നീതിയും ന്യായവും
ജരീറുബ്‌നു അബ്ദില്ലാഹില്‍ ബിജ്‌ലി ഒരു സംഭവം ഓര്‍ക്കുന്നു: അബൂമുസല്‍ അശ്അരിയുടെ ഉദ്യോഗസ്ഥവൃന്ദത്തിലുള്ള ഒരാള്‍ യുദ്ധം നയിക്കാന്‍ അതിനിപുണനായിരുന്നു. ഒരു യുദ്ധത്തില്‍ സമരാര്‍ജിത സമ്പത്ത് വാരിക്കൂട്ടിയ അയാള്‍ക്ക്, പക്ഷേ, അബൂമൂസ ചെറിയ ഒരോഹരിയേ വിഹിതമായി നല്‍കിയുള്ളൂ. മുഴുവന്‍ സമ്പത്തും തനിക്ക് അവകാശപ്പെട്ടതാണെന്ന് ശഠിച്ചു നിന്ന അയാള്‍ക്ക് ശിക്ഷയായി ഇരുപത് ചമ്മട്ടി പ്രഹരം നല്‍കി അബൂ മൂസ. കൂടാതെ തല മുണ്ഡനവും നടത്തി.
മുടിയെല്ലാം വാരിക്കെട്ടി ഉമറിന്റെ സന്നിധിയിലെത്തിയ അയാള്‍ സൂക്ഷിച്ചുവെച്ച മുടിക്കെട്ട് ഉയര്‍ത്തിക്കാട്ടി ഉമറിന്റെ മാറു പിടിച്ച് ക്ഷോഭത്തോടെ: ''പടച്ചവനാണ് സത്യം, നരകമെന്ന ഒന്ന് ഇല്ലായിരുന്നെങ്കില്‍!''
ഉമര്‍: ''നേരാണ് അയാള്‍ പറഞ്ഞത്. നരകമെന്ന ഒന്ന് ഇല്ലായിരുന്നെങ്കില്‍!''
അയാള്‍: ''അമീറുല്‍ മുഅ്മിനീന്‍! എന്റെ യുദ്ധപാടവം അങ്ങേക്കറിയാമല്ലോ.'' ഉണ്ടായ സംഭവമെല്ലാം വിവരിച്ച അയാള്‍ തുടര്‍ന്നു: ''അബൂമൂസ അതിന് ശിക്ഷയായി എന്റെ മേല്‍ ഇരുപത് ചമ്മട്ടിപ്രഹരമേല്‍പിച്ചു. എന്റെ തല മുണ്ഡനം ചെയ്തു.''
ഉമര്‍: ''അല്ലാഹു നേടിത്തരുന്ന യുദ്ധമുതലുകളേക്കാള്‍ എനിക്കേറെ പ്രിയങ്കരം ഇയാള്‍ പ്രദര്‍ശിപ്പിച്ചതു പോലുള്ള ധൈര്യവും തന്റേടവും ചങ്കൂറ്റവുമാണ്.'' ഗവര്‍ണര്‍ അബൂമൂസക്ക് ഉമര്‍ എഴുതി: ''നിങ്ങളുടെ ഉദ്യോഗസ്ഥന്‍ നിങ്ങളെക്കുറിച്ച് പരാതിയുമായി എന്നെ സമീപിച്ചിരിക്കുന്നു. നിങ്ങള്‍ അയാളെ അടിച്ചതും തലമുണ്ഡനം ചെയ്തതും സദസ്സ് വിളിച്ചുകൂട്ടി പരസ്യമായിട്ടാണെങ്കില്‍ അതേപോലെ സദസ്സ് വിളിച്ചുകൂട്ടി പരസ്യമായി നിങ്ങളോട് പ്രതിക്രിയ ചെയ്യാന്‍ അയാള്‍ക്ക് അവസരമുണ്ടാക്കണം. ഇനി ആരുമറിയാതെ രഹസ്യമായാണ് ഇങ്ങനെ ചെയ്തതെങ്കില്‍ അയാളും നിങ്ങളോട് പ്രതിക്രിയ ചെയ്യുന്നത് ആ വിധമായിക്കൊള്ളട്ടെ.''
മുന്നോട്ടാഞ്ഞ അയാളോട് ജനങ്ങള്‍ ഒന്നടങ്കം: ''അബൂമൂസക്ക് മാപ്പുകൊടുക്കുക നിങ്ങള്‍.''
അയാള്‍: ''അല്ലാഹുവാണ് സത്യം. ആര്‍ക്കും ഞാന്‍ അദ്ദേഹത്തെ വിട്ടുനല്‍കില്ല.''
