Prabodhanm Weekly

Pages

Search

2016 ജൂലൈ 08

2959

1437 ശവ്വാല്‍ 03

ഹദീസ് പഠനത്തിന്റെ ശരിയായ രീതി

അശ്‌റഫ് കീഴുപറമ്പ്‌

ബിയുടെ പേരില്‍ ഹദീസുകള്‍ കെട്ടിച്ചമക്കുന്ന ഭൗതിക വിരക്തനായ ഒരു സൂഫി ഉണ്ടായിരുന്നു. വിശുദ്ധ ഖുര്‍ആനിലെ ഓരോ അധ്യായവും പാരായണം ചെയ്യുന്നതിന്റെ മഹത്വമായിരിക്കും ആ 'ഹദീസുകളി'ലെ പ്രതിപാദ്യം. എന്തിനാണിത് ചെയ്യുന്നത് എന്ന് ചോദിച്ചപ്പോള്‍ 'അത് കാരണം ഖുര്‍ആന്‍ പഠിക്കാന്‍ ധാരാളം പേര്‍ മുന്നോട്ടു വരുന്നില്ലേ, അത് നല്ലതല്ലേ' എന്നായിരുന്നു മറുപടി. 'തനിക്കെതിരെ ആരെങ്കിലും കള്ളം കെട്ടിച്ചമച്ചാല്‍ അയാള്‍ നരകത്തില്‍ തന്റെ ഇരിപ്പിടം ഉറപ്പാക്കിക്കൊള്ളട്ടെ' എന്ന നബിവചനം ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ സൂഫിയുടെ മറുപടി: 'ഞാനതിന് പ്രവാചകന് എതിരെയല്ലല്ലോ, അദ്ദേഹത്തിനു വേണ്ടിയല്ലേ അങ്ങനെ ചെയ്യുന്നത്?' ഈ സംഭവകഥയില്‍ ഹദീസ് പഠനം നടത്തുന്നവര്‍ അഭിമുഖീകരിക്കുന്ന ഒരു പ്രധാന പ്രശ്‌നത്തിലേക്കുള്ള സൂചനയുണ്ട്. ഒരു നല്ല കാര്യം ചെയ്യാനോ, ഒരു തിന്മയില്‍ ചെന്നുപെടുന്നതിനെക്കുറിച്ച് മുന്നറിയിപ്പ് നല്‍കാനോ (സാങ്കേതിക ഭാഷയില്‍ തര്‍ഗീബ്-തര്‍ഹീബ്) പ്രേരണ നല്‍കുമെങ്കില്‍, നിവേദക പരമ്പര അത്യന്തം ദുര്‍ബലമാണെങ്കിലും ആ ഹദീസ് സ്വീകരിക്കാം എന്ന വാദമാണത്. ഹദീസ് കെട്ടിച്ചമച്ചതാണെന്ന് തെളിഞ്ഞതായാലും കുഴപ്പമില്ല എന്ന് കരുതുന്നവരും ഉണ്ട്. ശരീഅത്തിന്റെ സമുന്നത ലക്ഷ്യങ്ങളുമായി ഒട്ടും ഒത്തുപോവാത്ത നിലപാടാണിത്. 

ലക്ഷ്യം മാര്‍ഗത്തെ ന്യായീകരിക്കുന്നു എന്നത് ഭൗതിക ദര്‍ശനങ്ങളുടെ കാഴ്ചപ്പാടാണ്, ഇസ്‌ലാമിന്റേതല്ല. കള്ളവും കള്ളസാക്ഷ്യവുമെല്ലാം അതിഗുരുതരമായ പാപങ്ങളായാണ് ഇസ്‌ലാം എണ്ണുന്നത്. നന്മകളെ പ്രോത്സാഹിപ്പിക്കാനും തിന്മകളെ നിരുത്സാഹപ്പെടുത്താനും കള്ളങ്ങള്‍ എഴുന്നള്ളിക്കേണ്ട കാര്യമില്ല. വിശുദ്ധ ഖുര്‍ആനിലും നിവേദനക പരമ്പര ശക്തമായ ഹദീസുകൡും തന്നെ അത്തരം ഉദ്‌ബോധനങ്ങള്‍ ധാരാളമായുണ്ട്. നബിയുടെ പേരില്‍ തീര്‍ത്തും അടിസ്ഥാനരഹിതമായി ആരോപിക്കപ്പെട്ട ഒരു വചനം വെച്ച് ശരീഅത്തിനെ വ്യാഖ്യാനിച്ചാല്‍ അത് നമ്മെ തെറ്റായ നിഗമനങ്ങളില്‍ കൊണ്ടെത്തിക്കും എന്ന് പറയേണ്ടതില്ലല്ലോ. 

