Prabodhanm Weekly

Pages

Search

2016 ജൂണ്‍ 03

2954

1437 ശഅ്ബാന്‍ 27

കോണ്‍ഗ്രസിന്റെ തകര്‍ച്ചയും ഹിന്ദുത്വ ധാരയുടെ മുതലെടുപ്പും

പി.പി.ആര്‍

തീവ്ര സങ്കുചിത ദേശീയത്വത്തില്‍ അധിഷ്ഠിതമായ സംഘടനയാണ് 1925-ല്‍ രൂപീകൃതമായ ആര്‍.എസ്.എസ്.  സ്വാതന്ത്ര്യപൂര്‍വ  ഇന്ത്യയിലെ കോണ്‍ഗ്രസില്‍ നാല് വ്യത്യസ്ത ധാരകള്‍ ഉണ്ടായിരുന്നു:  ഒന്ന്, ഗാന്ധിജി പ്രതിനിധാനം ചെയ്ത സനാതന ധര്‍മധാര.  രണ്ട്, നെഹ്‌റു  പ്രതിനിധാനം ചെയ്ത മതമുക്ത സോഷ്യലിസ്റ്റ് സെക്യുലര്‍ ധാര.  മൂന്ന്,  സുഭാഷ് ചന്ദ്രബോസ് പ്രതിനിധാനം ചെയ്തിരുന്ന  സാമ്രാജ്യത്വവിരുദ്ധ സമ്പൂര്‍ണ സോഷ്യലിസ്റ്റ് സായുധ വിപ്ലവധാര. നാല്, ബാല ഗംഗാധര തിലകനും മറ്റും പ്രതിനിധാനം ചെയ്ത സവര്‍ണ ഹിന്ദുത്വധാര.  ഗാന്ധിജി കൊല്ലപ്പെട്ടതില്‍പിന്നെ ഗാന്ധിയന്‍ധാര കോണ്‍ഗ്രസില്‍ വെറും ഖദര്‍ കുപ്പായത്തിലൊതുങ്ങി. നെഹ്‌റു പ്രതിനിധാനം ചെയ്ത മതമുക്ത സോഷ്യലിസ്റ്റ് സെക്യുലര്‍ധാര ആ കാലത്തെ കോണ്‍ഗ്രസിന്റെ വിദേശനയങ്ങളിലും  സാമ്പത്തിക സമീപനങ്ങളിലും ചുരുങ്ങി. സുഭാഷ് ചന്ദ്രബോസിന്റെ ലൈന്‍ അദ്ദേഹം തിരോഭവിച്ചതുപോലെ  സ്വാതന്ത്ര്യത്തിനു മുമ്പോ ശേഷമോ  തീരെ ക്ലച്ചു പിടിക്കാതെ പോയി. പിന്നെ അവശേഷിച്ചത് സവര്‍ണ ഹിന്ദുത്വ ധാരയായിരുന്നു. ഇതിന്റെ പിന്നിലെ ശക്തി ആ കാലത്ത് കോണ്‍ഗ്രസില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്ന ആര്‍. എസ്.എസുകാരായിരുന്നു.  അതായിരുന്നു ആഭ്യന്തരതലത്തിലും സാമൂഹികമായും കോണ്‍ഗ്രസില്‍ ശക്തിപ്പെട്ടുകൊണ്ടേയിരുന്നത്.  