അബൂമൂസ പ്രഹരത്തിനും ക്ഷൗരത്തിനുമായി ഇരുന്നുകൊടുത്തപ്പോള്‍ അയാള്‍ ആകാശത്തേക്ക് കൈകളുയര്‍ത്തി ഉറക്കെ: ''അല്ലാഹുവേ, അബൂമൂസക്ക് ഞാന്‍ മാപ്പ് കൊടുത്തിരിക്കുന്നു.''
* * *
സഅ്ദുബ്‌നു അബീവഖാസിനെക്കുറിച്ച പരാതിയുമായി ജര്‍റാഹുബ്‌നുസിനാനുല്‍ അസദിയും കൂട്ടരും ഉമറിനെ സമീപിച്ചു. അദ്ദേഹത്തിന്റെ മതനിഷ്ഠയെക്കുറിച്ചും നമസ്‌കാരത്തെക്കുറിച്ചും നീതി നടത്തിപ്പിനെക്കുറിച്ചുമാണ് പരാതി.
സഅ്ദുബ്‌നു അബീവഖാസിനെ പോലെ ഇസ്‌ലാമില്‍ മുമ്പനും സ്വഹാബിമാരില്‍ പ്രമുഖനുമായ വ്യക്തിയെക്കുറിച്ച ഇത്തരം പരാതികള്‍ പ്രഥമദൃഷ്ട്യാ തള്ളിക്കളയുകയാണ് വേണ്ടത്. നിര്‍ണായക സന്ദര്‍ഭത്തിലാണ് ഇത്തരം പരാതികള്‍ എഴുന്നള്ളിച്ചുകൊണ്ടുവരുന്നത്. പേര്‍ഷ്യന്‍ സൈന്യം നഹാവന്തില്‍ തമ്പടിച്ചിരിക്കുന്നു. ജീവന്മരണപോരാട്ടത്തിന് തയാറെടുക്കുകയാണ് മുസ്‌ലിം സൈന്യം. മുസ്‌ലിം സൈന്യത്തിന്റെ നായകനായ സഅ്ദുബ്‌നു അബീവഖാസിനെക്കുറിച്ചുള്ള പരാതി പരിശോധിക്കുന്നത് യുദ്ധമെല്ലാം കഴിഞ്ഞ മറ്റൊരു സന്ദര്‍ഭത്തിലേക്ക് മാറ്റിവെക്കുകയായിരുന്നു വേണ്ടത്. സൈന്യത്തിന്റെയും സേനാനായകന്റെയും മനോവീര്യം തകര്‍ക്കും അത്തരം നടപടികള്‍. പക്ഷേ അതൊന്നും ഉമറിന് പ്രശ്‌നമായില്ല. ഇന്‍സ്‌പെക്ടര്‍ ജനറല്‍ മുഹമ്മദുബ്‌നു മസ്‌ലമയെ പരാതിയെക്കുറിച്ച അന്വേഷണത്തിന് നിയോഗിച്ചു. മുഹമ്മദുബ്‌നു മസ്‌ലമയാവട്ടെ, സഅദുബ്‌നു അബീവഖാസിനെ പോലെ പ്രമുഖനായ ഒരു സ്വഹാബിവര്യന്റെ കാര്യം വിടുക, ഒരു എളിയ സ്വഹാബിക്കു പോലും സഹിക്കാന്‍ ഒക്കാത്ത വിധമാണ് അന്വേഷണ നടപടികളുമായി മുന്നോട്ടുപോയത്. സഅ്ദുബ്‌നു അബീവഖാസിനെയും കൊണ്ട് പള്ളികള്‍ തോറും കയറിയിറങ്ങി മുസ്‌ലിം ബഹുജനങ്ങളോട് അദ്ദേഹത്തെക്കുറിച്ച അഭിപ്രായം ആരാഞ്ഞു. എല്ലാവരും ഒരേ സ്വരത്തില്‍ മറുപടി നല്‍കി: ''അദ്ദേഹത്തെക്കുറിച്ച് നല്ലതല്ലാത്ത ഒന്നും ഞങ്ങള്‍ക്ക് പറയാനില്ല. ഞങ്ങള്‍ക്ക് അദ്ദേഹത്തെത്തന്നെ മതി. പകരം ആരും വേണ്ട.'' അന്വേഷണം മസ്ജിദു അബീഅബസിലെത്തിയപ്പോള്‍ മുഹമ്മദുബ്‌നു അബീമസ്‌ലമ: ''പടച്ചവനെയോര്‍ത്ത് പരാതിയില്‍ സത്യമുണ്ടെങ്കില്‍ ആരെങ്കിലും എഴന്നേറ്റുനിന്ന് പറയണം.''