വ്യാജഹദീസുകള്‍ മാത്രമല്ല പ്രശ്‌നം. നബി(സ)യില്‍നിന്ന് ഉദ്ധരിക്കപ്പെടുന്ന ഒരു ഹദീസ് ഇങ്ങനെയാണ്: ''പില്‍ക്കാലക്കാരില്‍ അവരിലെ നീതിമാന്മാരായിരിക്കും ഈ വിജ്ഞാനത്തിന്റെ (നബിചര്യയുടെ) വാഹകര്‍. അവര്‍ അതിരുവിടുന്നവരുടെ ദുര്‍വ്യാഖ്യാനങ്ങളെയും വഴിതെറ്റിയവരുടെ ആള്‍മാറാട്ടങ്ങളെയും വിവരമില്ലാത്തവരുടെ വ്യാഖ്യാനങ്ങളെയും ചെറുക്കും.''1 മൂന്ന് തരക്കാരെക്കുറിച്ചാണ് ഇവിടെ പറഞ്ഞിട്ടുള്ളത്. ആ മൂന്ന് കൂട്ടരും ഹദീസ് വിജ്ഞാനീയത്തിന് ഭീഷണിയാണ്. ആദ്യത്തേത്, അതിര് വിടുന്നവരുടെ ദുര്‍വ്യാഖാ്യാനം. മതകാര്യങ്ങളില്‍ അതിര് വിട്ട് തീവ്രത പുലര്‍ത്തിയതാണ് വേദക്കാര്‍ വഴിതെറ്റിയതിന് ഒരു കാരണമെന്ന് വിശുദ്ധ ഖുര്‍ആന്‍ (അല്‍മാഇദ 77) പറയുന്നുണ്ട്: ''അതിരു കവിയുന്നതിനെ സൂക്ഷിക്കുക, നിങ്ങള്‍ക്ക് മുമ്പുള്ളവരെ നശിപ്പിച്ചത് ദീനിലെ അതിരുകവിച്ചിലാണ്.'2 'അതിരു കവിച്ചിലുകാര്‍ നശിച്ചു' (നബിയിത് മൂന്ന് പ്രാവശ്യം ആവര്‍ത്തിച്ചു)3 എന്ന് നബി(സ)യും മുന്നറിയിപ്പ് നല്‍കുന്നു. ഗുലുവ്വ്, തനത്ത്വുഅ് എന്നീ വാക്കുകളാണ് ഖുര്‍ആനിലും ഹദീസിലും തീവ്രതയെക്കുറിക്കാന്‍ ഉപയോഗിച്ചിരിക്കുന്നത്. രണ്ടാമത്തെ വിഭാഗം, പലതരത്തിലുള്ള അന്ധവിശ്വാസങ്ങളെയും പുതുനിര്‍മിതികളെയും ഇസ്‌ലാമിലേക്ക് കൂട്ടിച്ചേര്‍ക്കാന്‍ ശ്രമിക്കുന്നവരാണ്. ഖുര്‍ആനില്‍ അത് സാധ്യമല്ലാത്തതുകൊണ്ട്, അവര്‍ ഹദീസ് എന്ന വ്യാജേന അന്യസംസ്‌കാരങ്ങളിലെ വിശ്വാസാചാരങ്ങള്‍ ചില ഭൗതിക താല്‍പര്യങ്ങള്‍ക്കു വേണ്ടി മുസ്‌ലിം ജീവിതത്തിലേക്ക് കൊണ്ടുവരുന്നു. വ്യാജ ഹദീസുകള്‍ ഉണ്ടാകുന്നതിന്റെ ഒരു പ്രധാന കാരണം അതാണ്. നബി സൂക്ഷിക്കാന്‍ പറഞ്ഞ മൂന്നാമത്തെ വിഭാഗം, അറിവോ പാണ്ഡിത്യമോ ഇല്ലാതെ ഹദീസുകളെ വ്യാഖ്യാനിക്കുന്നവരാണ്. ഇബ്‌നുല്‍ ഖയ്യിം ഇതേക്കുറിച്ച് നടത്തിയ നിരീക്ഷണം വളരെ ചിന്തോദ്ദീപകമാണ്. അതിന്റെ സാരാംശം ഇങ്ങനെ: ഹദീസുകള്‍ മനസ്സിലാക്കുന്നതില്‍ വീഴ്ച (തഖ്‌സ്വീര്‍) വരാന്‍ പാടില്ല; തീവ്രതയും (ഗുലുവ്വ്) ഉണ്ടാകരുത്. ഒരു വാക്യത്തെ അതിന് ഇല്ലാത്ത അര്‍ഥം വഹിപ്പിക്കരുത്. ഉദ്ദേശ്യാര്‍ഥത്തെ ചുരുക്കി മനസ്സിലാക്കാനും പാടില്ല. ഇങ്ങനെ ഇസ്‌ലാമിക പ്രമാണ വാക്യങ്ങളെ തെറ്റായി മനസ്സിലാക്കിയതാണ് ചരിത്രത്തില്‍ പുതുനിര്‍മിതികളും (ബിദ്അത്ത്) വഴിതെറ്റലുകളും ഉണ്ടാകാന്‍ കാരണം എന്ന് മനസ്സിലാക്കാവുന്നതാണ്. എന്നല്ല, ഉസ്വൂലുകള്‍ (മൗലിക തത്ത്വങ്ങള്‍) തെറ്റായി മനസ്സിലാക്കാനും അത് ഇടയാക്കിയിട്ടുണ്ട്. ഖദ്‌രിയ്യ, മുര്‍ജിഅ, ഖവാരിജ്, മുഅ്തസില, ജഹ്മിയ്യ, റാഫിദി പോലുള്ള വിഭാഗങ്ങളൊക്കെയും രൂപപ്പെട്ടത് ഖുര്‍ആന്റെയും ഹദീസിന്റെയും തെറ്റായ വായനയില്‍നിന്നാണെന്ന് കാണാം.4 

ഈ മൂന്ന് വിഭാഗങ്ങളുടെയും  ദുര്‍വ്യാഖ്യാനങ്ങളെ ചെറുക്കാന്‍ മൂന്ന് രീതികള്‍ സ്വീകരിക്കാവുന്നതാണ്. ഒന്ന്: ഏതൊരു ഹദീസും സ്വീകാര്യമാവാന്‍ പ്രമുഖ പണ്ഡിതന്മാര്‍ നിശ്ചയിച്ച വ്യവസ്ഥകള്‍ ആ ഹദീസിന്റെ നിവേദകപരമ്പര (സനദ്)യിലും ഉള്ളടക്കത്തിലും ഒത്തുവരുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. പ്രബലമായതിനെയും ദുര്‍ബലമായതിനെയും അങ്ങനെ തിരിച്ചറിയാം. ഉസ്വൂലുല്‍ ഹദീസ്, മുസ്ത്വലഹുല്‍ ഹദീസ് തുടങ്ങിയ പേരുകളിലാണ് ആ വ്യവസ്ഥകള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്. അത്തരമൊരു ജാഗ്രതയും സൂക്ഷ്മതയും ഇടക്കാലത്ത് കുറേയേറെ നഷ്ടപ്പെട്ടുപോയിട്ടുണ്ട്; പ്രത്യേകിച്ച് മുസ്‌ലിം സമുദായം കടന്നുപോന്ന പില്‍ക്കാലത്തെ അധഃപതനത്തിന്റെ നൂറ്റാണ്ടുകളില്‍. ഇസ്‌ലാമിന്റെ ആദ്യ നൂറ്റാണ്ടുകളിലെ പണ്ഡിതന്മാര്‍ വളരെ കര്‍ശന വ്യവസ്ഥകളോടെ ഹദീസിന്റെ സ്വീകാര്യത നിശ്ചയിച്ചപ്പോള്‍, എല്ലാം കുത്തഴിഞ്ഞ ജീര്‍ണതകളുടെ നൂറ്റാണ്ടുകളില്‍ ഹദീസിന്റെ കാര്യത്തിലും അലംഭാവവും സൂക്ഷ്മതക്കുറവും പ്രകടമായി. അതിനാല്‍ ഹദീസുകള്‍ സ്വീകരിക്കുന്നതിലും തിരസ്‌കരിക്കുന്നതിലും ആദ്യകാല പണ്ഡിതന്മാരുടെയും പരിഷ്‌കര്‍ത്താക്കളുടെയും മാതൃകയാണ് നാം പിന്‍പറ്റേണ്ടത്. 

