Prabodhanm Weekly

Pages

Search

2016 ജൂലൈ 08

2959

1437 ശവ്വാല്‍ 03

അറബ് സഞ്ചാരികള്‍

അബ്ദുര്‍റഹ്മാന്‍ മങ്ങാട്

ദ്യ പിതാവ് ആദ(അ)മിന്റെ സ്വര്‍ഗത്തില്‍നിന്നുള്ള യാത്രയോടെ ആരംഭിക്കുന്നതാണ് മനുഷ്യ സഞ്ചാര സാഹിത്യം. ഹജ്ജ് കര്‍മം നിര്‍വഹിക്കുന്നതിനു വേണ്ടി ഭൂഖണ്ഡങ്ങള്‍ താണ്ടിയുള്ള യാത്രകളും പ്രശസ്തമാണ്. എന്നും വ്യാപാരിസമൂഹമായി ചരിത്രത്തില്‍ അറിയപ്പെടുന്ന അറബ് സമൂഹം അതുകൊണ്ടുതന്നെ ലോക സഞ്ചാരികളുമായിരുന്നു. ഇസ്‌ലാമിന്റെ ആഗമനത്തോടു കൂടി വിജ്ഞാന -വ്യാപാര-പ്രബോധന മേഖലകള്‍ കേന്ദ്രീകരിച്ചുകൊണ്ടുള്ള യാത്രകള്‍ക്ക് ഔപചാരിക സ്വഭാവം കൂടി വന്നുചേര്‍ന്നു. ലോക ഭൂപടത്തില്‍ അറബി സഞ്ചാരികളുടെ അടയാളപ്പെടുത്തലുകള്‍ നിരവധിയാണ്. ദക്ഷിണേന്ത്യയിലേക്കുള്ള അറബ് സഞ്ചാരികളുടെ പ്രയാണം പ്രവാചക കാലഘട്ടത്തിനു മുമ്പേ രേഖപ്പെട്ടതാണ്. യാത്രാനുഭവങ്ങള്‍ ശേഖരിക്കുകയും പിന്‍തലമുറകള്‍ക്ക് ഉപകരിക്കുംവിധം ഗ്രന്ഥരൂപങ്ങള്‍ നല്‍കുകയും ചെയ്തതില്‍ അറബ് സഞ്ചാരികള്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നു.

