നമ്മള്‍ സൂക്ഷ്മതയുള്ളവരാവുക എന്നതാണ് നോമ്പിന്റെ ലക്ഷ്യം
നോമ്പനുഷ്ഠിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നതെന്താണ്? നാം നേരിട്ടു കണ്ടിട്ടില്ലാത്ത, എന്നാല്‍ ഉണ്ടെന്ന് നാം ഉറച്ചു വിശ്വസിക്കുന്ന പടച്ചതമ്പുരാന്റെ, എത്രയോ വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ഒരു കല്‍പന; ആ കല്‍പന എത്തിച്ചുതന്ന ആളെ നാം നേരിട്ട് കണ്ടിട്ടില്ല, അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരെയും നാം കണ്ടിട്ടില്ല. എന്നിട്ടും 1400-ലധികം വര്‍ഷം പഴക്കമുള്ള ആ കല്‍പന നാം അംഗീകരിച്ച് അനുഷ്ഠിക്കുന്നു. നമ്മുടെ വീട്ടില്‍ വെള്ളവും ഭക്ഷണവുമുണ്ട്. എന്നാല്‍ അതൊന്നും ഉപയോഗിക്കാതെ ആ കല്‍പന നാം ജീവിതത്തില്‍ നടപ്പിലാക്കുന്നു. എന്തൊരു സ്വാധീനമാണത്!
ഏതെങ്കിലും ഒരു കല്‍പന വരുമ്പോള്‍ അത് മറികടക്കാന്‍ എന്തുണ്ട് മാര്‍ഗം എന്ന് ചിന്തിക്കുകയും അത് മറികടക്കാന്‍ ഉപായങ്ങള്‍ സ്വീകരിക്കുകയും അങ്ങനെ ആ കല്‍പന നടപ്പിലാകാതെ പോവുകയും ചെയ്യുന്ന ഒരു ലോകത്ത് ജീവിക്കുന്ന നാം, റമദാന്‍ ആഗതമായാല്‍ നോമ്പനുഷ്ഠിക്കണം എന്ന കല്‍പന, കല്‍പിക്കുന്ന ആളുടെ സമ്മര്‍ദമില്ലാതെ, കല്‍പന നടപ്പിലാക്കാനുള്ള യാതൊരു വിധ സംവിധാനവുമില്ലാതെ അക്ഷരം പ്രതി അംഗീകരിച്ചു നടപ്പിലാക്കുന്നു.മറ്റാരുടെയും സമ്മര്‍ദമില്ല, നോമ്പനുഷ്ഠിക്കണം എന്നൊരു നിയമം നാട്ടിലില്ല, നോമ്പനുഷ്ഠിച്ചില്ലെങ്കില്‍ ശിക്ഷിക്കപ്പെടുകയില്ല. പക്ഷേ നാമൊക്കെ നോമ്പനുഷ്ഠിക്കുന്നു.... വല്ലാത്തൊരു സ്വാധീനമാണത്.
ഈ സ്വാധീനത്തിന്റെ ആന്തരാത്മാവ് കണ്ടെത്തുകയാണ് നോമ്പനുഷ്ഠിക്കുന്നതിലൂടെ നാം ചെയ്യേണ്ടത്. ഈ സ്വാധീനത്തിന്റെ, പ്രേരണയുടെ ആന്തരാത്മാവ് ആചാരമോ സമ്പ്രദായമോ മാമൂലോ അല്ല. മറിച്ച്, മഹോന്നതമായ ഒരു ലക്ഷ്യത്തിലേക്ക് നമ്മെ ആനയിക്കുക എന്നതാണ്. വ്രതം കേവലം ആചാരങ്ങളും ചടങ്ങുകളുമായി മാറിയാല്‍ ഈ കര്‍മം വഴി എവിടെയാണോ നാം എത്തേണ്ടത് അവിടെ നമുക്ക് എത്തിച്ചേരാന്‍ സാധിക്കുകയില്ല.
