കേരള നിയമസഭാ തെരഞ്ഞെടുപ്പ് എല്ലാവര്‍ക്കും പഠിക്കാനുണ്ട്
കേരളത്തിന്റെ രാഷ്ട്രീയ-സാമൂഹിക ഭൂപടത്തില്‍ ദൂരവ്യാപക മാറ്റങ്ങള്‍ക്ക് കാരണമായേക്കാവുന്ന തെരഞ്ഞടുപ്പാണ് 2016 മെയ് 16-നു കഴിഞ്ഞതെന്ന് 19-നു പുറത്തുവന്ന ഫലങ്ങള്‍ വെളിവാക്കുന്നു. അഴിമതി, സ്വജനപക്ഷപാതിത്വം, കെടുകാര്യസ്ഥത, വിലവര്‍ധന, പിന്നെ വികസനത്തിന്റെ പേരിലെ കുറേ ഉഡായിപ്പുകള്‍ എന്നിവകൊണ്ട് പൊറുതിമുട്ടിയ ജനങ്ങളുടെ രോഷവും അമര്‍ഷവും ഭരണവിരുദ്ധതയും ഒരു വശത്ത്. വെള്ളാപ്പള്ളി, ജാനു, പുലയ മഹാ സഭ, ചില സിനിമാ-ക്രിക്കറ്റ് സെലിബ്രിറ്റികള്‍, ചെറു ക്രൈസ്തവ വിഭാഗങ്ങള്‍ എന്നിവരെ കൂട്ടുപിടിച്ച് മോഡിഭരണത്തണലില്‍ അമിത്ഷായുടെ ബി.ജെ.പി കേരളത്തിലും എന്‍.ഡി.എ വിപുലീകരിച്ചപ്പോള്‍ പിന്നാക്ക ന്യൂനപക്ഷ മതവിഭാഗങ്ങളില്‍ അതുണ്ടാക്കിയ സംഘ്പരിവാര്‍ ഭീതി മറുവശത്തും. ഈ രണ്ടു തരംഗങ്ങള്‍ ഒരു പ്രവാഹമായപ്പോള്‍ അത് ഒരു ചെങ്കൊടുങ്കാറ്റിന്റെ രൂപം പൂണ്ടു. ഇതില്‍ യു.ഡി.എഫ് കടപുഴകിവീണു. അധികാര രാഷ്ട്രീയത്തില്‍ കേന്ദ്രീകൃതമായ ചെറുകിട പാര്‍ട്ടികള്‍ അപ്രസക്തമായി. ജനപക്ഷത്തു നിന്ന് സേവനത്തിന്റെയും സമരത്തിന്റെയും വ്യത്യസ്ത പാത വിരചിക്കാന്‍ ശ്രമിക്കുന്ന ആശയപരതയുള്ള നവരാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് അവരര്‍ഹിച്ച വോട്ട് ലഭിക്കാതെ പോയതുകൊണ്ട് അവരുടെ സാന്നിധ്യം തെരഞ്ഞടുപ്പു രാഷ്ട്രീയത്തില്‍ അടയാളപ്പെടുത്താന്‍ സാധിക്കാതെ പോവുകയും ചെയ്തു. പതിനെട്ട് സീറ്റുമായി പിടിച്ചുനിന്നു എന്ന പ്രതീതി സൃഷ്ടിക്കുന്ന മുസ്‌ലിം ലീഗിനു പോലും കൊടുവള്ളിയും തിരുവമ്പാടിയും താനൂരും നഷ്ടപ്പെടുകയും മലപ്പുറത്തെ വിജയിച്ച മിക്ക സീറ്റുകളിലും ഭൂരിപക്ഷം ഗണ്യമായി കുറയുകയും ചെയ്തു. വിജയിച്ച പതിനെട്ട് സീറ്റുകളില്‍തന്നെ മഞ്ചേശ്വരവും കാസര്‍കോടും പ്രത്യേക സാമൂഹിക -രാഷ്ട്രീയ സാഹചര്യത്തില്‍ ഇടതു സഹയാത്രികരുടെ കൂടി സഹായത്തോടെ ജയിച്ചതാണെന്നും, മറ്റു രണ്ടു സീറ്റുകളില്‍ ലീഗിലെ അള്‍ട്രാ സെക്യുലര്‍ ലോബിയെ വളര്‍ത്താനും സംരക്ഷിക്കാനും യു.ഡി.എഫിനു പുറത്തുള്ള ശക്തികളുടെ തന്ത്രപരവും ബോധപൂര്‍വവുമായ ഇടപെടല്‍ കാരണമായി വിജയിച്ചതാണെന്നും, കുറ്റിയാടിയിലും മങ്കടയിലും പെരിന്തല്‍മണ്ണയിലും വോട്ടുകള്‍ ഭിന്നിച്ചതുകൊണ്ട് രക്ഷപ്പെട്ടതാണെന്നും ആഭ്യന്തര വിശകലനത്തില്‍ ലീഗ് തന്നെയും മനസ്സിലാക്കുന്നുണ്ടാവണം.