രണ്ട്: ഓരോ ഹദീസിന്റെയും ഉള്ളടക്കവും പൊരുളും കേവലം ഭാഷാപരമായ അര്‍ഥത്തില്‍ മാത്രം മനസ്സിലാക്കാതിരിക്കുക. പ്രവാചകന്‍ ഒരു കാര്യം പറഞ്ഞിട്ടുണ്ടെങ്കില്‍, ചെയ്തിട്ടുണ്ടെങ്കില്‍, അംഗീകാരം നല്‍കിയിട്ടുണ്ടെങ്കില്‍ അതിന് ഒരു പശ്ചാത്തലമുണ്ടാവും. ആദ്യം അത് മനസ്സിലാക്കണം. പിന്നെ, ഏതൊരു ഹദീസും ഖുര്‍ആനിക സൂക്തങ്ങളുടെയും മറ്റു പ്രബല ഹദീസുകളുടെയും ഇസ്‌ലാമിന്റെ മൊത്തം മൂല്യസങ്കല്‍പങ്ങളുടെയും സമുന്നത ലക്ഷ്യങ്ങളുടെയും വെളിച്ചത്തില്‍ പഠനവിധേയമാക്കണം. ഒരു മനുഷ്യന്‍ എന്ന നിലക്ക് മുഹമ്മദ് നബി (സ) പറഞ്ഞ വാക്കുകളും ചെയ്ത പ്രവൃത്തികളും, പ്രവാചകത്വത്തിന്റെ/നുബുവ്വത്തിന്റെ ഭാഗമായി വന്നിട്ടുള്ള വാക്കുകളും പ്രവൃത്തികളും തമ്മില്‍ വേര്‍തിരിക്കുക എന്നതാണ് മറ്റൊരു പ്രധാന കടമ്പ. അല്‍ അസ്ഹര്‍ സര്‍വകലാശാലാ മുന്‍ റെക്ടര്‍ മഹ്മൂദ് ശല്‍ത്തൂത്തിന്റെ ഭാഷയില്‍ പറഞ്ഞാല്‍ പ്രവാചകചര്യയില്‍ തന്നെ ശരീഅത്തിന്റെ ഭാഗമായതും അല്ലാത്തതുമായ കാര്യങ്ങളുണ്ടാവും. ശരീഅത്തിന്റെ ഭാഗമായ പ്രവാചക വചനങ്ങള്‍ക്കും പ്രവൃത്തികള്‍ക്കും പൊതുസ്വഭാവമാണ് ഉണ്ടാവുക. അവ എക്കാലത്തും പ്രസക്തവുമായിരിക്കും. അതേസമയം ഒരു വ്യക്തിയോട് അയാളുടെ മാനസികവും ശാരീരികവുമായ നില പരിഗണിച്ച് പ്രവാചകന്‍ ചില പ്രത്യേക നിര്‍ദേശങ്ങള്‍ നല്‍കിയിരിക്കും, അല്ലെങ്കില്‍ തികച്ചും സാന്ദര്‍ഭികമായി (തഅ്ഖീത്ത്) ചില കാര്യങ്ങള്‍ പറഞ്ഞിരിക്കും. അവയെ ആദ്യം പറഞ്ഞ നുബുവ്വത്തിന്റെ ഭാഗമായ പ്രവാചക വചനങ്ങളുമായി കൂട്ടിക്കുഴക്കുന്നത് വലിയ അപകടം ചെയ്യും. മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ മുഖവിലക്കെടുത്തില്ലെങ്കില്‍ പ്രബലമായ ഹദീസുകള്‍ വരെ തെറ്റായി വായിക്കപ്പെടും. 

മൂന്ന്: താന്‍ ഉദ്ധരിക്കുന്ന ഹദീസ് അതിനേക്കാള്‍ പ്രബലമായ, പല നിവേദന പരമ്പരകളിലൂടെ ഉദ്ധരിക്കപ്പെട്ട (മുതവാതിര്‍) ഹദീസുമായും ഖുര്‍ആന്‍ സൂക്തങ്ങളുമായും ശരീഅത്തിന്റെ പൊതുതാല്‍പര്യങ്ങളുമായും ഏറ്റുമുട്ടാതിരിക്കുക. ചിലത് പ്രത്യക്ഷത്തില്‍ ഏറ്റുമുട്ടുന്നതാണ് എന്നു തോന്നുമെങ്കിലും, സന്ദര്‍ഭവും പശ്ചാത്തലവും പഠിക്കുമ്പോള്‍ വൈരുധ്യമില്ല എന്നും ബോധ്യപ്പെടും.5 

 

