അന്ദലൂസ്: പ്രകാശം കെടാത്ത വഴിവിളക്ക്
ഹസ്പാനിയ തൂ ഖൂനെ മുസല്‍മാന്‍ കാ അമീന്‍ ഹെ
മാനിന്‍ദെ ഹറം പാക് ഹെ തൂ മേരേ നസര്‍ മേം
പോശീദ തേരീ ഖാക് മേം സജദോന്‍ കെ നിശാന്‍ ഹെ
ഖാമോശ് അസാനേന്‍ ഹെ തേരീ ബാദേ സഹര്‍ മേ
(ഹസ്പാനിയ- ഇഖ്ബാല്‍)
സ്‌പെയിന്‍, നീ മുസ്‌ലിം രക്തത്തിന്റെ സൂക്ഷിപ്പുകാരന്‍
എന്റെ കണ്ണില്‍ നീ ഹറമിന് സമാനം വിശുദ്ധം
നിന്റെ മണ്ണില്‍ സുജൂദിന്റെ പാടുകള്‍ ഒളിഞ്ഞിരിക്കുന്നു;
പ്രഭാത മാരുതനില്‍ നിശ്ശബ്ദം ബാങ്കൊലികള്‍ മറഞ്ഞിരിക്കുന്നു.
ആറാം ക്ലാസ്സിലെ സാമൂഹിക പാഠ പുസ്തകത്തിലാണ് ആദ്യമായി കൊര്‍ദോവ എന്ന വാക്കും ചിത്രവും കണ്ടത്. മധ്യകാലഘട്ടത്തില്‍ ലോകത്ത് ശാസ്ത്രത്തിന്റെയും സംസ്‌കാരത്തിന്റെയും കേന്ദ്രമായിരുന്നു കൊര്‍ദോവ എന്ന ഒരൊഴുക്കന്‍ വാചകം, ലോക മതങ്ങളിലൊന്നായ ഇസ്‌ലാമിനെ കുറിച്ച അധ്യായത്തിന്റെ അവസാന ഭാഗത്തായിരുന്നു. പിന്നെയത് മറന്നെങ്കിലും വെള്ളയും ചുവപ്പും ഇടകലര്‍ന്ന ആര്‍ച്ചുകളുള്ള കൊര്‍ദോവയുടെ ചിത്രം മനസ്സില്‍ തങ്ങി.
1992 ജനുവരി മാസത്തില്‍ സ്‌പെയിന്‍ പതനത്തിന്റെ അഞ്ഞൂറാം വാര്‍ഷികത്തോടനുബന്ധിച്ച് പ്രബോധനം വാരികയില്‍ ഒരു ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. ലോക കപ്പ് ഫുട്‌ബോള്‍ വാര്‍ത്തകളില്‍ മാത്രം കണ്ടു ശീലിച്ചിരുന്ന സ്‌പെയിന്‍ എന്ന രാജ്യം 700 കൊല്ലത്തിലധികം അന്ദലൂസ് എന്ന പേരില്‍ മുസ്‌ലിം സംസ്‌കാരത്തിന്റെ കളിത്തൊട്ടിലായിരുന്നു എന്നും 1492 ജനുവരി മാസത്തിലാണ് അന്ദലൂസിലെ അവസാന മുസ്‌ലിം കേന്ദ്രമായ ഗ്രനഡ കീഴടക്കപ്പെട്ടതെന്നും അന്ന് പ്രീഡിഗ്രി വിദ്യാര്‍ഥിയായ ഞാന്‍ കൗതുകപൂര്‍വം വായിച്ചറിഞ്ഞു. അല്‍ ഹംറാ കൊട്ടാരത്തിന്റെ താക്കോല്‍, ഫെര്‍ഡിനന്റ് രാജാവിനും ഇസബെല്ല രാജ്ഞിക്കും കൈമാറി അപമാനിതനായി നാടുവിടും വഴി, തിരിഞ്ഞു നോക്കി ദീര്‍ഘനിശ്വാസമയച്ച് വിതുമ്പിയ മുഹമ്മദ് പന്ത്രണ്ടാമനോട് ഉമ്മ, ആണ്‍കുട്ടികളെപ്പോലെ യുദ്ധം ചെയ്യേണ്ട സമയത്ത് അത് ചെയ്യാതെ ഇപ്പോള്‍ പെണ്ണിനെപോലെ വിതുമ്പുകയാണോ എന്ന് ചോദിക്കുന്ന രംഗം മനസ്സില്‍ തട്ടുന്നതായിരുന്നു. ഇംഗ്ലീഷിലെ ദ മൂര്‍സ് സൈ (The Moor's Sigh) എന്ന പ്രയോഗം ഈ സന്ദര്‍ഭത്തെ കുറിക്കുന്നതാണെന്ന് മനസ്സിലാക്കിയത് പിന്നീടാണ്.
ഈ ചരിത്രഭൂമി സന്ദര്‍ശിക്കാന്‍ എനിക്കും ഭാര്യ തസ്‌നീമിനും ദൈവാനുഗ്രഹത്താല്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ അവസരം കൈവന്നു. റോമില്‍ നടക്കുന്ന ബയോ സിഗ്നല്‍സ് 2016 ഇന്റര്‍നാഷ്‌നല്‍ കോണ്‍ഫറന്‍സില്‍ പ്രബന്ധാവതരണത്തിനായി ഷെന്‍ഗന്‍ (Schengen)) വിസ ലഭിച്ചപ്പോഴാണ്, ഇറ്റലിക്കൊപ്പം സ്‌പെയിന്‍ കൂടി സന്ദര്‍ശിക്കുക എന്ന ആശയം ഉദിച്ചത്.