കേരളീയ ജീവിതത്തെ അടുത്തറിയുകയും അപഗ്രഥനവിധേയമാക്കുകയും ചെയ്ത ഏതാനും പേരെ മാത്രമേ ഇവിടെ പരാമര്‍ശവിധേയമാക്കുന്നുള്ളൂ. ഒമ്പതാം നൂറ്റാണ്ട് മുതല്‍ പതിനഞ്ചാം നൂറ്റാണ്ടുവരെയുള്ള കാലഘട്ടത്തില്‍ കേരളത്തില്‍ വരികയും യാത്രാവിവരണങ്ങള്‍ എഴുതുകയും ചെയ്തിട്ടുള്ള വിദേശികളില്‍ ഭൂരിപക്ഷവും മുസ്‌ലിംകളാണ്. അതില്‍ ഏറ്റവും പഴമക്കാരന്‍ നിരവധി തവണ ഇന്ത്യയിലേക്കും തിരിച്ചും യാത്ര ചെയ്തിട്ടുള്ള പേര്‍ഷ്യക്കാരനും വ്യാപാരിയുമായ സുലൈമാന്‍ ആണ്. ചേര രാജാവായ സ്ഥാണു രവിയുടെ കാലത്താണ് അദ്ദേഹം കേരളം സന്ദര്‍ശിച്ചത്. ക്രി. 851-ല്‍ പൂര്‍ത്തീകരിച്ച ഗ്രന്ഥം നഷ്ടപ്പെട്ടുപോയത് നിമിത്തം പത്താം ശതകത്തിന്റെ പൂര്‍വാര്‍ധത്തില്‍ അബൂ സൈദ്, സുലൈമാന്റെ വിവരണങ്ങള്‍ പരിശോധിച്ച് പ്രസിദ്ധീകരിച്ചതാണ് സുലൈമാന്റേതായി ഇപ്പോള്‍ അറിയപ്പെടുന്ന ഗ്രന്ഥം. കേരളീയ ജീവിത രീതികളെക്കുറിച്ച് വിലപ്പെട്ട ധാരാളം വിവരങ്ങള്‍ നല്‍കുന്ന കൃതിയെന്ന നിലക്ക് ഈ കൃതി സവിശേഷ ശ്രദ്ധയാകര്‍ഷിക്കുന്നുണ്ട്. കൊല്ലമായിരുന്നു ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട തുറമുഖം. പേര്‍ഷ്യയിലേക്കുള്ള ചൈനീസ് കപ്പലുകള്‍ പോകുമ്പോഴും വരുമ്പോഴും കൊല്ലം തുറമുഖത്ത് അടുക്കാറുണ്ട്. ചീനക്കാരുടെ വലിയ കപ്പലുകള്‍ക്ക് അടുക്കാന്‍ തക്കവണ്ണം തുറമുഖം വിസ്തൃതമായിരുന്നു. ലോകത്തിലെ നാല് പ്രധാന രാജാക്കന്മാരില്‍ ഒരാള്‍ ഇന്ത്യന്‍ ചക്രവര്‍ത്തിയാണ് തുടങ്ങിയ വിവരങ്ങള്‍ അദ്ദേഹം നല്‍കുന്നു. ആചാര രീതികള്‍, വിവാഹ സമ്പ്രദായങ്ങള്‍, ജാതി വ്യവസ്ഥ തുടങ്ങിയവയെക്കുറിച്ചെല്ലാം സവിസ്തരം പ്രതിപാദിക്കുന്നു. വിവാഹ രീതിയെക്കുറിച്ച് ഇങ്ങനെ എഴുതുന്നു: 'വധൂവരന്മാരുടെ കുടുംബക്കാര്‍ അന്യോന്യം ആലോചിച്ചു തീരുമാനിക്കുന്നത് പ്രകാരമാണ് വിവാഹം നടക്കുന്നത്. വിവാഹാവസരത്തില്‍ ആടയാഭരണങ്ങളും നിത്യോപയോഗ സാധനങ്ങളും സ്ത്രീധനമായി കൊടുക്കുന്നു.' വീട് നിര്‍മാണത്തെക്കുറിച്ച് പറയുന്നു: 'ചെത്തിമിനുക്കിയ കല്ലുകളും ചുട്ട ഇഷ്ടികകളും കളിമണ്ണും ഉപയോഗിച്ചാണ് ഇന്ത്യക്കാര്‍ വീടുകള്‍ പണിയുന്നത്. മേല്‍പുര പണിയാന്‍ നല്ല ഉറപ്പുള്ള മരങ്ങളാണ് ഉപയോഗിക്കുന്നത്.'

അരിയാണ് പ്രധാന ഭക്ഷണം, ഗോതമ്പ് തീരെ ഉപയോഗിക്കുന്നില്ല, ഈശ്വരവിശ്വാസികളാണ് ഇന്ത്യക്കാര്‍, ഒാരോ വിഭാഗക്കാര്‍ക്കും പ്രത്യേകം പ്രത്യേകം ക്ഷേത്രങ്ങളുണ്ട്, ആഴവും വീതിയും നീളവുമുള്ള ഒട്ടേറെ നദികളുണ്ട് ഇന്ത്യയില്‍ തുടങ്ങി മനുഷ്യ ജീവിതവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളെക്കുറിച്ചും പ്രസ്തുത യാത്രാ ഗ്രന്ഥം വിവരം നല്‍കുന്നുണ്ട്.

