നര്‍മദാ സമരത്തിലേക്ക് അവരുടെ ജീവിതത്തിലേക്ക്
ക്വിസ് മത്സരങ്ങളിലെ ചോദ്യങ്ങളില്‍നിന്നാണ് നര്‍മദ സമരത്തെയും മേധാപട്കറെയും ആദ്യമായി അറിയുന്നത്. ഉത്തരേന്ത്യയിലെവിടെയോ നടക്കുന്ന കേവല പരിസ്ഥിതി സംരക്ഷണത്തിനപ്പുറത്തേക്ക് നര്‍മദ സമരത്തെ പരിചയപ്പെടുത്താന്‍ ആ ചോദ്യാവലിക്ക് കരുത്തുണ്ടായിരുന്നില്ല. 2004-ല്‍ മേധാപട്കറുടെ നേതൃത്വത്തില്‍ ദല്‍ഹിയില്‍ ദിവസങ്ങള്‍ നീണ്ടുനിന്ന സത്യാഗ്രഹ സമരത്തിന്റെ പശ്ചാത്തലത്തില്‍ കോളേജ് അധ്യാപകനായിരുന്ന ഡോ. ആര്‍. യൂസുഫ് നടത്തിയ പ്രഭാഷണത്തില്‍നിന്നാണ് സമരത്തെപ്പറ്റി കൂടുതല്‍ പഠിക്കാന്‍ തോന്നിയത്. മുഖ്യധാരാ മാധ്യമങ്ങള്‍ വേണ്ടത്ര പരിഗണിച്ചിട്ടില്ലാത്ത സമരത്തെ അറിയാന്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളാണ് ഉപയോഗപ്പെടുത്തിയത്. സമരനായിക മേധാപട്കറില്‍നിന്ന് വിവരങ്ങള്‍ ശേഖരിക്കുന്നതിനിടെയാണ് അവര്‍ നേരിട്ട് സ്ഥലം സന്ദര്‍ശിക്കാന്‍ ക്ഷണിക്കുന്നത്. 2005 ആഗസ്റ്റില്‍ മൂന്ന് മേഖലകളിലായി നടക്കുന്ന സത്യാഗ്രഹ സമരത്തിലേക്ക് അവരുടെ ക്ഷണം സ്വീകരിച്ച് 23 പേരടങ്ങുന്ന ഞങ്ങളുടെ വിദ്യാര്‍ഥി സംഘം യാത്ര പുറപ്പെട്ടു.
കേട്ടും വായിച്ചും അറിഞ്ഞ കാര്യങ്ങള്‍ നേരിട്ട് കാണുകയും അനുഭവിക്കുകയും ചെയ്യുമ്പോള്‍ പുതിയ ചില ദിശകളിലേക്ക് നമ്മുടെ ബോധം ചെന്നെത്തും. കോളേജുകളില്‍നിന്ന് സാധാരണ നടക്കാറുള്ള ടൂറുകളില്‍നിന്ന് വ്യത്യസ്തമായി, നാഗരികതകളെയും സാമൂഹിക യാഥാര്‍ഥ്യങ്ങളെയും അനുഭവിപ്പിക്കുന്ന യാത്രകള്‍ നടത്തുന്ന ഒരു പാരമ്പര്യം ഫറോക്ക് ഇര്‍ശാദിയാ കോളേജിനുണ്ട്. അത്തരമൊരു യാത്രാ ശ്രേണിയിലെ ചുവടായിരുന്നു ഞങ്ങളുടെ വിദ്യാര്‍ഥി ജീവിത കാലത്ത് ലഭിച്ച നര്‍മദാ യാത്രാനുഭവം.