വ്യത്യാസങ്ങള്‍ തിരിച്ചറിയുക

ഹിജ്‌റ ഏഴാം നൂറ്റാണ്ടില്‍ ഈജിപ്തില്‍ ജീവിച്ച മാലികീ പണ്ഡിതനാണ് ഇമാം ശിഹാബുദ്ദീന്‍ അല്‍ഖറാഫി. പ്രവാചകചര്യയെ പഠനവിധേയമാക്കി അതിനെ അദ്ദേഹം മൂന്നായി തിരിച്ചിട്ടുണ്ട്. നേതാവ് (ഇമാം) എന്ന നിലയില്‍, ന്യായാധിപന്‍ (ഖാദി) എന്ന നിലയില്‍, പ്രവാചകന്‍ (മുബല്ലിഗ്) എന്ന നിലയില്‍ മുഹമ്മദ് നബിയുടെ വാക്കുകളും കര്‍മങ്ങളും. നേതാവെന്ന നിലയിലും ന്യായാധിപനെന്ന നിലയിലും കാലവും സന്ദര്‍ഭവുമായി ബന്ധപ്പെട്ട പല നിര്‍ദേശങ്ങളും കല്‍പനകളുമുണ്ടാവും. അവക്ക് പൊതുസ്വഭാവം ഉണ്ടാവണമെന്നില്ല. മറ്റൊരു കാലത്തും സന്ദര്‍ഭത്തിലും അവ പ്രസക്തവുമായിരിക്കില്ല. എന്നാല്‍ പ്രവാചകനെന്ന നിലക്കുള്ള അദ്ദേഹത്തിന്റെ വാക്കുകളും പ്രവൃത്തികളും ശാശ്വത മൂല്യമുള്ളതും എക്കാലത്തും പ്രസക്തവുമാണ്.6 ഈ ആശയത്തെ വളരെയേറെ വിപുലപ്പെടുത്തിയിട്ടുണ്ട് ഇന്ത്യന്‍ പണ്ഡിതനായ ശാഹ് വലിയുല്ലാഹിദ്ദഹ്‌ലവി (മരണം ഹി. 1176), തന്റെ ഹുജ്ജത്തുല്ലാഹില്‍ ബാലിഗ എന്ന കൃതിയില്‍. 'പ്രവാചക വൈദ്യ'മാണ് അദ്ദേഹം നല്‍കുന്ന ഉദാഹരണം. അക്കാലത്ത് ലഭ്യമായ വൈദ്യശാസ്ത്ര അറിവുകള്‍ വെച്ചാവും ഇതുസംബന്ധമായി വന്നിട്ടുള്ള പ്രവാചകന്റെ പരാമര്‍ശങ്ങള്‍. പ്രവാചകത്വവുമായിട്ടല്ല അതിന് ബന്ധം. അതിനാല്‍, പുതിയ വൈദ്യശാസ്ത്ര അറിവുകളെ നിരാകരിച്ച് 'പ്രവാചക വൈദ്യ'ത്തിനുള്ളില്‍ ഒതുങ്ങിക്കൂടുന്നവര്‍ 'ചികിത്സിക്കൂ' എന്ന പ്രവാചകന്റെ തന്നെ കല്‍പനയെ ധിക്കരിക്കുകയാണ് ചെയ്യുന്നത്. 'അദ്ദേഹത്തെ (പ്രവാചകനെ) പിന്തുടരൂ, നിങ്ങള്‍ നേര്‍മാര്‍ഗത്തിലായേക്കും' (അല്‍ അഅ്‌റാഫ് 158) എന്ന ഖുര്‍ആനിക സൂക്തത്തിന്റെ വ്യാഖ്യാനത്തില്‍ മുഹമ്മദ് റശീദ് രിദാ എഴുതുന്നു: ''പ്രവാചകനെ അനുസരിക്കൂ' എന്ന കല്‍പനയില്‍ നാട്ടുനടപ്പ് കാര്യങ്ങള്‍ (ആദാത്ത്) ഉള്‍പ്പെടുകയില്ല. 'ഒലീവെണ്ണ കഴിക്കൂ, ശരീരത്തില്‍ പുരട്ടൂ, അത് നല്ലതും അനുഗൃഹീതവുമാണ്' പോലുളള പ്രവാചക പരാമര്‍ശങ്ങള്‍ ഈ ഇനത്തിലാണ് വരുന്നത്.'' സകാത്ത് നല്‍കേണ്ട അളവുകളെക്കുറിച്ച് ഹദീസുകളില്‍ വന്ന പരാമര്‍ശങ്ങള്‍ പ്രവാചകന്‍ ഒരു ഭരണാധികാരിയെന്ന നിലക്ക് നടത്തിയതാണെന്നും പല ഉല്‍പന്നങ്ങളുടെയും സകാത്ത് പരിധികള്‍ (നിസ്വാബ്) പ്രവാചകന്‍ പറയാതിരുന്നത് പില്‍ക്കാലക്കാര്‍ യുക്തം പോലെ ചെയ്യട്ടെ എന്ന് കരുതിയാണെന്നും മുഹമ്മദുബ്‌നു ആശൂര്‍ എഴുതിയിട്ടുണ്ട്. 

ഹദീസുകളില്‍ കാണുന്ന തീര്‍ത്തും പൊതുവെന്ന് തോന്നുന്ന നിര്‍ദേശങ്ങള്‍ വരെ ചിലപ്പോള്‍ ഒരു നിര്‍ണിത കാലത്തേക്ക് മാത്രമായിരിക്കും. പ്രവാചകാനുയായികള്‍ ആ നിലക്കത് മനസ്സിലാക്കുകയും ചെയ്തിരുന്നു. അബൂസഈദില്‍ ഖുദ്‌രിയില്‍നിന്ന് മുസ്‌ലിം ഉദ്ധരിക്കുന്ന ഒരു പ്രവാചകവചനം ഇങ്ങനെ: ''എന്നില്‍നിന്നുള്ളതൊന്നും നിങ്ങള്‍ എഴുതിവെക്കരുത്. എന്നില്‍നിന്ന് ഖുര്‍ആനല്ലാതെ മറ്റുവല്ലതും ആരെങ്കിലും എഴുതിവെച്ചിട്ടുണ്ടെങ്കില്‍ അവനത് മായ്ച്ചുകളയട്ടെ.'' എന്നാല്‍ സ്വഹാബികളില്‍ പലരും പ്രവാചക വചനങ്ങള്‍ എഴുതി സൂക്ഷിക്കാറുമുണ്ടായിരുന്നു. ഇത് ആദ്യം പറഞ്ഞ പ്രവാചക നിര്‍ദേശത്തിന് എതിരല്ലേ? അല്ല എന്നതാണ് വാസ്തവം. കാരണം, പ്രവാചകത്വത്തിന്റെ ആദ്യഘട്ടത്തിലാണ് എഴുതരുതെന്ന വിലക്ക് ഉണ്ടായിരുന്നത്. ഖുര്‍ആനിക വചനങ്ങളും നബിവചനങ്ങളും കൂടിക്കലരുമോ എന്ന ഭയം കാരണമായിരുന്നു ആ വിലക്ക്. പുതുവിശ്വാസികളില്‍ ചിലരെങ്കിലും അങ്ങനെ ചെയ്‌തേക്കുമോ എന്ന സംശയമുണ്ടായിരുന്നു. പിന്നീട് അത്തരം ഭീതികളും സംശയങ്ങളും അസ്ഥാനത്താണെന്ന് തെളിഞ്ഞു. അതോടെ എഴുതിവെക്കരുതെന്ന നിരോധവും റദ്ദായി. നിരോധത്തിന്റെ കാരണം സ്വഹാബികള്‍ ശരിയായി മനസ്സിലാക്കിയിരുന്നതുകൊണ്ടാണ് ഇക്കാര്യത്തില്‍ അവര്‍ക്കിടയില്‍ ഒരു തര്‍ക്കവും ഉണ്ടാവാതിരുന്നത്. 

 