ഹിജ്‌റ മൂന്നാം നൂറ്റാണ്ടില്‍ ജീവിച്ച അറബി ഭൂമിശാസ്ത്രകാരന്‍, പണ്ഡിതന്‍, സഞ്ചാരി എന്നീ നിലകളില്‍ പ്രശസ്തനായ ഉബൈദുല്ലാഹിബ്‌നു അഹ്മദു ബ്‌നു ഖുര്‍ദാദ്‌സബ അല്‍ ഖുറാസാനിയാണ് (820-912) മറ്റൊരാള്‍. സംഗീത ശാസ്ത്രത്തിലുള്‍പ്പെടെ ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുള്ള അദ്ദേഹത്തിന്റെ മാസ്റ്റര്‍ പീസ് ഗ്രന്ഥമാണ് അല്‍ മസാലികു വല്‍ മമാലിക് (ആീീസ ീള ഞീമറ െമിറ ഗശിഴറീാ)െ. ഭൂമിശാസ്ത്ര സംബന്ധമായ ആധികാരിക ഗ്രന്ഥമാണിത്. പുസ്തകത്തില്‍ മലബാറിനെ മലി എന്ന പേരില്‍ അടയാളപ്പെടുത്തിയിരിക്കുന്നു. നീതിബോധവും സത്യസന്ധതയുമുള്ളവരായി ഇന്ത്യന്‍ ജനതയെ പരിചയപ്പെടുത്തിയ അദ്ദേഹം ഇന്ത്യയില്‍ ആചരിച്ചുവരുന്ന ജാതി സമ്പ്രദായങ്ങളെക്കുറിച്ചും വിശദീകരിക്കുന്നുണ്ട്. വിവിധ രാജ്യങ്ങളിലെയും പട്ടണങ്ങളിലെയും പ്രവിശ്യകളിലെയും പ്രധാന പാതകള്‍, അവയുടെ ദൈര്‍ഘ്യം, ഹിജ്‌റ മൂന്നാം ശതകത്തിലെ അബ്ബാസി സാമ്രാജ്യത്തിലെ നികുതി പിരിവിന്റെ സ്ഥിതിവിവരക്കണക്കുകള്‍ തുടങ്ങിയ മറ്റു വിഷയങ്ങളും ഈ ഗ്രന്ഥം ഉള്‍ക്കൊള്ളുന്നു.

പൗരാണിക കേരളത്തെ പരിചയപ്പെടുത്തിയ മറ്റൊരു സഞ്ചാരിയും ഭൂമിശാസ്ത്രകാരനുമാണ് ഇബ്‌നു ഹൗഖല്‍. ഹിജ്‌റ നാലാം ശതകത്തില്‍ ബഗ്ദാദില്‍ ജീവിച്ച ഇദ്ദേഹത്തിന്റെ യഥാര്‍ഥ പേര് അബുല്‍ ഖാസിം  മുഹമ്മദുബ്‌നു അലിയ്യുബ്‌നു ഹൗഖലുന്നസ്വീബി എന്നാണ്. ചെറുപ്പത്തിലേ നന്നായി വായിക്കുമായിരുന്ന ഇബ്‌നു ഹൗഖല്‍ പ്രമുഖ സഞ്ചാരികളായിരുന്ന ഇബ്‌നു ഖുര്‍ദാദ്‌സബ, അല്‍ ജൈഹാനി (മരണം 942), അബുല്‍ ഫറജ് ഖുദാമതുബ്‌നു ജഅ്ഫര്‍ എന്നിവരുടെ കൃതികള്‍ നിരന്തരം വായിക്കുകയും പഠനവിധേയമാക്കുകയും ചെയ്യുമായിരുന്നു. അങ്ങനെ ലോക പര്യടനത്തിന് താല്‍പര്യം ജനിച്ച അദ്ദേഹം 943-ല്‍ ബഗ്ദാദ് വിട്ടു. പിന്നീട് നിരന്തരമായ യാത്രയായിരുന്നു. തന്റെ യാത്രാനുഭവങ്ങള്‍ വിവരിച്ചുകൊണ്ടെഴുതിയ ഗ്രന്ഥമാണ് കിതാബുല്‍ മസാലികു വല്‍ മമാലിക്. ഇന്ത്യാ ഉപഭൂഖണ്ഡത്തിലെ സിന്ധിലും കൊങ്കണ്‍ തീരങ്ങളിലും സമീപമുള്ള മുസ്‌ലിം ഭരണത്തിനു കീഴിലുള്ള പ്രദേശങ്ങളിലും പര്യടനം നടത്തിയ ഇബ്‌നു ഹൗഖല്‍ മധ്യകാല ഇന്ത്യയെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നു.

