Prabodhanm Weekly

Pages

Search

2016 ജൂലൈ 08

2959

1437 ശവ്വാല്‍ 03

വെറും ദിവാസ്വപ്‌നം

മുജീബ്

''കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന ലക്ഷ്യം നേടിയെന്നും ഇനി മുസ്‌ലിം മുക്ത ഭാരതമാണ് ലക്ഷ്യമെന്നും വിശ്വഹിന്ദു പരിഷത്ത് നേതാവ് സാധ്വി പ്രാചി. ഇന്ത്യയെ മുസ്‌ലിംകളില്‍നിന്ന് മോചിപ്പിക്കുന്നതിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളിലാണ് തങ്ങള്‍ ഇപ്പോഴെന്ന് ഇരു വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം നടന്ന റൂര്‍ക്കി സന്ദര്‍ശിക്കവെ അവര്‍ പറഞ്ഞു. മുസ്‌ലിം വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ രാജ്യദ്രോഹ നടപടികളാണ് അരങ്ങേറുന്നതെന്നും ഇവിടങ്ങളില്‍ തിരച്ചില്‍ നടത്തണമന്നും അവര്‍ ആവശ്യപ്പെട്ടു. അടുത്ത യു.പി നിയമസഭാ തെരഞ്ഞെടുപ്പില്‍ യോഗി ആദിത്യനാഥിനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കിയാല്‍ 300 സീറ്റുകളില്‍ വിജയിക്കുമെന്നും അവര്‍ പറഞ്ഞു'' (മാധ്യമം 9.6.2016). മുജീബിന്റെ പ്രതികരണം?

പി.വി.സി മുഹമ്മദ്, പൊന്നാനി

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ് മുസ്‌ലിം മുക്ത അമേരിക്കക്ക് വേണ്ടി വാദിക്കുന്നു. ചില യൂറോപ്യന്‍ രാജ്യങ്ങളിലെ വംശീയവാദികളും താന്താങ്ങളുടെ നാടുകള്‍ മുസ്‌ലിം മുക്തമാവണമെന്നാഗ്രഹിക്കുന്നു. ഫലസ്ത്വീന്‍ പിടിച്ചെടുത്ത് ജൂത രാഷ്ട്രമാക്കി മാറ്റിയ സയണിസ്റ്റുകളും അതുതന്നെ ലക്ഷ്യം വെക്കുന്നു. ഇന്ത്യയില്‍ അധികാരത്തിലേറിയ ഹിന്ദുത്വവാദികളുടെയും ആത്യന്തിക ലക്ഷ്യം മുസ്‌ലിം മുക്ത ഭാരതമാണെന്ന് വ്യക്തമാക്കുന്നതാണ് സാധ്വി പ്രാചിയുടെ തുറന്നുപറച്ചില്‍. യോഗി ആദിത്യനാഥും സമാനമനസ്‌കരും ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ശാസനയും മുസ്‌ലിംകള്‍ പാകിസ്താനിലേക്ക് പോവണമെന്നാണല്ലോ. പ്രധാനമന്ത്രി നരേന്ദ്രമോദിയോ ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായോ മറ്റു ഉത്തരവാദപ്പെട്ടവരോ വിലക്കോ എതിര്‍പ്പോ പ്രകടിപ്പിച്ചിട്ടില്ലെന്നിരിക്കെ അവരുടെയും ആത്യന്തിക മനസ്സ് അതുതന്നെയാണെന്ന് കരുതേണ്ടിവരും.