സ്വാതന്ത്ര്യപൂര്‍വ ഇന്ത്യയില്‍ ജിന്നയെ പോലുള്ള ശുദ്ധ മതമുക്ത മതേതരവാദിയെപോലും, ഇസ്‌ലാമിന്റെ ആദര്‍ശാടിത്തറയില്ലാത്ത മുസ്‌ലിം ലീഗിന്റെ സങ്കുചിത സാമുദായിക വാദത്തിന്റെ ഗോഡ്ഫാദറാക്കി മാറ്റിയതില്‍ കോണ്‍ഗ്രസില്‍ ശക്തിപ്പെട്ടുവന്ന ഹൈന്ദവ  വര്‍ഗീയതയുടെ ധാരക്ക് കാര്യമായ പങ്കുണ്ടെന്നത് സംശയരഹിതമാണ്. സ്വാതന്ത്ര്യപൂര്‍വ   ഇന്ത്യയിലെ കോണ്‍ഗ്രസിന്റെ  സ്ഥിതി ഇതായിരുന്നെങ്കില്‍, സ്വാതന്ത്ര്യാനന്തരം അത് എന്തുമാത്രം ശക്തിപ്പെട്ടു കാണുമെന്ന്  ഊഹിക്കാവുന്നതേയുള്ളൂ.   ബി.ജെ.പിയുടെ മുന്‍ഗാമിയായിരുന്ന ഭാരതീയ ജനസംഘത്തിന്റെ സ്ഥാപകന്‍ നെഹ്‌റു മന്ത്രിസഭയിലെ  വ്യവസായ മന്ത്രിയായിരുന്ന ശ്യാമപ്രസാദ് മുഖര്‍ജി ആയിരുന്നു എന്നതില്‍നിന്നുതന്നെ ഇത് മനസ്സിലാക്കാം.

ഭാരതീയ ജനസംഘം രൂപീകരിച്ച ശേഷം 1962-ല്‍  നടന്ന തെരഞ്ഞെടുപ്പില്‍ 14 സീറ്റും, 1967-ല്‍ 35 സീറ്റും  71-ല്‍ 22 സീറ്റും അവര്‍ ഒറ്റക്കു തന്നെ മത്സരിച്ചു നേടിയിട്ടുണ്ടായിരുന്നു. കോണ്‍ഗ്രസില്‍ ചിതലിനെ പോലെ ചേര്‍ന്നുനിന്ന്  ഭരണം കൈയാളി വളര്‍ന്ന സംഘ്പരിവാര്‍ കോണ്‍ഗ്രസിനെ ഉള്ളില്‍നിന്നും ദുര്‍ബലപ്പെടുത്താന്‍ പണിയെടുത്തുകൊണ്ടേയിരുന്നു.  ഇത് കണ്ടറിഞ്ഞ് തടയിടാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിനു സാധിച്ചില്ല. പ്രധാനമായും സംഘ്പരിവാര്‍ ഇത് ചെയ്തത് കലാപങ്ങളിലൂടെയായിരുന്നു. ഇതില്‍ അവര്‍ക്ക് കോണ്‍ഗ്രസിനു കീഴിലെ ഭരണസംവിധാനങ്ങളുടെയും പോലീസിന്റെയും പിന്തുണ കിട്ടുകയും ചെയ്തിരുന്നു.  അതുകൊണ്ടുകൂടിയാണ് ആയിരക്കണക്കിനു കലാപങ്ങള്‍ നടത്തി അനേകായിരങ്ങളെ കൊല്ലുകയും ശതകോടിക്കണക്കിനു രൂപയുടെ സമ്പത്ത് നശിപ്പിക്കുകയും ചെയ്തിട്ടും ഒരൊറ്റ സംഘ്പരിവാറുകാരനും കോണ്‍ഗ്രസ് ഭരണത്തിനുകീഴില്‍ ശിക്ഷിക്കപ്പെടാതെ പോയത്. ഇത് ഹൈന്ദവ വര്‍ഗീയതയെ വളര്‍ത്തുകയും,  അത് വളരുന്നതിനു വളം വെച്ച് കൊടുക്കുന്ന കോണ്‍ഗ്രസില്‍നിന്ന് പിന്നാക്ക ന്യൂനപക്ഷങ്ങളെ  അകറ്റുകയും  ചെയ്തു.  സവര്‍ണ വര്‍ഗീയവിഭാഗങ്ങള്‍ അവസരം ഒത്തുവന്നപ്പോള്‍ ദുര്‍ബലമായിക്കൊണ്ടിരുന്ന കോണ്‍ഗ്രസിനെ കൈവെടിഞ്ഞ് അവരുടെ സ്വന്തം പാര്‍ട്ടിയായ ജനസംഘത്തിലേക്കും പിന്നീട് അതിന്റെ പില്‍ക്കാല അവതാരമായ ബി.ജെ.പിയിലേക്കും ചേക്കേറി.  അങ്ങനെയാണ് കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രങ്ങളായിരുന്ന സംസ്ഥാനങ്ങളിലൊക്കെ  കോണ്‍ഗ്രസിന്റെ  സ്ഥാനം ബി.ജെ.പി ഏറ്റെടുത്തത്.  ഈ പ്രവണത തന്നെയാണ് ഇപ്പോള്‍ ഉത്തരാഖണ്ഡിലും കേരളത്തിലും വരെ സംഭവിച്ചുകൊണ്ടണ്ടിരിക്കുന്നത.്