റോമില്‍ കോണ്‍ഫറന്‍സ് കഴിഞ്ഞ് ചരിത്ര സ്മാരകങ്ങളും വത്തിക്കാനും സന്ദര്‍ശിച്ച് മാര്‍പ്പാപ്പ ദര്‍ശനം നല്‍കുന്ന പാപല്‍ ഓഡിയന്‍സി(Papal Audience)ന് സാക്ഷ്യം വഹിച്ചായിരുന്നു സ്‌പെയിന്‍ തലസ്ഥാനമായ മാഡ്രിഡിലേക്കുള്ള യാത്ര. റയാന്‍ എയര്‍ എന്ന ബജറ്റ് ഫ്‌ളൈറ്റ് സര്‍വീസിലെ യാത്ര, ഒരു കെ.എസ്.ആര്‍.ടി.സി യാത്ര പോലെ ശബ്ദമുഖരിതവും എന്നാല്‍ സൗകര്യപ്രദവുമായിരുന്നു. മാഡ്രിഡില്‍ എല്ലാം കൃത്യമായി ആസൂത്രണം ചെയ്ത് അവിടെ പോസ്റ്റ് ഡോക്ടറല്‍ വിദ്യാര്‍ഥിയായ കുന്ദംകുളം സ്വദേശി നന്ദജന്‍ ഞങ്ങള്‍ക്കായി കാത്തിരിക്കുന്നുണ്ടായിരുന്നു. മാഡ്രിഡിലെ അര ദിവസം ചെലവഴിച്ചത് റയല്‍ മാഡ്രിഡ് ഫുട്‌ബോള്‍ ക്ലബ്ബിന്റെ സാന്റിയാഗോ ബര്‍ണാബൂ സ്‌റ്റേഡിയം കാണാനാണ്. 1982-ലെ ലോക കപ്പ് ഫൈനല്‍ നടന്ന ഇവിടം, 15 യൂറോ കൊടുത്ത് കാണുന്നത് ഫുട്‌ബോളില്‍ താല്‍പര്യമുള്ളവര്‍ക്ക് ഒരു അനുഭവം തന്നെ. മാഡ്രിഡില്‍നിന്ന് AVE ഹൈസ്പീഡ് ട്രെയ്‌നില്‍ കൊര്‍ദോവയിലേക്ക് യാത്രതിരിച്ചു. ഗോതമ്പും ഒലീവും നിറഞ്ഞ പ്രദേശങ്ങളിലൂടെ 250-300 കി.മീറ്റര്‍ വേഗതയുള്ള ട്രെയ്‌നില്‍ കൊര്‍ദോവയടുക്കുംതോറും മനസ്സില്‍ സമ്മിശ്ര വികാരങ്ങളുടെ തിരയിളക്കം. വായിച്ചും കേട്ടും മാത്രമറിഞ്ഞ അന്ദലൂസിലേക്ക് ഞങ്ങളടുക്കുകയാണ്. ജിബ്രാള്‍ട്ടര്‍ കടലിടുക്ക് മുറിച്ചുകടന്ന് താരീഖുബ്‌നു സിയാദ് എത്തിയ അന്ദലൂസിലേക്ക്. ഇരുട്ടിലാണ്ട യൂറോപ്പിന് വെളിച്ചമേകി ഉമവികളും മുറാബിതൂന്‍, മുവഹിദൂന്‍ രാജവംശങ്ങളും ഏഴ് നൂറ്റാണ്ടോളം മാറിമാറി ഭരണം കൈയാളിയ അന്ദലൂസിലേക്ക്. അന്തഃഛിദ്രങ്ങളാലും ആഭ്യന്തര സംഘര്‍ഷങ്ങളാലും ഉള്‍ക്കരുത്ത് ചോര്‍ന്ന്, കത്തോലിക്കാ രാജാവിനോട് അടിയറവ് പറഞ്ഞ്, അല്‍പുജറ മലമടക്കുകളിലേക്ക് അവസാന ബനൂ നസ്ര്‍ രാജാവ് ബോഅബ്ദില്‍ എന്ന് പാശ്ചാത്യര്‍ വിളിക്കുന്ന അബൂ അബ്ദുല്ല മുഹമ്മദ് പന്ത്രണ്ടാമന്‍ അപമാനിതനായി മടങ്ങിയ അന്ദലൂസിലേക്ക്. കത്തോലിക്കാ മതത്തിലേക്ക് നിര്‍ബന്ധിത പരിവര്‍ത്തനത്തിനു വിധേയരായ ശേഷവും വിശ്വാസദാര്‍ഢ്യത്തിലെ സംശയത്തിന്റെ പേരില്‍ മുസ്‌ലിംകളും ജൂതന്മാരും വിചാരണകള്‍ക്കും പീഡനങ്ങള്‍ക്കും വിധേയമാക്കപ്പെട്ട സ്പാനിഷ് ഇന്‍ക്വിസിഷന്റെ നാട്ടിലേക്ക്. വിശ്വാസപ്രചോദിതമായ അധികാര വ്യവസ്ഥ, ബഹുസ്വരതയുടെയും വൈജ്ഞാനിക പഠന ഗവേഷണങ്ങളുടെയും ശാസ്ത്രീയ നേട്ടങ്ങളുടെയും മഹിത മാതൃകയാക്കി ഒരു നാടിനെ പരിവര്‍ത്തിപ്പിക്കുന്നതെങ്ങനെ എന്ന് കാണിച്ചുതന്ന അന്ദലൂസിയന്‍ നഗരമായ കൊര്‍ദോവയിലേക്ക്.