പ്രസിദ്ധ സഞ്ചാരിയായ അബൂറയ്ഹാന്‍ മുഹമ്മദുബ്‌നു അഹ്മദ് (973-1048) അല്‍ബിറൂനി എന്ന പേരില്‍ പ്രശസ്തനാണ്. ഭൂമിശാസ്ത്രം, പ്രകൃതിശാസ്ത്രം, ജ്യോതിശാസ്ത്രം, ഗണിതശാസ്ത്രം, കര്‍മശാസ്ത്രം എന്നിവയില്‍ വിദഗ്ധനും തത്ത്വചിന്തകനുമായിരുന്ന അദ്ദേഹം ഉസ്

െബകിസ്താന്റെ തലസ്ഥാനമായിരുന്ന ഖീവാ പട്ടണത്തിന്റെ അതിര്‍ത്തിക്കപ്പുറത്ത് സ്ഥിതിചെയ്യുന്ന ഖവാറസ്മിലാണ് ജനിച്ചത്. ഇരുപത് വയസ്സ് പൂര്‍ത്തിയായപ്പോഴേക്കും മാനവിക വിജ്ഞാനം, മതങ്ങളുടെ താരതമ്യപഠനം, ഭൂമിശാസ്ത്രം, ഗണിതം എന്നിവയില്‍ അദ്ദേഹം പ്രാവീണ്യം നേടി.

പതിനൊന്നാം നൂറ്റാണ്ടില്‍ ഖീവായില്‍ പൊട്ടിപ്പുറപ്പെട്ട രാഷ്ട്രീയ വിപ്ലവത്തെത്തുടര്‍ന്ന് അല്‍ബിറൂനി സ്വദേശം വിട്ടു. ലോക സഞ്ചാരം നടത്തണമെന്ന ഉദ്ദേശ്യം അദ്ദേഹത്തെ സ്ഥിരോത്സാഹിയും ഗവേഷകനുമാക്കി. മലബാറിന്റെ വ്യാപാര കീര്‍ത്തി വിദേശങ്ങളില്‍ അലയടിച്ചിരുന്ന പതിനൊന്നാം നൂറ്റാണ്ടിലാണ് അല്‍ ബിറൂനിയുടെ കേരള സന്ദര്‍ശനം. കേരളത്തിന്റെ അഞ്ച് മുഖ്യ പട്ടണങ്ങളില്‍ താമസിക്കുകയും ഏഴു രാജാക്കന്മാരുമായി സംഭാഷണം നടത്തുകയും ചെയ്തു. കൊല്ലം രാജാവും കോഴിക്കോട് രാജാവും വിലപിടിപ്പുള്ള പല സമ്മാനങ്ങളും അദ്ദേഹത്തിന് നല്‍കുകയുണ്ടായി. കേരളത്തിലെ കൃഷി സമ്പ്രദായത്തെയും വ്യവസായത്തെയും കുറിച്ച് അല്‍ബിറൂനി സസൂക്ഷ്മം പഠിക്കുകയും അവ തന്റെ സഞ്ചാരക്കുറിപ്പുകളില്‍ രേഖപ്പെടുത്തുകയും ചെയ്തു. കൊല്ലത്തും ചാലിയത്തും അറബി വൈദ്യ പണ്ഡിതന്മാര്‍ ചികിത്സാ കേന്ദ്രങ്ങള്‍ തുറക്കുകയും അറബി വൈദ്യ സമ്പ്രദായം കേരളീയരെ പഠിപ്പിക്കുകയും കേരളത്തില്‍ പ്രചാരമുണ്ടായിരുന്ന വൈദ്യസമ്പ്രദായങ്ങള്‍ അവര്‍ പഠിക്കുകയും ചെയ്തിരുന്നുവെന്ന് അദ്ദേഹം പറയുന്നു. ഭിന്ന വിശ്വാസികളും വിവിധാചാരങ്ങള്‍ അവലംബിക്കുന്നവരും ഐക്യത്തിലും സമാധാനത്തിലും ജീവിക്കുന്നതായാണ് താന്‍ കേരളത്തില്‍ കണ്ടതെന്നും മലബാറിലെ ചില ഭാഗങ്ങളില്‍ അറബി കോളനികള്‍ ഉണ്ടായിരുന്നുവെന്നും അറബി വ്യാപാരികളെ തദ്ദേശ ഭരണാധികാരികള്‍ വിശ്വസിക്കുകയും അവരെ സഹായിക്കുകയും ചെയ്തിരുന്നുവെന്നും അല്‍ബിറൂനി പറയുന്നു.