ജീവിതത്തിലുടനീളം സൂക്ഷ്മതയുള്ളവരായിത്തീരുക എന്നതാണ് വ്രതത്തിന്റെ ലക്ഷ്യം. ജീവിതത്തിലാണല്ലോ സൂക്ഷ്മത വേണ്ടത് (ജീവിതത്തില്‍ എന്ന് പറയുമ്പോള്‍ ജീവിക്കുമ്പോള്‍ ചെയ്യുന്ന കാര്യങ്ങള്‍, ആ കാര്യങ്ങളിലാണ് സൂക്ഷ്മത വേണ്ടത്). സമ്പാദിക്കുന്ന മേഖലയില്‍, പ്രത്യുല്‍പാദന മേഖലയില്‍... അങ്ങനെ ഒരു മനുഷ്യന്‍ ജീവിക്കുന്ന ഏത് മേഖലയിലായാലും അവിടെയൊക്കെയും സൂക്ഷ്മതയുണ്ടാകണം, തഖ്‌വ ഉണ്ടാകണം. അതാണ് നോമ്പിന്റെ ലക്ഷ്യം. ആ ലക്ഷ്യം നേടിയെടുക്കണമെങ്കില്‍ നോമ്പിന്റെ ആന്തരാത്മാവ് കണ്ടെത്താന്‍ നമുക്ക് സാധിക്കേണ്ടതുണ്ട്. വിശപ്പും ദാഹവും സഹിക്കുക എന്നതിനപ്പുറം അതല്ലാത്ത എന്തോ ഒന്ന്, നോമ്പിന്റെ ആന്തരാത്മാവ്, അത് കണ്ടെത്താനുള്ള ശ്രമമാണ് നടക്കേണ്ടത്.
നമുക്ക് ഖുര്‍ആന്‍ അവതീര്‍ണമായ മാസമായതിനാലാണ് റമദാന്‍ മാസം നോമ്പനുഷ്ഠിക്കാന്‍ നാം കല്‍പിക്കപ്പെട്ടത്. അല്ലാഹുവുമായി അധികമായി അടുക്കേണ്ടത് റമദാന്‍ മാസത്തിലാണ്. ഒരാള്‍ അല്ലാഹുവുമായി ഏറ്റവും അടുത്തു നില്‍ക്കുന്നത് സുജൂദിലാണ്. അതായത് അല്ലാഹുവുമായി അടുക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം നമസ്‌കാരമാണ് എന്നര്‍ഥം. ഇതൊക്കെ ആചാരമായി, സമ്പ്രദായമായി മാറിയാല്‍ നേടേണ്ടത് നേടാന്‍ കഴിയാതെ വരുന്നു. നേടേണ്ടതെന്തെന്നറിയാം. തഖ്‌വ എന്താണെന്നറിയാം. ഏത് കാര്യം ചെയ്യുമ്പോഴും വളരെ സൂക്ഷിച്ച്, ക്രമം തെറ്റാതെ, തൃപ്തിയോടെ അത് എന്തിനാണോ ചെയ്യുന്നത് അത് നേടിയെടുക്കാന്‍ പറ്റുന്ന രീതിയില്‍ ചെയ്യുക. ഇതാണ് തഖ്‌വ.
