Prabodhanm Weekly

Pages

Search

2016 ജൂലൈ 08

2959

1437 ശവ്വാല്‍ 03

വിശ്വാസിയുടെ ലക്ഷണങ്ങള്‍

എസ്.എം ഉമരി

''നിങ്ങളില്‍ ഉത്തമന്‍ ഖുര്‍ആന്‍ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവനത്രെ''-ബുഖാരി

ഇബ്‌നു മസ്ഊദില്‍നിന്ന്: നബി (സ) പ്രസ്താവിച്ചു: ''ഖുര്‍ആനിലെ ഒരക്ഷരം ഒരാള്‍ വായിച്ചാല്‍ വായിച്ച അത്രയും അക്ഷരങ്ങള്‍ക്ക് പത്ത് ഗുണം പ്രതിഫലം ലഭിക്കും. അലിഫ്-ലാം-മീം ഒരു അക്ഷരമാണെന്നു ഞാന്‍ പറയില്ല. അലിഫ് ഒരക്ഷരം, ലാം ഒരക്ഷരം, മീം ഒരക്ഷരം. അലിഫ്-ലാം-മീം എന്നൊരാള്‍ പാരായണം ചെയ്താല്‍ മുപ്പത് പുണ്യം രേഖപ്പെടുത്തുന്നതാണ്' (തിര്‍മിദി). 

* * *

അപരന് നന്മയായി വരണം നാം ചെയ്യുന്ന കര്‍മങ്ങള്‍. ജാബിര്‍ (റ) പറയുന്നു: നബി (സ) ഇങ്ങനെ അരുള്‍ ചെയ്തിട്ടുണ്ട്: ''മറ്റുള്ളവര്‍ക്ക് ഉപകാരം ചെയ്യുന്നവനാണ് നിങ്ങളില്‍ ഉത്തമന്‍'' (സ്വഹീഹ് ജാമിഉസ്സ്വഗീര്‍). 

* * *

തന്റെ കുടുംബത്തോടും ഇണയോടും നല്ല നിലയില്‍ വര്‍ത്തിക്കുന്നവനാണ് നല്ല മുസ്‌ലിം. ആഇശ (റ) പ്രസ്താവിച്ചു: ''നിങ്ങളുടെ വീട്ടുകാരോട് നല്ല നിലയില്‍ വര്‍ത്തിക്കുന്നവനാണ് നിങ്ങളില്‍ ഏറ്റവും ഉത്തമന്‍'' (തിര്‍മിദി). 

''നിങ്ങളില്‍ ഏറ്റവും നല്ലവന്‍ തങ്ങളുടെ സ്ത്രീകളോട് നല്ല നിലയില്‍ വര്‍ത്തിക്കുന്നവനാണ്'' (അബൂദാവൂദ്). 

വീട്ടില്‍ നബി(സ)യുടെ പെരുമാറ്റം എങ്ങനെയായിരുന്നെന്ന് ആഇശ(റ)യോട് ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞു: ''അദ്ദേഹം ഒരു മനുഷ്യനല്ലേ, അദ്ദേഹത്തിന്റെ സ്വഭാവം ഇങ്ങനെ: ഭാര്യമാരെ വീട്ടുകാര്യങ്ങളില്‍ സഹായിക്കും, വീടകത്തെ പല ജോലികളിലും ഏര്‍പ്പെടും. വീട്ടില്‍ ആടിനെ കറക്കും. ചെരുപ്പ് നന്നാക്കും. വെളളം നിറച്ച പാത്രം എടുത്തുകൊണ്ടുവരും. തന്റെ വസ്ത്രം തുന്നും. സ്വന്തം കാര്യങ്ങള്‍ സ്വന്തമായി ചെയ്യും. വസ്ത്രം അലക്കും'' (അഹ്മദ്). 

* * *

ഏറ്റവും നല്ല വിശ്വാസി ആരാണെന്ന് നബി(സ)യോട് ചോദിച്ചപ്പോള്‍, 'ആരുടെ കൈയില്‍നിന്നും നാവില്‍നിന്നും മുസ്‌ലിം രക്ഷപ്പെട്ടുവോ അവനാണ് നല്ല മുസ്‌ലിം' എന്നായിരുന്നു അവിടുത്തെ മറുപടി (ഹദീസ്).

വാളിനാലുണ്ടാവുന്ന മുറിവ് ഉണങ്ങിയേക്കും; നാവിനാലുണ്ടാകുന്ന മുറിവ് ഉണങ്ങാന്‍ കൂട്ടാക്കില്ലെന്ന് കവിവാക്യം.

''നിങ്ങളില്‍ ഏറ്റവും ഉത്തമന്‍ ഏറ്റവും നല്ല സ്വഭാവക്കാരനാകുന്നു'' (തിര്‍മിദി).

''പണംകൊണ്ട് ആളുകളെ കീഴ്‌പ്പെടുത്താനാവില്ല; വിശാല ഹൃദയം കൊണ്ടും സദ്‌സ്വഭാവം കൊണ്ടും മാത്രമേ അവരെ സമീപിക്കാനാവൂ'' (അബൂയഅല). 

ഇബ്‌നു മസ്ഊദില്‍നിന്ന്: നബി (സ) ഇങ്ങനെ പ്രാര്‍ഥിക്കാറുണ്ടായിരുന്നു: ''അല്ലാഹുവേ! എന്റെ സൃഷ്ടിപ്പ് (ഖല്‍ഖ്) നീ നന്നാക്കിയതുപോലെ എന്റെ സ്വഭാവം (ഖുല്‍ഖ്) നീ നന്നാക്കേണമേ!'' (അല്‍ ജാമിഉസ്സ്വഗീര്‍). 

മുആദുബ്‌നു ജബലിനെ യമനിലെ ഗവര്‍ണറായി അയക്കവെ പ്രവാചകന്റെ ഉപദേശം: ''മുആദ്, ജനങ്ങളോട് നല്ല നിലയില്‍ വര്‍ത്തിക്കുക'' (അല്‍ മുവത്വ). 

* * *

ഹംസത്തുബ്‌നു സുഹൈബില്‍നിന്ന്: നബി (സ) പറഞ്ഞു: ''നിങ്ങളില്‍ ഉത്തമന്‍ ഭക്ഷണം നല്‍കുകയും സലാം മടക്കുകയും ചെയ്യുന്നവനാണ്'' (മുസ്‌നദ് അഹ്മദ്). 

* * *

അബ്ദുല്ലാഹിബ്‌നു അംറില്‍നിന്ന്: പ്രാവചകന്‍ പറഞ്ഞു: ''തന്റെ കൂട്ടുകാരന്റെ അടുക്കല്‍ നല്ലവനാരോ അവനാണ് അല്ലാഹുവിന്റെ അടുക്കല്‍ നല്ല കൂട്ടുകാരന്‍. അല്ലാഹുവിന്റെ അടുക്കല്‍ നല്ല അയല്‍ക്കാരന്‍ തന്റെ അയല്‍വാസിക്ക് ഏറെ ഉപകാരപ്പെടുന്നവനാരോ അവനാകുന്നു'' (തിര്‍മിദി).    

 

 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-24 / അന്നൂര്‍ / 39-42
എ.വൈ.ആര്‍