സംഘ്പരിവാര്‍ രാഷ്ട്രീയമായി  എന്തുമാത്രം ശക്തമായിരുന്നു എന്നതിനെ കുറിക്കുന്നു ഭാരതീയ ജനസംഘത്തിനു  1967-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒറ്റക്കു തന്നെ ലഭിച്ച 35 സീറ്റ്.  എങ്കിലും പൊതു സ്വീകാര്യത ഉണ്ടായിരുന്നില്ല. അവര്‍ക്ക് പൊതുസ്വീകാര്യത ലഭിക്കാന്‍ കാരണമായത് 1975-ല്‍ ഇന്ദിരാ ഗാന്ധിയുടെ  കീഴിലുള്ള കോണ്‍ഗ്രസ് ഭരണകൂടം ഇന്ത്യന്‍ ജനതയുടെ മേല്‍ അടിച്ചേല്‍പ്പിച്ച അടിയന്തരാവസ്ഥയായിരുന്നു. അപ്പോള്‍ പോലും അവര്‍ക്ക് അവരുടെ വര്‍ഗീയ മുഖത്തോടു കൂടി പ്രത്യക്ഷപ്പെടാന്‍ സാധിച്ചിരുന്നില്ല. ജയപ്രകാശ് നാരായണന്റെ നേതൃത്വത്തിലുണ്ടായിരുന്ന ഇതര പാര്‍ട്ടികള്‍ അതിന് അവരെ അനുവദിച്ചിരുന്നുമില്ല.  ജനതാ പാര്‍ട്ടിയെന്ന പൊതു സെക്യുലര്‍ പ്ലാറ്റ്‌ഫോമിന്റെ ഭാഗമായായിരുന്നു അവരും പ്രവര്‍ത്തിച്ചിരുന്നത്.  ജനതാ പാര്‍ട്ടിയെ പിളര്‍ത്തുന്നതിന് കോണ്‍ഗ്രസ് നടത്തിയ കുത്തിത്തിരുപ്പുകളും ഭാരതീയ ജനതാ പാര്‍ട്ടി(ബി.ജെ.പി) എന്ന ആര്‍.എസ്.എസ്സിന്റെ സ്വന്തം രാഷ്ട്രീയ പാര്‍ട്ടിക്ക് വീണ്ടണ്ടും ബീജാവാപം നല്‍കാന്‍ കാരണമായിട്ടുണ്ട്. 

അതിനുശേഷം 1984-ലെ  ഇന്ദിരാ വധത്തിനു ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ ചരിത്രത്തിലാദ്യമായി 50%-നോടടുത്ത വോട്ടും 400-ലേറെ  സീറ്റിന്റെ മൃഗീയ ഭൂരിപക്ഷവും നേടി രാജീവ് ഗാന്ധി അധികാരത്തിലേറിയപ്പോള്‍ 224 സീറ്റില്‍  ഒറ്റക്ക് മത്സരിച്ച ബി.ജെ. പിക്ക്  വെറും രണ്ടു സീറ്റ് മാത്രമേ ലഭിച്ചിട്ടുണ്ടായിരുന്നുള്ളൂവെങ്കിലും ഇന്ദിരാവധത്തിന്റെ സഹതാപതരംഗത്തിലും മത്സരിച്ച 224 സീറ്റുകളില്‍നിന്ന് രണ്ടു കോടിയോളം  വോട്ട് നേടാനായി. ഇത് അന്ന് മൊത്തം ദേശീയതലത്തില്‍ പോള്‍ ചെയ്ത വോട്ടിന്റെ 8 ശതമാനത്തോളം വരും.