കേരളത്തിന്റെ ധാര്‍മിക മനസ്സാക്ഷിക്കു നേരെ കൊഞ്ഞനം കാണിക്കുന്ന സമീപനമാണ് കോണ്‍ഗ്രസ് സ്വീകരിച്ചത്. മുഴുവന്‍ അഴിമതിയാരോപണങ്ങളെയും, വിതരണത്തിലോ ഉപഭോഗത്തിലോ ഒരു തുള്ളി പോലും കുറഞ്ഞിട്ടില്ലാത്ത 'മദ്യനിരോധനം' എന്ന പുകമറ സൃഷ്ടിച്ച് മറച്ചുപിടിക്കാമെന്ന് കോണ്‍ഗ്രസ് കരുതി. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞടുപ്പില്‍ തോറ്റമ്പിയപ്പോള്‍ പോലും ആത്മപരിശോധന നടത്തി തെറ്റ് തിരുത്തുമെന്നു വിടുവായത്തം പറഞ്ഞ കോണ്‍ഗ്രസ് ഒരു പാഠവും പഠിച്ചില്ല എന്നാണ് ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. കോണ്‍ഗ്രസ് ഹൈകമാന്റ് ഏറ്റവും ദുര്‍ബലമായ ഘട്ടത്തില്‍ മുഖ്യമന്ത്രിയാകാന്‍ സാധിച്ചു എന്നതാണ് ഉമ്മന്‍ ചാണ്ടിയുടെ ഭാഗ്യം. പക്ഷേ അത് കേരളത്തിലെ കോണ്‍ഗ്രസിന്റെ നിര്‍ഭാഗ്യവുമായി. ഇവിടെയാണ് അദ്ദേഹം ഒരു നേതാവെന്നതിലേറെ അധികാരത്തിനുവേണ്ടി എന്തും ചെയ്യാന്‍ മടിക്കാത്ത വെറും കൗശലക്കാരനും സൂത്രശാലിയും മാത്രമായി ചുരുങ്ങിപ്പോയത്. ഈ കാര്യത്തില്‍ അദ്ദേഹം നരസിംഹറാവുവിനെ പോലെയായിരുന്നു. സ്വന്തമായി ഭൂരിപക്ഷമില്ലാതിരുന്ന റാവു ജെ.എം.എം എം.പിക്ക് കള്ള് കൊടുത്തു പോലും വിശ്വാസവോട്ട് നേടിയിരുന്നു. രണ്ടു സീറ്റിന്റെ ഭൂരിപക്ഷം മാത്രം ഉണ്ടായിരുന്ന ഉമ്മന്‍ചാണ്ടി ശെല്‍വരാജിനെ ചാക്കിട്ടുപിടിച്ചാണ് ഭൂരിപക്ഷം വര്‍ധിപ്പിച്ചത്. റാവുവിനു ശേഷം കോണ്‍ഗ്രസ് ദേശീയതലത്തില്‍ ഒരിക്കലും ഒറ്റക്ക് ഗതി പിടിച്ചിട്ടില്ല. ഉമ്മന്‍ ചാണ്ടിക്കു ശേഷം കേരളത്തിലെ കോണ്‍ഗ്രസ് മുന്നണിയായി പോലും ഗതിപിടിക്കുമോ എന്ന ചോദ്യത്തിനു കാലം ഉത്തരം പറയും.
ഈ അഴിമതിയാരോപണങ്ങള്‍ക്കിടയിലും ചാണ്ടിയെ തന്നെ നിലനിര്‍ത്തുന്നതില്‍ ആന്റണിയും ലീഗും വഹിച്ച പങ്കും വിസ്മരിക്കാവതല്ല. കോണ്‍ഗ്രസ് ഹൈകമാന്റിലെ കേരളത്തില്‍നിന്നുള്ള ഏക പ്രതിനിധിയും സോണിയയുടെ വലം കൈയും പ്രധാന ഉപദേശകനും ആന്റണിയായിരുന്നു. ആന്റണിയുടെ പിന്തുണയില്ലാതെ ഉമ്മന്‍ ചാണ്ടിക്കു മുഖ്യമന്ത്രിയായി തുടരാന്‍ സാധിക്കുമായിരുന്നില്ല. സോണിയ എടുക്കുന്നതും എടുത്തതുമായ എല്ലാ തെറ്റായ തീരുമാനങ്ങളിലും ഒരു പങ്ക് ആന്റണിക്കുള്ളതാണ്. ലീഗാവട്ടെ, ഇക്കണ്ട ആരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിലും ഉമ്മന്‍ ചാണ്ടിക്കു പിറകില്‍ പാറപോലെ ഉറച്ചുനിന്നു. മുഖ്യമന്ത്രിസ്ഥാനത്ത് സുധീരനെയോ ചെന്നിത്തലയെയോ കൊണ്ടുവന്ന് സാമുദായിക ധ്രുവീകരണം ലക്ഷ്യംവെച്ചുകൊണ്ടുള്ള സംഘ്പരിവാര്‍ പ്രചാരണത്തിന്റെ മുനയൊടിക്കാനായേക്കുമെന്ന ചിന്തയും ലീഗിനുണ്ടായി
