Prabodhanm Weekly

Pages

Search

2016 ജൂലൈ 08

2959

1437 ശവ്വാല്‍ 03

പഞ്ചാബിന്റെ കവാടം കടന്ന്

എ. റശീദുദ്ദീന്‍

ന്താരാഷ്ട്ര യാത്രയിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാനുള്ള ഓഫീസുകളും പാറാവുകാരും വാഗയില്‍ ഉണ്ടായിരുന്നില്ലെങ്കില്‍ 'സ്വദായേ സര്‍ഹദ്' എപ്പോഴായിരുന്നു ഇന്ത്യയുടെ അതിര്‍ത്തി പിന്നിട്ടതെന്ന് യാത്രക്കാരന് കണ്ടുപിടിക്കാന്‍ കഴിയുമായിരുന്നില്ല. നോക്കെത്താ ദൂരത്തേക്ക് പരന്നു കിടക്കുന്ന ഗോതമ്പു വയലുകള്‍ക്കും അവക്ക് അതിരിടുന്ന വേപ്പു മരങ്ങള്‍ക്കും രണ്ടു രാജ്യങ്ങളിലും ഒരു ഭാവമാറ്റവും ഉണ്ടായിരുന്നില്ല. തൊപ്പിയുടെയും തലപ്പാവിന്റെയും ചന്തത്തില്‍ മാത്രമാണ് ജനങ്ങളും അവരുടെ ജീവിത വ്യവഹാരങ്ങളും വ്യത്യാസപ്പെട്ടത്. റോഡരികുകളില്‍ കയറു കട്ടിലില്‍ കിടന്ന് കാറ്റുെകാള്ളുന്നവര്‍, കൊയ്ത്തു കഴിഞ്ഞ പാടങ്ങളിലും വഴിയോരത്തുമൊക്കെ കുര്‍ത്തയിട്ട് ക്രിക്കറ്റ് കളിക്കുന്ന യുവാക്കള്‍,  ഉന്തുവണ്ടികളില്‍ ഐസ്‌ക്രീമും ചുട്ടചോളവും ഗോല്‍കപ്പയും കുപ്പിവളകളും വില്‍ക്കുന്നവര്‍, ചീവിയ ഐസിനു മുകളില്‍ വിതറിയ കടും വര്‍ണങ്ങളുള്ള നാടന്‍ സര്‍ബത്തുകള്‍ക്കു ചുറ്റും തിക്കിത്തിരക്കുന്ന കുട്ടികള്‍, പാട്ടുപെട്ടികള്‍ ഘടിപ്പിച്ച നാല്‍ചക്ര വണ്ടികളില്‍ കൊട്ടക്കസാലകള്‍ ഉന്തിനടക്കുന്ന ഝൂലാവാലകള്‍, ചാണക വറളികള്‍ ഉരുട്ടി ഉണക്കാനിടുന്നവര്‍, ചായക്കടകള്‍ക്ക് പുറത്ത് സൊറ പറഞ്ഞിരിക്കുന്ന സംസാരത്തിന് പൊതുവെ കലഹത്തിന്റെ ശരീരഭാഷയുള്ള നല്ല നെടുപ്പമുള്ള  ഗ്രാമീണര്‍,  കഴുതപ്പുറത്ത് വശംചരിഞ്ഞിരുന്ന് പോകുന്ന തൊഴിലാളികള്‍, കുട്ടികളെ ചുമലില്‍ ഇരുത്തി മേള കാണിക്കാനോ ആശുപത്രിയിലേക്കോ പോകുന്നവര്‍.... ഇതെല്ലാം വാഗയുടെ അപ്പുറത്തു നിന്നേ ആരംഭിച്ച കാഴ്ചകളുടെ ആവര്‍ത്തനമാണ്. സാമൂഹികമായ ഈ തുടര്‍ച്ച എവിടെയോ മുറിയുന്നുണ്ട്. ആ പച്ചമുറിവിന്റെ അടയാളങ്ങളെ ഉല്‍ക്കടമായ ആകാംക്ഷയോടെ നോക്കിയിരിക്കുകയാണ് ഞാന്‍. 

മൂവര്‍ണപതാകകള്‍ വീശി ആര്‍പ്പു വിളിച്ച് യാത്രയാക്കുന്ന വാഗയിലെ നിഷ്‌കളങ്കരായ ജനക്കൂട്ടമാണ് ഇന്ത്യയുടെ അവസാനത്തെ ദൃശ്യം. ഏകദേശം ഏഴടിയോളം പൊക്കം തോന്നിക്കുന്ന അതിര്‍ത്തി രക്ഷാ സേനയിലെ ഒരു ജവാന്‍ ഈ കാഴ്ചകള്‍ക്കു വിരാമമിട്ട് ഇന്ത്യയുടെ ഇരുമ്പു ഗേറ്റുകള്‍ വലിച്ചു തുറക്കുന്നു. ദല്‍ഹിയിലെ അംബേദ്കര്‍ ടെര്‍മിനലില്‍നിന്ന് കാലത്ത് പുറപ്പെട്ട ബസ് ഇതിലെ കടന്നു പോകുമ്പോള്‍ വൈകുന്നേരത്തെ പതാക താഴ്ത്തല്‍ ചടങ്ങിന്റെ ബഹളത്തിലായിരിക്കും അതിര്‍ത്തി. ലാഹോറില്‍നിന്ന് ദല്‍ഹിയിലേക്കു വരുന്ന ബസ് വെളുപ്പിനാണ് വാഗ കടക്കുന്നത്. ഇന്ത്യയിലേക്ക് വരുന്നവര്‍ക്ക് വായിക്കാവുന്ന വിധം  'ബാബെ ആസാദ്' (സ്വാതന്ത്ര്യത്തിന്റെ കവാടം) എന്ന് അപ്പുറത്ത് എഴുതിവെച്ചിട്ടുണ്ടെങ്കിലും ഭാരത് എന്ന് ഹിന്ദിയിലും ഇന്ത്യ എന്ന് ഇംഗ്ലീഷിലും എഴുതിവെച്ച ഗേറ്റിലൂടെയാണ് യാത്രക്കാരന്‍ ഇന്ത്യ കടന്നു പോകുന്നത്. മഹാത്മാ ഗാന്ധിയുടെ ചിത്രവും ഈ ഗേറ്റിലുണ്ട്. ആഘോഷിക്കപ്പെടുന്ന സ്വാതന്ത്ര്യവും അംഗീകരിക്കാന്‍ മടിയുള്ള വിഭജനവുമാണ് ഈ കവാടങ്ങള്‍ ഓര്‍മപ്പെടുത്തുന്നത്. ഗ്യാലറികളിലെ പതാകകള്‍ ഹരിതവര്‍ണം പൂശുന്നതോടെ നിങ്ങള്‍  അയല്‍പക്കത്തേക്ക്, അബോധ മണ്ഡലത്തിലെ ശത്രുരാജ്യത്തേക്ക്, ്രപവേശിക്കുകയായി.    