അഴിമതിയും കെടുകാര്യസ്ഥതയും കൊടികുത്തിവാണ രാജിവ്ഗാന്ധിയുടെ ഭരണത്തില്‍നിന്നും വി.പി സിംഗ് പുറത്തുവന്ന് ജനതാദള്‍ രൂപീകരിച്ചു.  അങ്ങനെയൊരു സമീപനം വി.പി സിംഗ് എടുത്തില്ലായിരുന്നുവെങ്കില്‍ ഭരണകൂടത്തിനെതിരെയുള്ള വികാരങ്ങള്‍ മുഴുവന്‍ അന്ന് ദേശീയതലത്തിലുണ്ടായിരുന്ന ഏക പ്രതിപക്ഷ പാര്‍ട്ടിയെന്ന നിലയില്‍ ബി. ജെ.പിക്ക് വളമാകുമായിരുന്നു. വി.പി സിംഗ് ബി.ജെ.പിയുടെ ശക്തി ഉപയോഗപ്പെടുത്തി അധികാരത്തിലേറാനും  ആ അധികാരം സമര്‍ഥമായി ഉപയോഗിച്ച് അവരെ ദുര്‍ബലപ്പെടുത്താനുമുള്ള തന്ത്രങ്ങള്‍ ആവിഷ്‌കരിച്ചു. അധികാരത്തില്‍ വന്ന് ഒരു വര്‍ഷം തികഞ്ഞപ്പോള്‍, അദ്ദേഹം ബി. ജെ.പിയെ ആന്തരികമായും ബാഹ്യമായും  ദുര്‍ബലപ്പെടുത്തുന്നതിനു കൂടി, കോണ്‍ഗ്രസ് ഭരണകൂടങ്ങളുടെ കാലത്ത് അട്ടത്തു  സൂക്ഷിക്കുകയായിരുന്ന മണ്ഡല്‍ കമീഷന്‍ റിപ്പോര്‍ട്ട് പുറത്തെടുത്തു.  മണ്ഡല്‍ കമീഷന്‍ പ്രതിസന്ധിയെ മറികടക്കുന്നതിനും വി.പി സിംഗ് മന്ത്രിസഭയെ മറിച്ചിടുന്നതിനും അദ്വാനിയുടെ  നേതൃത്വത്തില്‍ ബാബരി മസ്ജിദ് ലക്ഷ്യം വെച്ച് രഥയാത്ര  ആരംഭിച്ചു.  വി.പി സിംഗ് മന്ത്രിസഭയോ, ബിഹാറിലും യു.പി യിലുമൊക്കെ അന്നുണ്ടായിരുന്ന ജനതാദള്‍   മന്ത്രിസഭകളോ  അതിനു മുമ്പുണ്ടായിരുന്ന കോണ്‍ഗ്രസ് മന്ത്രിസഭകളെപോലെ  അലംഭാവമോ അഴകൊഴമ്പന്‍ സമീപനമോ സ്വീകരിച്ചില്ല. സ്വന്തം മന്ത്രിസഭയെ പിന്തുണക്കുന്നവരായിട്ടും  കേവലം ഒന്നര വര്‍ഷം മാത്രം പ്രായമായ ഗവണ്‍മെന്റിനെ ബലികൊടുക്കാന്‍ തയാറായി ഇന്ത്യയുടെ ജീവശ്വാസമായ മതേതരത്വത്തെ സംരക്ഷിക്കുന്നതിനു വേണ്ടി  അദ്വാനിയെ അറസ്റ്റ് ചെയ്യാനുള്ള ധീരത അന്ന് ബിഹാര്‍ മുഖ്യമന്ത്രിയും ജനതാദള്‍ നേതാവുമായ ലാലു പ്രസാദ് യാദവ് കാണിച്ചു. 

