Prabodhanm Weekly

Pages

Search

2016 ജൂലൈ 08

2959

1437 ശവ്വാല്‍ 03

ദൈവസ്മരണ അഥവാ ദിക്ര്‍

ഖുത്വുബ് കല്ലമ്പലം

പ്രപഞ്ചനാഥനായ അല്ലാഹുവുമായി കൂടുതല്‍ അടുക്കുന്നതിനെയാണ് ദൈവസ്മരണ അല്ലെങ്കില്‍ അല്ലാഹുവിനെ ഓര്‍മിക്കല്‍ എന്ന് പറയുന്നത്. ഇതിനെ ദിക്ര്‍ എന്നോ ദിക്‌റുല്ലാഹ് എന്നോ അറബിയില്‍ പറയുന്നു. 

ജപിക്കുക, പറയുക എന്ന അര്‍ഥം ദിക്‌റിന് നല്‍കിയ ആളുകള്‍ അതിനെ വായ കൊണ്ടുള്ള ഉരുവിടലായി കരുതുന്നു. ആളുകള്‍ ഒത്തുകൂടി സ്തുതിവചനങ്ങള്‍ തുടര്‍ച്ചയായി വിളിച്ചുപറഞ്ഞുകൊണ്ടിരിക്കുന്ന ഒരു സമ്പ്രദായം അതില്‍നിന്നുണ്ടായി വന്നു. അങ്ങനെ ദിക്ര്‍ കൂട്ടമായിരുന്ന് നടത്തുന്ന പാട്ടും ജപവുമായി മാറിയിരിക്കുന്നു. ചില പള്ളികളില്‍നിന്ന് ഉച്ചഭാഷിണിയിലൂടെയാണ് ദിക്ര്‍ പുറത്തേക്ക് ഒഴുകിവരുന്നത്. അതിന് ഒരു താളവും ലയവും കൊഴുപ്പുമൊക്കെയുണ്ടാകും. പുറത്തുള്ള ആളുകള്‍കൂടി കേള്‍ക്കാനാണ് ഉച്ചഭാഷിണി ഉപയോഗിക്കുന്നത്.

മറ്റു മതവിഭാഗങ്ങളില്‍ കാണപ്പെടുന്ന ധ്യാനത്തിന്റെയും ഭജനത്തിന്റെയും ഉത്സവാഘോഷങ്ങളുടെയും അനുകരണമായി ഇസ്‌ലാമിലെ ദിക്‌റിനെയും മാറ്റുകയാണ്. പ്രവാചകന്റെ കാലത്ത് ഇങ്ങനെയുള്ള ദിക്ര്‍ ഹല്‍ഖകളോ ദുആ സമ്മേളനങ്ങളോ ഉണ്ടായിരുന്നില്ല. അല്ലാഹുവിനോടുള്ള വണക്കവും ഭക്തിയുമാണ് ദിക്‌റിന്റെ ആത്മാവ്. ഈ വണക്കവും ഭയഭക്തിയുമാണ് ദിക്‌റിനെ ആരാധനയാക്കുന്നത്. അത്തരം ദൈവസ്മരണക്ക് മാത്രമേ സ്മരിക്കുന്നവന്റെ ജീവിതത്തെ സ്വാധീനിക്കാനും സംസ്‌കരിക്കാനും കഴിയൂ. ''പ്രഭാതത്തിലും പ്രദോഷത്തിലും അത്യന്തം വണക്കത്തോടും ഭയഭക്തിയോടും കൂടി നിന്റെ നാഥനെ മനസ്സില്‍ സ്മരിച്ചുകൊണ്ടിരിക്കുക; ഉച്ചത്തിലല്ലാത്ത വാക്കുകളില്‍'' (ഖുര്‍ആന്‍ 7:205) 