ഈ കവാടം മുതല്‍ക്കാണ് ഇന്ത്യ ഹിന്ദുക്കളുടേതും പാകിസ്താന്‍ മുസ്‌ലിംകളുടേതുമായത്. അതിനു മുമ്പ് നമ്മുടെ അതിര്‍ത്തികള്‍ പേഷാവറിനുമപ്പുറം ഖൈബര്‍ ചുരവും മറികടന്ന് വ്യാപിച്ച കാലമുണ്ടായിരുന്നു. പേഷാവറിനും അപ്പുറത്തായിരുന്നു രാജമാതാവായിരുന്ന ഗാന്ധാരിയുടെ ജന്മദേശം, അതായത് ഇന്നത്തെ ഖാണ്ഡഹാര്‍. കുന്തിയമ്മ പിന്നെയും പടിഞ്ഞാറോട്ടു പോയി ആര്യന്മാരുടെ ദേശമായ പേര്‍ഷ്യക്കാരിയായിരുന്നു. ഈ ചുരങ്ങള്‍ താണ്ടിയായിരുന്നു അലക്‌സാണ്ടറും ബാബറും ബ്രിട്ടീഷുകാരും വന്നത്. മുഹമ്മദ് ബിന്‍ ഖാസിമും നാദിര്‍ഷായും ഇന്ത്യയിലേക്ക് വന്നതും ഇതിലേ തന്നെയായിരുന്നു. അവരെയെല്ലാം ഒന്നിച്ചെതിര്‍ത്ത ഇന്ത്യക്കാരുടെ കൂട്ടായ്മയും, അധിനിവേശങ്ങള്‍ക്കെതിരെ പൊരുതി തലമുറകളിലൂടെ രണശൂരരായി മാറിയ ഗോത്രവര്‍ഗങ്ങളും അവരുടെ പടപ്പാട്ടുകളും ഇതിഹാസങ്ങളുമെല്ലാം ഈ അതിര്‍ത്തിക്ക് ഇന്ത്യയുടേതെന്നും പാകിസ്താന്റേതെന്നും വേര്‍തിരിക്കാനാവാതെ ഇന്നും ബാക്കിയുണ്ട്. ഗതകാലങ്ങളിലെ ഏറ്റവും വിസ്താരമേറിയ ഇന്ത്യയെ ഭരിച്ച് അനശ്വരരായ മൂന്നു ചക്രവര്‍ത്തിമാരുമുണ്ട്. അശോകനും ഷേര്‍ഷായും ഔറംഗസേബ് ആലംഗേറും. അവരുടെ കാലത്തെ ഇന്ത്യയാണ് കാബൂള്‍ വരെയും പരന്നു കിടന്നത്. 

ഇന്ത്യക്ക് രൂപയും തപാല്‍ സംവിധാനവും താലൂക്കുകളും നല്‍കിയ, ഭരണപരിഷ്‌കാരങ്ങള്‍ കൊണ്ട് മറ്റെല്ലാവരെയും നിഷ്പ്രഭനാക്കിയ, കൈ കൊണ്ട് കടുവയെ എതിരിട്ടുകൊന്ന് 'ഷേര്‍ഷാ സൂരി' എന്നു ഖ്യാതി നേടിയ മഹാ ചക്രവര്‍ത്തിയായിരുന്നു അഫ്ഗാന്‍ വംശജനായ ഫരീദ് ഖാന്‍. അദ്ദേഹമുണ്ടാക്കിയ റോഡിലൂടെയാണ് ഇന്നും ഇന്ത്യക്കാരന്‍ പാകിസ്താനിലേക്ക്  പോയിക്കൊണ്ടിരിക്കുന്നത്. ഷേര്‍ഷായുടെ കാലത്ത് നല്‍കിയ 'സടക് ഏ അസം' എന്ന പേര് വിസ്മൃതിയാലാണ്ടുപോയി. കൈയേറാന്‍ വന്ന സായിപ്പ് നല്‍കിയ പേരായിരുന്നു പില്‍ക്കാലത്ത് വിഖ്യാതമായ ഗ്രാന്റ് ട്രങ്ക് റോഡ്. 

പേഷാവറിലെ ഇന്ത്യക്കാരനും ചിറ്റഗോംഗിലെ ഇന്ത്യക്കാരനും ദല്‍ഹിയിലെ ഇന്ത്യക്കാരനും ഒരുപോലെ ജീവനാഡിയായിരുന്ന ഈ റോഡിന്റെ ബാഹ്യരൂപമേ മാറിയിട്ടുള്ളൂ. ആത്മാവും ലക്ഷ്യങ്ങളുമെല്ലാം പഴയതുതന്നെ. റോഡുകള്‍ ചരിത്രത്തിലെ ഏറ്റവും പ്രാചീനമായ ഒരു രാഷ്ട്രീയ ഉപകരണം കൂടിയാണല്ലോ. ഒരു ഭരണകാലഘട്ടത്തില്‍നിന്ന് മറ്റൊന്നിലേക്ക് കടക്കുമ്പോള്‍ കാലത്തിന് അതേപടി ബാക്കിനിര്‍ത്താനാവുന്ന അടയാളങ്ങളാണ് റോഡുകളും ജലാശയങ്ങളും. പ്രശസ്തി ആഗ്രഹിച്ച എല്ലാ ചക്രവര്‍ത്തിമാരും കാലദേശദേഭമന്യേ പയറ്റിയ ആശയം. തന്റെ ഭരണകാലഘട്ടം നല്ല കാര്യങ്ങളുടെ പേരില്‍ ഓര്‍മിക്കപ്പെടണമെന്ന് മോഹിച്ച പ്രധാനമന്ത്രിയായിരുന്നു അടല്‍ ബിഹാരി വാജ്‌പേയി. അദ്ദേഹവും ഇതേ തന്ത്രമാണ് പയറ്റിയത്. സംസ്ഥാനങ്ങളെ കൂട്ടിയിണക്കുന്ന സുവര്‍ണ ചതുഷ്‌കോണപാതക്കും നദീസംയോജന പദ്ധതിക്കുമൊക്കെ തുടക്കം കുറിച്ചു കൊണ്ടാണ് ഈ ബി.ജെ.പി നേതാവ് ഇന്ത്യയുടെ ചരിത്രത്തില്‍ ഇടംതേടാന്‍ ശ്രമിച്ചത്. പാകിസ്താനുമായി സൗഹൃദം പുതുക്കാന്‍ മറ്റേതു പ്രധാനമന്ത്രിയേക്കാളും ആഗ്രഹിച്ചതും വാജ്‌പേയിയാണ്. കാലം അതോടൊപ്പം അസുഖകരമായ ചില അധ്യായങ്ങള്‍ വാജ്‌പേയിയുടെ പട്ടികയില്‍ എഴുതിച്ചേര്‍ത്തുവെങ്കിലും. 