ഉസാമത്തുബ്‌നു ഖതാദ: ''ചോദിച്ച നിലക്ക് പറയാം. നീതിപൂര്‍വകമായല്ല അദ്ദേഹം വിഭവങ്ങള്‍ വിതരണം ചെയ്യുന്നത്. പ്രജകളുടെ കാര്യത്തില്‍ ന്യായം നടത്തുന്നില്ല. യുദ്ധമുന്നണിയില്‍ അദ്ദേഹത്തെ കാണാറുമില്ല.''
ഇതുകേട്ട സഅ്ദ് ആകാശത്തേക്ക് ഇരുകൈകളും ഉയര്‍ത്തി: ''അല്ലാഹുവേ ഇയാള്‍ ഈ പറഞ്ഞതൊക്കെ വ്യാജമാണെങ്കില്‍ അയാളെ നീ അന്ധനാക്കി മാറ്റേണമേ! മക്കള്‍ പെരുകി ഇയാള്‍ക്ക് പ്രാരാബ്ധം ഉണ്ടാവേണമേ! വിപത്തുകളാല്‍ ഇയാളെ നീ പരീക്ഷിക്കേണമേ!''
ഉസാമത്തുബ്‌നു ഖതാദ അന്ധനായി. പത്തു പെണ്‍മക്കളുള്ള അയാള്‍ക്ക് അവരുടെ ക്ഷേമവിവരം അവരെ സ്പര്‍ശിച്ചറിയേണ്ടിവന്നു. തെരുവില്‍ അലയേണ്ടിവന്ന അദ്ദേഹം ആരുടെയെങ്കിലും കാല്‍പെരുമാറ്റം കേട്ടാല്‍ പറയുകയായി: ''പുണ്യവാളനായ ആ സഅ്ദിന്റെ പ്രാര്‍ഥനാ ഫലമാണിത് മക്കളേ!''
പിന്നെ സഅ്ദ്, തന്നെക്കുറിച്ച് ഉമറിന്റെ സന്നിധിയില്‍ പരാതിയുമായി ചെന്നവരെച്ചൊല്ലിയും പ്രാര്‍ഥിച്ചു: ''ധിക്കാരവും ധാര്‍ഷ്ട്യവും അഹങ്കാരവുമാണ് ഈ പരാതിക്ക് അവരെ പ്രേരിപ്പിച്ചതെങ്കില്‍ അവരുടെ ദുരിതം നീ ഇരട്ടിയാക്കേണമേ!''
അത് അങ്ങനെത്തന്നെ സംഭവിച്ചു. നബി(സ)യുടെ പൗത്രനായ ഹസനുബ്‌നു അലി(റ)യെ ചതിച്ചുകൊല്ലാന്‍ മുതിര്‍ന്ന ജര്‍റാഹ് തുണ്ടംതുണ്ടമാക്കപ്പെട്ടു. ഖബീസ എറിഞ്ഞുകൊല്ലപ്പെട്ടു. അര്‍ബദ് വെട്ടേറ്റ് നിലംപതിച്ചു. ''ഫിദാക അബീവഉമ്മീ' എന്നു പറഞ്ഞ് റസൂല്‍ ഏറെ ആദരിച്ച വ്യക്തിയാണ് ഞാന്‍. ഇസ്‌ലാമിന്റെ ആദികാല അനുയായികളില്‍ ഉള്‍പ്പെട്ട എന്നെക്കുറിച്ചാണ് ബനൂ അസദ് ഗോത്രം എനിക്ക് നമസ്‌കരിക്കാന്‍ അറിയില്ലെന്നും ഞാന്‍ മൃഗങ്ങളെ വേട്ടയാടി നടക്കുകയാണെന്നും ജല്‍പിക്കുന്നത്.'' സഅ്ദിന് രോഷമടക്കാനായില്ല.
ഉമര്‍: ''സഅ്ദ്, എനിക്കറിയാമായിരുന്നു ഈ ആരോപണങ്ങളെല്ലാം കെട്ടിച്ചമച്ചതാണെന്ന്. പക്ഷേ നിങ്ങള്‍ നിരപരാധിയാണെന്ന് തെളിയുന്നത് നിഷ്‌കൃഷ്ടമായ അന്വേഷണത്തിലൂടെയാവട്ടെ എന്ന് ഞാന്‍ കരുതി.''
Comments