കെ.സി ഉണ്ണിമോയി
പി.പി അബ്ദുര്‍റഹ്മാന്‍ , കൊടിയത്തൂര്‍
കൊടിയത്തൂര്‍ കാരക്കുറ്റി പ്രാദേശിക ജമാഅത്തിലെ സജീവ പ്രവര്‍ത്തകനായിരുന്നു കൊടപ്പന ചാലക്കല്‍ ഉണ്ണിമോയി. മസ്ജിദുന്നൂര്‍, അല്‍ മദ്‌റസത്തുല്‍ ഇസ്‌ലാമിയ എന്നിവ സ്ഥാപിക്കുന്നതില്‍ നേതൃപരമായ പങ്കുവഹിച്ച അദ്ദേഹം മരിക്കുമ്പോള്‍ കമ്മിറ്റി സെക്രട്ടറിയായി പ്രവര്‍ത്തിക്കുകയായിരുന്നു.
അശരണരെ സഹായിക്കുന്നതില്‍ അതീവ താല്‍പര്യം പ്രകടിപ്പിച്ചിരുന്ന അദ്ദേഹം തൊട്ടടുത്ത കോളനിവാസികളുടെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിച്ചു. എല്ലാവരോടും സൗഹാര്‍ദം പുലര്‍ത്തിയിരുന്ന ഉണ്ണിമോയിക്ക് ജാതി-മതഭേദമില്ലാത്ത സുഹൃദ് വലയമുണ്ടായിരുന്നു.
സഞ്ചാരപ്രിയനും ചരിത്രകുതുകിയുമായിരുന്ന അദ്ദേഹം പല സഞ്ചാരക്കൂട്ടായ്മകളിലുമുണ്ടായിരുന്നു. ഉത്തരേന്ത്യയിലും നേപ്പാളിലും സഞ്ചരിച്ച് തിരിച്ചുവന്ന ശേഷം അവിടങ്ങളിലെ ഗ്രാമീണ ജീവിതത്തിന്റെ ദൈന്യത അദ്ദേഹം പങ്കുവെച്ചത് ഓര്‍ക്കുന്നു. ഭൂകമ്പശേഷം നേപ്പാള്‍ ഗ്രാമങ്ങളിലുണ്ടായിരുന്ന, കിലോമീറ്ററുകള്‍ പരന്നുകിടക്കുന്ന കൃഷിഭൂമിയുടെ നാശമാണ് നഗരങ്ങളിലെ പുരാതന കെട്ടിടങ്ങള്‍ക്കുണ്ടായ നാശനഷ്ടത്തേക്കാള്‍ ദുരിതപൂര്‍ണമെന്നും അവരെ സഹായിക്കാന്‍ റമദാന്‍ മാസം പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. അത് സഫലീകരിക്കാന്‍ കഴിയാതെ അദ്ദേഹം യാത്രയായി.
മൊയ്തീന്‍ കോയ
ബഹ്‌റൈനിലെ ആദ്യകാല പ്രവാസി ഇസ്‌ലാമിക പ്രവര്‍ത്തകരുടെ പ്രിയപ്പെട്ട 'റെഡിമെയ്ഡ് കോയ' എന്നറിയപ്പെട്ടിരുന്ന മുക്കാളിയില്‍ മൊയ്തീന്‍ കോയ സാഹിബ് അല്ലാഹുവിങ്കലേക്ക് യാത്രയായി. കുറഞ്ഞ പ്രവര്‍ത്തകര്‍ മാത്രമുണ്ടായിരുന്ന അക്കാലത്ത് കോയ സാഹിബ് ചുറുചുറുക്കുള്ള സംഘാടകനായി പ്രവാസി പ്രസ്ഥാന പ്രവര്‍ത്തന രംഗത്ത് നിറഞ്ഞുനിന്നു.
മനാമയിലും മുഹര്‍റഖിലും താമസിച്ചിരുന്ന മലയാളികള്‍ക്കിടയില്‍ ബഹ്‌റൈന്‍ ഇസ്‌ലാമിക് സെന്റര്‍ എന്ന പേരില്‍ കെ.കെ.എസ് തങ്ങളുടെ നേതൃത്വത്തില്‍ പ്രസ്ഥാന പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുമ്പോഴാണ് കോയ സാഹിബ് അവിടെയെത്തുന്നത്. മനാമയിലെ മസ്ജിദ് യമാനിയില്‍ വെള്ളിയാഴ്ചകളില്‍ അസ്വ്ര്‍ നമസ്‌കാരാനന്തരം നടന്നിരുന്ന ഖുര്‍ആന്‍ ക്ലാസിലേക്ക് ശ്രോതാക്കളെ എത്തിക്കാന്‍ അദ്ദേഹത്തിന് വലിയ ആവേശമായിരുന്നു.