ല്ല. പിറവം, നെയ്യാറ്റിന്‍കര, അരുവിക്കര ഉപ തെരഞ്ഞെടുപ്പുകളിലെ വിജയത്തെ തെറ്റായ രൂപത്തില്‍ ഭരണത്തിനുള്ള പിന്തുണയായി ഇവരൊക്കെ 'വിശകലനം' ചെയ്യുകയായിരുന്നു. യു.ഡി.എഫിന്റെ പരമ്പരാഗത സീറ്റുകളായ പിറവത്തും അരുവിക്കരയിലും എം.എല്‍.എ മാരായിരുന്ന ടി.എം ജേക്കബും ജി. കാര്‍ത്തികേയനും മരിച്ചതിനെത്തുടര്‍ന്ന് അവരുടെ മക്കള്‍ മത്സരിച്ചപ്പോഴുണ്ടായ സഹതാപതരംഗം കൂടി ഭരണവിരുദ്ധ വികാരത്തെ മറികടക്കാന്‍ കാരണമായെങ്കില്‍, നെയ്യാറ്റിന്‍കര തെരഞ്ഞെടുപ്പിന്റെ തൊട്ടുമുമ്പുണ്ടായ ടി.പി ചന്ദ്രശേഖരന്‍ വധവും തെരഞ്ഞടുപ്പു ദിവസം അച്യുതാനന്ദന്‍ രമയുടെ വീട് സന്ദര്‍ശിച്ചതും ശെല്‍വരാജ് വീണ്ടും തെരെഞ്ഞടുക്കപ്പെടാന്‍ കാരണമാവുകയായിരുന്നു. ഈ തെരഞ്ഞടുപ്പ് ഫലങ്ങളാണ് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിലുടനീളം ഭരണവിരുദ്ധ വികാരമില്ല എന്ന് വരുത്തിത്തീര്‍ക്കാന്‍ ഉമ്മന്‍ ചാണ്ടി ഉപയോഗിച്ചത്.
ഈ നിയമസഭാ തെരഞ്ഞടുപ്പില്‍ 27 ലക്ഷത്തി മുപ്പത്തിയേഴായിരത്തി ഇരുന്നൂറ്റി തൊണ്ണൂറു വോട്ടുകളാണ് 2011-നെ അപേക്ഷിച്ച് കൂടുതലായി പോള്‍ ചെയ്തത്. ഇത് രണ്ടായിരത്തി പതിനൊന്നിനേക്കാള്‍ 15.74% കൂടുതലാണ്. യു.ഡി.എഫിന് കാസര്‍കോട് ഒഴികെയുള്ള എല്ലാ ജില്ലകളിലും ഗണനീയമായ അളവില്‍ വോട്ടുകള്‍ കുറഞ്ഞിരിക്കുന്നു. കാസര്‍കോട് വല്ലാതെ കുറയാതിരിക്കാനുള്ള രാഷ്ട്രീയ സാമൂഹിക സാഹചര്യം ഏവര്‍ക്കും മനസ്സിലാകും. കാസര്‍കോടും കണ്ണൂരും ഈ കുറവ് യഥാക്രമം 1.62 ശതമാനവും 4.11 ശതമാനവുമാണെങ്കില്‍ തൃശൂരിലും ഇടുക്കിയിലും യഥാക്രമം 10 ശതമാനത്തിനും 11 ശതമാനത്തിനും മുകളിലാണ്. ആലപ്പുഴ, കൊല്ലം ജില്ലകളില്‍ യു.ഡി.എഫിന് 10 ശതമാനത്തോട് അടുത്തു വോട്ട് ഷെയര്‍ കുറഞ്ഞപ്പോള്‍ വയനാട്ടും കോട്ടയത്തും പത്തനംതിട്ടയിലും തിരുവനന്തപുരത്തും എട്ടര ശതമാനത്തിനും ഒമ്പത് ശതമാനത്തിനുമിടയിലാണ് വോട്ടുകള്‍ ചോര്‍ന്നത്. മലപ്പുറത്ത് 7.23% കുറഞ്ഞപ്പോള്‍ എറണാകുളത്തും പാലക്കാട്ടും ആറര ശതമാനത്തോളം വോട്ടുകള്‍ നഷ്ടമായി. കോഴിക്കോട് ജില്ലയിലാകട്ടെ 5.22% വോട്ടുകള്‍ യു.ഡി.എഫിനു നഷ്ടമായി. സംസ്ഥാനതലത്തില്‍ യു.ഡി.എഫിനു 7.34% വോട്ടുകളാണ് നഷ്ടപ്പെട്ടത്.