ഈ സാഹചര്യത്തില്‍ രണ്ട് ചോദ്യങ്ങളാണ് പ്രസക്തമാവുന്നത്. ലോകവും രാജ്യവും മുസ്‌ലിം മുക്തമാവണമെന്ന് ശക്തരായ ഒരു വിഭാഗം ആഗ്രഹിക്കുന്നതെന്തുകൊണ്ട് എന്നതാണ് ആദ്യത്തേത്. രണ്ടാമത്തേത് അവരുടെ സ്വപ്‌നം പൂവണിയാനുള്ള സാധ്യത എത്രത്തോളം എന്നുള്ളതും. ആദ്യ ചോദ്യത്തിനുള്ള മറുപടി ദുരൂഹമല്ല. ഇരുപതാം നൂറ്റാണ്ടിന്റെ അന്ത്യത്തോടെ സോവിയറ്റ് യൂനിയന്റെ നേതൃത്വത്തിലുള്ള കമ്യൂണിസ്റ്റ് വ്യവസ്ഥിതി തകരുകയും ചൈനയും ക്യൂബയും ഒഴിച്ച് കമ്യൂണിസ്റ്റ് നാടുകളെല്ലാം പൂര്‍വ സ്ഥിതിയിലേക്ക് തിരിച്ചുപോവുകയും ചെയ്തതോടെ ഇരുപത്തൊന്നാം നൂറ്റാണ്ടിലെ പ്രധാന വെല്ലുവിളി ഇസ്‌ലാമില്‍നിന്നാണെന്ന് കണ്ടെത്തിയ ഇസ്‌ലാംവിരുദ്ധ ശക്തികള്‍ അഴിച്ചുവിട്ട പ്രചണ്ഡമായ പ്രചാരണങ്ങളുടെയും അതിനനുഗുണമായി മുസ്‌ലിംകളില്‍നിന്ന് തന്നെ രംഗപ്രവേശം ചെയ്ത തീവ്രവാദ-ഭീകരവാദ ഗ്രൂപ്പുകളുടെ വിനാശകരമായ ചെയ്തികളുടെയും ഫലമായി സൃഷ്ടിക്കപ്പെട്ട പൊതുബോധത്തില്‍നിന്ന് മുതലെടുക്കുകയാണ് തല്‍പര കക്ഷികള്‍. രാജ്യങ്ങള്‍ മുസ്‌ലിം മുക്തമാവണമെന്ന് ശഠിക്കുന്ന കൂട്ടായ്മകള്‍ പൊതുവായി പങ്കിടുന്നത് തീവ്ര ദേശീയതയും വംശീയതയുമാണെന്ന് നിഷ്പ്രയാസം കണ്ടെത്താവുന്നതേയുള്ളൂ. ഏറ്റവും ഒടുവില്‍ യൂറോപ്യന്‍ യൂനിയനില്‍നിന്ന് ബ്രിട്ടന്‍ പുറത്തുകടക്കണമെന്ന്  സഫലമായി മുറവിളി കൂട്ടിയ ശക്തികളും ആ രാജ്യത്തെ തീവ്ര വംശീയ-ദേശീയവാദികളാണെന്ന് കാണാം. വംശശുദ്ധിയിലും ദേശീയതയിലും തീവ്രവും രണോത്സുകവുമായ അഹന്ത കൊണ്ടുനടക്കുന്ന, മാനവികതക്ക് തരിമ്പും വില കല്‍പിക്കാത്ത ശക്തികള്‍ തന്നെയാണ് ഹിന്ദുത്വവാദികളും. മതന്യൂനപക്ഷങ്ങളാണ് അവരുടെ ഏറ്റവും കൊടിയ ശത്രുക്കള്‍. അവരെ നിര്‍മാര്‍ജനം ചെയ്യാന്‍ ഏതറ്റം വരെയും അവര്‍ പോവും. ആറേഴ് പതിറ്റാണ്ടുകാലത്തെ നിരന്തരമായ നീതിനിഷേധത്തിന്റെയും കടുത്ത അവഗണനയുടെയും ഫലമായി പ്രാന്തവത്കരിക്കപ്പട്ട ഇന്ത്യയിലെ ഏറ്റവും വലിയ മത ന്യൂനപക്ഷത്തിലെ വിവേകശൂന്യരായ ചിലര്‍ ആന്ത്യന്തിക പ്രതികരണത്തിലേക്കും പ്രതികാരത്തിലേക്കും വഴുതിവീഴുക സ്വാഭാവികമാണ്. അവരുടെ പ്രകോപനപരമായ വാക്കുകളെയും വഴിവിട്ട ചെയ്തികളെയും രൂക്ഷമായി എതിര്‍ക്കുന്നവര്‍ സ്വന്തം സമുദായം തന്നെയാണെന്ന കാര്യം വിസ്മരിക്കരുത്. പക്ഷേ, ശത്രുക്കള്‍ ഇതിനെ ഉഗ്ര സംഹാരശേഷിയുള്ള ആയുധങ്ങളായി വികസിപ്പിച്ചെടുക്കുകയാണ്. പലപ്പോഴും അവരിലേക്ക് ചേര്‍ക്കപ്പെടുന്ന പ്രസ്താവനകളോ പ്രവൃത്തികളോ പോലും തീവ്ര ഹിന്ദുത്വവാദികളുടെ വകയാണെന്ന് തെളിഞ്ഞതുമാണ്.