പന്ത്രണ്ടാം നൂറ്റാണ്ടിലെ ഭൂമിശാസ്ത്രജ്ഞന്മാരില്‍ ഏറ്റവും പ്രധാനിയാണ് അല്‍ ഇദ്‌രീസി (1099-1165). പൂര്‍ണ നാമം അബൂ അബ്ദുല്ല മുഹമ്മദുബ്‌നു അബ്ദുല്ലാഹിബ്‌നു ഇദ്‌രീസുബ്‌നു യഹ്‌യല്‍ ഹമൂദി അല്‍ ഇദ്‌രീസി. വടക്കന്‍ മൊറോക്കോയില്‍ ജിബ്രാള്‍ട്ടര്‍ കടലിനടുത്തുള്ള സബ്ത പട്ടണത്തില്‍ ജനനം. സബ്തയിലെ പ്രാഥമിക പഠനത്തിനു ശേഷം ഉപരിപഠനാര്‍ഥം കൊര്‍ദോവയിലേക്ക് പുറപ്പെട്ടു. അവിടെ വെച്ച് ഭൂമിശാസ്ത്രം, എഞ്ചിനീയറിംഗ്, ഗോളശാസ്ത്രം, സസ്യശാസ്ത്രം തുടങ്ങിയ വിഷയങ്ങളില്‍ അവഗാഹം നേടി. കൊര്‍ദോവ(ഖുര്‍ത്വുബ)യില്‍ പഠിച്ചതുകൊണ്ട് ഖുര്‍ത്വുബി എന്ന പേരിലും അറിയപ്പെടുന്നു. പതിനാറാം വയസ്സ് മുതല്‍ അദ്ദേഹം നിരന്തര യാത്രയിലേര്‍പ്പെട്ടു. ഇരുപത്തി അഞ്ചാം വയസ്സാകുമ്പോഴേക്കും ഭൂമിയില്‍ അദ്ദേഹത്തിന്റെ പാദസ്പര്‍ശമേല്‍ക്കാത്ത സ്ഥലങ്ങളില്ല എന്നു പറഞ്ഞാല്‍ അത് അതിശയോക്തിയാവില്ല. ഇദ്‌രീസിയുടെ പാണ്ഡിത്യവും പ്രാഗത്ഭ്യവും തിരിച്ചറിഞ്ഞ സിസിലിയിലെ നോര്‍മന്‍ രാജാവ് അദ്ദേഹത്തെ റമുവിലെ കൊട്ടാരത്തിലേക്ക് ക്ഷണിച്ചുവരുത്തുകയും ഭൂപടം വരച്ച് അതില്‍ തന്റെ രാജ്യത്തിന്റെ സ്ഥാനം അടയാളപ്പെടുത്താന്‍ അദ്ദേഹത്തെ ചുമതലപ്പെടുത്തുകയും ചെയ്തു. ഗ്ലോബ് നിര്‍മാണം പൂര്‍ത്തിയാക്കിയ ശേഷം ഇദ്‌രീസീ ഗ്രന്ഥരചനയിലേക്ക് തിരിഞ്ഞു. നുസ്ഹതുല്‍ മുശ്താഖ് ഫീ ഇഖ്തിറാഖില്‍ ആഫാഖ് എന്നാണ് ഗ്രന്ഥനാമം. റോജര്‍ രണ്ടാമന്റെ പ്രോത്സാഹനവും പ്രേരണയും നിമിത്തം രചിക്കപ്പെട്ടതിനാല്‍ റോജറിന്റെ പുസ്തകം (കിതാബു റൂജാര്‍) എന്ന പേരിലാണ് അറിയപ്പെടുന്നത്.

