റമദാന്‍ വിളിക്കുന്നു
റമദാന്‍ സമാഗതമായി. ആത്മീയതയുടെ നിറവ് ഹൃത്തിലും കര്‍മത്തിലും പുതുജീവന്‍ നല്‍കുന്ന കാലം. പാപത്തിന്റെ പടം പൊഴിച്ച്, ജീര്‍ണതകളെ കരിച്ചുകളഞ്ഞ് പുതിയ മനുഷ്യന്റെ ഉദയം-അതിനാണ് റമദാന്‍. വെന്തുരുകുന്ന മനസ്സിലേക്ക് കുളിരു പെയ്യുന്ന പെരുമഴക്കാലമാണ് റമദാന്‍. ആത്മീയതയാണ് അതിന്റെ ഊടും പാവും. അല്ലാഹുവുമായുള്ള ആത്മബന്ധമാണ് അതിന്റെ അകവും പൊരുളും. ധ്യാനാത്മകതയുടെ സമ്പൂര്‍ണതയാണ് നോമ്പില്‍ സമ്മേളിച്ചിരിക്കുന്നത്. അല്ലാഹു ഒന്നാം ആകാശത്തേക്കിറങ്ങിവരുന്നു, മാലാഖമാര്‍ ചിറക് വിടര്‍ത്തിപ്പറക്കുന്നു, നോമ്പുകാരന്റെ വായ കസ്തൂരി ഗന്ധത്താല്‍ നിറയുന്നു, പിശാചുക്കള്‍ ചങ്ങലക്കിടപ്പെടുന്നു- ഇത്രമേല്‍ ചാരുതയോടെ ഒരു മാസത്തെയും പ്രവാചകന്‍ വര്‍ണിച്ചിട്ടില്ല.
താന്‍ അല്ലാഹുവിനെ കാണുന്നില്ലെങ്കിലും അല്ലാഹു തന്നെ കാണുന്നുവെന്ന ബോധ്യത്തോടെ ജീവിക്കുമ്പോഴാണ് വിശ്വാസി പൂര്‍ണത കൈവരിക്കുന്നത്. അല്ലാഹുവോടൊത്തുള്ള ഈ വാസത്തിന്റെ പരമകാഷ്ഠയാണ് റമദാനിലെ ഉപവാസം. ഒരാണ്ടില്‍ തുടര്‍ച്ചയായി മുപ്പത് ദിനരാത്രങ്ങള്‍ നീളുന്ന ധ്യാനാത്മക ജീവിതത്തിലേക്കാണ് റമദാന്‍ നമ്മെ വിളിക്കുന്നത്. സഹോദരങ്ങളേ, ആ വിളിക്ക് ഉത്തരം നല്‍കുന്നതില്‍, നമുക്കെന്താണോ തടസ്സമാകുന്നത്, അതങ്ങ് തട്ടിമാറ്റുക. ഈ അനര്‍ഘ നിമിഷങ്ങളെ ഉപയോഗിച്ചില്ലെങ്കില്‍ പിന്നെന്ത്?
കാരുണ്യമാണ് റമദാനിന്റെ തുടക്ക ദിനങ്ങള്‍. നീട്ടുന്ന കൈകള്‍ക്കുള്ള കേവല ദാനമല്ല കാരുണ്യം. തനിക്കു ലഭിച്ച മഹാ അനുഗ്രഹങ്ങളുടെ ദാതാവിന്റെ കാരുണ്യത്തെ തിരിച്ചറിഞ്ഞ്, സഹജീവികളിലേക്കുള്ള വികാര വായ്പിന്റെ ഒഴുക്കാണ് കാരുണ്യം. അതിന് വിവേചനങ്ങളില്ല. അതിര്‍വരമ്പുകളുണ്ടാവരുത്. ഭൂമിയിലുള്ള എന്തിനോടുമുള്ള കാരുണ്യം. 'ഭൂമിയിലുള്ളവരോട് നിങ്ങള്‍ കരുണ കാണിക്കുക, ആകാശത്തുള്ളവന്‍ നിങ്ങളോട് കരുണ കാണിക്കും.'