വാഗയില്‍ ജി.ടി. റോഡിന്റെ ഓരത്തെ വിശാലമായ വയലിനോടു ചേര്‍ന്ന രംഗപടത്തിന് ഒട്ടും ചേരാത്ത മട്ടിലാണ് പാകിസ്താന്റെ ഇമിഗ്രേഷന്‍ ഓഫീസ്. ഇന്ത്യയുടെ അതിര്‍ത്തി കാര്യാലയമാകട്ടെ ഒരു സ്‌കൂള്‍   കെട്ടിടത്തെയാണ് ഓര്‍മിപ്പിക്കുന്നത്. വികാരരഹിതമായ രീതിയില്‍ അവ കൈകാര്യം ചെയ്യുന്ന ജീവിതങ്ങളെ ഈ രണ്ടു കെട്ടിടങ്ങളുടെയും നരച്ച ചട്ടക്കൂടുകള്‍ എടുത്തു കാണിച്ചു. ജി.ടി റോഡില്‍ പാകിസ്താന്റെ പക്ഷത്തെ ആറുവരിപ്പാതയുടെ നിര്‍മാണം അന്ന് ഏതാണ്ട് അവസാനഘട്ടത്തിലേക്ക് കടന്നിരുന്നു. അതിര്‍ത്തിയിലെ നടപടി്രകമങ്ങള്‍ ഇരുപുറത്തും പൂര്‍ത്തിയാക്കിയതിനു ശേഷം സ്വദായെ സര്‍ഹദ് വീണ്ടും കുതിച്ചു പായാന്‍ തുടങ്ങി. പാകിസ്താനിലെ നീല നിറത്തിലുള്ള പോലീസ് ജീപ്പുകള്‍ മുന്നിലും പിന്നിലും അകമ്പടി സേവിക്കാനുണ്ട്. ഈ യാ്രതയുടെ തുടക്കം തൊട്ടേ ഹരിയാനയിലും പഞ്ചാബിലും ഓേരാ പോലീസ് സ്റ്റേഷന്‍ അതിര്‍ത്തിയിലും ഈ അകമ്പടി വാഹനങ്ങള്‍ ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഇന്ത്യന്‍ റോഡുകളില്‍ സങ്കല്‍പ്പിക്കാനാവാത്ത വേഗതയിലാണ് ബസ് ദല്‍ഹിയില്‍നിന്ന് അമൃത്‌സറിലെത്തിയത്. പാകിസ്താനിലും ഈ ആവേഗത്തിന് മാറ്റമുണ്ടാകുന്നില്ല. ജനലിനപ്പുറം സന്ധ്യ വീണു തുടങ്ങിയിരുന്നു. കാലത്തിന്റെ ഓര്‍മത്തെറ്റു പോലെ ഷേര്‍ഷായുടെ മരങ്ങള്‍ ഒന്നിനു പുറകെ മറ്റൊന്നായി ഓടിമറഞ്ഞുകൊണ്ടിരുന്നു. 

റോഡിന്റെ ഇരുകരകളിലും ബുള്‍ഡോസറുകള്‍ വീശിയ ചെമ്മണ്‍ധൂളികള്‍ പുതച്ച് മുഷിഞ്ഞ അങ്ങാടികള്‍. മധ്യ ഭാഗത്ത് അന്നത്തെ നിര്‍മാണ കോലാഹലങ്ങളില്‍ മുഖം നഷ്ടപ്പെട്ട ഏതാനും വയസ്സന്‍ മരങ്ങള്‍ ചില്ലകള്‍ ഒതുക്കിപ്പിടിച്ചു നില്‍ക്കുന്നു. ഷേര്‍ഷാ ച്രകവര്‍ത്തിയുടെ കാലത്തു നട്ടുപിടിപ്പിച്ചവയില്‍ കാലത്തിന്റെ കോടാലി വീഴാതെ ബാക്കിയുള്ള മരങ്ങളാണവ. വളരെ കുറച്ചെണ്ണമേ ഇന്ന് ബാക്കിയുള്ളൂ. റോഡു നിര്‍മാണത്തോടൊപ്പം മരം നടലും ഓരോ സാമന്തന്മാരുടെയും ചുമതലയായി പ്രഖ്യാപിക്കുകയായിരുന്നു ഷേര്‍ഷാ ചെയ്തത്. റോഡിന്റെ ദൈര്‍ഘ്യം ഗ്രാമങ്ങള്‍ക്ക് പകുത്തു നല്‍കിയ ഗവര്‍ണര്‍മാര്‍ അതുവഴി ചക്രവര്‍ത്തി കാബൂളിലേക്കു എഴുന്നള്ളുന്ന തീയതി വിളംബരം ചെയ്താണ് നിശ്ചിത സമയത്തിനകം ഈ റോഡുണ്ടാക്കിച്ചത്. എത്ര നൂറ്റാണ്ടുകളുടെ പഴക്കമാണ് ആ  ഇതിഹാസത്തിന്? എണ്ണമറ്റ എത്രയോ തലമുറകള്‍ ഈ തണല്‍ മരങ്ങളുടെ ചുവട്ടിലൂടെ തലങ്ങും വിലങ്ങും നടന്നു പോയി. ലാഹോര്‍ അവരുടെയെല്ലാം പ്രിയപ്പെട്ട നഗരമായിരുന്നു. ഒരു കാലത്ത് എല്ലാ സഞ്ചാരികളും പുറപ്പെട്ടുപോകാന്‍ കൊതിച്ച നഗരം. ലാഹോര്‍ കാണാത്തവന്‍ ജീവിച്ചിട്ടേയില്ലെന്നാണല്ലോ പഞ്ചാബി ഭാഷയിലെ വിഖ്യാതമായ പഴമൊഴി (ജിന്‍ഹേ ലാഹോര്‍ ന വേഖ്യാ.. വോ ജമ്മെയ്യാ ഹീ നാഹിന്‍....).

 

