Prabodhanm Weekly

Pages

Search

2016 ജൂലൈ 08

2959

1437 ശവ്വാല്‍ 03

വായനയെ സമ്പന്നമാക്കാന്‍ മത്സരങ്ങളുമാവാം

അനീസുദ്ദീന്‍ ചെറുകുളമ്പ്

സുഊദി യാമ്പുവിലെ 'തനിമ' സോണ്‍ 'മുഹമ്മദ് നബി: ജീവിതവും സന്ദേശവും' എന്ന വിഷയത്തില്‍ ഇസ്‌ലാമിക സമൂഹത്തിന് ഒരു വായനാ മത്സരം നടത്തിയിരുന്നു. പ്രബോധനം വാരികയുടെ 2015 ഡിസംബര്‍ 25  ലക്കം 'മുഹമ്മദ് നബി മാതൃകാ ജീവിതം' എന്ന വിഷയത്തില്‍ വന്ന ലേഖനങ്ങളെ അവലംബിച്ചായിരുന്നു മത്സരം. ഒരു ചോദ്യാവലിയും

തയാറാക്കി. ഉത്തരങ്ങള്‍ വായനയിലൂടെ കണ്ടെത്തി ചോദ്യാവലി പൂരിപ്പിച്ചു നല്‍കി ഒന്നാംഘട്ട മത്സരത്തില്‍ പങ്കെടുക്കാന്‍ എല്ലാവര്‍ക്കും അവസരം നല്‍കി. പ്രബോധനം വാരികയുടെ പ്രസ്തുത ലക്കം തേടിപ്പിടിച്ചും, ലഭ്യമാകാത്തവര്‍ ഓണ്‍ ലൈന്‍ വായന നടത്തിയും നൂറോളം പേര്‍ മത്സരത്തില്‍ പങ്കാളികളായി. വിജ്ഞാന മത്സരത്തില്‍ പങ്കെടുത്തവരില്‍നിന്ന്  ഉയര്‍ന്ന മാര്‍ക്ക് നേടിയ ഇരുപതോളം പേര്‍ക്ക്  ഐ.പി.എച്ച് പ്രസിദ്ധീകരിച്ച 'മരുഭൂമിയിലെ പ്രവാചകന്‍' എന്ന പുസ്തകത്തെ ആസ്പദമാക്കി രണ്ടാംഘട്ട എഴുത്തു പരീക്ഷ സംഘടിപ്പിച്ചു. വിജ്ഞാന മത്സരത്തിലെ ചോദ്യങ്ങള്‍ ഒറ്റവാചകത്തില്‍  എഴുതാന്‍ കഴിയുന്ന വിധത്തില്‍ തയാറാക്കിയതും പൊതുപരീക്ഷ എഴുതുന്ന രീതിയില്‍ സംവിധാനിച്ചതും

പുതുമയായിരുന്നു. വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്യാന്‍ പ്രത്യേകം പൊതു സമ്മേളനവും ഒരുക്കി. സമ്മാനാര്‍ഹര്‍ തങ്ങളുടെ വായനാനുഭവങ്ങള്‍ സദസ്യരുമായി പങ്കുവെച്ചത് ശ്രോതാക്കള്‍ക്കും പുസ്തക വായനക്ക് പ്രചോദനമായി. ചിലര്‍ക്കെങ്കിലും  ഇത്തരം പരിപാടികള്‍ വായനയെ തിരിച്ചു

പിടിക്കാന്‍ പ്രചോദനമായി എന്നതും എടുത്തുപറയേണ്ടണ്ടതാണ്.

പൊതു സമൂഹത്തില്‍ വായനയെ പ്രോത്സാഹിപ്പിക്കാനാണ് 

തനിമ യാമ്പു സോണ്‍ ഇത്തരമൊരു പ്രബന്ധ രചനാമത്സരം ഒരുക്കിയത്. ആവശ്യമുള്ളവര്‍ക്ക് പുസ്തകങ്ങളും 'ഇസ്‌ലാം ഓണ്‍ ലൈവി'ന്റെ വിഷയവുമായി ബന്ധപ്പെട്ട  ലിങ്കുകളും നല്‍കി. മത്സരത്തില്‍ ധാരാളം പേര്‍ പങ്കാളികളായതും ഏറെ സന്തോഷം നല്‍കി. വിജയികള്‍ക്കുള്ള സമ്മാന ദാന ചടങ്ങ് നല്ലൊരു സൗഹൃദ സംഗമ പരിപാടിയായി. മത്സരത്തില്‍ പങ്കെടുത്ത എല്ലാവരെയും കുടുംബസമേതം ക്ഷണിച്ചിരുന്നു. ആകര്‍ഷകമായ സമ്മാനത്തോടൊപ്പം മുഹമ്മദ് നബിയെക്കുറിച്ച് സമഗ്രമായി പഠിക്കാന്‍ പറ്റിയ പുസ്തകവും അവര്‍ക്കു നല്‍കി. പരിപാടിയില്‍ പങ്കെടുത്ത സഹോദര സമുദായത്തിലെ വ്യക്തികള്‍ മുഹമ്മദ് നബിയുടെ ജനനം കൊണ്ട് അനുഗൃഹീതമായ സുഊദി അറേബ്യയില്‍ നീണ്ട കാലം പ്രവാസിയായിട്ടും ഒരു മത്സരം ഉണ്ടായപ്പോഴാണ്  മുഹമ്മദ് നബിയെ കുറിച്ച് അറിയാന്‍ ശ്രമിച്ചതെന്ന് പറഞ്ഞപ്പോള്‍ ഏറെ നിര്‍വൃതി തോന്നി.  

വായനയെ പ്രോത്സാഹിപ്പിക്കാന്‍ ഇത്തരം നല്ല പരിപാടികള്‍ വ്യാപകമായി നടക്കേണ്ടതിന്റെ പ്രസക്തി ബോധ്യപ്പെടുത്താനാണ് യാമ്പുവിലെ ഈ അനുഭവ വിവരണം  ഇവിടെ പകര്‍ത്തിയത്. പുതുതലമുറക്ക് വായന ശീലമാക്കാന്‍ ഇത്തരത്തില്‍ എന്ത് പരിപാടികളാണ് നാം ആസൂത്രണം ചെയ്യേണ്ടത് എന്ന് ഗൗരവപൂര്‍വം ചര്‍ച്ച ചെയ്യേണ്ടിയിരിക്കുന്നു. പ്രിന്റ് മാധ്യമങ്ങളുടെയും നല്ല പുസ്തകങ്ങളുടെയും വായന കുറഞ്ഞുവരുന്നത് ഒട്ടും ശുഭസൂചകമല്ല. വായനക്കാരെ ആ രണ്ടു മാധ്യമങ്ങളിലേക്ക് തിരിച്ചുകൊണ്ടണ്ടുവരണം. അതിന് എന്തുണ്ട് വഴിയെന്നു ആലോചിക്കണം. എങ്കിലേ വിജ്ഞാന സമ്പാദനം തപസ്യയാക്കിയ നല്ലൊരു തലമുറയെ വാര്‍ത്തെടുക്കാന്‍ സാധ്യമാവൂ. 

 


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-24 / അന്നൂര്‍ / 39-42
എ.വൈ.ആര്‍