മതേതരത്വം ചോദ്യചിഹ്നമായ ആ സമയത്തുപോലും കോണ്‍ഗ്രസിന് ബി.ജെ.പിക്കെതിരെയും ബി.ജെ.പിയെ ദുര്‍ബലപ്പെടുത്തുന്നതിനുവേണ്ടിയും  മതേതരത്വത്തിന്റെ പക്ഷത്തുനിന്നുകൊണ്ട്  വി.പി സിംഗിനെ പിന്തുണക്കാന്‍ സാധിച്ചില്ല എന്നത് മതേതര ഇന്ത്യയുടെയും കോണ്‍ഗ്രസിന്റെ തന്നെയും ദുരന്തപൂര്‍ണമായ തിരിച്ചടികളുടെ  സ്‌തോഭജനകമായ എപ്പിസോഡായിരുന്നു.     അതേ, മതേതര ഇന്ത്യ കണ്ട ഏറ്റവും നല്ല ഭരണാധികാരിയായ വി.പി സിംഗ്  മന്ത്രിസഭയെ അട്ടിമറിക്കുന്നതിനുവേണ്ടി കോണ്‍ഗ്രസ്സും ബി.ജെ.പിയും ഒന്നിച്ചു  വോട്ടു ചെയ്തു! അങ്ങനെ ബി.ജെ.പിയെ രാഷ്ട്രീയമായി ദുര്‍ബലപ്പെടുത്താന്‍ കിട്ടിയ ഏറ്റവും നല്ല അവസരം നഷ്ടപ്പെടുത്തുക മാത്രമല്ല, ബി.ജെ.പി രഥയാത്രയിലൂടെ സൃഷ്ടിച്ച പൊളിറ്റിക്കല്‍ ടെംപോ നിലനിര്‍ത്തുന്നതിനും കോണ്‍ഗ്രസ് സഹായിച്ചു.  ഇതിനെത്തുടര്‍ന്ന്, ബി.ജെ.പിയെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസ് സ്വീകരിച്ച പ്രത്യക്ഷ മൃദു ഹിന്ദുത്വ സമീപനങ്ങള്‍ ഓരോന്നും ബി.ജെ.പിയെ വളര്‍ത്താനാണ്  സഹായിച്ചത്.  ബാബരി തര്‍ക്കഭൂമിയില്‍ ശിലാന്യാസം നടത്തുന്നതിനു അനുവാദം കൊടുത്തിട്ടും, അയോധ്യയില്‍നിന്ന് രാജിവ് ഗാന്ധി തെരഞ്ഞടുപ്പു പ്രചാരണത്തിനു തുടക്കം കുറിച്ചിട്ടും, എന്തിനേറെ തെരഞ്ഞടുപ്പ് പ്രചാരണത്തിനിടയില്‍ രാജിവ് ഗാന്ധി വധിക്കപ്പെട്ട സഹതാപതരംഗം ഉണ്ടായിട്ടു പോലും കോണ്‍ഗ്രസിനു സ്വന്തമായി ഭൂരിപക്ഷം കിട്ടാത്ത സാഹചര്യം അങ്ങനെയാണ് രൂപപ്പെട്ടത്. 