* * * * *

ഭഗത് സിംഗും കൂട്ടുകാരും രക്തസാക്ഷികളായ, ജതിന്‍ദാസ് നിരാഹാര സമരമനുഷ്ഠിച്ച് മരണം വരിച്ച, ബ്രിട്ടീഷുകാര്‍ക്കെതിരെ സമ്പൂര്‍ണ സ്വരാജ് ്രപമേയം പാസാക്കപ്പെട്ട, ജവഹര്‍ലാല്‍ നെഹ്‌റു ആദ്യമായി ഇന്ത്യയുടെ പതാക ഉയര്‍ത്തിയ ലാഹോറിന്റെ ചരിത്രം രണ്ടിലൊരു രാജ്യത്തിന്റേത് മാ്രതമായി വെട്ടി വേര്‍പ്പെടുത്തുക എളുപ്പമായിരുന്നില്ല. ഭഗത് സിംഗ് ജനിച്ച വസതിയും അദ്ദേഹം സ്ഥാപിച്ച സ്‌കൂളുമൊക്കെ പാകിസ്താനില്‍ ലയാല്‍പൂരിലെ ബാംഗയില്‍ ബാക്കിയുണ്ട്. ലാഹോറില്‍നിന്ന് കഷ്ടിച്ച് മൂന്നു മണിക്കൂറിന്റെ യാത്രയേ ഇങ്ങോട്ടുള്ളൂ. അദ്ദേഹത്തിന്റെയും സുഖ്‌ദേവിന്റെയും ഓര്‍മകളുറങ്ങുന്ന നാഷ്‌നല്‍ കോളേജ് പില്‍ക്കാലത്ത് പേരു മാറി ബ്രാഡ്‌ലോഗ് ഹാള്‍ സ്‌കൂള്‍ ആയി മാറി. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തെ പിന്തുണച്ച ഇംഗ്ലീഷുകാരനായിരുന്നു ബ്രാഡ്‌ലോഗ്. തകര്‍ന്നു വീഴാന്‍ പാകത്തില്‍ നില്‍ക്കുന്ന ഈ കെട്ടിടം പുനരുദ്ധരിക്കാന്‍ പട്ടാളഭരണകൂടങ്ങള്‍ വര്‍ഷങ്ങളോളം മടിച്ചു നിന്നു.  ഭഗത് സിംഗിന്റെ പൈതൃകം ആരുടേതെന്ന തര്‍ക്കമായിരുന്നു പാകിസ്താനെ ആശയക്കുഴപ്പത്തിലാക്കിയത്. ജനാധിപത്യം മടങ്ങിയെത്തിയതിനു ശേഷമുള്ള പുതിയ കാലത്ത് വീണ്ടുമൊരിക്കല്‍ കൂടി ഈ വിഷയം അവര്‍ ചര്‍ച്ച ചെയ്യാന്‍ ആരംഭിച്ചിട്ടുണ്ട്. ഒരുകാലത്ത് പഞ്ചാബ് കോണ്‍ഗ്രസിന്റെ ആസ്ഥാനമായും ഈ കെട്ടിടം പ്രവര്‍ത്തിച്ചിട്ടുണ്ട്. സിംഗിനെയും സുഖ്‌ദേവിനെയും രാജ്ഗുരുവിനെയും ബ്രിട്ടീഷ് സര്‍ക്കാര്‍ തൂക്കിലേറ്റിയ കോട്ട്‌ലാഖ്പത് ജയില്‍ 1961 വരെ ലാഹോറിന്റെ നഗരമധ്യത്തില്‍ തന്നെ ഉണ്ടായിരുന്നു. അവരുടെ പ്രഥമ പട്ടാള ഭരണാധികാരിയായിരുന്ന മുഹമ്മദ് അയ്യൂബ് ഖാന്റെ കാലത്ത് നഗര നവീകരണത്തിന്റെ പേരു പറഞ്ഞാണ് ജയില്‍ പൊളിച്ചുമാറ്റിയത്. ആ കഴുമരത്തിന്റെ സ്ഥാനത്ത് പിന്നീട് നിര്‍മിച്ച കവലയുടെ പേരായിരുന്നു ശാദ്മാന്‍ ചൗക്ക്. 

പാകിസ്താന്റെ മണ്ണില്‍ ജനിച്ച്, അന്നാട്ടില്‍ അന്ത്യവി്രശമം കൊള്ളുന്ന സ്വാതന്ത്ര്യ സമരസേനാനികളില്‍ ഏറ്റവും ്രപമുഖനായിരുന്നു ഭഗത് സിംഗ്. ലാലാ ലജ്പത് റായിയുടെ മരണത്തിന് പകരം ചോദിക്കാനായി ജോണ്‍ പി. സോണ്ടേഴ്‌സിനെ ഭഗത് സിംഗും കൂട്ടുകാരും വെടിവെച്ചുകൊന്നത് അക്കാലത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സംഭവങ്ങളില്‍ ഒന്നായിരുന്നു. ഭഗത് സിംഗിനെ അനുകൂലിച്ചവരും എതിര്‍ത്തവരും അന്നും ഇന്ത്യയില്‍ ഉണ്ടായിരുന്നു. ജവഹര്‍ ലാല്‍ നെഹ്‌റുവിന്റെ ഭാഷയില്‍ ഈ സംഭവം ഭീകരതയായിരുന്നു. ഗാന്ധിജിയും ഇക്കാര്യത്തില്‍ ഭഗത് സിംഗിനെ എതിര്‍ത്തു. പക്ഷേ ബ്രിട്ടീഷ് സെന്‍ട്രല്‍ ലെജിസ്ലേറ്റീവ് അസംബ്ലിയിലേക്ക് ബോംബെറിഞ്ഞതാണ് ഭഗത് സിംഗിന് ഹീറോ പരിവേഷം നല്‍കിയതും പിന്നീട്  ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ എക്കാലത്തെയും വലിയ രക്തസാക്ഷിയായി ഗണിക്കപ്പെടാന്‍ വഴിയൊരുക്കിയതും. സോണ്ടേഴ്‌സ് വധത്തിനാണ് സിംഗ് തൂക്കുമരം ഏറ്റുവാങ്ങിയതെന്ന് ഇന്ത്യ മറക്കുകയും ചെയ്തു. ലാലാ ലജ്പത് റായിയെ തലക്കടിച്ച് മാരകമായി പരിക്കേല്‍പ്പിക്കുകയും പിന്നീട് റായിയുടെ മരണത്തിന് കാരണക്കാരനാവുകയും ചെയ്ത ജെയിംസ് സ്‌കോട്ടിനെ അന്വേഷിച്ചെത്തിയ മൂവര്‍ സംഘം ആളുമാറി അസിസ്റ്റന്റ് പോലീസ് സൂപ്രണ്ട് സോണ്ടേഴ്‌സിനെ വകവരുത്തുകയാണ് ചെയ്തത്. അപ്പോള്‍ പോലും ദേശസ്‌നേഹവുമായി ബന്ധപ്പെട്ടതും അല്ലാത്തതുമായ ഘടകങ്ങള്‍ ഈ സംഭവത്തിലും ഉണ്ടായിരുന്നു. 

ഇന്ന് ഇന്ത്യയിലാകട്ടെ, പാകിസ്താനിലാകട്ടെ ഭഗത് സിംഗിനെ കുറിച്ച ഇത്തരം ചര്‍ച്ചകള്‍ അപ്രസക്തമായി കഴിഞ്ഞു. ഇരുരാജ്യങ്ങളുടെയും കണ്ണില്‍ അദ്ദേഹം ധീരനായ ദേശാഭിമാനി തന്നെയാണ്.

 