ഇത് സാധാരണ കേരളത്തിലുണ്ടാവുന്ന ഭരിക്കുന്ന കക്ഷിക്കെതിരായ 1 ശതമാനത്തിനും 1.5%-ത്തിനുമിടയിലെ വോട്ടിംഗിലെ ഷിഫ്റ്റ് അല്ല. ഈ വോട്ടുകള്‍ പോയത് മുഖ്യ പ്രതിപക്ഷമുന്നണിയായ എല്‍.ഡി.എഫിനുമല്ല. മറിച്ച് എന്‍.ഡി.എക്കാണ്. ഇതുകാരണം എല്‍.ഡി.എഫിനു സീറ്റുകള്‍ കൂടുതല്‍ കിട്ടുക എന്ന പരോക്ഷ പ്രയോജനം മാത്രമാണ് ഉണ്ടായത്. അഥവാ ഉമ്മന്‍ ചാണ്ടി പ്രതീക്ഷിച്ചതും ആഗ്രഹിച്ചതുമായ അരുവിക്കര മോഡല്‍ സംസ്ഥാനാടിസ്ഥാനത്തില്‍ എല്‍.ഡി.എഫിനു അനുകൂലമായെന്നര്‍ഥം. വേണ്ടത്ര ശ്രദ്ധിച്ച് ജാഗ്രതയോടെ പ്രവര്‍ത്തിച്ചില്ലെങ്കില്‍, ഇത് ഇപ്പോള്‍ യു.ഡി.എഫിന് എതിരായതുപോലെ പിന്നീട് എല്‍.ഡി. എഫിനു തന്നെയും ചതിക്കുഴിയായി മാറും. എല്‍.ഡി.എഫിനും വോട്ടുകള്‍ നഷ്ടമായിട്ടുണ്ട്. കോട്ടയത്ത് 8.66% വോട്ടുകള്‍ നഷ്ടപ്പെട്ടപ്പോള്‍ ആലപ്പുഴയിലും പത്തനംതിട്ടയിലും തിരുവനന്തപുരത്തും നാല് ശതമാനത്തിനും നാലര ശതമാനത്തിനുമിടയിലെ വോട്ടുകള്‍ നഷ്ടമായി. പിന്നെ ഏറ്റവും കൂടുതല്‍ വോട്ടുകള്‍ എല്‍.ഡിഎഫിനു നഷ്ടമായത് പാലക്കാട് ജില്ലയിലാണ്. 3.29% വോട്ടാണ് എല്‍.ഡി.എഫിനു പാലക്കാട് ജില്ലയില്‍ നഷ്ടമായത്. മലപ്പുറത്ത് 4%-ത്തിലേറെയും വയനാട്ടില്‍ 1.93% ശതമാനവും വോട്ട് കൂടുതല്‍ നേടിയപ്പോള്‍ ഇതര വടക്കന്‍ ജില്ലകളിലും കൊല്ലത്തും യു.ഡി.എഫുമായി തട്ടിച്ചുനോക്കുമ്പോള്‍ വളരെ ചെറിയ അളവില്‍ മാത്രമേ വോട്ടുകള്‍ നഷ്ടപ്പെട്ടിട്ടുള്ളൂ. സംസ്ഥാനതലത്തില്‍ എല്‍.ഡി.എഫിനു 1.85% വോട്ടുകളാണ് 2011-ുമായി താരതമ്യം ചെയ്യുമ്പോള്‍ കുറഞ്ഞത്. യു.ഡി.എഫിന്റെ 7.34% വോട്ടും എല്‍.ഡി.എഫിന്റെ 1.85 ശതമാനം വോട്ടും എന്‍.ഡി.എയിലേക്ക് ഷിഫ്റ്റ് ചെയ്തപ്പോള്‍ നേരത്തേ ബി.ജെ. പിക്കുണ്ടായിരുന്ന 6% വോട്ട് കൂടി മൊത്തം എന്‍.ഡി. എയുടെ വോട്ട് ഷെയര്‍ 15% ആയി വളര്‍ന്നു. എന്‍.ഡി. എക്ക് 46% വരുന്ന ന്യൂനപക്ഷ സമുദായങ്ങളായ ക്രിസ്ത്യാനികളുടെയും മുസ്‌ലിംകളുടെയും വോട്ടു കിട്ടിയിട്ടുണ്ടാവില്ല എന്ന് കണക്കാക്കിയാല്‍, 54 ശതമാനം വരുന്ന ഈഴവ നായര്‍ പുലയ ആദിവാസി പട്ടികജാതി പട്ടിക വര്‍ഗങ്ങളുടെ നാലിലൊന്നിലേറെ (28%) പിന്തുണ നേടാന്‍ കഴിഞ്ഞു എന്നത് നിസ്സാരമായി കാണാന്‍ സാധിക്കില്ല.