കൂട്ടംകൂടി ആര്‍ത്തുവിളിച്ച് ദിക്ര്‍ ചൊല്ലേണ്ട ആവശ്യമില്ല എന്നാണ് ഖുര്‍ആന്‍ ഉണര്‍ത്തുന്നത്. 'വദ്കുര്‍റബ്ബക ഫീ നഫ്‌സിക' എന്ന ഖുര്‍ആന്റെ പ്രയോഗം ദിക്ര്‍ മനസ്സിലാണ് ഉണ്ടാവേണ്ടണ്ടത് എന്നു സൂചിപ്പിക്കുന്നു. മനസ്സില്‍ ഇല്ലാതെ നാവുകൊണ്ട് എത്ര ഉച്ചത്തില്‍ ദിക്ര്‍ ചൊല്ലിയിട്ടും ഒരു കാര്യവുമില്ല. ഓരോ വ്യക്തിയും വ്യക്തിപരമായി മനസ്സില്‍ ചൊല്ലേണ്ടത് കൂട്ടംകൂടി ഉച്ചത്തില്‍ ചൊല്ലുന്നത് ഇസ്‌ലാമിക മാതൃകയല്ല. മനസ്സ് ഭക്തിനിര്‍ഭരമാകുംവിധം രഹസ്യമായോ പതിഞ്ഞ ശബ്ദത്തിലോ ആണ് ദിക്ര്‍ ചൊല്ലേണ്ടത്.

ദിക്‌റിന് നൈരന്തര്യം ഉണ്ടായിരിക്കണം. എല്ലായ്‌പ്പോഴും എന്ന അര്‍ഥത്തിലും ആ വാക്ക് പ്രയോഗിക്കാറുണ്ട്. സദാ ദൈവസ്മരണയില്‍ ലയിക്കുക എന്നര്‍ഥം. നിങ്ങള്‍ അശ്രദ്ധരെപ്പോലെ വര്‍ത്തിക്കരുതെന്ന് ഓര്‍മിപ്പിക്കുകയാണിവിടെ ചെയ്യുന്നത്. ലോകത്ത് എന്തെല്ലാം തിന്മകള്‍ വ്യാപിച്ചിട്ടുണ്ടെങ്കിലും മനുഷ്യന്റെ കര്‍മധര്‍മങ്ങളില്‍ എന്തൊക്കെ വൈകല്യം സംഭവിച്ചിട്ടുണ്ടെങ്കിലും അതിന്റെയെല്ലാം മൂലകാരണം മനുഷ്യന്‍ ചില യാഥാര്‍ഥ്യങ്ങള്‍ വിസ്മരിക്കുന്നതാണ്. അവന്‍ ദൈവത്തിന്റെ സൃഷ്ടിയും അടിമയുമാണ്, അല്ലാഹുവാണ് അവന്റെ ഒരേയൊരു യജമാനന്‍, മനുഷ്യനെ ഭൂമുഖത്ത് അയച്ചത് പരീക്ഷണാര്‍ഥമാണ്, ഐഹികജീവിതം അവസാനിച്ചുകഴിഞ്ഞാല്‍ അവന്‍ ദൈവത്തിന്റെ മുമ്പില്‍ ഉത്തരം ബോധിപ്പിക്കേണ്ടതുണ്ട്. സ്വയം നേര്‍മാര്‍ഗത്തില്‍ നിലകൊള്ളാനും ലോകത്തെ അതിലേക്ക് നയിക്കാനും തീരുമാനിച്ചിട്ടുള്ള ഏവരും ഈ യാഥാര്‍ഥ്യം വിസ്മരിച്ചുപോകാതിരിക്കാന്‍ സദാ ശ്രദ്ധിക്കേണ്ടതാണ്.