കൃത്രിമം കാണിക്കാതെ നല്ല സാധനങ്ങള്‍ ഉപയോഗിച്ച് ഭദ്രമായൊരു വീടുണ്ടാക്കുക, ഇതാണ് വീടുനിര്‍മാണത്തിലെ തഖ്‌വ. എത്ര വെള്ളമുണ്ടെങ്കിലും ആവശ്യത്തിനപ്പുറം ഉപയോഗിക്കാതിരിക്കുക; ഒഴുകിക്കൊണ്ടിരിക്കുന്ന നദിയില്‍നിന്ന് വുദൂ എടുക്കുമ്പോള്‍ പോലും ആവശ്യത്തിലേറെ ഉപയോഗിക്കാതിരിക്കുക - ഇതാണ് വെള്ളം ഉപയോഗിക്കുമ്പോഴുള്ള തഖ്‌വ. അതുപോലെ ജീവിതത്തിന്റെ ഏതേത് മേഖലകളിലായാലും അവിടെയൊക്കെ തഖ്‌വ വേണം. സൂക്ഷ്മത വേണം, ഒരു കച്ചവടക്കാരന്റെ സൂക്ഷ്മത എന്താണ്? നല്ല സാധനം കൊണ്ടുവരിക, നല്ല നിലയിലത് കൈകാര്യം ചെയ്യുക, ആളുകളെ ചൂഷണം ചെയ്യാതിരിക്കുക, മിതമായ ലാഭം മാത്രമെടുക്കുക, ജനങ്ങള്‍ക്ക് ആവശ്യമുള്ള സാധനങ്ങള്‍ സമയത്ത് എത്തിച്ചുകൊടുക്കുക- ഇതൊക്കെയാണ് ഒരു കച്ചവടക്കാരന്റെ തഖ്‌വ. അങ്ങനെ ജീവിതത്തിന്റെ ഏത് മേഖലയിലും ഇടപെടുന്നവരുടെ തഖ്‌വ അവരവരുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടതാണ്. തഖ്‌വയുണ്ടാക്കാനായി നിര്‍ബന്ധമാക്കിയ ഒരു കര്‍മം അത് ആ കര്‍മത്തില്‍ മാത്രം ഒതുങ്ങുകയാണെങ്കില്‍ അതുകൊണ്ട് നേടിയെടുക്കേണ്ടതെന്തോ അത് നേടാന്‍ കഴിയാതെ പോകുന്നു.
ഒരു പണികൊണ്ട് നേട്ടമൊന്നില്ലെങ്കില്‍ അത് പാഴായിപ്പോയി. കച്ചവടത്തില്‍ സാമ്പത്തികമായി വളരാന്‍ കഴിയുന്നില്ലെങ്കില്‍ ആ കച്ചവടം പാഴായ ഒരു പണിയാണ്. എല്ലാം അങ്ങനെതന്നെ.
ആരാധനാകര്‍മങ്ങള്‍ നിര്‍വഹിച്ചിട്ട് നമ്മുടെ ജീവിതത്തില്‍ ഒരു മാറ്റവും വരുന്നില്ല, അതില്‍ യാതൊരു അസ്വസ്ഥതയും നമുക്കില്ല. വേണ്ടാ വൃത്തികളിലേര്‍പ്പെടുന്നവന്‍ അങ്ങനെ തന്നെ ആരാധനാ കര്‍മങ്ങളും നിര്‍വഹിക്കുന്നു. നോമ്പ് ഉള്‍പ്പെടെ ഒരു കര്‍മവും ജീവിതത്തില്‍ ഒരു സ്വാധീനവും ചെലുത്തുന്നില്ല. ആ നോമ്പ് കൊണ്ട് അയാള്‍ക്കൊന്നും നേടാന്‍ കഴിയില്ല. ഖുര്‍ആനാണല്ലോ നമ്മുടെ ജീവിതത്തിന്റെ വഴികാട്ടി. റമദാന്‍ മാസം ഖുര്‍ആന്‍ പാരായണം നടത്തണം എന്ന് നാം പറയാറുണ്ട്. പാരായണം എന്ന പദപ്രയോഗമാണ് നമ്മെ വഴി തെറ്റിച്ചത്. ഖുര്‍ആന്‍ പഠനം നടത്തണം എന്നായിരുന്നു പറയേണ്ടിയിരുന്നത്. ഉല്‍പതിഷ്ണുക്കളും പുരോഗമനവാദികളും യാഥാസ്ഥിതികരും ഇക്കാര്യത്തില്‍ ഒരുപോലെയാണ്. ഒരു മാറ്റവും ഈ വിഷയത്തില്‍ അവര്‍ക്കില്ല. ഒരു മാറ്റവും വരുത്താന്‍ അവര്‍ സന്നദ്ധരുമല്ല. എല്ലാവരും പറയുന്നു; ഖുര്‍ആന്‍ പാരായണം എന്ന്.