മറ്റൊരു രീതിയില്‍ പറഞ്ഞാല്‍, മൊത്തം പോള്‍ ചെയ്ത രണ്ട് കോടി ഒരു ലക്ഷത്തി ഇരുപത്തിഅയ്യായിരത്തില്‍പരം വോട്ടില്‍ ഒരു കോടി എട്ടു ലക്ഷത്തി അറുപത്തി അയ്യായിരം വോട്ട് 54 ശതമാനം വരുന്ന ഈഴവ നായര്‍ പുലയ ആദിവാസി പട്ടികജാതി പട്ടിക വര്‍ഗങ്ങളുടേതാണെന്ന് കരുതുക. അതില്‍നിന്നാണ് എന്‍.ഡി.എ മുപ്പതു ലക്ഷത്തിലേറെ വോട്ടുകള്‍ നേടിയിട്ടുള്ളത്. നമ്മുടേതു പോലുള്ള തെരഞ്ഞടുപ്പു വ്യവസ്ഥയില്‍ ബഹുകോണ മത്സരം നടക്കുന്ന സാഹചര്യത്തില്‍ അല്‍പം കൂടി വോട്ട് ഷെയര്‍ കൂടിയാല്‍ എന്‍.ഡി.എക്ക് ലഭിക്കുന്ന സീറ്റ് വര്‍ധന ആനുപാതികമായിരിക്കില്ല എന്ന് ബന്ധപ്പെട്ട എല്ലാ വിഭാഗങ്ങളും മനസ്സിലാക്കണം. കോണ്‍ഗ്രസില്‍നിന്നുള്ള മുന്നാക്ക വിഭാഗക്കാരുടെ ഒഴുക്കിനു ഗതിവേഗം വര്‍ധിച്ചാല്‍ കേരളത്തില്‍ കോണ്‍ഗ്രസിന്റെ സ്ഥാനം യു.പിയിലേതിനും ബിഹാറിലേതിനും സമാനമാവും. ഇപ്പോള്‍തന്നെ കേരളത്തില്‍ ലീഗിന്റെയും മാണി കോണ്‍ഗ്രസ്സിന്റെയും വടികളില്‍ ഊന്നിയാണ് കോണ്‍ഗ്രസ് എഴുന്നേറ്റുനില്‍ക്കുന്നതു പോലും. മലപ്പുറത്തെയും കൊടുവള്ളിയിലെയും ബാലുശ്ശേരിയിലെയും മറ്റും വോട്ടുനില പരിശോധിക്കുമ്പോള്‍ കോണ്‍ഗ്രസുകാര്‍ ലീഗിനു വോട്ടു ചെയ്യുന്നുണ്ടോ എന്ന് ന്യായമായും സംശയിക്കേണ്ടിവരും. മറുവശത്ത് കോണ്‍ഗ്രസ്സുകാരേക്കാള്‍ ആത്മാര്‍ഥമായി കോണ്‍ഗ്രസിനെ വിജയിപ്പിക്കാന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്നയിടങ്ങളില്‍ ലീഗുകാര്‍ മിനക്കെടുന്ന ചിത്രവും കാണാം.
എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഉയര്‍ത്തിക്കാട്ടിയ യു.ഡി.എഫ് ഭരണകാലത്തെ അഴിമതികളെക്കുറിച്ച് കൃത്യമായി അന്വേഷിച്ച് കുറ്റം ചെയ്തവരെ ശിക്ഷിക്കാതിരുന്നാല്‍ എന്‍.ഡി.എ കേരളത്തില്‍ മുഖ്യ പ്രതിപക്ഷമാകുന്ന അവസ്ഥവരെ സംജാതമായേക്കാം. ഈ വിഷയത്തില്‍ പുതിയ ഭരണകൂടം വേണ്ട നടപടിയെടുക്കാതിരിക്കുമ്പോള്‍ യു.ഡി.എഫുകാര്‍ പ്രതികരിക്കാന്‍ സാധ്യതയുണ്ടാവില്ലല്ലോ. എന്‍.ഡി.എ ആകട്ടെ ആ വിഷയത്തില്‍ പുതിയ ഭരണകൂടം കാണിക്കുന്ന അലംഭാവം അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയമായി ചിത്രീകരിക്കും. ഇത് ഇരുപക്ഷത്തുനിന്നും കൂടുതല്‍ വോട്ടുകള്‍ എന്‍.ഡി.എയിലേക്ക് ചോരാന്‍ കാരണമായിത്തീരുകയും അത് നമ്മുടെ സംസ്ഥാനത്തിന്റെ ചരിത്ര പാരമ്പര്യത്തോടോ സാമൂഹിക-രാഷ്ട്രീയ പ്രകൃതത്തോടോ ഒട്ടും യോജിക്കാത്ത അപകടകരമായ സാഹചര്യം സൃഷ്ടിക്കുകയും ചെയ്യും. ഇത് മുന്‍കൂട്ടി കണ്ട് കുറ്റക്കാര്‍ക്കെതിരെ ആവശ്യമായ നടപടികള്‍ പുതിയ ഭരണകൂടം സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കാം.