ഗുജറാത്ത്-മധ്യപ്രദേശ്-മഹാരാഷ്ട്ര സംസ്ഥാനങ്ങളിലൂടെ ഒഴുകുന്ന നര്‍മദ നദിക്ക് കുറുകെ അണക്കെട്ട് നിര്‍മിക്കാന്‍ തീരുമാനിക്കുന്നത് 1969-ലെ നദീജല തര്‍ക്ക പരിഹാര സമിതിയുടെ റിപ്പോര്‍ട്ട് പ്രകാരമാണ്. 30 വലിയ അണക്കെട്ടുകളും 135 ഇടത്തരം അണക്കെട്ടുകളും 3000 ചെറിയ അണക്കെട്ടുകളും ചേര്‍ന്നതാണ് നര്‍മദ പദ്ധതി. മേഖലയിലെ കാര്‍ഷിക-കുടിവെള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനെന്ന പേരില്‍ 1984-ല്‍ നിര്‍മാണമാരംഭിച്ച പദ്ധതി 3 ലക്ഷം കുടുംബങ്ങളെ വെള്ളത്തിനടിയിലാക്കുന്നതും ഏഴ് ലക്ഷം പേരുടെ ഉപജീവന മാര്‍ഗം തടസ്സപ്പെടുത്തുന്നതുമാണ്. വഴിയാധാരമാവുന്നതില്‍ കൂടുതലും ആദിവാസികളും പിന്നാക്കവിഭാഗങ്ങളില്‍പെട്ട കര്‍ഷകരുമാണ്. കെവാട്‌സ്, ഹാര്‍സ് എന്നീ ആദിവാസി ഗോത്രവിഭാഗങ്ങളാണ് ഏറ്റവും കൂടുതല്‍ ഇരകളായ സമൂഹം.
മധ്യപ്രദേശിലെ ബര്‍വാനിയില്‍ നടക്കുന്ന സമരസ്ഥലമാണ് ഞങ്ങള്‍ ആദ്യം സന്ദര്‍ശിച്ചത്. ക്വണ്ട്‌വ റെയില്‍വേ സ്റ്റേഷനില്‍നിന്ന് ഏതാണ്ട് 170 കി.മീ ദൂരം സഞ്ചരിച്ചാല്‍ ബര്‍വാനിയിലെത്താം. കൃഷിയെ ആശ്രയിച്ച് കഴിയുന്ന ചെറുകിട നഗരമാണ് ബര്‍വാനി. നര്‍മദ നദി കവിഞ്ഞൊഴുകുന്ന തീരം. നദീതീരത്ത് പ്രത്യേകം പന്തല്‍ കെട്ടി നടക്കുന്ന സമരം ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്നതാണ്. ഞങ്ങളെത്തുന്ന ദിവസം വിവിധ ജില്ലകളില്‍നിന്നുവന്ന കര്‍ഷക സംഘടനാ നേതാക്കള്‍ പങ്കെടുക്കുന്ന പ്രത്യേക യോഗം നടക്കുന്നുണ്ട്. കര്‍ഷക നേതാവായ രാംലാലിനോട് ഞങ്ങള്‍ ദീര്‍ഘമായി സംസാരിച്ചു. മറ്റൊരു ജില്ലയില്‍ നിന്നെത്തിയ അദ്ദേഹത്തിന്റെ കീഴില്‍ ഒരു ഗ്രാമം മൊത്തം സംഘടിച്ചിട്ടുണ്ടത്രെ. സര്‍ദാര്‍ സരോവര്‍ പ്രൊജക്ടിന്റെ ഇരകളാണ് അദ്ദേഹത്തിന്റെ ഗ്രാമനിവാസികള്‍. ഒരു കുന്നിന്റെ താഴ്‌വരയില്‍ ജീവിച്ചിരുന്ന ഗ്രാമം ഇപ്പോള്‍ കുന്നിന്റെ മുകളിലേക്ക് മാറിത്താമസിക്കേണ്ടി വന്നിരിക്കുകയാണ്. അതോടെ കുടിവെള്ളം നിലച്ചു; കൃഷിയിടങ്ങള്‍ നഷ്ടപ്പെട്ടു. ജീവിതം വഴിമുട്ടി.