മാസപ്പിറവിയും വിവാദങ്ങളും 

1989-ലാണ് സംഭവം. ആ വര്‍ഷം ഏപ്രില്‍ 6-ന് വ്യാഴാഴ്ച സുഊദി അറേബ്യയിലും കുവൈത്തിലും ഖത്തറിലും ബഹ്‌റൈനിലും തുനീഷ്യയിലും റമദാന്‍ വ്രതം ആരംഭിച്ചു. മാസം കണ്ടത് സുഊദിയില്‍. പിറ്റേന്ന് വെള്ളിയാഴ്ചയാണ് ഈജിപ്ത്, ജോര്‍ദാന്‍, ഇറാഖ്, അള്‍ജീരിയ, മൊറോക്കോ എന്നിവിടങ്ങളില്‍ വ്രതാരംഭം. പാകിസ്താനിലും ഇന്ത്യയിലും ഒമാനിലും ഇറാനിലും നോമ്പാരംഭിച്ചതാവട്ടെ അടുത്ത ദിവസമായ ശനിയാഴ്ചയും! മതത്തിന്റെയോ ശാസ്ത്രത്തിന്റെയോ ഏത് മാനദണ്ഡം വെച്ചാലും ഒട്ടും സ്വീകാര്യമോ യുക്തിസഹമോ അല്ല ഈ രീതി. ഈ മൂന്ന് വ്രതാരംഭങ്ങളില്‍ ഒന്ന് മാത്രമേ ശരിയായിട്ടുള്ളൂ. ബാക്കി രണ്ടും അബദ്ധമാണ്. ഗോളശാസ്ത്ര പഠനങ്ങള്‍ ഇത്രയേറെ വികാസം പ്രാപിച്ച ഇക്കാലത്തും ഇതുപോലുള്ള പ്രവണതകള്‍ ആവര്‍ത്തിക്കപ്പെടുന്നതിന് ഒറ്റക്കാരണമേയുള്ളൂ, പ്രമാണങ്ങളുടെ അക്ഷരവായന, പ്രത്യേകിച്ച് ഹദീസുകളുടെ.  അതുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ഇസ്‌ലാമിക സമൂഹത്തിന്റെ കെട്ടുറപ്പിനെപ്പോലും ബാധിക്കുന്നു. ഐക്യബോധത്തെ ശിഥിലമാക്കുന്നു. നൂറിലധികം രാജ്യങ്ങളില്‍നിന്നുള്ള പണ്ഡിതന്മാര്‍ ചേര്‍ന്ന് ഈയിടെ ഒരു ആഗോള ഹിജ്‌റ കലണ്ടര്‍ രൂപകല്‍പ്പന ചെയ്യാന്‍ തീരുമാനിച്ചത് അക്ഷരവായനയുടെ കടുത്ത സമ്മര്‍ദങ്ങള്‍ നിലനില്‍ക്കെത്തന്നെയാണ്. എതിര്‍പ്പും തിരസ്‌കാരവും പൂര്‍വോപരി ശക്തമായി തുടരുമെന്നുതന്നെ പ്രതീക്ഷിക്കണം. മാസപ്പിറവി സംബന്ധമായി വന്ന ഒരു നബിവചനം ഇങ്ങനെയാണ്: ''മാസപ്പിറവി കാണാതെ നിങ്ങള്‍ നോമ്പെടുക്കരുത്; അത് കാണാതെ നിങ്ങള്‍ നോമ്പ് ഒഴിവാക്കുകയും ചെയ്യരുത്. ആകാശം കാര്‍മേഘം മുഖരിതമാണെങ്കില്‍ നിങ്ങള്‍ കണക്കുകൂട്ടിക്കൊള്ളണം.'' മേഘം മൂടിക്കെട്ടിയതിനാല്‍ മാസപ്പിറവി കണ്ടില്ലെങ്കില്‍ ശഅ്ബാന്‍ മാസം മുപ്പത് കണക്കാക്കി റമദാന്‍ ഒന്ന് നിശ്ചയിക്കണം എന്നര്‍ഥം. ബുഖാരിയും മുസ്‌ലിമും ഉദ്ധരിച്ചിട്ടുള്ള പ്രബലമായ നബിവചനമാണിത്. 

ഒറ്റനോട്ടത്തില്‍ തന്നെ ഈ ഹദീസിന്റെ ലക്ഷ്യം (മഖ്‌സ്വദ്) വ്യക്തമാണ്. ആ ലക്ഷ്യം നേടാന്‍ ഒരു മാര്‍ഗവും (വസീല) നിര്‍ദേശിച്ചിരിക്കുന്നു. ലക്ഷ്യം ഇതാണ്: റമദാന്‍ മാസം മുഴുവനായി നിങ്ങള്‍ നോമ്പെടുക്കണം. അതിന്റെ ആദ്യത്തിലോ അവസാനത്തിലോ നോമ്പ് നഷ്ടപ്പെടാന്‍ ഇടയാകരുത്. റമദാനിനു മുമ്പും ശേഷവുമുള്ള ശഅ്ബാന്‍, ശവ്വാല്‍ മാസങ്ങളിലെ ദിനങ്ങളില്‍ നോമ്പനുഷ്ഠിച്ച് പോകാതിരിക്കാന്‍ ജാഗ്രതാ നിര്‍ദേശവും നല്‍കിയിരിക്കുന്നു. ഈ ലക്ഷ്യം നേടാന്‍ നിര്‍ദേശിച്ചിരിക്കുന്ന മാര്‍ഗം കണ്ണുകൊണ്ട് കാണുക എന്നുള്ളതാണ്. സാധാരണക്കാര്‍ക്ക് പ്രാപ്യമായ മാര്‍ഗമാണത്. ഗോളശാസ്ത്ര കണക്കനുസരിച്ചാണ് നിങ്ങളത് നിശ്ചയിക്കേണ്ടത് എന്നാണ് നബി (സ) പറഞ്ഞിരുന്നെതെങ്കില്‍ എഴുത്തും വായനയും അറിയാത്ത അദ്ദേഹത്തിന്റെ സമൂഹത്തിനത് വളരെ പ്രയാസകരമായിത്തീര്‍ന്നേനെ. പ്രവാചകന്‍ സ്വയം തന്നെ വിശേഷിപ്പിച്ചുള്ളതുപോലെ അദ്ദേഹം തന്റെ ജനതയെ എളുപ്പമുള്ള വഴികളിലൂടെ നയിക്കുന്നവനാണ്. കണക്കും ഗോളശാസ്ത്രവും പറഞ്ഞ് നിരക്ഷരരായ ആ സമൂഹത്തെ അദ്ദേഹം കഷ്ടപ്പെടുത്തുകയില്ല. 

ഇന്ന് അതാണോ സ്ഥിതി? ശാസ്ത്രവും സാങ്കേതിക വിദ്യയും ഇപ്പോള്‍ അമ്പരപ്പിക്കുന്ന വളര്‍ച്ച നേടിയിരിക്കുന്നു. എല്ലാ സമൂഹങ്ങളും ആ ശാസ്ത്രനേട്ടങ്ങള്‍ സ്വായത്തമാക്കുകയും ചെയ്തിരിക്കുന്നു. പ്രകൃതി പ്രതിഭാസങ്ങളെക്കുറിച്ച കൃത്യമായ വിവരങ്ങള്‍ ഇന്ന് അവര്‍ക്ക് ലഭ്യമാണ്. ഇക്കാര്യത്തില്‍ വിദഗ്ധരായ ഒട്ടേറെ ശാസ്ത്രജ്ഞര്‍ മുസ്‌ലിംകള്‍ക്കിടയില്‍ തന്നെയുണ്ട്. സൂര്യചന്ദ്രന്മാരുടെ ഉദയാസ്തമയങ്ങള്‍ ഒരു സെക്കന്റ് പിഴക്കാതെ ശാസ്ത്രത്തിന്റെ പിന്‍ബലത്തില്‍ അവര്‍ക്കിന്ന് പറഞ്ഞുതരാന്‍ കഴിയും. പിഴവ് പറ്റാത്ത ശാസ്ത്രീയ മാര്‍ഗങ്ങള്‍ അറിയാമെന്നിരിക്കെ, പിഴവ് പറ്റാന്‍ ധാരാളം സാധ്യതകളുള്ള നഗ്‌നനേത്രങ്ങള്‍ കൊണ്ടുള്ള കാഴ്ച തന്നെ വേണം മാസപ്പിറവി സ്ഥിരീകരിക്കാന്‍ എന്ന് പറയുന്നതില്‍ എന്ത് ന്യായമാണുള്ളത്? 