അന്ദലൂസിയ- അല്‍പം ചരിത്രം
റോഷന്‍ ഥീ സിതാരോന്‍ കീ തരഹ് ഇന്‍കി സനാനേന്‍
ഖൈമേ ഥേ കഭീ ജിന്‍ കേ തേരേ കോഹോ കമര്‍ മേം
(ഹസ്പാനിയ- ഇഖ്ബാല്‍)
നിന്റെ താഴ്‌വാരങ്ങളില്‍ തമ്പൊരുക്കിയ
അശ്വാരൂഢരുടെ ശൂലങ്ങള്‍
താരസമാനം തിളങ്ങിയിരുന്നു
വലീദുബ്‌നു അബ്ദുല്‍ മലികിന്റെ സൈന്യാധിപരിലൊരാളായിരുന്ന താരീഖു ബ്‌നു സിയാദ്, പിന്നീട് തന്റെ പേരിലറിയപ്പെട്ട ജിബ്രാള്‍ട്ടര്‍ (ജബലു താരീഖ് എന്ന അറബി പദത്തിന്റെ പാശ്ചാത്യ രൂപമാണ് ജിബ്രാള്‍ട്ടര്‍) കടലിടുക്ക് കടന്ന് ഐബീരിയന്‍ ഉപദ്വീപിന്റെ തെക്കു ഭാഗത്ത് എത്തുന്നതോടെയാണ് സ്‌പെയ്‌നിന്റെ ഇസ്‌ലാമിക ബാന്ധവം ആരംഭിക്കുന്നത്. ക്രി. 711 ഏപ്രിലില്‍ നടന്ന യുദ്ധത്തില്‍ കിംഗ് റൊഡ്രികിനെ പരാജയപ്പെടുത്തിയാണ് താരീഖിന്റെ സൈന്യം സ്‌പെയിനില്‍ കാലുറപ്പിച്ചത്. ക്രി. 756-ല്‍ അബ്ബാസീ ഭരണത്തില്‍നിന്ന് രക്ഷപ്പെട്ട് അന്ദലൂസിലെത്തിയ ഉമവീ രാജകുമാരന്‍ അബ്ദുര്‍റഹ്മാന്‍ ഒന്നാമന്‍ കൊര്‍ദോവയില്‍ അമീറായി. 912-ല്‍ ഭരണമേറ്റെടുത്ത അബ്ദുര്‍റഹ്മാന്‍ മൂന്നാമന്‍, 929-ല്‍ കൊര്‍ദോവന്‍ ഖിലാഫത്ത് പ്രഖ്യാപിച്ച് ഖലീഫയായി അവരോധിതനായി. അബ്ദുര്‍റഹ്മാന്‍ ഒന്നാമന്റെ കാലത്താണ് കൊര്‍ദോവയിലെ മസ്ജിദിന്റെ നിര്‍മാണം ആരംഭിക്കുന്നത്. അബ്ദുര്‍റഹ്മാന്‍ മൂന്നാമന്റെ മകന്‍ അല്‍ഹകം രണ്ടാമന്റെ കാലത്താണ് കൊര്‍ദോവയിലെ ലൈബ്രറിയും വൈജ്ഞാനിക പ്രവര്‍ത്തനങ്ങളും ഉന്നതിയിലെത്തുന്നത്. അന്ദലൂസിലെ കാര്‍ഷികരംഗത്ത് വിപ്ലവകരമായ മാറ്റങ്ങളാണ് അക്കാലത്ത് ഉണ്ടായത്. ഇബ്‌നുറുശ്ദും സഹ്‌റാവിയും ഇബ്‌നുതുഫൈലും ഇബ്‌നുഹസമും ഖുര്‍ത്വുബിയും ജീവിച്ച് വൈജ്ഞാനിക പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടത് അന്ദലൂസിലാണ്. മൈക്കല്‍ സ്‌കോട്ട് എന്ന സ്‌ക്കോട്ടിഷ് പണ്ഡിതന്‍ ഇബ്‌നുറുശ്ദിന്റെയും ഇബ്‌നുസീനയുടെയും പഠനങ്ങള്‍ ലാറ്റിനിലേക്കും അതുവഴി മറ്റു പാശ്ചാത്യ ഭാഷകളിലേക്കും എത്തിച്ചിടത്തുനിന്നാണ് യൂറോപ്യന്‍ നവോത്ഥാനത്തിന്റെ ആരംഭം. 1009 മുതല്‍ കൊര്‍ദോവയില്‍ ഭരണാധികാരികളുടെ പിടിപ്പുകേട് കാരണം ആഭ്യന്തര സംഘര്‍ഷം മൂര്‍ഛിക്കുകയും 1031-ഓടെ ത്വാഇഫകള്‍ എന്ന പേരില്‍ കൊച്ചു രാജ്യങ്ങള്‍ രൂപംകൊള്ളുകയും ചെയ്തു. പിന്നീട് കുറച്ചുകാലം അല്‍ മുവഹിദൂന്‍ (Al Mohads) രാജവംശവും അല്‍ മുറാബിതൂന്‍ (Al Moravids) രാജവംശവും ഭരണം നടത്തിയെങ്കിലും 1236-ല്‍ ഫെര്‍ഡിനന്റ് മൂന്നാമന്‍ (Ferdinand III of Castile), മാസങ്ങള്‍ നീണ്ട ഉപരോധത്തിനൊടുവില്‍ കൊര്‍ദോവ കീഴടക്കിയതോടെ നഗരം കത്തോലിക്കാ നിയന്ത്രണത്തിലായി. സെവില്ലെ, ഗ്രനഡ, ടൊളിഡോ എന്നിവയായിരുന്നു അന്ദലൂസിലെ പ്രധാന മുസ്‌ലിം നഗരങ്ങള്‍. അന്ദലൂസിലെ മുസ്‌ലിം ഭരണത്തിന്റെ ഉച്ചസ്ഥായിയില്‍ ഇന്നത്തെ സ്‌പെയിനിന്റെ 90 ശതമാനവും പോര്‍ച്ചുഗല്‍ മുഴുവനായും മുസ്‌ലിം ഭരണത്തിനു കീഴിലായിരുന്നു. മുസ്‌ലിം ആധിപത്യത്തില്‍നിന്ന് അന്ദലൂസിനെ മോചിപ്പിക്കാന്‍ കത്തോലിക്കാ രാജാക്കന്മാര്‍ നടത്തിയ യുദ്ധശ്രമങ്ങളാണ് ചരിത്രത്തില്‍ ൃലരീിൂൗശലേെമ എന്നറിയപ്പെടുന്നത്.
