ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയനില്‍നിന്ന് പടിയിറങ്ങുേമ്പാള്‍
ബ്രിട്ടനിലെ തീവ്രവലതുപക്ഷം ഇനിമേല്‍ 2016 ജൂണ്‍ 23 'സ്വാതന്ത്ര്യദിന'മായി കൊണ്ടാടിക്കൂടെന്നില്ല. 28 രാഷ്ട്ര കൂട്ടായ്മയായ യൂറോപ്യന്‍ യൂനിയനില്‍ ബ്രിട്ടന്‍ തുടരണമോ വേണ്ടയോ എന്ന ഹിതപരിശോധനയില്‍ ജനം വേണ്ട എന്ന് വിധിയെഴുതിയ ദിനമാണത്. ബ്രിട്ടീഷ് വോട്ടര്‍മാരില്‍ പതിനാറ് ദശലക്ഷം പേര്‍ വിട്ടുപോകുന്നതിനെ എതിര്‍ത്തപ്പോള്‍ 17 ദശലക്ഷം പേര്‍ യൂറോപ്യന്‍ യൂനിയനെ കൈയൊഴിഞ്ഞ് പുറംലോകവുമായുള്ള ബന്ധങ്ങള്‍ ശക്തിപ്പെടുത്തണമെന്ന പക്ഷക്കാരായിരുന്നു. അനുകൂലിക്കുന്നവര്‍ക്കും എതിര്‍ക്കുന്നവര്‍ക്കും അവരുടേതായ ന്യായങ്ങളുണ്ട്. ആരുടെ പക്ഷം ശരി എന്ന് കാലം തെളിയിക്കും. ജനാധിപത്യവ്യവസ്ഥയില്‍ ഭൂരിപക്ഷാഭിപ്രായമാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നത്. അതിനാല്‍ പതിറ്റാണ്ടുകളായി തുടരുന്ന മേഖലാകൂട്ടായ്മയില്‍നിന്നാണെങ്കില്‍ പോലും വിട്ടുപോരാന്‍ തീരുമാനിക്കുന്നതില്‍ അസ്വാഭാവികതയൊന്നുമില്ല.
പക്ഷേ, ബ്രിട്ടനെ സംബന്ധിച്ചും യൂറോപ്പിനെ സംബന്ധിച്ചുമാവുമ്പോള്‍ അത്ര പ്രാദേശികമല്ല കാര്യങ്ങള്‍. മൂന്ന് നൂറ്റാണ്ട് സൂര്യനസ്തമിക്കാതിരുന്ന ഒരു സാമ്രാജ്യത്തിന്റെ അവശിഷ്ടമാണ് ഇന്നത്തെ ബ്രിട്ടന്‍. കറുത്ത വര്‍ഗക്കാരനായ ഫ്രഞ്ച് തത്ത്വചിന്തകന്‍ ഫ്രന്‍സ് ഫാനന്‍ തന്റെ മാസ്റ്റര്‍ പീസായ 'ഭൂമിയിലെ പീഡിതര്‍' (ണൃലരേവലറ ീള വേല ഋമൃവേ1961) എന്ന കൃതിയില്‍ എഴുതിയതുപോലെ, യൂറോപ്പ് എന്നത് അക്ഷരാര്‍ഥത്തില്‍ മൂന്നാം ലോകത്തിന്റെ സൃഷ്ടിയാണ്. ലാറ്റിനമേരിക്കയില്‍നിന്നും ചൈനയില്‍നിന്നും ആഫ്രിക്കയില്‍നിന്നും ഏഷ്യയില്‍നിന്നുമൊക്കെയുള്ള എണ്ണയും പട്ടും പരുത്തിയും മറ്റു വിലപിടിച്ച വസ്തുക്കളുമാണ് യൂറോപ്പില്‍ പൊങ്ങച്ചത്തിന്റെയും ധാരാൡത്തിന്റെയും മണിമേടകള്‍ പണിതത്. ഈ തീവെട്ടിക്കൊള്ളയിലും കട്ടുകടത്തലിലും ബ്രിട്ടന്‍ കഴിഞ്ഞേ മറ്റേതൊരു യൂറോപ്യന്‍ രാഷ്ട്രവുമുള്ളൂ. സാമ്രാജ്യം എന്നോ അസ്തമിച്ചെങ്കിലും അതിന്റെ ഹാങ്ങോവര്‍ വിട്ടുമാറിയിട്ടില്ല ഇംഗ്ലീഷുകാര്‍ക്ക്. ഒരു കാലത്ത് തങ്ങള്‍ അടിമകളാക്കിവെച്ച ഏഷ്യക്കാരും ആഫ്രിക്കക്കാരും അറബികളും തങ്ങളുടെ മാതൃരാജ്യത്തേക്ക് കുടിയേറ്റക്കാരായും അഭയാര്‍ഥികളായും വരുന്നത് സഹിക്കാനാവുന്നില്ല അവര്‍ക്ക്. കുടിയേറ്റവിരുദ്ധ തീവ്രവലതു പക്ഷ കക്ഷികള്‍ യൂറോപ്പില്‍ രൂപം കൊള്ളുന്നതും ശക്തിയാര്‍ജിക്കുന്നതും ഈ പശ്ചാത്തലത്തിലാണ്.