എന്നാല്‍ ആരൊക്കെ എങ്ങനെയൊക്കെ ശ്രമിച്ചാലും ലോകത്തെയോ രാജ്യത്തെയോ മുസ്‌ലിം മുക്തമാക്കാന്‍ കഴിയില്ല. നിരപരാധികളായ സ്ത്രീകളും കുഞ്ഞുങ്ങളും ഉള്‍പ്പെടെ പതിനായിരങ്ങളെ ഗളഛേദം ചെയ്യാനോ നിരാലംബരാക്കാനോ സാധിച്ചാലും ഇസ്‌ലാമും മുസ്‌ലിംകളും ലോകത്തും ഇന്ത്യയിലും അവശേഷിക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട. അവരും അവരുടെ പിതാമഹന്മാരും ഈ രാജ്യത്ത് ജനിച്ചുവളര്‍ന്നവരും ഇവിടെത്തന്നെ മരിക്കണമെന്ന് ആഗ്രഹിച്ചവരുമാണ്. ഇന്ത്യയെ ഇന്ന് കാണുന്ന വിധം സാംസ്‌കാരികമായും ധാര്‍മികമായും സാമൂഹികമായും വികസിപ്പിക്കുന്നതിലും ആ വികാസത്തിന് വഴിയൊരുക്കിക്കൊണ്ട് കോളനി യജമാനന്മാരെ കെട്ടുകെട്ടിക്കുന്നതിലും മുസ്‌ലിം തലമുറകളുടെ പങ്ക് നിഷേധിക്കാന്‍ ആര്‍ക്ക് കഴിയും? സ്വാതന്ത്ര്യ സമര നായകരില്‍ അലി സഹോദരന്മാരും അവരുടെ ഉമ്മ ബീ അമ്മാനും ഹസ്രത്ത് മോഹാനിയും ഹകീം അജ്മല്‍ ഖാനും അബുല്‍ കലാം ആസാദും മുഹമ്മദ് അബ്ദുര്‍റഹ്മാനും മറ്റനേകരും ഉണ്ട്. സാഹിത്യത്തിനും സംഗീതത്തിനും കലകള്‍ക്കും അനര്‍ഘ സംഭാവനകള്‍ നല്‍കിയ മീര്‍സാ ഗാലിബും അക്ബര്‍ ഇലാഹാബാദിയും മുഹമ്മദ് ഇഖ്ബാലും ഖാജാ അഹ്മദ് അബ്ബാസും ഉസ്താദ് ബിസ്മില്ലാ ഖാനും നൗഷാദും മുഹമ്മദ് റഫിയും തലത്ത് മഹ്മൂദും എം.എഫ് ഹുസൈനും എ.ആര്‍ റഹ്മാനും മറ്റനേകം ഇന്ത്യയുടെ യശസ്സുയര്‍ത്തിവരല്ലെങ്കില്‍ പിന്നെയാരാണ്?  ഹസ്രത്ത് നിസാമുദ്ദീനും ഖാജാ മുഈനുദ്ദീന്‍ ചിഷ്തിയും ബാബാ ഫരീദും ഭാരതീയ ആധ്യാത്മികതക്ക് നല്‍കിയ മഹത്തായ സംഭാവനകളെ കണ്ടില്ലെന്ന് നടിക്കാനാവുമോ? താജ് മഹലും ഖുത്ബ് മിനാറും ചാര്‍മിനാറും ലാല്‍ ഫോര്‍ട്ടും രാജ്യത്തിന്റെ അഭിമാന സ്തംഭങ്ങളല്ലെന്നാണോ? ചുരുക്കത്തില്‍ ഇസ്‌ലാമിനെയും മുസ്‌ലിംകളെയും ഒഴിച്ചുനിര്‍ത്തിക്കൊണ്ടുള്ള ഇന്ത്യ വികലവും അപൂര്‍ണവും നിറംമങ്ങിയതുമായിരിക്കുമെന്ന സത്യത്തില്‍ സംശയം വേണ്ട. വര്‍ത്തമാനകാലത്ത് ദേശീയ പ്രതിരോധത്തിന് അഗ്നിച്ചിറകുകള്‍ സമ്മാനിച്ച എ.പി.ജെ അബ്ദുല്‍ കലാമിനെ വിസ്മരിക്കുന്നത് കടുത്ത നന്ദികേടാണ്. അവരുടെയൊക്കെ പിന്‍ഗാമികള്‍ക്ക് ഈ രാജ്യത്തിന്റെ പുനര്‍നിര്‍മാണത്തിലും വികസനത്തിലും അര്‍ഹമായ പങ്ക് നല്‍കുന്നതാണ് നിര്‍വ്യാജ രാജ്യസ്‌നേഹം; നിഷേധിക്കുന്നതാണ് രാജ്യദ്രോഹം.

 


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-24 / അന്നൂര്‍ / 39-42
എ.വൈ.ആര്‍