മനാമയുടെ ഹൃദയഭാഗത്ത് അദ്ദേഹം ജോലി ചെയ്തിരുന്ന റെഡിമെയ്ഡ് ഷോപ്പ് പ്രവര്‍ത്തകരുടെ സംഗമകേന്ദ്രമായിരുന്നു. വാരികയും മാസികയുമായി പ്രബോധനം പ്രസിദ്ധീകരിക്കപ്പെട്ടിരുന്ന അക്കാലത്ത് പുതിയ വായനക്കാരെ കണ്ടെത്താനും വിതരണം ചെയ്യാനും അദ്ദേഹം മുന്നില്‍നിന്നു. നാലു പതിറ്റാണ്ടുകള്‍ക്കു ശേഷവും അദ്ദേഹത്തിന്റെ അന്നത്തെ ചടുലമായ പ്രവര്‍ത്തനങ്ങള്‍ ഓര്‍മയില്‍ പച്ചപിടിച്ചുനില്‍ക്കുന്നു.
കെ. ആലിഹസന്‍ തിരൂര്‍
പുറായില്‍ അബു മാസ്റ്റര്‍
ജമാഅത്തെ ഇസ്‌ലാമി കുന്ദമംഗലം പ്രാദേശിക ജമാഅത്ത് അംഗമായിരുന്നു പുറായില്‍ അബു മാസ്റ്റര്‍ (78). കുരുവട്ടൂര്‍ പഞ്ചായത്തിലെ പൊയില്‍താഴത്താണ് താമസമെങ്കിലും അദ്ദേഹത്തിന്റെ പ്രവര്‍ത്തന മേഖല കുന്ദമംഗലമായിരുന്നു.
നാട്ടിലെ പൊതുസമ്മതനായ വ്യക്തിത്വമായിരുന്നു. ലാളിത്യവും പെരുമാറ്റത്തിലെ സ്‌നേഹമസൃണതയും അദ്ദേഹത്തെ വ്യതിരിക്തനാക്കി. കാരന്തൂര്‍ എ.എല്‍.പി സ്‌കൂളിലെ അധ്യാപകനും പ്രധാനാധ്യാപകനുമായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. മുക്കടംകാട് ഹിദായത്തുസ്സ്വിബ്‌യാന്‍ സുന്നി മദ്‌റസയുടെ സെക്രട്ടറിയുമായിരുന്നു. ഒട്ടേറെ ശിഷ്യഗണങ്ങളുള്ള മാതൃകാധ്യാപകനായിരുന്നു അദ്ദേഹം. വായനയെ ഏറെ സ്‌നേഹിച്ചു. നല്ല കര്‍ഷകന്‍ കൂടിയായിരുന്ന അദ്ദേഹം വീട്ടില്‍ നട്ടുവളര്‍ത്തിയ തൈകള്‍ കൃഷിതല്‍പരരായ ആളുകള്‍ക്ക് സൗജന്യമായി നല്‍കുമായിരുന്നു.
ഭാര്യ: കുഞ്ഞീവി. മക്കള്‍: ജമാലുദ്ദീന്‍, അബ്ദുല്‍ ഗഫൂര്‍, അബ്ദുല്ലത്വീഫ്, അബ്ദുസ്സലീം, ഫാത്വിമത്ത് സുഹ്‌റ, ബുശ്‌റ, പരേതനായ ബശീര്‍.
ലത്വീഫ് പൊയില്‍താഴം
പി.പി അബൂബക്കര്‍
പച്ചാട്ടിരിയിലെ പി.പി അബൂബക്കര്‍ തിരൂരിലെ ആദ്യകാല ജമാഅത്ത് പ്രവര്‍ത്തകനും അംഗവുമായിരുന്നു. ജോലിയാവശ്യാര്‍ഥം ബോംബെയിലായിരുന്നപ്പോഴാണ് പ്രസ്ഥാനത്തില്‍ ആകൃഷ്ടനായത്. പിന്നീട് നാട്ടില്‍ തിരിച്ചെത്തി സംഘടനാ പ്രവര്‍ത്തനത്തില്‍ വ്യാപൃതനായി. പറവണ്ണ പ്രാദേശിക ജമാഅത്ത് അംഗമായിരുന്നു. പച്ചാട്ടിരി മസ്ജിദുല്‍ ഹുദാ പ്രസിഡന്റ്, ഇസ്‌ലാമിക് കള്‍ച്ചറല്‍ ട്രസ്റ്റ് ചെയര്‍മാന്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. വിദ്യാനഗര്‍, പച്ചാട്ടിരി, പരിയാപുരം ഭാഗങ്ങളില്‍ ഹല്‍ഖകള്‍ രൂപീകരിക്കുന്നതിന് മുന്നിട്ടിറങ്ങി. വിദ്യാനഗറില്‍ പ്രസ്ഥാന മേല്‍നോട്ടത്തില്‍ പള്ളിയും സ്ഥാപനവും ഉണ്ടാക്കുന്നതില്‍ പങ്കു വഹിച്ചു. വിദ്യാനഗര്‍ ദഅ്‌വത്തുല്‍ ഇസ്‌ലാം ട്രസ്റ്റ് സ്ഥാപകാംഗമായിരുന്നു. ഹാജി സാഹിബിന്റെ ജ്യേഷ്ഠന്റെ മകള്‍ വി.പി ആഇശയെയാണ് അബൂബക്കര്‍ സാഹിബ് വിവാഹം ചെയ്തത്. സഹപ്രവര്‍ത്തകര്‍ അദ്ദേഹത്തിന് കാരണവരുടെ സ്ഥാനമാണ് നല്‍കിയിരുന്നത്. പ്രസ്ഥാന പ്രവര്‍ത്തകരുടെ വീഴ്ചകള്‍ ചൂണ്ടിക്കാണിക്കുകയും തിരുത്താനാവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യുമായിരുന്നു. സാമ്പത്തിക ഇടപാടിലെ കൃത്യത മാതൃകാപരമായിരുന്നു.