'റീകോണ്‍ക്വിസ്റ്റ'യുടെ ഭാഗമായി ടോളിഡോ 1085-ല്‍ അല്‍ഫോണ്‍സൊ രാജാവ് (Alfonso VI of Castile) കീഴടക്കി. 712 മുതല്‍ മുസ്‌ലിംകള്‍ ഭരിച്ച സെവില്ലെ 1248-ല്‍ ഫെര്‍ഡിനന്റ് മൂന്നാമന്‍ കീഴടക്കി. 15 മാസം നീണ്ട ഉപരോധത്തിനു ശേഷമായിരുന്നു ഇത്. 1238 മുതല്‍ 1492 വരെ ഗ്രനഡയില്‍ ബനൂ നസ്ര്‍ (Nasrid Dynasty) ഭരണം നടത്തി. 1469-ല്‍ ഫെര്‍ഡിനന്റും ഇസബെല്ലയും (Ferdinand of Aragon and Isabella of Castile) തമ്മിലുള്ള വിവാഹം Reconquiesta ശ്രമങ്ങളെ ഊര്‍ജിതപ്പെടുത്തുകയും 1492 ജനുവരി മാസത്തില്‍ അവസാന കേന്ദ്രമായ ഗ്രനഡയും നഷ്ടപ്പെട്ട മുസ്‌ലിംകള്‍ സ്‌പെയിനില്‍ പൂര്‍ണമായും അധികാരഭ്രഷ്ടരാക്കപ്പെടുകയും ചെ്തു. 1499 മുതല്‍ കത്തോലിക്കാ ഭരണകൂടം മതപരിവര്‍ത്തന ശ്രമങ്ങള്‍ക്ക് തുടക്കം കുറിച്ചു. 1502-ഓടെ നിര്‍ബന്ധിത മതപരിവര്‍ത്തനം അല്ലെങ്കില്‍ കൊല്ലപ്പെടുകയോ ആഫ്രിക്കയിലേക്ക് പോവുകയോ ചെയ്യുക എന്ന അവസ്ഥ സംജാതമായി. 300 കൊല്ലത്തിലധികം തുടര്‍ന്ന ഈ നരനായാട്ടിന്റെ ഫലമായി 700-ലധികം കൊല്ലം ഭരിച്ച അന്ദലൂസില്‍നിന്ന് മുസ്‌ലിംകള്‍ പൂര്‍ണമായും നിഷ്‌കാസിതരായി.
ഫിര്‍ തേരേ ഹസീനോന്‍ കോ സറൂറത്ത് ഹെ ഹിനാ കി?
ബാക്കി ഹെ അഭീ രംഗ് മേരേ ഖൂനേ ജിഗര്‍ മേം
ക്യോന്‍ ഖസോ ഖാശാക് സേ ദബ് ജായേ മുസല്‍മാന്‍
മാനാ, വൊ തബോ താബ് നഹീന്‍ ഇസ്‌കേ ശറര്‍ മേം
(ഹസ്പാനിയ-ഇഖ്ബാല്‍)
വേണോ മൈലാഞ്ചിച്ചോപ്പിനിയും നിനക്ക് ചന്തമേറ്റാന്‍ ?
ഉണ്ടെന്‍ സിരകളില്‍ ചുടുനിണം ഇനിയും നിനക്ക് ശോണിമയേകാന്‍
കച്ചിയും പുല്ലും കൊടുത്തെങ്ങനെ കീഴ്‌പ്പെടുത്തി മുസല്‍മാനെ
ചൂടും ചുണയും കുറഞ്ഞിരിക്കാം അവരിലെ തീനാമ്പിനെങ്കിലും
കൊര്‍ദോവ: മസ്ജിദ് കത്തീഡ്രലിന്റെ നാട്
കാഫിറേ ഹിന്ദീ ഹൂ മേം, ദേഖ് മേരാ സൗഖ് ഓ ശൗഖ്
ദില്‍മേം സലാത്ത് ഓ ദുറൂദ്, ലബ് പേ സലാത്ത് ഒ ദുറൂദ്
ശൗഖ് മേരീ ലേ മേം ഹെ, ശൗഖ് മേരീ നേ മേം ഹെ
നഗ്മയേ അല്ലാഹ്ഹു മേരേ രഗ് ഓ പേ മേം ഹെ
(മസ്ജിദെ ഖുര്‍ത്വുബ- ഇഖ്ബാല്‍)
ഞാനൊരിന്ത്യന്‍ നിഷേധി; എങ്കിലും കാണ്‍കെന്‍ തുടിപ്പും ആവേശവും
അകമേ സ്വലാത്തും സലാമും ചുണ്ടില്‍ സ്വലാത്തും സലാമും
ആവേശമാണെന്റെ താളം;
വികാരതപ്തമെന്‍ തന്ത്രികളുടെ രാഗം;
സിരകള്‍ പൊഴിക്കുന്ന മധുര സംഗീതത്തിനീണം
'അവന്‍ അല്ലാഹു' മാത്രം.