ഇറാഖില്‍നിന്നും സിറിയയില്‍നിന്നുമുള്ള അഭയാര്‍ഥി പ്രവാഹം യൂറോപ്പിലെ തീവ്രവലതുപക്ഷത്തിന് ചാകര തന്നെയായിരുന്നു. പൊതു തെരഞ്ഞെടുപ്പില്‍ പത്തില്‍ താഴെ ശതമാനം വോട്ടുകള്‍ മാത്രം നേടിക്കൊണ്ടിരുന്ന അത്തരം കക്ഷികള്‍ ഇപ്പോള്‍ നേടുന്നത് മുപ്പത് ശതമാനത്തിലേറെ വോട്ടുകളാണ്. ഫ്രാന്‍സില്‍ പോലും അടുത്ത പ്രസിഡന്റ് തെരഞ്ഞെടുപ്പ് തീവ്രവലതുപക്ഷത്തിന് അനുകൂലമാവുമോ എന്ന ആശങ്ക പ്രബലമാണ്. റിപ്പബ്ലിക്കന്‍ വന്‍തോക്കുകള്‍ എല്ലാവരും ചേര്‍ന്ന് എതിര്‍ത്തിട്ടും അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ നോമിനിയായി തീവ്രവലതുപക്ഷത്തിന്റെ വക്താവായ ഡൊണാള്‍ഡ് ട്രംപ് തെരഞ്ഞെടുക്കപ്പെട്ടത് പാശ്ചാത്യ ലോകത്തുടനീളം കാറ്റ് മാറി വീശുന്നതിന്റെ വ്യക്തമായ സൂചനയാണ്. ട്രംപ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുക കൂടി ചെയ്താല്‍ ചിത്രം പൂര്‍ണമായി. മുസ്‌ലിംകള്‍ക്കെതിരെയും ലാറ്റിനോകള്‍ക്കെതിരെയും തുടക്കം മുതലേ വംശീയാധിക്ഷേപങ്ങള്‍ ചൊരിഞ്ഞതാണല്ലോ ട്രംപിനെ പൊതുസ്വീകാര്യനാക്കിയത്.