ഖുര്‍ആന്‍ പാരായണം എന്ന് പറയുമ്പോള്‍ ആളുകള്‍ ധരിച്ചുവെച്ചിട്ടുള്ളത് ഖുര്‍ആന്‍ അര്‍ഥം മനസ്സിലാക്കാതെ ഓതുക, വായിക്കുക എന്നാണ്. അപ്പോള്‍ അര്‍ഥം മനസ്സിലാക്കാന്‍ ശ്രമിക്കുകയില്ലല്ലോ. അതുകൊണ്ട് നാം പേരു മാറ്റുക. ഖുര്‍ആന്‍ അവതീര്‍ണമായ മാസം ഖുര്‍ആന്‍ പഠനം നടത്തണം. ഖുര്‍ആന്‍ പഠിക്കണം എന്നു പറഞ്ഞാല്‍ ഖുര്‍ആന്റെ ഏതെങ്കിലും പരിഭാഷ ഉപയോഗപ്പെടുത്തിക്കൊണ്ട് പഠിക്കാന്‍, മനസ്സിലാക്കാന്‍ ശ്രമിക്കുക. ഒരു മണിക്കൂര്‍ ഖുര്‍ആനുമായി ബന്ധപ്പെടാന്‍ ഉപയോഗിച്ചാല്‍ ഒരു ജുസ്അ് ഓതിത്തീര്‍ക്കാന്‍ കഴിയും. അത് തല്‍ക്കാലം നിര്‍ത്തുക. എന്നിട്ട് ഒരു മണിക്കൂര്‍ കൊണ്ട് ഒരു ആയത്തിന്റെ അര്‍ഥം ഗ്രഹിക്കാന്‍ ശ്രമിക്കുക. എങ്കില്‍ ആ ഒരു മണിക്കൂര്‍ ഫലപ്പെട്ടു. അല്ലെങ്കില്‍ ഒരു പ്രയോജനവും കൂടാതെ ഒരു മണിക്കൂര്‍ പാഴായി. സാമാന്യം ബുദ്ധിയുള്ള ഒരാള്‍ക്ക് നന്നേ ചുരുങ്ങിയത് ഒരു മണിക്കൂര്‍ കൊണ്ട് പത്ത് ആയത്തെങ്കിലും പഠിക്കാന്‍ കഴിയും. അത് ജീവിതത്തിലെ പിന്നീട് വരുന്ന പതിനൊന്ന് മാസവും ഒരു വഴികാട്ടിയായിത്തീരും. ഒരു നാലഞ്ച് വര്‍ഷം കൊണ്ട് അല്ലാഹുവിന്റെ ഖുര്‍ആന്‍ മുഴുവന്‍ പഠിക്കാന്‍ കഴിയും. ഖുര്‍ആനില്‍ ആവര്‍ത്തനങ്ങള്‍ ഉള്ളതുകൊണ്ട്, പദങ്ങളും വാക്കുകളും ആവര്‍ത്തിച്ചു വരുന്നതുകൊണ്ട് പഠനം എളുപ്പമാകും. വളരെ ലളിതമായ ഭാഷയില്‍ വളരെ വേഗം മനസ്സിലാക്കാന്‍ പറ്റുന്ന ശൈലിയിലുള്ള ഒരു കിത്താബാണല്ലോ ഖുര്‍ആന്‍. അല്ലാഹു ഖുര്‍ആനെ അങ്ങനെയാണ് പരിചയപ്പെടുത്തിയത്. മനസ്സിലാക്കാന്‍ വളരെ എളുപ്പമാക്കിയിട്ടുണ്ട് ഖുര്‍ആനെ. അതുകൊണ്ട് അത് മനസ്സിലാക്കി ഉദ്ബുദ്ധരാകാന്‍ തയാറുണ്ടോ?
കെട്ടികുടുക്കുകളില്ലാത്ത, പഠിക്കാനും മനസ്സിലാക്കാനും എളുപ്പമുള്ള മാര്‍ഗദര്‍ശന ഗ്രന്ഥമാണ് ഖുര്‍ആന്‍. അതുകൊണ്ട് വായിക്കുക, പരിശുദ്ധ ഖുര്‍ആനുമായി ബന്ധപ്പെടുക. എല്ലാവരും റമദാനില്‍ ഒരു മണിക്കൂര്‍ അതിനായി മാറ്റിവെക്കുക. കച്ചവടക്കാരനും കര്‍ഷകനും ജീവിതത്തിന്റെ വിവിധ മേഖലകളില്‍ ജോലിചെയ്യുന്നവരും ആണ്‍പെണ്‍ വ്യത്യാസമില്ലാതെ ഒരു മണിക്കൂര്‍ അല്ലാഹുവിന്റെ ഖുര്‍ആന്‍ പഠിക്കാന്‍ മാറ്റിവെക്കുക.