പിന്നീട് ഗ്രാമവാസികള്‍ അവരുടെ സമരനാളുകള്‍ വിശദീകരിക്കുന്ന സെഷനായിരുന്നു. അവര്‍ക്ക് ഇന്ന് സമരം അവരുടെ ജീവിതം തന്നെയാണ്. വികസനത്തിന്റെ ദുരന്തസാക്ഷികളാണവര്‍. ഇന്ത്യന്‍ ഗ്രാമങ്ങളുടെ എല്ലാ നിസ്സഹായതയും പേറുന്ന നാട്. റോഡില്ല, ആവശ്യത്തിന് സ്‌കൂളുകളും ആശുപത്രികളുമില്ല. അണക്കെട്ടിന്റെ ഉയരത്തിനൊത്ത് വെള്ളത്തിനടിയിലായ നിരവധി ഗ്രാമങ്ങള്‍ സന്ദര്‍ശിക്കാനവസരം ലഭിച്ചു. ഗുഡ്‌സ് വാഹനത്തിലും കൃഷിക്കുപയോഗിക്കുന്ന ട്രക്കിലുമൊക്കെയായിരുന്നു യാത്ര. കിലോമീറ്ററുകള്‍ സഞ്ചരിച്ച് ഉള്‍പ്രദേശങ്ങളിലെത്തി. നര്‍മദ സമരത്തിന്റെ ആദ്യചുവടുകള്‍ വെച്ച മണിബേലിയും പരിസരഗ്രാമങ്ങളും സന്ദര്‍ശിച്ചു. ഇപ്പോഴും മുങ്ങിക്കൊണ്ടിരിക്കുന്ന ഗ്രാമങ്ങള്‍. സത്പുര മലനിരകളുടെ ഏതോ ഒരു കോണില്‍ നര്‍മദയാല്‍ ചുറ്റപ്പെട്ട് കിടക്കുകയാണവ. കടന്നെത്താന്‍ നല്ല റോഡോ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളോ ഇവിടെയില്ല. സഞ്ചരിച്ചിരുന്ന ഗുഡ്‌സ് വാഹനത്തില്‍നിന്നിറങ്ങി ഒരു തോണിയില്‍ കയറി. യന്ത്രം ഘടിപ്പിച്ച തോണിയില്‍ രണ്ട് മണിക്കൂര്‍ സഞ്ചരിച്ച് മറ്റൊരു ഗ്രാമത്തിലെത്തി. മഹാരാഷ്ട്രയുടെയും മധ്യപ്രദേശിന്റെയും അതിര്‍ത്തി പങ്കിടുന്ന മലനിരകളാണവ. തെന്നി താഴേക്ക് പതിക്കാന്‍ സാധ്യതയുള്ള ഒരു ഒറ്റയടിപ്പാതയിലൂടെ മലയിറങ്ങിയാണ് ഞങ്ങള്‍ നീങ്ങിയത്. വിദൂരവും അപ്രാപ്യവുമായ ഈ ഇടങ്ങളില്‍ 25 വര്‍ഷങ്ങള്‍ക്കു മുമ്പ് ദുഷ്‌കരമായ പാറക്കെട്ടുകളും താണ്ടി ആദിവാസികളെയുള്‍പ്പെടെ ശാക്തീകരിക്കാന്‍ ഇവര്‍ക്കായി എന്നത് വിസ്മയപ്പെടുത്തുന്നു.