സ്പാനിഷ് ഗവണ്‍മെന്റ് നിയന്ത്രിത RENFE സര്‍വീസിന്റ ഭാഗമായ ഹൈസ്പീഡ് ട്രെയ്ന്‍ കൊര്‍ദോവയോടടുക്കുംതോറും ഫലങ്ങള്‍ നിറഞ്ഞുതൂങ്ങുന്ന ഓറഞ്ച് മരങ്ങള്‍ ദൃശ്യമായിത്തുടങ്ങി. അതോടൊപ്പം ഇഖ്ബാല്‍ കവിതയിലെ ആനന്ദവിസ്മയ വിഷാദ ഭാവങ്ങളാല്‍ മനസ്സ് നിറയാനും തുടങ്ങി. വൈകീട്ട് ആറേ കാലിന് സ്റ്റേഷനിലിറങ്ങിയ ഞങ്ങള്‍ ടൂറിസ്റ്റ് ഇന്‍ഫര്‍മേഷന്‍ സെന്ററില്‍ കയറി മെസ്‌ക്വിറ്റ (Mezquita) അന്വേഷിച്ചു. Mosque എന്നതിന്റെ സ്പാനിഷ് പദമാണ് Mezquita . കൗണ്ടറിലുണ്ടായിരുന്ന യുവതി മാപ്പ് കൈയിലെടുത്ത് ഞങ്ങളുടെ കൂടെ വന്ന് വഴി ചൂണ്ടിക്കാണിച്ചുതന്നു. പാതക്കിരുവശവും ഓറഞ്ച് മരങ്ങള്‍ തണലും ഭംഗിയും നല്‍കുന്ന കൊര്‍ദോവ നഗരം ഒരു മനോഹര കാഴ്ച തന്നെ. ഗൂഗ്ള്‍ മാപ്പിന്റെ സഹായത്തോടെ വഴികള്‍ മനസ്സിലാക്കിയും മെസ്‌ക്വിറ്റാ അന്വേഷിച്ചും ഞങ്ങള്‍ മുന്നോട്ടു നീങ്ങി. നഗര മതിലിനടുത്തായി ഒരിടത്ത് ഇബ്‌നുറുശ്ദിന്റെ പ്രതിമ കണ്ടു. അത് നോക്കിനില്‍ക്കെ 'അസ്സലാമു അലൈകും' എന്ന് സലാം പറഞ്ഞ് ഒരാള്‍. തസ്‌നീമിന്റെ മുസ്‌ലിം വേഷം കണ്ട് ഓടിവന്നതാണ്. ആറടിയിലധികം ഉയരമുള്ള, 'അബ്ദുല്‍ മജീദ് ഫ്രം മൊറോക്കോ, മുസ്‌ലിം ഗൈഡ്' എന്ന് പരിചയപ്പെടുത്തിയ അയാള്‍, വായിച്ചറിഞ്ഞ അന്ദലൂസിയന്‍ കഥകളിലെ ഒരു മൂറിഷ് കഥാപാത്രം പോലെ തോന്നിച്ചു.
സ്പാനിഷ് ചരിത്രത്തില്‍ മുസ്‌ലിംകളെ മൂറുകള്‍ (Moors) എന്നാണ് പരാമര്‍ശിച്ചുവരുന്നത്. തുടക്കത്തില്‍ വടക്കന്‍ ആഫ്രിക്കയില്‍നിന്ന് അന്ദലൂസിലെത്തിയ ബെര്‍ബെര്‍ വംശജരായ മുസ്‌ലിംകളെ ഉദ്ദേശിച്ചാണ് ഈ വാക്ക് ഉപയോഗിച്ചിരുന്നതെങ്കിലും പിന്നീട് പരിവര്‍ത്തനം ചെയ്ത തദ്ദേശീയരായ ക്രിസ്ത്യാനികളടക്കം മുഴുവന്‍ മുസ്‌ലിംകളെയും സൂചിപ്പിക്കാന്‍ ഈ വാക്ക് ഉപയോഗിച്ചുതുടങ്ങി. സ്‌പെയിനിലെ മുസ്‌ലിംകള്‍, തദ്ദേശീയരല്ലെന്നും കടന്നുവന്നവരാണെന്നും ധ്വനിപ്പിക്കാനുള്ള ശ്രമം എന്നാണ് ഈ മൂര്‍ വിളിയെയും മുസ്‌ലിം എന്ന് ഉപയോഗിക്കാതിരിക്കാനുള്ള ജാഗ്രതയെയും കുറിച്ച് തോന്നിയത്. സാധാരണ ടൂര്‍ ഗൈഡുകള്‍ ചെയ്യാറുള്ള ചില തട്ടിപ്പുകള്‍ തുടക്കത്തിലേ അയാളുടെ ഭാഗത്തുനിന്നുണ്ടായത് ശ്രദ്ധയില്‍ പെട്ടതിനാല്‍ ഹോട്ടലിലെത്തിയ ഉടനെ രണ്ട് യൂറോ കൊടുത്ത് അയാളെ ഒഴിവാക്കി. കൊര്‍ദോവ പള്ളിയുടെ മുഖ്യ കവാടത്തിനെതിര്‍വശത്തുള്ള ഹോട്ടല്‍ മെസ്‌ക്വിറ്റയിലായിരുന്നു യീീസശിഴ.രീാ വഴി ബുക്ക് ചെയ്ത താമസം. നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഒരു അന്ദലൂസിയന്‍ കെട്ടിടം ഹോട്ടലാക്കി മാറ്റിയതാണ്. ജനലുകള്‍ തുറക്കുന്നതുതന്നെ കൊര്‍ദോവാ പള്ളിയിലേക്ക്. രാത്രി പുറത്തിറങ്ങി വെളിച്ചത്തില്‍ കുളിച്ചു നില്‍ക്കുന്ന മസ്ജിദിന്റെ പുറംഭാഗം ചുറ്റിക്കണ്ടു. 1984-ല്‍ യുനെസ്‌കോ ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തിയ പള്ളിയുടെ സംരക്ഷണോത്തരവാദിത്തം അന്ദലൂസിയന്‍ റീജ്യനല്‍ ഗവണ്‍മെന്റിന്റേതാണ്.
