Prabodhanm Weekly

Pages

Search

2016 ജൂണ്‍ 03

2954

1437 ശഅ്ബാന്‍ 27

വ്യക്തിത്വ വികാസത്തെക്കുറിച്ചൊരു വേറിട്ട പുസ്തകം

നജ്മുസ്സമാന്‍

വ്യക്തിത്വ വികാസവുമായി ബന്ധപ്പെട്ടവയാണ് ഇന്ന് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന പുസ്തകങ്ങള്‍. പുതിയ പുസ്തകങ്ങള്‍ ഈ വിഷയകമായി അനുദിനം പ്രസിദ്ധീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. എന്നാല്‍, അവ കൈകാര്യം ചെയ്യുന്ന വിഷയങ്ങള്‍ ഏറക്കുറെ ഒന്നുതന്നെയാണ്. അവ വ്യക്തിയുടെ ഭൗതിക വളര്‍ച്ചയെ മാത്രം ലക്ഷ്യംവെക്കുന്നു എന്നതാണ് മറ്റൊരു പരിമിതി. മനുഷ്യന്റെ ആധ്യാത്മികവും ധാര്‍മികവുമായ വശങ്ങള്‍ അവ പൊതുവെ അവഗണിക്കുന്നു. പ്രയോജനവാദമാണ് വ്യക്തിത്വ വികാസവുമായി ബന്ധപ്പെട്ട ഗ്രന്ഥങ്ങളുടെ ദാര്‍ശനികാടിത്തറ. 

മറുഭാഗത്ത് മനുഷ്യന്റെ ധാര്‍മികവും ആധ്യാത്മികവുമായ ശിക്ഷണം ലക്ഷ്യമാക്കുന്ന ധര്‍മമീമാംസാ ഗ്രന്ഥങ്ങളും ധാരാളമായി പ്രസിദ്ധീകരിക്കപ്പെടുന്നുണ്ട്. അവയുടെ ലക്ഷ്യവും മനുഷ്യന്റെ വ്യക്തിത്വവികാസം തന്നെയാണ്. എന്നാല്‍, ഈ ഗ്രന്ഥങ്ങളുടെ പരിമിതി വ്യക്തിത്വ വികാസവുമായി ബന്ധപ്പെട്ട് പുതുതായി വികസിച്ചു വന്ന/വരുന്ന മനശ്ശാസ്ത്രത്തിന്റെയും മാനേജ്‌മെന്റ് രീതിശാസ്ത്രത്തിന്റെയും സങ്കേതങ്ങളെ പ്രയോജനപ്പെടുത്താതെയുള്ള അവതരണ ശൈലിയാണ്. അതുകൊണ്ടുതന്നെ മൂല്യവത്തായ അനേകം ചര്‍ച്ചകള്‍ ഉള്ളടങ്ങിയിട്ടും ഈ ഗ്രന്ഥങ്ങള്‍ പുതിയ തലമുറയെ വേണ്ട രീതിയില്‍ ആകര്‍ഷിക്കുന്നില്ല. ഈ പശ്ചാത്തലത്തിലാണ് ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസ് പുറത്തിറക്കിയ 'നമുക്കും വിജയിക്കേണ്ടേ' എന്ന കൃതി പ്രസക്തമാകുന്നത്.

വ്യക്തിത്വ വികാസത്തിന്റെ ആധ്യാത്മികവും ഭൗതികവുമായ തലങ്ങളെ ഇസ്‌ലാമിക പരിപ്രേക്ഷ്യത്തില്‍നിന്ന് ആധുനിക മനശ്ശാസ്ത്രത്തിന്റെയും മാനേജ്‌മെന്റ് പഠനങ്ങളുടെയും സങ്കേതങ്ങളിലൂടെ മനോഹരമായി അവതരിപ്പിക്കുന്ന ഗ്രന്ഥമാണിത്. സമൂഹത്തിന്റെ വ്യത്യസ്ത തുറകളില്‍ പ്രവര്‍ത്തിക്കുന്ന ഏതൊരാള്‍ക്കും പഠിക്കാനും ഉള്‍ക്കൊള്ളാനും സാധിക്കുംവിധം ലളിതമായ ഭാഷയാണ് ഈ ഗ്രന്ഥത്തിന്റെ പ്രത്യേകത. പാകിസ്താനിലെ പ്രശസ്ത മാനേജ്‌മെന്റ് വിദഗ്ധനായ ഡോ. ബശീര്‍ ജുംഅ രചിച്ച ഈ പുസ്തകം ലളിത മലയാളത്തിലേക്ക് ഭാഷാന്തരം ചെയ്തിരിക്കുന്നത് കെ.ടി ഹുസൈനാണ്. 