* * * * *

പാകിസ്താന്‍ ഇന്ത്യയുടെ മുറിഞ്ഞുപോയ കഷ്ണമാണെന്ന് ഓര്‍ക്കുമ്പോഴൊക്കെ  മനസ്സില്‍ ആദ്യമെത്തുന്ന മുഖമാണ് ചാച്ചയുടേത്. ദുബൈയില്‍ സ്‌കൂള്‍ ഡ്രൈവറായിരുന്ന മുഹമ്മദ് നസ്‌റുല്ല എന്ന ചാച്ച. ഞാന്‍ പേഷാവറില്‍ പോയ കഥകള്‍ പറഞ്ഞ് കൂട്ടുകൂടിയുണ്ടാക്കിയ ബന്ധം. ഇടക്കൊക്കെ തന്റെ വലിയ താടിയും തൂക്കി അട്ടഹാസം പോലെ ചിരിച്ച് ഞങ്ങള്‍ താമസിക്കുന്ന ഖിസൈസിലെ വില്ലയിലേക്ക് അയാള്‍ കയറിവന്നു. മലബാരിക്ക് ചപ്പാത്തി ഉണ്ടാക്കാനറിയില്ലെന്ന പക്ഷക്കാരനായിരുന്നു ചാച്ച. എങ്കിലും ആ കുഴപ്പം ഞങ്ങളുണ്ടാക്കിയ ചപ്പാത്തിയിലുണ്ടായിരുന്നില്ല. കറാഹി ഖോശ്തിനോളം മികച്ച ഒരു കറിയും  മൂപ്പരുടെ അറിവില്‍  ഉണ്ടായിരുന്നില്ല. എങ്കിലും നമ്മുടെ നാടന്‍ കോഴിക്കറിക്ക് എന്തോ ഒരു ടേസ്‌റ്റൊക്കെ ഉണ്ടെന്നും സമ്മതിച്ചുതരും. ഈ ബഹളവും കുട്ടികളെ കളിപ്പിക്കലുമൊക്കെയായി സമയം കൊല്ലുന്നതിനിടെ ഒരു ദിവസം കക്ഷി പാതി തമാശയായും പാതി കാര്യമായും പറഞ്ഞു. 'എന്നാലും റശീദ് ഭായി, ഒരു കാര്യമോര്‍ത്തിട്ട് വ്യസനം തീരുന്നില്ല. നാളെ ഞങ്ങള്‍ ഇന്ത്യയെ ആക്രമിക്കാന്‍ വരുമ്പോള്‍ ഈ കുഞ്ഞുമക്കളെയൊക്കെയാണല്ലോ വെടിവെക്കേണ്ടി വരിക'. ഇഹ്‌സാനെയും ഉണ്ണിപ്പാപ്പനെയും പാത്തുമ്മാനെയും വെടിവെക്കേണ്ടി വരുന്നതിലെ സങ്കടം അയാള്‍ ഒട്ടും മറച്ചുപിടിച്ചില്ല. അതെന്തിന് നിങ്ങള്‍ ഇന്ത്യയെ ആക്രമിക്കാന്‍ വരണം? വേറെ പണിയൊന്നുമില്ലേ പാകിസ്താനിലുള്ളവര്‍ക്ക്? എനിക്ക് കൗതുകം അടക്കാനായില്ല. കാഫിറുകളുടെ രാജ്യമായ ഇന്ത്യ എന്നെങ്കിലുമൊരിക്കല്‍ കീഴടക്കാതെ പാകിസ്താനിലെ മുസല്‍മാന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കാന്‍ പോകുന്നില്ലെന്ന ഞെട്ടിക്കുന്ന സത്യം അപ്പോഴാണ് ചാച്ച വെളിപ്പെടുത്തിയത്. ഓരോ പാകിസ്താനി മുസല്‍മാന്റെയും നിര്‍ബന്ധ ബാധ്യതയാണത്രെ അത്! 

'അപ്പോള്‍ ഇന്ത്യയിലെ മുസല്‍മാന്റെ കാര്യമോ? അവര്‍ക്കെന്താ സ്വര്‍ഗവും നരകവുമൊന്നുമില്ലേ?' സ്വാഭാവികമായും തോന്നുന്ന സംശയമാണല്ലോ അത്. 'നിങ്ങള്‍ ഇന്ത്യയിലെ കാഫിറുകളുടെ കൂടെ അഡ്ജസ്റ്റ് ചെയ്ത് ജീവിക്കുകയല്ലേ? നിങ്ങളൊന്നും അല്ലെങ്കിലും സ്വര്‍ഗത്തില്‍ പ്രവേശിക്കാന്‍ പോകുന്നില്ല. പുഷ്തുവാണ് അവിടത്തെ ഭാഷ. അതറിയാത്തവന്‍ സ്വര്‍ഗത്തില്‍ പോയാല്‍ തന്നെ എന്തു കാര്യം?' ഇന്ത്യക്കാരന്‍ നമസ്‌കരിക്കുകയോ നോമ്പുനോല്‍ക്കുകയോ സല്‍ക്കര്‍മങ്ങള്‍ അനുഷ്ഠിക്കുകയോ ചെയ്തതു കൊണ്ടു കാര്യമില്ലെന്ന് ചുരുക്കം! ചാച്ചയുടെ വലിയ വട്ടത്താടിയും അയാളുടെ വിവരക്കേടുകളുമാണ് വലിയൊരളവില്‍ പാകിസ്താനിലെ രാഷ്ട്രീയത്തിന്റെ പ്രതീകമെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. സാധാരണക്കാരായ പാകിസ്താനികളില്‍ ഇന്ത്യയെ സ്‌നേഹിക്കുന്ന എത്രയെങ്കിലും പേരെ കാണാനാവും. പക്ഷേ ഇങ്ങനെയുള്ള അബദ്ധപഞ്ചാംഗങ്ങളും എമ്പാടുമുണ്ടായിരുന്നു. 

ആര്യന്മാരെയും ഇന്ത്യക്കാരെയും വേര്‍തിരിച്ച ഭൂമിശാസ്ത്രപരമായ അതിര്‍വരമ്പായിരുന്നു ഖൈബര്‍ ചുരം. ഇതിന്റെ അടിവാരത്താണ് ശത്രുക്കളെ ഇന്ത്യ ഏറ്റവുമാദ്യം നേരില്‍ കണ്ടത്. അലക്‌സാണ്ടര്‍ മുതല്‍ ബ്രിട്ടീഷുകാരന്‍ വരെ പടയോടിയ ചരിത്രമാണ് ഈ പാതയുടേത്. എണ്ണമറ്റ ബാഹ്യശക്തികളുടെ  മുന്നേറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച മണ്ണ്. എങ്കില്‍ കൂടിയും അധിനിവേശങ്ങളുടെ ഈ ആദിമ നൂറ്റാണ്ടുകള്‍ താരതമ്യേന സമാധാനപരമായിരുന്നുവെന്ന് തോന്നും. അപ്പുറത്ത് നിന്ന് കൊല്ലാനെത്തിയവന്നും ഇപ്പുറത്ത് കൊല്ലപ്പെടുന്നവന്നും അന്ന് തന്റേതായ ന്യായീകരണങ്ങളുണ്ടായിരുന്നു. പക്ഷേ കൊലനിലങ്ങള്‍ കുറേക്കൂടി ഖൈബറിനിപ്പുറത്തെ മണ്ണിലേക്ക് വ്യാപിച്ചത് വിഭജനകാലത്തായിരുന്നു. കൊന്നവന് താന്‍ ആര്‍ക്കു വേണ്ടി അത് ചെയ്തു എന്നും വെട്ടേറ്റവന് ആരുടെ തെറ്റിനാണ് തന്നെ ശിക്ഷിച്ചതെന്നും അറിയുമായിരുന്നില്ല. 