ബാബരി മസ്ജിദ്  തകര്‍ക്കുന്നതിനു സംഘ്പരിവാര്‍  ശക്തികള്‍ക്ക് ഒത്താശ ചെയ്തുകൊടുക്കുകയും അതിനെതുടര്‍ന്നുണ്ടായ വര്‍ഗീയ കലാപങ്ങളില്‍ ഹിന്ദുത്വ ഫാഷിസ്റ്റ് കൂട്ടങ്ങള്‍ നടത്തിയ ന്യൂനപക്ഷ വേട്ടക്കു മുന്നില്‍ നിഷ്‌ക്രിയമാവുകയും ചെയ്തപ്പോഴാണ് കോണ്‍ഗ്രസിന്റെ പതനം പൂര്‍ത്തിയായതും ബി.ജെ.പി ആ സ്ഥാനം ഏറ്റെടുത്തതും. എങ്കിലും ഒരു മുന്നണിയിലൂടെ കോണ്‍ഗ്രസിന് കേന്ദ്ര ഭരണം കിട്ടുന്ന സാഹചര്യമുണ്ടായിരുന്നു.  അതിന്റെ ഫലമായിരുന്നു ഒന്നും രണ്ടും യു.പി.എ  ഭരണകൂടങ്ങള്‍.  ആ സമയത്താണ് ഇന്ത്യയുടെ ഭിന്ന ഭാഗങ്ങളില്‍  സംഘ്പരിവാര്‍  ശക്തികള്‍  ആസൂത്രണം ചെയ്ത ഭീകര സ്‌ഫോടനങ്ങള്‍ നടന്നത്.  ഒരുളുപ്പുമില്ലാതെ കോണ്‍ഗ്രസ് ഭരണകൂടം ചെയ്തത് സംഘ്പരിവാര്‍ ശക്തികളെ സംരക്ഷിക്കുകയും നിരപരാധികളായ ആയിരക്കണക്കിനു ന്യൂനപക്ഷ സമുദായക്കാരെ ടാഡയും പോട്ടയും  യു.എ.പി.എയും ഒക്കെ ചുമത്തി ജയിലിലടക്കുകയുമായിരുന്നു.  ഇത് ഭൂരിപക്ഷ സമുദായത്തില്‍  മുസ്‌ലിംവിരുദ്ധ മനഃസ്ഥിതി ദേശീയാടിസ്ഥാനത്തില്‍  തന്നെ ശക്തിയാര്‍ജിക്കാന്‍ ഇടയാക്കി.  ഇതില്‍നിന്ന് ഏറ്റവും കൂടുതല്‍ മുതലെടുത്തതും സംഘ്പരിവാര്‍  ശക്തികള്‍ തന്നെ.

യഥാര്‍ഥത്തില്‍  ഭീകര ബോംബ്‌സ്‌ഫോടനങ്ങള്‍ നടത്തിയ അവര്‍ക്കാകട്ടെ, 'ദേശവിരുദ്ധരായ മുസ്‌ലിം ഭീകരര്‍ക്കെതിരെ' പോരാടുന്ന  ദേശസ്‌നേഹികളുടെ പ്രതിഛായയും  നല്‍കി.   കോണ്‍ഗ്രസ്സാവട്ടെ  അധികാരവും അന്വേഷണ  ഏജന്‍സികളും എല്ലാം കൈയിലുണ്ടായിരിക്കെ സംഘ്പരിവാര്‍  ശക്തികളുടെ തനിനിറം പൊതുജനത്തിനു മുമ്പില്‍ തുറന്നു കാണിക്കാനുള്ള അവസരം കളഞ്ഞുകുളിച്ച് സ്വയംതന്നെ ചീഞ്ഞ്, സംഘ്പരിവാര്‍  ശക്തികള്‍ക്ക് വളമായിത്തീര്‍ന്നു. ഇതിനെല്ലാം പുറമെ   കോണ്‍ഗ്രസ്  ഭരണത്തിനുകീഴില്‍ സര്‍വ മേഖലകളിലും കൊടികുത്തിവാണ അഴിമതി മെഗാ  ലെവലില്‍നിന്ന് ജിഗാ ലെവലിലേക്കു വളര്‍ന്നു. ദേശീയതലത്തിലെ പ്രധാന പ്രതിപക്ഷ കക്ഷിയെന്ന നിലയില്‍ ഇതും ബി.ജെ.പിക്ക്  കേന്ദ്രത്തില്‍ മൃഗീയ ഭൂരിപക്ഷം ലഭിക്കുന്നതിനും കോണ്‍ഗ്രസിനു പ്രധാന പ്രതിപക്ഷ സ്ഥാനംപോലും ലഭിക്കാത്ത സാഹചര്യം സൃഷ്ടിക്കുന്നതിനും കാരണമായി. അഥവാ കോണ്‍ഗ്രസിനെ നശിപ്പിച്ചത് കോണ്‍ഗ്രസിനുള്ളിലുണ്ടായിരുന്ന   സംഘ്പരിവാര്‍ പ്രോക്‌സികളായിരുന്നു.  

 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-24 / അന്നൂര്‍ / 31
എ.വൈ.ആര്‍