വെള്ളത്തിന് മുകളില്‍ ശിഖരങ്ങള്‍ മാത്രമായി അവശേഷിക്കുന്ന വന്‍മരങ്ങള്‍ കാണാം. വെള്ളത്തിനടിയിലുള്ള മരത്തിന്റെ കൂടെ കുറേ പേരുടെ ജീവിതവും ഇല്ലാതായതായി കൂടെ വന്ന സമര പ്രവര്‍ത്തകന്‍ പറഞ്ഞു. മാത്രമല്ല; വെള്ളം പരിധിവിട്ട് കയറിയതോടെ മറ്റ് ഗ്രാമങ്ങളില്‍നിന്ന് അവര്‍ പൂര്‍ണമായും ഒറ്റപ്പെടുകയും ചെയ്തു. ഭക്ഷ്യാവശ്യങ്ങള്‍ക്കുള്ള കിഴങ്ങ് വിഭവങ്ങള്‍ കൃഷി ചെയ്തും മത്സ്യബന്ധനം നടത്തിയുമാണവര്‍ ഉപജീവനം മുന്നോട്ടു കൊണ്ടുപോവുന്നത്. മാരകമായ രോഗങ്ങള്‍ പിടിപെട്ടാല്‍ മരണത്തിന് വഴങ്ങിക്കൊടുക്കുകയല്ലാതെ നിവൃത്തിയില്ല. അസുഖം മൂര്‍ഛിച്ച ഒരാളെ രണ്ട് വടികള്‍ക്കിടയില്‍ തുണികെട്ടിയുണ്ടാക്കിയ സ്‌ട്രെക്ചറില്‍ കിടത്തി ഇടുങ്ങിയ മലമ്പാതകള്‍ താണ്ടി തോണി കയറാന്‍ പോവുന്ന കാഴ്ച കണ്ടിട്ടുണ്ട്. അവരെ ചൂണ്ടി ഒരു നാട്ടുകാരന്‍ പറഞ്ഞു; താമസിയാതെ മരണം സ്ഥിരീകരിച്ച് അവര്‍ തിരിച്ചെത്തുമെന്ന്. കാരണം ആ ഗ്രാമത്തില്‍നിന്ന് നാല് മണിക്കൂറെങ്കിലും സഞ്ചരിച്ചാലേ ശരാശരി സംവിധാനങ്ങളുള്ള ഒരു ആശുപത്രിയിലെത്താനാവൂ. വൈദ്യുതി എന്ന സംവിധാനം ഒരുപക്ഷേ ആ ഗ്രാമത്തിലെ ഒരു സാധാരണക്കാരന് പരിചയമുണ്ടാവില്ല.
സമരത്തിന് നേതൃത്വം നല്‍കുന്ന നര്‍മദ ബച്ചാവോ ആന്തോളനു കീഴില്‍ ദുരിതബാധിത പ്രദേശങ്ങളിലെ കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിനുള്ള പരിശ്രമങ്ങളും നടന്നുവരുന്നുണ്ട്. ഒന്ന് മുതല്‍ അഞ്ച് വരെ പഠിക്കാനായി ജീവന്‍ശാല എന്ന പേരില്‍ ആന്ദോളന് സ്‌കൂളുണ്ട്. പത്ത് മേഖലകളിലായി ആയിരത്തിലധികം വിദ്യാര്‍ഥികള്‍ നര്‍മദ ജീവന്‍ശാലകളില്‍ പഠിച്ചുവരുന്നു. ബ്ലോക്കോഫീസിന് മുമ്പില്‍ ക്ലാസെടത്ത് സമരം ചെയ്തതിനെ തുടര്‍ന്നാണ് ചില സ്‌കൂള്‍ കെട്ടിടങ്ങളെങ്കിലും നിര്‍മിക്കാന്‍ അധികാരികള്‍ തയാറായത്. മറ്റ് ചില കെട്ടിടങ്ങള്‍ ആന്തോളന്‍ തന്നെ നിര്‍മിച്ചതാണ്. വളരെ പരിമിതമായ സൗകര്യങ്ങളുള്ള കെട്ടിടങ്ങളാണവയില്‍ അധികവും. മിക്ക സ്ഥാപനങ്ങളിലും ഒന്നോ രണ്ടോ അധ്യാപകര്‍ മാത്രം. നര്‍മദ ജീവന്‍ശാലകളെ പൊതുവിദ്യാഭ്യാസത്തിന്റെ ഭാഗമാക്കാന്‍ അധികൃതര്‍ ഇതുവരെ സന്നദ്ധമായിട്ടില്ല. സ്റ്റേറ്റ് സിലബസിനു പുറമെ ആന്തോളന്റെ പ്രത്യേക സിലബസും ചേര്‍ത്താണ് ജീവന്‍ശാലകള്‍ പ്രവര്‍ത്തിക്കുന്നത്. സാമൂഹിക ബോധവും സമര ഉള്ളടക്കങ്ങളും ചേര്‍ന്നതാണ് ആന്തോളന്റെ സിലബസ്. ചെറിയ പ്രായത്തില്‍ തന്നെ അവര്‍ നര്‍മദ സമരത്തിന്റെ ഭാഗമാകുന്നു. പ്രത്യേക 'സമര ഗാനം' തന്നെ അവര്‍ ചൊല്ലിപ്പഠിക്കുന്നുണ്ട്. അഞ്ചാം ക്ലാസിലെ ഒരു കുസൃതിക്കുട്ടി ഞങ്ങളോടിങ്ങനെ പ്രതികരിച്ചു: 'ഞങ്ങളെ ഈ രൂപത്തില്‍ ആക്കിയ കലക്ടറെ തൂക്കിലേറ്റാനാണ് ഞാന്‍ ജഡ്ജ് ആയാല്‍ ആദ്യം ഉത്തരവിറക്കുക.' പത്തോ പന്ത്രണ്ടോ മാത്രം പ്രായമുള്ള ആ കുട്ടിയുടെ വാക്കുകള്‍ ഞങ്ങളെ അമ്പരപ്പിച്ചു. അഞ്ചാം ക്ലാസിന് ശേഷം പലരും തുടര്‍പഠനം നടത്താറില്ല. ദൂരങ്ങള്‍ താണ്ടി വിദ്യാഭ്യാസം തുടരാന്‍ അവര്‍ക്കാവില്ല എന്നത് ഒരു യാഥാര്‍ഥ്യമാണ്. എങ്കിലും അതിജീവന പോരാട്ടത്തിന്റെ ഭാഗമായി തുടര്‍പഠനം നടത്തുന്നവരും അവരുടെ കൂട്ടത്തിലുണ്ട്. ജീവന്‍ശാലയിലൂടെ പഠനം പൂര്‍ത്തിയാക്കിയ ശേഷം നഗരത്തിലെ കോളേജില്‍ എം.എ ഇംഗ്ലീഷ് പഠിക്കുന്ന ഓര്‍ക്കേസ് സിംഗിന്റെ അനുഭവങ്ങള്‍ ഉദ്ധരിച്ചുള്ള ഒരു യാത്രാകുറിപ്പ് ഇതിനിടെ വായിച്ചിരുന്നു. ആദിവാസി വിദ്യാര്‍ഥികള്‍ തുടര്‍പഠന കാലത്ത് അനുഭവിക്കുന്ന വിവേചനങ്ങള്‍ അതിക്രൂരമാണ്. കാരണമില്ലാതെ മാര്‍ക്ക് കുറക്കുന്നതും അവസരം നിഷേധിക്കുന്നതും മുന്‍വിധിയോടെയുള്ള സമീപനങ്ങളും നിത്യസംഭവമാണെന്ന് ഓര്‍ക്കേസ് വെളിപ്പെടുത്തുന്നുണ്ട്.
യാത്രക്കിടെ രാത്രിതാമസവും സമരപന്തലില്‍ തന്നെയാണ്. ഭക്ഷണത്തിനായി കരുതിവെച്ചിരുന്ന അവിലും കടലയുമൊക്കെ ഒരു രാത്രി ഉറക്കത്തിനിടെ സമരപ്പന്തലില്‍ കടന്നുകയറിയ പന്നിക്കൂട്ടങ്ങള്‍ നശിപ്പിച്ചതോടെ ഭക്ഷണം വലിയ പ്രശ്‌നമായി. പട്ടിണിയില്‍ കഴിയുന്ന ഗ്രാമവാസികളെ എല്ലാ നേരവും ബുദ്ധിമുട്ടിക്കാന്‍ മനസ്സ് വരില്ല. പക്ഷേ, പട്ടിണി വകവെക്കാതെ അവര്‍ ഞങ്ങളെ സല്‍കരിച്ചു. അവര്‍ക്കു വേണ്ടി കരുതിവെച്ചത് ഒരു തളികയിലിട്ട് ഞങ്ങളും അവരും ഒരുമിച്ച് ഭക്ഷിക്കുകയായിരുന്നു.