അംഗീകൃത ഫിഖ്ഹീ തത്ത്വമാണ് 'ഖിയാസുല്‍ ഔലാ' എന്നത്. പ്രമാണങ്ങള്‍ പറഞ്ഞിട്ടുള്ള മാര്‍ഗങ്ങളേക്കാള്‍ സുബദ്ധമായത് തെളിഞ്ഞുവരികയാണെങ്കില്‍ അത് സ്വീകരിക്കണം എന്നതാണ് ആ തത്ത്വത്തിന്റെ പൊരുള്‍. നേരത്തേ പറഞ്ഞപോലെ, ഹദീസില്‍ വന്ന നഗ്നദൃഷ്ടികൊണ്ട് കാണുക എന്ന മാര്‍ഗ(വസീല)ത്തേക്കാള്‍ വളരെ കൃത്യവും സുബദ്ധവുമാണ് ഗോളശാസ്ത്രപ്രകാരമുള്ള കണക്കുകൂട്ടല്‍. ലക്ഷ്യമാണ് പ്രധാനം. മാര്‍ഗങ്ങള്‍ മാറിക്കൊണ്ടിരിക്കും. മാര്‍ഗത്തെ ലക്ഷ്യമായി തെറ്റിദ്ധരിക്കുന്നതാണ് പ്രശ്‌നം. 'ശത്രുക്കളെ ഭയപ്പെടുത്താന്‍ നിങ്ങള്‍ കുതിരപ്പടയെ ഒരുക്കിനിര്‍ത്തുക' (8:60) എന്ന ഖുര്‍ആനിക സൂക്തത്തിന്റെ വ്യാഖ്യാനത്തില്‍ നാമിക്കാര്യം നേരത്തേ ചര്‍ച്ച ചെയ്തതാണ്. ഇന്ന് കുതിരപ്പടകള്‍ ശത്രുക്കളില്‍ ഒട്ടും ഭയം ജനിപ്പിക്കുന്നില്ല; അപ്പോള്‍ ആ ലക്ഷ്യം നേടാന്‍ മാര്‍ഗം മാറ്റേണ്ടിവരും. ഇന്നത്തെ 'കുതിരപ്പട' ബോംബര്‍ വിമാനങ്ങളും ന്യൂക്ലിയര്‍ ആയുധങ്ങളുമൊക്കെയാണ്. അതേ തത്ത്വം മാസപ്പിറവി വിഷയത്തില്‍ എന്തുകൊണ്ട് സ്വീകരിക്കുന്നില്ല?

ഇരുപതാം നൂറ്റാണ്ടിലെ പ്രമുഖ ഹദീസ് പണ്ഡിതനായ അഹ്മദ് മുഹമ്മദ് ശാകിര്‍ ഇതു സംബന്ധമായി ഒരു പ്രബന്ധം രചിച്ചിട്ടുണ്ട്.7 മാസപ്പിറവി സംബന്ധമായ മുഴുവന്‍ ഹദീസുകളും മുമ്പില്‍ വെച്ച അദ്ദേഹം സമര്‍ഥിക്കുന്നത്, നഗ്‌ന ദൃഷ്ടി കൊണ്ട് മാസപ്പിറവി കാണണം എന്ന് പ്രവാചകന്‍ പറയാനുള്ള കാരണം (ഇല്ലത്ത്), അദ്ദേഹത്തിന്റെ സമൂഹത്തിന് എഴുത്തും വായനയും അറിഞ്ഞുകൂടായിരുന്നു എന്നതാണ്. 'എഴുതാനോ കണക്കുകൂട്ടാനോ അറിയാത്ത നിരക്ഷര സമൂഹമാണ് ഞങ്ങള്‍'8 എന്ന് പ്രവാചകന്‍ പറഞ്ഞിട്ടുണ്ട്. എഴുത്തും വായനയും കണക്കുകൂട്ടലും സ്വായത്തമാക്കുന്നതോടെ 'കാരണം' ഇല്ലാതാവുകയും കൃത്യതയുള്ള മറ്റു മാര്‍ഗങ്ങള്‍ തേടാന്‍ സമൂഹത്തിന് അനുവാദം ലഭിക്കുകയും ചെയ്യുന്നു. ഗോളശാസ്ത്ര വിവരങ്ങള്‍ നമ്മുടെ കാലത്തേതുപോലെ കൃത്യതയാര്‍ജിക്കുന്നതിന് എത്രയോ മുമ്പ് ജീവിച്ച ഇമാം തഖിയ്യുദ്ദീന്‍ അസ്സുബ്കി (മരണം ഹി. 756) തന്റെ ഒരു ഫത്‌വയില്‍ പറയുന്നു: കണക്ക് പ്രകാരം മാസപ്പിറവി നഗ്‌നദൃഷ്ടി കൊണ്ട് കാണാനാവില്ല എന്നാണെങ്കില്‍, കണ്ടു എന്നു പറഞ്ഞുവരുന്ന ആളുടെ സാക്ഷ്യം ഖാദി നിര്‍ബന്ധമായും തള്ളിക്കളയണം. കാരണം കണക്ക് ഖണ്ഡിതമാണ്. കാഴ്ചയും വിവരം നല്‍കലും സംശയാസ്പദവും. സംശയാസ്പദമായത് ഖണ്ഡിതമായതിനെ തിരസ്‌കരിക്കുകയില്ല. എന്നിട്ടല്ലേ സംശയാസ്പദമായതിന് മുന്‍തൂക്കം ലഭിക്കുന്നത്! ശറഅ് പ്രകാരവും യുക്തി പ്രകാരവും മാസപ്പിറവി സംഭവ്യമെങ്കില്‍ മാത്രമേ അത് കണ്ടു എന്ന് പറയുന്നയാളെ വിശ്വാസത്തിലെടുക്കാവൂ. സംഭവ്യമല്ലെങ്കില്‍ ആ സാക്ഷ്യം അപ്പാടെ തള്ളണം. അസംഭവ്യതകള്‍ക്ക് ഇടമില്ല ഇസ്‌ലാമിക ശരീഅത്തില്‍.9 നമ്മുടെ കാലത്തെ പണ്ഡിതന്മാര്‍ ഇമാം സുബ്കിയുടെ എത്ര പിറകിലാണ് സഞ്ചരിക്കുന്നതെന്ന് നോക്കൂ!

 

യാത്രയിലെ മഹ്‌റം

ചില ഖുര്‍ആന്‍ സൂക്തങ്ങളുടെ പൊരുള്‍ യഥാവിധി അറിയണമെങ്കില്‍ അവയുടെ അവതരണ പശ്ചാത്തലം അറിയണമെന്ന് പറയാറുണ്ട്. ഈ നിബന്ധന ഹദീസുകളുടെ കാര്യത്തിലാണ് ഏറെ പ്രസക്തം. ഏതൊരു ഹദീസ് പഠിക്കുമ്പോഴും അതിന്റെ സന്ദര്‍ഭവും പശ്ചാത്തലവും നിര്‍ബന്ധമായും അറിഞ്ഞിരിക്കണം. ഒരു കാര്യം അനുവദിക്കുകയോ നിരോധിക്കുകയോ ചെയ്തിട്ടുണ്ടെങ്കില്‍ അത് എന്തിനു വേണ്ടി എന്നും മനസ്സിലാക്കണം. ഇബ്‌നു അബ്ബാസ് (റ) ഉദ്ധരിക്കുന്ന ഒരു നബിവചനത്തില്‍ ഇങ്ങനെ കാണാം: ''സ്ത്രീ വിവാഹ ബന്ധം നിഷിദ്ധമായ അടുത്ത ബന്ധു (മഹ്‌റം) വിന്റെ കൂടെയല്ലാതെ യാത്ര ചെയ്യരുത്.''10 ഈ വിലക്കിന്റെ കാരണം വളരെ സ്പഷ്ടമാണ്. ഭര്‍ത്താവോ അടുത്ത ബന്ധുക്കളോ ഇല്ലാതെ സ്ത്രീ ഒറ്റക്ക് യാത്ര ചെയ്യുന്നത് നബി(സ)യുടെ കാലത്ത് വളരെ അപകടം പിടിച്ചതായിരുന്നു. ഒട്ടകപ്പുറത്തും കഴുതപ്പുറത്തും വിജനമായ മരുഭൂമിയിലൂടെയായിരിക്കും പലപ്പോഴും യാത്ര. അക്രമികള്‍ ഏത് നിമിഷവും ചാടിവീഴാം. 

ഇത്തരം അപകടങ്ങള്‍ ഇന്ന് യാത്രയില്‍ ഇല്ല എന്നു തന്നെ പറയാം. വിമാനത്തിലോ തീവണ്ടിയിലോ യാത്ര ചെയ്യുന്ന സ്ത്രീ നൂറുകണക്കിന് ആളുകളുടെ ഒപ്പമാണ് സഞ്ചരിക്കുന്നത്. ഗവണ്‍മെന്റ് ഏര്‍പ്പെടുത്തുന്ന സുരക്ഷാ സംവിധാനങ്ങളും ഈ വാഹനങ്ങള്‍ക്കുണ്ട്. സ്ത്രീ സുരക്ഷ ഉറപ്പായിക്കഴിഞ്ഞാല്‍ ഹദീസില്‍ പറഞ്ഞ വിലക്ക് സ്വാഭാവികമായി നീങ്ങും. 

'ഹീറയില്‍നിന്ന് ഭര്‍ത്താവ് ഒപ്പമില്ലാതെ ഒരു സ്ത്രീ ഒട്ടകക്കൂടാരത്തിലേറി കഅ്ബയിലേക്ക് പുറപ്പെടുന്ന കാലം വിദൂരത്തല്ല'11 എന്ന നബിവചനത്തില്‍നിന്ന് സ്ത്രീ സുരക്ഷ ഉറപ്പായാല്‍ മഹ്‌റമില്ലാതെയും സ്ത്രീക്ക് യാത്ര ചെയ്യാം എന്ന് വ്യക്തമാവുന്നുണ്ട്. ഉമറുബ്‌നുല്‍ ഖത്ത്വാബി(റ)ന്റെ ഭരണകാലത്ത് വിശ്വസ്തരായ സ്ത്രീകളോടൊപ്പം ആഇശ(റ)യും ഏതാനും നബിപത്‌നിമാരും ഹജ്ജ് ചെയ്തിട്ടുണ്ട്. അവരുടെ കൂടെ മഹ്‌റം ഉണ്ടായിരുന്നില്ല. 

 

കുടിയേറ്റത്തിനെതിരെ

വളരെ അപകടകരമായ രാഷ്ട്രീയ മാനങ്ങള്‍ നല്‍കി തീവ്രഗ്രൂപ്പുകള്‍ ഉയര്‍ത്തിക്കാട്ടുന്ന ഒരു നബിവചനമുണ്ട്. 'ബഹുദൈവാരാധകര്‍ക്കിടയില്‍ ജീവിക്കുന്ന മുസ്‌ലിമിനെ സംബന്ധിച്ച് എനിക്ക് ഉത്തരവാദിത്തമില്ല'12 എന്നാണതില്‍ പറഞ്ഞിരിക്കുന്നത്. ഇതുവെച്ച് യൂറോപ്പ് പോലെ മുസ്‌ലിംകളല്ലാത്തവര്‍ താമസിക്കുന്ന പ്രദേശങ്ങളിലേക്ക് കുടിയേറാന്‍ പാടില്ല എന്നുവരെ ഫത്‌വ പുറപ്പെടുവിച്ച ഉഗ്രഗ്രൂപ്പുകളുണ്ട്. ഇവരുടെ വ്യാഖ്യാനത്തിന് ഹദീസുമായി യാതൊരു ബന്ധവുമില്ല എന്നതാണ് വാസ്തവം. ഒന്നമതായി, അതൊരു പൊതുപ്രസ്താവമേ അല്ല. ഒരു സംഭവത്തെക്കുറിച്ച നബിയുടെ പ്രതികരണമാണ്. രണ്ടാമതായി, അമുസ്‌ലിം നാടുകളില്‍ കുടിയേറാമോ പാടില്ലേ എന്ന വിഷയമേ അല്ല അതില്‍ പ്രതിപാദിക്കുന്നത്. 