അല്‍ ഇദ്‌രീസിയുടെ ഗ്രന്ഥത്തില്‍ ഇന്ത്യക്കും മഹത്തായ സ്ഥാനം നല്‍കിയിട്ടുണ്ട്. ക്രി. 900 മുതല്‍ 1150 വരെയുള്ള കാലഘട്ടത്തിലെ രാഷ്ട്രീയ ചരിത്രം, ഭൂമിശാസ്ത്രം, മതം, സാമൂഹികാചാരങ്ങള്‍ എന്നിവയാണ് പ്രധാന പ്രതിപാദ്യം. കേരളവും ഇദ്‌രീസിയുടെ വിവരണത്തിന് വിഷയീഭവിച്ചിട്ടുണ്ട്. മലബാറിനെ 'മലൈ' എന്നാണ് അദ്ദേഹം വിളിക്കുന്നത്. പന്തലായിനി, ശ്രീകണ്ഠപുരം, കൊടുങ്ങല്ലൂര്‍, തൃക്കാക്കര എന്നീ സ്ഥലങ്ങളെ പ്രത്യേകം പരാമര്‍ശിക്കുന്നു.

കേരളീയ വായനക്കാര്‍ക്ക് ഏറെ സുപരിചിതനാണ് ഇബ്‌നുബത്തൂത്ത. ശരിയായ പേര് ശംസുദ്ദീന്‍ അബൂ അബ്ദുല്ല മുഹമ്മദുബ്‌നു അബ്ദുല്ലാഹിബ്‌നു മുഹമ്മദുബ്‌നു ഇബ്‌റാഹീം അല്ലവാതി അത്ത്വന്‍ജി എന്നാണ്. മൊറോക്കോയിലെ താന്‍ജീര്‍ പട്ടണത്തില്‍ 703/1304-ല്‍ ജനിച്ചു. ഹജ്ജ് നിര്‍വഹിക്കുകയെന്ന ലക്ഷ്യത്തോടെ 21-ാം വയസ്സില്‍ താന്‍ജീറില്‍നിന്ന് യാത്ര ആരംഭിച്ചു. അത് പിന്നീട് 25 വര്‍ഷം നീണ്ടുനിന്ന ലോക പര്യടനത്തില്‍ കലാശിച്ചു. മുഹമ്മദുബ്‌നു തുഗ്ലക്കിന്റെ കാലത്ത് ഇന്ത്യയിലെത്തിയ അദ്ദേഹത്തെ സുല്‍ത്താന്‍ അത്യധികം ആദരിച്ചു. പിന്നീട് സുല്‍ത്താനുമായി ഇടഞ്ഞതു നിമിത്തം സുല്‍ത്താന്റെ ശിക്ഷക്ക് പാത്രമായി. പരസ്പരം തെറ്റിദ്ധാരണ നീങ്ങിയപ്പോള്‍ സുല്‍ത്താന്‍ ഇബ്‌നു ബത്തൂത്തയെ സ്വീകരിക്കുകയും ചീന ചക്രവര്‍ത്തിയുടെ സമീപത്തേക്കുള്ള നിവേദക സംഘത്തിന്റെ തലവനായി അദ്ദേഹത്തെ നിയമിക്കുകയും ചെയ്തു. ഇന്ത്യയുടെ പശ്ചിമ തീരങ്ങളായ കൊങ്കണ്‍, മലബാര്‍ പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ അവസരമുണ്ടായത് ഈ യാത്രയിലാണ്. മലബാറിലെ മുസ്‌ലിംകളെ കുറിച്ചും  ഇസ്‌ലാമിനെ കുറിച്ചും വിവിധ പ്രദേശങ്ങളെക്കുറിച്ചും അദ്ദേഹം സവിസ്തരം വിവരിക്കുന്നുണ്ട്. 150 വിദ്യാര്‍ഥികള്‍ താമസിക്കുന്ന ഏഴിമല പള്ളിദര്‍സിനെക്കുറിച്ചും വിദ്യാര്‍ഥികള്‍ക്കും സഞ്ചാരികള്‍ക്കും സൗജന്യമായി ഭക്ഷണം നല്‍കുന്ന കാന്റീന്‍ സമ്പ്രദായത്തെക്കുറിച്ചും അദ്ദേഹം പറയുന്നു. വിദേശികളായ ഏഴോളം മുദര്‍രിസുമാരെക്കുറിച്ചുള്ള പരാമര്‍ശങ്ങളും അതിലുണ്ട്.