സിഖുകാരും മുസ്‌ലിംകളും കൊലവിളിച്ച് കളംമാറിയ വിഭജനകാലത്തെ ആ കൊടുംവേനലില്‍ ഇന്ന് സ്വദായേ സര്‍ഹദ് പായുന്നതിലും വേഗതയില്‍ ഓടിരക്ഷപ്പെടാനാ്രഗഹിച്ച കുറേ മനുഷ്യജന്മങ്ങളെ നോക്കി ഷേര്‍ഷയുടെ മരങ്ങള്‍ നെടുവീര്‍പ്പിട്ടിട്ടുണ്ടാവും. കാലത്തിന്റെ മൂകസാക്ഷികളായി കാവല്‍ നില്‍ക്കുന്ന ആ വയസ്സന്‍ മരങ്ങള്‍ക്ക് നാവില്ലാഞ്ഞത് ഭാഗ്യം. ഉണ്ടായിരുന്നെങ്കില്‍ ശപിച്ച് നമ്മുടെ കണ്ണുപൊട്ടിച്ചേനെ. എത്രയെത്ര സ്ത്രീകളും കുഞ്ഞുങ്ങളും വിഭജനകാലത്തെ മഹാപ്രയാണത്തിനിടയില്‍ ജീവനുവേണ്ടി ഈ മരപ്പടര്‍പ്പുകളില്‍ ഒളിച്ചുനിന്നിട്ടുണ്ടാവില്ല? കനംതൂങ്ങിയ ജീവിതച്ചുമടുമായി വഴിയാത്രക്കാരന്‍ ഇരുപുറത്തേക്കും ഓടിപ്പോയതിന്റെ കാല്‍പ്പാടുകള്‍ ഇപ്പോഴും ആ വഴിയില്‍ പതിഞ്ഞുകിടപ്പുണ്ട്. മനുഷ്യരുടെയല്ല, സംസ്‌കാരങ്ങളുടെ മഹാപലായനമായിരുന്നു അത്. ശരണാര്‍ഥിയായി ഇരുപുറത്തു നിന്നും നടന്നെത്തിയവര്‍ മറുപുറത്തേക്കു പോകുന്നവനെ പതിയിരുന്ന് കുത്തിമലര്‍ത്തി. കാലമുണക്കാത്ത ആ ചോരക്കറകള്‍ ലക്ഷ്യത്തിലെത്തിയതിനു ശേഷവും ബാക്കിനിന്നു. ഈ അതിര്‍ത്തിയായിരുന്നു അവനവനിലെ നിസ്വനെ ക്രുദ്ധനാക്കിയ വഴിയടയാളം. ആ മുറിവുകള്‍ ഇന്ന് വളര്‍ന്ന് പഴുത്ത് ദേശാഭിമാനത്തിന്റെ വ്രണങ്ങളായി മാറിയിരിക്കുന്നു. ഞാനും ചാച്ചയുമൊക്കെ അതിന്റെ ഓരോ പ്രകാരത്തിലുള്ള വിഴുപ്പുകള്‍ ചുമലിലേറ്റി നടക്കുന്നു.... 

റാവി നദിയുടെ ഇളംപച്ചപ്പു പടര്‍ന്ന തെളിഞ്ഞ ജലം റോഡിന്റെ ഓരം ചേര്‍ന്ന വലിയ കനാലിലൂടെ ഒഴുകി വരുന്നുണ്ട്. ഇന്ത്യ പാകിസ്താനു കൊടുക്കുന്ന അഞ്ചു പുണ്യങ്ങളില്‍ ഒന്ന്. പാകിസ്താനിലേക്കുള്ള യാത്രയില്‍ ലാഹോറിന്റെ ആദ്യത്തെ വഴിയടയാളവും ഇതുതന്നെ. ഐരാവതിയെന്നാണ് റാവിയെ നമ്മള്‍ വിളിക്കുന്നത്. ഹിമാചല്‍ പ്രദേശിലെ ചംപ ജില്ലയില്‍ റോത്തംഗ് ചുരത്തിന്റെ മുകളില്‍ ജമ്മു-കശ്മീരിലാണ് നദിയുടെ ഉത്ഭവം. പീര്‍പഞ്ചാല്‍ മലനിരകളിലൂടെ താഴോട്ട് പതിച്ച് പത്താന്‍കോട്ട് വഴി അമൃത്‌സര്‍ ജില്ലയില്‍ പ്രവേശിക്കുന്നതു വരെ ഐരാവതി ആയി ഒഴുകുന്ന നദി അതിര്‍ത്തിക്കപ്പുറം പുതിയ പേരു സ്വീകരിച്ച് റാവി ആകുന്നു. ലാഹോര്‍ നഗരം പിന്നിട്ടൊഴുകി ബഹാവല്‍പൂരിലെത്തുന്ന റാവി പിന്നീട് സത്‌ലജ്, ഝലം, ചിനാബ്, ബിയാസ് നദികളുമായി ലയിച്ച് അഞ്ചു നദികളുടെ സംഗമസ്ഥാനമായ പഞ്ചാബ് എന്ന വാക്കിന്റെ പൂര്‍ണതയെ ്രപാപിച്ച് അറബിക്കടലില്‍ പതിക്കുന്നു. പ്രതീകാത്മകമായ ഒരു ലയനം. നാടുകളുടെയും നഗരങ്ങളുടെയും മനുഷ്യരുടെയും സംസ്‌കാരങ്ങളുടെയും ജനന മരണങ്ങളുടെ തിരുശേഷിപ്പുകളുടെയും എല്ലാ ഇന്തോ-പാക് അടയാളങ്ങള്‍ക്കും ഈ അറബിക്കടലിലാണല്ലോ ഒടുക്കം.  

ചരിത്രത്തെ സംരക്ഷിക്കുന്നതില്‍ എടുത്തുപറയാവുന്ന ഒരു പരിശ്രമവും കാണാനില്ലാത്ത രാജ്യമാണ് പാകിസ്താന്‍. കാലം സ്വന്തംനിലയില്‍ ബാക്കിവെച്ച അവശിഷ്ടങ്ങളാണ് അവിടെ കൂടുതലുള്ളത്. മോഹന്‍ജോ ദാരോ സന്ദര്‍ശിക്കുമ്പോള്‍ അത്രക്കും വ്യസനം തോന്നും. ലോകനാഗരികതയുടെ ആ മഹാ അടയാളത്തെ പോലും അവര്‍ എത്രയോ അലസമായിട്ടാണ് സൂക്ഷിക്കുന്നത്. ബേനസീര്‍ ഭുട്ടോയുടെ ജന്മഗൃഹമായ നൊദേറോവില്‍നിന്ന് 50 കിലോമീറ്ററായിരുന്നു മോഹന്‍ജോ ദാരോവിലേക്കുള്ള ദൂരം. ഒരു മണിക്കൂറിന്റെ യാത്ര. മോഹന്‍ജോ ദാരോവില്‍ ചെറിയ വിമാനങ്ങള്‍ ഇറങ്ങുന്ന ഒരു സ്ട്രിപ്പും അത്യാവശ്യം ഹോട്ടലുകളുമൊക്കെയുണ്ടെങ്കിലും തകര്‍ന്നടിഞ്ഞ റോഡുകളിലൂടെ വേണം അന്ന് നൊദോറോവില്‍നിന്ന് ദാരോയിലേക്ക് പോകാന്‍. വെങ്കല ശില്‍പ്പങ്ങള്‍ സൃഷ്ടിക്കുന്നതിലും ആഭരണ നിര്‍മിതിയിലുമൊക്കെ 4500 വര്‍ഷം മുമ്പത്തെ ഒരു ജനത  നമ്മെ അതിശയിപ്പിച്ചതിന്റെ തിരുശേഷിപ്പുകളായിരുന്നു അത്. നഗരാസൂത്രണത്തില്‍  അവരെ മറികടന്ന മറ്റൊരു പ്രാചീന മാതൃകയും ഇന്നോളം കണ്ടെത്തിയിട്ടുമില്ല. മനസ്സിലാക്കാന്‍ കഴിഞ്ഞവയില്‍ ഏറ്റവും പഴക്കം ചെന്ന നഗരങ്ങളില്‍ ഒന്നായ ദാരോ ബി.സി 1900-ാം ആണ്ടില്‍ ഉപേക്ഷിക്കപ്പെട്ടുവെന്നാണ് ആര്‍ക്കിയോളജിസ്റ്റുകളുടെ നിഗമനം. ഇന്നും ഈ നഗരിയുടെ മൂന്നില്‍ ഒരു ഭാഗം മാത്രമേ ഉദ്ഖനനം ചെയ്തിട്ടുള്ളൂ. മരിച്ചവരുടെ നഗരം എന്ന അര്‍ഥത്തിലാണ് സിന്ധി ഭാഷയില്‍ മോഹന്‍ജോ ദാരോ എന്ന ഈ ചരിത്രനഗരത്തിന് പേരു വീണത്. ദ്രാവിഡ ചരിത്രം നല്‍കിയ പേര് കുക്കുടര്‍മ എന്നായിരുന്നു. കോഴികളുടെ നഗരം എന്നര്‍ഥം! ആഗോള പൈതൃക നഗരത്തിന്റെ നടപടിക്രമങ്ങള്‍ ചടങ്ങിനെന്ന കണക്ക് പാലിക്കുന്നുണ്ടെങ്കിലും ആര്‍ക്കും കയറിയിറങ്ങാവുന്ന, ആരും ചോദിക്കാനും പറയാനുമില്ലാത്ത ഒരു പ്രേതഭൂമിയായിരുന്നു ഇവിടം.   