ആ ഹദീസിന് ഒരു ചരിത്ര പശ്ചാത്തലമുണ്ട്. നബി (സ) ഖസ്അം ഗോത്രത്തിലേക്ക് ഒരു സംഘം സൈനികരെ പറഞ്ഞയച്ചിരുന്നു. പ്രവാചകനെതിരെ പടയൊരുക്കം നടത്തിക്കൊണ്ടിരുന്ന ഗോത്രമാണത്. ഇരുസംഘവും ഏറ്റുമുട്ടിയപ്പോള്‍ ഖസ്അം ഗോത്രക്കാര്‍ തോല്‍ക്കുമെന്ന ഘട്ടമെത്തി. ആക്രമണത്തില്‍നിന്ന് രക്ഷപ്പെടാന്‍ അവരില്‍ ഒരു വിഭാഗം സുജൂദില്‍ വീണു. ഇത് ആത്മാര്‍ഥമല്ലെന്നും വഞ്ചനയാണെന്നും കരുതി മുസ്‌ലിം സൈനികര്‍ അവരെ വധിച്ചു. കുറ്റം തെളിയിക്കപ്പെടാതെ വധിക്കപ്പെട്ടതിനാല്‍ അവരുടെ ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരത്തുക നല്‍കണം. എന്നാല്‍, പ്രവാചകന്‍ പകുതി നഷ്ടപരിഹാരത്തുക മാത്രമേ അനുവദിച്ചുള്ളൂ. അതിന്റെ കാരണമാണ് മേല്‍പറഞ്ഞ ഹദീസില്‍ വിശദീകരിക്കുന്നത്. വളരെ വിദൂരത്തുള്ള ഒരു നാട്ടില്‍ വെച്ച് ഒരു മുസ്‌ലിം ചെയ്യുന്ന പ്രവൃത്തിക്ക് താന്‍ ഉത്തരവാദിയല്ല എന്നാണ് പ്രവാചകന്‍ പറഞ്ഞത്. ഈ നബിവാക്യത്തിന് അമുസ്‌ലിം നാടുകളിലേക്കുള്ള മുസ്‌ലിം കുടിയേറ്റവുമായി എന്ത് ബന്ധം? ജന്മനാട്ടില്‍നിന്ന് പിഴുതെറിയപ്പെട്ട് യൂറോപ്പിന്റെ വാതിലില്‍ ചെന്ന് മുട്ടുന്ന പശ്ചിമേഷ്യയില്‍നിന്നുള്ള അഭയാര്‍ഥിലക്ഷങ്ങളോട് ഈ ഹദീസ് ദുര്‍വ്യാഖ്യാനിച്ചാണ് അങ്ങോട്ട് പോകരുതെന്ന് തീവ്രവാദിഗ്രൂപ്പുകള്‍ ആവശ്യപ്പെടുന്നത്! മുസ്‌ലിംകള്‍ക്ക് ആദ്യ അഭയസ്ഥാനമൊരുക്കിയത് ഒരൊറ്റ മുസ്‌ലിം പോലുമില്ലാത്ത ക്രിസ്ത്യന്‍ എത്യോപ്യയായിരുന്നല്ലോ. ഇങ്ങനെ എത്രയെത്ര ചരിത്രസത്യങ്ങളെ കുഴിച്ചുമൂടിവേണം ഇത്തരമൊരു ദുര്‍വ്യാഖ്യാനം ചമയ്ക്കാന്‍. 

ഹദീസുകളെക്കുറിച്ച മഖാസ്വിദീ പഠനങ്ങള്‍ക്ക് മാത്രമേ അവയുടെ ദുര്‍വ്യാഖ്യാനം തടയാനാവൂ. 

(തുടരും)

 

കുറിപ്പുകള്‍: 

1. ഇബ്‌നുല്‍ ഖയ്യിം തന്റെ മിഫ്താഹുദാരിസ്സആദഃ എന്ന കൃതിയില്‍ ഈ ഹദീസ് ഉദ്ധരിച്ചിട്ടുണ്ട്. ഇമാം അഹ്മദ്, ഇബ്‌നു അബ്ദില്‍ബര്‍റ് തുടങ്ങിയവര്‍ ഹദീസ് പ്രബലമാണെന്ന് സാക്ഷ്യപ്പെടുത്തുന്നു. വിവിധ നിവേദക പരമ്പരകളിലൂടെ ഇതേ ഹദീസ് ഉദ്ധരിക്കപ്പെട്ടിട്ടുണ്ട് എന്നതും അതിന്റെ പ്രബലതക്ക് കരുത്തേകുന്നു. 

2. അഹ്മദ്, നസാഈ, ഇബ്‌നുമാജ, ഹാകിം ഉദ്ധരിച്ചത്. സ്വഹീഹ് ജാമിഉസ്സഗീറില്‍ (2680) എടുത്തു ചേര്‍ത്തിട്ടുണ്ട്.

3. മുസ്‌ലിം തന്റെ സ്വഹീഹില്‍ 'വിജ്ഞാനം' എന്ന അധ്യായത്തില്‍ ഉദ്ധരിച്ചത് (2670).

4. ഡോ. യൂസുഫുല്‍ ഖറദാവി-അല്‍മര്‍ജഇയ്യതുല്‍ ഉല്‍യാ ഫില്‍ ഇസ്‌ലാം, 'തെറ്റായി മനസ്സിലാക്കല്‍' എന്ന അധ്യായം (296-330). 

5. ഖറദാവി-കൈഫ നതആമലു മഅസ്സുന്നതിന്നബവിയ്യ, പേജ് 43-45

6. അല്‍ഖറാഫിയുടെ അല്‍ ഫുറൂഖ്, അല്‍ഇഹ്കാമു ഫീ തംയീസില്‍ ഫതാവ മിനല്‍ അഹ്കാം എന്നീ രണ്ടു കൃതികള്‍ കാണുക. 

7. അഹ്മദ് മുഹമ്മദ് ശാകിര്‍-അവാഇലുശ്ശുഹൂര്‍ അല്‍ അറബിയ്യ ഹല്‍ യജുസു ശറഅന്‍ ഇസ്ബാതുഹാ ബില്‍ ഹിസാബില്‍ ഫലകി. 

8. 'ഇന്നാ ഉമ്മത്തുന്‍ ഉമ്മിയതുന്‍ ലാ നക്തുബു വലാ നഹ്‌സബു...' 

9. ഫതാവസ്സുബ്കി (1/219-220), മക്തബതുല്‍ ഖുദ്‌സ്, കൈറോ. 

10. ബുഖാരി 'വേട്ട' എന്ന അധ്യായത്തിലും (1763), മുസ്‌ലിം അല്‍ഹജ്ജ് എന്ന അധ്യായത്തിലും (1341) ഇത് ചേര്‍ത്തിട്ടുണ്ട്. 

11. ബുഖാരിയുടെ വ്യാഖ്യാനമായ ഫത്ഹുല്‍ ബാരി 4/446

12. അബൂദാവൂദ് 'ജിഹാദ്' എന്ന അധ്യായത്തില്‍ (2645), അല്‍ബാനിയുടെ സ്വഹീഹുല്‍ ജാമിഅ് (1361). 

 

 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-24 / അന്നൂര്‍ / 39-42
എ.വൈ.ആര്‍