ഗ്രാന്റ് മോസ്‌ക് ഓഫ് കൊര്‍ദോവ എന്നാണ് പള്ളി അറിയപ്പെടുന്നത്. ഉമവീ തലസ്ഥാനമായ ദമസ്‌കസിനോളം തലയെടുപ്പുള്ളതാകണം തന്റെ തലസ്ഥാനവും അവിടത്തെ പള്ളിയും എന്ന് തീരുമാനിച്ച അബ്ദുര്‍റഹ്മാന്‍ ഒന്നാമനാണ് പള്ളിയുടെ നിര്‍മാണം ആരംഭിച്ചത്. മുസ്‌ലിംകള്‍ കൊര്‍ദോവയിലെത്തിയ ശേഷം ക്രിസ്ത്യന്‍ പള്ളിയുടെ ഒരു ഭാഗത്ത് മുസ്‌ലിംകളും ആരാധന നടത്തുകയായിരുന്നു. പിന്നീട് അബ്ദുര്‍റഹ്മാന്‍ ഒന്നാമന്‍ ക്രിസ്ത്യന്‍ ഭാഗം കൂടി വില കൊടുത്തു വാങ്ങുകയും പള്ളിയുടെ നിര്‍മാണം നടത്തുകയുമായിരുന്നു എന്നാണ് ചരിത്രം. ഇതിനു പകരമായി വിലയ്ക്കു പുറമെ, നശിച്ചുകൊണ്ടിരിക്കുകയായിരുന്ന കൊര്‍ദോവയിലെ ചര്‍ച്ചുകള്‍ പുനരുദ്ധരിക്കാന്‍ അബ്ദുര്‍റഹ്മാന്‍ സഹായിക്കുകയും ചെയ്തു. വിസിഗോത്ത് രാജാക്കന്മാരുടെ സാമ്പത്തിക ചൂഷണങ്ങളാലും രാഷ്ട്രീയ കിരാതത്വങ്ങളാലും ഫ്യൂഡല്‍ പ്രഭുത്വത്താലും കഷ്ടപ്പെട്ട ഐബീരിയന്‍ ജനത മോചനത്തിനു വേണ്ടി ആഗ്രഹിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് താരീഖ് ബ്‌നു സിയാദും കൂട്ടരും അവിടെയെത്തുന്നത്. ഒരു ലക്ഷത്തോളം വരുന്ന വിസിഗോത്ത് രാജാവ് റൊഡ്രിക്കിന്റെ സൈന്യത്തെ തന്റെ ഏഴായിരത്തോളം വരുന്ന സൈന്യവുമായി പരാജയപ്പെടുത്താന്‍ താരീഖിന് ഈ രാഷ്ട്രീയ പശ്ചാത്തലം കൂടി ഏറെ സഹായകമായി.
ആരാധനാലയങ്ങള്‍ വില്‍ക്കുകയും വാങ്ങുകയും ചെയ്യുക എന്നത് നമ്മുടെ നാട്ടില്‍ ഒരത്ഭുതമായി തോന്നാമെങ്കിലും യൂറോപ്യന്‍ സാഹചര്യത്തില്‍ അത് പലപ്പോഴും അത്ര പ്രശ്‌നമല്ലാത്ത കാര്യമാണ്. പ്രാര്‍ഥനക്ക് ആളില്ലാതാവുന്ന ക്രിസ്ത്യന്‍ ചര്‍ച്ചുകള്‍ പലപ്പോഴും ഇതര സമുദായക്കാര്‍ വാങ്ങുന്നുണ്ട്. പുതിയ ആരാധനാലയങ്ങള്‍ സ്ഥാപിക്കുന്നതിനുള്ള നിയമതടസ്സത്തെ ഇപ്രകാരമാണ് പല സ്ഥലത്തും ആളുകള്‍ മറികടക്കുന്നത്. 2010-ല്‍ യുകെ സന്ദര്‍ശനവേളയില്‍ ഓക്‌സ്‌ഫോര്‍ഡിനടുത്ത് ഇപ്രകാരം മുസ്‌ലിംകള്‍ വില കൊടുത്തു വാങ്ങി പള്ളിയാക്കിയ ഒരു പഴയ ചര്‍ച്ചിലാണ് ജുമുഅ നമസ്‌കരിച്ചത്. കൊര്‍ദോവയില്‍ നേരത്തേയുണ്ടായിരുന്ന വിസിഗോത്തിക് ചര്‍ച്ചിന്റെ മുകളിലാണ് പള്ളിയുള്ളതെന്നു പറഞ്ഞ് പള്ളി വീണ്ടും കത്തീഡ്രലാക്കി മാറ്റിയതിന് ന്യായം ചമയ്ക്കാന്‍ ശ്രമിക്കുന്നു എന്നതും കാണേണ്ടതാണ്.