ഖുര്‍ആന്‍ നമ്മള്‍ പഠിച്ചാല്‍ നമ്മെ മറ്റുള്ളവര്‍ക്ക് ദുരുപയോഗപ്പെടുത്താന്‍ കഴിയില്ല എന്നെങ്കിലും മനസ്സിലാക്കുക. ഖുര്‍ആന്‍ അറിയുന്നവരായി നാം മാറിയാല്‍ നമ്മെ ചൂഷണം ചെയ്യാന്‍, നമ്മെ ദുരുപയോഗപ്പെടുത്താന്‍ ആര്‍ക്കും സാധ്യമാവുകയില്ല. ഇന്ന് ചേരിതിരിഞ്ഞ് കക്ഷികളായി അങ്ങോട്ടുമിങ്ങോട്ടും വഴക്കടിക്കുന്ന ഈ സമൂഹത്തിന്റെ ദുര്യോഗത്തിന്റെ കാരണമെന്തെന്ന് ചോദിച്ചാല്‍ അല്ലാഹുവിന്റെ കിത്താബായ ഖുര്‍ആന്‍ ഈ സമൂഹത്തിലെ സാധാരണക്കാര്‍ക്ക് മനസ്സിലാകാതെ പോയി എന്നതാണ്. ഖുര്‍ആന്‍ അറിയുന്നവരായിരുന്നു അവരെങ്കില്‍ ഈ രൂപത്തില്‍ അവരെ ദുരുപയോഗപ്പെടുത്താന്‍ ആര്‍ക്കും കഴിയുമായിരുന്നില്ല. ഇസ്‌ലാമിന്റെ ശത്രുക്കള്‍ ഇസ്‌ലാമിനെ തകര്‍ക്കാന്‍ ഇസ്‌ലാമിന്റെ ആളുകളെ തന്നെ ഉപയോഗിക്കുന്നു. ആ ശത്രുക്കള്‍ക്ക് പിന്തുണയും സഹായവും നല്‍കുന്നതും മറ്റാരുമല്ല.
വ്യത്യസ്ത അഭിപ്രായങ്ങളും മദ്ഹബുകളും രൂപംകൊണ്ട കാലഘട്ടത്തിലെ ജനങ്ങള്‍ ഖുര്‍ആന്‍ അറിയുന്നവരായിരുന്നു എന്നതിനാല്‍ അവര്‍ക്കിടയില്‍ പരസ്പരം കലഹങ്ങളും തര്‍ക്കങ്ങളും ഇല്ലായിരുന്നു. സ്വന്തം സഹോദരനെ സഹായിക്കണമെന്നല്ല, നശിപ്പിക്കണമെന്ന മനസ്സാണുള്ളതെങ്കില്‍ നോമ്പുകൊണ്ടും നമസ്‌കാരം കൊണ്ടും ഖുര്‍ആന്‍ പാരായണം കൊണ്ടും ഒന്നും നേടുന്നില്ല. ഇസ്‌ലാമിലെ ആരാധനാ കര്‍മങ്ങള്‍ ജീവനുള്ളതായി മാറണം. ഖുര്‍ആന്‍ പഠിക്കണം, മനസ്സിലാക്കണം. കാര്യം മനസ്സിലാക്കാതെ ഒരു വായന ഇല്ലല്ലോ. ഖുര്‍ആന്‍ തുടങ്ങുന്നതു തന്നെ അങ്ങനെയല്ലേ. ഒരു സമൂഹത്തിന്റെ വളര്‍ച്ചക്കുവേണ്ടി 'വായിക്കൂ.. താങ്കള്‍' എന്നു പറഞ്ഞുകൊണ്ട് ഒരു സമൂഹത്തെ വളര്‍ത്തിയെടുത്ത പ്രസ്ഥാനം ഇസ്‌ലാമല്ലാതെ ലോകത്ത് വേറെയുണ്ടോ? വായനയിലൂടെ, പഠനത്തിലൂടെ മനുഷ്യര്‍ക്ക് അറിവും ബോധവും നല്‍കി ഒരു സമൂഹത്തെ വളര്‍ത്തിയെടുക്കണം എന്ന കല്‍പന കിട്ടിയ ഒരു പ്രസ്ഥാനം ഇസ്‌ലാമാണ്.