പാപമോചനമാണ് റമദാനിന്റെ മധ്യ ദിനങ്ങള്‍. പാപങ്ങളുടെ വേലിയേറ്റങ്ങള്‍ നമ്മുടെ ആത്മവിശുദ്ധിയെ റാഞ്ചിയെടുത്തിട്ടുണ്ട്. തൗബ കൊണ്ടതിനെ തിരിച്ചു പിടിക്കുക. ഇസ്തിഗ്ഫാര്‍ കൊണ്ടതിന് ഭിത്തി പണിയുക. പക്ഷേ അവ ദുര്‍ബലമായ അധര വ്യായാമങ്ങളാവരുത്. പശ്ചാത്താപത്തിന്റെ ചൂടില്‍ നമ്മുടെ ഹൃദയങ്ങള്‍ വെന്തുരുകട്ടെ, കണ്ണീര്‍തുള്ളികള്‍ നമ്മുടെ മുസ്വല്ലകളെ നനക്കട്ടെ. പാപഭാരത്തെ കുറിച്ചോര്‍ത്ത്, നന്ദി കേടിനെ കുറിച്ചാകുലപ്പെട്ട് ഒരിറ്റു കണ്ണീര്‍ പൊഴിക്കാന്‍ ഈ റമദാനില്‍ നമുക്കാവില്ലെങ്കില്‍ നമ്മുടെ ഇഫ്ത്വാറുകള്‍ക്കെന്ത് സൗന്ദര്യം! കറകള്‍ തിരിച്ചറിയുക എന്നതാണ് പശ്ചാത്താപത്തിന്റെ ഒന്നാംഘട്ടം. പരിഹാര നടപടികള്‍ സ്വീകരിച്ച് ഇനി ആ വഴിക്കില്ലെന്നുള്ള ദൃഢനിശ്ചയമാണ് തുടര്‍ന്നുണ്ടാവേണ്ടത്.
നരകവിമുക്തിയാണ് റമദാനിന്റെ അന്ത്യദിനങ്ങള്‍. സ്വര്‍ഗം ലഭിക്കണമെന്നും നരകത്തില്‍നിന്ന് മോചനം സാധ്യമാകണമെന്നുമുള്ള തീവ്രാഭിലാഷമാണല്ലോ വിശ്വാസിയെ നിരന്തരം പ്രചോദിപ്പിച്ചുകൊണ്ടണ്ടിരിക്കുന്നത്. ആ സ്വപ്ന സാക്ഷാല്‍ക്കാരത്തിനുള്ള ധന്യനിമിഷങ്ങളാണ് മുന്നില്‍ വന്നുനില്‍ക്കുന്നത്. ഓരോ രാത്രിയിലും നരക വിമുക്തി ലഭിക്കുന്ന ലക്ഷങ്ങളില്‍ ഒരാളായി ഞാനുണ്ടാകുമെന്നുറപ്പുവരുത്തുക.
ഖുര്‍ആനിന്റെ മാസമാണ് റമദാന്‍. നമ്മുടെ വഴികാട്ടിയാണ് ഖുര്‍ആന്‍. പ്രവാചകന്‍ മുഹമ്മദ് നബി(സ)യിലൂടെ അല്ലാഹു കനിഞ്ഞനുഗ്രഹിച്ച നേര്‍വഴി. റമദാനില്‍ പ്രപഞ്ചനാഥന്റെ വാക്കുകള്‍ക്ക് നാം കൂടുതല്‍ ശ്രദ്ധ നല്‍കുക. അതിന്റെ ആഴങ്ങളിലേക്ക് ഓരോരുത്തരും കഴിവിന്റെ പരമാവധി ഊളിയിടുക. ജീവിതത്തെ കരുത്തുറ്റതാക്കുന്ന സന്ദേശങ്ങള്‍ അതില്‍നിന്നും വീണ്ടും വീണ്ടും നമുക്ക് കണ്ടെത്താനാവും. അങ്ങനെ അല്ലാഹുവിനെ അടുത്തറിയാനും സാധിക്കും. കേവല പാരായണമായി അതൊതുങ്ങരുത് എന്നുകൂടി ഓര്‍മിപ്പിക്കട്ടെ. ഖുര്‍ആന്‍ മുഴുവന്‍ മനുഷ്യര്‍ക്കും വേണ്ടിയാണ് അവതരിച്ചത്. ഖുര്‍ആനിന്റെ സന്ദേശം മറ്റുള്ളവര്‍ക്കും എത്തുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ റമദാനില്‍ നമുക്കാവണം.