ദല്‍ഹിയില്‍ യമുനാ നദിക്കരയിലെ ലാല്‍ ഖില പോലെയാണ് റാവി നദിക്കരയിലെ ഷാഹി ഖിലയും. ചെങ്കോട്ടയെ പോലെ ഷാഹി ഖിലയെയും കാലം വലിയ കേടുപാടുകളില്ലാതെ ബാക്കിവെച്ചിരുന്നു. ഇരു കോട്ടകള്‍ക്കകത്തെയും മോത്തി മസ്ജിദിന്റെയും ദീവാനെ ഖാസിന്റെയുമൊക്കെ നിര്‍മാണകല പോലും ഒന്നിനൊന്നു സദൃശം. ലാഹോറിലെ സ്മാരകങ്ങള്‍ പാകിസ്താനിലെ മറ്റു നഗരങ്ങളെ അപേക്ഷിച്ച് താരതമ്യേന വൃത്തിയായി സംരക്ഷിക്കപ്പെട്ടിരുന്നു. അവര്‍ക്ക് താല്‍പര്യമില്ലാത്ത പലതും നശിപ്പിക്കപ്പെട്ടിട്ടുണ്ട്. മുഗളരുടെയും രഞ്ജിത് സിംഗിന്റെയും ഇംഗ്ലീഷുകാരുടെയും കാലഘട്ടങ്ങളുടെ ശേഷിപ്പുകളില്‍ മിക്കവയും ഇന്നുമുണ്ട്. ഇരു രാജ്യങ്ങളുടെയും ചരി്രതത്തില്‍ ഏറെ പ്രാധാന്യമുള്ള ലാഹോര്‍ ടൗണ്‍ ഹാള്‍ അതിലൊന്നാണ്. 

പുരാനി ദില്ലിയെ പോലെ വീര്‍പ്പുമുട്ടിക്കുന്ന ഗല്ലികളല്ല ലാഹോറിന്റേത്. എങ്കിലും രണ്ട് മുഗള്‍ നഗരങ്ങള്‍ക്കുമിടയില്‍ സാമ്യതകളാണ് കൂടുതലും. ദില്ലി ജമാ മസ്ജിദിന്റെ അതേ മാതൃകയില്‍ ഔറംഗസേബ് ലാഹോറില്‍ നിര്‍മിച്ച  ബാദ്ഷാഹി ജമാ മസ്ജിദ് ഇന്നും ലോകത്തെ തന്നെ ഏറ്റവും വലിയ പത്തു പള്ളികളില്‍ ഒന്നാണ്. ചുറ്റുമതിലും കവാടങ്ങളുമൊക്കെ രണ്ടു നഗരങ്ങളിലും ഒരേ മാതൃകയിലാണ് നിര്‍മിക്കപ്പെട്ടത്. ഇരു നഗരങ്ങളിലും  ഒരേ പേരിട്ടുണ്ടാക്കിയ കുഞ്ഞുകവാടമാണ് മോരിഗേറ്റ്. വന്നെത്തുന്ന  സഞ്ചാരിയുടെ നഗരത്തെയോ അവന്‍ കടന്നുവന്ന ദിക്കിനെയോ അടയാളപ്പെടുത്തുന്ന  ചരിത്രപ്രസിദ്ധമായ ആ പന്ത്രണ്ടു കമാനങ്ങളില്‍ ആറെണ്ണമേ ഇന്ന് ലാഹോറില്‍ ബാക്കിയുള്ളൂ. ദല്‍ഹി ഗേറ്റ്, രോശ്‌നി ഗേറ്റ്, ഭട്ടി ഗേറ്റ്, കശ്മീരി ഗേറ്റ്, ലാഹോരി ഗേറ്റ്, ഷേറന്‍വാലാ ഗേറ്റ് എന്നിവയാണ് അവ. കല്‍ത്തൂണുകളുടെയും കമാനങ്ങളുടെയും ഇടിഞ്ഞുവീണ  അവശിഷ്ടങ്ങള്‍ ഓര്‍മപ്പിശകു പോലെ അങ്ങിങ്ങായി കാണാനുണ്ട്. ദല്‍ഹിയിലെ അജ്മീരിഗേറ്റ് സ്വകാര്യ ടൂറിസ്റ്റ് ബസ് ഓപ്പറേറ്റര്‍മാരുടെ താവളമായി മാറിയതു പോലെ ലാഹാറിലെ മോരിഗേറ്റ് ഇന്ന് ടാക്‌സി സ്റ്റാന്‍ന്റായി രൂപം മാറി. ദല്‍ഹിയിലുള്ള സര്‍ ഗംഗാറാം ഹോസ്പിറ്റല്‍ അതേ പേരില്‍ ലാഹോറിലുമുണ്ട്. ഇംഗ്ലീഷ് ഭരണകാലഘട്ടത്തിന്റെ മു്രദകളായ വിക്‌ടോറിയന്‍ രമ്യഹര്‍മ്യങ്ങളാണ് പരിക്കേല്‍ക്കാതെ ബാക്കിയായവയില്‍ കൂടുതലുള്ളത്. ല്യൂയിട്ടന്‍ സായിപ്പിന്റെ ദല്‍ഹിയിലും അതുതന്നെയാണല്ലോ പ്രധാന ശേഷിപ്പ്. 