പി.പി സലിം പറവണ്ണ
എം.കെ അബ്ദുസ്സമദ് മൗലവി
അമ്പതു വര്‍ഷം തുടര്‍ച്ചയായി കീഴുപറമ്പ് ചുരോട്ട് മഹല്ല് ഖാദിയും ഖത്വീബുമായിരുന്നു എം.കെ അബ്ദുസ്സമദ് മൗലവി (78). പണ്ഡിതനും അറബി വ്യാകരണ ഗ്രന്ഥങ്ങളുടെ കര്‍ത്താവുമായിരുന്ന കുഞ്ഞാമുട്ടി മൗലവിയായിരുന്നു പിതാവ്. തിരൂരങ്ങാടി യതീംഖാന, പുളിക്കല്‍ മദീനത്തുല്‍ ഉലൂം എന്നീ സ്ഥാപനങ്ങളിലാണ് പഠനം പൂര്‍ത്തിയാക്കിയത്. പുതുനഗരം, മാങ്കടവ്, കീഴുപറമ്പ് എന്നിവിടങ്ങളിലെ ഗവണ്‍മെന്റ് പ്രാഥമിക വിദ്യാലയങ്ങളില്‍ അധ്യാപകനായി ജോലിചെയ്തു.
ഇസ്‌ലാഹി പശ്ചാത്തലമുള്ള കുടുംബമായിരുന്നു അബ്ദുസ്സമദ് മൗലവിയുടേത്. പഠിക്കുന്ന കാലത്തുതന്നെ അദ്ദേഹം ഇസ്‌ലാമിക പ്രസ്ഥാനത്തിലേക്ക് ആകൃഷ്ടനായി. കെ.പി.കെ അഹ്മദ് മൗലവിയോടൊപ്പം മഹല്ല് സംസ്‌കരണത്തിനും വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കി. സാമൂഹിക തിന്മകള്‍ തടയാന്‍ എല്ലാ വിഭാഗം മഹല്ലുകളെയും ഒരുമിച്ചുചേര്‍ത്തുകൊണ്ട്, ഒരുപക്ഷേ കേരളത്തില്‍തന്നെ ആദ്യമായി രൂപംകൊണ്ട സംയുക്ത മഹല്ല് കമ്മിറ്റി പ്രസിഡന്റായും അദ്ദേഹം സേവനമനുഷ്ഠിച്ചു. ജമാഅത്തെ ഇസ്‌ലാമി അംഗവുമായിരുന്ന അദ്ദേഹം ക്രസന്റ് ഇസ്‌ലാമിക് ട്രസ്റ്റ് ചെയര്‍മാന്‍, അല്‍ മദ്‌റസത്തുല്‍ ഇസ്‌ലാമിയ്യ കമ്മിറ്റി പ്രസിഡന്റ് എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.
ജീവിത വിശുദ്ധി, ആത്മാര്‍ഥത, സഹനശക്തി, ഉദാരത, വിനയം, സൗഹൃദ മനോഭാവം തുടങ്ങിയവ അബ്ദുസ്സമദ് മൗലവിയുടെ സഹജ ഗുണങ്ങളായിരുന്നു. വലുപ്പച്ചെറുപ്പം പരിഗണിക്കാതെ ആരുടെ കൂടെയും സേവനപ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം ഇറങ്ങിത്തിരിക്കുമായിരുന്നു. രോഗങ്ങള്‍ പ്രയാസപ്പെടുത്തുമ്പോഴും സേവന പ്രവര്‍ത്തനങ്ങളിലും പൊതു-പ്രാസ്ഥാനിക പരിപാടികളിലും സാന്നിധ്യമറിയിച്ചു. നാട്ടുകാര്‍ക്കും കുടുംബക്കാര്‍ക്കും പ്രസ്ഥാന ബന്ധുക്കള്‍ക്കും പ്രിയങ്കരനായ സമദ് മൗലവിക്ക് ധാരാളം ശിഷ്യഗണങ്ങളുണ്ട്.
എം.കെ മൂസ മൗലവി, കീഴുപറമ്പ്
Comments