ദിവസം ഒരു നേരം മാത്രമേ വിശപ്പ് മാറാന്‍ ഭക്ഷണം ലഭിച്ചിരുന്നുള്ളൂ. ബാക്കി നേരം വെള്ളം കുടിച്ച് വയറ് നിറക്കണം. സഞ്ചരിച്ച സ്ഥലങ്ങളിലധികയിടങ്ങളിലും കക്കൂസ് ഉണ്ടായിരുന്നില്ല. നേരം വെളുക്കുന്നതിനു മുമ്പ് സ്ത്രീകള്‍ പൊതുസ്ഥലങ്ങള്‍ ഉപയോഗിക്കലാണ് പതിവ്.
വളരെക്കുറച്ച് ഇരകളെ മാത്രമേ പദ്ധതിയുടെ ഭാഗമായി പനരധിവസിപ്പിച്ചിട്ടുള്ളൂ. പക്ഷേ അതുപോലും അശാസ്ത്രീയമാണ്. പുനരധിവാസത്തിന്റെ ഭാഗമായി രൂപപ്പെട്ട ഒരു പുതിയ പ്രദേശത്തും ഞങ്ങളിലൊരു ടീം പോയിരുന്നു. മുക്കുവരും കര്‍ഷകരുമായ സാധാരണക്കാരെ കുടിവെള്ളം പോലും ലഭിക്കാത്ത കുന്നിന്റെ മുകളില്‍ കയറ്റി ഇഞ്ചിഞ്ചായി കൊല്ലുന്നതിനെയാണ് പുനരധിവാസം എന്നു പറയുന്നത്. പച്ചമുളകിന്റെ ചെറിയ തൈ പോലും മുളക്കാത്ത പാറക്കെട്ടിന്റെ മുകളില്‍ അവര്‍ തീ തിന്ന് ജീവിക്കുകയാണ്.
നര്‍മദ അണക്കെട്ട് ശൃംഖലയിലെ ഏറ്റവും വലിയ പദ്ധതിയാണ് സര്‍ദാര്‍ സരോവര്‍ പ്രൊജക്ട്. ഈ പ്രൊജക്ടിന്റെ ഇരകളുടെ ജീവിതം അതീവ ദുസ്സഹമാണ്. മറ്റാര്‍ക്കോ വേണ്ടി ജീവിതം ഹോമിക്കാന്‍ വിധിക്കപ്പെട്ടവര്‍. 1979-ല്‍ നര്‍മദാ വാലി വികസന പദ്ധതിയുടെ ഭാഗമായി ആരംഭിച്ച സര്‍ദാര്‍ സരോവര്‍ പ്രൊജക്ട് യാഥാര്‍ഥ്യമായാല്‍ ഗുജറാത്തിലെ 20 ലക്ഷം ഹെക്ടറും രാജസ്ഥാനിലെ 75,000 ഹെക്ടറും കൃഷിഭൂമികളിലേക്കുള്ള ജലസേചന പദ്ധതികളാണ് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ബറോഡയിലെയും അഹ്മദാബാദിലെയും വന്‍കിട വ്യവസായ സംരംഭങ്ങള്‍ക്ക് വെള്ളം ലഭിക്കുന്നതൊഴിച്ചുനിര്‍ത്തിയാല്‍ കൃഷിഭൂമികളിലേക്കുള്ള കനാലുകള്‍ പോലും ഇനിയും കുഴിച്ചിട്ടില്ല. 450 മില്യന്‍ ഡോളര്‍ ലോക ബാങ്ക് സഹായത്തോടെ നിര്‍മിക്കാന്‍ ഉദ്ദേശിച്ചിരുന്ന പദ്ധതിക്ക് 45,673 കോടി രൂപ ഇതുവരെ ചെലവായി. പക്ഷേ പദ്ധതി ലാഭകരമല്ലെന്ന് മനസ്സിലാക്കി 1995-ല്‍ ലോക ബാങ്ക് പദ്ധതിയില്‍നിന്ന് പൂര്‍ണമായി പിന്മാറി.