രാവിലെ 8.30 മുതല്‍ 9.30 വരെ മസ്ജിദിനുള്ളിലേക്ക് പ്രവേശനം സൗജന്യമാണെന്ന വിവരം സുഹൃത്ത് ശഫഖത്ത് നേരത്തേ പറഞ്ഞിരുന്നു. സമയത്തിന് പോയി കാത്തുനിന്നു. 8.30-ന് വാതില്‍ തുറന്നു. നേരെ പ്രവേശിക്കുന്നത്Patio de los Naranjosഎന്ന് സ്പാനിഷില്‍ പറയുന്ന ഓറഞ്ച് തോട്ടത്തിലേക്ക്. അബ്ദുര്‍റഹ്മാന്‍, ഉത്തരാഫ്രിക്കയില്‍നിന്ന് കൊണ്ടുവന്ന് സ്ഥാപിച്ചതാണ്, വിശ്വാസികളുടെ വുദൂവിന്റെ വെള്ളത്താല്‍ നനയ്ക്കപ്പെട്ടിരുന്ന ഈ ഓറഞ്ച് തോട്ടം. ഓറഞ്ച് മരങ്ങള്‍ക്കിടയിലൂടെ, പഴയ മിനാരത്തിനു മുകളില്‍ സ്ഥാപിച്ച കത്തീഡ്രല്‍ ബെല്‍ ടവര്‍ കാണാം.
അബ്ദുര്‍റഹ്മാനു ശേഷം പിന്നീട് വന്ന ഓരോ ഭരണാധികാരിയും പള്ളി വികസിപ്പിച്ചുകൊണ്ടിരുന്നു. അല്‍ഹകം രണ്ടാമനാണ് ക്രി 966-969 കാലഘട്ടത്തില്‍ അതിമനോഹരമായ മിഹ്‌റാബ് നിര്‍മിച്ചത്. 1236-ലെ കാത്തലിക് റീകോണ്‍ക്വിസ്റ്റക്കു ശേഷം പള്ളി കത്തീഡ്രലായി മാറ്റി. അതിനു ശേഷവും പള്ളി എന്നര്‍ഥം വരുന്ന Mezquita പേരില്‍നിന്ന് പോയില്ല. അങ്ങനെ Mezquita Cathredal എന്ന അത്ഭുതകരമായ പേര് രൂപം കൊണ്ടു. ങല്വൂൗശമേയിലേക്ക് വഴിയന്വേഷിച്ചപ്പോള്‍ പലരും 'ഛവ, ങല്വൂൗശമേ ഇമവേലറൃമഹ' എന്ന് പറഞ്ഞാണ് തലേന്ന് വഴികാണിച്ചത്.
ഏ ഹറമേ ഖുര്‍തുബ,
ഇശ്ഖ് സേ തേരാ വുജൂദ്
ഇശ്ഖ് സറാപാ ദവാം
ജിസ്‌മേം നഹീ റഫ്‌തോ ബൂദ്
(മസ്ജിദെ ഖുര്‍തുബ- ഇഖ്ബാല്‍)
ഹേ കൊര്‍ദോവയിലെ വിശുദ്ധ ഗേഹമേ
പ്രണയത്താലല്ലോ നിന്റെ നില്‍പ്
മങ്ങാത്ത, വാടാത്ത
നിറവാര്‍ന്ന പ്രണയത്തില്‍.
പള്ളിയുടെ പുറത്ത് സ്ഥാപിക്കപ്പെട്ട ബോര്‍ഡില്‍ ഇത് Santa Iglesia Catedra De Cordoba ആണ് എന്ന് എഴുതിവെച്ചത് വായിക്കാം. എന്‍സൈക്ലോപീഡിയ ബ്രിട്ടാനിക്ക നല്‍കുന്ന വിവരമനുസരിച്ച് 2.5 ലക്ഷം സ്‌ക്വയര്‍ ഫീറ്റാണ് പള്ളിയുടെ വിസ്തീര്‍ണം. വിവിധയിനം കളര്‍ മാര്‍ബിളുകളാല്‍ തീര്‍ത്ത 850 തൂണുകളാണ് പള്ളിയുടെ മുഖ്യ ആകര്‍ഷണം. ഒന്നൊന്നിന് മീതെ എന്ന രീതിയില്‍ ആര്‍ച്ചുകള്‍ ഡിസൈന്‍ ചെയ്യപ്പെട്ട ഈ തൂണുകള്‍ പള്ളിയെ തെക്കു വടക്ക് ദിശയില്‍ 19-ഉം കിഴക്കു പടിഞ്ഞാറ് ദിശയില്‍ 29-ഉം ഇടനാഴി(Aisle)കളായി തിരിക്കുന്നു. അല്‍ഹകം രണ്ടാമന്‍ നിര്‍മിച്ച സ്വര്‍ണ നിറത്തിലെ മിഹ്‌റാബിന് മുന്നില്‍ ഇരുമ്പ് ഗ്രില്‍ വെച്ച് പ്രവേശനം തടഞ്ഞിരിക്കുന്നു. മിഹ്‌റാബിനു ചുറ്റിലും 'ലാ ഇലാഹ ഇല്ലാ ഹുവല്‍ മലികുല്‍ ഖുദ്ദൂസു' എന്ന ഖുര്‍ആനിക വാക്യം ഉല്ലേഖനം ചെയ്യപ്പെട്ടിരിക്കുന്നു. ദമസ്‌കസിലെ പള്ളിയിലെ മിഹ്‌റാബിനോട് കിടപിടിക്കാനായി അന്നത്തെ ബൈസാന്റിയന്‍ രാജാവായിരുന്ന നിസെഫൊറാസിനോട് പ്രത്യേകമായി വിദഗ്ധരായ പണിക്കാരെ ആവശ്യപ്പെട്ട് വരുത്തിയാണത്രെ ഹകം മിഹ്‌റാബിന്റെ പണി പൂര്‍ത്തീകരിച്ചത്. ഇമാമിന്റെ ശബ്ദം പള്ളി മുഴുവന്‍ മുഴങ്ങാനായി മിഹ്‌റാബിന്റെ മുകളില്‍ വെള്ള മാര്‍ബിളിന്റെ ഒറ്റ ബ്ലോക്കില്‍ പ്രത്യേക തരം മാര്‍ബിള്‍ പണി ചെയ്തിരിക്കുന്നു.