ലോകയുദ്ധത്തിന്റെ സ്മരണ പുതുക്കാന്‍ ദല്‍ഹിയിലെ ഇന്ത്യാഗേറ്റിന് സമാനമായി ലാഹോറിലുള്ളത് മിനാറെ പാകിസ്താന്‍ എന്ന സ്തംഭമാണ്. അതിന്റെ ചുറ്റുമുള്ള മൈതാനം അവധി ദിവസങ്ങളില്‍ നഗരവാസികള്‍ കൈയടക്കുന്നു. തീക്കനലില്‍ ചോളം ചുട്ടു വില്‍ക്കുന്നവരും സര്‍ബത്ത് കച്ചവടക്കാരും പട്ടം പറത്തുന്നവരുമൊക്കെ ദല്‍ഹിയിലെ അതേ കാഴ്ചകള്‍. റോഡിന്റെ നേരെ എതിര്‍വശത്താണ് ബാദ്ഷാഹി മസ്ജിദ്. മസ്ജിദിന്റെ ചാരത്തു തന്നെയായി അഞ്ചാമത്തെ സിഖ് ഗുരു അര്‍ജുന്‍ദേവിന്റെ സമാധിമന്ദിരമായ ദേരാ സാഹിബ് എന്ന ഗുരുദ്വാര തലയുയര്‍ത്തി നില്‍ക്കുന്നു. മിനാറിന്റെ സമീപത്താണ് അല്ലാമാ ഇഖ്ബാലിന്റെ മൃതികുടീരം. ലാഹോറില്‍ സഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്ന മസാറുകളിലൊന്നാണിത്. 

പഞ്ചാബ് എന്ന പേരിന്റെ അടിസ്ഥാനമായ ആ അഞ്ചു നദികളുടെ ആശ്വാസവും നെഞ്ചിലേറ്റി ലാഹോറില്‍ നിന്നുള്ള കാറ്റ്  ഈ പാടങ്ങളിലൂടെ വീശിയടിച്ചു. അതിന് സുഖകരമായ ഈര്‍പ്പമുണ്ട്. സുപരിചിതമായ അതേ മണ്ണും വെള്ളവും വായുവുമാണ് ചുറ്റിലും... പക്ഷേ അധികം നീണ്ടു നില്‍ക്കുന്ന ഒന്നല്ല ഈ മിഥ്യാബോധം. കണ്ണൊന്നമര്‍ത്തി തുടച്ച് നോക്കുമ്പോള്‍ അവിടത്തെ ജനതയും നഗരങ്ങളും അവരുടെ മണ്ണിലെ  കുഴിക്കൂറു ചമയങ്ങളും സമ്മാനിക്കുന്നത് അപരിചിതത്വമോ ആശങ്കകളോ ആണ്. ഒരേ ഗോതമ്പുപാടവും വേപ്പുമരവുമാണ് അതെങ്കിലും അങ്ങനെയല്ലെന്ന് തോന്നും. കാറ്റിന്റെ സീല്‍ക്കാരത്തിനു അതുവരെ കേട്ടിട്ടില്ലാത്ത ഹുങ്കാരം. മണ്ണടുപ്പുകളില്‍നിന്നും ഉയരുന്ന മസാലച്ചായയുടെ ഗന്ധം ഇന്ത്യന്‍ ഗ്രാമങ്ങളിലും നിങ്ങള്‍ക്ക് ഹൃദയഹാരിയാണ്. എങ്കിലും പാക് ഗ്രാമങ്ങളിലെ തെരുവുകളിലൂടെ നടക്കുമ്പോള്‍ അസുഖകരമായ പുതിയ എന്തോ മണം വിങ്ങിനിറയുന്നതുപോലെയാണ് അതനുഭവപ്പെടുന്നത്. ഗല്ലികളിലൂടെ കടന്നു വരുന്ന കഴുതവണ്ടിയെ പോലും അവിശ്വാസത്തോടെയേ നോക്കിയിരിക്കാനാവൂ. കാഴ്ചയില്‍ പഞ്ചാബികളുടെ അതേ തൊലിപ്പകിട്ടും ആകാരവും ഭാഷയുമാണ് അവര്‍ പങ്കിടുന്നതെങ്കിലും അകന്നു നിന്നു നോക്കുമ്പോള്‍ ഓരോ താടിക്കാരനും പേടിപ്പെടുത്തുന്ന എന്തിന്റെയൊക്കെയോ  പ്രതീകങ്ങളായി തോന്നും. അടുത്തെത്തുമ്പോഴാണ് അവര്‍ പച്ച മനുഷ്യരായി മാറുന്നത്. 

വൈകീട്ട് കവാടങ്ങള്‍ കൊട്ടിയടച്ച്, കാലത്ത് തുറക്കുന്ന ലാഹോര്‍ നഗരത്തിലേക്ക്  സഞ്ചാരികള്‍ക്ക് ഒരു കാലത്തും തന്നിഷ്ടപ്രകാരം പ്രവേശിക്കുക എളുപ്പമായിരുന്നില്ല. ആരെന്ന് ദ്വാരപാലകനു മുമ്പില്‍ തെളിയിക്കാനാവാത്തവര്‍ രാവു വെളുക്കുവോളം കാത്തുനിന്നു. പഴയ അതേ നടപടിക്രമം തന്നെയാണ് ഇന്നത്തെ സഞ്ചാരിയും പൂര്‍ത്തീകരിക്കുന്നത്. ഏതു രാജ്യക്കാരനെന്നു തെളിയിക്കാത്തവര്‍ക്ക് ലാഹോറിലേക്ക് കടക്കാനാവുന്നില്ല. ദ്വാരപാലകന്റെ സ്ഥാനത്ത് ഇമിഗ്രേഷന്‍ ഓഫീസ്. ഇന്ത്യക്കാരന്‍ വെറുമൊരു യാത്രക്കാരനല്ല, ശത്രുരാജ്യത്തിന്റെ പ്രജ കൂടിയാണല്ലോ. സന്ധ്യക്ക് അടച്ചുപൂട്ടുന്ന ആ അതിര്‍ത്തിഗേറ്റില്‍നിന്ന് കഷ്ടിച്ച് ഒരു മണിക്കൂറിന്റെ ഓട്ടം കൊണ്ട് ലാഹോറിലെത്താനാവും. പക്ഷേ അഞ്ചു മണിക്ക് ഇമിഗ്രേഷന്‍ ഓഫീസിന്റെ താഴുവീണാല്‍ പിന്നെ നേരം പുലരും വരെ കാത്തുനില്‍ക്കുകയേ നിവൃത്തിയുള്ളൂ. ലാഹോര്‍... അത് ഇനി ഏതാനും മിനിറ്റുകളുടെ ദൂരത്താണ് എന്നില്‍നിന്നും. വിക്‌ടോറിയന്‍ കാലഘട്ടത്തിന്റെ തനിമകള്‍ തലയുയര്‍ത്തി പിടിച്ച ഏതൊക്കെയോ കെട്ടിടങ്ങള്‍ക്കിടയിലൂടെ ഓടിയ ബസ് ലിബര്‍ട്ടി മാര്‍ക്കറ്റിനു സമീപം ഗുല്‍ബര്‍ഗയിലെ 66-ാം ടെര്‍മിനലിലേക്ക് പ്രവേശിക്കുകയായി. 

(ലേഖകന്റെ പ്രസിദ്ധീകരിക്കാനിരിക്കുന്ന യാത്രാ വിവരണ കൃതിയില്‍നിന്ന്)


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-24 / അന്നൂര്‍ / 39-42
എ.വൈ.ആര്‍