വിശുദ്ധ പോരാട്ടങ്ങളുടെ തുടക്കവും വിജയ പ്രഖ്യാപനവും റമദാനിലായിരുന്നു; ബദ്‌റും മക്കാ വിജയവും. പോരാട്ടവീര്യം പകര്‍ന്നുനല്‍കാത്ത റമദാന്‍ നമുക്കചിന്ത്യമാണ്. ആത്മീയ വസന്തത്തിന്റെ മധ്യത്തില്‍ തന്നെ ഒരു യുദ്ധം ഉണ്ടാവട്ടേയെന്നത് അല്ലാഹുവിന്റെ നിശ്ചയമാണല്ലോ. ധ്യാനാത്മകതയെയും നന്മയെയും സമൂഹത്തിന്റെ അതിജീവനത്തെയും ഇവിടെ കണ്ണിചേര്‍ത്തിരിക്കുന്നു. അതുകൊണ്ട് നന്മക്കായുള്ള പോരാട്ടങ്ങള്‍ക്ക് കരുത്തു പകരാന്‍ റമദാന്‍ നമ്മെ സഹായിക്കണം. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ദീനിനു വേണ്ടി പോരടിക്കുന്ന സഹോദരങ്ങളോട് ഐക്യപ്പെടാന്‍, അവര്‍ക്കുവേണ്ടി നാഥനോട് സഹായം തേടാന്‍ റമദാനില്‍ നാം ശ്രദ്ധിക്കണം. ദിവസങ്ങള്‍ക്കു മുമ്പാണ് ബംഗ്ലാദേശിലെ ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ സാരഥികളിലൊരാളായ മുത്വീഉര്‍റഹ്മാന്‍ നിസാമിയെ ഭരണകൂടം തൂക്കിലേറ്റിയത്. ആ നിരയിലെ ഒരാള്‍ കൂടി. അവര്‍ എത്ര ഭാഗ്യവാന്മാര്‍. ഈജിപ്തിലും സിറിയയിലുമൊന്നും ഭിന്നമല്ല സാഹചര്യങ്ങള്‍. ഇവയെ തിരിച്ചടിയായിട്ടല്ല നാം മനസ്സിലാക്കുന്നത്. നിശ്ചയമായും വരാനിരിക്കുന്ന വിജയത്തിന്റെ ശുഭസൂചനകളാണവ. ഹിംസാത്മകത വാഴുന്ന ഇക്കാലത്ത് ദൈവിക ദര്‍ശനം മുന്നോട്ടുവെക്കുന്ന ചുറ്റുപാടിനെ കൂടിയാണ് റമദാന്‍ ഓര്‍മിപ്പിക്കുന്നത്. ഇസ്‌ലാമിക കൂട്ടായ്മകള്‍ക്ക് സംഭവിച്ചേക്കാവുന്ന പോരായ്മകളെയും പുഴുക്കുത്തുകളെയും അറിഞ്ഞു ചികിത്സിക്കാനും റമദാനില്‍ നമുക്കാവണം.
അങ്ങനെ വ്യക്തി, കുടുംബ, സാമൂഹിക, സംഘടനാ ജീവിതത്തെയും ക്രയവിക്രയങ്ങളെയും ആത്മപരിശോധനക്ക് വിധേയമാക്കി, ന്യൂനതകള്‍ പരിഹരിച്ച് പുതിയ കാലത്തിന്റെ പിറവിക്കായി നാം കണ്ണുനട്ടിരിക്കുക, പൊരുതുക-അകത്തും പുറത്തും. ഉമര്‍ (റ): ''നിങ്ങള്‍ ആത്മവിചാരണ ചെയ്യുക, നിങ്ങള്‍ വിചാരണ ചെയ്യപ്പെടുന്നതിനു മുമ്പേ. കര്‍മങ്ങളെ സ്വയം തൂക്കിനോക്കുക, തൂക്കി കണക്കാക്കപ്പെടും മുമ്പേ. തീര്‍ച്ചയായും ഇന്ന് നിങ്ങള്‍ ചെയ്യുന്ന ആത്മ വിചാരണ നാളെയുടെ കണക്കെടുപ്പിനെ എളുപ്പമാക്കും.''
Comments