വല്ലപ്പോഴും തോന്നുമ്പോള്‍ മാത്രം ഉണ്ടായിരിക്കേണ്ടതല്ല മനുഷ്യമനസ്സില്‍ ദൈവസ്മരണ. അത് ഏതവസരത്തിലും ഉണ്ടായിരിക്കണം. നമസ്‌കാരത്തോടൊപ്പമോ നമസ്‌കാര ശേഷമോ മാത്രം ഉരുവിടേണ്ട ഒന്നല്ല ദിക്ര്‍. നമസ്‌കാരവും ഒരു ദിക്ര്‍ ആണ്. ''എന്നെ സ്മരിക്കുന്നതിനുവേണ്ടി നമസ്‌കാരം നിലനിര്‍ത്തുക'' (20:14). നമസ്‌കരിച്ചു കഴിഞ്ഞാല്‍ ഭൂമിയിലേക്ക് ഇറങ്ങണം.  വിഭവങ്ങള്‍ തേടുകയും ചെയ്യണം. ആ സന്ദര്‍ഭങ്ങളില്‍ അല്ലാഹുവിനെ അധികമധികം സ്മരിക്കണം എന്നാണ് കല്‍പന. ''പിന്നെ നമസ്‌കാരം നിര്‍വഹിച്ചു കഴിഞ്ഞാല്‍, ഭൂമിയില്‍ വ്യാപിക്കുകയും അല്ലാഹുവിന്റെ അനുഗ്രഹം തേടുകയും ചെയ്തുകൊള്ളുക, അല്ലാഹുവിനെ അധികമധികം സ്മരിക്കുകയും ചെയ്യുക. നിങ്ങള്‍ക്ക് വിജയസൗഭാഗ്യമുണ്ടായേക്കാം'' (62:10). 

സ്വന്തം ജോലികളിലേര്‍പ്പെട്ടിരിക്കുമ്പോഴും അല്ലാഹുവിനെ വിസ്മരിക്കരുതെന്നര്‍ഥം. സദാ അവനെ ഓര്‍ത്തുകൊണ്ടിരിക്കണം. മനുഷ്യന്‍ ഏതു ജീവിത വ്യവഹാരത്തിലേര്‍പ്പെടുമ്പോഴും ഒരുവിധത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ അവന്റെ മനസ്സില്‍ സദാ ദൈവനാമമുണ്ടായിരിക്കുക എന്നാണ് 'ധാരാളമായി അല്ലാഹുവിനെ സ്മരിക്കുക' എന്നതിന്റെ താല്‍പര്യം. മനസ്സില്‍ ദൈവവിചാരം രൂഢമൂലമായി കുടികൊള്ളുമ്പോഴല്ലാതെ ഇതൊരു സ്വഭാവമായിത്തീരുകയില്ല. ദൈവവിചാരം മനുഷ്യന്റെ ബോധമണ്ഡലം കടന്ന് ഉപബോധത്തിലേക്കും അബോധതലത്തിലേക്കും ആഴ്ന്നിറങ്ങുമ്പോഴേ അവനില്‍ എന്തു ചെയ്യുമ്പോഴും പറയുമ്പോഴും അനിവാര്യമായും ദൈവനാമം സ്മരിക്കുന്ന അവസ്ഥയുണ്ടാകൂ. അത്തരക്കാര്‍ ഭക്ഷണം കഴിക്കുമ്പോഴും  ഭക്ഷണത്തില്‍നിന്ന് വിരമിക്കുമ്പോഴും ദൈവത്തെ സ്മരിക്കുന്നു. ഉറങ്ങുമ്പോഴും ഉണരുമ്പോഴും ദൈവനാമം സ്മരിക്കുന്നു. അവര്‍ എല്ലാ കാര്യങ്ങളിലും ദൈവസഹായം തേടുന്നു. ഏത് ഗുണം ഭവിച്ചാലും അല്ലാഹുവിനോട് നന്ദി പ്രകടിപ്പിക്കുന്നു. എന്തു വിഷമസന്ധിയിലും അല്ലാഹുവിങ്കല്‍ അഭയം പ്രാപിക്കുന്നു. ഇരിക്കുമ്പോഴും എഴുന്നേല്‍ക്കുമ്പോഴും എന്നുവേണ്ട ഐഹികമായ എന്തു കര്‍മവും അവര്‍ നിര്‍വഹിക്കുക അല്ലാഹുവിനെ സ്മരിച്ചുകൊണ്ടുതന്നെയായിരിക്കും. 