തേരാ ജലാല്‍ ഓ ജമാല്‍, മര്‍ദേ ഖുദാ കീ ദലീല്‍
വൊ ഭീ ജലീല്‍ ഓ ജമീല്‍, തൂ ഭീ ജലീലോ ജമീല്‍
തേരീ ബിനാ പായിദാര്‍, തേരേ സുതൂന്‍ ബേശുമാര്‍
ശാം കെ സഹ്‌റാമേം ഹോ ജൈസേ ഹുജൂമേ നഖീല്‍
തേരേ ദര്‍ വ പാം പര്‍ വാദീ അയ്മന്‍ കാ നൂര്‍
തേരേ മിനാരേ ബുലന്ദ് ജല്‍വാഗേ ജിബ്‌റഈല്‍
(മസ്ജിദെ ഖുര്‍ത്വുബ-ഇഖ്ബാല്‍)
നിന്റെ ചന്തവും തേജസ്സും വിശ്വാസമുറ്റ മനസ്സിന്റെ സാക്ഷ്യങ്ങള്‍
ഭംഗിയും പ്രതാപവുമുടയവനവന്‍
ഭംഗിയും പ്രതാപവുമുള്ളതായ് നീയും
ശാശ്വതം നിന്റെ നില്‍പ്,
സിറിയന്‍ മരുഭൂവിലെ ഈന്തപ്പനകള്‍ പോല്‍ അസംഖ്യം നിന്റെ തൂണുകള്‍
അയ്മന്‍ താഴ്‌വരയിലെ പ്രകാശം നിന്റെ മട്ടുപ്പാവിലും കമാനങ്ങളിലും
ജിബ്‌രീലിന്റെ തേജസ്സിനാല്‍ പ്രശോഭിതം പ്രൗഢമാം നിന്റെ മിനാരം
എന്ന് ഇഖ്ബാല്‍ പാടിയില്ലെങ്കിലാണത്ഭുതം!
1236-ല്‍ കൊര്‍ദോവ ക്രിസ്ത്യാനികള്‍ കീഴടക്കിയതിനെ തുടര്‍ന്ന് പള്ളി ചര്‍ച്ചാക്കി മാറ്റി. 300 കൊല്ലത്തോളം പള്ളിയുടെ രൂപഘടനയില്‍ മാറ്റം വരുത്തിയില്ല. എന്നാല്‍ 1520-കളില്‍ ചാള്‍സ് ഒന്നാമന്‍ രാജാവ് പള്ളിയുടെ ഒരു ഭാഗം രൂപഭേദം വരുത്തി വലിയ കത്തീഡ്രല്‍ നിര്‍മിക്കാന്‍ അനുമതി നല്‍കി. അങ്ങനെയാണ് പള്ളിയുടെ മധ്യഭാഗത്ത് ഇന്ന് ഉയര്‍ന്നുനില്‍ക്കുന്നCapilla Mayor (Main Chapel) നിര്‍മിക്കുന്നത്. ഇക്കാലയളവിനുള്ളില്‍ മുപ്പതില്‍പരം ചെറു കപ്പേള(Chapel)കള്‍ പള്ളിയുടെ വശങ്ങളിലായി നിര്‍മിക്കപ്പെട്ടിട്ടുണ്ട്.
പള്ളിയില്‍ മുസ്‌ലിം ആരാധനാ രീതി ഒട്ടും അനുവദിക്കാറില്ല. രണ്ട് പേര്‍ മാത്രമായതിനാല്‍ ഞങ്ങളോട് ഒന്നും പറഞ്ഞില്ലെങ്കിലും അവിടം ഗ്രൂപ്പുകളായി സന്ദര്‍ശിക്കുന്ന മുസ്‌ലിംകളോട് നിസ്‌കരിക്കരുതെന്ന് പ്രത്യേകമായി പറയാറുണ്ടെന്ന് കേട്ടു. ഗോദല്‍കിവിയര്‍ (Guadalquivir) നദീതീരത്താണ് കൊര്‍ദോവ പള്ളിയും നഗരവും. നദിക്ക് കുറുകെയുള്ള റോമന്‍ ബ്രിഡ്ജില്‍ (Puente Romano)നിന്ന് നോക്കിയാല്‍ കൊര്‍ദോവന്‍ മസ്ജിദിനുള്ളില്‍ തലയുയര്‍ത്തി നില്‍ക്കുന്ന കത്തീഡ്രല്‍ കാണാം; മാറിവരുന്ന ലോക നേതൃത്വങ്ങളുടെ സൂചകമെന്നോണം.
(തുടരും)
Comments