ഒരു വിശ്വാസിയുടെ ശത്രു അറിവില്ലായ്മയാണ്, അഥവാ ജഹാലത്താണ്. അറിവില്ലായ്മയെ ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നത് 'ളുലുമാത്ത്' -ഇരുട്ടുകള്‍- എന്നാണ്. ഇരുട്ടുകളില്‍നിന്ന് മോചനം നല്‍കലാണ് പ്രവാചകനിയോഗങ്ങളിലൂടെ അല്ലാഹു ഉദ്ദേശിച്ചത്. ''വിശ്വസിച്ച ജനത്തിന്റെ സഹായിയും രക്ഷകനും അല്ലാഹുവാകുന്നു. അവനവരെ ഇരുട്ടുകളില്‍നിന്ന് പ്രകാശത്തിലേക്ക് നയിക്കുന്നു'' (2:257)
അറിവ് എന്ന പ്രകാശം ഒരു സമൂഹത്തെ വളര്‍ത്തിയെടുക്കുകയാണ് ചെയ്യുന്നത്. അതിന്റെ അടിത്തറയോ ഖുര്‍ആനും. സ്രഷ്ടാവായ അല്ലാഹുവിന്റെ പേരില്‍ വായിക്കുക. വായിക്കുന്നത് എന്ത് എന്ന് പറയുന്നില്ല. എന്തും വായിക്കാം. പക്ഷേ വായന റബ്ബിന്റെ പേരിലായിരിക്കണമെന്നു മാത്രം. അങ്ങനെ വായിച്ചു പഠിച്ച് വളര്‍ന്ന സമൂഹമാണ് ലോകത്ത് വിജയഗാഥകള്‍ രചിച്ചത്. ആ സമൂഹത്തിന്റെ അനന്തരാവകാശികളാണ് മുസ്‌ലിം സമൂഹം. അവരിപ്പോള്‍ അറിവില്ലായ്മയുടെ അന്ധകാരത്തിലാണ്. മറ്റുള്ളവര്‍ നമ്മില്‍നിന്ന് തട്ടിയെടുത്ത അറിവ് നമുക്കെതിരില്‍ ഉപയോഗിക്കുന്നു.
അതുകൊണ്ട് നമ്മുടെ കര്‍മങ്ങള്‍, ഇബാദത്തുകള്‍ ലക്ഷ്യബോധത്തോടെ നിര്‍വഹിക്കുന്നതാവണം. നോമ്പായാലും നമസ്‌കാരമായാലും ഖുര്‍ആന്‍ പഠനമായാലും മറ്റേത് കര്‍മമായാലും അതിലൊരു ലക്ഷ്യമുണ്ട്. അതില്‍ സൂക്ഷ്മതയുണ്ടാവണം. ജീവിതത്തില്‍ നാം ചെയ്തുകൊണ്ടിരിക്കുന്ന പ്രവൃത്തികളൊക്കെ സൂക്ഷ്മതയോടെ ചെയ്യുന്നവയാവണം. അതാണ് നമ്മുടെ ഇബാദത്തുകളുടെ മഹോന്നതമായ ലക്ഷ്യം. അത് നേടിയെടുക്കാന്‍ സാധിച്ചാല്‍ നമ്മുടെ ഇബാദത്തുകള്‍ അല്ലാഹു അംഗീകരിക്കും.
(മര്‍ഹൂം കെ.ടി അബ്ദുര്‍റഹീം സാഹിബ് നോമ്പിനെക്കുറിച്ച് നടത്തിയ ജുമുഅ ഖുത്വ്ബ).
സമ്പാദനം: എ. നജ്മുസ്സമാന്‍
Comments