ഈ സ്വഭാവം യഥാര്‍ഥത്തില്‍ ഇസ്‌ലാമിക ജീവിതത്തിന്റെ ജീവനാണ്. മറ്റെന്തെല്ലാം ആരാധനകളുണ്ടെങ്കിലും അവയെല്ലാം നിര്‍വഹിക്കേണ്ട പ്രത്യേക സമയങ്ങളുണ്ട്. പക്ഷേ, ദിക്ര്‍ എന്ന ആരാധന സദാ നടന്നുകൊണ്ടിരിക്കുന്ന ഒന്നാണ്. ആരാധനകളും മറ്റെല്ലാ ദീനീകാര്യങ്ങളും ചൈതന്യവത്താകുന്നത്, ദാസന്റെ ഹൃദയത്തില്‍ സദാ ദൈവബോധം ഉള്ള അവസ്ഥയിലാണ്. അല്ലാതെ ആരാധനകളനുഷ്ഠിക്കുമ്പോള്‍ മാത്രം ദൈവനാമം ഉരുവിടുന്ന അവസ്ഥയിലല്ല. മനുഷ്യന്‍ ഈ അവസ്ഥയിലാകുമ്പോള്‍ അവന്റെ ജീവിതത്തില്‍ ആരാധനകള്‍ വളരുകയും വികസിക്കുകയും ചെയ്യുന്നു. നേരെമറിച്ച്, നിശ്ചിത സമയങ്ങളിലെ ആരാധനകളിലൂടെ മാത്രം ദൈവനാമമുരുവിടുകയും ജീവിതം സദാ ദൈവസ്മരണയില്‍നിന്ന് മുക്തമാവുകയും ചെയ്തവരുടെ ആരാധനകളും സേവനങ്ങളും പ്രസരിപ്പോ ചൈതന്യമോ ഇല്ലാത്തതും മുരടിച്ചതുമായിരിക്കും.

നമസ്‌കാരം കഴിഞ്ഞാല്‍ ഉടനെ ഭൂമിയിലേക്ക് വ്യാപിക്കണമെന്ന് കല്‍പ്പിക്കുന്ന ഖുര്‍ആന്‍ പിന്നെ ദൈവസ്മരണയിലേക്ക് വരണമെന്നും പറയുന്നു. പള്ളിയില്‍നിന്നും പുറത്തിറങ്ങി ഭൗതിക കാര്യങ്ങളില്‍ വിഹരിക്കുമ്പോള്‍ അധികമായി ദൈവത്തെ സ്മരിക്കണമെന്നാണ് ആവശ്യപ്പെടുന്നത്. ഈ സ്മരണ പള്ളിയില്‍ ചടഞ്ഞിരുന്നുകൊണ്ടല്ല; പള്ളിക്കു പുറത്ത് നിന്നുകൊണ്ടും കിടന്നുകൊണ്ടും ഏതു വിധത്തിലും ആകാം. ''നിന്നും ഇരുന്നും കിടന്നും ഒക്കെ അല്ലാഹുവിനെ സ്മരിക്കുകയും ആകാശഭൂമികളുടെ നിര്‍മാണത്തില്‍ ചിന്തിക്കുകയും ചെയ്യുന്ന ബുദ്ധിശാലികള്‍ക്ക് ആകാശഭൂമികളുടെ സൃഷ്ടിപ്പിലും ദിനരാത്രങ്ങള്‍ മാറിമാറിവരുന്നതിലും ധാരാളം ദൃഷ്ടാന്തങ്ങളുണ്ട്'' (3:190-191).