138.82 മീറ്റര്‍ ഉയരമുള്ള പദ്ധതി 35 വര്‍ഷം പിന്നിട്ടിട്ടും പൂര്‍ത്തിയാക്കാനായില്ല എന്നതാണ് സമരത്തിന്റെ വിജയം. 1999 മുതല്‍ നിര്‍മാണം തുടരാന്‍ കോടതി അനുമതി നല്‍കിയതിനെ തുടര്‍ന്ന് 2007-ല്‍ പദ്ധതി ഭാഗികമായി പൂര്‍ത്തിയാക്കി. ഇപ്പോള്‍ അണക്കെട്ടിന്റെ ഉയരം 121.92 മീറ്ററാണ്. ബാക്കിയുള്ള 17 മീറ്റര്‍ ഉയര്‍ത്തിയാല്‍ ഇനിയും രണ്ടര ലക്ഷം പേര്‍ വെള്ളത്തിനടിയിലാവും. പദ്ധതിക്കു വേണ്ടി ഇത്രയധികം പണം ചെലവഴിച്ചിട്ടും ഗുജറാത്തിലെ ഭൂരിഭാഗം ഗ്രാമങ്ങളിലും ഇതുവരെ കുടിവെള്ളമെത്തിയിട്ടില്ല.
യാത്രയില്‍ ഞങ്ങളെ വിസ്മയിപ്പിച്ചത് മേധാപട്കറായിരുന്നു. ഏതാണ്ട് ഒരാഴ്ചയിലധികം ഞങ്ങള്‍ക്കവരെ അടുത്തറിയാന്‍ സാധിച്ചിട്ടുണ്ട്. ഗ്രാമനിവാസികള്‍ക്കൊപ്പം കുടിലുകളില്‍ രാപ്പാര്‍ത്ത് അവരോടൊപ്പം പട്ടിണി കിടന്നും സമരത്തെ നയിക്കുകയായിരുന്നു മേധാപട്കര്‍. കാളവണ്ടിയിലും ട്രക്കിലും യാത്ര ചെയ്ത് ഉള്‍നാടന്‍ ആദിവാസി കേന്ദ്രങ്ങളിലെത്തി അവര്‍ ജനങ്ങളെ സംഘടിപ്പിച്ചു. പ്രാദേശികമായ സംഘാടനത്തിന് സമയം കണ്ടെത്തുന്നതിനിടെ നിയമ പോരാട്ടങ്ങള്‍ക്കും അവര്‍ ശ്രദ്ധ കൊടുക്കുന്നുണ്ട്.
ബര്‍വാനിയിലെ ആന്തോളന്റെ ഓഫീസും കൗതുകമുണര്‍ത്തുന്ന കാഴ്ചയാണ്. വിവിധ സംസ്ഥാനങ്ങളില്‍നിന്നെത്തുന്ന സന്നദ്ധ പ്രവര്‍ത്തകരും നാട്ടുകാരും ഓഫീസില്‍ ചമ്രം പടിഞ്ഞിരുന്ന് രാജ്യത്തിന്റെ ശ്രദ്ധ സമര മുഖങ്ങളിലേക്ക് എത്തിക്കുന്നു.
'ലടേംഗേ, ജീത്തേംഗേ' (പൊരുതുക, വിജയിക്കുക) എന്ന മുദ്രാവാക്യമുയര്‍ത്തി ഒരു വലിയ ദേശം ഇന്നും സമരരംഗത്തുതന്നെയുണ്ട്. അവരുടെ ജീവിതങ്ങളിലേക്ക് കണ്ണും മനസ്സും തുറപ്പിച്ച യാത്ര ഗുജറാത്തിലെ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചാണ് അവസാനിച്ചത്.
Comments