ചോരുന്നത് കോണ്‍ഗ്രസ് വോട്ടുകള്‍
കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം ഒരു കാര്യം മനസ്സിലാക്കണം. കേരളത്തിലെ ഇടതുപക്ഷത്തിനു വോട്ടുചെയ്യുന്നവരില്‍ വലിയൊരു വിഭാഗം ന്യൂനപക്ഷ പിന്നാക്കവിഭാഗങ്ങളില്‍നിന്നുള്ളവരാണ്. അവര്‍ അങ്ങനെ ചെയ്യുന്നത് കടുത്ത മാര്‍ക്‌സിസ്റ്റ്പക്ഷപാതികളായതുകൊണ്ടൊന്നുമല്ല. മറിച്ച്, കേരളം പോലുള്ള ഒരു സംസ്ഥാനത്തെ സൗഹാര്‍ദപൂര്‍ണമായ സാമുദായികാന്തരീക്ഷം പരിരക്ഷിക്കുന്നതില്‍ ഇടതുകക്ഷികള്‍ക്കുള്ള പങ്ക് മനസ്സിലാക്കുന്നതുകൊണ്ടാണ്. ഇതില്‍തന്നെ അവര്‍ കൃത്യമായ മുന്‍ഗണനാക്രമവും പുലര്‍ത്തുന്നുണ്ട്. വര്‍ഗീയ രാഷ്ട്രീയ ശക്തികള്‍ ജയിക്കാന്‍ സാധ്യതയുള്ള മണ്ഡലങ്ങളില്‍ ജയസാധ്യതയുള്ള മതേതര സ്ഥാനാര്‍ഥിക്ക് തന്ത്രപരമായി വോട്ടുചെയ്യുക എന്നതിന്റെ അടിസ്ഥാനത്തില്‍ മുന്നണികള്‍ മാറി ക്രോസ് വോട്ടും ചെയ്യാറുണ്ട്. തിരുവനന്തപുരത്തെയും കാസര്‍കോട്ടെയും ലോക്‌സഭാ മണ്ഡലങ്ങളിലേക്ക് നടന്ന തെരെഞ്ഞടുപ്പിലെ വോട്ടിംഗ് പാറ്റേണിനെ നിയമസഭാ തെരഞ്ഞെടുപ്പിലെ പാറ്റേണുമായി താരതമ്യം ചെയ്താല്‍ ഇത് മനസ്സിലാവും. എല്‍.ഡി.എഫിനു കാസര്‍കോട്ടും മഞ്ചേശ്വരത്തും വോട്ട് കുറയുന്നത് അതുകൊണ്ടാണ്. ഇത് എല്‍.ഡി.എഫിലെ പിന്നാക്ക ന്യൂനപക്ഷ വിഭാഗക്കാര്‍ ബി.ജെ.പിയെ തോല്‍പിക്കാന്‍ യു.ഡി.എഫിനു വോട്ട് ചെയ്യുന്നതുകൊണ്ടാണ് സംഭവിക്കുന്നത്. കോണ്‍ഗ്രസിലെ വലിയൊരു വിഭാഗം ഭൂരിപക്ഷ സമുദായക്കാര്‍ തിരുവനന്തപുരത്തും കാസര്‍കോടുമൊക്കെ ബി.ജെ.പിയിലേക്ക് മാറിപ്പോയതു കൊണ്ടാണ് ബി.ജെ. പിക്ക് വോട്ട് കൂടുന്നത്. തിരുവനന്തപുരത്തെ നേമത്ത് വിജയിച്ചുകൊണ്ട് ബി.ജെ.പി കേരളത്തില്‍ അക്കൗണ്ട് തുറന്നത് കോണ്‍ഗ്രസ് വോട്ടുകൊണ്ട് മാത്രമാണ്. 2006-ല്‍ കോണ്‍ഗ്രസിന് അറുപതിനായിരം വോട്ടുണ്ടായിരുന്നപ്പോള്‍ രാജഗോപാലിനു വെറും ആറായിരം വോട്ടു മാത്രമാണ് ഉണ്ടായിരുന്നത്. 2011-ല്‍ കോണ്‍ഗ്രസിന്റെ വോട്ട് ഇരുപതിനായിരത്തിലേക്ക് ചുരുങ്ങിയപ്പോള്‍ രാജഗോപാലിന്റേത് നാല്‍പത്തിമൂവായിരത്തിലെറെയായി വര്‍ധിച്ചു. 2016-ല്‍ യു.ഡി.എഫിന്റെ വോട്ട് 13000 ആയി കുറഞ്ഞപ്പോള്‍ ഒ. രാജഗോപാല്‍ ആദ്യമായി എണ്ണായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു വിജയിക്കുന്ന സാഹചര്യമുണ്ടായി. ഇത് കോണ്‍ഗ്രസ് സ്വന്തം ശവക്കുഴി തോണ്ടിയതു പോലെയായി എന്ന് ഇനിയുള്ള കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം വ്യക്തമാക്കും.