വായ കൊണ്ട് ഉരുവിടേണ്ട ദിക്ര്‍ പ്രവാചകന്‍ പഠിപ്പിച്ചു കൊടുത്തത് മുഹാജിറുകളായ ഒരു വിഭാഗം ദരിദ്രര്‍ക്കാണ്. ഇമാം ബുഖാരിയും മുസ്‌ലിമും റിപ്പോര്‍ട്ട് ചെയ്യുന്ന ഒരു ഹദീസ് ഇങ്ങനെയാണ്: ''അബൂഹുറയ്‌റ(റ)യില്‍നിന്ന്: മുഹാജിറുകളില്‍പ്പെട്ട ദരിദ്രര്‍ നബി(സ)യുടെ അടുത്ത് ചെന്ന് പരാതിപ്പെട്ടു: ഉന്നതമായ പദവികളും അനുഗ്രഹങ്ങളും സമ്പന്നരായ ആളുകള്‍ നേടിക്കൊണ്ടുപോകുന്നു. അവര്‍ക്ക് ഞങ്ങളെക്കാള്‍ സാമ്പത്തിക ശേഷിയുണ്ട്. അവര്‍ ഹജ്ജും ഉംറയും നിര്‍വഹിക്കുന്നു. ജിഹാദും ദാനധര്‍മവും നടത്തുകയും ചെയ്യുന്നു.'' അന്നേരം റസൂല്‍ (സ) പറഞ്ഞു. ''അവരെ മുന്‍കടക്കാന്‍ ചില വാക്കുകള്‍ ഞാന്‍ പഠിപ്പിച്ചുതരാം.'' അവിടുന്ന് പറഞ്ഞു. ''എല്ലാ നമസ്‌കാരങ്ങള്‍ക്ക് ശേഷവും 33 വീതം തസ്ബീഹും ഹംദും തക്ബീറും ചൊല്ലുക.'' 

ഇമാം മുസ്‌ലിമിന്റെ റിപ്പോര്‍ട്ടില്‍ ഇത്ര കൂടിയുണ്ട്: ''പിന്നീടൊരിക്കല്‍ മുഹാജിറുകളിലെ ദരിദ്രര്‍ റസൂലി(സ)ന്റെ അടുത്തുചെന്ന് ഈവിധം പരാതിപ്പെട്ടു: സമ്പന്നരായ ഞങ്ങളുടെ സഹോദരന്മാര്‍ ഞങ്ങള്‍ പറയുന്നതു കേട്ട് അവരും ഞങ്ങള്‍ ചൊല്ലുന്നതു പോലെ ചൊല്ലാന്‍ തുടങ്ങിയിരിക്കുന്നു.''

സകാത്തും സ്വദഖയും നല്‍കാന്‍ കഴിവില്ലാത്ത നിര്‍ധനരായ ആളുകള്‍ക്ക് പ്രവാചകന്‍ പഠിപ്പിച്ചു കൊടുത്ത ദിക്‌റുകള്‍ സമ്പന്നരായ ആളുകളും ഇന്ന് പള്ളികളില്‍ ചൊല്ലിക്കൊണ്ടിരിക്കുന്നു. യഥാര്‍ഥത്തില്‍, ഇന്നത്തെ സമ്പന്നരായ ആളുകള്‍ ദിക്‌റും ചൊല്ലി പള്ളികളില്‍ ചടഞ്ഞിരിക്കാതെ പുറത്തിറങ്ങി ദാനധര്‍മങ്ങള്‍ നല്‍കുകയും ജനസേവനങ്ങളില്‍ ഏര്‍പ്പെടുകയും സമൂഹത്തിന്റെ ഉന്നതിക്കും ഇഹപര ജീവിതത്തിന്റെ വിജയത്തിനും വേണ്ടി പരിശ്രമിക്കുകയുമാണ് വേണ്ടത്. ഇതാണ് അവരെ സംബന്ധിച്ചേടത്തോളം ദൈവസ്മരണ, അഥവാ ദിക്ര്‍. 

 


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-24 / അന്നൂര്‍ / 39-42
എ.വൈ.ആര്‍