാജ്യത്വ വിരുദ്ധ നിലപാടുകള്‍ ധീരമായി ഇസ്‌ലാമിന്റെ നിലപാടുതറയില്‍ നിന്നുകൊണ്ടുതന്നെ പ്രഖ്യാപിച്ച ധീര മുജാഹിദായിരുന്നു അദ്ദേഹമെന്ന് മനസ്സിലാക്കിയിരുന്നില്ല. പ്രബോധനപരമായ അദ്ദേഹത്തിന്റെ സംസാരങ്ങള്‍ ജനമനസ്സുകളെ ആഴത്തില്‍ സ്വാധീനിക്കുന്നതായിരുന്നു.
എം.ഇ.എസ് സമ്മേളനത്തിന് കേരളത്തില്‍ വന്ന അദ്ദേഹം ജെ.ഡി.ടി ഇസ്‌ലാം സന്ദര്‍ശിച്ച ശേഷം മാധ്യമം ഓഫീസ് സന്ദര്‍ശിച്ചു. അവിടെ സ്വീകരിക്കാന്‍ കാത്തുനിന്ന ഞങ്ങള്‍ക്കു നേരെ സ്വതസിദ്ധമായ പുഞ്ചിരിയോടെ മുഷ്ടിചുരുട്ടി ബോക്‌സിംഗ് ആംഗ്യങ്ങളോടെയാണ് കാറില്‍നിന്നിറങ്ങിയത്. ഇടിക്കാന്‍ ഓങ്ങിയ കൈ ഹസ്തദാനത്തിനു നീട്ടുകയും ചെയ്തു. അല്ലാഹു അദ്ദേഹത്തിന് സ്വര്‍ഗം നല്‍കി അനുഗ്രഹിക്കട്ടെ.
സി.എച്ച് മുഹമ്മദലി കൂട്ടിലങ്ങാടി
ഇരകളാവുന്ന ദലിതുകളും ന്യൂനപക്ഷങ്ങളും
'നീതിനിഷേധത്തിന്റെ ഭയാനക മുഖം' (2016 മെയ് 20) വായിച്ചു. അധികാരികളും സവര്‍ണ വിഭാഗങ്ങളും നടത്തുന്ന അതിക്രമങ്ങളുടെയും ക്രൂരതകളുടെയും ഇരകളാവുകയാണ് ദലിതുകളും ന്യൂനപക്ഷങ്ങളും. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് കഴിയുന്നവരില്‍ ഭൂരിഭാഗവും സാമ്പത്തികമായും സാമൂഹികമായും അവശത അനുഭവിക്കുന്നവരാണ് എന്ന് ദല്‍ഹി നാഷ്‌നല്‍ ലോ യൂനിവേഴ്‌സിറ്റിയിലെ ഗവേഷക സംഘം കണ്ടെത്തിയിരിക്കുന്നു. ഏതു ഭീകരക്കുറ്റവും ദലിതുകള്‍ക്കും ആദിവാസികള്‍ക്കും മുസ്‌ലിംകള്‍ക്കും എതിരെ ചുമത്തുന്നു. നല്ല അഭിഭാഷകരെ വെച്ച് കേസ് വാദിക്കാന്‍ പറ്റാതെയും പണവും സ്വാധീനവും ഇല്ലാതെയും അവര്‍ വിഷമിക്കുന്നു. വിചാരണത്തടവുകാരില്‍ മുസ്‌ലിംകളുടെ എണ്ണം കൂടുതലാണ്. ദലിത്, ആദിവാസി, മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ക്ക് നീതി ലഭിക്കാന്‍ മനുഷ്യാവകാശ കമീഷന്‍ രംഗത്തുവരണം.
പി.വി മുഹമ്മദ്, ഈസ്റ്റ് മലയമ്മ
Comments