ഇതിനു സമാനമാണ് ഇപ്പോള്‍ പാലക്കാട് ജില്ലയിലെ മലമ്പുഴയില്‍ നടന്നതും. 2011-ല്‍ 54312 വോട്ടു നേടിയ കോണ്‍ഗ്രസ് രണ്ടാം സ്ഥാനത്ത് ആയിരുന്നു. ബി.ജെ.പിക്ക് അപ്പോള്‍ വെറും 2772 വോട്ട് മാത്രം. 2016 ആകുമ്പോഴേക്ക് കോണ്‍ഗ്രസ്സിന്റെ വോട്ട് മുപ്പത്തിഅയ്യായിരമായി ചുരുങ്ങുകയും ബി.ജെ.പിയുടേത് നാല്‍പത്തി ആറായിരത്തിലധികമായി വര്‍ധിക്കുകയും ചെയ്തു. ഇങ്ങനെ പോയാല്‍ അടുത്ത തവണ ഇപ്പോള്‍ നേമത്ത് സംഭവിച്ചതുപോലെ മലമ്പുഴയും കോണ്‍ഗ്രസ് ബി.ജെ.പിക്ക് താലത്തില്‍വെച്ച് കൊടുത്തേക്കാം. ആലപ്പുഴയിലെ ചെങ്ങന്നൂരിലും തിരുവനന്തപുരത്തെ കഴക്കൂട്ടത്തും കൊല്ലത്തെ ചാത്തന്നൂരിലും ഇതുതന്നെ ആവര്‍ത്തിച്ചതായി കാണാം. അങ്ങനെയാണ് പി.സി വിഷ്ണുനാഥ് എന്ന യുവ നേതാവ് പരാജയപ്പെടാന്‍ ഇടയായത്. ബി.ജെ.പി ജയിക്കുന്നത് തടയുക എന്നതിന്റെ ഭാഗമായി കാസര്‍കോട്ടും മഞ്ചേശ്വരത്തും എല്‍.ഡി.എഫ് മൂന്നാം സ്ഥാനത്തായപ്പോള്‍ ബി.ജെ.പിയെ ജയിപ്പിക്കാന്‍ സാധിക്കുമോ എന്ന് ശ്രമിക്കുകയായിരുന്നുവെന്നുപോലും സംശയം ജനിപ്പിക്കുന്ന രൂപത്തില്‍ നാലിടത്താണ് കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്. കഴിഞ്ഞ കോര്‍പറേഷന്‍ തെരഞ്ഞടുപ്പില്‍ തിരുവനന്തപുരത്ത് അങ്ങനെയാണ് കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തായിപ്പോയത്. ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലക്കാട്ടും തൃശൂരും ഇടുക്കിയിലും വയനാട്ടും പത്തനംതിട്ടയിലും ആലപ്പുഴയിലും കൊല്ലത്തുമെല്ലാം സംഭവിച്ചതും അതുതന്നെ. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ കോഴിക്കോട്ട് ബി.ജെ.പിക്ക് ആറു കൗണ്‍സിലര്‍മാര്‍ ലഭിച്ചതും അതുകൊണ്ടുതന്നെ. ഉത്തരേന്ത്യയില്‍ സംഭവിച്ചതും അങ്ങനെയായിരുന്നല്ലോ.
ഉത്തരേന്ത്യന്‍ സ്വഭാവത്തില്‍ ബി.ജെ.പിക്ക് പകരം ബി. ജെ.പിയുടെ ബി ടീമായി പ്രവര്‍ത്തിക്കുന്ന കോണ്‍ഗ്രസ് മാത്രം ആവുക എന്നതാണ് കേരളത്തിലെ മതന്യൂനപക്ഷങ്ങള്‍ക്ക് സംഭവിക്കാവുന്ന ഏറ്റവും വലിയ ദുരന്തമെന്ന് ഉത്തരേന്ത്യന്‍ അനുഭവങ്ങളില്‍നിന്ന് കൃത്യമായും മനസ്സിലാക്കുന്നവരാണ് കേരളത്തിലെ മുസ്‌ലിംകള്‍ ഉള്‍പ്പെടെയുള്ള പിന്നാക്ക ന്യൂനപക്ഷങ്ങള്‍ എന്നു കൂടി തെളിയിച്ചു ഈ നിയമസഭാ തെരഞ്ഞെടുപ്പു ഫലം.