ഏതൊരു ആധുനിക വിജ്ഞാനീയവും ആത്മീയ വശങ്ങളെ അരികുവത്കരിച്ച് അവതരിപ്പിക്കുമ്പോള്‍ അതിലൂടെ രൂപപ്പെടുന്ന വ്യക്തിത്വം അപൂര്‍ണമായിരിക്കും. ഈ പരിമിതിയുള്ളതോടൊപ്പംതന്നെ, അത്തരം വിജ്ഞാനീയങ്ങളിലൂടെ വ്യക്തിത്വവികാസത്തെ സഹായിക്കുന്ന ഗ്രന്ഥങ്ങള്‍ക്ക് യാതൊരു പ്രയോജനവുമില്ല എന്നും പറയാനാവില്ല. അതിനെ പൂര്‍ണമായി അവഗണിക്കുന്നത് അങ്ങേയറ്റം ബുദ്ധിമോശമാണ്. നിരവധിയാളുകളുടെ ജീവിതം മാറ്റിപ്പണിത ആധ്യാത്മിക ഗ്രന്ഥങ്ങളുടെ അവസ്ഥയും ഇതുതന്നെ. അവയുടെ പ്രയോജനം ആര്‍ക്കാണ് നിഷേധിക്കാനാവുക? വ്യക്തിത്വത്തിന് ആധ്യാത്മികവും ഭൗതികവുമായ രണ്ട് തലങ്ങളുണ്ടെന്നും അവയുടെ സന്തുലിതമായ വളര്‍ച്ചയിലൂടെ മാത്രമേ യഥാര്‍ഥ ജീവിതവിജയം നേടാനാകൂ എന്നുമുള്ള തിരിച്ചറിവാണ് ഇത്തരം ഗ്രന്ഥങ്ങള്‍ക്ക് ഒന്നാമതായി ഉണ്ടാകേണ്ടത്. ഈ തിരിച്ചറിവില്‍നിന്നുകൊണ്ട് മനശ്ശാസ്ത്രത്തിന്റെയും മാനേജ്‌മെന്റ് സയന്‍സിന്റെയും സങ്കേതങ്ങളിലൂടെ വ്യക്തിത്വ വികാസത്തെ സമീപിച്ചാല്‍ ഫലം അത്ഭുതകരമായിരിക്കും.

ടൈം മാനേജ്‌മെന്റ്, വ്യക്തിഗത ആസൂത്രണം, കരിയര്‍ പ്ലാനിംഗ്, ആകര്‍ഷക വ്യക്തിത്വം, അതിന്റെ സവിശേഷതകള്‍, നേതൃഗുണം, ഓഫീസ് ജീവിതം, സംഭാഷണ കല, വ്യക്തിത്വ വികാസവും പ്രാര്‍ഥനയും തുടങ്ങിയ ഏതാണ്ടെല്ലാ വിഷയങ്ങളും ഈ ഗ്രന്ഥം കൈകാര്യം ചെയ്യുന്നുണ്ട്. വ്യക്തിയുടെ വളര്‍ച്ചയിലും ജീവിത വിജയത്തിലും വളരെ പ്രാധാന്യമുള്ളതാണ് സമയബോധം. സമയം വേണ്ടവിധം പ്രയോജനപ്പെടുത്താത്ത ആര്‍ക്കും വിജയിക്കുക സാധ്യമല്ല. മറ്റൊരു സുപ്രധാന ഘടകമാണ് ആകര്‍ഷകമായ വ്യക്തിത്വം. ഈ ഗ്രന്ഥത്തില്‍ ഏറ്റവും കൂടുതല്‍ പേജുകള്‍ നീക്കിവെച്ചിട്ടുള്ളത് ഈ രണ്ട് വിഷയങ്ങള്‍ക്കായത് അതിനാല്‍ തന്നെ ഒട്ടും അസ്വാഭാവികമല്ല.

വ്യക്തിയുടെ ജീവിത വ്യവഹാര മണ്ഡലങ്ങള്‍ എത്ര വൈവിധ്യപൂര്‍ണമായിരുന്നാലും ആ മണ്ഡലങ്ങളിലെല്ലാം ഭൗതികമായി വിജയം കൊയ്താലും അവന്റെ യഥാര്‍ഥ വിജയം കുടികൊള്ളുന്നത് പ്രകൃതി മതത്തോടുള്ള അവന്റെ സമീപനത്തിലാണ് എന്ന സന്ദേശം നല്‍കുന്നു എന്നതാണ് ഇതര വ്യക്തിത്വ വികാസ കൃതികളില്‍നിന്ന് ഇതിനെ വ്യത്യസ്തമാക്കുന്നത്. 


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-24 / അന്നൂര്‍ / 31
എ.വൈ.ആര്‍