ഇതിന്റെയൊക്കെ തുടര്‍ച്ച തന്നെയാണ് ബ്രിട്ടനിലെ ഹിതപരിശോധനാ ഫലവും. യൂറോപ്യന്‍ യൂനിയനില്‍നിന്ന് കേവലം രാഷ്ട്രീയവും സാമ്പത്തികവുമായ കാരണങ്ങളാലുള്ള വിട്ടുപോകലായി അതിനെ കാണാന്‍ കഴിയില്ല. വംശീയവും മതകീയവുമായ അന്തര്‍ധാരകളാണ് അത്തരം സംഭവവികാസങ്ങളുടെ ഗതിയും ദിശയും നിര്‍ണയിക്കുന്നത്. 'മുസ്‌ലിം അഭയാര്‍ഥി' പ്രശ്‌നമില്ലായിരുന്നെങ്കില്‍ ഒരു പക്ഷേ ഇങ്ങനെയൊരു ഹിതപരിശോധനക്ക് ആവശ്യമായ വോട്ടുകള്‍ സമാഹരിക്കാന്‍ വലതുപക്ഷത്തിന് കഴിയുമായിരുന്നില്ല. ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ നേതൃത്വം നല്‍കുന്ന കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ ബഹുഭൂരിഭാഗവും വിട്ടുപോകലിനെ അനുകൂലിച്ചതുകൊണ്ടാണ് താന്‍ പ്രധാനമന്ത്രി സ്ഥാനം ഒഴിയുകയാണെന്ന് അദ്ദേഹത്തിന് പ്രഖ്യാപിക്കേണ്ടിവന്നത്. മാസങ്ങള്‍ക്കു മുമ്പ് സാദിഖ് ഖാനെന്ന പാക് വംശജനെ ലണ്ടന്‍ മേയര്‍ സ്ഥാനത്തേക്ക് വിജയിപ്പിച്ചെടുത്ത മുഖ്യപ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടിക്കാകട്ടെ ഈ വലതുപക്ഷ വ്യതിയാനത്തെ ചെറുക്കാനായില്ല. അത് ലേബര്‍ പാര്‍ട്ടി നേതൃത്വത്തിനെതിരെയുള്ള കലാപമായും രൂപപ്പെട്ടിരിക്കുന്നു. തുര്‍ക്കി മുവ്വായിരം വര്‍ഷം കാത്തിരുന്നാലും യൂറോപ്യന്‍ യൂനിയന്‍ അംഗത്വം കിട്ടില്ലെന്ന ഡേവിഡ് കാമറൂണിന്റെ പരിഹാസവും ഇതോടൊപ്പം ഓര്‍ക്കാം. പച്ചപ്പരമാര്‍ഥമാണ് അപ്പറഞ്ഞത്. ഇതൊരു പ്രത്യേക മതക്കാര്‍ക്ക് ഭൂരിപക്ഷമുള്ള രാജ്യങ്ങളുടെ കൂട്ടായ്മയാണെന്നും മുസ്‌ലിംകള്‍ ബഹുഭൂരിപക്ഷമുള്ള തുര്‍ക്കി അതിലൊരിടം സ്വപ്‌നം കാണേണ്ടെന്നുമാണ് അതിന്റെ പച്ചമലയാളം.
ഇതിനേക്കാള്‍ ആഴത്തിലുള്ളതാണ് വിട്ടുപോകലിന്റെ പിന്നിലുളള വംശീയ ചിന്തകള്‍. ലാറ്റിനോകളും കറുത്തവരും അറബികളും ഇന്ത്യക്കാരുമെല്ലാം തങ്ങളുടെ തൊഴില്‍ തട്ടിയെടുക്കുന്നു എന്ന പരാതിയുണ്ട് യൂറോപ്പിലെ വെള്ളക്കാര്‍ക്ക്. ഇവരെല്ലാം ചേര്‍ന്ന ഒരു സങ്കര സമൂഹത്തെ അവര്‍ക്ക് ഉള്‍ക്കൊള്ളാനാവുന്നില്ല. എത്രയോ കാലമായി തങ്ങളോടൊപ്പം നിന്ന വെല്‍ഷ്, ഐറിഷ്, സ്‌കോട്ട് ജനവിഭാഗങ്ങളെയും സമഭാവനയോടെ കാണാന്‍ മാനസികമായി കൊളോണിയല്‍ ഭൂതകാലത്ത് ജീവിക്കുന്ന ശുദ്ധവെള്ളക്കാര്‍ക്ക് കഴിയുന്നില്ല. ജനാധിപത്യത്തിന്റെയും മാനവികതയുടെയും മുഖംമൂടി ധരിപ്പിച്ചിരുന്ന സകല കാപട്യങ്ങളെയും വെളിച്ചത്തു കൊണ്ടുവരാന്‍ അഭയാര്‍ഥി പ്രവാഹത്തിനും ഇപ്പോഴത്തെ ഹിതപരിശോധനാ ഫലത്തിനുമൊക്കെ സാധിക്കുന്നുണ്ട്. കൂടുതല്‍ യാഥാര്‍ഥ്യ ബോധത്തോടെ ലോകസംഭവങ്ങളെ നോക്കിക്കാണാന്‍ ഇത് നമ്മെ പ്രാപ്തരാക്കുന്നുമുണ്ട്.
Comments