ബി.ജെ.പി ഭരണത്തിലേറിയ എല്ലാ സംസ്ഥാനങ്ങളും കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രങ്ങളായിരുന്നുവെന്നതും അവിടെ കോണ്‍ഗ്രസുകാര്‍ ബി.ജെ.പിക്കാരായി മാറുകയായിരുന്നുവെന്നതും ആ സംസ്ഥാനങ്ങളിലൊന്നു പോലും ഇടതു പാര്‍ട്ടികള്‍ക്ക് ശക്തിയുണ്ടായിരുന്ന ഇടങ്ങളായിരുന്നില്ല എന്നതും ശ്രദ്ധേയമാണ്. രാം മനോഹര്‍ ലോഹ്യയുടെയും ജയപ്രകാശ് നാരായണന്റെയും അനുയായികളായ സോഷ്യലിസ്റ്റുകള്‍ നെടുകെയും കുറുകെയും പൊട്ടിപ്പിളര്‍ന്ന് പോയിട്ടുണ്ടെങ്കിലും അവരുടെയൊക്കെ വോട്ടുകള്‍ മുലായമിന്റെയും ലാലുവിന്റെയും നിതീഷിന്റെയും നവീന്‍ പട്‌നായിക്കിന്റെയും ദേവഗൗഡയുടെയും ഒക്കെ അക്കൗ
ണ്ടണ്ടില്‍ ഇപ്പോഴും വീഴുന്നുണ്ട്. പ്രാദേശിക പാര്‍ട്ടികളായി രൂപപ്പെട്ട മമതയുടെയും മായയുടെയും ജയയുടെയും ചന്ദ്ര ബാബു നായിഡുവിന്റെയും കരുണാനിധിയുടെയും കക്ഷികള്‍ക്കുള്ള വോട്ടുകള്‍ അവരില്‍ ചിലരൊക്കെ ബി.ജെ.പിയോട് സഖ്യം ഉണ്ടാക്കിയിട്ട് പോലും ബി.ജെ.പിയിലേക്ക് കൊഴിഞ്ഞുപോയതായി കാണുന്നില്ല. ബംഗാളില്‍ ഇടതുപക്ഷത്തിന്റെ വോട്ടിലെ ചോര്‍ച്ച വലിയ അളവില്‍ മമതക്കാണ് വളമായി മാറിയത്. ഈ നിയമസഭാ തെരഞ്ഞടുപ്പുഫലം തെളിയിച്ചതുപോലെ കേരളത്തിലും ഇടതുപക്ഷത്തിന്റെ വോട്ടുകളല്ല ബി.ജെ.പിയിലേക്ക് മറിയുന്നത്. മറിച്ച്, കോണ്‍ഗ്രസ് വോട്ടുകളാണ്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ദേശീയതലത്തില്‍ ബി.ജെ.പിക്കു വേണ്ടി മത്സരിച്ച സ്ഥാനാര്‍ഥികളില്‍ ഗണനീയ വിഭാഗം മുന്‍ കോണ്‍ഗ്രസ് എം. പിമാരും എം.എല്‍.എമാരുമായത് അങ്ങനെയാണ്. ഇപ്പോള്‍ നടന്ന അസം നിയമസഭാ തെരഞ്ഞെടുപ്പില്‍ ആറു മുന്‍ കോണ്‍ഗ്രസ് എം.എല്‍.എമാരാണ് ബി.ജെ.പിക്കു വേണ്ടി മത്സരിച്ചത്. അല്‍പം ദിവസത്തേക്കായിരുന്നെങ്കിലും യു.പിയിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രിയായിരുന്ന ജഗദംബികാപാല്‍ ഇപ്പോള്‍ ബി.ജെ.പി പാളയത്തിലാണ്. ഉത്തരാഖണ്ഡിലെ സീനിയര്‍ കോണ്‍ഗ്രസ് നേതാവായിരുന്ന സത്പാല്‍ മഹാരാജ് ഇപ്പോള്‍ ബി.ജെ.പി എംപിയാണ്. ഉത്തരാഖണ്ഡില്‍ തന്നെ ഈ അടുത്തുണ്ടായ രാഷ്ട്രീയ പ്രതിസന്ധിക്ക് കാരണം കോണ്‍ഗ്രസ്സില്‍നിന്ന് ഒമ്പത് എം.എല്‍.എമാര്‍ ബി.ജെ.പിയിലേക്ക് കൂടുമാറിയതായിരുന്നു. ഇങ്ങനെ എത്ര ഉദാഹരണങ്ങള്‍ വേണമെങ്കിലും നല്‍കാന്‍ സാധിക്കും. അരുവിക്കര മോഡല്‍ സൃഷ്ടിക്കാന്‍ ഉദ്ദേശിച്ച് ഉമ്മന്‍ ചാണ്ടി നടത്തിയ പ്രസ്താവന ബൂമറാങ്ങായി കലാശിക്കുകയായിരുന്നു. ഉമ്മന്‍ ചാണ്ടി കോണ്‍ഗ്രസ്സിനെതന്നെ തിരിഞ്ഞുകുത്തുന്ന വിതണ്ഡവാദമാണ് ഉയര്‍ത്തിയത്. തീര്‍ച്ചയായും സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തില്‍ സംഘ്പരിവാര്‍ ശക്തികള്‍ വളരാനുണ്ടായ സാഹചര്യത്തെ വിശകലനവിധേയമാക്കാനുള്ള അവസരം സൃഷ്ടിക്കാന്‍ ഉമ്മന്‍ ചാണ്ടിയുടെ ഈ വാദം നിമിത്തമാവേണ്ടതാണ്. കേരളത്തിലെ കോണ്‍ഗ്രസില്‍ ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത് ചരിത്രത്തിന്റെ തനിയാവര്‍ത്തനം മാത്രമാണെന്ന് അപ്പോള്‍ മനസ്സിലാക്കാന്‍ സാധിക്കും. ആ ചരിത്രത്തില്‍നിന്ന് ഇപ്പോള്‍ കേരളത്തില്‍ അധികാരമേറിയ ഇടതുപക്ഷത്തിനും ഏറെ പാഠങ്ങള്‍ പഠിക്കാനുണ്ട്.
Comments