ഇബ്‌നു ബത്തൂത്തയുടെ 28 വര്‍ഷം നീണ്ട ലോക പര്യടനത്തിനിടക്ക് 124000 കി. മീറ്റര്‍ സഞ്ചരിച്ചതായി കണക്കാക്കപ്പെടുന്നു. അദ്ദേഹത്തിന്റെ യാത്രാ വിവരണം രിഹ്‌ലതു ഇബ്‌നു ബത്തൂത്ത എന്ന പേരില്‍ പ്രസിദ്ധമാണ്. തുഹ്ഫത്തുന്നള്ളാര്‍ ഫീ ഗറാഇബില്‍ അംസ്വാര്‍ വ അജാഇബില്‍ അസ്ഫാര്‍ എന്നാണ് യഥാര്‍ഥ നാമം. ഇതിന്റെ സംക്ഷേപം ഇബ്‌നു ബത്തൂത്തയുടെ സഞ്ചാരകഥകള്‍ എന്ന പേരില്‍ പ്രഫ. മങ്കട അബ്ദുല്‍ അസീസ് മലയാളത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇബ്‌നു ബത്തൂത്തയുടെ കള്ളക്കഥകള്‍ എന്ന പേരില്‍ ഡോ. സി.കെ കരീമിന്റെ ഒരു നിരൂപണ പഠനവുമുണ്ട് മലയാളത്തില്‍.

പതിനഞ്ചാം ശതകത്തിലെ കേരളത്തെക്കുറിച്ച്, പ്രത്യേകിച്ച് കോഴിക്കോടിനെക്കുറിച്ച് അറിവ് നല്‍കുന്ന ശ്രദ്ധേയനായ വിദേശ സഞ്ചാരിയാണ് അബ്ദുര്‍റസാഖ്. സുല്‍ത്താന്‍ ഷാഹ്‌റൂഖിന്റെ കീഴില്‍ ഖാദിയായിരുന്ന ജലാലുദ്ദീന്‍ ഇസ്ഹാഖിന്റെ മകനായി ക്രി. 1413 നവംബര്‍ 6-ന് ഹിറാത്തില്‍ അബ്ദുര്‍റസാഖ് ജനിച്ചു. കോഴിക്കോട്ട് ധാരാളം മുസ്‌ലിംകള്‍ താമസിക്കുന്നുണ്ടെന്നും അവരുടെ പള്ളികളില്‍ ജുമുഅയും പെരുന്നാള്‍ നമസ്‌കാരങ്ങളും കൃത്യമായി നടക്കുന്നുണ്ടെന്നും സുല്‍ത്താന്‍ ഇഷ്ടപ്പെടുകയാണെങ്കില്‍ ഖുത്വ്ബകളില്‍ അദ്ദേഹത്തിന്റെ പേര്‍ കൂടി ഉള്‍പ്പെടുത്താന്‍ ഏര്‍പ്പാട് ചെയ്യാമെന്നും ഷാഹ്‌റൂഖിനെ അറിയിക്കാന്‍ സാമൂതിരി ചട്ടം കെട്ടിയ വിവരം അബ്ദുര്‍റസാഖ് തന്റെ യാത്രാ കുറിപ്പുകളില്‍ രേഖപ്പെടുത്തുന്നുണ്ട്.

യഅ്ഖൂബി, ഇബ്‌നുല്‍ ഫഖീഹ്, ഇബ്‌നു റുസ്ത, അബൂ സെയ്ദ്, മസ്ഊദി, അബുല്‍ ഫറജ് ഇസ്തഖ്‌രി, യാഖൂതുല്‍ ഹമവി, ദിമിശ്ഖി, അബുല്‍ ഫിദ തുടങ്ങിയ സഞ്ചാരികളെ പരാമര്‍ശത്തില്‍ പരിമിതപ്പെടുത്തുന്നു. 

 

റഫറന്‍സ്

1. ഇസ്‌ലാമിക വിജ്ഞാന കോശം-ഐ.പി.എച്ച്

2. സഞ്ചാരികളും ചരിത്രകാരന്മാരും- വേലായുധന്‍ പണിക്കശ്ശേരി

3. അല്‍ബിറൂനി കണ്ട ഇന്ത്യ- ഡോ. മുഹ്‌യിദ്ദീന്‍ ആലുവായ്‌


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-24 / അന്നൂര്‍ / 39-42
എ.വൈ.ആര്‍